മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ തുടരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹം രാഷ്ട്രീയ പ്രചാരണ വഴികൾ തീർത്തതും കേരളാ പൊലീസിൻ്റെ അതിസാമർഥ്യങ്ങൾ പരിഹാസ്യമാവുന്നതും ഈ ലക്കത്തിൽ വിമർശ വിധേയമാവുന്നു.
ജോസഫ് ഗീബൽസ് 12 വർഷം ഹിറ്റ്ലറുടെ പ്രചാരണ വിഭാഗം മന്ത്രിയായിരുന്നു. ഒരേയൊരു ദിവസം ജർമനിയുടെ ചാൻസലറും. ഹിറ്റ്ലറും പങ്കാളിയും ജീവനൊടുക്കിയപ്പോൾ ഗീബൽസല്ലാതെ മറ്റാരാണ് ചാൻസലർ പദവിക്ക് യോഗ്യൻ. പക്ഷേ സോവിയറ്റ് ചെമ്പടയുടെ മുന്നേറ്റത്തിൽ, സഖ്യശക്തികളുടെ മുന്നേറ്റത്തിൽ നാസികൾ തോറ്റപ്പോൾ 24 മണിക്കൂറിനകം ഗീബൽസിനും കുടുംബസമേതം മരുന്നു കുടിക്കേണ്ടി വന്നു. ശരിക്കുള്ള മരുന്ന്. അപ്പോഴും ഗീബൽസും അതിന് മുമ്പ് മുസോളിനിയും കണ്ടെത്തിയ പ്രക്ഷേപണ പ്രസംഗത്തിൽ ലോകൈക വീരനായ ഇസ്രാ പൗണ്ട് ജീവനോടെ തുടർന്നു. പൊരി വെയിലത്ത് ബന്ധനസ്ഥനായി കുറെനാൾ. പിന്നെ വർഷങ്ങളോളം ഭ്രാന്താശുപത്രിയിൽ കിടന്നാണ് മരിച്ചത്. എണ്ണംപറഞ്ഞ കവിയും നിരൂപകനും എന്തിനധികം എലിയറ്റിന്റെ തരിശുനിലത്തിന്റെ എഡിറ്ററുമായിരുന്നു പൗണ്ട്.
ഗീബൽസും ഇസ്രാ പൗണ്ടും പ്രവർത്തിക്കുന്ന കാലത്ത് പത്രവും റേഡിയോവുമേയുണ്ടായിരുന്നുള്ളു. ഇപ്പോൾ ചാനലുകളും യൂട്യൂബും ഫെയിസ്ബുക്കും വാട്സാപ്പും ട്വിറ്ററും മറ്റ് കാക്കത്തൊള്ളായിരം സംവിധാനങ്ങളുമുണ്ട്. പ്രചാരണരംഗത്തെ ലോകൈക വീരന്മാരുണ്ടായിട്ടും ഹിറ്റ്ലർക്ക് ഭരണത്തിൽ 12 കൊല്ലമേ പിടിച്ചുനിൽക്കാനായുള്ളു. അതൊക്കെ പഴയ കാര്യം. മലയാളത്തിലെ ഇപ്പോഴത്തെ ചാനലുകൾ മതരാഷ്ട്രീയത്തിനായി അഹമഹമിഹയാ നടത്തുന്ന മാരത്തൺ ഓട്ടമത്സരം കണ്ടാൽ ഗീബൽസും ഇസ്രാ പൗണ്ടുവരെ അമ്പരന്നു മേൽപ്പോട്ടുനോക്കിപ്പോകും.
ചൊവ്വാ ഗ്രഹത്തിൽ മനുഷ്യൻ ഇറങ്ങിയതുപോലുള്ള വിസ്മയത്തിന്റെ മാരത്തൺ തത്സമയ സംപ്രേഷണത്തിലൂടെയാണ് കേരളത്തിലെ മഹാഭൂരിഭാഗം ചാനലുകളും തൃശൂരിൽ സംഘപരിവാർ സ്ഥാനാർഥിയാകാൻ പോകുന്ന സുരേഷ്ഗോപിയുടെ മകളുടെ വിവാഹം ആഘോഷിച്ചത്.
കേരളത്തിലെ ഗാന്ധിയൻ പത്രമായി, ദേശീയ പത്രമായി ആരംഭിച്ച മാധ്യമസ്ഥാപനത്തിന്റെ ചാനലിൽ ആ വിവാഹചടങ്ങിന്റെ തത്സമയ കാപ്ഷനുകൾ നോക്കുക- ആനന്ദതുന്ദിലരായി വെച്ചടിവെച്ചടി കയറുന്ന കാപ്ഷനുകൾ- സ്കൂൾ യുവജനോത്സവത്തിന്റെ ഹാങ്ങ്ഓവറോ എന്നു തോന്നും.. മണവാട്ടി പെണ്ണൊരുങ്ങി… ഇന്നല്ലോ നിന്റെ കല്യാണം… കല്യാണം കാണാൻ വരേണം… ഗുരുവായൂർ നടയിൽ ഭാഗ്യമംഗല്യം… ഗുരുവായൂരി ൽ കല്യാണമേളം… കുന്നിമണി കൊലുസണിഞ്ഞ്… അഴകാലില മഞ്ഞച്ചരടിലെ പൂത്താലി… മഴവില്ലിൻ കസവണിയും പുടവചുറ്റി… മകളുടെ വിവാഹവുമായി ബന്ധപ്പെട്ടും പിതാവിന്റെ പ്രതിഛായ വളർത്തുന്നതിനുള്ള ശ്രമമെന്ന് നവമാധ്യമങ്ങളിൽ ആരോപണം വന്നു. അതല്ല കാപ്ഷൻകാരന്റെ പൈങ്കിളിത്തരമാകാനും മതി.
വിവാഹം കഴിഞ്ഞ് പ്രധാനമന്ത്രി മോദി പോയതോടെ തത്സമയ സംപ്രേഷണം നിർത്തിയിരുന്നില്ലായിരുന്നെങ്കിൽ ദമ്പതികൾ വീട്ടിലെത്തുന്നതുവരെയുള്ള ഓരോ രംഗവും കാപ്ഷനുകളായും ദൃശ്യമായും ലോകമെങ്ങുമെത്തിക്കാമായിരുന്നു. സംബന്ധിച്ച സെലിബ്രിറ്റികളോട് ആ സവിശേഷ വിവാഹത്തെപ്പറ്റിയും വധുവിന്റെ പിതാവിന്റെ മഹിമകളെക്കുറിച്ചും ചോദിച്ച് ഒരുദിവസം മുഴവൻ ഓടിക്കാമായിരുന്നു. എന്തൊരു സാരസ്യമായിരിക്കും പുറത്തുവരാതെപോയ ആ കാപ്ഷനുകൾക്ക്.
മികച്ച നടനാണ് സുരേഷ്ഗോപി. ഒരു സിനിമയിൽ മികച്ച നടനുള്ള ദേശീയ അവാർഡ് ബാലചന്ദ്രമേനോനുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അഭിനയവും ജീവിതവും ഒന്നാണെന്ന ഫിക്സേഷനുള്ളതു പോലെ തോന്നിക്കുമെന്നതൊഴിച്ചാൽ കുഴപ്പമൊന്നുമില്ല. രാഷ്ട്രീയത്തിൽ കോൺഗ്രസ്സിൽ അവസരം തേടിയെങ്കിലും സ്ഥാനസാധ്യതയില്ലെന്ന് വ്യക്തമായതോടെയും തന്റെ മാനിസികാവസ്ഥക്ക് ചേർന്നതും ബി.ജെ.പിയാണെന്ന് മനസ്സിലാക്കി അതിൽ ചേരുകയായിരുന്നു. അതിന്റെ പേരിൽ രാജ്യസഭാംഗമായി. അതുകഴിഞ്ഞപ്പോഴാണ് തൃശൂർ പാർലമെന്റ് സീറ്റ് പൊക്കിയെടുക്കാൻ ശ്രമിച്ചത്. 2019ൽ പൊക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടപ്പോൾ എടുത്ത ശപഥമാണ്. അടുത്ത വട്ടം ഇങ്ങെടുക്കുമെന്ന്. അതിനായി നാലരക്കൊല്ലമായി അദ്ദേഹം പതിനെട്ടടവുകളും അഭിനയിക്കുന്നു. അതിന് പനിനീരു തെളിയാനേ, പനിനീരു തെളിയാനേ എന്ന മട്ടിൽ മലയാളത്തിലെ ചാനലുകളും പത്രങ്ങളും.
സെലിബ്രിറ്റിയായതിനാൽ എന്തും പ്രചരണമാകും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പായതിനാൽ വിലക്കില്ല, ചെലവ് പ്രശ്നമില്ല. തൃശൂർ ലൂർദ് പള്ളിയിൽ മാതാവിന്റെ പ്രതിമയിൽ സ്വർണക്കിരീടം ചാർത്തി തത്സമയ പ്രചരണം. ഹല്ലേലുയ്യയുമായി ചാനലുകൾ റെഡി. മണ്ഡലത്തിലെ തന്നെ തൃപ്രയാറിൽ ക്ഷേത്രത്തിൽ പോയി നമിച്ച് നരേന്ദ്രമോദി. മണിപ്പൂരിൽ ക്രൈസ്തവ ആരാധനാലയങ്ങൾ തകർത്ത് ഗുജറാത്ത് മോഡൽ വംശഹത്യക്ക് ശ്രമിച്ചത് അവിടുത്തെ ഭരണകൂടമാണെന്നാണ് പരക്കേ ആരോപിക്കപ്പെട്ടത്. അതൊന്നും നടന് പ്രശ്നമല്ല. തൃശൂരിൽ മാതാവിന് സ്വർണക്കിരീടം നൽകി പിന്തുണ തേടണം. പാഷാണം വർക്കിത്വത്തിനാണ് ഈ രാജ്യത്ത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പുകാലത്ത് മാർക്കറ്റ്.
***
നേതാവിനെ സൃഷ്ടിക്കുന്നതിൽ സ്വന്തം പാർട്ടിയേക്കാൾ എതിർ പാർട്ടിക്കാർക്ക് വലിയ പങ്കുണ്ട്. കൂടുതൽ എതിർപ്പ് ആർക്കെതിരെയാണോ അയാൾ നേതാവ്. അക്കാര്യത്തിൽ പോലീസിനും തരക്കേടില്ലാത്ത പങ്കുണ്ടാവാറുണ്ട്, ഏതു മുന്നണി ഭരിക്കുമ്പോഴും. മുഖ്യധാരാ മാധ്യമങ്ങളാണെങ്കിൽ പുതിയൊരു നേതൃസൃഷ്ടിക്കായി ദാഹിക്കാറുമുണ്ട്. അങ്ങനെ ചില മാധ്യമങ്ങൾ ദാഹിച്ചു കൊണ്ടിരിക്കെയാണ് അവർക്കൊരു ബമ്പർ കിട്ടിയത്. പ്രതീകാത്മക രക്തസാക്ഷി പരിവേഷമോ വീരപരിവേഷമോ ഉണ്ടാകലാണല്ലോ നേതാവായി പെട്ടെന്ന് ഉദിച്ചുയരാൻ പിടിവള്ളിയാവുക.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുൽ മാങ്കൂട്ടത്തിൽ നിയുക്തനായത് നാമനിർദേശത്തിലൂടെയല്ല. തിരിച്ചറിയൽ കാർഡൊക്കെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയിട്ടാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡൻ്റ് സമീപ ഭൂതത്തിലൊന്നും ഉണ്ടായിട്ടില്ല. പക്ഷേ തിരഞ്ഞെടുപ്പ് നടപടി തീരുന്നതിന് മുമ്പേതന്നെ ആരോപണം വന്നു. ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിച്ച് ജയം നേടുകയായിരുന്നു മാങ്കൂട്ടത്തിൽ എന്നാണ് ആരോപിക്കപ്പെട്ടത്. ആരോപണം വന്നത് പുറത്തുനിന്നല്ല, അകത്തുനിന്നാണ്. അന്വേഷണത്തിൽ വ്യാജ കാർഡുകൾ കണ്ടെത്തുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാങ്കൂട്ടത്തിലിന്റെ അടുത്ത കൂട്ടുകാരാണ് അറസ്റ്റിലായത്. അവരെ പിടികൂടിയതോ മങ്കൂട്ടത്തിലിന്റെ സ്വന്തം കാറിൽ നിന്ന്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ കടന്നുകയറിയടക്കം വ്യാജ കാർഡുണ്ടാക്കിയെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. കേസ് ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു.
ജയിച്ചത് അങ്ങനെയാണെന്നൊക്കെ അപവാദമുണ്ടെങ്കിലും അങ്ങനെ തള്ളിക്കളയാൻ പറ്റുന്ന നേതാവല്ലല്ലോ. നവകേരള സദസ്സിന്റെ ബസ്സ് പോകുമ്പോൾ മുമ്പിൽ ചാടിവീണ് കരിങ്കൊടി കാട്ടിയവരെ പോലീസും ഡി.വൈ.എഫ്.ഐക്കാരും മർദിച്ചതിനെതിരെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്സുകാർ പൊതുമുതൽ നശിപ്പിച്ചതിന് കേസുണ്ട്. പോലീസുകാരെ ആക്രമിച്ചതിനും ലാത്തി പൊട്ടിച്ചതിനും വണ്ടി തകർത്തതിനും കേസുണ്ട്. അതിൽ പ്രതിപക്ഷനേതാവും മാങ്കൂട്ടത്തിലുമെല്ലാം പ്രതികളാണ്. പ്രതികളായാൽ അറസ്റ്റ് ചെയ്യണം. ശരിതന്നെ. എന്നാൽ അടൂരിലുള്ള വീട്ടിൽ പുലരുംമുമ്പ് എത്തി അങ്കലാപ്പ് സൃഷ്ടിച്ച് അറസ്റ്റ് ചെയ്യണമായിരുന്നോ. എങ്കിൽ എന്തുകൊണ്ട് ഒന്നാം പ്രതിയായ പ്രതിപക്ഷനേതാവിനെ അറസ്റ്റ് ചെയ്യുന്നില്ല. രാഹുൽ മാങ്കൂട്ടത്തിന് വീരപരിവേഷം നൽകി സ്ഥാനപ്പെടുത്താൻ പോലീസിന് സാധിച്ചു. മാങ്കൂട്ടത്തിന് അതിന്റെ നന്ദിയുണ്ടാകും.
പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഗ്രോ വാസുവിനെതിരെ കേസെടുത്ത് മൂന്നുവർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് പൊല്ലാപ്പിലായതാണ് കോഴിക്കോട്ടെ പോലീസ്. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് തീരുമാനിച്ചതെങ്കിലും ജാമ്യത്തിൽ പോകാൻ തയ്യാറാകാതെ കോടതി മുറിയും പോലീസ് ജീപ്പും വരെ സമരകേന്ദ്രമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മയക്കുമരുന്ന് വ്യാപാരം പെരുകുന്നുവെന്ന വാർത്തക്ക് എരിവുപകരാൻ ഏഷ്യാനെറ്റ് ചാനലിൽ വ്യാജമായി ഒരു കുട്ടിയുടെ അഭിമുഖം തയ്യാറാക്കി കൊടുത്തത് വലിയ തെറ്റാണ്. എന്നാൽ അതിന്റെ പേരിൽ ലേഖകന് പുറമെ എഡിറ്ററെയും പോക്സോ വകുപ്പുകളുള്ള കേസിൽ പ്രതിചേർത്ത് അന്വേഷണം തകൃതിയായി നടത്തി. ഇപ്പോഴെന്തായെന്ന് ആർക്കുമറിയില്ല. തീവണ്ടിയിൽ തീയിട്ട പ്രതിയെ അറസ്റ്റ് ചെയ്തു കൊണ്ടുവരുമ്പോൾ പിന്തുടർന്നുവെന്നതിന് മാതൃഭൂമി ചാനലിലെ ലേഖകനും ക്യാമറാമാനും ഡ്രൈവർക്കുമെതിരെ കേസെടുത്തു. ഫോണുകൾ കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്കുശേഷം കോടതി പറഞ്ഞപ്പോൾ തിരിച്ചുകൊടുത്തു. അർഷോവിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഏഷ്യാനെറ്റ് ലേഖികക്കെതിരെ കേസെടുത്തു, അന്വേഷണം തകൃതിയായി നടത്തി. നവകേരള സദസ്സിന്റെ ബസ്സിന് നേർക്ക് ഷൂ എറിഞ്ഞ കേസിൽ 24 ചാനലിലെ ലേഖികയെ ഗൂഢാലോചനക്കേസിൽ പ്രതിചേർത്തു. ഈ കേസുകളുടെയൊക്കെ പുരോഗതി ആർക്കുമറിയില്ല. സ്വതവേതന്നെ സർക്കാർ വിരുദ്ധരായ ചാനലുകളെ പൂർണമായും ആ നയത്തിൽ ഉറപ്പിച്ചുനിർത്തുന്നതിൽ പോലീസിന് കൃതാർഥരാവാം.
***
ഒടുവിൽ നയൻതാര മാപ്പുപറഞ്ഞു. വെറും മാപ്പല്ല, ജയ് ശ്രീറാം എന്ന് വിളിച്ചു കൊണ്ടുതന്നെ മാപ്പ്. കേസും ബഹിഷ്കരണവും ഊരുവിലക്കും വന്നാൽ എന്തു ചെയ്യും. കേസാണെങ്കിൽ രാജ്യത്തെ ഏതു കോടതിയിലും കൊടുക്കാം. നമ്മുടെ ജില്ലാ കോടതികളടക്കമുള്ള കീഴ്ക്കോടതികളെക്കുറിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞ അഭിപ്രായമുണ്ടല്ലോ. നിലവാരത്തകർച്ചയെപ്പറ്റി. നയൻതാരയും മറ്റും അഭിനയിച്ച ‘അന്നപൂരണി’ എന്ന സിനിമക്കെതിരെ കേസ് വന്നത് മുംബൈയിലാണ്. എന്താണ് കേസ്?
ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച അന്നപൂരണി നല്ല പാചകവിദഗ്ധയാകുന്നു. ആ പെൺകുട്ടി മാംസം പാകംചെയ്യുന്നതിൽ ഏറ്റവും വിദഗ്ധയായി മികച്ച ഷെഫ് ആയി തിരഞ്ഞെടുക്കപ്പെടുന്നു. അവൾക്ക് ഒരു പ്രിയപ്പെട്ട ആൺ സുഹൃത്തുണ്ട്. അയാൾ ജനിച്ചത് ഒരു മുസ്ലിം കുടുംബത്തിൽ. പിന്നെ മറ്റൊരു ഭയങ്കര പ്രശ്നം അതിലെ ഒരു സംഭാഷണ ശകലമാണ്. വനവാസകാലത്ത് രാമലക്ഷ്മണന്മാർ മാംസാഹാരം കഴിച്ചതായി വാത്മീകി രാമായണത്തിലുണ്ടല്ലോ എന്ന്. പോരേ പൂരം. മൂന്നാണ് കുറ്റം. ഒന്ന് ബ്രാഹ്മണ കുടുംബത്തിലെ പെൺ കുട്ടി മാംസം പാകംചെയ്ത് അതിൽ വിദ്ഗധയാണെന്ന് തെളിയിച്ചു. രണ്ടാമത്തെ വലിയ കുറ്റം ആൺ സുഹൃത്ത് മുസ്ലിം കുടുംബാംഗം. ലൗജിഹാദല്ലാതെ മറ്റെന്താണത്. മൂന്നാമത്തേതും ഏറ്റവും വലിയ ഒഫൻസും. ശ്രീരാമചന്ദ്രൻ മാംസം കഴിച്ചുവെന്ന് വാത്മീകി പറഞ്ഞെന്ന്. ശാന്തം, പാപം. വാത്മീകി അങ്ങനെ പലതും പറഞ്ഞിട്ടുണ്ടാവും. വാത്മീകിയുടെ രാമനല്ല, ഭക്തിപ്രസ്ഥാനത്തിന്റെ രാമനാണ് സനാതനധർമത്തിന്റെ രാമൻ.
കഴിഞ്ഞാഴ്ചയാണല്ലോ കുമാരനാശാന്റെ നൂറാം ചരമവാർഷികം ആചരിച്ചത്. ആശാന്റെ ഏറ്റവും മഹത്തായ കാവ്യമായി കൊണ്ടാടപ്പെടുന്നതാണ് ‘ചിന്താവിഷ്ടയായ സീത’. അതിൽ ഭർത്താവായ രാമനെ സീത മനസ്സിൽ കുറ്റവിചാരണ നടത്തുകയാണ്. ഏഷിണിയിൽ വീണ് ദുഷ്കൃത്യം നടത്തുന്നയാൾ, കാപട്യക്കാരൻ, അപകീർത്തിഭയാന്ധൻ, ഗർഭിണിയായ ഭാര്യയെ കാട്ടിൽ തള്ളുന്ന അല്പത്വം കാട്ടുന്നയാൾ എന്നെല്ലാം ആക്ഷേപിക്കുന്നുണ്ട്. സനാതനധർമ ശാസ്ത്രങ്ങളെ അന്ധമായി പിന്തുടർന്ന് ശൂദ്രയോഗിയെ കൊലചെയ്തയാൾ എന്ന് നിന്ദനം നടത്തുന്നുണ്ട്. സ്ത്രീകളെയും ജാതീയമായി കീഴെ നിർത്തപ്പെട്ടവരെയും നന്ദിക്കുന്ന വർണാശ്രമ സംസ്ക്കാരത്തിന് കീഴ്പ്പെട്ടുപോയ രാജാവ് എന്നും വിമർശിക്കുന്നു. ഇങ്ങനെയൊക്കെ സീതയുടെ ചിന്ത അവതരിപ്പിച്ച കുമാരനാശാനെ എന്തുചെയ്യണം. മരിച്ച് നൂറ്റാണ്ടായിട്ടും ആശാൻ ജീവിക്കുന്നു, കൃതികളിലൂടെ. ചിന്താവിഷ്ടയായ സീത ഭാഷയിലെ ഏറ്റവും ഔന്നത്യമാർന്ന കാവ്യമായി നിലനിൽക്കുന്നു. വാത്മീകിയുടെ രാമനെ നിഷ്കാസനം ചെയ്ത് ഹിന്ദുത്വത്തിന്റെ പുതിയ രാമനെ പ്രതിഷ്ഠിക്കുന്നവർ ആശാന്റെ സീതയെയും ആശാനെത്തനെയും നാടുകടത്തുമോ…
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.