A Unique Multilingual Media Platform

The AIDEM

Articles Literature Sports

അറിവും ആരവവും നിറയുന്ന താളുകൾ

  • October 12, 2022
  • 1 min read
അറിവും ആരവവും നിറയുന്ന താളുകൾ

പുസ്തകാസ്വാദനം: രാജീവ്‌ രാമചന്ദ്രൻറെ “ ചെളി പുരളാത്ത പന്ത്‌” , ചിന്താ പബ്ലീഷേഴ്സ്‌.

“ഏതെങ്കിലുമൊരു മനുഷ്യൻ ഒരു തെറ്റു ചെയ്താൽ ഫുട്ബോൾ എന്തുപിഴച്ചു? എനിക്കു തെറ്റുപറ്റി, പക്ഷെ ഈ പന്തിൽ ചെളി പുരണ്ടിട്ടില്ല”

മാറഡോണ എന്ന ഫുട്‌ബോൾ ദൈവത്തിൻറെ ഈ വാക്കുകളിൽ നിന്നു കടംകൊണ്ട, കൌതുകം ജനിപ്പിക്കുന്ന തലക്കെട്ടാണ്‌ ആ പുസ്തകത്തിലേക്ക്‌ ആദ്യം ശ്രദ്ധ ക്ഷണിച്ചത്‌. ഒരു പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ, ആദ്യം അത്‌ എത്രസമയം കൊണ്ട്‌ വായിച്ചു തീർക്കാമെന്നൊരു മനക്കണക്കു കൂട്ടുന്നതാണു ശീലം. ഗൌരവമായ വായന ആവശ്യപ്പെടുന്ന പുസ്തകമായതിനാൽ ഒരു പേജിന്‌ ഏകദേശം രണ്ടു മിനിറ്റു വച്ച്‌ ആറുമണിക്കൂർ കൊണ്ടു വായിച്ചു തീർക്കാമെന്നു കണക്കാക്കിയാണു വായന ആരംഭിച്ചത്‌. പക്ഷേ ഈ പുസ്തകം തികച്ചും വൃതൃസ്തമായൊരു ആസ്വാദനാനുഭവമായി മാറുകയും സമയക്കണക്കു കൂട്ടലൊക്കെ നിരർത്ഥകമാക്കുകയും ചെയ്തു. ഒരുപക്ഷേ ഈ പുസ്തകത്തിൻറെ ഏറ്റവും വലിയ പ്രത്യേകതയും അതുതന്നെയാണെന്നു പറയാം. പതിവു വായനകളിൽ നിന്നു വൃത്യസ്തമായി, ആധുനിക സാങ്കേതിക വിദ്യ തുറന്നുവച്ച അനുഭവ സാദ്ധ്യതകൾ ഭംഗിയായി വിളക്കിച്ചേർത്ത്‌ അവിസ്മരണീയമായ ഒരു അനുഭവലോകം വായനക്കാർക്കു തുറന്നു നൽകുന്നു രാജീവ് രാമചന്ദ്രൻറെ “ചെളി പുരളാത്ത പന്ത്‌”. എൻറെ അറിവിൽ മലയാളത്തിലെ എന്നു മാത്രമല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ embedded പുസ്തകമാണിത്‌. (ഇന്ത്യയിലെ തന്നെ ആദ്യത്തെ embedded പുസ്തകമാണ് രാജീവ് രാമചന്ദ്രന്റെ ‘ചെളി പുരളാത്ത പന്ത്’ എന്ന് എഴുതിയതിൽ വസ്തുതാപരമായ പിശകുണ്ടെന്നുള്ള പ്രതികരണങ്ങൾ വായനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.  ഈ സാഹചര്യത്തിൽ വസ്തുതാപരമായ ആ തെറ്റ് തിരുത്തിക്കൊണ്ട് എം. ശിവശങ്കർ എഴുതി നൽകിയ വിശദീകരണ കുറിപ്പ് ഈ ലേഖനത്തിന് താഴെ ചേർക്കുന്നു. ) ഏകദേശം ഇരുപത്തി അഞ്ചോളം വീഡിയോകളാണ്‌ ഈ പുസ്തകത്തിൽ ഇഴചേർത്തിരിക്കുന്നത്‌. ക്യു.ആർ കോഡു സ്കാൻ ചെയ്ത്‌ അവ കൂടി കണ്ടു കഴിയുമ്പോഴാണ്‌ വായനാനുഭവം പൂർത്തിയാകുക. ഈ പുതുമ പുസ്തകങ്ങൾക്കിടയിലെ ക്രിയോഷോ (criollo) ആയി രാജീവിൻറെ ഈ ഉദ്യമത്തെ അടയാളപ്പെടുത്തുന്നു. സാധാരണ ജീവിതത്തെ മാറ്റിമറിക്കാനാകുന്ന സാങ്കേതികവിദ്യാ സാദ്ധ്യതകളെക്കുറിച്ച്‌ ധാരണയുള്ള ഒരു അനുവാചകനെ ആഹ്ലാദത്തിൻറെ ഉന്നതിയിലേക്ക്‌ നയിക്കുന്ന, ഈ നവീന സാദ്ധ്യത പരിചയപ്പെടുത്തിയ ചിന്താ പബ്ലീഷേഴ്സ്‌ കേരളത്തിൻറെ സാഹിത്യ പ്രസാധന ചരിത്രത്തിൽ മനോഹരമായൊരു കോർണർ ഗോളടിച്ച്‌ ലീഡു നേടിയിരിക്കുന്നുവെന്നു തന്നെ പറയാം.

രാജീവ് രാമചന്ദ്രൻറെ പുസ്തകത്തിൻറെ പുറം ചട്ട

ഫുട്‌ബോൾ കളിയുടെ സൌന്ദര്യം മാത്രം ആസ്വദിച്ചു പോന്ന വായനക്കാർക്ക്‌, ലാറ്റിൻ അമേരിക്കൻ ഫുട്ബോളിൻറെ രാഷ്ട്രീയസാമൂഹിക പശ്ചാത്തലവും ചരിത്രവും, പരിശീലന സിദ്ധാന്തങ്ങളുടെ രീതിശാസ്ത്രവുമൊക്കെ പുതിയ അറിവുകൾ തന്നെയാണ്‌. കോളണിയൽ ഭരണകാലത്ത്‌ ഇംഗ്ലണ്ടുകാർ പരിചയപ്പെടുത്തിയ ഫുട്‌ബോൾ, അർജന്റീനയുടെ പിൽക്കാല സാമൂഹിക സാഹചര്യത്തിൽ ഒരു പാട്‌ മാറുകയുണ്ടായി. ഇറ്റാലിയൻ – സ്പാനിഷ്‌ അധിനിവേശക്കാലത്ത്‌ അതു വിക്ടോറിയൻ വരേണ്യത ഉപേക്ഷിച്ച്‌ ഫാക്ടറി തൊഴിലാളികളുടെ വിനോദോപാധിയായി അർജൻറീനയെ കണ്ടെത്തി. എന്നാൽ അർജൻറീന ഫുട്ബോളിനെ കണ്ടെത്തിയതാകട്ടെ പീബെകളിലൂടെയാണ്‌. ഇടംകുറവുള്ള കളിസ്ഥലങ്ങളിൽ പന്ത്‌ കാലിൽ നിന്നു നഷ്ടപ്പെടാതിരിക്കാനുള്ള അസാമാന്യമായ പന്താട്ട പാടവവും പന്തടക്കവും സ്വായത്തമാക്കിയ, സ്കൂളുകളിലിടം കിട്ടാത്ത തെരുവു കുട്ടികളിലൂടെ അർജൻറീനയിലെ പീബെകൾ ഫുട്ബോളിന്‌ ഒരു നൈസർഗ്ഗിക സൌന്ദര്യം പ്രദാനം ചെയ്തു. ധാർമ്മികതയുടെയും അച്ചടക്കത്തിൻറേയും സദാചാരത്തിൻറേയും കെട്ടുപാടുകളിൽ നിന്ന്‌ കളിയെ മോചിപ്പിച്ച്‌ നൈസർഗ്ഗികമായ നാട്ടു കൌശലങ്ങൾ അതിലേക്കു സന്നിവേശം ചെയ്യിച്ചു. കളിക്കളത്തിലെ മനോധർമ്മം വഴി എതിരാളിയെ കബളിപ്പിക്കുകയും പരിശീലന പദ്ധതികളെ അട്ടിമറിക്കുകയും ജനകീയതയുടെ പാരമ്യത്തിലേക്ക്‌ ഫുട്‌ബോളിനെ എത്തിക്കുകയും ചെയ്തു. ഈ അനുപമമായ യാത്ര തന്നെയാണ്‌ അർജൻറീനയെ വേറിട്ടു നിർത്തുന്നത്‌. എതിരാളിക്കൊപ്പം കളിനിയമങ്ങളെയും ചാരുതയോടെ കബളിപ്പിക്കുന്ന ഈ രീതി കാണികളെ ത്രസിപ്പിക്കുന്നതിൻറെ കാരണവും അത്‌ ഓരോ മനുഷ്യൻറേയും ഉള്ളിലുള്ള നോൺ കൺഫോമിസത്തോട്‌ (non-conformism) താദാത്മ്യം പ്രാപിക്കുന്നതു കൊണ്ടാണ്‌. ഇംഗ്ലണ്ടിനെതിരെ മാറഡോണ നേടിയ ആ ‘ദൈവത്തിന്റെ കൈ’ ഗോൾ (അദ്ദേഹം അതിനെ വിളിച്ചത്‌ ഇംഗ്ലണ്ടിനെ പോക്കറ്റടിച്ച ഗോൾ എന്നാണ്‌) എല്ലാ നിലയ്ക്കും അർജൻറീനൻ ഫുട്ബോളിൻറെ സിഗ്നേച്ചർ ഗോൾ ആകുന്നതിൻറെ കാരണവും മറ്റൊന്നല്ല.

അർജൻറീനയുടെ നാടോടി ഗൌച്ചാ ജീവിതത്തിൽ വേരുറപ്പിച്ച ഗംബീത്ത എങ്ങനെ ആനന്ദദായകമായ കളി (Alegere) എന്നും ഗൌരവമുള്ള കളി (Serio) എന്നുമുള്ള ദ്വന്ദത്തിനിടയിൽ മാറിക്കൊണ്ടിരിക്കുന്നു എന്നത്‌ കൌതുകകരമായി ഗ്രന്ഥകാരൻ വിവരിച്ചിട്ടുണ്ട്‌. യൂറോപ്യൻ ടീമുകളോട്‌ നേരിട്ട തോൽവികൾ, പ്രതിഭാധനരായ പരിശീലകർ, അമാനുഷ തലത്തിലേക്ക്‌ ഉയർന്ന ഒരു പറ്റം കളിക്കാർ ഇവരൊക്കെ കാലാകാലങ്ങളിലുണ്ടായ ഈ മാറ്റങ്ങൾക്ക്‌ അവരുടേതായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഫുട്ബോളിൻറെ ഇടതുപക്ഷ ആശയത്തോട്‌ ചേർന്നാണ്‌ അർജൻറീനൻ ഫുട്‌ബോൾ അടയാളപ്പെടുത്തേണ്ടതെന്ന്‌ രാജീവ്‌ പറഞ്ഞുവയ്ക്കുന്നു. ആജ്ഞയനുസരിച്ചു പ്രവർത്തിക്കുക, ഏതു വിധേനയും ജയിക്കുക എന്ന പ്രൊഫഷണലിസം വലതുപക്ഷ ആശയമാണെന്നും കളിയെ ഒരു ഉത്സവമാക്കി, ബുദ്ധിയുടെയും സാഹസികതയുടെയും സർഗ്ഗാത്മകതയുടെയും ആഘോഷമാക്കി മാറ്റുന്ന അർജൻറീനൻ ഫുട്ബോൾ ചെഗുവരയോടു കൂടി കടപ്പെട്ടിരിക്കുന്നുവെന്നും വിശദമാക്കുന്നു.

മാറഡോണ, ബാറ്റിസ്റ്റ്യൂട്ട, കനീജിയ, ഒർട്ടേഗ, റിക്വിൽമെ,കെംപസ്‌,മെസ്സി എന്നീ സുപ്രസിദ്ധ താരങ്ങളും മെനോറ്റി, സ്കബിലെ, സ്പിനെറ്റോ, ബിലാദോ തുടങ്ങിയ പരിശീലകരും വഹിച്ച പങ്ക്‌ കൃത്യമായിത്തന്നെ വിലയിരുത്തിയിട്ടുണ്ട്‌. അർജൻറീനൻ ഫുട്‌ബോളിനോടുള്ള ആരാധന വെളിവാക്കപ്പെടുന്ന എഴുത്ത്‌ പക്ഷേ ഗ്രന്ഥകാരന്റെ സാമൂഹിക മാനസീക നിലപാടുകളെയും വരഞ്ഞിടുന്നു എന്നതും കൌതുകകരം തന്നെ. ഇത്തരമൊരു എഴുത്ത്‌ ബ്രസീലിൻറേയും യൂറോപ്യൻ ഫുട്ബോളിൻറേയും ആരാധകരായ നിരീക്ഷകരിൽ നിന്നുകൂടിയുണ്ടായാൽ സമഗ്രത തികഞ്ഞയൊരു ഫുട്‌ബോൾ സാഹിത്യനിരയൊരുക്കാൻ  കേരളത്തിനു കഴിഞ്ഞേക്കും. ഒരു പക്ഷേ ഇന്ത്യയിൽ കേരളത്തിനു മാത്രമാകും ഇതു സാധിക്കാനാകുക.

ആഫ്രിക്കൻ അമേരിക്കൻ വംശജർ തീരെയില്ലാത്ത ടീമായി അർജൻറീനിയൻ ഫുട്‌ബോൾ ടീം മാറിയതെങ്ങനെയെന്ന്‌ പോലും വിശദമാക്കുന്ന ഈ പുസ്തകം പക്ഷേ ഫുട്‌ബോൾ ഭരണനേതൃത്വത്തിൻറെ പരിമിതികളിലേക്കും ലഹരി മാഫിയയുടെ ഇടപെടലുകളിലേക്കും വെളിച്ചം വീശുന്നില്ല. ലാറ്റിനമേരിക്കയുടെ സമസ്ത മേഖലകളും ലഹരി മരുന്ന്‌ ശൃംഖലയുമായി അദുശ്യമായെങ്കിലും കെട്ട്‌ പിണഞ്ഞ്‌ കിടക്കുന്നു എന്ന ഒരു പൊതു ധാരണയുടെയും, മാറഡോണ ഉൾപ്പെടെ ചില പ്രമുഖ കളിക്കാരെയെങ്കിലും ആ ചെളി പുരണ്ട അവസ്ഥയിൽ കണ്ടെത്തിയ പ്രത്യേക സാഹചര്യത്തിൻറേയും പശ്ചാത്തലത്തിൽ ഇതു ശ്രദ്ധേയമാകുന്നു. ജർമ്മനിയിലെ ആരാധകവൃന്ദത്തിൻറെ വംശീയമായ അധിക്ഷേപം ഒരു ഭാഗത്തു വിവരിക്കുമ്പോൾ, ആവേശത്താൽ ആർപ്പു വിളിക്കുന്ന കാണികൾ ക്രമേണ അർജൻറീനയിലും അധീശപുരുഷത്വത്തിൻറെ അക്രമാസക്തമായ വളർച്ചയ്ക്ക്‌ തുടക്കം കുറിച്ചു എന്ന്‌ ഒരു ഒഴുക്കൻ മട്ടിലുള്ള പരാമർശത്തിൽ ഒതുക്കിയത്‌ എഴുത്തുകാരൻറെ അർജൻറീനിയൻ പക്ഷപാതമാണ്‌ വെളിവാക്കുന്നത്‌. പ്രത്യേകിച്ചും ഈ ആരാധനാക്കൂട്ടത്തെ ക്ലബ്ബ്‌ മുതലാളിമാരും രാഷ്ട്രീയ നേതാക്കളും ഉപയോഗപ്പെടുത്തുകയും ഫുട്‌ബോൾ ബന്ധിത അധോലോകം ഉയർന്നു വരികയും ചെയ്തു എന്ന്‌ നിരീക്ഷിച്ചിട്ടും ഗ്രന്ഥകാരൻ അതിൻറെ സാമൂഹിക വശങ്ങളിലേക്ക്‌ കണ്ണയക്കാൻ ശ്രമിച്ചിട്ടില്ല. ഇടതുപക്ഷ ഫുട്ബോളിന്‌ ഇക്കാര്യത്തിലും ഒരു വൃത്യസ്ത മാതൃക സൃഷ്ടിക്കാനാകാതെ പോയതെന്തെന്ന ചോദ്യം അനുവാചക മനസ്സുകളിൽ ഉത്തരമില്ലാതെ അവശേഷിക്കുന്നു.

പല കാലഘട്ടങ്ങളിൽ, പല സാഹചര്യങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായല്ല, ഒരു സ്വതന്ത്ര കൃതിയായിത്തന്നെയാണ്‌ ഈ പുസ്തകം അനുഭവവേദ്യമാകുന്നത്‌. ആ രീതിയിൽ തന്നെ അത്‌ ആസ്വാദ്യമാണു താനും. എന്നിരുന്നാലും ഇത്തരമൊരു രചനയിൽ ആവശ്യമായ ശക്തമായൊരു എഡിറ്റങ്ങിൻറെ അഭാവം അലോസരം സൃഷ്ടിക്കുന്നുമുണ്ട്‌. പ്രത്യേകിച്ചും വളരെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ ആവർത്തനം കൊണ്ടുമാത്രം പ്രാധാന്യം നഷ്ടപ്പെട്ട പ്രതീതി ഉളവാക്കുന്നു. നല്ലയൊരു എഡിറ്റിങ്‌ ഉണ്ടായിരുന്നുവെങ്കിൽ അത്‌ ഒഴിവാക്കപ്പെടുമായിരുന്നു. എഡിറ്റർമാരും മാധ്യമപ്രവർത്തകരും എന്ന വിഷയത്തിലുള്ള ചർച്ചയിൽ, മുൻ മാധ്യമപ്രവർത്തകൻ കൂടിയായ രാജീവിൻറെ നിലപാട്‌ എഡിറ്റർമാർക്കു പ്രസക്തി വർദ്ധിച്ചു വരുന്നു എന്നതായിരുന്നെന്നു കൂടി ഓർക്കുമ്പോൾ, ഈ പുസ്തകത്തിന്‌ ഒരു നല്ല എഡിറ്റിങ്‌ ഉണ്ടായിരുന്നെങ്കിൽ ആസ്വാദ്യതയേറിയേനേയെന്ന്‌ പ്രത്യേകം എടുത്തു പറയാതിരിക്കാൻ ആകുന്നില്ല. ഈ പുസ്തകത്തിലെ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പും അവതരണവും മെച്ചപ്പെടുത്തുന്നതിനും കൃതഹസ്തനായൊരു എഡിറ്റർക്കു തീർച്ചയായും കഴിയുമായിരുന്നു.

ചുരുക്കത്തിൽ മൂന്നു ദിവസംകൊണ്ടു വായിച്ചു തീർക്കാൻ ലക്ഷ്യമിട്ട പുസ്തകം, ഒരാഴ്ചയായിട്ടും ആസ്വദിച്ചു കൊണ്ടേയിരിക്കാനാകുന്നുവെന്ന അപൂർവ്വതയാണ്‌ രാജീവിൻറെ പുസ്തകം കാഴ്ചവച്ചിട്ടുള്ളത്‌. വായനക്കാരെ ഒട്ടും മടുപ്പിക്കാതെ ഒപ്പം കൂട്ടാനും അവരുടെ താത്പര്യം വർദ്ധിപ്പിക്കാനും കഴിയുന്നു എന്നതു തന്നെയാണീ രചനയുടെ സുപ്രധാന വിജയം. ഇനിയുമേറെ സ്പോർട്സ്‌ / ഗെയിംസ്‌ നിരീക്ഷകർ വിവിധങ്ങളായ കായികവിനോദ മേഖലകളിൽ ഇത്തരത്തിലുള്ള രചനകളുമായി മുന്നോട്ടു വരുന്നതിന്‌ ഈ കൃതി പ്രേരകമാകുമെന്ന്‌ കരുതുന്നു. ആധുനികമായ ഈ QR Coded – Embedded Visuals സങ്കേതത്തിലുള്ള ഒരു പൂതിയ വിജ്ഞാന സാഹിത്യ മേഖലയ്ക്കും വായനാനുഭവത്തിനും ‘ചെളി പുരളാത്ത പന്ത്‌’ വഴിതെളിക്കുമെന്നും പ്രതീക്ഷിക്കുന്നു.

…..

തെറ്റ് തിരുത്തിക്കൊണ്ട് എം. ശിവശങ്കർ എഴുതി നൽകിയ വിശദീകരണ കുറിപ്പ്

രാജീവിന്റെ ചെളി പുരളാത്ത പന്ത് എന്ന പുസ്തകത്തിന് തയ്യാറാക്കിയ എന്റെ ആസ്വാദനക്കുറിപ്പിൽ വസ്തുതാപരമായ പിശകുണ്ടെന്ന് പലരും അറിയിച്ചു. മലയാളത്തിൽ തന്നെ ഇതിന് മുമ്പ് embedded പുസ്തകം എന്ന് വിലയിരുത്താവുന്ന മൂന്ന് കൃതികളെങ്കിലും ഉണ്ടായിട്ടുണ്ട്; അതുകൊണ്ട് ഇത് ഇത്തരത്തിലുള്ള ആദ്യ സംരംഭം എന്ന് വിലയിരുത്തിയത് അബദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഒരു ഗൗരവതരമായ അന്വേഷണം നടത്താതെ അങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയത് തീർച്ചയായും എന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച തന്നെയാണ്. പ്രത്യേകിച്ച് ക്രിയാത്മകമായി ഇക്കാര്യത്തിൽ മുന്നേ നടന്ന വ്യക്തികൾക്കും പ്രസാധകർക്കും ഇത് വലിയ നിരാശയുണ്ടാക്കുമെന്നത് ഈ വീഴ്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. മുസിരിസ്, മയ്യഴി, ഭൂട്ടാൻ എന്നീ പുസ്തകങ്ങൾ രചിച്ച ഭാവനാസമ്പന്നരായ എഴുത്തുകാരോടും അവരുടെ പ്രസാധകരോടും ക്ഷമ ചോദിക്കുന്നു. (മുസരീസിലൂടെ- രചയിതാവ്, മനോജ്  രവീന്ദ്രൻ നിരക്ഷരൻ, പ്രസാധകർ  മെൻറർ ബുക്സ്,  മയ്യഴി – രചയിതാവ് വരുൺ രമേഷ്, പ്രസാധകർ – ഡിസി ബുക്സ്, ഭൂട്ടാൻ  ലോകത്തിൻറെ  ഹാപ്പിലാൻറ്- രചയിതാവ് ഹരിലാൽ രാജേന്ദ്രൻ, പ്രസാധകർ – റീഡ് മീ ബുക്സ്)

ഇന്ത്യയിൽ പുസ്തകപ്രസാധന മേഖലയിൽ കേരളം വളരെ മുമ്പിൽ തന്നെയാണ്. ഓഡിയോ ബുക്കുകളുടെ പ്രചരണം കൂടി വരുന്ന സാഹചര്യത്തിൽ, സാങ്കേതിക സംവിധാനങ്ങളുപയോഗച്ച് പുസ്തക വായന ആസ്വാദ്യമായ ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ പ്രസാധകർക്ക് കഴിയുമെന്നുറപ്പുണ്ട്. വിവര സാങ്കേതിക വിദ്യാരംഗത്ത് കേരളത്തിനുള്ള അനുകൂല സാഹചര്യവും നൂതനാശയങ്ങൾ പ്രവർത്തിപഥത്തിലേക്ക് എത്തിക്കാൻ കഴിയുന്ന സ്റ്റാർട്ട് അപ് ഇക്കോ സിസ്റ്റവും ഉപയോഗപ്പെടുത്തി ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ തുടരാനും വരും നാളുകളിൽ ഈ രീതിയിലുള്ള പുസ്തകപ്രസാധന ഡെസ്റ്റിനേഷൻ തന്നെയായി മാറാനും നമുക്ക് കഴിയട്ടെ


Subscribe to our channels on YouTube & WhatsApp

About Author

എം. ശിവശങ്കർ

ഐ.എ.എസ് ഉദ്യോഗസ്ഥൻ, സംസ്ഥാന സ്പോർട്സ്-യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Jayakesan PR
Jayakesan PR
1 year ago

Beautiful book review.Well written.
Love the Title.Will buy the Book.

വേണു എടക്കഴിയൂർ
വേണു എടക്കഴിയൂർ
1 year ago

പന്ത് കാണാത്തതുകൊണ്ട് അതിൽ ചളി പിടിച്ചിട്ടുണ്ടോ എന്ന് പറയാൻ നിർവഹമില്ല; എന്നാൽ ഈ നിരൂപണക്കുറിപ്പിൽ അശേഷം ചളി കലർന്നിട്ടില്ല. നന്നായി, ശിവശങ്കറിനു അഭിവാദ്യങ്ങൾ 🌹