A Unique Multilingual Media Platform

The AIDEM

Art & Music Articles Culture Kerala Society

കരുളായിക്കാരുടെ ആയിഷത്താത്തക്ക് സ്നേഹമായി ‘കേരള നൂർജഹാൻ’

  • January 10, 2024
  • 1 min read
കരുളായിക്കാരുടെ ആയിഷത്താത്തക്ക് സ്നേഹമായി ‘കേരള നൂർജഹാൻ’

വിഖ്യാത നടി നിലമ്പൂർ ആയിഷയുടെ ജീവിതം ഇതിവൃത്തമാക്കി ഒരു നാടകം അരങ്ങിലെത്തിയിരിക്കുന്നു – കേരള നൂർജഹാൻ. ആയിഷയുടെ അയൽവാസികളും നാട്ടുകാരുമായ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ നാടക സംരംഭത്തിനു പിന്നിൽ. ഒരു ഫർണിച്ചർ നിർമ്മാണശാലയിലെ പെയിന്റിംഗ് തൊഴിലാളിയായ മുഹാജർ കരുളായിയാണ് ഇതിന്റെ രചനയും സംവിധാനവും. ആയിഷയുടേയും മുഹാജിറിന്റെയും ജന്മനാടായ കരുളായിയിലെ ഗ്രാമീണ കലാ കേന്ദ്രമായ ചിലങ്ക തിയേറ്റേഴ്സാണ് നാടകം അരങ്ങിലെത്തിച്ചത്. അതും സ്വന്തം നാട്ടുകാർക്കു മുന്നിൽ, നിലമ്പൂർ ആയിഷയെ കാണികളുടെ മുൻ നിരയിലിരുത്തി. പിന്നീട് നിലമ്പൂരിൽ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന നിലമ്പൂർ ബാലൻ നാടകോത്സവത്തിലും കേരള നൂർജഹാൻ അരങ്ങേറി.

നിലമ്പൂർ ബാലൻ നാടകോത്സവ വേദിയിൽ നിലമ്പൂർ ആയിഷ

കരുളായി, മലപ്പുറത്ത് കിഴക്കൻ ഏറനാട്ടിലെ ഒരു വനയോര, മലയോര പ്രദേശമാണ്. അത്ഭുതത്തോടെ മാത്രം ഇപ്പോഴും അവശേഷിക്കുന്നു എന്നു പറയാനാവുന്ന ചോലനായ്ക്കരെക്കുറിച്ചു പറയുമ്പോൾ മാത്രമാണ് കരുളായി എന്ന ചെറുപ്രദേശം പരാമർശിക്കപ്പെടാറ്. അതിന്റെ കിഴക്കൻ മലകൾക്കപ്പുറം നമ്മുടെ സൈലന്റ് വാലിയാണ്. കരുളായിക്കടുത്ത നെടുങ്കയം ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ പ്രശസ്തവുമാണ്.

മലപ്പുറം ജില്ലയുടെ ഇത്തരം ഒരു മൂലയിലിരുന്ന് മുഹാജിർ എഴുതി അയാളുടെ നാട്ടുകാരായ കലാപ്രേമികൾ അരങ്ങിലെത്തിച്ച നാടകമാണ് കേരള നൂർജഹാൻ.  ജീവിത സായാഹ്നത്തിൽ സ്വന്തം നാട്ടുകാർ അവരുടെ ആയിഷാത്തയെ ചേർത്തുപിടിച്ചു നൽകുന്ന സ്നേഹോപഹാരം. നിത്യവൃത്തിക്ക് കൂലിപ്പണിയെ ആശ്രയിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ സാമൂഹ്യ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്ന നിഷ്ക്കാമ കർമ്മം.

നാടക പ്രവർത്തകർ നിലമ്പൂർ ആയിഷക്കൊപ്പം

നാടക സ്ക്രിപ്റ്റ് പ്രസിദ്ധീകരിച്ച മുഹാജിർ ആ പുസ്തകത്തിന്റെ ആ മുഖത്തിൽ ഇങ്ങനെ എഴുതി “നിലമ്പൂർ ആയിഷ എന്ന വിപ്ലവകാരിയായ കലാകാരിയെക്കുറിച്ച് പല വിധത്തിലുള്ള കലാവിഷ്ക്കാരങ്ങളും സാഹിത്യ സൃഷ്ടികളും പഠനങ്ങളും വന്നിട്ടുണ്ട്. പക്ഷേ ആയിഷയുടെ ജീവിതം മാറ്റിമറിച്ച, ആയിഷയെ മലയാളത്തിന് സമ്മാനിച്ച കലയായ നാടകത്തിലൂടെ ഇന്നേ വരെ ആരും അവരെ പരിചയപ്പെടുത്തിയിട്ടില്ല.”

ഈ നാടകത്തിന്റെ പ്രസക്തിയും അതാണ്.  ഒരു ഗ്രാമീണ സംരംഭം എന്ന നിലയിലുള്ള  ചില പരിമിതികളും പ്രശ്നങ്ങളും ഈ നാടകത്തിൽ കണ്ടെത്താനാവുമെങ്കിലും ഒരു തരത്തിലും നിങ്ങൾക്കതിന്റെ പിന്നിലെ ആത്മാർത്ഥതയേയും ഉദ്ദേശ്യ ലക്ഷ്യത്തെയും കാണാതിരിക്കാനാവില്ല. നിലമ്പൂർ ആയിഷ സ്വന്തം ജീവിതം കൊണ്ട് വെട്ടിത്തെളിച്ച വഴിയിലൂടെ പുതുതലമുറ നടത്തുന്ന കൃത്യമായ മുന്നേറ്റമാണത്.

‘കേരള നൂർജഹാൻ’ പുസ്തകത്തിന്റെ കവർ

ഏഴുപതിറ്റാണ്ടിനു മുമ്പാണ് നിലമ്പൂർ യുവജന കലാസമിതിയുടെ ‘ജ്ജ് നല്ല മനിസനാവാൻ നോക്ക്’ എന്ന നാടകം കിഴക്കൻ ഏറനാട്ടിൽ നിന്ന് പുറപ്പെട്ടു പോയത്. അത് എവിടേക്ക് എങ്ങനെയെല്ലാം യാത്ര ചെയ്തു അതെന്തു ഫലമുണ്ടാക്കി തുടങ്ങിയ കാര്യങ്ങളിലൊക്കെ കൃത്യമായ പഠനം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. വള്ളവും വണ്ടിയും കയറി നാടിന്റെ നാനാ മൂലകളിലെത്തി അതു അരങ്ങേറിയത് രണ്ടായിരത്തി അഞ്ഞൂറിൽപരം വേദികളിലാണ്. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന വി.ടി യുടെ നാടകം, എങ്ങനെ കരിന്തിരി കത്തിയിരുന്ന നമ്പൂതിരി ഇല്ലങ്ങളെ പ്രകാശമാനമാക്കിയോ തത്തുല്യമായ മാറ്റങ്ങളാണ് ‘ജ്ജ് നല്ല മനിസനാവാൻ നോക്ക്’ മുസ്ലിം കുടുംബങ്ങളിൽ ഉണ്ടാക്കേണ്ടിയിരുന്നത്. പക്ഷേ മലബാറിലെ മുസ്ലിം തറവാടുകൾ അത്രയെളുപ്പം മെരുങ്ങാത്ത രാവണൻ കോട്ടകളായിരുന്നു. അവിടെ വലിയ ചില പ്രകമ്പനങ്ങൾ സൃഷ്ടിക്കാനായെങ്കിലും സമൂലമായ മാറ്റമൊന്നും ആ നാടകത്തിനു സൃഷ്ടിക്കാനായില്ല. പക്ഷേ അതുണ്ടാക്കിയ മാറ്റങ്ങളുടെ ഗുണദോക്താക്കളാണ്  മലബാറിലെ ഇപ്പോഴത്തെ മാപ്പിള സമൂഹം മൊത്തത്തിൽ എന്ന് ധൈര്യപൂർവ്വം പറയാം.

ആറേഴു പതിറ്റാണ്ടുകൾക്കു മുമ്പ് ഇ.കെ അയമുവും ഡോ. ഉസ്മാനും നിലമ്പൂർ ബാലനും കുഞ്ഞുക്കുട്ടൻ തമ്പാനും മാനുമുഹമ്മദും ഒക്കെ കിഴക്കൻ ഏറനാട്ടിലെ മുസ്ലിം യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചു കൊണ്ട് നാടകത്തിലൂടെ നടത്തിയ പോരാട്ടത്തിന്റെ കുന്തമുനയായി നിന്നത് നിലമ്പൂർ ആയിഷ എന്ന, കേരള നൂർജഹാൻ എന്നറിയപ്പെട്ട യുവതിയായിരുന്നു. മുസ്ലിം സമുദായത്തിൽ നിന്ന് ആദ്യമായി അരങ്ങിലെത്തിയ  സ്ത്രീ. പുരുഷന്മാർ സ്ത്രീവേഷം കെട്ടിയാടിയിരുന്ന കാലത്ത്, അത്യപൂർവമായി മാത്രം മറ്റു സമുദായങ്ങളിൽ നിന്നുള്ള സ്ത്രീകൾ പോലും വേദിയിലെത്തിയിരുന്ന കാലത്താണ് ആയിഷയുടെ വരവ്. അതും മുസ്ലിം മത നേതാക്കളേയും അവരുടെ തിട്ടൂരങ്ങളേയും ധിക്കരിക്കുന്ന നാടകങ്ങളിൽ. മത നിയമങ്ങൾ വലിയ മാറാപ്പാവുന്നത് സ്ത്രീകൾക്കാണ്. അതേതു മതമായാലും. എതിർപ്പുയർത്താനുള്ള എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റിയാണ് പതിനഞ്ചു വയസു തികയും മുമ്പേ നിലമ്പൂർ ആയിഷ തട്ടിൽക്കയറിയതും കത്തിക്കയറിയതും. 88 വയസിലെത്തിയിട്ടും ഇന്നും ഒട്ടും പതർച്ചയും ഇടർച്ചയും ഇല്ലാത്ത സ്വരത്തിൽ ആയിഷ നടത്തുന്ന ആഖ്യാനത്തിന്റെ രൂപത്തിലാണ് നാടകം അരങ്ങിലെത്തുന്നത്.

കേരള നൂർജഹാൻ നാടകത്തിൽ നിന്ന്

കേരള നൂർജഹാൻ കൃത്യസമയത്തുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ആയിഷ കൂടി ഭാഗഭാക്കായ ‘ജ്ജ് നല്ല മനിസനാകാൻ നോക്ക്’, ‘മതിലുകൾ’ എന്നീ നാടകങ്ങളുടെ രംഗങ്ങൾ കൂടി അവതരിപ്പിച്ചു കൊണ്ട് അഞ്ചെട്ടു പതിറ്റാണ്ട് മുമ്പ് എന്തായിരുന്നു നമ്മുടെ നാടിന്റെ സ്ഥിതി എന്ന ഓർമ്മപ്പെടുത്തൽ. ഒപ്പം ഇപ്പോഴത്തെ അവസ്ഥയും. വീട്ടകങ്ങളിലെ സ്ത്രീകളുടെ ദുരവസ്ഥ വിവരിച്ച നാടകങ്ങളിലെ കഥാപാത്രങ്ങളെ അപ്രസക്തമാക്കുന്ന ജീവിതമായിരുന്നു നിലമ്പൂർ ആയിഷയുടേത്. 13ാം വയസിൽ അറുപതുകാരന്റെ ഭാര്യ. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ആ ദാമ്പത്യം നീണ്ടുനിന്നുള്ളു എങ്കിലും ആ ചെറുപ്രായത്തിൽ അവർ അമ്മയായി. പിന്നെ മകൾക്കും ഉറ്റവർക്കും വേണ്ടി പതിറ്റാണ്ടുകൾ നീണ്ട പരക്കം പാച്ചിൽ. 20 വർഷത്തോളം മണലാരണ്യത്തിൽ അണിഞ്ഞ ഗദ്ദാമ വേഷം. ജീവിത കാലം മുഴുവൻ ഒഴിയാബാധ പോലെ ഒപ്പം കൂടിയ ദാരിദ്ര്യം. ആയിഷ എല്ലാം മറന്നത് അരങ്ങിലാണ്. പലവട്ടം ഉപേക്ഷിച്ചിട്ടും അരങ്ങ് സ്വൈര്യം കൊടുക്കാതെ അവരെ പിന്തുടർന്നു. ആയിഷയുടെ പിൽക്കാല ജീവിതത്തെക്കാൾ നാടകം ഊന്നൽ നൽകുന്നത് തുടക്ക കാലത്തെ നാടക പ്രവർത്തനങ്ങൾക്കാണ്. യാഥാസ്ഥിതികർക്ക് തലവേദനയായി അരങ്ങിലെത്തിയ ആദ്യ മുസ്ലിം സ്ത്രീയെ അവർ നേരിട്ട രീതി മുഹാജിർ കൃത്യമായി തന്നെ വരച്ചിടുന്നുണ്ട് – ഭീഷണി മുതൽ അരങ്ങിലേക്ക് ഉതിർത്ത വെടിയുണ്ടയുടെ കഥ വരെ.

കേരള നൂർജഹാൻ നാടകത്തിതിലെ ഒരു രംഗം

അരങ്ങത്ത് പെണ്ണിനെ കണ്ടതിന്റെ കലി പൗരോഹിത്യത്തിന് ഇന്നും അടങ്ങിയിട്ടില്ല. ആണും പെണ്ണും തമ്മിൽ ഇടകലരുന്നതു കാണുമ്പോൾ ഹാലിളകുന്ന രീതിക്ക് കാര്യമായ മാറ്റമൊന്നുമില്ല. എൽ.ജി.ബി.ടി.ക്യു എന്നൊക്കെ കേൾക്കുമ്പോളേ അലർജി. അങ്ങനെയൊരു സംഭവം തന്നെയില്ലത്രേ! തട്ടമിടാത്ത പെണ്ണുങ്ങൾ ഒരുമ്പെട്ടോളുമാരാണെന്നു പറഞ്ഞ് കേസിൽ പെട്ടാലും അത് അഭിമാനമായി കരുതുന്ന സ്ഥിതി. സംഘികളുടെ ലൗ ജിഹാദിന് തുല്യം ചാർത്താനുള്ള വെമ്പൽ. പൗരോഹിത്യം ഇപ്പോഴവരുടെ തനിസ്വരൂപം കാണിക്കാതിരിക്കുന്നത് പണ്ടേപ്പോലെ ചെലവാവില്ല എന്നതു കൊണ്ടുമാത്രമാണ്. ഒപ്പം മലപ്പുറം പഴയ മലപ്പുറമല്ല എന്ന തിരിച്ചറിവു കൊണ്ടും. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ കുറഞ്ഞ കാലം കൊണ്ട് പുത്തനുന്മേഷത്തോടെ ഉയർന്നെണീറ്റ നാടാണ് മലപ്പുറം.

സമ്പൂർണ സാക്ഷരത, കുടുംബശ്രീ, ഡി.പി.ഇ.പി, വിജയഭേരി, അക്ഷയ, ജനകീയാസൂത്രണം… ഗ്രാമീണ ജീവിതത്തെ കഴിഞ്ഞ മൂന്നാലുപതിറ്റാണ്ടുകളിൽ മാറ്റി മറിച്ച പുരോഗമനാത്മകമായ പ്രവർത്തനങ്ങൾക്ക് ഏറ്റവും മുന്നിൽ നിന്നത് മലപ്പുറം ജില്ലയാണ്. അതിവിടുത്തെ സ്ത്രീകളുടെ ജീവിതത്തെ അടിമുടി മാറ്റിക്കളഞ്ഞു. പ്രത്യേകിച്ചും മുസ്ലിം സ്ത്രീകളുടെ. അവരുടെ പുതുതലമുറയോട് നീന്തിക്കയറിയ കണ്ണീർച്ചാലുകളുടെ കഥ ഓർമ്മിപ്പിക്കുകയാണ് മുഹാജിർ കരുളായി ഈ നാടകത്തിലൂടെ.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

ആർ സുഭാഷ്

മുതിർന്ന മാധ്യമ പ്രവർത്തകൻ. കേരള കൗമുദിയിൽ മാധ്യമ പ്രവർത്തനം തുടങ്ങിയ ആർ സുഭാഷ് കൈരളി ന്യൂസ് ചാനലിൽ ദീർഘകാലം പ്രവർത്തിച്ചു. പിന്നീട് മീഡിയ വൺ ന്യൂസ് ചാനലിന്റെ കോർഡിനേറ്റിംഗ് എഡിറ്ററായിരുന്നു.