എഴുത്തച്ഛൻ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ എൻ.എസ് മാധവന് സമ്മാനിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൻ്റെ പൂർണ രൂപമാണിത്.
എഴുത്തച്ഛൻ പുരസ്‌ക്കാരം ശ്രീ. എൻ.എസ് മാധവന് സമ്മാനിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്.
മലയാളത്തിന്റെ മഹാഗുരു തുഞ്ചത്തെഴുത്തച്ഛന്റെ പാവനസ്മരണ മുൻനിർത്തിയാണ് കേരള സർക്കാർ ഈ പരമോന്നത സാഹിത്യപുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. തന്റെ രചനകളിലൂടെ ഭാഷയെ അടിമുടി പരിഷ്‌കരിച്ച കവിയാണ് എഴുത്തച്ഛൻ. എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവ് എന്നു വിളിക്കുമ്പോൾ ഒരു കാര്യം നാം ഓർക്കണം. എഴുത്തച്ഛനുമുൻപും നല്ല മലയാളം ഉണ്ടായിരുന്നു. ചെറുശ്ശേരിയുടെയും മറ്റും രചനകളിൽ കാണുന്നതുപോലെ.
പിന്നെ എന്തുകൊണ്ടാവാം എഴുത്തച്ഛൻ മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്? സംസ്‌കൃതബഹുലമായ മണിപ്രവാളത്തെയും തമിഴ് പദബാഹുല്യമുള്ള പാട്ടുപ്രസ്ഥാനത്തെയും കേരളത്തിന്റെ തനത് നാടോടിഗാന പാരമ്പര്യത്തെയും സംയോജിപ്പിച്ച് കേരളഭാഷയെ മാനവീകരിച്ചതുകൊണ്ടാണ് എഴുത്തച്ഛൻ മലയാളഭാഷയുടെ പിതാവായിത്തീർന്നത്. എഴുത്തച്ഛന്റെ എഴുത്തിലെ ആ ‘ഭാഷാക്രമക്കണക്കാ’ണ് മലയാളം ഇപ്പോഴും തുടർന്നുപോരുന്നത്.
മലയാളഭാഷ സംസാരിക്കുന്ന ഭൂപ്രദേശം എന്ന നിലയ്ക്കും സഹ്യപർവതത്തിന് ഇപ്പുറത്തുള്ള തീരദേശം എന്ന നിലയ്ക്കും കേരളത്തിന് ഒരു ഏകത പണ്ടേ ഉണ്ടായിരുന്നെങ്കിലും ഈ നാടിന്, അതുവരെ ഇല്ലാത്ത ഒരു ഭാവ ഐക്യം പ്രദാനം ചെയ്തത് എഴുത്തച്ഛനാണ്. രാമായണങ്ങളിൽ ഏറ്റവും സ്വീകാര്യതയും ജനകീയതയും എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിന് ഉണ്ടായതിന്റെ കാരണവും ഇതുതന്നെ. എഴുത്തച്ഛന്റെ കാവ്യകലയ്ക്ക് വളരെ സവിശേഷമായ പ്രേരണാശക്തി ഉണ്ടെന്നതും എടുത്തുപറയേണ്ടതാണ്. തത്വചിന്താപരമായ, ഉൽപതിഷ്ണുതാപരമായ ഒരുപാട് ആശയങ്ങൾ അതിൽ ഉൾച്ചേർന്നിട്ടുണ്ട്.
ജീർണിച്ച നാടുവാഴിത്ത കാലത്ത് ജീവിച്ച എഴുത്തച്ഛൻ ഭക്തിയിലൂടെ ജനങ്ങളെ നേർവഴിക്ക് നയിക്കാനാണ് ശ്രമിച്ചത്. ദൈവകഥ പറയുമ്പോഴും അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനമായിരുന്നു ലക്ഷ്യം. ‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോർക്ക നീ’ എന്നദ്ദേഹമെഴുതിയത് അന്നത്തെ വരേണ്യ വിഭാഗക്കാരെ ഉദ്ദേശിച്ചാണെന്ന് വ്യക്തം. കാരണം സുഖഭോഗങ്ങളിൽ മുഴുകി ജീവിച്ചത് അവരാണല്ലോ. സാധാരണക്കാർ പട്ടിണിയിലും കഷ്ടപ്പാടിലുമായിരുന്നു. അവരെ ചൂഷണം ചെയ്താണ് നാടുവാഴികളും ജൻമിമാരും ഉയർന്നതെന്നവകാശപ്പെടുന്ന ജാതിക്കാരും സുഖ ഭോഗങ്ങളുണ്ടാക്കിയത്. ആധ്യാത്മികരാമായണത്തിലെ ഇത്തരത്തിലുള്ള സാമൂഹിക അംശങ്ങളെ നാം കാണാതെ പോകരുത്.
ഇരുട്ടിൽ ഒരു വിളക്കു കൊളുത്തി വെയ്ക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്. ഏതിരുട്ടിൽ? ജാതീയതയുടെ, ഭോഗാലസതയുടെ, കർമ്മരാഹിത്യത്തിന്റെ ഇരുട്ടിൽ. അന്ന് അത് അത്യാവശ്യമായിരുന്നുതാനും. അതു ജനങ്ങൾക്കു വേണമായിരുന്നു. അതുകൊണ്ടാണ് മറ്റു പല രാമായണങ്ങളും അക്കാദമിക് അലമാരകളിൽ വിശ്രമിക്കുമ്പോൾ എഴുത്തച്ഛന്റെ രാമായണം വീടുകൾ തോറും മനസ്സുകൾ തോറും എത്തിയത്.
ബ്രാഹ്‌മണനു മാത്രമല്ല ചുടല സൂക്ഷിപ്പുകാരനുവരെ അവകാശപ്പെട്ടതാണു ദൈവം എന്നു പ്രഖ്യാപിച്ചു എഴുത്തച്ഛൻ. ഭാഷാ നവീകരണം, അഥവാ ഭാഷയുടെ നിലവാരവല്കരണം മാത്രമല്ല, ഈ നിലയ്ക്കുള്ള സാമൂഹിക നവീകരണം കൂടിയാണ് എഴുത്തച്ഛനെ മലയാളിക്കു പ്രിയങ്കരനാക്കുന്നത്; എഴുത്തച്ഛനെ ഭാഷയുടെ പിതാവാക്കുന്നത്.
സംസ്‌കൃതത്തിന് മാത്രം മാന്യത കൽപിക്കുകയും അതു പഠിക്കാൻ ഉന്നത ജാതിക്കാർക്കുമാത്രം അവകാശം നൽകുകയും ചെയ്തിരുന്ന കാലത്താണ് സംസ്‌കൃത പദങ്ങളും മലയാള പദങ്ങളും കലർത്തി സാധാരണക്കാർക്കു മനസ്സിലാകുന്ന കാവ്യഭാഷ എഴുത്തച്ഛൻ സൃഷ്ടിച്ചത്. സംസ്‌കൃതത്തിലെഴുതുകയല്ല സംസ്‌കൃതത്തെക്കൂടി മലയാളത്തിലേക്ക് കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തതെന്നോർക്കണം. ഭാഷയുടെ ഈ ജനകീയവൽക്കരണം വലിയൊരു സാംസ്‌കാരിക പ്രവർത്തനമാണ്.
അത്തരത്തിലുള്ള സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന വ്യക്തിത്വമാണ് ശ്രീ. എൻ എസ് മാധവൻ. മലയാളത്തിൽ സർഗ്ഗാത്മകത കൊണ്ടു ഭാവുകത്വ പരിണാമം സാധ്യമാക്കിയ സാഹിത്യകാരന്മാരുടെ നിരയിലാണ് എൻ എസ് മാധവന്റെ സ്ഥാനം. ‘ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ’ എന്ന നോവലും ‘ഹിഗ്വിറ്റ’ എന്ന കഥയും മതി എൻ എസ് മാധവനെ നമ്മുടെ സാഹിത്യചരിത്രത്തിൽ അടയാളപ്പെടുത്തുവാൻ. എന്നാൽ ‘ചൂളൈമേടിലെ ശവങ്ങൾ’ അടക്കമുള്ള എത്രയോ രചനകൾ വേറെയുമുണ്ട്.
എറണാകുളത്തു നിന്നു കായൽ കടന്നെത്തുന്നിടത്താണ് എൻ എസ് മാധവന്റെ ലന്തൻ ബത്തേരി എന്ന തുരുത്ത്. അവിടെ കഴിയുന്നവരുടെ ജീവിതവും ജീവിത സാഹചര്യങ്ങളും ആധുനിക നഗരജീവിത സങ്കീർണതകളുമായി ആ ജീവിതങ്ങൾ രമ്യപ്പെടുന്നതിന്റെ സാംസ്‌കാരിക പ്രശ്‌നങ്ങളും ഒക്കെയാണ് അതിൽ എൻ എസ് മാധവൻ ആവിഷ്‌ക്കരിച്ചത്. മട്ടാഞ്ചേരിയും കൊച്ചിയും ഉൾപ്പെടുന്ന ചരിത്ര പ്രധാനമായ സ്ഥലങ്ങളുടെ പൂർവകാല സംസ്കൃതികളുടെ സ്പന്ദങ്ങളെ സർഗാത്മകമാം വിധം ഒപ്പിയെടുക്കാൻ എൻ എസ് മാധവനു കഴിഞ്ഞു.
കോളിളക്കമുണ്ടാക്കിയ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്ന മനസ്സിന്റെ ഉടമയാണ് എൻ എസ് മാധവൻ എന്നതിന്റെ ദൃഷ്ടാന്തമാണ് എല്ലാ അർത്ഥത്തിലും രാഷ്ട്രീയമുള്ള ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കഥ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ വംശഹത്യയാണ് കഥയുടെ ജീവതന്തുവും പശ്ചാത്തലവും. എൻ എസ് മാധവന്റെ തിരുത്ത്, നിലവിളി, നാലാം ലോകം എന്നീ കഥകൾക്കും രാഷ്ട്രീയമുണ്ട്. വൻമരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങുന്നതു സ്വാഭാവികം എന്ന് രാജീവ് ഗാന്ധി പറഞ്ഞതാണ് വന്മരങ്ങൾ വീഴുമ്പോൾ എന്ന കഥയിലേക്ക് എൻ എസ് മാധവനെ നയിച്ചതെന്ന് നമുക്കറിയാം.
ഐ എ എസ്സുകാരനായ ഉദേ്യാഗസ്ഥ പ്രമുഖനായിരുന്നു എൻ എസ് മാധവൻ. ആ നിലയ്ക്കുള്ള ഔേദ്യാഗിക ജീവിത സമ്മർദ്ദങ്ങൾക്കിടയിലും സാഹിത്യത്തിന്റെ കൈത്തിരി അദ്ദേഹം കെടാതെ സൂക്ഷിച്ചു. എന്നുമാത്രമല്ല, ആളിപ്പടർത്തുക കൂടി ചെയ്തു. നവീന കഥയിലെ ഉണർവിന്റെ ഊർജ്ജത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തത്. മനസ്സിനെ ഉടച്ചുവാർക്കുന്നതും ചിന്തകളെ വിമലീകരിക്കുന്നതും ആയ മൗലിക സാഹിത്യസംഭാവനകളാണ് അദ്ദേഹത്തിന്റെതായി മലയാളത്തിനു ലഭിച്ചിട്ടുള്ളത്.
മലയാളമാകട്ടെ വലിയൊരു സാംസ്‌കാരികചരിത്രം ഉൾക്കൊള്ളുന്ന ഭാഷയാണ്. ഏറെ അഭിമാനിക്കാൻ വകതരുന്ന ഒന്നാണത്. ചിന്തിക്കാനും സ്വപ്‌നം കാണാനും നമുക്ക് സഹായകമാകുന്ന ഭാഷ. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളിയും നമ്മുടെ നാടിനെക്കുറിച്ചും നമ്മുടെ ഭാഷയെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും അഭിമാനിക്കുകയാണ്. ആ അഭിമാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ഈ സർക്കാർ ശ്രമിക്കുന്നത്.
മലയാളം സ്‌കൂളുകളിൽ നിർബന്ധമാക്കിയതും ക്ലാസിൽ മലയാളം പറഞ്ഞാൽ ശിക്ഷ നേരിടേണ്ടിവരുമെന്ന അവസ്ഥയ്ക്ക് അറുതിവരുത്തിയതും ഈ സർക്കാരാണ്. സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച മലയാള ബില്ലിനെ ആവേശത്തോടെയാണ് നാട്ടുകാരും പുറംനാട്ടുകാരുമായ മലയാളികൾ ആകെ കണ്ടത്. ഇംഗ്ലീഷ് അടക്കമുള്ള ഏതു ഭാഷ പഠിക്കുന്നതിനും നമ്മൾ എതിരല്ല. എന്നാൽ, അത് മലയാളഭാഷയെ ചവിട്ടിത്താഴ്ത്തിക്കൊണ്ടാകരുത്. ഈ ഒരു നിഷ്‌കർഷ സർക്കാരിനുണ്ട്.
അതുകൊണ്ടുതന്നെ ഭരണഭാഷ മുതൽ കോടതി ഭാഷ വരെ തീർത്തും മലയാളമാകേണ്ടതുണ്ട്. മലയാളം ഭരണഭാഷയാക്കുന്ന കാര്യത്തിൽ നമ്മൾ കുറേ മുമ്പോട്ടുപോയി. കോടതിഭാഷ മലയാളമാക്കുന്നത് കോടതിയുടെ കൂടി സഹകരണത്തോടെയേ സാധ്യമാകൂ. അതിനുള്ള മാർഗങ്ങൾ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. ഏതു ഗഹനമായ വിഷയവും കൈകാര്യം ചെയ്യാൻ പ്രാപ്തമാണ് മലയാള ഭാഷ. ആ ഭാഷയെ സംരക്ഷിക്കാനും ശാക്തീകരിക്കാനുമാണ് ഈ സർക്കാർ നിയമനിർമാണങ്ങളിലൂടെ ശ്രമിച്ചുപോരുന്നത്.
എഴുത്തച്ഛൻ പുരസ്‌ക്കാരം സമ്മാനിക്കുമ്പോൾ ഒരുകാര്യംകൂടി പറയേണ്ടതായിട്ടുണ്ട്. സ്ത്രീപദവിക്കു വേണ്ടി തന്റെ രചനകളിൽ ശബ്ദം ഉയർത്തിയ മഹാനാണ് എഴുത്തച്ഛൻ. ഋതുവായ പെണ്ണിനും ഇരപ്പനും ദാഹകനും അടക്കം സമൂഹത്തിലെ എല്ലാവർക്കും ലഭ്യമാകേണ്ടതാണ് ഹരിയുടെ നാമമെന്ന് എഴുത്തച്ഛൻ സധൈര്യം പ്രഖ്യാപിക്കുന്നുണ്ട്. വിവർത്തനങ്ങളെങ്കിലും, ഇതിഹാസകൃതികളിൽ പ്രതിഫലിക്കുന്ന സ്ത്രീകഥാപാത്രങ്ങൾക്ക് സവിശേഷചൈതന്യം നൽകുന്നതിൽ എഴുത്തച്ഛൻ പ്രത്യേകം ശ്രദ്ധിച്ചതായും കാണാം. സംസ്ഥാന സർക്കാരാകട്ടെ ഒരു പടി കൂടി കടന്ന് സ്ത്രീലിംഗ സർവ്വനാമമുപയോഗിച്ച് ഇന്ത്യയിലാദ്യമായി എഴുതപ്പെട്ട നിയമം കേരള നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തു. ‘2023-ലെ കേരള പൊതുജനാരോഗ്യ ആക്ട്’ ആയിരുന്നു അത്.
മലയാളഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകളർപ്പിച്ച ഗുരുസ്ഥാനീയരായ എഴുത്തുകാരെ ആദരിക്കാൻ കേരള സർക്കാർ 1993 ലാണ് എഴുത്തച്ഛൻ പുരസ്‌കാരം ഏർപ്പെടുത്തിയത്. ഭാഷാപിതാവിന്റെ പേരിൽ ഉള്ള ഈ പുരസ്‌കാരം വളരെ ഉചിതമായ കൈകളിലാണ് എന്നും എത്തിച്ചേർന്നിട്ടുള്ളത്. ഇത്തവണയും അങ്ങനെ തന്നെ. ഇത് കേരളീയർക്കാകെ അഭിമാനകരമാണ്.
സമകാലിക സംഭവങ്ങളോട് സാഹിത്യകാരൻ പ്രതികരിച്ചാൽ അയാൾക്കു ഹൃദയച്ചുരുക്കം വന്നുപോവുമെന്നൊന്നും എൻ എസ് മാധവൻ ഭയന്നില്ല. സാമൂഹ്യജീവിത പ്രശ്‌നങ്ങളെ സാഹിത്യത്തിൽ കൈകാര്യം ചെയ്യുന്നതിൽ എഴുത്തച്ഛന്റെ നേർ പിന്മുറക്കാരൻ തന്നെയാണ് എൻ എസ് മാധവൻ എന്നു പറയാം. വളരെ സന്തോഷത്തോടെ ശ്രീ. എൻ എസ് മാധവന് എഴുത്തച്ഛൻ പുരസ്‌ക്കാരം സമ്മാനിക്കുന്നു.