ഇറാനിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായ നിലയിലെത്തിയിരിക്കുന്നു. മഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്നാണ് ഈ അവസ്ഥ സംജാതമായത്. മഹ്‌സ അമീനി എന്ന പേര് ഇറാനിലെ ഔദ്യോഗിക ഭാഷയായ ഫാര്‍സി (പേര്‍സ്യന്‍) യിലുള്ളതാണ്. കുര്‍ദിഷ് വംശജയായ അവളുടെ മാതൃഭാഷയിലുള്ള പേര് ഷീന അല്ലെങ്കില്‍ ജീന എന്നാണ്. ജീവിത ദായക എന്നാണ് ഈ പേരിന്റെ വാച്യാര്‍ത്ഥം. സ്വന്തം പേര് പോലും മാതൃഭാഷയില്‍ രേഖപ്പെടുത്താനോ ആ പേരിലറിയപ്പെടാനോ കഴിയാത്ത വിധത്തില്‍ വംശീയവും സാംസ്‌ക്കാരികവുമായ അടിച്ചമര്‍ത്തലിന് വിധേയരായവരാണ് കുര്‍ദുകള്‍. ഇറാനിലേതാണ്ട് എണ്‍പതു ലക്ഷം കുര്‍ദുകളുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ പത്തു ശതമാനം വരുമത്. ഫാര്‍സികളും അസര്‍ബൈജാനികളുമാണ് ഇറാനിലെ മറ്റു രണ്ടു വംശീയ സമുദായങ്ങള്‍. കിഴക്കേ കുര്‍ദിസ്താന്‍ അഥവാ ഇറാനിയന്‍ കുര്‍ദിസ്താന്‍ എന്നറിയപ്പെടുന്ന, അതിര്‍ത്തിപ്രദേശത്തെ പ്രവിശ്യയെ റോജിലാത്തേ എന്നാണ് കുര്‍ദുകള്‍ വിളിക്കുന്നത്. അഞ്ച് പ്രോവിന്‍സുകളാണ് ഇതിലുള്ളത്. കുര്‍ദിസ്താന്‍, കെര്‍മാന്‍ഷാ, പടിഞ്ഞാറേ അസര്‍ബൈജാന്‍, ഇലാം, ലോറെസ്താന്‍ എന്നിവയാണിവ. സുന്നികളും ഷിയാക്കളും ആയ മുസ്ലിങ്ങളും യാര്‍സാനികളും ഇവരുടെ കൂട്ടത്തിലുണ്ട്.
ഇതിനു പുറമെ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലും മറ്റ് പ്രവിശ്യകളിലും കുര്‍ദുകള്‍ ധാരാളമായുണ്ട്. ലോക പ്രശസ്ത ചലച്ചിത്രകാരനായ ബഹ്മാന്‍ ഖൊബാദി അടക്കമുള്ള ഒട്ടേറെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഇറാനിയന്‍ കുര്‍ദുവംശജരാണ്. ലോകത്താകെ നാലു കോടിയോളം കുര്‍ദ് വംശജരാണുള്ളത്. ഇവര്‍ രാജ്യമില്ലാത്ത രാഷ്ട്രമായി അറിയപ്പെടുന്നു. തുര്‍ക്കിയിലും ഇറാഖിലും സിറിയയിലുമാണ് ഇറാനു പുറമെ കൂടുതലും കുര്‍ദുകളുള്ളത്.
1978 – 1979 കാലത്ത് നടന്ന ഇറാനിയന്‍ വിപ്ലവ (ഇസ്ലാമിക വിപ്ലവം എന്നും പറയാറുണ്ട്) ത്തെ തുടര്‍ന്ന് ഷായുടെ കൊളോണിയല്‍ ഭരണം അവസാനിയ്ക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്ക് നിലവില്‍ വരുകയും ചെയ്തു. ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും വിപ്ലവത്തെ അനുകൂലിച്ചിരുന്നെങ്കിലും ഷിയാ പുരോഹിതന്മാരുടെ ആത്മീയ-സാംസ്‌ക്കാരിക നേതൃത്വത്തിന്റെ മാത്രം ഭരണമായി ഇറാനിയന്‍ ഭരണകൂടം കഴിഞ്ഞ ദശകങ്ങളില്‍ പരിണമിച്ചു.
സാമുദായികാചാരങ്ങള്‍ നിര്‍ബന്ധിതമായി നടപ്പിലാക്കാനായി സദാചാര പോലീസ് അടക്കമുള്ള സംവിധാനങ്ങള്‍ ഇറാനിലുണ്ട്. ഗാഷ്ത് എ ഇര്‍ഷാദ് എന്നു ഫാര്‍സിയില്‍ പേരുള്ള ഈ പോലീസ് ഔദ്യോഗിക പൊലീസിന്റെ ഒരു വിഭാഗമാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച നിബന്ധനകള്‍ എല്ലാവരും നടപ്പിലാക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും അല്ലാത്തവരെ അറസ്റ്റ് ചെയ്യുകയുമാണ് ഇവരുടെ ജോലികളിലൊന്ന്. ഉപദേശ കേന്ദ്രം എന്നു പേരുള്ള പോലീസ് സ്‌റ്റേഷനിലെത്തി വസ്ത്ര വിദ്യാഭ്യാസം കൊടുക്കുകയാണ് പുറകെ ചെയ്യുക. ഇപ്പോള്‍ സംഭവിച്ചതു പോലുള്ള മര്‍ദനനടപടികള്‍, ഇസ്ലാമിക ഭരണകൂടത്തെ അനുകൂലിയ്ക്കുന്നവരില്‍ പോലും എതിരഭിപ്രായം സൃഷ്ടിക്കുമെന്നാണ് ഫെറേത്തെ സദേഗിയെ പോലുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകരുടെ അഭിപ്രായം. തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ചു തന്നെയാണ് മഹ്‌സ അമീനിയെ അറസ്റ്റ് ചെയ്തതും അവള്‍ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതും.
കുര്‍ദിസ്താന്‍ പ്രവിശ്യയിലെ സാക്കേസ് എന്ന സ്ഥലമാണ് മഹ്‌സയുടെ സ്വദേശം. സഹോദരന്റെ കാറില്‍ സ്വകാര്യാവശ്യാര്‍ത്ഥം സഞ്ചരിക്കുമ്പോഴാണ് ഹിജാബ് കൃത്യമായി ധരിച്ചില്ല എന്നാരോപിച്ച് അവളെ സദാചാര പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയതത്. പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സി സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നാലിതൊരു പ്രഹസനം മാത്രമായാണ് പ്രതിഷേധക്കാര്‍ കണക്കിലെടുക്കുന്നത്. ഇറാന്റെ ചീഫ് ജസ്റ്റീസും ഐക്യരാഷ്ട്ര സഭയും അന്വേഷണം നടത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇത് ഇറാനിലെ ജോര്‍ജ്ജ് ഫ്‌ളോയിഡ് (അമേരിക്കയിലെ മിനിപോളിസിൽ 2020 മെയ് 25 ന് വെള്ളക്കാരായ പൊലീസുകാർ കഴുത്തിൽ കാൽമുട്ട് അമർത്തി ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ കൊലപ്പെടുത്തി. ലോകമെങ്ങും ‘ബ്ലാക്ക് ലിവ്സ് മാറ്റർ’ എന്ന വലിയ പ്രതിഷേധങ്ങൾക്ക് ഈ സംഭവം തുടക്കമിട്ടു) മുഹൂര്‍ത്തമാണെന്നാണ് ബ്രിട്ടീഷ് ഇറാനിയന്‍ നടനായ ഒമീദ് ജാലിലി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോവില്‍ അഭിപ്രായപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ഇറാനില്‍ വ്യാപകമായി ഇന്റര്‍നെറ്റ് തടസ്സപ്പെടുത്തിയിരിക്കുന്നതിനാല്‍ വ്യക്തമായ വിവരങ്ങള്‍ അറിയുന്നതിനും ബുദ്ധിമുട്ടുണ്ട്. കുര്‍ദിഷ് കലാകാരന്മാരെയും സ്ത്രീ വിമോചന പ്രവര്‍ത്തകരെയും വ്യാപകമായി തടവിലിടുന്നുണ്ട്. സാനന്ദാജിലെ സിനിമാ പ്രവര്‍ത്തകരായ ആസാദേ ജമാഅത്തിയും ഭര്‍ത്താവ് അമീര്‍ ഖൊലാമിയും അക്കൂട്ടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഈ കലാകാര ദമ്പതികള്‍, കഴിഞ്ഞ വര്‍ഷം ഞാന്‍ ജൂറിയായി പ്രവര്‍ത്തിച്ച അഞ്ചാമത് സ്ലെമാനി (ഇറാഖി കുര്‍ദിസ്താന്‍) അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മുഴുവന്‍ സമയവും സജീവമായി സംഘാടകരായുണ്ടായിരുന്നു. സെമിനാറുകളുടെ ചുമതല ഇവര്‍ക്കായിരുന്നു. ഞാന്‍ പങ്കെടുത്ത ഒരു സെമിനാറില്‍ അമീര്‍ പാനലിലുണ്ടായിരുന്നു. എത്രമാത്രം മാധുര്യമുള്ള സൗഹൃദവും സ്‌നേഹവുമാണവരും മറ്റ് ആതിഥേയരും പ്രകടിപ്പിച്ചിരുന്നത് എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു.
ഇറാനിലെ മതസദാചാര പോലീസിനും ഇസ്ലാമിക് റിപ്പബ്ലിക്കിനുമെതിരായ വ്യാപക പ്രതിഷേധമായി ഈ സംഭവങ്ങള്‍ പരിണമിച്ചേക്കും എന്നു കരുതുന്നവരും കുറവല്ല. ഇറാനിലെ ഭരണകൂടത്തിനനുകൂലമായ പ്രകടനങ്ങളും നടന്നു വരുന്നു. രണ്ടു കൂട്ടരും തമ്മിലുള്ള സംഘട്ടനങ്ങളിലും ഏതാനും പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇലാം പ്രവിശ്യയിലെ ഇസ്ലാമാബാദ് എ ഖാര്‍ബില്‍ മൂന്നു സിവിലിയന്‍സിനെ ഭരണകൂടാനുകൂലികള്‍ കൊലപ്പെടുത്തിയതായി കുര്‍ദിസ്താന്‍ ഹ്യൂമന്‍ റൈറ്റ്‌സ് നെറ്റ് വര്‍ക്ക് റിപ്പോര്‍ട് ചെയ്തു. ആകെയുള്ള മരണസംഖ്യയെത്രയെന്നതിനെ കുറിച്ചും വ്യത്യസ്തമായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
2019ലാണ് സഹര്‍ ഖൊദയാരി എന്ന ഇറാനിയന്‍ സ്ത്രീ ആണിന്റെ വേഷം ധരിച്ച് ഫുട്ബാള്‍ മത്സരം കാണാനായി സ്റ്റേഡിയത്തിലേയ്ക്ക് നുഴഞ്ഞു കയറിയത്. ജാഫര്‍ പനാഹിയുടെ ഓഫ്‌സൈഡ് എന്ന 2006ലെ സിനിമ സമാനമായ ഒരു കഥയാണ് ആവിഷ്‌ക്കരിച്ചത് എന്നതും സ്മരണീയമാണ്. ഇരുപത്തൊമ്പതുകാരിയായ ഖൊദയാരിയെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച സ്വയം തീക്കൊളുത്തി മരിച്ചു.
കുര്‍ദ് വിമോചനപ്രത്യയശാസ്ത്രത്തില്‍ സ്ത്രീസ്വാതന്ത്ര്യത്തിന് മുഖ്യ പങ്കുണ്ട്. സിറിയയിലെ കുര്‍ദിസ്താനായ റോജാവായില്‍ സ്ത്രീകളുടെ മാത്രം ഒരു ഗ്രാമം തന്നെയുണ്ട്. ലോകത്തു തന്നെ അപൂര്‍വ്വമായ ഒരു സംവിധാനമാണിത്.
ഷെര്‍ക്കോ ബെക്കാസ് എന്ന പ്രസിദ്ധ കുര്‍ദിഷ് കവിയുടെ വളരെക്കാലം മുമ്പെഴുതിയ ഒരു കവിതയുടെ (മാസി അല്‍നേജാദിന്റെ ട്വീറ്റില്‍ നിന്ന് ലഭിച്ചത്)സ്വതന്ത്ര പരിഭാഷയോടു കൂടി ഈ കുറിപ്പ് അവസാനിപ്പിക്കാം.
തലസ്ഥാനം ആരുടെയൊപ്പവും ചിരിക്കുന്നില്ല.
ആരുടെയൊപ്പവുമില്ല, മരണത്തോടൊപ്പമല്ലാതെ.
അതിന് ആനന്ദങ്ങളൊന്നുമില്ല.
മരണത്തില്‍ നിന്നല്ലാതെ.
അവന്റെ ഭാര്യയും മകനും മകളും
എല്ലാവരുടെയും പേര് മരണം എന്നാണ്.
അവരുടെ സങ്കല്പങ്ങളിലില്ലാത്തത് ഒന്നു മാത്രം:
ജീവിതം.
When a dress code comes between life and death.
Click here to read this article in English.