A Unique Multilingual Media Platform

The AIDEM

Articles Caste Culture Society Travel

രുദാലികളുടെ കണ്ണുനീർ

  • March 19, 2024
  • 1 min read
രുദാലികളുടെ കണ്ണുനീർ

പോക്കുവെയിൽ പൊന്നുരുക്കിയൊഴിച്ചപ്പോൾ മരുഭൂമിയിലെ ചൊരിമണലിന് സുവർണ്ണ ശോഭ. അനന്ത വിസ്തൃതമായ താർ മരുഭൂമിയിൽ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. പ്രകൃതിയുടെ കനിവ്. വിരളമായ മഴപ്പെയ്ത്തിൽ മനം നിറഞ്ഞ മരുവാസികൾ പുളകിതരായി.

ഖേജ്രിയും കിക്കാറും പേരറിയാത്ത മുൾമരങ്ങളും എരിക്കും കാശപ്പൂക്കളും പുൽനാമ്പുകളും പതിവില്ലാത്ത ഉണർവോടെ തല നീട്ടി നോക്കി.

അരിപ്രാവിൻ്റെയും ഇറ്റിറ്റിപ്പുള്ളിൻ്റെയും രാഗ വിസ്താരത്തിന് പശ്ചാത്തലമായി ഇളം കാറ്റ് ചെവിയിൽ ചൂളം കുത്തി. ചെമ്മരിയാടും കൃഷ്ണമൃഗവും സന്തോഷത്തോടെ തുള്ളിച്ചാടി. വെയിൽ നക്കിയെടുത്തതിൽ ബാക്കിയായ നനവിൻ്റെ കുളിർമയിൽ ഒട്ടകങ്ങൾ മണലിൽ ചരിഞ്ഞു കിടന്നു. മൺകുടിലുകളിൽ താമസിക്കുന്ന മരുമനുഷ്യരും മണലാരണ്യത്തിലെ മഴപ്പെയ്ത്തിൽ സന്തുഷ്ടരാണ്.

നനഞ്ഞ മണൽത്തരികൾ കാലിൽ കിരുകിരെ കിന്നാരം പറഞ്ഞു. ഓർമ്മയുടെ തിരശ്ശീലയിൽ ആ ദൃശ്യം തെളിഞ്ഞു. ‘രുദാലി’ സിനിമയിലെ മഴനൃത്തം.

മരുക്കടലിൽ വീഴുന്ന ആദ്യ മഴത്തുള്ളിയെ മുഖകമലത്തിൽ ഏറ്റുവാങ്ങിയ നായിക. ശനിചാരിയെ അനശ്വരയാക്കിയ നടി ഡിംപിൾ കപാഡിയ. ജീവിതം പോലെ നിറം മങ്ങിയ നീണ്ട പാവാടയും ബ്ലൗസ്സും തട്ടവുമിട്ട്, വലിയ കൈവളകളും തോൾവളകളും പാദസരവുമണിഞ്ഞ് കയറ്റു കട്ടിലിൽ പ്രതീക്ഷയറ്റു കിടക്കുകയായിരുന്നു അവൾ.

അപ്രതീക്ഷിതമായി പെയ്ത മഴയാണ് അവളെ ഉണർത്തിയത്. ചിലപ്പോൾ വർഷങ്ങൾ കഴിഞ്ഞാവും മഴയെത്തുക. വല്ലപ്പോഴും മാത്രം വരുന്ന വിരുന്നുകാരനാണ് മരുമഴ. മരുഭൂമിയിൽ മാധവമെത്തി!!! അവൾ ആനന്ദനൃത്തം ചവിട്ടി.

“ജൂട്ടി മൂട്ടി മിത് വ അവന് ബോലെ, ബാദോ ബോലെ കഭി സവന് ബോലെ….”

കവി ഗുൽസാറിൻ്റെ ഹൃദയഹാരിയായ ചടുല ഗാനം. നാടോടിപ്പാട്ടിൻ്റെ അന്തർഗതമറിയുന്ന ഭൂപൻ ഹസാരികയുടെ മധുര സംഗീതം.

ഭൂപൻ ഹസാരിക

ലതാ മങ്കേഷ്ക്കർ. സംഗീത ലോകത്തിലെ വാനമ്പാടി. ലതയുടെ മധുരസ്വരത്തിൽ ശനിചാരിയുടെ മയൂര നടനം. പുല്ലാങ്കുഴലും തബലയും മഴപ്പെയ്ത്തിൻ്റെ ചടുലതയ്‌ക്കൊപ്പം സ്വരരാഗമാലികയായി മരുമണലിൽ നിർത്താതെ പെയ്തു.

ജന്മി-നാടുവാഴി കുടുംബങ്ങളിലുള്ളവർ മരണപ്പെട്ടാൽ വീട്ടുകാരായ സ്ത്രീകൾക്ക് അവരുടെ വികാരവിചാരങ്ങൾ വെളിയിൽ പ്രകടിപ്പിക്കാൻ അനുവാദമില്ല. താഴ്ന്ന ജാതിയിൽപ്പെട്ട പെണ്ണുങ്ങളാണ് ഇതിനായി നിയോഗിക്കപ്പെട്ടവർ. കൂലിക്കു കരയുന്ന ഇവർ ‘രുദാലികൾ’ എന്നാണ് അറിയപ്പെട്ടിരുന്നത്. രുദാലി എന്ന വാക്കിൻ്റെ അർത്ഥം വിലപിക്കുന്ന സ്ത്രീ എന്നാണ്. രാജസ്ഥാനിലെ രേവാർ, ജോദ്പൂർ ജില്ലകളിലെ ഷെർഗാർ, പട്ടോടി- ബാർമർ ജില്ലയിലെ ചിത്താർ, കോട്ട്ഡ, ചുലി, ഫത്തേഹ്ഗാർ- ജയ്സാൽമെർ ജില്ലയിലെ രാംദേവ്റ, പൊക്രാൻ എന്നീ മരുഗ്രാമങ്ങളിൽ ജീവിക്കുന്ന ഗഞ്ജു, ദുസാഡ്, ഡറോഗി എന്നീ ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവരാണ് രുദാലികൾ.

രുദാലി സിനിമയിലെ ഒരു രംഗം

മരണം നടന്ന സമയം മുതൽ പന്ത്രണ്ടു ദിവസം കറുത്ത വസ്ത്രം ധരിച്ച് രുദാലികൾ പരേതരുടെ അപദാനങ്ങൾ പാടിയും പറഞ്ഞും കൂട്ടമായി വിലപിക്കും. നെഞ്ചത്തടിച്ചും ഉറക്കെക്കരഞ്ഞും പാടും. അത് നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ഒരു ആചാരമാണ്.

ദിവസങ്ങളോളം വിലപിച്ചാൽ കൂലിയായി കിട്ടുന്നതോ കുറച്ച് പണവും ധാന്യങ്ങളും തുണിയും എണ്ണയും!

തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ പതിത ജന്മങ്ങളാണ് രുദാലികൾ. വിധവകളോ അവിവാഹിതകളോ ആയ ഈ സ്ത്രീകളെ അപശകുനങ്ങളായാണ് ഉന്നത ജാതിയിൽപ്പെട്ടവർ കണക്കാക്കുന്നത്. പണവും പ്രതാപവുമുള്ള മേൽത്തട്ടുകാരുടെ വാസസ്ഥലത്തു നിന്നും അകന്നു മാറി ഗ്രാമത്തിനു വെളിയിൽ കല്ലും മണ്ണും ചളിയും പുല്ലും കൊണ്ടു പണിത കൂരകളിൽ പൊടി പുരണ്ട ഈ മനുഷ്യർ കഴിഞ്ഞു കൂടി.

രുദാലികളുടെ കഠിന ജീവിതത്തിലെ ചുട്ടുപൊള്ളുന്ന അനുഭവങ്ങളുടെ സർഗ്ഗാത്മകാവിഷ്ക്കാരമാണ് പ്രശസ്ത എഴുത്തുകാരി മഹാശ്വേതാദേവിയുടെ ‘രുദാലി’എന്ന നോവൽ. ഏറെ ചർച്ച ചെയ്യപ്പെട്ട ഈ നോവലിനെ പശ്ചാത്തലമാക്കി 1993ൽ കല്പന ലാജ്മിയുടെ സംവിധാനത്തിൽ ഇറങ്ങിയ ‘രുദാലി’ എന്ന ചലച്ചിത്രം ലോകത്തിൻ്റെ കണ്ണുതുറപ്പിച്ചു.

കവിയും ഗാനരചയിതാവുമായ ഗുൽസാറിൻ്റെ വരികളിൽ പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ ഭൂപൻ ഹസാരിക മരുമണലിൻ്റെ സംഗീതം നിറച്ചു. ലതാമങ്കേഷ്ക്കറും ഭൂപൻ ഹസാരികയും അന്നോളം ആളുകൾ കേട്ടിട്ടില്ലാത്ത ഭാവാർദ്രഗാനങ്ങൾ ആലപിച്ചു. വശ്യമനോഹരമായ ആ ഗാനങ്ങൾ മറക്കുന്നതെങ്ങനെ?

വരണ്ട ഭൂമിയിൽ ഒരു തുള്ളി വെള്ളത്തിനായി കൊതിക്കുന്ന ജീവികളെപ്പോലെ, ജീവിതത്തിൻ്റെ തരിശുകളിൽ ഒരിറ്റു സ്നേഹത്തിനായി കേഴുകയാണ് രുദാലിയായ ശനിചാരി. പഞ്ചമിച്ചന്ദ്രനെ പ്രണയിച്ച പതിതയായ രുദാലിയുടെ ചോരകിനിയുന്ന മുറിവുകളും അമർത്തിപ്പിടിച്ച സങ്കടങ്ങളും ആരറിയാൻ! എങ്ങും ആശങ്കളുടെ കരിമേഘങ്ങളും നടുക്കുന്ന ഇടിമുഴക്കവുമാണ്. എങ്കിലും അവൾ പ്രതീക്ഷയോടെ കാത്തിരുന്നു.

ഗുൽസാറിൻ്റെ വരികളിൽ ശനിചാരിയുടെ മിടിക്കുന്ന ഹൃദയം ശോകസാന്ദ്രമായി പാടി:

“നീ എൻ്റെ ചന്ദ്രനാണ്, എന്നിട്ടും, നിൻ്റെ സാന്ത്വന കിരണങ്ങൾ എൻ്റെ ചർമ്മത്തെ ചുട്ടു കളയുന്നു.

നിങ്ങളുടെ ഇടം ഉയർന്നതാണ്, എൻ്റെ ചിറകുകൾ പുതുതായി മുറിഞ്ഞു, ഹൃദയം പിറുപിറുക്കുന്നു…. “

ജീവിതം കരിഞ്ഞുണങ്ങുമ്പോഴും പ്രതീക്ഷ കൈവിടാതെ അടിയുറച്ചു നിന്നു പൊരുതുന്ന കരുത്തുള്ള പെണ്ണായി ശനിചാരിയെ കാണാം.

ചുട്ടുപൊള്ളുന്ന മരുപ്പരപ്പിൽ പാട്ടു പാടി ജീവിക്കുന്ന തലപ്പാവു കെട്ടിയ മങ്ങണിയാർമാരുടെ ഒറ്റക്കമ്പി വീണ വിഷാദ ഭാവത്തിൽ സംഗീതം പൊഴിച്ചു. ഓർമ്മയുടെ വെള്ളിത്തിരയിൽ, മഴയിൽ നനഞ്ഞ് ശനിചാരി നൃത്തം ചെയ്യുമ്പോൾ കരിവെള്ളൂരിലെ കാക്കച്ചി കടന്നു വന്നു. പണ്ട് ഇവിടെയും രുദാലികളുണ്ടായിരുന്നു. ജന്മി-നാടുവാഴി കുടുംബങ്ങളിലുള്ളവർ മരിച്ചാൽ കൂലിക്കു കരയുന്ന ആചാരം! പാവം മനുഷ്യർ.

ഗുൽസാ

കോട്ടൂർ വയലിൻ്റെ പച്ചപ്പിനെ പകുത്ത് വളഞ്ഞുപുളഞ്ഞ് തെക്കോട്ടൊഴുകുന്ന തോട്. തോട്ടിറമ്പത്തെ പൂക്കൈതയുടെ ചുവട്ടിലോ വയൽക്കരയിലുള്ള കുളങ്ങൾക്കരികിലോ ഇരുന്ന് കാക്കച്ചിയും കൂടെയുള്ള പെണ്ണുങ്ങളും നെഞ്ചത്തടിച്ച് വിലപിച്ചു: “എങ്ങളെ ഒടയോറ് പോയോ, അടിയങ്ങള് ഒറ്റക്കായോ….”

പരേതരുടെ അപദാനങ്ങൾ പാടിയും പറഞ്ഞും ഏറെ നേരമിരുന്ന് നീട്ടി എനഞ്ഞപ്പോൾ ചുടുകാട്ടിൽ ബാക്കിയായ പട്ടും തുണികളും നെല്ലും എള്ളും അരിയും എണ്ണയും തേങ്ങയും കാക്കച്ചിക്കും കൂടെയുള്ളോർക്കും കിട്ടി. പുല്ലും മണ്ണും ചളിയും കൊണ്ടു പണിത പലിയേരിക്കൊവ്വലിലെ ചാളകളിലേക്ക് ദളിതരായ ആ മൺമനുഷ്യർ നൂണുകയറി.

നാല്പതുകളിൽ കർഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളുടെ ഫലമായി ജന്മി-നാടുവാഴിത്ത വ്യവസ്ഥയുടെ അടിക്കല്ലിളകി. നൂറ്റാണ്ടുകളായി കൂലിക്കു കരയുന്ന ദുരാചാരം ഈ മണ്ണിൽ നിന്നും അപ്രത്യക്ഷമായി. കാക്കച്ചിയെപ്പോലെ മലയാളം മിണ്ടുന്ന രുദാലികൾ സ്വതന്ത്രരായി.

ജരാനര ബാധിച്ച നടുകുനിഞ്ഞ കാക്കച്ചി നാട്ടുവഴികളിൽ പ്രാഞ്ചിപ്രാഞ്ചിനടന്നു. നടത്തത്തിൻ്റെ താളത്തിനനുസരിച്ച് നഗ്നമായ മാറിലെ തൂങ്ങിയാടുന്ന മുലകളും ഊയലാടുന്ന ഓലക്കാതുകളും ആളുകൾ കൗതുകത്തോടെ നോക്കി നിന്നു. ഇരു കൈയ്യിലും ലോഹവളകളും കഴുത്തിൽ പല വർണ്ണങ്ങളിലുള്ള കല്ലുമാലകളും അണിഞ്ഞ കാക്കച്ചി നടുനിവർത്തി വഴിയോരത്തുള്ളവരെ നോക്കി കുലുങ്ങിച്ചിരിച്ചു. പൂക്കൈതയുടെ ഓല വെട്ടി മുള്ളുകളഞ്ഞ് പതം വരുത്തി അഴകുള്ള പൂക്കുരിയയും പായയും ഉണ്ടാക്കുന്ന കാക്കച്ചി. അവർ തീർത്ത കൈതോലപ്പായയിൽ ഉറങ്ങിയതിൻ്റെ സുഖം പട്ടുമെത്തയിൽ കിടന്നിട്ടും പലർക്കും ലഭിച്ചില്ല. അവർ മെനഞ്ഞ പൂക്കുരിയയുടെ സുഗന്ധം ഓണം കഴിഞ്ഞിട്ടും പോയില്ല. വിശാലമായ കോട്ടൂർ വയലിൽ നിന്ന് കാലിപ്പെറുക്കി കിട്ടിയ കതിരുകൾ കൂട്ടിവെച്ചു മെതിച്ചു. നെല്ലിടിച്ച് അവിലുണ്ടാക്കി കാക്കച്ചിയും മക്കളും നാളുകൾ നീക്കി. വറുതിയുടെ കാലത്ത് തോട്ടിൽ നിന്നും കൂവലിൽ നിന്നും തേവിപ്പിടിച്ച പരൽമീനുകളെ ഭക്ഷണമാക്കി. ആമ ഇറച്ചി കഴിച്ചിട്ടാണത്രേ നൂറു കഴിഞ്ഞിട്ടും കാക്കച്ചിയുടെ കണ്ണുകളിലെ വെളിച്ചം കെട്ടുപോകാതിരുന്നത്!

നാലും കൂട്ടിമുറുക്കി തുപ്പി ആടിയാടി നടന്നു പോയ കാക്കച്ചി വഴിയിരികിലിരുന്ന് ദുരിത ജീവിതത്തിൻ്റെ നീറുന്ന കഥകൾ ഒരുപാട് പറഞ്ഞു. ഒടുവിൽ ഒരു ദിനം കാക്കച്ചി ജീവിതത്തിൽ നിന്നും പറന്നകന്നു. രുദാലികളുടെ കണ്ണുനീർത്തുള്ളികൾ വീണ മണലാരണ്യത്തിൽ ഏറെ നേരം നിന്നു. സമയം പോയതറിഞ്ഞില്ല. ശനിചാരിയുടെ മഴനൃത്തത്തിൽ വിസ്മയം പൂണ്ടിരിക്കുന്ന കാക്കച്ചിയുടെ ചുളിവുകൾ വീണ മുഖവും പാൽച്ചിരിയും മങ്ങാത്ത വെളിച്ചമായി മനോമുകുരത്തിൽ നിറഞ്ഞു.

About Author

മുരളീധരൻ കരിവെള്ളൂ൪

യാത്രികനും എഴുത്തുകാരനും ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകനുമാണ് ലേഖകൻ

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Krishnan
Krishnan
1 month ago

Ho beautiful. Just like reading a short story.

1
0
Would love your thoughts, please comment.x
()
x