A Unique Multilingual Media Platform

The AIDEM

Art & Music Articles Culture Memoir Society

കുമാരസംഭവത്തിൽ നിന്ന് സബാൾട്ടേൺ നായികമാരിലേക്ക്

  • March 12, 2024
  • 1 min read
കുമാരസംഭവത്തിൽ നിന്ന് സബാൾട്ടേൺ നായികമാരിലേക്ക്

“പാരമ്പര്യം, കേരളത്തിന്റെ ചുമർചിത്രങ്ങൾ, അക്കാദമിക് റിയലിസം, കലയിൽ പ്രകൃതി ചെലുത്തുന്ന ശക്തി, ഇന്ത്യൻ മിനിയേച്ചറുകളുടെ സ്വാധീനം, ഒപ്പം ജാപ്പനീസ്, ചൈനീസ് കലാപാരമ്പര്യങ്ങളോടുള്ള അഭിനിവേശം”. ഇതെല്ലാം ചേർന്ന മിശ്രിതമാണ് ഈയിടെ അന്തരിച്ച പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രന്റെ കല എന്ന് പ്രമുഖ ചിത്രകാരനും ക്യൂറേറ്ററുമായ റിയാസ് കോമു അനുസ്മരിക്കുന്നു. ഏപ്രിൽ 17ന് പ്രശസ്തമായ വെനീസ് ബിനാലെക്ക് തിരശ്ശീല ഉയരുമ്പോൾ, ആദ്യമായി ഒരു ലാറ്റിൻ അമേരിക്കൻ ക്യൂറേറ്ററുടെ സാന്നിധ്യവും, ‘എല്ലായിടത്തും വിദേശികൾ’ എന്ന പേരിൽ അദ്ദേഹം ഒരുക്കുന്ന പ്രദർശനത്തിലെ ശക്തമായ ഇന്ത്യൻ സാന്നിധ്യവും, എം.എഫ്. ഹുസൈനെക്കുറിച്ചുള്ള സമാന്തര പ്രദർശനം ഓർമ്മിപ്പിക്കുന്ന ഇന്ത്യൻ മതേതരത്വത്തിന്റെ കെട്ടുറപ്പും, എല്ലാം ചേർന്ന് രാമചന്ദ്രന്റേതുപോലുള്ള നിരവധി കലാത്മക്കൾ ആവിഷ്കരിച്ച ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഓർമ്മ പുതുക്കൽ ഉണ്ടാകും എന്നും റിയാസ് കോമു എഴുതുന്നു.


എ രാമചന്ദ്രൻ: ഒരനുസ്മരണം (ഒന്നാം ഭാഗം)

എ രാമചന്ദ്രൻ അന്തരിച്ചു. അദ്ദേഹം താമസിക്കുകയും ചുറ്റിക്കറങ്ങുകയും ചെയ്ത നഗരമായ തിരുവനന്തപുരത്ത് ഫെബ്രുവരി 10ന് വന്നിറങ്ങിയപ്പോൾ കേട്ട വാർത്തയാണിത്. “സംരക്ഷിത അജ്ഞതയും ഇന്ത്യൻ കലയും” എന്ന തലക്കെട്ടിൽ പ്രൊഫ. എലോണുമായി, ‘കാ’ ഫെസ്റ്റിൽ ഒരു സംഭാഷണം നടത്താൻ എത്തിയതായിരുന്നു ഞാൻ. എ രാമചന്ദ്രന്റെ കലാസൃഷ്ടികളെ ചുറ്റിപ്പറ്റിയുള്ള ചില നിരീക്ഷണങ്ങൾ അവിടെ ഞങ്ങൾ പങ്കുവെക്കുകയും, സാമൂഹിക രാഷ്ട്രീയ ആശങ്കകളിൽ നിന്ന് “ബഹുരൂപി”യിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തെക്കുറിച്ചു വിശകലനം നടത്തുകയും ചെയ്തു. കലയിലൂടെ ആഗോളതലത്തിൽ ഇന്ത്യക്കാരൻ പുതിയ ചരിത്ര വ്യവഹാരങ്ങൾ നടത്തുന്ന കാലഘട്ടമാണിത് എന്നതിനാൽ ഞങ്ങൾ സംഭാഷണത്തിന്റെ തലക്കെട്ടിലേക്ക് തിരിച്ചുപോവുകയും, അത്, എ രാമചന്ദ്രനെക്കുറിച്ചുള്ള ഈ ആദരാഞ്ജലിക്കുറിപ്പിൽ ആ പുതിയ ആഖ്യാനം ഉൾപ്പെടുത്താൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. കാരണം അദ്ദേഹം ഒരു മികച്ച അക്കാദമിക്കും അധ്യാപകനും, ഒപ്പം കലാ നിർമ്മിതിയോട് ഒരു സവിശേഷ സമീപനം സൂക്ഷിച്ചയാളുമായിരുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെനീസ് ബിനാലെയുടെ പുതിയ പതിപ്പ്- അതിന്റെ 60 ആം പതിപ്പാണത്- അതിന്റെ നീണ്ട ചരിത്രത്തിലെ ആദ്യത്തെ ലാറ്റിനമേരിക്കൻ ക്യൂറേറ്ററെ ക്ഷണിച്ചുകൊണ്ട് ചരിത്രം സൃഷ്ടിച്ച്‌ ഏപ്രിൽ 17 ന് ആരംഭിക്കും! അഡ്രിയാനോ പെഡ്രോസയാണ് ആ ക്യൂറേറ്റർ; ഒരു ബ്രസീലിയൻ! ഇന്ത്യൻ കലാലോകത്തിന്റെ ഒരു നല്ല സുഹൃത്തും കൊച്ചി- മുസിരിസ് ബിനാലെയുടെ സ്ഥിരം സന്ദർശകനും, അതിനെ ഉച്ചൈസ്തരം പിന്തുണക്കുന്നവനും!

ആഴത്തിൽ ഗവേഷണം നടത്തി, ഗാഢമായി ആലോചിച്ചു ക്യൂറേറ്റ് ചെയ്ത “എല്ലായിടത്തും വിദേശികൾ” എന്ന സർവേ പ്രോജക്റ്റ് അവതരിപ്പിക്കാൻ അദ്ദേഹം തയ്യാറെടുക്കുകയാണ്. ഈ തലക്കെട്ട് കണ്ടെത്താൻ, 2000-ആമാണ്ടിന്റെ തുടക്കത്തിൽ ഇറ്റലിയിൽ വംശവെറിക്കെതിരെയും, അപരഭീതിക്കെതിരെയും പോരാടിയ ക്ലെയർ ഫോണ്ടെയ്ൻ എന്ന പാരീസിലെ ബോൺ – പലേർമോ ആസ്ഥാനമായുള്ള കലാകാരന്മാരുടെ കൂട്ടായ്‌മയുടെ ഒരു പ്രശസ്തമായ കലാസൃഷ്ടിയിൽ നിന്ന് (നിയോൺ ലൈറ്റ് വർക്ക്) അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടു. വലതുപക്ഷ ഭരണകൂടങ്ങൾ നിയന്ത്രിക്കുന്ന ഒരു പുതിയ ലോകക്രമത്തിൽ, രാഷ്ട്രങ്ങൾ, സംസ്‌കാരങ്ങൾ, പ്രദേശങ്ങൾ, മതങ്ങൾ എന്നിവയ്‌ക്കിടയിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കെതിരെയും, വൈവിധ്യം, ബഹുസ്വരത, എന്നിവയ്‌ക്കെതിരെ സംസാരിച്ചുകൊണ്ട് ഉയർന്നുവരുന്ന വിവേചന രാഷ്ട്രീയത്തിനെതിരെയും സാർവലൗകിക സ്വഭാവമുള്ള ഈ കലാപദ്ധതി ചോദ്യങ്ങൾ ഉയർത്തുന്നു. ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്തി അത്തരമൊരു സംഭാഷണം സജീവമാക്കുന്നതിനുള്ള സുപ്രധാന നടപടികൾ നേരത്തെയും അഡ്രിയാനോ കൈക്കൊണ്ടിട്ടുണ്ട്.

ജീവിച്ചിരുന്നപ്പോൾ പ്രധാനപ്പെട്ട അന്താരാഷ്ട്ര ആർട്ട് എക്സിബിഷനുകളിൽ പ്രദർശിപ്പിക്കാത്ത കലാകാരന്മാർക്ക് അഡ്രിയാനോ ഒരു പ്ലാറ്റ്ഫോം നൽകുന്നു. ആ പശ്ചാത്തലത്തിൽ, ചരിത്രത്തിലുടനീളം ആധുനികവാദ വ്യവഹാരങ്ങളുമായി സഹവർത്തിച്ച പല അടരുകളുള്ള ആഖ്യാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പറയാത്തതിലേക്ക് ആഴ്ന്നിറങ്ങിച്ചെല്ലുന്ന ഒരു പദ്ധതിയായി ഇത് മാറുന്നു!

ചരിത്രപരമായി വെനീസ്, കല, വാസ്തുവിദ്യ, സിനിമ, സംഗീതം എന്നിവയിൽ ക്യൂറേറ്റ് ചെയ്ത പ്രോജക്റ്റുകൾ നടത്തിക്കൊണ്ട് ഒരു സുപ്രധാനമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ സംഭാവന നൽകിയിട്ടുണ്ട്. കൂടാതെ വർഷങ്ങളോളം സ്ഥിരമായ രാജ്യ പവലിയനുകൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഈ വർഷം 10 ലധികം പുതിയ രാജ്യ പവലിയനുകൾ കലാലോകത്തിന്റെ അരികുകളിൽ നിന്ന് കലയുടെ മുഖ്യധാരാസംഗമസ്ഥാനത്തേക്ക് കടന്നുവരികയാണ്. വെനീസ് ഒരു സ്വാധീനശക്തിയാണ്; കലാരൂപീകരണത്തിന്റെ പുതിയ വഴികളെ പ്രചോദിപ്പിച്ചും, സാംസ്കാരിക സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളെ പ്രോത്സാഹിപ്പിച്ചും അഭിവൃദ്ധി പ്രാപിച്ച നഗരം. പല വിജ്ഞാനധാരകളെ ഉൾക്കൊള്ളുന്നതും രാഷ്ട്രീയ സ്വഭാവമുള്ളതുമായ സുപ്രധാന പദ്ധതികളിലൂടെ കലാനിർമ്മിതിയെക്കുറിച്ചുള്ള ധാരണകളെ അത് ഒരു രാസത്വരകമെന്നോണം മാറ്റിമറിച്ചു.

ലോകമെമ്പാടുമുള്ള കലാകാരന്മാരുടെ നീണ്ട പട്ടികയിൽ, ജമിനി റോയ്, അമൃത ഷേർ-ഗിൽ, രാം കുമാർ, ബി പ്രഭ, റാസ, സൗസ എന്നിങ്ങനെ, ഇന്ത്യൻ ആധുനികതാ പ്രസ്ഥാനത്തിലെ പ്രമുഖരെ അഡ്രിയാനോ ഉൾപ്പെടുത്തി. ക്വീർ ആർട്ട് പ്രയോക്താക്കൾ ഉൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങളുടെ നല്ല സാന്നിധ്യം ഈ പ്രോജക്റ്റുകളിൽ ഉൾപ്പെടുന്നതിനാൽ ഭൂപേൻ ഖക്കർ ഈ ക്യൂറേഷനിൽ ശ്രദ്ധേയമായ സ്ഥാനം നേടി. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ ആളുകളെയും എൽജിബിടി ക്യുഐഎ കമ്മ്യൂണിറ്റികളിലെയും കുറച്ച് സിസ് – സഖ്യകക്ഷികളിലെയും സുഹൃത്തുക്കളെയും ഉൾക്കൊള്ളുന്ന അരവാണി ആർട്ട് പ്രോജക്റ്റ്, ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത ഒരേയൊരു സമകാലിക പ്രോജക്റ്റ് ആണ്.

തദ്ദേശീയ കല, കരകൗശല-വസ്ത്ര പാരമ്പര്യം, സമകാലിക ടെക്‌സ്‌റ്റൈൽ ആർട്ടിസ്റ്റുകൾ എന്നിവയ്ക്കും വെനീസ് ബിനാലെ പ്രമുഖ സ്ഥാനം നൽകുന്നുണ്ട്. ഉദാഹരണത്തിന് മുംബൈയിൽ പുപ്പുൽ ജയകർ ആരംഭിച്ച വീവേഴ്‌സ് സെന്ററും, ഒപ്പം സ്വയം തുടങ്ങിയ ക്രാഫ്റ്റ് മ്യുസിയം ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും മുന്നോട്ട് കൊണ്ടുപോയ ചാൾസ് കൊറയയയുടെ ഭാര്യ (ടെക്‌സ്റ്റൈൽ ആർട്ടിസ്‌റ്റ്) മോണിക്ക കൊറയയുടെ സാന്നിധ്യം ഇത്തവണ ഉണ്ട്. കെ.ജി. സുബ്രഹ്മണ്യം, ബാർവെ, ഗോപാൽ അടിവ്രേക്കർ തുടങ്ങിയ നിരവധി കലാകാരന്മാർ വീവേഴ്‌സ് സെന്ററിൽ പ്രവർത്തിക്കുകയും ഡിസൈൻ ചെയ്യുകയും ചെയ്തു. കാരണം മുംബൈ പ്രമുഖ ടെക്‌സ്റ്റൈൽ ഹബ്ബുകളിലൊന്നായിരുന്നു.

മാർക്കോ സ്‌കോട്ടിനി ക്യൂറേറ്റ് ചെയ്ത ശേഖരമായ “അനുസരണക്കേട് ആർക്കൈവ്” വഴി ഇതിൽ സാന്നിധ്യം നേടിയ മറ്റൊരു മുംബൈക്കാരൻ, ആനന്ദ് പട്‌വർദ്ധനാണ്. ഇന്നത്തെ ഇന്ത്യയിലെ മതഭരണത്തിനെതിരെ പോരാടുന്ന ഒരു പ്രധാന ഡോക്യുമെന്ററി ഫിലിം മേക്കറായി ആനന്ദിനെ ഉൾപ്പെടുത്തിയത് ശ്രദ്ധേയമാണ്.

ഏറ്റവും രസകരമെന്നു പറയട്ടെ, ‘എല്ലായിടത്തും വിദേശികൾ’ എന്ന ആശയത്തിൽ തന്നെ കിരൺ നാടാർ മ്യൂസിയത്തിന്റെ മുഖ്യ ക്യൂറേറ്ററായ റുബീന കരോഡ് ക്യൂറേറ്റ് ചെയ്ത ഒരു സമാന്തര പ്രോജക്റ്റ്, ‘റൂട്ടഡ് നൊമാഡ്’ എന്ന പേരിൽ പ്രദർശിപ്പിക്കുന്നുണ്ട്. എം എഫ് ഹുസൈൻ പെയിന്റിങ്ങുകളുടെ ഒരു റിട്രോസ്പെക്ടീവ് അവതരിപ്പിക്കുന്ന ഈ ഇമ്മേഴ്‌സീവ് എക്‌സിബിഷൻ നിരവധി സന്ദർശകരെ ആകർഷിക്കും. ജ്ഞാനേശ്വർ, തുക്കാറാം, നാംദേവ് തുടങ്ങി നിരവധി സന്യാസിമാരെ ആകർഷിച്ച തീർഥാടന നഗരമായ പണ്ഡർപൂരിൽ ജനിച്ച ഒരാൾ; പുരോഗമന കലാകാരന്മാരുടെ ഗ്രൂപ്പിലെ സജീവ അംഗം; രാമായണം, മഹാഭാരതം, മദർ തെരേസ, അറബ് സംസ്കാരം, ബ്രിട്ടീഷ് രാജ് എന്നിവയെ ചുറ്റിപ്പറ്റിയുള്ള കഥകൾ വരച്ച ഒരാൾ. രാജ്യം വിട്ട് ഖത്തറിനും ലണ്ടനുമിടയിൽ നാടുകടത്തപ്പെട്ട ജീവിതം നയിക്കേണ്ടി വന്ന അദ്ദേഹം പിന്നീട് ലണ്ടനിൽ വച്ച് മരിച്ചു. ഹുസൈൻ ഒരു ജിപ്‌സി ആർട്ടിസ്റ്റിനെപ്പോലെയാണ് ജീവിച്ചത് / ജീവിതത്തിന്റെ ഒരു കാലഘട്ടത്തിന് ശേഷം സ്വന്തമായി ഒരു സ്റ്റുഡിയോ ഇടം ഇല്ലായിരുന്നു / അദ്ദേഹം പോകുന്നിടത്തെല്ലാം ഇരുന്നു വരച്ചു. ഒരു കലാകാരന്റെ ആത്മാവ് പ്രതിഷേധ രൂപേണ തിരിച്ചെത്തുന്നതിന്റെ ഏറ്റവും മികച്ച ഓർമ്മപ്പെടുത്തലാവും ഈ പ്രദർശനം. വെനീസ് പോലൊരു ആഗോള വേദിയിൽ എം എഫ് ഹുസൈനെ അവതരിപ്പിക്കുന്നതിലൂടെ, ഇന്ത്യൻ ആധുനിക വാദികളുടെയും ഇന്ത്യൻ സമൂഹത്തിന്റെയും മതേതര പാരമ്പര്യത്തെക്കുറിച്ചുള്ള ഒരു വലിയ പ്രസ്താവനയാണ് ക്യൂറേറ്റർ റുബീന കരോഡ് നടത്തുന്നത് എന്ന് ഞാൻ വിചാരിക്കുന്നു.

 

ഈ നിമിഷം ആഘോഷിക്കാൻ നാമെല്ലാവരും വെനീസിലേക്ക് പോകുമ്പോൾ, മതേതര ഇന്ത്യ, അവിടത്തെ ജനങ്ങൾ, തദ്ദേശീയ കലകൾ, കരകൗശലപാരമ്പര്യങ്ങൾ, പല അടരുകളുള്ള അതിന്റെ ചരിത്രം, മിത്തുകൾ, സാധാരണത്വത്തിന്റെയും പ്രകൃതിയുടെയും യഥാർത്ഥ ജീവിതസൗന്ദര്യം എന്നിവയെ ആചാരപരമായ വർണ്ണങ്ങളിലൂടെയും സൗന്ദര്യാത്മക അനുരണനത്തിലൂടെയും ആഘോഷിച്ച ഒരാളെന്ന നിലയിൽ രാമചന്ദ്രൻ ഒരു ഓർമ്മയും സാന്നിധ്യവുമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. 80 ശതമാനവും ഇന്ന് ജീവിച്ചിരിപ്പില്ലാത്ത കലാകാരന്മാരെ പ്രദർശിപ്പിക്കുന്ന ഈ വലിയ ആഗോള കലാപ്രദർശനത്തിൽ രാമചന്ദ്രന്റെ ഓർമ്മയുമായി ഇഴ ചേർന്ന്, കലാത്മക്കളുടെ ഒരൊത്തുചേരൽ ഉണ്ടാകും.

 

(തുടരും)

About Author

റിയാസ് കോമു

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിമീഡിയ ആർട്ടിസ്റ്റും ക്യൂറേറ്ററുമാണ് റിയാസ് കോമു. കൊച്ചി-മുസിരിസ് ബിനാലെയുടെയും കൊച്ചി ബിനാലെ ഫൗണ്ടേഷൻ്റെയും സഹസ്ഥാപകനുമാണ് റിയാസ്.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x