A Unique Multilingual Media Platform

The AIDEM

Articles Society

ജപ്തി

  • September 26, 2022
  • 1 min read
ജപ്തി

ബാങ്കിൽ നിന്ന് വാപ്പാക്ക് വന്ന ലെറ്ററിലെ ‘ജപ്തി ‘ എന്ന വാക്കിന്റെ അർത്ഥം; ആറാം ക്ലാസ്സിൽ ആദ്യമായിക്കണ്ടപ്പോൾ തന്നെ വാപ്പാനോട് ചോദിച്ചു മനസ്സിലാക്കിയതാണ്.

ചുരുക്കിപ്പറഞ്ഞാൽ പൈസയില്ലാത്തവർ ബാങ്കീന്ന് വാങ്ങിയ പറ്റ് തിരിച്ചു കൊടുക്കാൻ പറ്റാതിരുന്നാൽ പറ്റുന്ന പറ്റ്.

അങ്ങനെ പല പറ്റും പറ്റി, ഉമ്മാടെ മാലയും നെക്ലേസും വളയും കഴിഞ്ഞ് ഇപ്പൊ കമ്മൽ സീസണാണ്.

ആങ്ങള കൊടുത്ത മുപ്പതു പവൻ സ്ത്രീധനത്തിലെ അവസാനപ്പവനായ ജിമിക്കിയും നഷ്ടപ്പെടാൻ പോകുന്നു. ഉമ്മാടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ട്, ഉമ്മാന്റെ ജിമിക്കിയെ ജപ്തിയിൽ നിന്നു രക്ഷപ്പെടുത്താൻ വെല്ലിമ്മ തുടങ്ങിയ ‘ഓപ്പറേഷൻ ജിമിക്കി’ യാത്രയ്ക്ക് ഇന്നലെ വൈകുന്നേരം മുതൽ അകമ്പടി കൂടിയതാണ്.

സ്കൂളിൽ കേറീട്ടു പോലുമില്ലാത്ത വെല്ലിമ്മ ഗൂഗിൾ മാപ്പിനെയും വെല്ലുന്ന കൃത്യതയിൽ ബാങ്ക് ലൊക്കേറ്റ് ചെയ്തിരിക്കുന്നു.

ഒന്നാം സ്റ്റെപ്പ്:

അയൽവാസിയായ ഹാജ്യാരിന്റെ വീട്ടിൽ നിന്ന് പണയം വീണ്ടെടുക്കാനുള്ള മൂവായിരം ഉറുപ്യ രണ്ടു ദിവസ അവധിക്ക് കടം വാങ്ങുക.

രണ്ടാം സ്റ്റെപ്പ് :

ബാങ്കിൽ പണയം വെച്ച ഇപ്പോഴത്തെ നായികയായ ‘ടി’ ജിമിക്കി എന്ന ഉരുപ്പടി ഹാജ്യാരുടെ മൂവായിരം ഉറുപ്യ അടച്ച് തിരിച്ചെടുക്കുക.

വളരെ തന്ത്രപധാനമായ ഈ രണ്ടാം സ്റ്റെപ്, ബാങ്കിലെ അക്ഷരജ്ഞാനികളോട് വെല്ലിമ്മ താത്വികമായി അവലോകനം ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം രണ്ടു മണിക്കൂറായി.

ആ രണ്ടു മണിക്കൂറും ബാങ്കിലെ ചുമരിൽ ചാരിയിട്ട പഴയ ബെഞ്ചിൽ ഇരുന്നും, നിന്നും , കുനിഞ്ഞും, കൈയ്യിൽ ഇരുന്ന പേഴ്സ് തുറന്നും അടച്ചും, സിബ്ബിന്റെ വർക്കിങ്ങ് നോക്കിയും, ആ ബാങ്കിലിരിക്കുന്ന സകലമാന ബോർഡുകൾ വായിച്ചും; ശാരീരിക മാനസികനില തലകീഴായ ഞാൻ വെല്ലിമ്മാനെ തിരയുകയാണ്.

ഇതെപ്ലാ..പ്പൊ തീര്വ..

വെല്ലിമ്മ ആപ്പീസർമാർടെ ഇടയിൽ നടക്വെന്നെ..
ഇടയ്ക്കിടെ അവർ കൊടുക്കുന്ന പേപ്പറിൽ കൈവിരൽ പതിപ്പിക്കുന്നുണ്ട്.
ഞാൻ ഒരാഴ്ചയായി സ്ലേറ്റിൽ ‘കദീജ ‘ എന്ന് പേരെഴുതി പഠിപ്പിക്കുന്നുണ്ട്. എന്നിട്ടാണ് പിന്നെയും വിരൽപതിപ്പിക്കൽ..
ഈ വെല്ലിമ്മാന്റെ ഒരു കാര്യം.

ഇപ്പോൾ മൂന്നാം സ്റ്റെപ്പായ വീണ്ടെടുത്ത ജിമിക്കി വീണ്ടും പണയം വെച്ച് ഹാജ്യാർ കടം കൊടുത്ത അതേ മൂവായിരം ഉറുപ്യ വല്ലിമ്മാടെ കയ്യിൽ… ങ്ങേ..

നാലാം സ്റ്റെപ്പായി അതേ മൂവായിരം ഉറുപ്യ ബാക്ക് ടു ഹാജ്യാർ.

പേരെഴുതാൻ അറിയില്ലെങ്കിലെന്താ..
എന്തൊരു ഉന്നതമായ സാമ്പത്തിക നയതന്ത്രജ്ഞത.. ഹോ..

വീട്ടിലെ പ്രജകളായ ഞങ്ങളേവരേയും സന്തോഷിപ്പിച്ച്, കീരീടം വെക്കാത്ത രാജ്ഞിയായി വീണ്ടും വെല്ലിമ്മ ഓട്ടേറിക്ഷയിൽ നിന്ന് ഇറങ്ങി.

ഒന്നുറങ്ങി എണീറ്റപ്പളാണ് ആ വാർത്ത അറിഞ്ഞത്. വീടിനു മുന്നിലെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാപ്പാന്റെ ലോറി കാണാനില്ലാത്രെ.

കൂടെ അതിനുള്ളിൽ ഉറങ്ങിയിരുന്ന മോഹനേട്ടനേയും കാണണില്ലാത്രേ..

കോലായിലും മുറ്റത്തുമായി അമ്മാവന്മാരും നാട്ടിലെ കാരണോരും ബഹളവും..

വാപ്പ തലയിൽ കൈ വെച്ച് കസേരയിൽ ഇരിക്ക്ണ്ട്.
എളാപ്പ ഫോൺ ഡയക്ടറിയിൽ ഉള്ള പലർക്കും ഫോൺ ചെയ്ത് നോക്കുന്നുണ്ട്.

അതാ ഇങ്ങോട്ട് ഒരു ഫോൺ കോൾ.
വാപ്പ തമിഴിലാണ് :

” മണി സീക്രം താറേൻ സേട്ടുജീ.. വണ്ടി കൊഞ്ചം നാളാ ഓട്ടം കടയാത്.. ഇന്ററസ്റ്റ് എന്നാനാലും നാളെക്കേ താറേൻ.. വണ്ടി ഒണ്ണ് വിട്ടു കുടുക്ക് ങ്കോ..”
ഫോൺ കട്ടായി..
മദ്രാസിന്നാത്രേ..
വട്ടിപ്പലിശക്കാരൻ സേട്ടു..

സേട്ടുവിന് വാപ്പ അയയ്ക്കുന്ന വട്ടിപ്പലിശ ആണ് കോമ്പൗണ്ട് ഇന്ററസ്റ്റ് ന്ന് സ്കൂളിൽ ടീച്ചർ പഠിപ്പിക്കുമ്പോൾ തന്നെ എനിക്ക് പിടി കിട്ടീട്ട്ണ്ട്.

കടവും പലിശയും കൊടുക്കാത്തതിന് വണ്ടിയും അതിനുള്ളിൽ ഉറങ്ങിയിരുന്ന മോഹനേട്ടനേയും വായയിൽ പ്ലാസ്റ്ററൊട്ടിച്ച്, കയർ കൊണ്ട് കൈ പിന്നിൽ കെട്ടി തട്ടിക്കൊണ്ടു പോക്വെ.
അയാൾടെ ഗുണ്ടകളാത്രേ..
ഇന്നത്തെ ഭാഷയിൽ കൊട്ടേഷൻ.

പോണ വഴിക്ക് തമിഴ് നാട്ടിലെവിടയോ മോഹനേട്ടനെ വഴിയിൽ ഇറക്കി വിട്ടത്രേ..

സേട്ടുവിനെ ഒരു മാലാഖയെ പോലെ ആണ് ഞാൻ ഇതിനു മുമ്പ് വരെ മനസ്സിലാക്കിയിരുന്നത്.. വാപ്പാക്ക് അത്യാവശ്യം വരുമ്പോൾ എടിപിടീന്ന് കടം കൊടുക്കും.
എല്ലാ ദീപാവലിക്കും മധുരക്കൊതിച്ചിയായ ഞാനുൾപ്പെട്ട പലിശകസ്റ്റമർ വാപ്പാന്റെ ഫാമിലിക്ക് ഇതുവരെ കാണാത്ത സ്വീറ്റ്സ് അയയ്ക്കും..

ഹോ ദുഷ്ടൻ….
സ്വീറ്റ്സ് തിന്നേണ്ടിയിരുന്നില്ല…

വാപ്പ വിയർക്കുന്നുണ്ട്..
നാളെ എങ്ങനെ പൈസ എത്തിക്കും ?

കഴിഞ്ഞ ദിവസം കറന്റ് ബില്ല് അടയ്ക്കാത്തതിന് കെഎസ്ആർടിസി ; അല്ല കെഎസ്ഇബിക്കാർ ഫ്യൂസ് ഊരിക്കൊണ്ടോയി.
കെഎസ്ഇബി കറന്റുകാര് ആണ്ന്ന് സാബി അമ്മായി അന്ന് പറഞ്ഞ് തന്നതാണ്. അന്നു രാത്രി എളാപ്പ സ്വന്തം വിരുത് ഉപയോഗിച്ച് കള്ളഫ്യൂസ് കെട്ടി പുറത്തെ ലൈറ്റുകൾ ഇടാതെ എല്ലാരും ഫാനിട്ട് കിടന്നതാണ്.

അറുപത് സെന്റിന്റെ ലാസ്റ്റ് കഷണമായ ആറു സെന്റിൽ നിൽക്കുന്ന കേമത്തമുള്ള ക്ഷയിച്ച വീടിന്റെ ആധാരവും പിറ്റേന്ന് അതേ ബാങ്കിൽ.

കൊല്ലങ്ങൾ ഓടുന്നതിനിടയിൽ ഞെക്കിപ്പിഴിഞ്ഞെടുത്ത പേസ്റ്റിന്റെ കൂടുപോലെ എന്റെ പ്രിയപ്പെട്ട തറവാട് ശോഷിച്ചു വന്നു.
ഒരു പണയത്തിനു കൊടുക്കലും താണ്ടി പിന്നെ വിചാരിച്ചപോലെത്തന്നെ ജപ്തികളുടെ ക്യൂവിന്റെ അന്ത്യത്തിൽ വീടിന്റെ ജപ്തി നോട്ടീസും.

തറവാട്ടു വീട്ടിൽ നിന്നിറങ്ങുമ്പോൾ പെയ്ത ചെറിയ മഴച്ചാറ്റലിൽ കണ്ണിലെ നനവും ഒലിച്ചിറങ്ങി.. പിന്നീടത് ഇടിയും മിന്നലും ചേർന്ന് കണ്ണീർ കാണാത്ത പെരുമഴയായി ഒഴുകി.

ആ ഓർമ്മപെരുമഴയുടെ ശബ്ദം മുറിച്ച് ഫോൺ റിങ്ങ് ചെയ്യുന്നു:

‘ഹലോ ഡോക്ടറല്ലേ.. ബാങ്കിൽ നിന്നാണ്.. നിങ്ങൾക്ക് ഒരു ഈടും ഇല്ലാതെ 20 ലക്ഷം മുതൽ കുറഞ്ഞ പലിശയിൽ പേഴ്സണൽ ലോൺ അവെയ്ലബിൾ ആണ്. ഡോക്ടർക്കു താൽപര്യമുണ്ടോ? ‘

ഉദാരമതിളായ ബാങ്കുകളുടെ ഇന്നത്തെ മൂന്നാമത്തെ ലോൺ ഓഫറാണ്.

“ഇല്ല ആവശ്യമില്ല” എന്നു പറയുമ്പോൾ സാധാരണ എനിക്ക് ഒരുപാട് വലിയ ഫലിതം കേട്ട ചിരിയാണ്..

ആവശ്യമുള്ളപ്പോൾ
ആവശ്യമുള്ളവർക്ക് തരുന്നുമില്ല.
ആവശ്യമില്ലാത്തപ്പോൾ
ആവശ്യമില്ലാത്തവർക്ക്
നിർബന്ധിച്ചു തരുന്നുമുണ്ട്.

കാലങ്ങളായി രാവിലത്തെ മുറ്റമടിയിൽ ഈർക്കിൽഡിസൈനുകൾ തീർത്തമുറ്റവും.
ഊഞ്ഞാലാടിയ പേരയ്ക്കാമരവും.
പാലക്കാടൻ ചൂടിനു വിട്ടു കൊടുക്കാതെ വളർത്തിയ മൊട്ടിട്ടു നിൽക്കുന്ന ചെമ്പകമരവും.
കറന്റുകട്ടിൽ നിലത്തെ തണുപ്പറിഞ്ഞ് കിടന്ന മൊസൈക് തറയും.
ചോർന്നൊലിച്ചപ്പോൾ ഒരൊറ്റ റൂമിൽ ചേർന്നു കിടന്നൊരു കൂട്ടുകുടുംബവും.
പല വഴിയായി
കനലായി
കനവായി മാറിയത്.

നിങ്ങൾക്കറിയില്ല..
മനസ്സിലാവുകയുമില്ല..

അല്ലെങ്കിൽ
സ്വന്തം വീട്ടിൽ ബാങ്ക് സ്ഥാപിച്ച ജപ്തി ബോർഡിൽ മനം നൊന്ത് ഇന്നും ഒരു കുരുന്ന് ആത്മഹത്യചെയ്യുമായിരുന്നോ..

സമ്പന്നർക്കു വേണ്ടി മാത്രമുള്ള സാമ്പത്തിക നയതന്ത്രജ്ഞത..

പാവങ്ങളെ തൂക്കുകയറിലേറ്റുന്ന സാമൂഹിക പ്രതിബദ്ധത..

ആ ഫോൺ നമ്പറും ഞാൻ ‘avoid ‘ എന്ന് സേവ് ചെയ്തു..

About Author

ഡോ. രേഷ്മ സാജൻ

പാലക്കാട് മെഡിക്കൽ കോളേജ് ഗൈനക്കോളജി ഡിപ്പാർട്മെൻ്റിൽ അഡീഷണൽ പ്രൊഫസർ.