”കുടിലുകളിൽ കൂരകളിൽ
കൺമണിപോൽ സൂക്ഷിച്ചൊരു
ജനമുന്നണി നേതാവാ-
ണച്യുതമേനോൻ.
കഥമാറും കളിമാറും:
കേരളമിതു പറയുന്നു.
ജനമുന്നണി നേതാവെ
തൊട്ടുകളിച്ചാൽ,
കഥമാറും കളിമാറും
കേരളമിതു പറയുന്നു.
ഖദറിൻ കൊടി സിംഹാസന-
മറബിക്കടലിൽ.”
1951-ൽ തിരു-കൊച്ചി നിയമസഭയിലേക്കു നടന്ന പൊതുതെരഞ്ഞെടുപ്പിൽ സി.അച്യുതമേനോൻ ഒളിവിലിരുന്നു മത്സരിച്ചപ്പോൾ അന്നത്തെ ജനപ്രിയ പുരോഗമനകവി പൊൻകുന്നം ദാമോദരൻ എഴുതിയ പ്രചാരണഗാനമാണിത്. മുദ്രാവാക്യത്തിൻ്റെ ചടുലചൈതന്യമുള്ള ഈ ഗാനം നിയോജകമണ്ഡലത്തിൻ്റെ അതിരുകൾ ഭേദിച്ച് അലയടിച്ചു. ഇന്നും ഓർമ്മിക്കപ്പെടുന്നു എന്നതാണ് ആ ഗാനത്തിന്റെ മറ്റൊരു സവിശേഷത. വാശിയേറിയ ചതുഷ്‌ക്കോണ മത്സരത്തിൽ മുന്നൂറുവോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അച്യുതമേനോൻ വിജയിച്ചു.
അറുപത്തിയാറുവർഷത്തെ കേരളചരിത്രത്തിൽ, അതായത് കേരളപ്പിറവിക്കുശേഷമുള്ള ചരിത്രത്തിൽ, പന്ത്രണ്ടു മുഖ്യമന്ത്രിമാർ അധികാരത്തിലേറി. ഇവരിൽ ആരാണ് ഏറ്റവും മികച്ച മുഖ്യമന്ത്രി? രണ്ടുപേരുലേക്കു ചുരുക്കിയാണ് പൊതുവേ ഭിന്നാഭിപ്രായവും ഗുണദോഷവിചിന്തനങ്ങളും കണ്ടിട്ടുള്ളത്: ഇ.എം.എസ്. നമ്പൂതിരിപ്പാട്; സി.അച്യുതമേനോൻ. സി.പി.എമ്മിനും സി.പി.ഐക്കും ഉത്തരം എളുപ്പമാണ്. അവരവരുടേ അനിഷേധ്യ നേതാക്കളെ തെരഞ്ഞെടുത്താൽ മതിയാകും. പുറത്തുനിന്ന് വിമർശിക്കുക എളുപ്പവുമല്ല. കാരണം, അവർ പ്രതീകങ്ങളായി മാറിക്കഴിഞ്ഞതിനാൽ തീവ്രമായ പ്രതികരണങ്ങൾ വിളിച്ചുവരുത്തും. ‘വാളെടുത്തവരെല്ലാം വെളിച്ചപ്പാടായി’ മാറിയിട്ടുള്ള സൈബർ യുഗത്തിലെ കാര്യം പറയുകയും വേണ്ട.
അടിയന്തരാവസ്ഥക്കാലത്തെ നിഷ്ഠുരമായ അടിച്ചമർത്തലുകളുടെയും മനുഷ്യാവകാശലംഘനങ്ങളുടെയും പേരിൽ അച്യുതമേനോൻ എക്കാലവും പ്രതിക്കൂട്ടിലായിരിക്കും എന്ന കാര്യത്തിൽ സ്വന്തമായി ചിന്ത ശീലിച്ചിട്ടുള്ള ആർക്കും രണ്ടു പക്ഷമുണ്ടാവാനിടയില്ല. അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരൻ്റെ മേൽ കുറ്റംചാരി ഒഴിയാവുന്ന ഒന്നല്ലല്ലോ ആ ദുർഭഭരണം.
അതേസമയം, ധൈഷണികമായ സത്യസന്ധത പുലർത്തിയ രാഷ്ട്രീയവ്യക്തിത്വമായിരുന്നു അച്യുതമേനോൻ. ഇന്ത്യൻ കമ്യൂണിസത്തിൻ്റെ ബാലാരിഷ്ടതയും ദാർശനികമായ പാപ്പരത്തവും സ്റ്റാലിനിസത്തോടുള്ള ദാസ്യവുമെല്ലാം അച്യുതമേനോൻ നിർഭയമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്റ്റാലിൻ്റെ കാലത്തെ ക്രൂരതകളെക്കുറിച്ച്, സ്റ്റാലിൻ്റെ മരണത്തിനുശേഷമുള്ള ക്രൂഷ്‌ചെവിൻ്റെ വെളിപ്പെടുത്തലുകൾ അച്യുതമേനോനെ വല്ലാതെ ഉലച്ചു. ”കുറേ ദിവസത്തെ ആലോചനയ്ക്കുശേഷം അദ്ദേഹം പാർട്ടിയിൽനിന്നു രാജിവച്ചുപോകാൻ തന്നെ തീരുമാനിച്ചു. രാജിക്കത്ത് പാർട്ടിയുടെ സംസ്ഥാനക്കമ്മറ്റി ഓഫീസിൽ നൽകിയശേഷം മനസ്സമാധാനത്തിനും വിശ്രമത്തിനുമായി അദ്ദേഹം കൊടുങ്ങല്ലൂരിലെ ഭാര്യാഗൃഹത്തിലേക്കു പോയി,” കെ.ദാമോദരൻ പോരും പൊരുളും എന്ന പുസ്തകത്തിൽ പി.ഗോവിന്ദപ്പിള്ള എഴുതുന്നു. അന്ന് അച്യുതമേനോനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവന്നത് കെ.ദാമോദരനാണെന്നും പി.ജി. എഴുതുന്നു.
കേരളത്തിൻ്റെ മുന്നോട്ടുള്ള പോക്കിനെ ത്വരിതപ്പെടുത്തുന്ന വിവിധങ്ങളായ നയങ്ങൾ അച്യുതമേനോൻ്റെ കൂടി സംഭാവനയാണ്. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകൾ ഒരുമിച്ചു നടപ്പാക്കിയതും സ്വകാര്യവനങ്ങളുടെ ദേശസാൽക്കരണവും കർഷകത്തൊഴിലാളി നിയമവുമെല്ലാം പ്രത്യേകം എടുത്തുപറയണം. വിവിധങ്ങളായ സ്ഥാപനങ്ങളും അച്യുതമേനോൻ്റെ ദീർഘവീക്ഷണത്തിനും പ്രതിജ്ഞാബദ്ധതയ്ക്കും തെളിവാണ്. ‘വികസനം’ എന്ന വാക്ക് ബോധപൂർവം ഉപയോഗിക്കാതിരുന്നതാണ്. അത്രയ്ക്കും അശ്ലീലമായിത്തീർന്ന വാക്കാണല്ലോ അത്!
പുനലൂർ രാജൻ യുവഫോട്ടോഗ്രാഫറും യുവ കമ്മ്യൂണിസ്റ്റും ആയി, തോപ്പിൽ ഭാസിയുടെയും കാമ്പിശ്ശേരി കരുണാകരൻ്റെയും പ്രായോഗികവും സൈദ്ധാന്തികവുമായ തണലിൽ വളർന്നുവരുമ്പോൾ സി.പി.ഐയുടെ ഏറ്റവും അറിയപ്പെടുന്ന നേതാക്കൾ എം.എൻ.ഗോവിന്ദൻ നായരും സി.അച്യുതമേനോനുമായിരുന്നു. എമ്മെനെപോലെ ‘ജനകീയ’നായിരുന്നില്ല അച്യുതമേനോൻ. അതുകൊണ്ടുതന്നെ ‘കണ്ടുകിട്ടാൻ’ പ്രയാസമുണ്ടായിരുന്നു. രാജൻ അച്യുതമേനോൻ്റെ ഫോട്ടോ ആദ്യമായി എടുക്കുന്നത്, മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ ആ പദവി നഷ്ടപ്പെട്ട് പാർട്ടിപ്രവർത്തനത്തിലേക്ക് മടങ്ങിയ സന്ദർഭത്തിലായിരുന്നു. (1970) അന്ന് പാർട്ടിപ്രവർത്തകർ നൽകിയ സ്വീകരണവും പാർട്ടിയോഗങ്ങളുമെല്ലാം രാജൻ ചിത്രീകരിച്ചു.
അച്യുതമേനോൻ രണ്ടാമതും മുഖ്യമന്ത്രിയായപ്പോൾ അന്നത്തെ സോവിയറ്റ് യൂണിയൻ സന്ദർശിക്കുകയുണ്ടായി. (1973) അന്ന് മോസ്‌കോയിലെ പ്രശസ്തമായ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു രാജൻ. അച്യുതമേനോനെ ചെന്നു കാണുകയും കോട്ടിലും സ്യൂട്ടിലുമുള്ള ഫോട്ടോകൾ എടുക്കുകയും ചെയ്തു. വേഷത്തിലും പ്രകൃതത്തിലും ലാളിത്യം പുലർത്തിയ അച്യുതമേനോനെ യൂറോപ്യൻ വേഷത്തിൽ കാണാൻ രാജൻ്റെ ക്യാമറക്കണ്ണുകൾക്കു അവസരമുണ്ടായി. രണ്ടാംവട്ടം മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരത്തുള്ള വസതിയിൽ ചെന്ന് അച്യുതമേനോനെയും ഭാര്യയെയും ചലനചിത്രത്തിലും പകർത്തുകയുമുണ്ടായി.
അച്യുതമേനോൻ്റെ അറുപതോളം ഫോട്ടോഗ്രാഫുകൾ എൻ്റെ ‘പുനലൂർ രാജൻ ശേഖര’ത്തിലുണ്ട്. തിരുവനന്തപുരം, പുന്നപ്ര, മോസ്‌കോ എന്നിവടങ്ങളിൽ നിന്നെടുത്തവ. അച്യുതമേനോൻ്റെ ഒരു പ്രഭാഷണരംഗവും ഭാര്യ അമ്മിണിയമ്മയോടൊപ്പമുള്ള ഗൃഹരംഗങ്ങളും 16 എം.എം. ചലനചിത്രത്തിലും രാജൻ പകർത്തിയിട്ടുണ്ട്.