A Unique Multilingual Media Platform

The AIDEM

Articles Kerala Society

രണ്ടത്താണിമാരും സദാചാര ഗുണ്ടായിസവും തമ്മിലെന്ത്? 

  • December 17, 2022
  • 1 min read
രണ്ടത്താണിമാരും സദാചാര ഗുണ്ടായിസവും തമ്മിലെന്ത്? 

കേരളത്തിൽ സദാചാര ആക്രമണങ്ങളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു എന്ന് തന്നെയാണ് വാർത്തകൾ നമ്മോടു പറയുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ശാരീരികമായും ലൈംഗികമായും ഉള്ള കടന്നു കയറ്റങ്ങൾ സദാചാരത്തിന്റെ പേരിൽ ഗുണ്ടകൾ അഴിച്ചുവിടുകയാണ്. ഇത്തരം സംഭവങ്ങളുടെ വിശദാംശങ്ങളിലേക്ക് കടന്നു ചെല്ലുമ്പോൾ കാണുന്ന വിരോധാഭാസം എന്താണെന്നു വച്ചാൽ സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും പേരിൽ രോഷം കൊള്ളുന്ന ആളുകളുടെ ചെയ്തികൾ പൂർണമായും സംസ്കാരവും മനുഷ്യത്വവും ഇല്ലാത്തവയാണ് എന്നതാണ്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഒരു യുവാവിനെ മൂന്നംഗ സംഘം രാത്രി പത്തിന് ശേഷം അഞ്ചു മണിക്കൂറോളം സദാചാരത്തിന്റെ പേരിൽ ചോദ്യം ചെയ്യുകയും കെട്ടിയിടുകയും ചെയ്തിരുന്നു. ഇത് നടക്കുന്നതിനു വെറും ആഴ്ചകൾക്കു മുമ്പ് കോട്ടയത്തെ സെൻട്രൽ ജംഗ്ഷനിൽ വച്ച് കേരളത്തെ നടുക്കിയ മറ്റൊരു സദാചാര ആക്രമണം കൂടി നടന്നിരുന്നു. ഇരുപത്തിയൊന്ന് വയസുകാരിയായ വിദ്യാർഥിനിയെയും ആൺ സുഹൃത്തിനെയും രാത്രി പത്തിന് ശേഷം ചെറുപ്പക്കാരായ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വിദ്യാർഥിനിയെയും സുഹൃത്തിനെയും ഭക്ഷണശാലയിൽ വെച്ച് സദാചാര ഗുണ്ടകൾ ലൈംഗിക ചുവയോടെ നോക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുകയുണ്ടായി. ശേഷം മൂന്നംഗ സംഘം ഇവരെ കാറിൽ പിന്തുടർന്ന് നടുറോട്ടിൽ ഇരുചക്ര വാഹനം തടഞ്ഞു അതിക്രൂരമായ ശാരീരിക ആക്രമണം അഴിച്ചുവിടുകയായിരുന്നു. 

നമ്മുടെ സമൂഹത്തിൽ ഇത്രയും ധൈര്യപൂർവം സദാചാര പോലീസിന് അഴിഞ്ഞാടാൻ കഴിയുന്നതെങ്ങനെയാണ്? അത് മനസിലാക്കാൻ അധികാരം കൈയിലുള്ള “ശ്രേഷ്ഠ വ്യക്തികൾ” സ്ഥിരമായി പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതിയാവും. പല വിഷയങ്ങളിലും ദേശിയ തലത്തിലുള്ള മന്ത്രിമാരും മറ്റും വളരെ പിന്തിരിപ്പൻ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് യാതൊരു കൂസലുമില്ലാതെ മാധ്യമങ്ങളോട് പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തിൽ അത്തരം ഒരു പുതിയ ഒരു പ്രസ്താവന കൂടി വന്നു. മുൻ മുസ്ലിം ലീഗ് എംൽഎ അബ്‌ദുൾ റഹ്മാൻ രണ്ടാത്താണി ആൺകുട്ടികളും പെണ്കുട്ടികളും ഒരുമിച്ചിരുന്നു പഠിക്കുന്നത് സ്വയംഭോഗത്തിലേക്കും സ്വവർഗ്ഗരതിയിലേക്കും നയിക്കും എന്നൊക്കെ പറയുകയുണ്ടായി. ലൈംഗികതയെ എന്തോ ഹീനമായ ഒരു കാര്യമായാണ് പൊതുവെ സമൂഹത്തിലെ മുൻതലമുറക്കാർ കാണുന്നത്.  ഇത് വളർന്നു വരുന്ന തലമുറയിൽ ലൈംഗികതയെ പറ്റി വലിയ തെറ്റിധാരണകളിലേക്കും മറ്റും നയിച്ചിട്ടുണ്ട്. 

ഇത്തരം സംഭവങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ നടക്കുന്നത് വിദ്യാഭ്യാസം സാക്ഷരതയിൽ ഒതുങ്ങിപോവുന്നതിന്റെ ഉദാഹരണമായി തന്നെ കാണേണ്ടി വരും. അക്രമത്തിനു ഇരയാകുന്ന സ്ത്രീകളെ ചോദ്യം ചെയ്യുന്നതിലാണ്  നമുക്കിന്നും അക്രമകാരികളെ നിലക്കുനിർത്തുന്നതിനേക്കാൾ താല്പര്യം. ഈ ചോദ്യം ചെയ്യൽ നടത്തുന്ന മനസ്ഥിതി തന്നെയാണ് പുരുഷന്മാർക്ക് രാത്രിയിൽ പുറത്തിറങ്ങുന്ന ഒരു സ്ത്രീയുടെ സ്വഭാവ ശുദ്ധിയെ സംശയിക്കാനുള്ള എന്തോ ഒരു എഴുതപ്പെടാത്ത അധികാരം ഉണ്ട് എന്ന തെറ്റിദ്ധാരണക്കു കാരണം. സൂര്യൻ അസ്തമിച്ചതിനു ശേഷം പൊതുസ്ഥലങ്ങൾ പുരുഷന്റെ മാത്രം സ്വകാര്യ സ്വത്താവുന്നില്ല. രാത്രിയിൽ നീ എന്തിനാ പുറത്തിറങ്ങി നടക്കുന്നത് എന്ന ചോദ്യത്തിൽ നിന്നാണ്‌ തട്ടുകടയിലെ അധിക്ഷേപങ്ങൾ തുടങ്ങിയത് എന്ന് പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് പത്തുമണിക്ക് ശേഷം ഒരാണും പെണ്ണും  ഒരുമിച്ചു നടക്കുന്നതോ ഒരു ഭക്ഷണശാലയിൽ ആഹാരം കഴിക്കുന്നതോ കാണുമ്പോൾ തന്നെ പുരുഷന്മാർ ലൈംഗികമായ അതിക്രമങ്ങളിലേക്ക് നീങ്ങുന്നത്? ലൈംഗികതയ്ക്ക് ഭ്രഷ്ട് കല്പിക്കുന്ന സമൂഹത്തിന്റെ പുരാതന രീതിയാണ് അതിനെ ഈ സമൂഹത്തിൽ നിലകൊള്ളുന്ന ഒരു വ്യക്തിക്ക് വേണ്ട രീതിയിൽ മനസ്സിലാക്കാനോ അനുഭവിക്കാനോ പറ്റാത്തതിന്റെ കാരണം. 

മനഃശാസ്ത്ര വിദഗ്ധയും സാമൂഹിക പ്രവർത്തകയുമായ ഡോ. ജയശ്രീയുടെ അഭിപ്രായത്തിൽ “പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത് എന്ന മാതാപിതാക്കളുടെയും പൊതു സമൂഹത്തിൻ്റെയും മനസ്ഥിതി തന്നെയാണ് ഇത്തരം സദാചാര അക്രമണങ്ങിലേക്കു നയിക്കുന്നത്.” സമൂഹം അങ്ങനെ പറയുമ്പോൾ രാത്രി പുറത്തിറങ്ങിയ ഒരു സ്ത്രീയെ ശിക്ഷിക്കേണ്ടതുണ്ട് എന്ന തെറ്റായ നിലപാട് ഇത്തരം അക്രമികൾക്ക് ഒരു ന്യായമായി മാറുമെന്നും അവർ ചൂണ്ടി കാണിക്കുന്നു. 

മനുഷ്യന്റെ ജീവിതത്തിലെ സ്വാഭാവികമായ ഒരു ചോദനയെ അടിച്ചമർത്തുകയും അത് എന്തോ ഒരു ധാർമിക പ്രശ്നമാക്കി തെറ്റായ രീതിയിൽ വ്യാഖാനിക്കുകയും അതിനെ പറ്റി തുറന്നു സംസാരിക്കാതിരിക്കുകയും ചെയ്യന്നതാണ് ഇത്തരം അക്രമങ്ങളുടെ ഒരു അബോധമായ കാരണം. ലൈംഗികതയെപറ്റിയും ലിംഗത്തെപ്പറ്റിയുമുള്ള ആധുനികവും ഉത്തമമുമായ വിദ്യാഭ്യാസത്തിന്റെ കുറവുതന്നെയാണ് ഈ സംസ്കാരമില്ലാത്ത സദാചാരത്തിന്റെ ഉറവിടം. ലൈംഗികത ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും  ജീവിതത്തിന്റെ അനിവാര്യ ഭാഗമാണെന്നും ഇന്നും നമ്മുടെ സമൂഹത്തിലെ ആളുകൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇത് മുൻ തലമുറകൾക്കു സാധിക്കാത്തതിനാലാണ് നമ്മുടെ വിദ്യാലയങ്ങളിൽ പ്രത്യുല്പാദനത്തിനെ പറ്റി പറയാതെ  പറയുന്ന രീതി ഇന്നും നിലനിൽക്കുന്നത്. രാത്രിയോ പകലോ ഒരാണും പെണ്ണും ഒരുമിച്ചു നടന്നാൽ എന്താണ് പ്രശ്നം? ആർക്കാണ് പ്രശ്നം? ഇനി അതും പോവട്ടെ, ഒരാണും പെണ്ണും പൊതുസ്ഥലത്തു സ്‌നേഹപ്രകടനം നടത്തി എന്ന് തന്നെ വക്കുക, അക്രമം കണ്ടാൽ ഒന്നും ചയ്യാതെ കയ്യുംകെട്ടി നിൽക്കുന്ന ആൾക്കാർക്ക് സ്‌നേഹം കാണുമ്പോൾ ഇത്രയും പ്രശ്നം എന്തുകൊണ്ടാണ്? 

ഇന്ത്യയിൽ എതിർ ലിംഗത്തിലുള്ളവരുമായി പരസ്പരം ഇടപഴുകുന്നതിനും നല്ല ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ജീവിതപങ്കാളികളെ തിരഞ്ഞെടുക്കുന്നതിനും ഉള്ള സ്വാതന്ത്ര്യത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് പുരുഷന്മാർക്ക് ഇടയിൽ നിലനിൽക്കുന്ന മാനസികവും ആത്മീയവുമായ മുരടിപ്പിന്റെ പ്രതീകമാണ് കുടുംബങ്ങൾ തമ്മിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ. ചായയുടെ കടുപ്പവും ജാതിയും മതവും ശമ്പളവും നോക്കി ഒരുദിവസം പോലും പരിചയമില്ലാത്ത ഒരാളുമായി വിവാഹം നടത്തുന്ന ഒരു സമൂഹത്തിൽ ഒരാണും പെണ്ണും തമ്മിൽ സുഹൃത്ബന്ധം പുലർത്താൻ കഴിയും എന്ന ചിന്ത കേട്ടു ഞെട്ടുന്നതും അത് പൊതുസ്ഥലത്തു കൺമുമ്പിൽ കാണുമ്പോൾ പുരുഷന്മാർ അക്രമാസക്തമാവുന്നതിലും യാതൊരു അത്ഭുതവും വേണ്ട. അടിസ്ഥാനപരമായി പുരുഷാധിപത്യവും  (Patriarchy) അതിന്റെ ഭാഗമായി നിത്യ ജീവിത മൂല്യങ്ങളിലേക്കും വ്യവഹാരങ്ങളിലേക്കും കടന്നുവരുന്ന രൂക്ഷമായ ലിംഗവിവേചനവും തന്നെയാണ് ഇത്തരം ആക്രമണ പ്രവണതകൾക്ക് വഴി വെയ്ക്കുന്നത് എന്ന് സിപിഐ(എം) നേതാവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രെട്ടറിയുമായ സുകന്യ ജെയിംസ് ദി ഐഡത്തോട് പറഞ്ഞു. ആണധികാരത്തിന്റെ ഈ വിളയാട്ടത്തിനും അതിന്റെ  ദൈനംദിന പ്രകടനങ്ങൾക്കും എതിരായ പോരാട്ടം ദുഷ്കരവും ദീർഘകാലത്തേക്ക് വേണ്ടിവരുന്നതുമാണെന്ന് അവർ ചൂണ്ടിക്കാട്ടി. 

“സാമൂഹിക തലത്തിൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കേരളത്തിൽ സ്ത്രീകൾ പല മേഖലകളിലും മുന്നേറിയിട്ടുണ്ടെങ്കിലും കുടുംബങ്ങളിലും സമൂഹത്തിലും നിലനിൽക്കുന്ന പുരുഷാധിപത്യ മൂല്യങ്ങളുടെയും വ്യവഹാരത്തിന്റെയും ദുഷ്പ്രഭാവത്തിൽനിന്ന് അവർ മോചിതരായിട്ടില്ല. പൊതുവിൽ ഇന്ത്യയിൽ ഉടനീളം വലിയ രീതിയിൽ വ്യാപിച്ചിരിക്കുന്ന വലതു പക്ഷ രാഷ്ട്രീയ-പ്രത്യയശാസ്ത്രത്തിനു കേരളത്തിലും ഏറിയും കുറഞ്ഞുമുള്ള സ്വാധീനം സമീപ കാലത്ത് വളർന്നിട്ടുണ്ട്. ഇതും ഇത്തരം പുരുഷാധിപത്യ ആക്രമണങ്ങൾക് കാരണം ആകുന്നുണ്ട്. പുരോഗമന മത നിരപേക്ഷ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആണുങ്ങളും പൂർണമായും ഈ പ്രതിലോമ മൂല്യങ്ങളുടെ പിടിയിൽ നിന്ന് മോചിതരല്ല. ഈ സാമൂഹിക സാഹചര്യം ഈ ആക്രമണ പ്രവണതയ്ക് എതിരായ സമരത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നു.”  

സുകന്യ സൂചിപ്പിച്ച ഈ മൂല്യ സമ്പ്രദായത്തെ പറ്റിതന്നെയാണ് കേരള ഹൈക്കോടതി ഈയിടെ പരാമർശിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരോട് ചോദിച്ച പ്രസക്തമായ ഒരു ചോദ്യത്തിലൂടെ ആയിരുന്നു ഈ പരാമർശം. പൊതുവിൽ ലൈബ്രറിയും മറ്റും രാത്രി 11:30വരെ പ്രവർത്തിക്കുമ്പോൾ എന്തുകൊണ്ടാണ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ 9:30 എന്ന നിശാനിയമം കൊണ്ടുവന്നതെന്ന്. ക്യാമ്പസ്സിനകത്തു പോലും പെൺകുട്ടികൾക്കു ഇറങ്ങിനടക്കുന്നതിനു വിലക്കുകൽപിച്ചിരിക്കുകയാണ് അധികൃതർ. ഒരു കുറ്റകൃത്യമോ അനീതിയോ തടയുക എന്ന പേരിൽ മറ്റൊരു അനീതി സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുമേൽ അടിച്ചേല്പിക്കുന്നതിനെന്തർത്ഥം. കുറ്റകൃത്യം ചെയ്യുന്നവരുടെ മുകളിലാണ് അതിന്റെ പൂർണമായ ഉത്തരവാദിത്തം. സമൂഹത്തിലെ അധികാരികൾ, അത് മാതാപിതാക്കൾ, അധ്യാപകർ, മതം, സർക്കാർ എല്ലാവരും ഉൾപ്പെടെയുള്ളവർ ദീർഘകാലമായി ഇത്തരം നിലപാടുകളും തെറ്റായ കാഴ്ചപ്പാടുകളുമാണ് വച്ചുപുലർത്തുന്നത്. ജനങ്ങളെ ശരിയായ ദിശയിൽ നയിക്കേണ്ട സർക്കാർ തന്നെ ഇത്തരം ഒരു നിലപാടെടുക്കുമ്പോൾ രാത്രിപുറത്തിറങ്ങിയാൽ സ്ത്രീ തെറ്റുകാരിയാവുമെന്ന് ഒരു സാധാരണ പൗരൻ ചിന്തിക്കുന്നത് നമ്മുക്കെങ്ങെനെ ചോദ്യം ചെയ്യുകയോ മാറ്റികൊണ്ടുവരാനോ സാധിക്കും? നമ്മുടെ സമൂഹത്തിലേയും സംസ്കാരത്തിലെയും ഈ പൊതു നയം ബോധവത്കരണത്തിന്റെ കുറവുതന്നെയാണ് കാണിക്കുന്നത്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും സദാചാര ഗുണ്ടകളുടെ വേട്ടയാടലിനെ പറ്റിയും ഒരു പുതിയ പൊതുബോധം ഉണ്ടായിവരേണ്ടതു അനിവാര്യമാണ്. പൊതുജനത്തിന്റെ കൺമുമ്പിൽ വെച്ച് നടക്കുന്ന അക്രമങ്ങൾക്കെതിരെ അവർ പ്രതികരിക്കണമെങ്കിൽ അത്തരം ഒരു മാറ്റം സമൂഹത്തിൽ ഉണ്ടാവണം.

പൊതുസ്ഥലത്ത് നടക്കുന്ന ഇത്തരം അനീതികൾക്കെതിരെ പ്രതികരിക്കുകയോ അവ തടയാൻ ശ്രമിക്കുകയോ ചെയ്യുന്നതിന് പകരം ആളുകൾ നിസ്സംഗമായി നോക്കി നിൽക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. “ബൈസ്റ്റാൻഡർ എഫ്ഫക്റ്റ്” {bystander effect} എന്ന് സാമൂഹിക മനഃശാസ്ത്രത്തിൽ പറയുന്ന ഒരു പ്രതിഭാസമാണിത്. മറ്റുള്ള ആളുകൾ ചുറ്റും നിൽക്കുമ്പോൾ താൻ എന്തിനു പ്രതികരിക്കണം എന്ന ചിന്ത ഏതൊരു മനുഷ്യനും ഉണ്ടാവാം. ആരെങ്കിലും സഹായിച്ചോളും എന്ന് എല്ലാവരും ചിന്തിച്ചാൽ ഉണ്ടാവുന്ന അവസ്ഥയായി ഇതിനെ കാണാം. ധാർമികതയോടുള്ള തന്റെ സ്വന്തം കടമ ഒരാൾക്കൂട്ടത്തിൽ പെട്ട് അലിഞ്ഞു പോവുകയാണ് ചെയ്യുന്നത്. നമ്മുടെ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി കടന്നു ചെല്ലുവാൻ സാധിക്കണമെങ്കിൽ ചുറ്റുപാടികളിലെ അനീതികളോട് ശരിയായ രീതിയിൽ പ്രതികരിക്കാൻ ചെറുപ്രായം മുതൽക്കെ കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ഒരാൾ മുൻപോട്ട് വന്നു പൊതുസ്ഥലത്തെ ഇത്തരം സംഭവങ്ങൾക്കെതിരെ ശംബ്ദമുയർത്തിയാൽ കൂടുതൽ ആളുകൾ അവരുടെ സ്വന്തം ധാർമിക കടമയിലേക്കു തിരിച്ചു വരും. അത്തരത്തിലുള്ള ഒരു ദിവസം കേരളത്തിലും ലോകത്തിലും ഉണ്ടാവുന്നതിനു വേണ്ടി ഓരോ മനുഷ്യനും ഇത്തരം പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കുകയും ആഴത്തിൽ ചിന്തിക്കുകയും ചെയ്യുകയല്ലാതെ മറ്റ് പോംവഴിയൊന്നും നമുക്ക് മുൻപിലില്ല. ഓരോ വ്യക്തിക്കും മറ്റുള്ളവരെ ദ്രോഹിക്കാത്ത രീതിയിൽ സ്വന്തം ജീവിതം മുൻപോട്ടു നയിക്കാൻ അവകാശമുണ്ട്. നമ്മൾ ഓരോരുത്തരും സമൂഹത്തിന്റെ മുമ്പിൽ അവരവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലൊരു വിട്ടുവീഴ്ചക്കും തയ്യാറാവില്ല എന്ന ശക്തമായ നിലപാടെടുക്കേണ്ടതുണ്ട് ഇത് പ്രവർത്തികമാവണമെങ്കിൽ.


Subscribe to our channels on YouTube & WhatsApp

About Author

നിർമൽ മധുകുമാർ

ജേർണലിസം, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബിരുദധാരിയായ നിർമ്മൽ, മുംബൈയിലെ വിസിലിംഗ് വുഡ്സ് ഇന്റർനാഷണലിൽ നിന്ന് ഫിലിം മേക്കിംഗിൽ അഡ്വാൻസ്ഡ് ഡിപ്ലോമയും നേടിയിട്ടുണ്ട്.