A Unique Multilingual Media Platform

The AIDEM

Articles Climate Kerala

കേരളം, വികസനം, ദുരന്തങ്ങൾ 

  • July 31, 2024
  • 2 min read
കേരളം, വികസനം, ദുരന്തങ്ങൾ 

ഇനിയും എത്ര ജീവനുകൾ പൊലിഞ്ഞാലാണ് നമ്മൾ തിരുത്താൻ തയ്യാറാവുക? കേരളത്തിന് ഒരു പുതിയ വികസന മാതൃകയെ പറ്റി എത്ര കാലമായി നമ്മൾ സംസാരിക്കുന്നു. 30 ഡിഗ്രി ചെരിവുള്ള കേരളക്കര അശാസ്ത്രീയമായ ക്വാറികൾക്കും, പരിധി വിട്ട നിർമ്മാണത്തിലൂന്നിയ മലയോര ‘വികസന’ത്തിനും പറ്റിയ ഒരിടമല്ല എന്ന് ശാസ്ത്രീയമായി എത്രയോ വിദഗ്ധർ വ്യക്തമാക്കിയതാണ്. കഴിഞ്ഞ പ്രളയത്തിന് ശേഷവും ഒരു ‘വികസന കാലം’ കടന്നുപോയി. ഒരു മാറ്റവുമില്ലാതെ കുന്നിടിച്ചും പാടം നികത്തിയും നാം മുന്നേറി.

കേരളത്തിൽ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാത

മൂന്ന് വമ്പൻ പാതകളുടെ പ്രവർത്തി കേരളത്തിന്റെ ഒരറ്റം തൊട്ടു മറ്റേ അറ്റം വരെ നടക്കുന്നു. ഇതിനെല്ലാം വേണ്ട പാത കീറലും കുന്നിടിക്കലും ഒരു വശത്തും, നിർമ്മാണ വസ്തുക്കൾക്കായുള്ള പാറ പൊട്ടിക്കലും മണൽ വാരലും മറുവശത്തും. ആറു വരി ദേശീയപാതയും, മലയോര പാതയും, പിന്നെ തീരദേശ പാതയും പണി നടക്കുകയാണ്. ദേശീയ പാതാ നിർമ്മാണത്തിൽ മണ്ണിടിച്ചിലിന്റെ ആശങ്കയുണ്ടെന്ന് കേരളം ഷിരൂരിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ദേശീയ പാതാ അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. ആറുവരി ദേശീയ പാതയുടെ പണി നടക്കുന്ന ഇടങ്ങളിൽ പലയിടത്തും ഇരു വശത്തുമുള്ള മണ്ണ് കുത്തനെ ചെത്തിയിറക്കിയിരിക്കുകയാണ്. വീടുകളും, പുരയിടങ്ങളും ആ കട്ടിങ്ങുകളുടെ ഒത്ത ഉയരത്തിൽ ഭയപ്പെടുത്തുന്ന രീതിയിൽ പൊങ്ങി നിൽക്കുന്നു. കോഴിക്കോട് നഗരത്തോടടുക്കുമ്പോൾ ബഹുനില ഫ്ലാറ്റുകൾ വരെ ഇങ്ങനെ ചെങ്കുത്തായ ഉയരത്തിൽ നിൽപ്പുണ്ട്.

ആരാണ് ഉരുൾപൊട്ടലിന്റെ ഏറ്റവും വലിയ ഇരകൾ? പെട്ടിമുടിയിലും ഇപ്പോൾ വയനാട്ടിലും നമ്മൾ കാണുന്നുണ്ട്- ഏറ്റവും ദരിദ്രരായ, ഏറ്റവും എളുപ്പം തകരാവുന്ന വീടുകളുള്ള തോട്ടം തൊഴിലാളികൾ, സാധാരണ തൊഴിലാളികൾ, കൃഷിക്കാർ. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിൽ ഉള്ളവർ.

പുതുതായി പണിയുന്ന ദേശീയപാതയ്ക്കായി വഴിവെട്ടിയിരിക്കുന്നു. കുത്തനെ ഉയർന്നു നിൽക്കുന്ന മൺ കുന്നുകൾ ഇരുവശവും കാണാം.

2018 മുതൽ തുടർച്ചയായ ഉരുൾപൊട്ടലുകൾ മിക്കവാറും എല്ലാ മഴക്കാലത്തും കേരളം നേരിടുന്നുണ്ട്. 2018നും 2020നും ഇടയിൽ നടന്ന 6 വലിയ ഉരുൾപൊട്ടലുകളിലെ മഴയും ഭൂമിയുടെ ചെരിവും താരതമ്യം ചെയ്തു പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, ചെരിവിലെ തടസ്സങ്ങളും ഉരുൾപൊട്ടലിൽ ഒഴുക്കിന്റെ ശക്തിയും വ്യാപ്തിയും തമ്മിൽ ബന്ധമുണ്ട് എന്നാണ്. ഒഴുക്കിനെ തടയാൻ ശക്തമായ ഒരു വൃക്ഷനിര ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ ഉരുൾപൊട്ടൽ ഉണ്ടാക്കുന്ന നാശനഷ്ടം കുറഞ്ഞേനെ.

മറ്റൊരു പഠനം പറയുന്നു- 36% അധികം മഴ കിട്ടിയ 2018ൽ 4278 ഉരുൾപൊട്ടലുകൾ ഉണ്ടായി. അതിൽ 48 പേര് മരിച്ചു. 2019, 2020, 2021 വർഷങ്ങളിലും ഇതേ മട്ടിൽ ഉരുൾപൊട്ടലുകൾ ഉണ്ടായി. 100 പേര് കൂടി മരിച്ചു.

കവളപ്പാറയിലെ ഉരുൾപൊട്ടൽ നടന്ന സ്ഥലം

2021ൽ 3 വലിയ ഉരുൾപൊട്ടലുകൾ ഉണ്ടായി. അതിൽ, ഇടുക്കി കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടൽ (7 മരണം) തീർത്തും മനുഷ്യർ ഭൂപ്രകൃതിയിൽ നടത്തിയ ഇടപെടലുകൾ കാരണമായിരുന്നു.

പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടൽ (4 മരണം) പകുതി ജിയോമോർഫിക്-ടെക്ടോണിക് പ്രതിഭാസം മൂലവും പകുതി മനുഷ്യർ വരുത്തിയ ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ മൂലവും ആയിരുന്നു.

കോട്ടയം കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടൽ (26 മരണം) വനഭൂമി ഇല്ലാതായതിന്റെ അനന്തരഫലമായിരുന്നു. 24 മണിക്കൂർ സമയത്തിനുള്ളിൽ 266 മില്ലിമീറ്റർ മഴ പെയ്തതാണ് മൂന്നിടത്തും ഉരുൾ പൊട്ടാനുള്ള കാരണം.

പെട്ടിമുടിൽ ഉരുൾപൊട്ടലിനു ശേഷം രക്ഷാപ്രവർത്തനം നടത്തുന്നു

ഇത്ര മില്ലിമീറ്റർ മഴ പെയ്യും എന്ന് കൃത്യമായി പ്രവചിക്കാൻ കഴിഞ്ഞാൽ ആളുകൾക്ക് ഇത്തരം സ്ഥലങ്ങളിൽ മുന്നറിയിപ്പ് നൽകാനും, ആളപായം ഒഴിവാക്കാനും കഴിയും എന്ന് ഈ പഠനം ചൂണ്ടിക്കാട്ടി. ഈ ദിശയിൽ ഒരു പ്രവർത്തിയും നടന്നില്ല എന്നതാണല്ലോ, ഇപ്പോഴത്തെ ദുരന്തം കാണിക്കുന്നത്.

അപകട സാധ്യത നിലനിക്കുന്ന മലയോരങ്ങളിൽ ഓരോ പ്രദേശത്തും ഇത്ര മില്ലിമീറ്റർ മഴ പെയ്യും, മഴ ഏതു പരിധി കടന്നാൽ ആളുകൾ ജാഗ്രത പുലർത്തണം, എന്നൊരു മുന്നറിയിപ്പ് സർക്കാരിന് നൽകാൻ കഴിയുമായിരുന്നില്ലേ? ഇതു സംബന്ധിച്ച പഠനങ്ങളൊന്നും ഭരണാധികാരികൾ കണ്ടില്ലേ? ഭൂവിനിയോഗത്തിൽ കാര്യമായ മാറ്റം വരുത്തണം എന്നും ഈ പഠനങ്ങൾ നിർദേശിച്ചിരുന്നു.

പുത്തുമല (17 മരണം), കവളപ്പാറ (59 മരണം), പെട്ടിമുടി (70 മരണം)… ഇങ്ങനെ പോകുന്നു അപായത്തിന്റെ കണക്കുകൾ. കേരളത്തിന്റെ മലയോര മേഖലകൾ മുഴുവൻ പ്രികാംബ്രിയൻ ക്രിസ്റ്റലൈൻ പാറകൾക്ക് മുകളിൽ ഉറയ്ക്കാത്ത മണ്ണിന്റെ ഒരു പാളി എന്ന രീതിയിലാണ് സ്ഥിതിചെയ്യുന്നത്. അപ്പോൾ ഓരോ പ്രദേശത്തും ആ മണ്ണിന്റെ പാളിയുടെ കട്ടി എത്രയാണ്, അതിന് എത്ര വെള്ളം ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട് എന്ന് കണ്ടെത്തണം. അതിൽ കൂടുതൽ മഴ പ്രവചിക്കപ്പെട്ടാൽ അവിടത്തെ ആളുകളെ ഒഴിപ്പിക്കണം. അല്ലെങ്കിൽ മറ്റു മുൻകരുതലുകൾ എടുക്കണം. ഇതൊക്കെയാണ് കേരളം പോലുള്ള ഒരു ഭൂപ്രകൃതിയിൽ അധികാരികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ.

ജൂലൈ 30ന് കേരളത്തിൽ ലഭിച്ച മഴയുടെ അളവ്

2018 മുതൽ ഇതെല്ലാം പഠിക്കാനും മനസ്സിലാക്കാനും കിട്ടിയ സമയം നമ്മൾ എങ്ങനെ ചെലവിട്ടു എന്ന് നിശിതമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

കേരളം ഇത്രയും ചെരിഞ്ഞല്ല കിടന്നിരുന്നതെങ്കിൽ, പ്രികാംബ്രിയൻ പാറയുടെ പ്രതലവും, അതിനു മുകളിലെ മണ്ണിന്റെ പ്രതലവും കുറേക്കൂടി പരസ്പരം ഒട്ടിപ്പിടിച്ചു നിന്നേനെ. പക്ഷെ, 30 ഡിഗ്രി ചെരിവുള്ളതുകൊണ്ടുതന്നെ ഒരു ശക്തമായ മഴ പെയ്താൽ, മുകളിലെ മണ്ണിന്റെ പ്രതലം മഴ പെയ്ത് ഒരു പരിധിയിലധികം കുതർന്നാൽ, താഴത്തെ പാറയുടെ പ്രതലവുമായി വേർപെട്ടു താഴേക്ക് കുത്തിയൊഴുകും. അതാണ് സംഭവിക്കുന്നത്.

കേരളത്തിലെ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന റിസോർട്ട്

ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളും ഇത്തരം ഉരുൾപൊട്ടലുകൾ ഉണ്ടാവാൻ സാധ്യതയുള്ള ജില്ലകളാണ്. 2015-2022 കാലഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ നടന്ന സംസ്ഥാനം കേരളമാണ്. കൃത്യമായി പറഞ്ഞാൽ ഇക്കാലയളവിൽ ഇന്ത്യയിൽ ആകെ നടന്ന ഉരുൾപൊട്ടലുകളിൽ 50 ശതമാനം കേരളത്തിലാണ് നടന്നത്.

നേരത്തെ പറഞ്ഞ കൊക്കയാർ, പ്ലാപ്പള്ളി, കൂട്ടിക്കൽ എന്നീ മൂന്ന് സ്ഥലങ്ങളിലും നല്ല കാടുണ്ടായിരുന്ന മലഞ്ചെരിവുകളാണ്. ആ കാടുകളായിരുന്നു മണ്ണിനെ അവിടെയെല്ലാം കുത്തിയൊലിക്കാതെ സംരക്ഷിച്ചു പോന്നത്. മനുഷ്യ ഇടപെടൽ, വ്യാപകമായി മരം വെട്ടിയുള്ള കൃഷിയായും, ബഹുനില കെട്ടിടങ്ങളായും, ഹൈവേകളായും, ക്വാറികളായും ഒക്കെ മുറയ്ക്ക് നടന്നു. അതോടെ അടിയിലെ പാറയുടെ കവചവും അതിനു മുകളിലെ മണ്ണിന്റെ കവചവും തമ്മിലുള്ള ബന്ധം ദുർബ്ബലമായി.

വേറൊരു പഠനത്തിൽ കണ്ടെത്തിയ, കേരളത്തിലെ (പ്രത്യേകിച്ചും വയനാട്ടിലും മലപ്പുറത്തും ഉണ്ടായവ), ഉരുൾപൊട്ടലിന്റെ കാരണങ്ങൾ ഇതൊക്കെയായിരുന്നു- പുഴകളും ജലവുമൊഴുകുന്ന വഴികളിൽ ഉടനീളം അശാസ്ത്രീയ നിർമ്മാണങ്ങൾ, തടസ്സങ്ങൾ, വെള്ളം ഒഴുക്കിവിടുന്നത്തിനുള്ള സംവിധാനങ്ങളില്ലായ്മ, അശാസ്ത്രീയമായി ഭൂമിയുടെ ചെരിവുകളെ മാറ്റിമറിക്കൽ, കനത്ത മഴ, ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവം.

ഉരുൾപൊട്ടൽ സാധ്യത മാപ്പ് (സോഴ്സ്: SDMA)

ഈ പഠനം മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇവയായിരുന്നു- ശരിയായ ഭൂവിനിയോഗം, വെള്ളപ്പൊക്ക-ഉരുൾപൊട്ടൽ മുന്നറിയിപ്പ് ഉടൻ നൽകാൻ ഉതകുന്ന പ്രാദേശിക നിരീക്ഷണ സംവിധാനങ്ങൾ, ഉരുൾപൊട്ടൽ-വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽ പ്രാദേശിക ജനതയുടെ അതിജീവനശേഷി കൂട്ടുന്ന തരത്തിലുള്ള ജനകീയ സമിതികളും ഇടപെടലുകളും.

ഇനി, മഴ കൊണ്ടും ഉരുൾപൊട്ടലുകൾ കൊണ്ടും ആകെ അസ്ഥിരമായി മാറിയ മലഞ്ചെരിവുകൾ, നാളെ ഒരു ചെറിയ ഭൂമികുലുക്കം വന്നാൽ വലിയ അപകടാവസ്ഥ സൃഷ്ടിക്കും എന്നും 2023ൽ പ്രസിദ്ധീകരിച്ച മറ്റൊരു സംഘം ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2018നു ശേഷം സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (SDMA) തയ്യാറാക്കിയ ഉരുൾപൊട്ടൽ-വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളുടെ മാപ്പുകൾ ഏതെങ്കിലും റവന്യു-പഞ്ചായത്ത് അധികാരികൾ ഉപയോഗപ്പെടുത്തിയോ? അതനുസരിച്ചുള്ള മുൻകരുതലുകളും മുന്നറിയിപ്പുകളും ഉണ്ടായോ? കേരളജനതക്ക് അറിയാൻ അവകാശമുണ്ട്. മാപ്പുകൾ തയ്യാറാക്കിയതുകൊണ്ടു മാത്രം ചുമതലകൾ അവസാനിച്ചോ? പഞ്ചായത്തുകളെ ഇതെല്ലാം ചെയ്യാനായി ശാക്തീകരിച്ചോ?

കാലാവസ്ഥാ മാറ്റം ഒരു ഭീതിദമായ യാഥാർഥ്യമാണ്. ഇനിയുള്ള വർഷങ്ങളിലും ഇതുപോലെ ശക്തമായ മഴ വരും. ഇനിയും ജീവനുകൾ കുരുതികൊടുക്കാതിരിക്കണമെങ്കിൽ വികസന മാതൃകയും, ഭൂവിനിയോഗവും, പ്രാദേശിക തലത്തിൽ തന്നെ വ്യക്തമായി നിശ്ചയിക്കണം. വികസനം എന്ന മോഹിപ്പിക്കുന്ന പദം രാഷ്ട്രീയക്കാർ ഓരോ തിരഞ്ഞെടുപ്പിലും ഒരാലോചനയുമില്ലാതെ എടുത്ത് പ്രയോഗിക്കാതിരിക്കണം. അതിന്റെ അർത്ഥവ്യത്യാസങ്ങൾ, പ്രയോഗത്തിലെ വൈവിധ്യം, ക്രിയാത്മകമായ, പരിസ്ഥിതിക്കിണങ്ങിയ വികസനമാതൃകകൾ, പ്രാദേശികമായി സ്വീകരിക്കാവുന്ന വേറിട്ട കാഴ്ചപ്പാടുകൾ, എല്ലാം പൊതുസമൂഹം വിശദമായി ചർച്ച ചെയ്യണം.

2018ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തിൻ്റെ ആകാശദൃശ്യം

സാങ്കേതിക വൈദഗ്ധ്യമുള്ള പുതിയ തലമുറയിൽ നിന്ന് പുതിയ ആശയങ്ങൾ തേടണം. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും, ഇതിനെല്ലാം തുടക്കമിടാനും നേതൃത്വം കൊടുക്കാനും കഴിയുന്ന ഒരു പുതിയ രാഷ്ട്രീയ നേതൃത്വം- ശരിക്കും അഭിലഷണീയമായിട്ടുള്ളത്, ഒരു യുവനേതൃത്വം- ഉയർന്നു വരണം.

ഫ്ളഡ് ആൻഡ് ഫ്യുറി (Flood and Fury) എന്ന പുസ്തകത്തിൽ വിജു ബി. ആവർത്തിച്ച് പറയുന്നതുപോലെ പശ്ചിമഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യരെ ഈ പ്രദേശത്തിന്റെ യഥാർത്ഥ സംരക്ഷകരാക്കി മാറ്റാൻ കഴിഞ്ഞാൽ മാത്രമേ ശാശ്വതമായ പരിഹാരം സാധ്യമാവുകയുള്ളൂ.

സാക്ഷരതാ പ്രവർത്തനവും, ജനകീയാസൂത്രണ പ്രവർത്തനവും പോലുള്ള പൂർവ മാതൃകകൾ ഇതിനായി നമുക്ക് മുന്നിലുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായി അത്തരം ഒരു വലിയ ജനകീയ മുന്നേറ്റവും, ഒപ്പം അവിടത്തെ ജനങ്ങളുടെ അഭിവൃദ്ധിയും വരുമാനവും ഉറപ്പാക്കുന്ന, സുസ്ഥിരമായ, ബദൽ വികസന നയങ്ങളും കൈകോർക്കുന്ന ഒരു പദ്ധതി നടപ്പാക്കാനാവുമോ എന്നാണ് സർക്കാർ ആലോചിക്കേണ്ടത്.


References

  1. Jain, N., Martha, T.R., Khanna, K. et al. Major landslides in Kerala, India, during 2018–2020 period: an analysis using rainfall data and debris flow model. Landslides 18, 3629–3645 (2021). https://doi.org/10.1007/s10346-021-01746-x
  2. Ajin, R.S., Nandakumar, D., Rajaneesh, A. et al. The tale of three landslides in the Western Ghats, India: lessons to be learnt. Geoenviron Disasters 9, 16 (2022). https://doi.org/10.1186/s40677-022-00218-1
  3. Wadhawan, S.K., Singh, B. & Ramesh, M.V. Causative factors of landslides 2019: case study in Malappuram and Wayanad districts of Kerala, India. Landslides 17, 2689–2697 (2020). https://doi.org/10.1007/s10346-020-01520-5
  4. Choudhury, D., Das, T. & Rao, V.D. Case Studies and Numerical Investigation of Landslide Triggering Mechanisms in Western Ghats, Kerala, India. Indian Geotech J 54, 96–108 (2024). https://doi.org/10.1007/s40098-023-00763-y
About Author

വി. എം. ദീപ

ദി ഐഡം എക്സിക്യൂട്ടീവ് എഡിറ്റർ. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം പ്രവർത്തിച്ചിട്ടിട്ടുണ്ട്.