പണ്ടച്ഛൻ ആനപ്പുറത്തേറിയെന്നാലുണ്ടാകുമോ ആ തഴമ്പ്……
പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി ‘പദയാത്ര’ തുടരുന്നു. വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള രാഷ്ട്രീയത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളും വർധിച്ച് വരുന്ന മനുഷ്യ-വന്യജീവി സംഘർഷവും ഇവിടെ വിമർശ വിധേയമാകുന്നു.
സിനിമയിൽ കോൾ ഷീറ്റ് കൊടുക്കുമ്പോൾ അഡ്വാൻസ് നൽകുമല്ലോ. ബാക്കി തുക അഭിനയം പൂർത്തിയാക്കി ഡബ്ബിങ്ങും കഴിഞ്ഞാലാണ് കണക്ക് തീർക്കുക. പലപ്പോഴും വണ്ടിച്ചെക്കിന്റെ രൂപത്തിലാണത് നടക്കുകയെന്ന ആവലാതിയുമുയരാറുണ്ട്. ഇതേക്കുറിച്ചെല്ലാം നല്ല പരിചയമുള്ള സുരേഷ്ഗോപി ദൈവത്തിനുവരെ അഡ്വാൻസാണ് കൊടുക്കുന്നതെന്നതാണ് തൃശ്ശിവപേരൂരിൽ നിന്നുള്ള വാർത്ത. ലൂർദ് മാതാവിന് ഇപ്പോൾ ചാർത്തിയ കിരീടം താൽക്കാലികമാണ്, തൃശ്ശിവപേരൂരിൽ തന്നെ ജയിപ്പിച്ചാൽ പത്ത് ലക്ഷത്തിന്റെ പൊൻകിരീടം ചാർത്തും, ഇതു സത്യം, സത്യം എന്നാണ് നടന്റെ ഡയലോഗ്.
ലൂർദ് മാതാവിന് പൊൻകിരീടം നേർന്നത് മകളുടെ വിവാഹത്തിന് മുമ്പ് യാഥാർഥ്യമാക്കിയതാണ്. ചാനലുകാരെയെല്ലാം വിളിച്ച് പള്ളിക്കകത്തുകയറ്റി തത്സമയ സംപ്രേഷണം നടത്തിച്ചതാണ്. മാതാവിന്റെ ശിരസ്സിൽ കിരീടം ചാർത്തിയതും അതേനിമിഷം അത് മാതാവ് നിരസിച്ചതിന് തുല്യം നിലംപതിച്ചതും ജനം കണ്ടതാണല്ലോ. ചില കാര്യങ്ങൾ നിഗൂഢമായി വേണം ചെയ്യാൻ, തത്സമയ സംപ്രേഷണത്തിന് ചാനലുകാരെ വിളിച്ചുകൊണ്ടുപോയതാണല്ലോ കുഴപ്പമായത്. മറ്റാർക്ക് മനസ്സിലായില്ലെങ്കിലും ആരാണോ കിരീടമണിയുന്നത് അവർക്ക് മനസ്സിലാകുമല്ലോ മാറ്റ്. മാതാവിന് കാര്യം മനസ്സിലായതിനാലായിരിക്കുമല്ലോ കിരീടം വീണത്.
ആ കിരീടത്തിന് അരക്കിലോ തൂക്കമുണ്ടത്രെ. അതിൽ പക്ഷേ സ്വർണമെത്ര ഗ്രാമുണ്ടെന്ന് ശാസ്ത്രീയമായി പരിശോധിക്കണമെന്നാണ് പള്ളിയുടെ നടത്തിപ്പുകാരായ ഇടവക കമ്മിറ്റിയുടെ തീരുമാനമെന്നാണ് വാർത്ത. ഇടവകയോഗത്തിൽ വലിയ ആശങ്കയാണത്രെ ഉയർന്നത്. അഛന്മാരെയും കപ്യാരെയും കൈക്കാരെയുമെല്ലാം ഭാവിയിൽ സംശയനിഴലിലാക്കുന്ന അഭിനയമാണ് സൂപ്പർസ്റ്റാറായ സുരേഷ്ഗോപിയിൽ നിന്നുണ്ടായതെന്നാണ് ആക്ഷേപം. കിരീടത്തിൽ 95-ഓ അതിലേറെയോ ശതമാനം ചെമ്പാണെന്നോ മറ്റോ ആണ് സംസാരം. എത്ര ശതമാനമെന്നതൊക്കെ പരിശോധിച്ചാലല്ലേ അറിയൂ. ഏതായാലും ചാർത്തിയ ആൾ കിരീടത്തിലെ സ്വർണമെത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. ശില്പിയാകട്ടെ പറയുന്നത് സുരേഷ്ഗോപി തന്ന സ്വർണം ഉപയോഗിച്ചാണ് കിരീടം നിർമിച്ചത്, ബാക്കി സ്വർണം അദ്ദേഹത്തിനുതന്നെ തിരിച്ചുകൊടുത്തുവെന്നുമാണ്. കിരീടം മുഴുവൻ സ്വർണമാണെങ്കിൽ 25 ലക്ഷം രൂപയോളം ചെലവുവരുമല്ലോ. പക്ഷേ ഇപ്പോൾ തന്റെ ത്രാണിക്കനുസൃതമായാണ് കൊടുത്തത്, തൃശൂരെടുത്ത് കയ്യിത്തന്നാൽ അന്ന് രൊക്കം പത്തുലക്ഷത്തിന്റെ കിരീടം ചാർത്തുമെന്നാണ് സുരേഷ്ഗോപി പറഞ്ഞത്. അതായത് ഇപ്പോഴത്തേത് അഡ്വാൻസായി കണക്കാക്കിയാൽ മതിയെന്ന്. ഏതായാലും ദൈവത്തിന് സ്വർണമെന്ന പേരിൽ ചെമ്പ് കൊടുത്തിട്ട് ആരാധനാലായത്തിന്റെ കൈകാര്യകർത്താക്കളെ ഭാവിയിൽ സംശയത്തിലാക്കാനാണ് അഭിനേതാവ് ശ്രമിച്ചതെന്നാണ് ഇടവകയിലെ വർത്തമാനം.
തൃശ്ശിവപേരൂരിലെ നിലവിലെ എം.പിയും ഇത്തവണയും മത്സരിക്കുമെന്ന് കേട്ടിരുന്നയാളുമായ ടി.എൻ പ്രതാപന് അഡ്വാൻസ് ഇനത്തിൽ വൻ തുകയാണ് നഷ്ടമായത്. ഒരുപക്ഷേ ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നഷ്ടം. ആദർശധീരനായ പ്രതാപൻ മത്സരിക്കുന്നില്ലെന്നതേ നഷ്ടം. അതിന് പുറമെയാണ് പുള്ളിക്കാരന്റെ കീശ കാലിയായത്. മൂന്നര ലക്ഷം പോസ്റ്ററാണ് അദ്ദേഹം അച്ചടിപ്പിച്ചത്. നൂറ്റമ്പതിടത്താണ് അദ്ദേഹത്തിന്റെ ബഹുവർണ ചിത്രത്തോടെ ചുവരെഴുത്ത് നടത്തിയത്. മുന്നൂറു വൻ ബോർഡുകളാണ് തൂക്കിയത്. ഇതിനെല്ലാം അഡ്വാൻസേ കൊടുത്തിട്ടുണ്ടാവൂ. പോസ്റ്ററൊട്ടിക്കാനും ചുവരെഴുതാനും ബൂത്തുകളിലേക്ക് കൊടുത്തതും സംതിങ്ങ് മാത്രം… കെ. മുരളീധരനെയും കെ. സുധാകരനെയും പോലെ ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രതാപനും കട്ടായം പറഞ്ഞതാണ്. പക്ഷേ രാഷ്ട്രീയക്കാരുടെ വേണ്ട വേണ്ടണമാണല്ലോ. ഉണ്ടിട്ടുപോകാമെന്ന് പറഞ്ഞാൽ വേണ്ടേ വേണ്ടെന്ന് പറയും. അല്ല, ഉണ്ടിട്ടുപോകാം എന്ന് ഒരിക്കൽക്കൂടി ക്ഷണിച്ചാൽ മോരുണ്ടോ എന്ന് ചോദിക്കും. അയ്യോ മോരില്ല എന്ന് ആതിഥേയൻ പറഞ്ഞാൽ, ഓ മോരില്ലേ എന്നാൽ ഒരു പിടി ഉണ്ടുകളയാം… എന്നാണല്ലോ. അങ്ങനെ സുധാകരനും മുരളീധരനും മത്സരിക്കാൻ മണ്ഡലംകിട്ടി. പ്രതാപന്റെ നെഞ്ചിൽ ചവിട്ടിയായിപ്പോയി മുരളിക്കുള്ള ടിക്കറ്റ് എന്നാണിപ്പോൾ പ്രതാപാനുകൂലികളുടെ വിലാപം.
പ്രതാപൻ പാർലമെന്റിൽ പോയി വേണ്ടാത്ത പണിയെടുക്കുമ്പോൾ ആലോചിക്കണമായിരുന്നു, പാര വരാനുണ്ടെന്ന്. കേന്ദ്രം കേരളത്തിന് നൽകാനുള്ള ഗ്രാന്റുകളും നികുതി വിഹിതവും പിടിച്ചുവെക്കുന്നതിനെതിരെ സാമ്പത്തിക രംഗത്തെ ഫെഡറൽ നീതി ഇല്ലാതാക്കുന്നതിനെതിരെ പ്രതാപനാണ് പാർലമെന്റിൽ ശക്തമായി പ്രതികരിച്ചത്. കേന്ദ്രം കേരളത്തിന് ഒന്നും തരാനില്ല, കേരളം ചോദിച്ചാൽ കാൽക്കാശ് കൊടുത്തുപോകരുതെന്ന് പ്രതിപക്ഷനേതാവ് സതീശൻ ദിവസം മൂന്നുനേരമെങ്കിലും പ്രസ്താവിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതവഗണിച്ച് കേരളത്തിനായി വാദിച്ചുപോയത്. വടകരയിൽ നിന്ന് അവസാന നിമിഷം കെ. മുരളീധരനെ തൃശൂരിലേക്ക് മാറ്റാൻ സമ്മർദം ചെലുത്തിയത് സതീശനാണന്നാണല്ലോ വാർത്ത. ഇനിയെങ്കിലും മുൻപിൻ നോക്കാതെ എടുത്തുചാടരുതേ പ്രതാപാ.
പ്രതാപന് പകരം മുരളീധരൻ വന്നതിനെപ്പറ്റി പ്രതികരണമാരാഞ്ഞ മാപ്രകളോട് മഹാനടൻ സുരേഷ്ഗോപി പറഞ്ഞത് തനിക്ക് മുമ്പിൽ പ്രജകളേയുള്ളുവെന്നാണ്. ചക്രവർത്തിക്ക് മുമ്പിൽ പ്രജകളല്ലാതെ പൗരന്മാരോ വോട്ടർമാരോ അല്ലല്ലോ ഉണ്ടാവുക.
***
പണ്ടച്ഛൻ ആനപ്പുറത്തേറിയെന്നാലുണ്ടാകുമോ അത്തഴമ്പ് തൽപുത്രർക്കും എന്ന കിടിലൻ ചോദ്യം ലീഡർ കെ. കരുണാകരൻ സോണിയാ ഗാന്ധിയോട് ചോദിച്ചതാണ്. മുഴുവനായിട്ടുണ്ടാവില്ലെങ്കിലും കുറച്ചെല്ലാം ഉണ്ടാകുമെന്നാണ് കെ. മുരളീധരനെപ്പോലെ പത്മജാ വേണുഗോപാലും തെളിയിക്കുന്നത്. കരുണാകരന്റെ മകളായിട്ടും തനിക്ക് അർഹതപ്പെട്ടതെന്തെങ്കിലും തന്നുവോ, ഒന്നുമില്ലെങ്കിലും തഴമ്പെങ്കിലും പരിഗണിക്കണ്ടേ. മൂന്നുവട്ടം മത്സരിക്കാൻ അവസരം തന്നില്ലേ എന്ന് മറുചോദ്യം. മൂന്നുവട്ടവും നിങ്ങൾ തോൽപ്പിച്ചില്ലേ എന്നു പത്മജയുടെ ചോദ്യം. കുറേക്കാലമായി താൻ തൃപ്തയല്ല എന്നതാണ് പത്മജ തുറന്നുപറഞ്ഞത്. എന്താണപ്പാ അതൃപ്തി. തൃപ്തിയില്ലാത്ത കാര്യം കോൺഗ്രസ്സിനെ അറിയിച്ചിരുന്നോ, അതിന്റെ യോഗത്തിനൊക്കെ പോകാറുണ്ടോ? കോൺഗ്രസ്സിൽ ശക്തമായ നേതൃത്വമില്ല. ബി.ജെ.പിയിലാകട്ടെ അതിശക്തമായ നേതൃത്വമുണ്ട്- അതിനാൽ താനങ്ങോട്ടുപോകുന്നുവെന്നാണ് പത്മജ പറഞ്ഞത്. യൂത്തുകോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ കണ്ടുപിടുത്തം പത്മജാ വേണുഗോപാൽ തന്തക്ക് പിറക്കാത്തതാണെന്നാണ്. തന്തക്ക് പിറക്കാത്ത മക്കളുണ്ടാവില്ലല്ലോ. അപ്പളോൾപ്പിന്നെ ആ പറഞ്ഞതിന്റെ അർഥം കരുണാകരന്റെ മകളല്ല എന്നാണ്. യൂത്തുകോൺഗ്രസ്സിന്റെയും കോൺഗ്രസ്സിന്റെയും ഔദ്യോഗിക അഭിപ്രായമോ നിരീക്ഷണമോ ആണോ ഇതെന്നതാണ് നാട്ടുകാരുടെ മനസ്സിൽ വരുന്ന ചോദ്യം. ഇക്കാര്യത്തിൽ മുരളീധരന്റെ പ്രതികരണത്തിന് വലിയ പ്രസക്തിയുണ്ടാവും. അദ്ദേഹം പക്ഷേ പത്മജയുമായുള്ള ബന്ധം മുറിച്ചുവെന്നാണല്ലോ പറയുന്നത്. മുരളീധരന്റെ അനുജത്തിയാണന്നത് നിസ്തർക്കമാണ്. അതിനാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ തന്തക്ക് വിളി പ്രസ്താവനയ്ക്ക് മുരളീധരൻ മറുപടി പറയുന്നില്ലെങ്കിൽ… ഹാ, ലജ്ജാകരം.
എ.കെ ആന്റണിയുടെ പുത്രൻ ബി.ജെ.പിയിൽ പോയി ദേശീയ ഭാരവാഹിയായപ്പോൾ കോൺഗ്രസ് നേതൃത്വത്തിന് വലിയ എതിർപ്പോ പരിഹാസമോ ഉണ്ടായില്ല. മക്കൾ നന്നായിവരണമെന്നാണല്ലോ മാതാപിതാക്കൾ ആഗ്രഹിക്കുക. അനിൽ ആന്റണി ബി.ജെ.പിയിൽ പോയി രക്ഷപ്പെട്ടതിൽ ആന്റണിക്കും പത്നിക്കും ഏറിയ ആനന്ദം. ബി.ജെ.പിക്ക് അങ്ങനെ തന്നെ വേണമെന്നാണ് കോൺഗ്രസ്സുകാരുടെ തോന്നൽ. കാരണം ടോം വടക്കന്റെയൊക്കെ നിലവാരത്തിലുള്ള ആളാണ്. വർത്തമാനം കേട്ടാൽ ഒരാളും ഒന്നിച്ചുപോകില്ല. പക്ഷേ ലീഡറുടെ പുത്രി ആ സൈസല്ലെന്നതാണ് മുരളീധരൻ ബന്ധം മുറിച്ചതായോ പടിയടച്ച് പിണ്ഡംവെച്ചതായോ ഒക്കെ പറയാൻ കാരണം. വെള്ളാപ്പളളി പറഞ്ഞത് മെമ്പർഷിപ്പ് കാശുമാത്രമാണ് ബി.ജെ.പിക്ക് ലാഭമെന്നാണ്. വെള്ളാപ്പള്ളിക്ക് തെറ്റി. ഇത് ലീഡർ പറഞ്ഞതുപോലെയല്ല, തഴമ്പുള്ള പാർട്ടിയാണ്. നാവിൽ ശുക്രൻ കളിയാടും. അനിൽ ആന്റണിയെപ്പോലെ അവഗണിക്കാനാവില്ല. അനിൽ പ്രസംഗിക്കാൻ വന്നാൽ ജനം പരിഹസിച്ചോളും. ലീഡറുടെ മകളുടെ കാര്യം വേറെയാണ്. ഒന്നും കാണാതെയല്ല, ഒരുപാടനുയായികളുണ്ടായതിനാലുമല്ല, കോൺഗ്രസ്സിനെ മാന്തിപ്പറിക്കാൻ എല്ലായിടത്തും കൊണ്ടുപോയി പ്രസംഗിപ്പിക്കും. കോൺഗ്രസ്സുകാരെ ബി.ജെ.പിയിലെത്തിക്കുന്നതിനുള്ള പാലമാക്കി ഉപയോഗിക്കാൻ നോക്കും… അതുകൊണ്ട് മറുപടി പറയാൻ റെഡിയായിക്കൊള്ളൂ. രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസുകൊടുക്കുമെന്നാണ് ആദ്യത്തെ ഭീഷണി.
കോൺഗ്രസ്സിൽ നിന്ന് ബി.ജെ.പിയിലേക്ക് പോകുന്നവരുടെ കണക്കെടുക്കുന്ന പണിയിലാണ് സി.പി.എമ്മുകാർ. അത് കണ്ട് സംഘപരിവാറുകാർക്ക് ചിരിയടക്കാൻ കഴിയുന്നില്ല. ബി.ജെ.പിയിലെത്തിയ കോൺഗ്രസ്സുകാർ ആരെല്ലാമാണെന്ന് ബി.ജെ.പിക്കുപോലും ഓർമയില്ല. കോൺഗ്രസ്സുകാരുടെ കാര്യം പറയാനുമില്ല. ആരൊക്കെയാണ് മുൻ കൊങ്ങികൾ എന്ന് പറയാനാവാത്ത സ്ഥിതി. ഇപ്പോഴതൊരു വാർത്തയേയല്ലാതായല്ലോ. പട്ടി ആളെ കടിച്ചാൽ വാർത്തയല്ല, ആള് പട്ടിയെ കടിച്ചാലാണ് വാർത്ത. പച്ചപ്ലാവില കണ്ടാൽ ആട് അതിന്റെ പിന്നാലെ പോകും. അതിൽ വിശേഷിച്ചൊന്നുമില്ല. എന്തെങ്കിലും നാലു കാശോ എന്തെങ്കിലും സ്ഥാനമോ കാണിച്ചാൽ ഒരുവകപ്പെട്ട കോൺഗ്രസ് നേതാക്കളെല്ലാം പോകുമെന്നാണ് ദോഷൈകദൃക്കുകൾ പറയുന്നത്. അതൊരു വാർത്തയല്ല. അതുകൊണ്ട് അതിന്റെ കണക്കെടുക്കാൻ നിന്നാൽ സി.പി.എമ്മുകാരുടെ പണിയാണ് മുടങ്ങുക. കണക്കെഴുതി തീർക്കാനുമാവില്ല. തിരയെണ്ണുന്നതാവും അതിലും ഭേദം.
മനു അഭിഷേക് സിംഗ്‌വി കോൺഗ്രസ്സിന്റെ ദേശീയ വക്താവാണ്, സുപ്രിംകോടതിയിലെ വമ്പൻ വക്കീലാണ്. അദ്ദേഹം പറഞ്ഞത് കുടിച്ച വെള്ളത്തിൽ വിശ്വക്കാനാവാത്ത ചരക്കുകളാണെന്നല്ലേ. രാത്രി ഒന്നിച്ച് അത്താഴം കഴിച്ച്. രാവിലെ ഒന്നിച്ചു പ്രാതൽ കഴിച്ച് യാത്രയാക്കിയവർ ബൂത്തിലെത്തിയപ്പോൾ ഒറ്റച്ചാട്ടത്തിന് അപ്പുറത്തെത്തിയതാണ് സിംഗ്‌വിയെ അമ്പരപ്പിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു. ജാർഖണ്ഡിലെ ഒരേയൊരു എം.പി പോയി. മുൻ മുഖ്യമന്ത്രി പോയി. മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രി അശോക് ചവാൻ പോയി. ആകെ 13 മുൻ മുഖ്യമന്ത്രിമാർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ അഭയം പ്രാപിച്ചു. രണ്ട് മാസത്തിനിടെ നാല്പതോളം സംസ്ഥാന-ദേശീയ നേതാക്കളാണ് സംഘപരിവാറിൽ അഭയം തേടിയത്. രാഹുൽ ഗാന്ധിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുമെന്ന് പറയുന്ന അസം മുഖ്യമന്ത്രി മുമ്പത്തെ കോൺഗ്രസ് നേതാവ്. അതുകൊണ്ട് പൂർത്തിയാക്കാനാവാത്ത പട്ടികയുമെടുത്ത് രേഖപ്പെടുത്തുന്നത് വൃഥാ വ്യായാമമാണ്. വാസ്തവത്തിൽ കോൺഗ്രസ് ചെയ്യേണ്ടത് ഒരു ധവള പത്രം പുറപ്പെടുവിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ബി.ജെ.പിയിലേക്ക് കാലുമാറിയ കോൺഗ്രസ്സുകാർ ഇവർ എന്ന ഒരു ധവള പത്രം.
വേണമെങ്കിൽ ബി.ജെ.പിക്കും ധവളപത്രം പുറപ്പെടുവിക്കാവുന്നതാണ്. മറ്റു പാർട്ടികളിൽ നിന്ന് ബി.ജെ.പിയിലേക്ക് വന്നവർ, അവർക്കെന്ത് കൊടുത്തു, എത്ര ചെലവായി, ഇപ്പോഴത്തെ അവസ്ഥയെന്താണ്, വിശ്വസ്തരായി തുടരുന്നുണ്ടോ, അതോ പണവും സ്ഥാനവും കിട്ടാതാവുമ്പോൾ ഇട്ടെറിഞ്ഞു പോവുകയാണോ… ഇതെല്ലാം വ്യക്തമാക്കി ധവളപത്രം… കൂടുതൽപ്പേരെ ആകർഷിക്കാനും അത് ഉപകാരപ്പെടും.
***
തെരുവുനായ്ക്കളായിരുന്നു ആദ്യം ഭീഷണി. പിന്നാലെ കാട്ടുപന്നികളാണ് മനുഷ്യജീവനും കൃഷിക്കും ഭീഷണിയായത്. പിന്നാലെ വന്നു ആനകൾ, പിന്നെ പുലിയും കടുവകളും… കൃഷിക്ക് ഭീഷണിയായി മൈലുകളും വാനരന്മാരുമുണ്ട്. ഇപ്പോഴിതാ കാട്ടുപോത്തുകളും റോട്ടിലിറങ്ങിയിരിക്കുന്നു. ആളുകളുടെ എണ്ണം പെരുകിയപ്പോഴാണ് കുടുംബാസൂത്രണം വന്നത്. കുടുംബാസൂത്രണത്തിന്റെ അടയാളം ചുവന്ന ത്രികോണം എന്ന പരസ്യം, പിന്നെ സിനിമാ കൊട്ടകയിലെ ന്യൂസ് റീലുകൾ… അതൊന്നും പോരാഞ്ഞിട്ട് അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ അഞ്ചിന പരിപാടിയുടെ ഭാഗമായി നിർബന്ധിത കുടുംബാസൂത്രണം… തെരുവുനായ്ക്കൾ കൂട്ടക്കടി മത്സരമാണ് ഓരോ നാട്ടിലും നടത്തുന്നത്. തെരുവുനായ്ക്കളും കാട്ടുപന്നികളും കുറുകെ ചാടിയിട്ട് വാഹനാപകടത്തിൽ മരണം സാധാരണ സംഭവമാകുന്നു. എവിടെയും കൃഷിയിറക്കാനാവാത്ത വിധം നശീകരണമാണ് കാട്ടുപന്നികളുടെ വക നടക്കുന്നത്. തെരുവുനായക്കൾക്ക് മനുഷ്യരെപ്പോലെ കുടുംബാസൂത്രണമാകാമെന്നദയ കേന്ദ്രസർക്കാരും നീതിപീഠവും പ്രകടിപ്പിച്ചിട്ടുണ്ട്. പണ്ടൊരാൾ കൊച്ചയെ പിടിക്കാൻ കണ്ടുപിടിച്ച മാർഗമാണിത്. അതായത് ഒരു കൊച്ചയെ, അഥവാ കൊക്കിനെ പിടിക്കാൻ കുട്ടിക്ക് ആഗ്രഹമുണ്ടെന്ന് കരുതുക- ഒന്നേ ചെയ്യേണ്ടു ആദ്യം അതിന്റെ കണ്ണിൽ വെണ്ണവെക്കുക.. ഏറെക്കുറെ അതേ മാർഗമാണ് തെരുവുനായക്കളുടെ കാര്യത്തിലും… കാട്ടുപന്നികളാണ് ഭീഷണിയെങ്കിൽ അക്കാര്യം വനം വകുപ്പിനെ അറിയിക്കാം. അവർ പലതരം കൂടിയാലോചനകൾ നടത്തിയശേഷം ആ കാട്ടുപന്നി ആക്രമണകാരികളാണോ എന്ന നിഗമനത്തിലെത്തും. അതിനു ശേഷം വെടിവെക്കാൻ നടപടിയെടുക്കാം. കാട്ടുപന്നികൾ ആയിരക്കണക്കിനുണ്ട്. അതിലേതാണ് അക്രമിയെന്ന് മനസ്സിലാക്കാൻ അതിനെ കണ്ടെത്തിയാൽ കണ്ണിൽ വെണ്ണ വെക്കുന്നതുപോലെ സാവകാശം കഴുത്തിൽ അടയാളം കെട്ടണം. മുഴുത്ത് ക്രിമനൽ, ഇടത്തരം അപകടകാരി, ഭാവിയിൽ അപകടകാരിയായേക്കും എന്നിങ്ങനെ പച്ച, നീല, ചുകപ്പ് റിബ്ബണുകളാണ് അണിയിക്കേണ്ടത്. ഒരു രക്ഷയുമില്ലെന്നുവന്നാൽ അതിനെ വെടിവെക്കാം. അധികൃതരുടെ അനുമതിയോടെ, മഹാഭാഗ്യത്തിന് കേന്ദ്രമന്ത്രിസഭയുടെ യോഗമൊന്നും ചേരാതെതന്നെ വെടിവെക്കാൻ അനുമതി നൽകാം. പക്ഷേ വെനീസിലെ വ്യാപാരിയിലെ അവസ്ഥയാവും. അതായത് ആ നാടകത്തിൽ ഇറച്ചി അരിഞ്ഞെടുക്കാം, പക്ഷേ ചോര പൊടിയരുതെന്നാണല്ലോ പറഞ്ഞത്. പലതരം കടമ്പകൾ കടന്ന് കാട്ടുപന്നിയെ വെടി വെച്ചുകൊന്നാൽ അതിന്റെ ജഡം അല്പംപോലും രക്തവും മാംസവും നഷ്ടപ്പെടുത്താതെ അതേപടി കുണ്ടിൽ വെക്കണം. എന്നിട്ട് പെട്രോളൊഴിച്ച് കത്തിക്കണം! വന്യജീവികൾ സംബന്ധിച്ച കേന്ദ്രനിയമത്തിന്റെ ഈ ഭോഷ്കിനെ തള്ളിക്കൊണ്ടാണ് മാധവ് ഗാഡ്ഗിൽ പറഞ്ഞത്, കാട്ടുപന്നികളെ കൊന്ന് ഇറച്ചി സ്വദേശി വിപണിയിൽ വിൽക്കുകയും വിദേശത്തേക്ക് കയറ്റുമതി ചെയ്യണമെന്നും.
ഇപ്പോൾ കേരളത്തിൽ പടയപ്പയും അരിക്കൊമ്പന്മാരും കടുവകളും കാട്ടുപോത്തുകളുമെല്ലാം അഴിഞ്ഞാടുകയാണ്. ആന ചവിട്ടിക്കൊന്ന, കാട്ടുപോത്ത് ആക്രമിച്ചുകൊന്ന നിർഭാഗ്യവാന്മാരുടെ ജഡവുമെടുത്ത് സമരം നടത്തുകയാണ് ഒരുവിഭാഗം. പോലീസ് ഇൻക്വസ്റ്റ് നടത്താൻ മോർച്ചറിയിൽ വെച്ച ജഡമെടുത്തുകൊണ്ടുപോയി നിരത്തി വെച്ച് സമരാഭാസം നടത്തിയത് ഒരു എം.എൽ.എയുടെ നേതൃത്വത്തിൽ. മൃതദേഹം മോഷ്ടിച്ച് റോഡിൽ പ്രദർശിപ്പിച്ച് സമരം നടത്തിയവരിൽ നിന്ന് അത് വീണ്ടെടുത്ത് മോർച്ചറിയിലേക്കുതന്നെ കൊണ്ടുപോയ പോലീസുകാരാണ് ജഡത്തെ അപമാനിച്ചതെന്ന് ഒരു പത്രം ഒന്നാം പേജിൽ വിലപിച്ചു. മൃതദേഹമോഷ്ടാക്കളെക്കുറിച്ചൊന്നും പറഞ്ഞില്ല. ദോഷം പറയരുതല്ലോ പിറ്റേന്ന് മുഖപ്രസംഗത്തിൽ മൃതദേഹം തട്ടിക്കൊണ്ടുപോയി സമരാഭാസം നടത്തിയവർക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു!
വന്യമൃഗങ്ങളുടെ ആക്രമണവും കൊലയും നിത്യസംഭവമായപ്പോൾ പതിവുപോലെ സർക്കാർ വൈകിയാണെങ്കിലും കണ്ണുതിരുമ്മി ഉണർന്നുവെന്നാണ് പറയുന്നത്. വകുപ്പിന് ഒരു മന്ത്രിയുള്ളത് എവിടെയാണെന്ന് വന്യമൃഗശല്യം നേരിടുന്ന ഇരകൾക്ക് വിവരം ലഭിക്കാൻ റേഡിയോ കോളർ ഘടിപ്പിക്കാൻ സർക്കാർ ഇനിയും തയ്യാറാകാത്തതാണ് അത്ഭുതം. കാര്യങ്ങൾ യഥസമയം കൃത്യമായി മനസ്സിലാക്കാനും നാട്ടുകാരോട് പറയാനുമെങ്കിലും കഴിയുന്ന ഒരു മന്ത്രി ഈ നാട്ടിന് അർഹമല്ലെന്നോ? പ്രതിപക്ഷം പറയുന്നതുപോലെ മയക്കുവെടിയേറ്റ പോലെയായാൽ എന്തുചെയ്യും.’
കെ ബി റോക്ക്സ് .. വേറെ ഒന്നും പറയാനില്ല . എന്തെങ്കിലും പറയണം എന്നുണ്ടെങ്കിൽ ഇത് പറയാം . ചുമ്മാറിന് ശേഷം ഒരു കിടിലൻ രാഷ്ട്രീയ പംക്തി !!