പൗരത്വ നിയമ ഭേദഗതിക്കെതിരായ ദില്ലിയിലെ സമരത്തിലെ പ്രമുഖനും, ജെ.എൻ.യു. വിദ്യാർത്ഥിയുമായ ഉമർ ഖാലിദിനെ ദില്ലിയിൽ കലാപം നടത്തി എന്നാരോപിച്ച് യു.എ.പി.എ. ചുമത്തി തീഹാർ ജയിലിൽ അടച്ചിട്ട് ഇന്ന് (സെപ്തംബർ 13) രണ്ടു വർഷം തികഞ്ഞു. വിചാരണ തുടങ്ങാതെ ജയിലിൽ തുടരുകയാണ് ഈ ചെറുപ്പക്കാരൻ.
സ്വാതന്ത്ര്യ ദിനത്തിൽ എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ രോഹിത് കുമാർ ഉമർ ഖാലിദിന് എഴുതിയ തുറന്ന കത്തും, അതിനു ഉമർ ഖാലിദ് എഴുതിയ മറുപടിയും ഇന്ത്യയുടെ സമകാലിക അവസ്ഥയുടെ രണ്ടറ്റത്തു നിന്നുകൊണ്ട് രണ്ടു ചെറുപ്പക്കാർ നടത്തിയ ഒരു സംവാദമായി ദി വയർ എന്ന വെബ് പോർട്ടലിലൂടെ പുറത്തുവന്നിരിക്കുന്നു.
“അടുത്തിടെയായി യാഥാർഥ്യങ്ങളെ പറ്റി എനിക്ക് ചുറ്റുമുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നത് ഞാൻ നിർത്തിയിരിക്കുന്നു. എത്ര നുണകളോടാണ് പൊരുതാനാവുക? എത്ര പേരോട്? ഞാൻ സ്വയം ചോദിക്കുന്നു, ആളുകൾ ചുമ്മാ പലതരം തെറ്റായ പ്രചാരണങ്ങൾക്ക് വശംവദരായി പോകുന്നതാണോ? അതോ ആ നുണകൾ വിശ്വസിക്കാൻ അവർ സ്വയം ആഗ്രഹിക്കുന്നുണ്ടോ? അവരുടെ അബോധത്തിൽ കുടികൊള്ളുന്ന പലതരം മുൻവിധികൾ കാരണം?
നിരന്തരം (നുണയുടെ) ആ ചുമരിൽ തലയിട്ടടിക്കുന്നതിനു പകരം ഇപ്പോൾ ഞാൻ ജയിലിൽ ഒറ്റക്കിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതെന്നെ ഇത്തിരി അസ്വസ്ഥനാക്കുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷക്കാലത്തെ ജയിൽ ജീവിതം എന്നിൽ ഉണ്ടാക്കിയ മാറ്റം അതാണ്.”
35 വയസ്സുള്ള ആ ചെറുപ്പക്കാരൻ, യുവത്വത്തിന്റെ ആർജ്ജവം നിറഞ്ഞ, വ്യവസ്ഥയെ വെല്ലുവിളിക്കാൻ ധൈര്യപ്പെട്ട ആ ജെ.എൻ.യു. വിദ്യാർത്ഥി, ഇന്ന് ജയിലിൽ ഒറ്റക്കിരിക്കാൻ ആഗ്രഹിക്കുന്നു. കോടതിയിൽ ഹാജരാക്കുമ്പോൾ കാണുന്ന ആളും ബഹളവും തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജയിലിലെ ഏകാന്തതയാണ് ഇപ്പോൾ സുഖം തോന്നുന്നതെന്നും പറയുന്നു.
യു.എ.പി.എ. അഥവാ അൺലോഫുൾ ആക്ടിവിറ്റിസ് പ്രിവെൻഷൻ ആക്ട് ഉപയോഗിച്ച് പ്രതിഷേധ ശബ്ദങ്ങളെ ഒതുക്കുന്ന പ്രവണത കൂടി വരുന്ന നമ്മുടെ രാജ്യത്ത്, വിചാരണ കൂടാതെ തന്നെപ്പോലുള്ളവരെ ജയിലിൽ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ആരും എന്തെ ബ്രിട്ടീഷ് ഭരണകാലത്തെ റൗലറ്റ് ആക്ട് പോലുള്ള കരിനിയമങ്ങളുമായി ഇതിനുള്ള സമാനത ഓർക്കാത്തത് എന്ന് ഉമർ ഖാലിദ് ചോദിക്കുന്നു.
തന്നെ തടവിലാക്കിയ ഭരണകൂടത്തിനും ഒരു പടി മുന്നിൽ നിന്നുകൊണ്ടു, തന്നെ ക്രിമിനലും രാജ്യദ്രോഹിയും തീവ്രവാദിയുമായി ചിത്രീകരിക്കാൻ മത്സരിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളോട്, നുണ നിർമ്മിക്കുന്ന ഈ ഭൂതത്താൻ യന്ത്രങ്ങളോട് എങ്ങനെ പൊരുതും എന്ന് നിരാശനാവുന്നു. തന്നെ തടവിലാക്കിയവർക്ക്, തനിക്കെതിരായ തെളിവുകൾ ജനമധ്യത്തിലോ കോടതിയിലോ വെക്കാനുള്ള ഉത്തരവാദിത്വം പോലും വന്നു ചേരുന്നില്ല. വിചാരണയില്ലാതെ തടവ് വർഷങ്ങൾ നീണ്ടുകൊണ്ടേ ഇരിക്കുന്നു.
എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ രോഹിത് കുമാർ തനിക്കു ജയിലിലേക്ക് എഴുതിയ തുറന്ന കത്തിന് മറുപടിയായാണ് ഉമർ ഖാലിദ് ഇത്രയും എഴുതിയത്. രോഹിത് കുമാർ തന്നെ ഉമറിനുള്ള തുറന്ന കത്തിൽ പറയുന്നതു പോലെ, 2017 ൽ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് രോഹിത് കുമാർ ഉമറിനെ പരിചയപ്പെട്ടത്. സിങ്‌ഭും എന്ന, ജാർഖണ്ഡിലെ അതിപിന്നോക്കമായ, എന്നാൽ പ്രകൃതിവിഭവങ്ങളാൽ സമ്പന്നവും, അവയുടെ ചൂഷണത്തിലൂടെ പണക്കാർ കോടികൾ സമ്പാദിക്കുന്നതുമായ, ആദിവാസി മേഖലയിൽ 1800 കൾ തൊട്ടു 2000 വരെയുള്ള 200 വർഷക്കാലം ഭരണകൂടം എങ്ങിനെയെല്ലാം ഇടപെട്ടു എന്നതായിരുന്നു ഉമറിന്റെ പി.എച്ഛ്.ഡി. വിഷയം. രോഹിത് കുമാർ അത് തന്റെ കത്തിൽ ഓർക്കുന്നുണ്ട്.
ആസാദിയുടെ അമൃത മഹോത്സവമാണ് രാജ്യത്ത് നടക്കുന്നതെന്ന് കേൾക്കുമ്പോൾ അതുണ്ടാക്കിയ ആത്മവിചാരങ്ങളിൽ തുടങ്ങി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പ്രതീക്ഷകളിൽ രോഹിത് കുമാറും ഉമർ ഖാലിദും തങ്ങളുടെ കത്തുകൾ അവസാനിപ്പിക്കുന്നു. ഒമർ ഖാലിദ് കത്തിന്റെ അന്ത്യത്തിൽ എഴുതുന്നു, “അവസാനമായി, തടവുകാർക്കിടയിൽ ഒരു കൗൺസിലർ എന്ന നിലയ്ക്കുള്ള താങ്കളുടെ പ്രവർത്തനങ്ങളെ പറ്റി എനിക്കറിയാം എന്ന് പറഞ്ഞുകൊള്ളട്ടെ. രണ്ടു മാസം മുൻപ്, ‘തീഹാറിലെ ക്രിസ്മസും, മറ്റു കഥകളും’, എന്ന താങ്കളുടെ പുസ്തകം ഞാൻ വായിച്ചു. എത്ര മധുരമായ ഒരു പുസ്തകമാണ് താങ്കൾ രചിച്ചത്! ഞങ്ങളുടെ ഈ നരകത്തിലും ഒട്ടും പഞ്ഞമില്ലാത്തത് കഥകൾക്ക് മാത്രമാണ്. എല്ലാ തരം കഥകളും- സമരത്തിന്റെയും,സഹനത്തിന്റെയും, തീവ്രാഭിലാഷത്തിന്റെയും, തീരാത്ത കാത്തിരിപ്പിന്റെയും, ദാരിദ്ര്യത്തിന്റെയും, ഹൃദയം നുറുക്കുന്ന അനീതിയുടെയും കഥകൾ, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മനുഷ്യാന്വേഷണത്തിന്റെ കഥകൾ, മാനവതിന്മകളുടെ ഇരുണ്ട കഥകൾ. ഒരിക്കൽ, ഒരു സ്വതന്ത്ര മനുഷ്യനായി, താങ്കളുമായി ഒരു കാപ്പി കുടിച്ചുകൊണ്ട് ആ കഥകൾ പങ്കുവെക്കാം എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”