A Unique Multilingual Media Platform

The AIDEM

Articles Book Review Literature

എന്താണ് മൾട്ടിമീഡിയ പുസ്തകങ്ങൾ?

  • October 19, 2022
  • 1 min read
എന്താണ് മൾട്ടിമീഡിയ പുസ്തകങ്ങൾ?

ഏതാണ് മലയാളത്തിലെ ആദ്യത്തെ എംബെഡഡ് അഥവാ മൾട്ടിമീഡിയ പുസ്തകം, എന്ന ഒരു വിവാദത്തിൻ്റെ ചുവടുപിടിച്ചാണ് ഈ ലേഖനമെഴുതാൻ നിർബന്ധിതനാകുന്നത്.

മലയാളത്തിലെന്നല്ല ഇന്ത്യയിൽപ്പോലും അത്രയധികം പുസ്തകങ്ങൾ ഈ ജനുസ്സിൽ പിറന്നിട്ടില്ലെങ്കിലും 7 വർഷം മുൻപേ മലയാളത്തിൽ ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മൾട്ടിമീഡിയ പുസ്തകം അതാണെന്നാണ് ആ പുസ്തകത്തിൻ്റെ എഴുത്തുകാരനും (ഈയുള്ളവൻ തന്നെ) പ്രസാധകരും അന്നവകാശപ്പെട്ടത്. അതാരും നിഷേധിക്കുകയുമുണ്ടായില്ല. വീണ്ടും നാലോളം പുസ്തകങ്ങൾ ഇതേ ജനുസ്സിൽ മലയാളത്തിൽ മാത്രം പിറന്നു.

ഇന്ത്യയിലെ തന്നെ ആദ്യത്തെ എംബെഡഡ് പുസ്തകമെന്ന (Embedded Book) നിലയ്ക്ക് രാജീവ് രാമചന്ദ്രൻ രചിച്ച ‘ചെളി പുരളാത്ത പന്ത്’ എന്ന കൃതിയെപ്പറ്റി മുൻ ഐ. ടി. സെക്രട്ടറി ആയിരുന്ന എം. ശിവശങ്കർ പുസ്തകാസ്വാദനം എഴുതുന്നതോട് കൂടെയാണ് ഈ വിഷയം വിവാദമാകുന്നത്. ഈ പുസ്തകത്തിന് മുന്നേ തന്നെ മലയാളത്തിൽ കുറഞ്ഞത് നാല് പുസ്തകങ്ങളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടെന്നിരിക്കെ അവകാശവാദങ്ങളും വിവാദവുമൊക്കെ സ്വാഭാവികം മാത്രം. 

എം ശിവശങ്കറിന്റെ  ലേഖനത്തിന്റെ കവർ

എന്നിരുന്നാലും, തനിക്ക് പറ്റിയ വസ്തുതാപരമായ തെറ്റ് രണ്ട് ദിവസത്തിനകം എം. ശിവശങ്കർ തിരുത്തി എന്നതിനാൽ ആ വിവാദത്തെപ്പറ്റി കൂടുതൽ സംസാരിക്കുന്നതിൽ കാര്യമില്ല. പക്ഷേ, എന്താണ് എംബെഡഡ് പുസ്തകങ്ങൾ അഥവാ മൾട്ടിമീഡിയ പുസ്തകങ്ങൾ എന്ന് സാധാരണക്കാരായ ജനങ്ങളൂം വായനക്കാരും മനസ്സിലാക്കിയിരിക്കേണ്ടത് മുന്നോട്ടുള്ള യാത്രയെ വിവാദരഹിതമാക്കാൻ ആവശ്യമാണെന്നുള്ളതുകൊണ്ട് അതിലേക്ക് കടക്കാം. എന്താണ് മൾട്ടിമീഡിയ പുസ്തകങ്ങൾ ?

സാങ്കേതികവിദ്യ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത്, അക്ഷരങ്ങളിലൂടെയുള്ള വായനയ്ക്ക് പുറമേ, വായനക്കാരെ കൂടുതൽ വൈജ്ഞാനികമായ തലങ്ങളിലേക്ക് മറ്റ് മാദ്ധ്യമങ്ങളുടെ സഹായത്തോടെ കൂട്ടിക്കൊണ്ട് പോകാൻ സാധിക്കുന്ന ഒരു പുസ്തകമുണ്ടെങ്കിൽ അതിനെ നമുക്ക് മൾട്ടിമീഡിയ പുസ്തകമെന്ന് വിളിക്കാം. 

ഉദാഹരണത്തിന് എം.ശിവശങ്കർ, ഇന്ത്യയിലെ ആദ്യത്തെ എംബെഡഡ് പുസ്തകമെന്ന് തെറ്റി പരാമർശിച്ച ‘ചെളി പുരളാത്ത പന്ത്’ എന്ന പുസ്തകം തന്നെ എടുക്കാം. ആ പുസ്തകത്തിലെ പല പേജുകളിലായി QR കോഡുകൾ അച്ചടിച്ചിട്ടുണ്ട്. QR കോഡ് സ്ക്കാൻ ചെയ്യുന്ന ആപ്പുകൾ വഴി, മൊബൈൽ ഫോൺ ഉപയോഗിച്ച് അത് സ്ക്കാൻ ചെയ്താൽ, വായനക്കാരൻ കടന്നുചെല്ലുന്നത് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് അൾജസീറ, ബിബിസി, ഫ്രീ മൂവീസ്, ഡെയ്ലി ഡോസ് ഓഫ് മെസ്സി, ലോറെൻസോ F7, മാജിക്കൽ മെസ്സി, ഫിഫ, ക്യാപ്റ്റൻ ടീവി, എ. എസ്. ബി, ഡെയ്ലി മോഷൻ, സോക്കർ സ്റ്റോറീസ് എന്നീ ചാനലുകൾ പബ്ലിഷ് ചെയ്തിരിക്കുന്ന യൂട്യൂബ് വീഡിയോകളിലേക്കാണ്. എന്നുവെച്ചാൽ ഫുറ്റ്ബോൾ കളിയുമായി ബന്ധപ്പെട്ട് രാജീവ് എഴുതിയിരിക്കുന്ന കാര്യങ്ങൾ, ഇൻ്റർനെറ്റിൽ ലഭ്യമായ വീഡിയോകളായി കാണാനുള്ള ലിങ്കുകളായി ഈ QR കോഡുകൾ വർത്തിക്കുന്നു; അഥവാ ഈ QR കോഡുകൾ മേൽപ്പറഞ്ഞ വീഡിയോകളിലേക്കുള്ള ചൂണ്ടുപലകയാകുന്നു. മൊബൈൽ ഫോൺ കൈയിലുള്ള ഏതൊരാൾക്കും എഴുത്തുകാരൻ വർണ്ണിച്ചിരിക്കുന്ന കാര്യങ്ങളുടെ ദൃശ്യഭാഷ്യം കൂടെ ആസ്വദിക്കാനാകുന്നു.

ഇവിടെ സംഭവിച്ചിരിക്കുന്നത് പ്രിൻ്റ് എന്ന മീഡിയയിലുള്ള എഴുത്തിന് പുറമേ ഡിജിറ്റൽ മീഡിയയിലുള്ള കാര്യങ്ങൾ കൂടെ വായനക്കാരിലേക്ക് എത്തുന്നു എന്നതാണ്. ഇങ്ങനെ ഒന്നിലധികം മീഡിയകളിലെ അറിവുകൾ പ്രാപ്തമാകുന്നതിനാൽ നമുക്കാ പുസ്തകത്തെ മൾട്ടി മീഡിയ പുസ്തകം എന്ന് വിളിക്കാം. 

ഇനി എം. ശിവശങ്കരൻ പറയുന്ന എംബെഡഡ് എന്ന ഇംഗ്ലീഷ് പദത്തിൻ്റെ അർത്ഥമെന്താണെന്ന് പരിശോധിക്കാം. ഉൾക്കൊള്ളിക്കുക, സാക്ഷാൽക്കരിക്കുക, മൂർത്തമാക്കുക എന്നൊക്കെയാണ് മലയാളത്തിൽ ആ പദത്തിൻ്റെ അർത്ഥം. എന്നുവെച്ചാൽ, അക്ഷരങ്ങൾക്കപ്പുറം മറ്റൊരു മീഡിയത്തിലെ കാര്യങ്ങൾ കൂടെ ഉൾക്കൊള്ളിക്കുകയോ സാക്ഷാൽക്കരിക്കുകയോ ചെയ്തിരിക്കുന്ന പുസ്തകം എന്നർത്ഥം.

2017 ൽ പ്രസിദ്ധീകരിക്കപ്പെട്ട വരുൺ രമേഷിൻ്റെ മയ്യഴി എന്ന പുസ്തകത്തിലും 2018 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഹരിലാലിൻ്റെ ഭൂട്ടാൻ എന്ന യാത്രാവിവരണത്തിലും ഇത്തരത്തിൽ QR കോഡുകൾ സ്ക്കാൻ ചെയ്ത് അതാത് സ്ഥലങ്ങളിലെ കാഴ്ച്ചകളിലേക്കും വീഡിയോകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുകയാണ് എഴുത്തുകാർ ചെയ്യുന്നത്. വരുണും ഹരിലാലും തങ്ങളുടെ പുസ്തകങ്ങളെ മൾട്ടിമീഡിയ പുസ്തകങ്ങൾ എന്നാണ് അക്കാലത്ത് പരിചയപ്പെടുത്തിയത്.

വരുൺ രമേശിന്റെ മയ്യഴി എന്ന പുസ്തകത്തിന്റെ കവർ

ഇനി നമുക്ക് 2015ൽ ഈ ശ്രേണിയിൽ മെൻ്റർ ബുക്ക്സ് പ്രസിദ്ധീകരിച്ച നിരക്ഷരൻ എന്ന ഈയുള്ളവൻ്റെ മുസിരീസിലൂടെ എന്ന പുസ്തകത്തിൻ്റെ കാര്യം പരിശോധിക്കാം. അതിൽ അൽപ്പം വ്യത്യസ്തമായ സങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പുസ്തകത്തിൽ QR കോഡുകൾ പ്രിൻ്റ് ചെയ്തിട്ടില്ല. പകരം പുസ്തകത്തിൽ അച്ചടിച്ചിട്ടുള്ള ചിത്രങ്ങളെ കോഡുകളാക്കി മാറ്റുകയും ആ കോഡുകളെ സ്ക്കാൻ ചെയ്യാൻ ഒരു ആപ്പ് നിർമ്മിക്കുകയും പ്രസ്തുത ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്ത് അതുപയോഗിച്ച് പുസ്തകത്തിലെ ചിത്രങ്ങളെ സ്ക്കാൻ ചെയ്താൽ, അത് ഗ്രന്ഥകർത്താവ് നിർമ്മിച്ച് യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന യൂ ട്യൂബ് വീഡിയോകളിലേക്കും കൂടുതൽ അനുബന്ധ ചിത്രങ്ങളിലേക്കും സ്ഥലങ്ങളുടെ ഭൂപടങ്ങളിലേക്കും പുസ്തകരചനയ്ക്കായി പഠനവിധേയമാക്കിയിട്ടുള്ള മറ്റ് പുസ്തകങ്ങളുടെ മുഖചിത്രങ്ങളിലേക്കും വായനക്കാരനെ നയിക്കുന്നു. ഈ സാങ്കേതികവിദ്യയെ Augmented Reality എന്നാണ് പ്രസാധകനും എഴുത്തുകാരനും അന്ന് വിശേഷിപ്പിച്ചത്. 

നിരക്ഷരന്റെ മുസിരീസിലൂടെ എന്ന പുസ്തകത്തിന്റെ പുറംചട്ട

QR കോഡ് ആയാലും, ചിത്രം സ്ക്കാൻ ചെയ്ത് ആയാലും Embedded എന്ന് വിളിച്ചാലും Augmented Reality എന്ന് വിളിച്ചാലും ഏതൊക്കെ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചായാലും ആത്യന്തികമായി ഈ പുസ്തകങ്ങൾ ചെയ്യുന്നത് അക്ഷരങ്ങളിലൂടെയുള്ള വായനയ്ക്ക് പുറമേ രണ്ടാമതൊരു മാദ്ധ്യമത്തിലേക്ക് കൂടെ, അതായത് ഡിജിറ്റൽ മീഡിയയിലേക്ക് കൂടെ വായനക്കാരനെ കൊണ്ടുപോകുകയും അതിലൂടെയുള്ള ദൃശ്യങ്ങളും ശബ്ദങ്ങളും വഴി കൂടുതൽ അറിവുകൾ പ്രദാനം ചെയ്യുകയുമാണ്. അങ്ങനെ ഒന്നിലധികം മാദ്ധ്യമങ്ങളിലേക്ക് പുസ്തകത്തിലൂടെ കൊണ്ടുപോകുന്നതുകൊണ്ട് മൾട്ടിമീഡിയ എന്ന പദമുപയോഗിച്ച് ഇത്തരം പുസ്തകങ്ങളെ സംബോധന ചെയ്യുന്നതാകും അഭികാമ്യം. 

ഇവിടെ പരാമർശിച്ച നാല് മൾട്ടിമീഡിയ പുസ്തകങ്ങളെപ്പറ്റി ഒരു താരതമ്യം അഥവാ ഭാവിയിൽ വായനക്കാരനും എഴുത്തുകാരനും പ്രസാധകരുമൊക്കെ നേരിടാൻ സാദ്ധ്യതയുള്ള ഒരു കാര്യം സൂചിപ്പിക്കേണ്ടത് അനിവാര്യമാണ്. ‘ചെളി പുരളാത്ത പന്ത്’ എന്ന പുസ്തകം വായനക്കാരെ കൊണ്ടുപോകുന്നത്, ലേഖകനോ പ്രസാധകനോ നിർമ്മിച്ചിട്ട് അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോകളിലേക്കല്ല. വിദേശരാജ്യങ്ങളിലുള്ള മറ്റുള്ളവർ നിർമ്മിച്ച വീഡിയോകളിലേക്കാണ് ആ പുസ്തകത്തിലെ QR കോഡുകൾ വിരൽ ചൂണ്ടുന്നത്. അവർ ആ വീഡിയോകൾ നീക്കം ചെയ്താലോ, ആ വീഡിയോകളെ മാറ്റി സ്ഥാപിച്ചാലോ വീഡിയോകളുടെ URL നീക്കം ചെയ്യപ്പെടും അല്ലെങ്കിൽ അതിൽ മാറ്റമുണ്ടാകും. അതോടുകൂടെ പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്ന QR കോഡുകൾ പ്രവർത്തനരഹിതമാകും. പുസ്തകം മൾട്ടിമീഡിയ പുസ്തകമല്ലാതായി മാറും. ചെളി പുരളാത്ത പന്തിൻ്റെ പ്രസാധകനോ എഴുത്തുകാരനോ ആ വീഡിയോകളിൽ ഒരു നിയന്ത്രണവുമില്ല എന്നത് ഒരു വലിയ ന്യൂനതയാണ്. 

ഹരിലാലിന്റെ ഭൂട്ടാൻ എന്ന പുസ്തകത്തിന്റെ കവർ

അതേസമയം മറ്റ് മൂന്ന് പുസ്തകങ്ങളിലും സ്വന്തമായി നിർമ്മിച്ച വീഡിയോകളിലേക്കാണ് എഴുത്തുകാരും പ്രസാധകരും QR കോഡ് വഴിയും കോഡ് ആക്കി മാറ്റിയ ചിത്രങ്ങൾ വഴിയും വിരൽ ചൂണ്ടുന്നത്. ആ വീഡിയോകളിൽ അവർക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ പുസ്തകത്തിൽ ആ കോഡുകൾ പ്രവർത്തനരഹിതമാകാതിരിക്കാൻ അവർക്ക് സ്വയം ശ്രദ്ധിക്കാനാവും. എന്നെങ്കിലും മൾട്ടിമീഡിയ പുസ്തകങ്ങൾ നിർമ്മിക്കണമെന്ന് തോന്നുന്നവർക്കായി ഒരു ന്യൂനത പങ്കുവെച്ചെന്ന് മാത്രം. കായികവിഷയങ്ങൾ മൾട്ടിമീഡിയ പുസ്തകങ്ങൾ ആക്കുമ്പോൾ കാലാകാലങ്ങളായി നടത്തിട്ടുള്ള സ്പോർട്ട് വീഡിയോകൾ സ്വന്തമായി നിർമ്മിക്കുക എന്നത് ഒരു എഴുത്തുകാരനെക്കൊണ്ടും പ്രസാധകനെക്കൊണ്ടും നടക്കുന്ന കാര്യമല്ല. അതേസമയം യാത്രാവിവരണങ്ങൾ, പാചകക്കുറിപ്പുകൾ എന്നതൊക്കെ മൾട്ടിമീഡിയ പുസ്തകമാക്കുമ്പോൾ വീഡിയോകളുടെ നിയന്ത്രണം ഗ്രന്ഥകർത്താവിനോ പ്രസാധകനോ സാദ്ധ്യമാകുന്ന കാര്യവുമാണ്. ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ളവരുടെ വീഡിയോകളെ ആസ്പദമാക്കി നിർമ്മിക്കുന്ന മൾട്ടിമീഡിയ പുസ്തകങ്ങൾക്കുള്ള ഭീഷണി സ്വന്തം വീഡിയോകളെ ആസ്പദമാക്കി നിർമ്മിക്കുന്ന മൾട്ടി മീഡിയ പുസ്തകങ്ങൾക്കില്ല. 

ഒരു ന്യൂനത കൂടെ പറഞ്ഞുകൊണ്ട് സൂചിപ്പിക്കാനുണ്ട്. സാങ്കേതികവിദ്യ ഇനിയും മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാളെ QR കോഡും അത് റീഡ് ചെയ്യുന്ന സംവിധാനങ്ങളുമൊക്കെ അപ്രത്യക്ഷമായി പകരം അതിനെ വെല്ലുന്ന മറ്റെന്തെങ്കിലും സങ്കേതം ഉരുത്തിരിഞ്ഞ് വന്നെന്നിരിക്കാം. അന്ന് പുറകിലായിപ്പോകുന്ന അല്ലെങ്കിൽ ഒഴിവാക്കപ്പെടുന്ന QR കോഡ് റീഡിങ്ങ് സംവിധാനത്തെക്കൂടെ ഉൾക്കൊള്ളിച്ച് Downward Compatible എന്ന സൗകര്യം വന്നില്ലെങ്കിൽ, ഈ QR കോഡ് പുസ്തകങ്ങളെല്ലാം മൾട്ടിമീഡിയ പുസ്തകങ്ങളല്ലാതായി മാറും. പടത്തിനെ കോഡാക്കി മാറ്റിയിരിക്കുന്ന മുസിരീസിലൂടെ എന്ന പുസ്തകം QR റീഡിങ്ങ് ഇല്ലാതായാലും പിടിച്ച് നിന്നെന്ന് വരും. പക്ഷേ ആ പുസ്തകത്തെ മൾട്ടി മീഡിയ പുസ്തകമാക്കാൻ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് വെയർ എഞ്ചിനുകളും സംവിധാനങ്ങളും ഇതേ ഭീഷണി നേരിടുന്നുണ്ട്. ചിലപ്പോൾ QR കോഡ് ഇല്ലാതാകുന്നതിന് മുന്നേ തന്നെ ആ പുസ്തകത്തിൻ്റെ മൾട്ടിമീഡിയ സംവിധാനങ്ങൾ ഔട്ട് ഡേറ്റഡ് ആയെന്നിരിക്കാം. ചിലപ്പോൾ കുറേയേറെക്കാലം നീണ്ടുപോയെന്നും വരാം. മൾട്ടിമീഡിയ പുസ്തകങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ. പ്രിൻ്റ് ചെയ്ത് ഒഴിവാക്കി വിടാൻ പറ്റുന്ന ഒന്നല്ല, മൾട്ടിമീഡിയ പുസ്തകങ്ങൾ. സാങ്കേതിക വിദ്യയുടെ വ്യതിയാനങ്ങൾ സസൂഷ്മം വീക്ഷിക്കുകയും അതിനനുസരിച്ച് അവശ്യം വേണ്ട മാറ്റങ്ങൾ വരുത്തിയാൽപ്പോലും മൾട്ടിമീഡിയ പുസ്തകങ്ങൾ പെട്ടെന്നൊരു നാൾ സാധാരണ പുസ്തകങ്ങളായി മാറിപ്പോകാം. 

 

വാൽക്കഷണം:- 7 വർഷം മുൻപ് ആദ്യത്തെ മൾട്ടിമീഡിയ പുസ്തകം ഇന്ത്യയിൽ ഇറങ്ങിയിട്ടും അതറിയാതെ പോയവർ വിവരസാങ്കേതിക വിദ്യ കൈയാളുന്നവരുടെ കൂട്ടത്തിൽത്തന്നെ ധാരാളമുള്ളതുകൊണ്ടാണ് ആദ്യമൾട്ടിമീഡിയ പുസ്തകം ഏതെന്ന വിവാദം പൊട്ടിപ്പുറപ്പെട്ടത്. എല്ലാവരും എല്ലാക്കാര്യങ്ങളും അറിഞ്ഞിരിക്കണമെന്ന് വാശിപിടിക്കാൻ ആർക്കുമാകില്ലല്ലോ. ഇതൊന്നുമറിയാത്തവർ ഇനിയുമുണ്ടാകാം നമുക്കിടയിൽ. കുറേയേറെ നാൾ കഴിഞ്ഞ്, അവർ ഒരു മൾട്ടിമീഡിയ പുസ്തകത്തിൻ്റെ ആശയവുമായി വരുകയും, അവരുടേതാണോ ആദ്യത്തെ മൾട്ടിമീഡിയ പുസ്തകമെന്ന് ഇൻ്റർനെറ്റിൽ പരതുകയും ചെയ്യുമ്പോൾ, ഈ ലേഖനം കണ്ണിൽപ്പെട്ടാൽ അടുത്തൊരു വിവാദം അവിടെത്തന്നെ അവസാനിച്ചെന്നിരിക്കും. അവർ ഇൻ്റർനെറ്റിൽ പരതിനോക്കാൻ സന്നദ്ധത കാണിക്കുന്നില്ലെങ്കിൽ വീണ്ടുമൊരു വിവാദം ഉറപ്പാണ്. നമ്മൾ സംസാരിക്കുന്നതും ചെയ്യാൻ പോകുന്നതും വിവരസാങ്കേതികവിദ്യ തീർച്ചയായും ഉൾക്കൊള്ളുന്ന ഒരു പുസ്തകത്തെപ്പറ്റിയാകുമ്പോൾ അതേ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഉൽപ്പന്നമായ ഇൻ്റർനെറ്റ് എന്ന സംവിധാനത്തിനോട് സംവദിക്കാൻ എന്തിന് മടിക്കണം ?


Subscribe to our channels on YouTube & WhatsApp

About Author

നിരക്ഷരൻ

ബ്ലോഗർ, Content Creator, 2007 മുതൽ സമൂഹ മാദ്ധ്യമങ്ങളിൽ സജീവം

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
2 years ago

ചളി പുരലാത്ത പന്തിന് മുൻപേ മലയാളത്തിൽ ഇറങ്ങിയതായി മനോജ്‌ പറയുന്ന നാല് മൾട്ടി മീഡിയ പുസ്തകങ്ങളിൽ അന്തരിച്ച അനൂപ് രാമകൃഷ്ണന്റെ “എം ടി അനുഭവങ്ങളുടെ പുസ്തകം” ഉൾപ്പെടുമോ എന്ന് അദ്ദേഹത്തിന്റെ ലേഖനത്തിൽ നിന്ന് വ്യക്തമല്ല. പുസ്തകരൂപത്തിൽ ഇറങ്ങിയ വർഷം മാറ്റിനിർത്തിയാൽ എന്തുകൊണ്ടും ഒന്നാം സ്ഥാനം അർഹിക്കുന്ന കൃതിയാണ് ആ മൾട്ടി മീഡിയ സമാഹാരം. അകാലത്തിൽ പൊലിഞ്ഞുപോയ അനൂപിനെ ഓർമ്മിക്കാൻ മനോജിന്റെ ലേഖനം ഇടയാക്കി, നന്ദി മനോജ്‌!