A Unique Multilingual Media Platform

The AIDEM

Articles Economy Law Society

എങ്കിലും എം.ആർ.എഫേ ലജ്ജാവഹം, ലജ്ജാവഹം

  • March 25, 2024
  • 1 min read
എങ്കിലും എം.ആർ.എഫേ ലജ്ജാവഹം, ലജ്ജാവഹം

പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി പദയാത്ര തുടരുന്നു. കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പ് വേളയിൽ പോലും പ്രതിപക്ഷ കക്ഷി നേതാക്കളെ ഇല്ലാ ക്കേസിൽ കുടുക്കി ജയിലിലാക്കുന്നതും ബാബാ രാംദേവിൻ്റെ പതഞ്ജലി തട്ടിപ്പുമാണ്  ഈ ലക്കത്തിലെ വിഷയങ്ങൾ


രാജ്യത്ത് ഏറ്റവും കൂടുതൽ കോപ്പി അടിക്കുകയും വിൽക്കുകയും ചെയ്യുന്ന ഭാഷാപത്രമാണ് മലയാളമനോരമ. നൂറ്റിരുപത്തഞ്ച് കൊല്ലത്തിലേറെയായി പ്രവർത്തിക്കുന്നു. മാമ്മൻമാപ്പിള കുടുംബത്തിന് മറ്റനേകം ബിസിനസ്സുകളുമുണ്ട്. ക്വയിലോൺ നാഷണൽ ബാങ്കേ പൂട്ടിപ്പോയിട്ടുള്ളൂ. അതിന്റെ പേരിൽ അറസ്റ്റും ജയിൽ വാസവും നാണക്കേടുമൊക്കെയുണ്ടായി. എന്നാൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന എം.ആർ.എഫ് ടയർ കമ്പനി രാജ്യത്തെ ഏറ്റവും പ്രധാന റബ്ബറധിഷ്ഠിത വ്യവസായസ്ഥാപനമല്ലേ. ശതകോടികൾ ലാഭമുള്ള കോർപ്പറേറ്റ് സ്ഥാപനം. പറഞ്ഞിട്ടെന്താ കേരളീയരെയും മലയാളികളെയാകെയും നാണംകെടുത്തിയില്ലേ. ഇലക്ടറൽ ബോണ്ടായി മറ്റു പല കമ്പനികളും ആയിരം കോടിയും അഞ്ഞൂറ് കോടിയുമൊക്കെ കൊടുത്തപ്പോൾ എം.ആർ.എഫ്. കൊടുത്തത് 15 ലക്ഷം ഉരുവ. പത്ത് ലക്ഷത്തിന്റെ ഒരു ബോണ്ടും ഓരോ ലക്ഷം രൂപയുടെ അഞ്ച് ബോണ്ടും. ബോണ്ടെന്ന പേരിൽ എണ്ണായിരത്തോളം കോടി അടിച്ചെടുത്ത ബി.ജെ.പി, എം.ആർ.എഫ് കൊടുത്ത 15 ലക്ഷത്തിന്റെ ബോണ്ടും ബാങ്കിൽ കൊണ്ടുപോയി മാറി പണമാക്കിയത്രെ. നാണമില്ലാതായിപ്പോയാൽ എന്തുചെയ്യും. എന്തിനാണ് 15 ലക്ഷം, കടലിൽ കായം കലക്കിയപോലെയല്ലേ. അവരുടെ മുഖത്തെറിയാമായിരുന്നില്ലേ ആ ബോണ്ടുകൾ. ഏതായാലും മനോരമയുടെ സഹോദര കമ്പനി കേരളത്തിന്റെ പ്രൗഢിയാണ് കളഞ്ഞുകുളിച്ചത്. സീയെറ്റ് ടയേഴ്സ് ആറുകോടിയുടെയും അപ്പോളോ ടയേഴ്സ് മൂന്നുകോടിയുടെയം ബോണ്ട് ബി.ജെ.പിക്ക് നൽകി മുഖംരക്ഷിച്ചു. അതല്ല, പിടിച്ചതിനേക്കാളും വലുത് മാളത്തിലുണ്ടോ. കടലാസ് കമ്പനികളുടെ മറവിൽ വേറെ ബോണ്ടുകൾ കൊടുത്തിട്ടുണ്ടോ ആവോ.

ഒന്നുമില്ലെങ്കിൽ കിഴക്കമ്പലം കിറ്റെക്സ് സാബുവിനെയെങ്കിലും കണ്ടുപഠിക്കണമായിരുന്നു. മഹാപ്രതാപശാലിയായ സാബു ജേക്കബ്  കുട്ടിക്കുപ്പായവും ലുങ്കിയുമുണ്ടാക്കിവിറ്റിട്ടല്ലേ 25 കോടി രൂപ തെലങ്കാനയിലെ ചന്ദ്രശേഖര റാവുവിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊടുത്തത്. കൊച്ചിക്കാർ സഹകരിക്കുന്നില്ല, തെലങ്കാനക്കാർ മുഴുവൻ കൈകളും നീട്ടി വിളിക്കുന്നുവെന്ന് പറഞ്ഞാണ് സാബു അങ്ങോട്ട് വ്യവസായവും കൊണ്ടുപോയത്. ഫാക്ടറി സ്ഥാപിക്കാൻ കോഴ കൊടുക്കുന്നതിന് പകരം ഒറ്റയടിക്ക് 25 കോടിയുടെ ബോണ്ട്. തെലങ്കാനയിലാണെങ്കിൽ ഭരണമാറ്റം സംഭവിച്ചു. പുതിയ ഭരണക്കാരായ കോൺഗ്രസ്സിന് ഒന്നും കൊടുത്തില്ല. കുട്ടിക്കുപ്പായ കമ്പനി നടന്നുപോകണമെങ്കിൽ സാബുവിന് കുറേക്കൂടി ദമ്പടി ചെലവാകുമല്ലോ.

തെലങ്കാനയിലെ കിറ്റെക്‌സ് ഫാക്ടറി. ചിത്രം/ട്വിറ്റർ

ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയ സാന്റിയാഗോ മാർട്ടിനാണ് എല്ലാവർക്കും മാതൃക. ആ മഹാനുഭാവൻ പന്തിയിൽ പക്ഷഭേദം കാട്ടിയില്ല. ബി.ജെ.പിക്ക് ശതകോടികൾ നൽകിയപ്പോൾ ഏതാണ്ടതിനടുപ്പിച്ച് ഡി.എം.കെയ്ക്കും നൽകി. കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പണമിറക്കാൻ ആദ്യം അറച്ചുനിന്ന മാർട്ടി കോൺഗ്രസ് ജയിക്കുമെന്ന പ്രവചനം വന്നപ്പോൾ ഉണർന്നു. അമ്പതുകോടിയുടെ ബോണ്ട് വാങ്ങി കോൺഗ്രസ്സിന് കൊടുത്തു. 

സർക്കാരിൽ നിന്ന് കരാറുറപ്പിക്കാൻ കോഴകൊടുക്കുന്നതിനുപകരം ബോണ്ടുകൊടുക്കലാണല്ലോ നടപ്പുരീതി. ആന്ധ്രയിലെ ബി.ജെ.പി എം.പിയായ സി.എം രമേശിന്റെ ഋത്വിക് പ്രൊജക്ട് നിർമാണ കമ്പനിക്ക് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ 1098 കോടിയുടെ നിർമാണ കരാർ കിട്ടിയത് കഴിഞ്ഞ മാർച്ച് അവസാനമാണ്. ഏപ്രിൽ രണ്ടാം വാരത്തിൽ ആ കമ്പനി 30 കോടിയുടെ ബോണ്ട് വാങ്ങി കോൺഗ്രസ്സിന് കൊടുത്തു.

ദോഷം പറയരുതല്ലോ അഴിമതിക്കെരെ കുരിശുയുദ്ധം പ്രഖ്യാപിച്ച മഹാനുഭാവനാണ് നരേന്ദ്ര മോദിജി. അതുകൊണ്ടാണല്ലോ ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിനെ ജയിലിലാക്കിയത്. ഡൽഹിയിലെ മറ്റു രണ്ടുമന്ത്രിമാരെ ജയിലിലാക്കിയിട്ട് കൊല്ലം ഒന്നിലേറെയായി. ഇപ്പോഴാണ്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴാണ് കെജ്രിവാളിന്റെ ഊഴമായത്. കുറ്റകൃത്യം ചെയ്താൽ ജയിലിലാക്കാൻ സമയവും സന്ദർഭവും നോക്കേണ്ടതില്ല. ഉടനടി അറസ്റ്റ് വേണം. മന്ത്രി സിസോദിയയെയും മറ്റും ജയിലിലടച്ചിട്ട് അതേ കേസിലെ കെജ്രിവാളിനെ അറസ്റ്റുചെയ്യാൻ തിരഞ്ഞെടുപ്പ്കാലം വരെ കാത്തിരുന്നതെന്തിനാണെന്നും ചോദിച്ചുകൂട. തെളിവുകളല്ല മൊഴിയാണ് കെജ്രിവാളിനെ കുടുക്കാൻ ഉപയോഗിച്ചത്. മൊഴി കൊടുത്തത് തെലങ്കാനയിലെ പി. ശരത്ചന്ദ്ര റെഡ്ഡി. ഡൽഹി മദ്യനയക്കേസിലെ പ്രതിയായ ഈ റെഡ്ഡി അറസ്റ്റിലായി ഒരാഴ്ചക്കകം ബി.ജെ.പി.ക്ക് കൊടുത്തത് അഞ്ചുകോടിയുടെ ബോണ്ട്. പിന്നീട് കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡിയുടെ വാഗ്ദാനം. ആം ആദ്മി പാർട്ടിയുടെയും കെജറിവാളിന്റെയും പേരുപറഞ്ഞാൽ ത്തന്നെ ധാരാളം. റെഡ്ഡിയെ ഇ.ഡി. മാപ്പുസാക്ഷിയാക്കി. 29.5 കോടിയുടെ ബോണ്ടുകൂടി റെഡ്ഡി ബി.ജെ.പിക്ക് നൽകി. കെജ്രിവാളിനെ ജയിലിലടക്കാൻ ഉപയോഗപ്പെടുത്തിയ പ്രതിയെ മാപ്പുസാക്ഷിയാക്കാൻ അയാളിൽ നിന്ന് വാങ്ങിയ ബോണ്ടുകൾ 34.5 കോടിയുടേത്. തീർന്നില്ല റെഡ്ഡിയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിവക 20 കോടിയും കൂടി. പോരേ പൂരം. കെജ്രിവാളിനെ കുരുക്കാൻ ആ റെഡ്ഡി പറയുന്നത് മുഖവിലെക്കെടുത്താൽ മതിയല്ലോ. ഭരണകക്ഷിയുടെ പണ്ഡാരപ്പിരിവുകാരെപ്പോലെ ഇ.ഡിയുടെ പ്രവർത്തനമെന്ന് പ്രതിപക്ഷം. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ റോബർട്ട് വാദ്രെയുമായി അടുത്ത് ബന്ധമുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡി.എൽ.എഫ്. ബി.ജെ.പിക്ക് 170 കോടിയുടെ ബോണ്ടാണ് കൊടുത്തത്. 

ഡി.എൽ.എഫ് നൽകിയ ഇലക്ട്‌റൽ ബോണ്ടുകളിൽ ചിലത് (See Full List Here)

ഏതായാലും നരേന്ദ്രമോദി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നോട്ടുരഹിതമാക്കും, ഡിജിറ്റലാക്കും എന്ന വാഗ്ദാനം ഏറെക്കുറെ പൂർണമായും പാലിക്കുകയാണ്. കോഴ എന്ന ഒരു സംവിധാനമേയില്ല. അതായത് കോഴ പണമായി നൽകില്ല. ബോണ്ട് രൂപത്തിലാണ് കോഴ പ്രവർത്തിക്കുക. ഭരണകക്ഷിയുടെ ഏതെങ്കിലും തരത്തിലുള്ള പ്രീതി ആവശ്യമുണ്ടെങ്കിൽ ബോണ്ടിന്റെ രൂപത്തിൽ കാണേണ്ടതുപോലെ കാണുക- ഇങ്ങനെയാണ് ആറുകൊല്ലമായി കേന്ദ്രഭരണകക്ഷിയുടെ കുംഭകോണം. കോൺഗ്രസ്സിനും ഇതിനോട് പെരുത്തിഷ്ടമാണ്. ബി.ജെ.പിക്ക് കിട്ടിയത് എണ്ണായിരത്തോളമാണെങ്കിൽ കോൺഗ്രസ്സിനും അതിന്റെ നാലിലൊന്നോളം കിട്ടി. അവരുടെയത്രയും കിട്ടിയില്ലെന്ന് പറഞ്ഞിട്ടുകാര്യമില്ല. എന്തുകണ്ടിട്ടാണ് കോർപ്പറേറ്റുകൾ നിങ്ങൾക്ക് ബോണ്ട് തരേണ്ടത്. കിട്ടുന്ന പൈസതന്നെ കൃത്യമായി സൂക്ഷിക്കാനും കണക്കുവെക്കാനുമറിയാത്തവരെ ആരാണ് തിരിഞ്ഞുനോക്കുക. ആദായനികുതി റിട്ടേൺ കൃത്യമായി കൊടുക്കാതെ ഉള്ള ഫണ്ടും കളഞ്ഞുകുളിച്ചിട്ട് വിലപിച്ചിട്ടെന്തുകാര്യം. സംഘടനാ സംവിധാനം കൃത്യമായി പ്രവർത്തിപ്പിക്കാതെ രാഹുൽ ഗാന്ധി പോകുന്നിടത്തെല്ലാം പെട്ടിയുമെടുത്ത് പിന്തുടരുകയാണല്ലോ നേതാക്കൾ. അതിനാൽ വിലാപത്തിലൊന്നും കാര്യമില്ല.

ഡൽഹി മദ്യനയക്കേസിൽ 100 കോടിയുടെ കോഴ കൈമറിഞ്ഞുവെന്നാണല്ലോ, അതും ബി.ആർ.എസ്സിന്റെ കെ. കവിത മുഖേനയാണെന്നാണല്ലോ ഇ.ഡിയും സി.ബി.ഐയും പറയുന്നത്. നരേന്ദ്രമോദി 2018 മുതൽ നടപ്പാക്കിയ ഇലക്ടറൽ ബോണ്ട് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചു. ആരെല്ലാമാണ് സ്വരക്ഷയെ കരുതി കോടികളുടെ, ശതകോടികളുടെ ബോണ്ടുകോഴ നൽകിയതെന്നും സുപ്രിംകോടതി പുറത്തുകൊണ്ടുവന്നു. ജനാധിപത്യത്തിന്റെ പേരിൽ രാജ്യത്തുനടന്ന കുംഭകോണത്തിന് നേതൃത്വംനൽകിയ പ്രധാനമന്ത്രിക്ക് എവിടെയായിരിക്കണം സ്ഥാനം?

മോദി ഭരണത്തോടൊപ്പംതന്നെ വളർന്നുവികസിച്ചതാണ് പതഞ്ജലി. വയറുകൊണ്ട് ഉരുട്ടിക്കളി നടത്തുന്ന ഒരു നാടൻ വ്യാജ സിദ്ധനായ ബാബാ രാംദേവ് കേന്ദ്രഭരണത്തിന്റെ തണലിൽ വികസിച്ചുവികസിച്ച് മുന്നോട്ടുപോവുകയാണ്. പതഞ്ജലിയുടെ ഉല്പന്നങ്ങളേ ഉപയോഗിക്കാവൂ എന്നുവരെയാണ് ആത്മീയവ്യാപാരികളുടെ പ്രചാരണം. വയറുരുട്ടിക്കളി നടത്തുന്ന യോഗീശ്വരൻ രാംദേവല്ല, ആചാര്യ ബാൽകൃഷ്ണയെന്നയാളാണ് പതഞ്ജലിയുടെ മുതലാളി. 94 ശതമാനം ഓഹരിയും പുള്ളിക്കാണ്. സനാതന ധർമക്കാർക്കായി പ്രത്യേകം ഉല്പാദിപ്പിക്കുന്ന ചരക്കുകളാണ് രാംദേവിനെ ബ്രാൻഡ് അമ്പാസഡറാക്കി ആചാര്യ ബാൽകൃഷ്ണ രാജ്യത്തെങ്ങും വിൽക്കുന്നത്. കോവിഡ് മരുന്ന് കണ്ടുപിടിച്ചു, വന്ധ്യതയ്ക്ക് മരുന്നു കണ്ടുപിടിച്ചു എന്നിങ്ങനെ വ്യാജ അവകാശവാദമുന്നയിച്ച് വ്യാജ മരുന്നുകൾ വിപണിയിലിറക്കുന്നു, അതിന് പരസ്യം നൽകുന്നു, പരസ്യം നൽകാൻ മാത്രമായി സ്വന്തം ചാനൽ നടത്തുന്നു എന്നെല്ലാം ആരോപണങ്ങളുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട്, മരുന്നുകളുമായി ബന്ധപ്പെട്ട് വ്യാജ പരസ്യങ്ങൾ കൊടുക്കുന്നത് മലയാളത്തിലെയടക്കം പ്രമുഖ പത്രങ്ങളിലാണ്. ഇങ്ങനെയുള്ള പരസ്യങ്ങൾ സുപ്രിംകോടതി തന്നെ നിരോധിച്ചു. അതായത് രാംദേവിന്റെയും പതഞ്ജലിയുടെയും കുതികാൽ വെട്ടി. സുപ്രിംകോടതിയുടെ നിർദേശം അംഗീകരിക്കാതെ വെല്ലുവിളിക്കുയായിരുന്നു ആദ്യം പതഞ്ജലിക്കാർ. കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങിയപ്പോൾ മാപ്പപേക്ഷിച്ചു.

രാജ്യത്തെ എല്ലാ നഗരത്തിലും പതഞ്ജലിയുടെ വില്പനശാലകളുണ്ട്. അവിടെയെല്ലാം ഉപഭോക്താക്കളുണ്ട്. പതഞ്ജലിയെയും രാംദേവിനെയും സുപ്രിംകോടതി നിശിതമായി വിമർശിച്ചതും കോടതിയലക്ഷ്യനടപടിയിലേക്ക് കടന്നതും കമ്പനി മാപ്പുപറഞ്ഞതും ജനങ്ങളെ അറിയിക്കാൻ നേരത്തെ പരസ്യം നൽകിയ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. പക്ഷേ ആരും കാണാത്ത മൂലയിൽ രണ്ടുവരിയിൽ വാർത്ത ഒതുക്കുകയാണ് ചെയ്യുന്നത്. പതഞ്ജലിയുടെ പേരുപയോഗിച്ചു തട്ടിപ്പുനടത്തുന്ന കമ്പനിക്കെതിരെ ഉത്തരാഖണ്ഡിൽ നൂറിലധികം കേസുകളുണ്ട്. സനാതനധർമക്കാരെല്ലാം പരിപാവനമെന്ന് പറഞ്ഞ് പൂജിക്കുയും കുടിക്കുകയും ചെയ്യുന്ന ഗംഗാനദിയെ മലിനമാക്കിയതിന് നിരവധി കേസുകൾ. അവിടെ ജോലിചെയ്യുന്നവർക്ക് മിനിമം വേതനംപോലും കൊടുക്കാതെ ചൂഷണം ചെയ്തത്തിനെതിരായ കേസുകൾ. ജോലിയല്ല, വോളന്ററി സേവനമാണെന്ന് പറഞ്ഞ് മിനിമം വേതനനിയമത്തെ ചോദ്യം ചെയ്യുന്നവരാണവർ. ആത്മീയതയുടെ പേരിൽ, യോഗയുടെ പേരിൽ വിപണി കയ്യടക്കിയ കള്ളനാണയങ്ങൾ നിർബാധം വിലസുകതന്നെ.

***

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴുള്ള ആത്മവിശ്വാസം ബി.ജെ.പിക്ക് നഷ്ടമായോ. അടിയന്തരാവസ്ഥക്കാലത്ത് അതിന് അയവുവരുത്തി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധിയെ ധൈര്യപ്പെടുത്തിയത് റോയും മറ്റ് രഹസ്യാന്വേഷണ ഏജൻസികളും നൽകിയ റിപ്പോർട്ടാണ്. മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷം ഉറപ്പ്. പക്ഷേ സംഭവിച്ചത് നേരെ മറിച്ചാണല്ലോ. ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴേ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് നാനൂറ് സീറ്റ് കടക്കുമെന്നുറപ്പായി എന്നാണ്. കേരളത്തിലെ രണ്ടക്കം സീറ്റും അതിൽപ്പെടും. രണ്ട് വിരലാണ് മോദി ഉയർത്തിക്കാട്ടിയത്. അപ്പോൾ 11- ആണ് കേരളത്തിലെ പ്രതീക്ഷ. പക്ഷേ ആദ്യഘട്ടത്തിൽ ത്തന്നെ ആ മോഹത്തിന് വിള്ളൽ വരുന്നുണ്ടെന്ന് തോന്നുന്നു. അതല്ലെങ്കിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം ഭ്രാന്തമായ നടപടികളിലേക്കുപോകുമോ. ആദ്യം പൗരത്വനിയമഭേദഗതി വിജ്ഞാപനം ചെയ്യുന്നു, ബോണ്ട് കുംഭകോണത്തെ സുപ്രിംകോടതി പിച്ചിച്ചീന്തിയപ്പോൾ ഡൽഹി മദ്യകേസിൽ കെ. കവിതയെ അറസ്റ്റ് ചെയ്യുന്നു. പിന്നീട് ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നു.

അരവിന്ദ് കെജരിവാൾ, കെ കവിത, മനീഷ് സിസോദിയ

യമദൂതന്മാരെപ്പോലെ ഇ.ഡിക്കാർ കുരുക്കാനുള്ള കയറുമായി നാടെങ്ങും ചുറ്റുന്നു. കോൺഗ്രസ്സിന്റെ ഫണ്ട് മുഴുവൻ ആദായ നികുതിക്കാരെക്കൊണ്ട് പിടിച്ചെടുപ്പിക്കുന്നു. മഹുവാ മൊയ്ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയിട്ടും അരിശംതീരാതെ അവരെ കുരുക്കിക്കെട്ടാൻ വീടുവളഞ്ഞിരിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയാണവർ എന്നതുപോലും മറക്കുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ താണ്ഡവത്തിലേക്കാണ് പോകുന്നത്. ഇതെല്ലാം തടയാൻ ഉത്തരവാദിത്തമുള്ളത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. പ്രധാനമന്ത്രിയും പ്രധാനമന്ത്രിക്ക് താല്പര്യമുള്ള മറ്റൊരു മന്ത്രിയും ചേർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നത്. അതായത് പ്രധാനമന്ത്രിയുടെ, അഥവാ ഏതെങ്കിലും കാബിനറ്റ് മന്ത്രിയുടെ പേർസണൽ സ്റ്റാഫിൽ സിവിൽ സർവീസിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിൽ അപ്പുറമൊന്നുമില്ല. കഴിഞ്ഞയാഴ്ച രണ്ടുപേരെ നിയമിച്ചു. 200 പേരുടെ പട്ടികയിൽ നിന്നാണ് രണ്ടുപേരിൽ എത്തിയത്. സുപ്രിംകോടതി സർക്കാരിനോട് ഒരു തമാശച്ചോദ്യംചോദിച്ചു- ഇത്രവേഗം ഇരുന്നൂറിൽ  നിന്ന് രണ്ടിലെത്തിയല്ലോ– ഭയങ്കരംതന്നെ. അവരാണ് ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ ചെയ്തികൾ പരിശോധിക്കേണ്ടത്- സ്വാമി ശരണം.

About Author

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.