A Unique Multilingual Media Platform

The AIDEM

Articles Culture Kerala Memoir

അപ്പുക്കുട്ടൻ മാഷ് എന്ന സാംസ്കാരിക സാന്നിധ്യം

  • March 22, 2025
  • 1 min read
അപ്പുക്കുട്ടൻ മാഷ് എന്ന സാംസ്കാരിക സാന്നിധ്യം

എൺപതുകളുടെ തുടക്കത്തിൽ, കോളേജ്‌ പഠനകാലത്തു തന്നെ അപ്പുക്കുട്ടൻ മാഷുടെ മനോഹരമായ പ്രഭാഷണങ്ങൾ ആവേശം കൊള്ളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്‌ 1989ൽ ഞാൻ ദേശാഭിമാനിയുടെ കാസർകോട്‌ ലേഖകനായതോടെയാണ്‌. എനിക്ക്‌ ഏറെ ആത്മബന്ധമുള്ള എഴുത്തുകാരൻ പി.വി.കെ പനയാൽ മുഖേനയായിരുന്നു പരിചയപ്പെടൽ. പനയാൽ മാഷും കാസർകോട്ടെ അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ കെ.എം അഹമ്മദും അപ്പുക്കുട്ടൻ മാഷ്‌ക്ക്‌ പ്രിയപ്പെട്ടവർ. കെ.എം അഹമ്മദ്‌ മാഷുടെ വത്സലശിഷ്യൻകൂടിയാണ്‌. ഗുരു‐ശിഷ്യ ബന്ധത്തിനപ്പുറം ചിരകാല സുഹൃത്തുക്കളായിരുന്നു മൂന്നുപേരും. 

അപ്പുക്കുട്ടൻ മാഷ്‌ അക്കാലത്ത്‌ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റും കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗവും. പനയാൽ സാഹിത്യസംഘം കാസർകോട്‌ ജില്ലാ സെക്രട്ടറി. സാഹിത്യ സംഘവുമായി ബന്ധപ്പെട്ടോ അല്ലാതെയോ കാസർകോട്ടും ജില്ലയുടെ മറ്റുഭാഗങ്ങളിലും നടക്കുന്ന ഏതു സംസ്‌കാരിക പരിപാടികളിലും അപ്പുക്കുട്ടൻ മാഷ്‌ സ്ഥിരസാന്നിധ്യമായിരുന്നു.

പി. അപ്പുക്കുട്ടനെ ഉറ്റ സുഹൃത്തായ കാർട്ടൂണിസ്റ്റ് പി.വി കൃഷ്ണൻ വരച്ചപ്പോൾ

ഖദർ വസ്‌ത്രത്തിന്റെ ലാളിത്യവും വിശുദ്ധിയുമത്രയും ആവാഹിച്ച നിറഞ്ഞ ചിരി. ആരെയും ആകർഷിക്കുന്ന സൗമ്യമധുരമായ പെരുമാറ്റം. ആരോഹണവരോഹണങ്ങളൊന്നുമില്ലാതെ ഒരേ പിച്ചിൽ അനർഗളമായി ഒഴുകുന്ന വാഗ്‌ധോരണി. കൃത്യവും സ്‌പഷ്‌ടവുമായ നിലപാടുകൾ‐ ഏതു സദസ്സിനെയും അപ്പാടെ കൈയിലെടുക്കാൻ അപ്പുക്കുട്ടൻമാഷ്‌ക്ക്‌ കഴിയുമായിരുന്നു. ഇക്കാരണം കൊണ്ടുതന്നെയാണ്‌ ഡോ. സുകുമാർ അഴീക്കോടിനെയും എം. എൻ. വിജയൻ മാഷിനെയും പോലെ പ്രസംഗകലയിലെ മഹാമേരുക്കൾ അരങ്ങുവാണ കാലത്തും മാഷുടെ വാക്കുകൾക്കായി ജനം കാതോർത്തത്‌. 

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയായ ഘട്ടത്തിൽ അദ്ദേഹത്തിന്‌ തിരക്കൊഴിഞ്ഞ നാളുകളുണ്ടായിരുന്നില്ല. തിരുവനന്തപുരം മുതൽ കാസർകോട്‌ വരെയുള്ള ജില്ലകളിലെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലുമായി എന്നും സംസ്‌കാരിക സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ. ഘനഗംഭീര ശബ്ദവുമായി പലപ്പോഴും കരിവെള്ളൂർ മുരളിയുമുണ്ടാകും കൂട്ടിന്‌. അതൊരു കാലം. 

രണ്ടാം ബർദോളിയെന്നറിയപ്പെടുന്ന പയ്യന്നൂർ അന്നൂരിൽ 1939 ആഗസ്‌ത്‌ 10നാണ്‌ മാഷുടെ ജനനം. അച്ഛൻ: കരിപ്പത്ത്‌ കണ്ണപ്പൊതുവാൾ. അമ്മ: എ.പി പാർവതി അമ്മ. അന്നൂർ യു.പി സ്‌കൂൾ, പയ്യന്നൂർ ബോർഡ്‌ സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ദേശീയപ്രസ്ഥാനവും നവോത്ഥാന പ്രസ്ഥാനവും കൊടുമ്പിരിക്കൊണ്ട കാലത്തായിരുന്നു അപ്പുക്കുട്ടൻ്റെ പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്രായത്തിലേ വായന ഒരഭിനിവേശമായി മനസിൽ നിറയാൻ ഇതു കാരണമായി. 

ദേശീയപ്രസ്ഥാനത്തിൻ്റെ ഭാഗമായി 1944ൽ ആരംഭിച്ച അന്നൂർ സഞ്ജയൻ സ്വാരക വായനശാലയാണ് വായനയുടെയും അറിവിൻ്റെയും വിശാല ലോകത്തേക്ക് നയിച്ചത്. ‘ഈ വായനശാലയാണ് എന്നെ വളർത്തിക്കൊണ്ടുവന്നതെന്ന്’ മാഷ് ആവർത്തിച്ച് പറയുമായിരുന്നു. സ്കൂൾ സാഹിത്യ സമാജങ്ങളിലെ സ്ഥിരം പ്രാസംഗികനായിരുന്നു.

പി അപ്പുക്കുട്ടൻ

പതിനൊന്നാം ക്ലാസ് വരെയുള്ള അക്കാലത്തെ എസ് എസ് എൽസിക്കു ശേഷം കണ്ണൂർ ഗവ. ട്രെയിനിങ്‌ സ്‌കൂളിൽനിന്ന്‌ അധ്യാപക പരിശീലനം നേടി. വെള്ളോറ എ.യു.പി. സ്‌കൂളിലായിരുന്നു ആദ്യ നിയമനം. തുടർന്ന്‌ മണിയറ, വെള്ളൂർ ഗവൺമെൻ്റ് യു.പി. സ്‌കൂളുകളിലും പഠിപ്പിച്ചു. വായനയും എഴുത്തും സാംസ്‌കാരിക പ്രവർത്തനവും ഇക്കാലത്ത്‌ സജീവമായി. 

മലയാളം വിദ്വാൻ പരീക്ഷ പാസായതിനെ തുടർന്ന്‌ 1962ൽ കാസർകോട്‌ ഗവൺമെന്റ്‌ ഹൈസ്‌കൂൾ അധ്യാപകനായി പിഎസ്‌സി നിയമനം ലഭിച്ചു. ജനിച്ചുവളർന്ന നാടിന്റെയും പയ്യന്നൂരിന്റെയും സാംസ്‌കാരിക പാരമ്പര്യമാണ്‌ പി. അപ്പുക്കുട്ടൻ എന്ന എഴുത്തുകാരനെയും പ്രഭാഷകനെയും വാർത്തെടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതെങ്കിലും അതിനെ രാകിമിനുക്കി മൂർച്ചയും തീർച്ചയുമുള്ളതാക്കിയത്‌ കാസർകോടൻ ജീവിതമാണ്‌. 

കാസർകോടിൻ്റെ സാംസ്കാരിക ജീവിതത്തിൽ നിറഞ്ഞുനിന്ന വ്യക്തിയാണ്. കവിയും എഴുത്തുകാരനുമായ ടി. ഉബൈദിന്റെ കളരിയിലായിരുന്നു സാഹിത്യ‐ സാംസ്‌കാരിരംഗത്തെ അരങ്ങേറ്റം. തമ്പി മാഷ്‌ എന്നറിയപ്പെട്ട കെ. പി. വിശ്വനാഥൻ, കീര്യാട്ട്‌ കുട്ടിരാമൻ മാസ്‌റ്റർ, പി. വി. സി. നമ്പ്യാർ, കാർട്ടൂണിസ്‌റ്റ്‌ പി. വി. കൃഷ്‌ണൻ, എഴുത്തുകാരനും വിവർത്തകനുമായ സി. രാഘവൻ, കെ. എം. അഹമ്മദ്‌ തുടങ്ങി സാഹിത്യതൽപ്പരായ വലിയൊരു സംഘം തന്നെ ഒപ്പമുണ്ടായിരുന്നു.

കാസർകോട്‌ സാഹിത്യവേദിയുടെ പ്രതിമാസ ചർച്ചയിൽ ആശാൻ കവിതകളെക്കുറിച്ചു നടത്തിയ പ്രഭാഷണത്തിലൂടെയാണ് പി. അപ്പുക്കുട്ടൻ ഉബൈദ് മാഷ് അടക്കമുള്ളവരുടെ മനം കവർന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നിറയെ പരിപാടികൾ. നാടകകാരനായും തിളങ്ങാനായി. സാഹിത്യവേദിക്കുവേണ്ടി നിരവധി നാടകങ്ങൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്‌തു.

എൺപതുകൾ ആയപ്പോഴേക്കും അവിഭക്ത കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രഭാഷകനായി മാറിയിരുന്നു. ആദ്യഘട്ടത്തിൽ രാംമനോഹർ ലോഹ്യയെ പിന്തുടർന്ന്‌ തികഞ്ഞ സോഷ്യലിസ്‌റ്റ്‌ ആശയഗതിക്കാരനായിരുന്ന മാഷെ അക്കാലത്ത്‌ തുടരെ ലഭിച്ച ഇടതുപക്ഷ വേദികളാണ്‌ മാർക്‌സിയൻ ആശയത്തിലേക്ക്‌ വഴിതിരിച്ചത്‌. ദേശാഭിമാനി സ്‌റ്റഡി സർക്കിളിലും പുരോഗമന കലാസാഹിത്യസംഘത്തിലും സജീവമായതോടെ ഉറച്ച ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തകനെന്ന നിലയിലുള്ള രാഷ്‌ട്രീയ സംക്രമണം പൂർത്തിയായി. 

പുരോഗമന സാഹിത്യസംഘം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അപ്പുക്കുട്ടൻ മാഷ് ഇന്നത്തെ കണ്ണൂർ, കാസർകോട്‌ ജില്ലകൾ ഉൾപ്പെട്ട അവിഭക്ത ജില്ലയിലുടനീളം സംഘത്തിന്‌ വേരോട്ടമുണ്ടാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചു. 

1995ൽ അധ്യാപകജോലിയിൽനിന്ന്‌ വിരമിച്ചശേഷം പൂർണമായും സാമൂഹ്യ‐ സാംസ്‌കാരിക രംഗത്ത്‌ കേന്ദ്രീകരിച്ചു. ഇ. കെ. നായനാർ ഭരണകാലത്ത്‌ 1996 മുതൽ അഞ്ചുവർഷം കേരള സംഗീതനാടക അക്കാദമി സെക്രട്ടറിയായിരുന്നു. അക്കാദമിയുടെ ചരിത്രത്തിലെ ഏറ്റവും മികവാർന്ന കാലഘട്ടമായാണ്‌ മാഷ്‌ സെക്രട്ടറിയും തിക്കോടിയൻ ചെയർമാനുമായ ഈ കാലയളവിനെ സംസ്‌കാരിക പ്രവർത്തകർ വിലയിരുത്തുന്നത്‌. അദ്ദേഹത്തിൻ്റെ മുൻകൈയിൽ കാസർകോട്‌ സംഘടിപ്പിച്ച ‘ഷേക്‌സ്‌പിയർ നാടകഭാരതി’ ദേശീയതലത്തിൽ ശ്രദ്ധനേടുകയുണ്ടായി. സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടറായും പ്രവർത്തിച്ചു.

1982ൽ ചെറുവത്തൂർ വി.വി സ്‌മാരക കലാവേദിയുടെ 
10ാം വാർഷികത്തിൽ പ്രഭാഷണം നടത്തുന്ന
പി അപ്പുക്കുട്ടൻ

ജനമനസ്സു കീഴടക്കിയ വാഗ്വിലാസത്തിനൊപ്പം മൗലികമായ പഠനങ്ങളും വ്യാഖ്യാനങ്ങളും കൊണ്ട് സാഹിത്യനിരൂപണ മേഖലയിലും മാഷ് ശ്രദ്ധേയ സംഭാവന നൽകി. ഏതെങ്കിലും കൃതിയെ വാഴ്ത്തുകയോ ഇകഴ്ത്തുകയോ അല്ല, അർഥപൂർണമായ ആശയസംവേദനത്തിന് വായനക്കാരെ സഹായിക്കുക എന്നതാണ് നിരൂപക ധർമ്മമെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. 42 പ്രൗഢലേഖനങ്ങളുടെ സമാഹാരമായ ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ’ മലയാളത്തിലെ തികവാർന്ന നിരൂപകനാണ് മാഷെന്ന് അടയാളപ്പെടുത്തുന്നു. അക്ഷഹൃദയമാണ് പ്രസിദ്ധീകരിച്ച മറ്റൊരു കൃതി. പ്രധാനപ്പെട്ട പ്രസംഗങ്ങളെങ്കിലും പുസ്തക രൂപത്തിലാക്കിയിരുന്നെങ്കിൽ എത്രയോ വാള്യങ്ങൾ വരുമായിരുന്നു.

തൊണ്ണൂറുകളോടെ രാജ്യത്തെ ആഴത്തിൽ ഗ്രസിച്ച വർഗീയ ഫാസിസത്തിനെതിരെ മാഷ് നിരന്തര പോരാട്ടം നടത്തി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഓടി നടന്ന് വർഗീയ ഫാസിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം ശക്തിപ്പെടുത്തേണ്ടതിൻ്റെ അനിവാര്യത എടുത്തുകാട്ടി. പയ്യന്നൂരിനെ സാംസ്കാരിക പ്രബുദ്ധതയാർന്ന ദേശമാക്കി മാറ്റുന്നതിലും നിസ്തുലമായ പങ്കു വഹിച്ചു. പയ്യന്നൂർ സർഗഫിലിം സൊസൈറ്റിയുടെ ആദ്യ പ്രസിഡൻ്റാണ്. പിലാത്തറ ലാസ്യ കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ആൻഡ്‌ ഡാൻസ്‌ സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്റെ സവിശേഷമായ കൈയൊപ്പുണ്ട്‌. ഏറെക്കാലം സ്ഥാപനത്തിന്റെ ഉപദേശകസമിതി ചെയർമാനായും പ്രവർത്തിച്ചു. 

ഏതാനും വർഷമായി അസുഖബാധിതനായി അന്നൂരിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. അതിനിടയ്‌ക്ക്‌ സഹധർമിണി സി പി വത്സലയുടെ വിയോഗം കൂടുതൽ തളർത്തി. അവസാനകാലത്ത്‌ ആളുകളെ തിരിച്ചറിയുമെങ്കിലും തീരേ സംസാരിക്കാൻ കഴിയുമായിരുന്നില്ല.

About Author

കെ.ടി ശശി

മുതിർന്ന മാധ്യമപ്രവർത്തകൻ, ദേശാഭിമാനി റിട്ട. സീനിയർ ന്യൂസ് എഡിറ്റർ

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x