2004ൽ ഇന്ത്യാവിഷൻ ആരംഭിച്ച് ഒരുവർഷം കഴിഞ്ഞാണ് ഞാൻ അവിടെ ജോലിക്ക് എത്തിയത്. സകല മാനദണ്ഡങ്ങൾ വച്ചും ചെറുപ്പക്കാരുടെ ന്യൂസ് റൂം. ഏഷ്യാനെറ്റിൽ നിന്നാണ് ഞാൻ വന്നത്. ഏഷ്യാനെറ്റിൽ ന്യൂസ് റൂമിലും പുറത്തും പല തലമുറകളുടെ സംഗമമായിരുന്നെങ്കിൽ ഇന്ത്യാവിഷനിൽ ഏറ്റവും പുതിയ തലമുറയുടെ പ്രതീക്ഷകളാണ് തുടിച്ചുനിന്നത്. എന്നാൽ ഒരു മനുഷ്യൻ മാത്രം ഏറ്റവും മുതിർന്ന തലമുറയിൽ നിന്നായിരുന്നു. അതാണ് എ. സഹദേവൻ എന്ന ആണ്ടൂർ സഹദേവൻ. അതിനകം ധാരാളം കേട്ട് അറിവുള്ള ആ മനുഷ്യൻ കാഴ്ചയിൽ ഇത്ര മെലിഞ്ഞിട്ടാണോ! ഞാൻ അദ്‌ഭുതപ്പെട്ടു. പക്ഷെ ആദ്യ ദിവസം കൊണ്ടുതന്നെ എനിക്ക് കാര്യം മനസിലായി. ചെറിയ ശരീരമുള്ള, പ്രായം കൊണ്ട് മുതിർന്ന ഈ മനുഷ്യനാണ് ആ പുത്തൻ സ്ഥാപനത്തിലെ ഏറ്റവും പുതിയ തലമുറക്കാരൻ എന്ന്.
തളരാത്ത, കർമനിരതമായ ജീവിതമായിരുന്നു സഹദേവേട്ടന്റെ. 24×7 എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാർത്താചാനലിനെ അതിന്റെ പൂർണ അർഥത്തിൽ അദ്ദേഹം ഉൾക്കൊണ്ടു. മലയാളത്തിലെ ആദ്യ സമ്പൂർണ വാർത്താ ചാനലായ ഇന്ത്യാവിഷന്റെ ഉള്ളടക്കം സമഗ്രമാക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. എം.ടിയുമായി മാതൃഭൂമി കാലം മുതൽക്ക് ഉണ്ടായിരുന്ന ആത്മബന്ധം ചാനലിന് ഔദ്യോഗികമായി ഉപയോഗപ്പെടുത്താൻ സാധിച്ചു. സാഹിത്യത്തിലും സിനിമയിലും സഹദേവേട്ടന്റെ പാണ്ഡിത്യം അസൂയാവഹമായിരുന്നു. അത് ഏത് സന്ദർഭത്തിലും വാർത്താപരമായി ഇന്ത്യാവിഷന് മുതൽക്കൂട്ടായി. അതിലുപരി വളരെക്കഴിഞ്ഞാണെങ്കിലും 24 ഫ്രെയിംസ് എന്ന അതിഗംഭീരമായ സിനിമാ വിശകലന പരിപാടി മലയാള ജേർണലിസത്തിന് സംഭാവന ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് എടുത്തുപറയണം.
ഒരു പഞ്ചാരമിട്ടായി പോലത്തെ മനുഷ്യനായിരുന്നു എ.സഹദേവൻ. അങ്ങനെയൊരാൾക്ക് കേരളത്തിലെ വിവിധ മണ്ഡലങ്ങളിലായി അതിവിസ്തൃത സൗഹൃദവലയം ഉണ്ടായതിൽ ആദ്‌ഭുതപ്പെടാനില്ല. ഇന്ത്യാവിഷൻ വാർത്താചാനൽ ആണ് സിനിമ എത്ര വിലയുള്ള വാർത്താ വിഭവമാണ് എന്ന് കാണിച്ചുകൊടുത്തത്. അതിൽ സഹദേവേട്ടന്റെ സിനിമാ രംഗത്തെ സൗഹൃദങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. എല്ലാ രാത്രിയിലും നികേഷ് അവതരിപ്പിച്ചിരുന്ന ന്യൂസ് നൈറ്റിൽ ഒരു സിനിമാ അതിഥിയെ കൊണ്ടുവന്നതാണ് നിർണായകമായത്. സിനിമാ താരങ്ങൾ ന്യൂസിൽ ലൈവായി വന്നത് വലിയ കൗതുകത്തോടെയാണ് കേരളം കണ്ടത്. അതുവരെയും മാനത്തുമാത്രം ശോഭിച്ച സൂപ്പർ താരങ്ങൾ ഉൾപ്പെടെ വാർത്തയുടെ മണ്ണിലിറങ്ങിയത് വലിയ പുതുമയായി. സിനിമാ താരങ്ങളെ കേരളം വെള്ളിത്തിരയ്ക്ക് പുറത്ത് പരിചയപ്പെടാൻ തുടങ്ങിയതും അതോടെയാണ്.
പ്രിന്റിൽ നിന്ന് ടെലിവിഷനിലേക്ക് സഹദേവേട്ടന്റെ പ്രയാണം എത്ര അനായാസമായിരുന്നു എന്നുകൂടി ഓർത്തുപോകുന്നു. മാതൃഭൂമിയിൽ വീക്കിലിയിലും ചിത്രഭൂമിയിലുമൊക്കെ സമയമെടുത്ത് മാധ്യമപ്രവർത്തനം നടത്തിയ ആൾ വാർത്താചാനലിന്റെ അനുനിമിഷം ചലിച്ചുകൊണ്ടിരിക്കുന്ന സംവിധാനത്തിന്റെ ഭാഗമായത് തരിമ്പും സംശയമില്ലാതെയാണ്. ചെയ്യേണ്ട കാര്യത്തിന് എന്തെങ്കിലും തടസ്സം നേരിട്ടാൽ അത് ശരിയാകുന്നതുവരെ തല ചൂടായി നെറ്റിയിൽ കൈവച്ച് ന്യൂസ് റൂമിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന സഹദേവേട്ടന്റെ ചിത്രം ഇന്ത്യാവിഷനിൽ ചെറിയകാലം മാത്രം ജോലി ചെയ്തവർ പോലും മറക്കാനിടയില്ല.
പ്രിയ സഹദേവേട്ടൻ, വിട.
ഒരിക്കലും മരിക്കില്ലെന്നു തോന്നിപ്പിച്ചിരുന്നു താങ്കൾ. മരണത്തിനു മുന്നിൽ പോലും എനിക്ക് ജോലിയുണ്ട്, ഞാനത് തീർക്കട്ടെ എന്ന് പറയുമെന്ന്. സഞ്ചരിക്കുന്ന ന്യൂസ് റൂം എന്നാണ് മനസിൽ വരുന്ന വിശേഷണം. കാരണം, ഒരു ന്യൂസ് റൂമിലെ ഏത് ജോലിയും ഏത് അടിയന്തര സന്ദർഭത്തിലും എവിടെവച്ചും നിർവഹിക്കാൻ പ്രാപ്തമായ ധിഷണയായിരുന്നല്ലോ മാധ്യമ പ്രവർത്തനത്തിൽ താങ്കളുടെ നിക്ഷേപം. മരണമാണ് താങ്കളുടെ വിശ്രമനേരം. വിശ്രമിക്കൂ, സ്വസ്ഥമായി
ഇന്ത്യ വിഷനിലെ 24 ഫ്രെയിംസ് എന്ന പ്രോഗാമിലുടെ എനിക്ക് ലോകസിനിമയെ ആദ്യമായി പരിചയപ്പെടുത്തി തന്ന സഹദേവട്ടനു വിട