A Unique Multilingual Media Platform

The AIDEM

Articles Culture Kerala South India

കലാമണ്ഡലം ശൈലിയുടെ അമര ശോഭ

  • May 12, 2025
  • 1 min read
കലാമണ്ഡലം ശൈലിയുടെ അമര ശോഭ

കഥകളി എന്ന കേരളത്തിന്റെ വിശ്വകലയെ, സമ്പൂർണ കലയെ മറ്റു ശാസ്ത്രീയ നൃത്ത-നാടകകലകളിൽ നിന്ന് വ്യത്യാസ്തമാക്കുന്നതും സവിശേഷമാക്കുന്നതുമായ ഒന്ന് അതിലെ പ്രകടകന്റെ അല്ലെങ്കിൽ നടന്റെ ആരബ്ദ്ധ യൗവ്വനവും ‘അരങ്ങിലെ യൗവ്വനവും’ തമ്മിലുള്ള പ്രത്യക്ഷത്തിൽ തന്നെയുള്ള അന്തരമാണ്. അതായത് നടന്റെ ശരീരശാസ്ത്രപരമായ (Biological) യൗവ്വനകാലത്ത് അരങ്ങിൽ വാഴുകയും അതിൽ നിത്യഹരിത ശോഭ നിലനിർത്തി അതിൽ ഒരു നൈരന്തര്യം സൃഷ്ടിക്കുക എന്നുള്ളത് ഒരു കഥകളി നടനെ സംബന്ധിച്ച് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഒരു കഥകളി നടന് പ്രായപൂർത്തി ആവുന്നത് (ഇവിടെ പേരെടുക്കാൻ തുടങ്ങുന്നത് എന്നർത്ഥത്തിൽ) ഏകദേശം അയാളുടെ മധ്യവയസ്സൊടടുതാണ്. ഇതിൽ അപവാദങ്ങൾ ഉള്ളത് അല്ലെങ്കിൽ മറിച്ചു അവകാശപെടാവുന്നത് വളരെ കുറച്ചു നടന്മാർക്ക് മാത്രം. അങ്ങനെയുള്ള ‘കുറച്ചു പേരിൽ’ (Rare Brigade) ഇന്ന് അരങ്ങിലും കളരിയിലും നിത്യയൗവ്വനം കാത്ത്‌ സൂക്ഷിച്ചു പരിപാലിച്ചു പോകുന്ന ഒരു നടൻ ജൈവശാസ്ത്രപരമായി സാങ്കേതികാർത്ഥത്തിൽ തന്റെ സപ്തതിയിൽ എത്തിയിരിക്കുന്നു. കലാമണ്ഡലം മുൻ പ്രിൻസിപ്പൽ പ്രൊഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ ആണ് ആ ‘സ്വീറ്റ് സെവെന്റി ‘ യുവത്വത്തിനുടമ!

ബ്രഹ്മസ്വരൂപൻ ഗുരു കനിഞ്ഞീടുകിൽ ബ്രഹ്മാണ്ഡമൊക്കെയും നിൻ കളിപ്പന്തൽ താൻ…. – കളിയച്ഛൻ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പണികുറ തീർന്ന കഥകളി ശൈലി എന്ന് വിശ്വ വിഖ്യാതി നേടിയ കല്ലുവഴി ചിട്ടയെ ‘ കലാമണ്ഡലം ശൈലിയാക്കി വളർത്തിയെടുത്ത്‌ പരിപോഷിപ്പിച്ചു ആസ്വാദകരുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടി കൊടുത്തത് പട്ടിക്കാംതൊടി രാവുണ്ണിമേനോനും അദ്ദേഹത്തിന്റെ ശിഷ്യൻമാരിൽ അതികയന്മാരായ നാലുപേരുമാണ്. വഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം കൃഷ്ണൻ നായർ (കലാമണ്ഡലം എന്ന അപര നാമത്തിൽ പോലും പ്രശസ്തി നേടാൻ ഭാഗ്യം സിദ്ധിച്ച ഒരേ ഒരു നടൻ), കലാമണ്ഡലം രാമൻകുട്ടി നായർ, പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ മകൻ കൂടിയായ കലാമണ്ഡലം പദ്മനാഭൻ നായർ എന്നിവരാണ് ആ ‘നാൽവർ’ സംഘം. ഇവർ ഒരേപോലെ അരങ്ങിലും കളരിയിലും എന്തിന് അണിയറ യിൽ പോലും രൂപപ്പെടുത്തി എടുത്ത കല്ലുവഴി ചിട്ട യുടെ സാകല്യമാണ് കലാമണ്ഡലം ശൈലിയും അതിന്റെ ആദ്യ ‘പോസ്റ്റർ ബോയ്’ ആയിമാറിയ അല്ലെങ്കിൽ ബ്രാൻഡ് അംബാസിഡർ ആയ രസലയകുബേരൻ സർവ്വ ശ്രീ. ഡോ. കലാമണ്ഡലം ഗോപി ആശാൻ. ഈ എണ്ണം പറഞ്ഞ കലാമണ്ഡലം ശൈലിയെ അല്ലെങ്കിൽ ‘ഗോപിയൻ ‘ ശൈലിയുടെ പതാകവാഹകരിൽ ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന ഒരു പക്ഷെ അവസാനത്തെ കാവലാൾ പ്രൊഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആയിരിക്കും.

കലാമണ്ഡലം ഗോപി

അരങ്ങിലെ നിത്യഹരിത ധീരോദാത്ത-ധീരലളിത നായകൻമാരായ പച്ച വേഷങ്ങൾ കളരി ചിട്ടയുടെ ‘പറ വട്ടത്തിന് ‘(പറ കമ്ഴ്ത്തിയാൽ കിട്ടുന്ന അളവ് അല്ലെങ്കിൽ രൂപപ്പെടുന്ന വൃത്തം ആണ് അരങ്ങിലെ സ്‌പേസ് മാനേജ്മെന്റ് അല്ലെങ്കിൽ സ്‌പേസ് ക്രാഫ്റ്റ് എന്ന സങ്കല്പം) പുറത്താകാതെ തന്റെ അരങ്ങുപ്രവർത്തികൊണ്ട് നിലനിർത്തിയ നടനാണ് ബാലസുബ്രഹ്മണ്യൻ. വികാരതരളിതമായ നായക വേഷങ്ങളായ നളൻ, രുഗ്മാൻഗദൻ, കർണ്ണൻ, കചൻ മുതലായവ അരങ്ങിൽ അവതരിപ്പിക്കുമ്പോൾ എത്ര മഹാനായ നടൻ അയാൽപോലും അഭിനയം ‘ഗ്രാമ്യമായി ‘പോകും. അത് ഒരു കുറ്റമല്ല. അപ്പോഴും അരങ്ങിൽ ഔചിത്യം വെടിയാതിരിക്കുന്നതാണ് കല്ലുവഴി ചിട്ടയുടെ ക്രാഫ്റ്റ് എന്നത്. ഈ പാഠം തന്റെ ഗുരുനാഥൻമാ രായ കലാമണ്ഡലം ഗോപി ആശാനെയും കലാമണ്ഡലം രാമൻകുട്ടി നായർ ആശാനെയും അണുവിടാതെ പിൻപറ്റാൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാനു കഴിഞ്ഞു എന്നത് കൊണ്ട് കൂടിയാണ് അദ്ദേഹത്തിന് തനിക്ക് തൻപോരിമയോടെ അരങ്ങിൽ ശോഭ നിലനിർത്താൻ കഴിയുന്നത്.തന്റെ ഉയരക്കുറവ് വേഷപകർച്ചയിലൂടെയും രസാഭിനയ ചാതുരിയിലൂടുയും അരങ്ങു പ്രവർത്തിയിലൂടെ യും അദ്ദേഹത്തിന് നികത്തി മുന്നോട്ട് കൊണ്ട് പോകുവാൻ സാധിച്ചു. അങ്ങനെ ഒരു ‘തന്റെ ഇടം’ സൃഷ്ടിക്കാനും അനേകം ശിഷ്യൻമാരെ – മോഹൻലാൽ,സുഹാസിനി, മഞ്ജു വാരിയർ തുടങ്ങിയ സെലിബ്രിറ്റികൾ അടക്കം – വളർത്തിയെടുക്കുവാനും ആശാൻ ശ്രദ്ധിച്ചു. ഇത് കഥകളിയിൽ മറ്റൊരു അപൂർവ്വതയാകുന്നു! ഒരേ പോലെ അരങ്ങിലും കളരിയിലും പ്രശസ്തി എന്നത് കഥകളി നടൻമാരിൽ അപൂർവ്വമായി മാത്രം അവകാശപ്പെടാവുന്ന ഒരു ദ്വിമുഖപ്രതിഭാത്വ മാണ്. അതും ബാലസുബ്രഹ്മണ്യൻ ആശാന് സ്വന്തം! ഷാജി എൻ കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം സിനിമയുടെ മുഖ്യഉപദേഷ്ടാവും ആ സിനിമയിൽ മോഹൻലാലിനെ കഥകളിനടനായി പരിശീലിപ്പിച്ചതും കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ ആയിരുന്നു.

കലാമണ്ഡലം ഗോപി ആശാൻ ജനിച്ച കോതച്ചിറ എന്ന ഗ്രാമത്തിൽ തന്നെയാണ് ബാലസുബ്രഹ്മണ്യൻ ആശാനും ജനിച്ചത് എന്നതും ചരിത്രത്തിലെ ഒരു യാദൃശ്ചികത! ഗോപി ആശാന്റെ കീഴിൽ തന്നെ ദീർഘകാലം കഥകളി അഭ്യസിച്ചു. അതിന് ശേഷം അഞ്ചു വർഷം രാമൻകുട്ടി ആശാന്റെ കളരിയിലും അഭ്യാസം തുടർന്നു. ഇതിനിടയിൽ കലാമണ്ഡലം പദ്മനാഭൻ നായർ ആശാന്റെ കീഴിലും ചൊല്ലി യാടിയിട്ടുണ്ട്. കലാമണ്ഡലം വിദ്യാർത്ഥി, പിന്നീട് 1979 മുതൽ അദ്ധ്യാപകൻ കലാമണ്ഡലം രാമൻകുട്ടി നായർ ആശാന്റെ കീഴിൽ ഒരു വർഷം കേന്ദ്ര സർക്കാരിന്റെ ഫെല്ലോഷിപ്പിൽ Special Advanced Training Diploma യും നേടിയിട്ടുണ്ട്. 2011ൽ കലാമണ്ഡലം പ്രിൻസിപ്പൽ ആയി ഔദ്യോഗിക മായി വിരമിച്ചു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും യൂറോപ്പ്, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ലാറ്റിൻ അമേരിക്ക, തായ്‌ലൻഡ്, ഇറാൻ, ചൈന, സിങ്കപ്പൂർ,ജപ്പാൻ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലും കലാമണ്ഡലം ട്രൂപ്പിനെ നയിച്ചുകൊണ്ടും സ്വാതന്ത്രമായും കഥകളി അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഫ്രഞ്ച് നർത്തകിയും കഥകളിയെ 1960കൾ മുതൽ യുറോപ്പിൽഎമ്പാട്ടും അവതരിപ്പിക്കുകയും ചെയ്ത മിലെന സൽവിനിക്കൊപ്പം മഹാഭാരതം കഥകളി അവതരണത്തിൽ നിരവധി തവണ പങ്കാളിയാവനും കഴിഞ്ഞത് ആശാന്റെ കലാജീവിതത്തി ലെ മറ്റൊരു നാഴികകല്ലാണ്. വാനപ്രസ്ത്ഥം, ദേശാടനം മുതൽ കഥകളി പ്രമേയമായി വന്ന പ്രശസ്ത മലയാളസിനിമകളുടെയും ഡോക്യുമെന്ററികളുടെയും ഭാഗമാവനും മുഖ്യഉപദേശകനാവാനും അദ്ദേഹത്തിന് കഴിഞ്ഞു.

കഥകളിയുടെ നെടും തൂണുകൾ എന്നറിയപ്പെടുന്ന കോട്ടയത്തു തമ്പുരാന്റെ നാല് ആട്ടകഥകളിലെ (ബകവധം,കല്യാണ സൗഗന്ധികം, നിവാതകവചകാലകേയവധം, കിർമ്മീരവധം) ധീരോദാത്ത നായക വേഷങ്ങൾ, നള – ബഹുകന്മാൻ, രുഗ്മാൻഗദൻ,കർണ്ണൻ, കചൻ, ദക്ഷൻ തുടങ്ങി എല്ലാ ആദ്യാവസാന പച്ച വേഷങ്ങളും, രാവണൻ കീചകൻ, ദുര്യോധനൻ, നരകാസുരൻ മുതലായ രാജസ പ്രൌഢിയുള്ള കത്തി വേഷങ്ങളും ഈ നടനിൽ ഭദ്രം. ഇത് കൂടാതെ സുഭദ്രാഹരണ ത്തിലെ ബലഭദ്രനും (പഴുക്ക് / മഞ്ഞ വേഷ) കൃഷ്ണനും ഒരു പോലെ ആസ്വാദകർക്കിടയിൽ ആശാന്റെ പ്രിയ വേഷങ്ങളിൽ പെടുന്നു.

പച്ച വേഷങ്ങളിൽ കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്റെ ഒരു ശൈലിയും അത്ഭുതകരമായ സാമ്യവും കൂടി കലാമണ്ഡലം ബാലസുബ്രഹ്മണ്യനിൽ നമുക്ക് ദർശിക്കാം. ഇത് പറയുമ്പോൾ കലാമണ്ഡലത്തി ൽ നിന്ന് പിരിഞ്ഞ ശേഷം കുറച്ചു കാലം തിരുവനന്തപുരത്തെ മാർഗ്ഗിയിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യ ൻ വിസിറ്റിങ് പ്രൊഫസർ ആയും സേവനം അനുഷ്ഠിച്ചു എന്നത് മറ്റൊരു യാദൃശ്ചികത ( കൃഷ്ണൻ നായർ ആശാൻ ദീർഘ കാലം അവിടെ ആശാൻ ആയിരുന്നു). കേരള സംഗീത നാടക അക്കാദമി അവാർഡ്, കലാമണ്ഡലം പുരസ്‌കാരം, ഡേവിഡ് ബോളൻഡ് ഗോൾഡ് മെഡൽ, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ (ICCR) എംപാനൽഡ് എ ഗ്രേഡ് ആര്ടിസ്റ്റ്, പോളണ്ടിലെ വാർസൊ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസ്സർ, കലാമണ്ഡലം കൃഷ്ണൻ നായർ പുരസ്‌കാരം, കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്‌കാരം തുടങ്ങിയവ ആശാന് ലഭിച്ച നിരവധി പുരസ്‌കാരങ്ങളിൽ പ്രത്യേക പരാമർശം അർഹിക്കുന്നവയാണ്.

നളചരിതത്തിൽ ബാഹുകൻ

ബാലസുബ്രഹ്മണ്യൻ ആശാന്റെ സപ്തതി പ്രമാണിച്ച് ഈ മാസം 10ന് ദൂരദർശന്റെ സഹകരണതോടെ കിർമ്മീരവധം കഥകളിയും തൃശൂർ റീജിയണൽ തെയറ്ററിൽ ബാലസുബ്രഹ്മണ്യ ൻ ആശാന്റെ കലാജീവതം അടയാളപ്പെടുത്തു ന്ന പ്രശസ്ത ഛായാഗ്രഹകൻ കെ. ജി ജയൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

അരങ്ങിൽ തിരശീല നീക്കുമ്പോൾ പ്രത്യക്ഷപെട്ട കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന്റെ പശ്ചാതാപ വിവശനായ കരുണസ്ഥായിയായ പാഞ്ചാലീ സമേതൻ ധർമപുത്രർ കഥകളി ആസ്വാ ദകരിൽ കലാമണ്ഡലം ശൈലിയുടെ ലാവണ്യ ശോഭയുടെ അമരത്വത്തിന്റെ നിദർശ്ശനമായി.

ആശാന്റെ കലാ ജീവിതം ഈ’ ന്യൂ ജെൻ’ കഥകളി കാലത്തും യൗവ്വനത്തിന്റെ സപ്ത വർണ്ണകളിൽ തന്നെ തുടരുന്നു എന്നത് കലാലോകത്തിന്റെ സുകൃതം.

 

About Author

എം.എം ദിലീപ്

സിനിമാ സംബന്ധിയായ ലേഖനങ്ങളും ചലച്ചിത്രകാരന്മാരുടെ അഭിമുഖങ്ങളും ചലച്ചിത്ര ആക്കാദമിയുടെ മുഖമാസികയായ ചലച്ചിത്ര സമീക്ഷ, ഡൽഹിയിലെ സ്വാതന്ത്ര മാസികയായിരുന്ന ദി പബ്ലിക് അജണ്ട, മലയാളം വാരിക എന്നിവയിൽ എഴുതിയിട്ടുണ്ട്‌. യാത്രകളും കഥകളി ആസ്വാദനവും സവിശേഷ താല്പര്യങ്ങൾ. ഇപ്പോൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പബ്ലിക് റിലേഷൻസ് ഓഫിസർ ആയി ജോലി ചെയ്തു വരുന്നു.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x