ഇത് ടൂര്‍ പാക്കേജുകളുടെ കാലം. മനുഷ്യൻ്റെ എല്ലാ അഭിരുചികളും, പ്രവണതകളും കച്ചവടവല്‍ക്കരിക്കപ്പെടുന്ന വര്‍ത്തമാന കാലത്ത്, നമ്മുടെയൊക്കെ യാത്രകളും വ്യവസായവല്‍ക്കരിക്കപ്പെടുന്നു. നമ്മുടെയൊക്കെ അടിസ്ഥാനപരമായ യാത്രാഭിരുചികളെ കച്ചവട സൌകര്യങ്ങള്‍ക്കനുസരിച്ചു ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പരിമിതിപ്പെടുത്തിയിരിക്കുന്നു, ക്രോഡീകരിച്ചിരിക്കുന്നു. അന്യദേശത്തെയോ, ജനപദങ്ങളെയോ, അവരുടെ സംസ്കാരത്തെയോ, കണ്ടെത്താനും, പരിചയപ്പെടാനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇത്തരം യാത്രകള്‍ എത്രമാത്രം സഫലമാണെന്ന കാര്യത്തില്‍ സംശയമുണ്ട്. ഏറെയൊന്നും ആസൂത്രിതമല്ലാത്ത, മുന്‍തീരുമാനങ്ങളോ, മുന്‍വിധികളോ ഇല്ലാത്ത യാത്രകളാണ് എന്നെ സംബന്ധിച്ചിടത്തോളം ആസ്വാദ്യകരം. നാം ചെന്നെത്തുന്ന അജ്ഞാതദേശങ്ങള്‍, ജനപദങ്ങള്‍ അവരുടെ നന്മകളിലും, ആതിഥേയത്വ മനോഭാവങ്ങളിലും, വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള യാത്രകള്‍, അത്തരം യാത്രകള്‍ നമ്മെ കൂടുതല്‍ പഠിപ്പിക്കുകയും, നവീകരിക്കുകയും ചെയ്യുന്നു.
മ്യാൻമാർ എല്ലാ കാലത്തും ശ്രദ്ധയാകർഷിച്ച, ഒരർത്ഥത്തിൽ ആ രാജ്യത്തിൻ്റെ സങ്കീർണ്ണതകൾ കൊണ്ട് സാഹസികതയുടെ ഒരു പ്രതീകമായി മാറിയ ഇടമാണ്. ക്യാപ്റ്റൻ ലക്ഷ്മി മുതൽ ഓങ് സാൻ സൂച്ചി വരെയുള്ള സഹനത്തിൻ്റെ ബിംബങ്ങൾ; ബ്രിട്ടീഷ് രാജ് മുതൽ ജാപ്പനീസ് മാഫിയകൾ വരെ നടമാടിയ ഭൂതകാലം, ഇപ്പോൾ സൈനിക ഗുണ്ടയുടെ അതിക്രമ വാഴ്ച്ച. ഇവയെക്കുറിച്ചെല്ലാം പുറംലോകത്തിനു ലഭിക്കുന്ന പാതി വെന്ത വാർത്തകളും, വിശകലനങ്ങളും. ഇതൊക്കെ കൊണ്ട് മ്യാൻമാർ എപ്പോഴും ഒരു നിഗൂഢ പ്രതിഭാസമായി നിലനിന്നിരുന്നു. മ്യാൻമാറിൻ്റെ അതിർത്തി വരെ എത്താൻ ഒരു വഴിയുണ്ടെന്നു കേട്ടാണ് ഞങ്ങൾ മൂന്നുപേർ ഇറങ്ങി പുറപ്പെട്ടത്. ഇന്ത്യയിലെ നാല് വടക്കുകിഴക്കന്‍ (North-East) സംസ്ഥാനങ്ങള്‍, മ്യാൻമാറുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം. അതിലൊന്നായ മണിപുരിലെ മോറെ (MOREH) യിൽ എത്തിപ്പെട്ടാൽ മ്യാൻമാറിൻ്റെ ഒരു സമീപ കാഴ്ചയെങ്കിലും ലഭിക്കുമെന്നു ഞങ്ങൾക്ക് വിവരം ലഭിച്ചു. മണിപ്പൂരിൻ്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നും 210 കിലോമീറ്റെര്‍ അകലെയുള്ള ഒരു ഉള്‍നാടന്‍ ഗ്രാമമാണ് മോറെ. മോറെയില്‍ എത്തിപ്പെടാന്‍ കടമ്പകള്‍ ഏറെയുണ്ട്.
മ്യാൻമാറിന് ബാധകമായ സഹനത്തിൻ്റെയും സമരത്തിൻ്റെയും, സാഹസികതയുടെയും ബിംബങ്ങൾ മണിപ്പൂരിനും ഏറെയുണ്ട്. AFSPA (ARMED FORCES SPECIAL POWERS ACT) നിലവിലുള്ള സംസ്ഥാനമാണ് മണിപ്പൂരെന്നോര്‍ക്കുക. ഈറോം ശര്‍മിളയുടെ നാട്. ഒളിമ്പിയന്‍ മേരികോമിൻ്റെയും. ആസാമില്‍ നിന്നും മണിപ്പുരിലേക്ക് കടക്കാന്‍ ILP (Inner Line Permit) എടുക്കേണ്ടതുണ്ട്. മോറെയില്‍ എത്തുന്നതിനുമുന്‍പ്, നിരവധി സ്ഥലത്ത് ആര്‍മിയുടെ ചെക്ക് പോസ്റ്റുകള്‍. അവിടെയെല്ലാം വാഹനങ്ങള്‍ നിറുത്തി, യാത്രക്കാരുടെ ബാഗേജുകള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കുന്നു.
മോറെയില്‍ ഭക്ഷണത്തിനും താമസത്തിനും എന്തെങ്കിലും സംവിധാനങ്ങൾ ഉണ്ടോ എന്നൊന്നും അറിയില്ലായിരുന്നു. പക്ഷെ, ഞങ്ങളുടെ യാത്ര എപ്പോഴും അങ്ങനെയാണല്ലോ. ഭക്ഷണമുണ്ടെങ്കിൽ ആവാം, ഇല്ലെങ്കിൽ ഇല്ല. താമസസൗകര്യം ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ല. വൈകിട്ട് ഏകദേശം അഞ്ചുമണിയോടെ മോറെയില്‍ എത്തിയപ്പോഴാണ്, ഇല്ലായ്മകളെ വരിക്കാനാണ് ഞങ്ങളുടെ വിധി എന്ന് മനസ്സിലാക്കുന്നത്. എങ്കിലും കുറെ നേരത്തെ കലശലായ പരിശ്രമങ്ങൾക്ക് ശേഷം ചെറിയൊരു ലോഡ്ജില്‍ മുറി ലഭിച്ചു. ഇല്ലായ്മകളാണ് പശ്ചാത്തലമെങ്കിലും കൊതുകുകള്‍ക്ക് ഒരു കുറവുമില്ല. അവ ധാരാളമായി തന്നെ ഉണ്ട്. ഒപ്പം, പവര്‍ കട്ടും.
ഭക്ഷണമെന്ന പേരിൽ ഒരു ചെറിയ ചായക്കടയില്‍ നിന്നും ഉണക്ക റൊട്ടിയും, ദാലും (പരിപ്പ് കറി) ലഭിച്ചു. വിശപ്പുള്ളതിനാല്‍ സ്വാദിഷ്ടമായി തോന്നി. ഏഴു മണിയായപ്പോഴേക്കും കടകള്‍ അടച്ചുതുടങ്ങി. അഞ്ചര മണിയോടെ മോറെയില്‍ ഇരുട്ട് പരക്കുന്നു. കുറ്റം പറയരുതല്ലോ, കാലത്ത് അഞ്ചരയോടെ സൂര്യനുദിച്ചിരിക്കുന്നു. നല്ല പ്രകാശം. മോറെയിലെ തെരുവുകള്‍ സജീവം.
കാലത്ത് തന്നെ കുളിച്ചു തയ്യാറായി പുറത്തിറങ്ങി. നൂറു മീറ്റര്‍ അകലെ ഇന്‍ഡോ – മ്യാൻമാര്‍ ബോര്‍ഡര്‍. പടുകൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. INDO-MYANMAR FRIENDSHIP GATE (ഇൻഡോ-മ്യാൻമാർ സൗഹൃദ കവാടം) എന്ന് വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്. BSF ജവാന്മാരുടെയും മ്യാൻമാർ പോലീസിൻ്റെയും വമ്പൻ കാവല്‍. വളരെ ദൂരെ നിന്ന് വരികയാണെന്നും, അല്പസമയത്തേക്ക് കടത്തിവിടണമെന്നും അപേക്ഷിച്ചു നോക്കി. തോക്കുധാരികൾ മര്യാദക്കാരായതുകൊണ്ടു വെടി വെച്ചില്ല. കടന്നുകയറ്റമൊന്നും പറ്റില്ല എന്ന് അധികാരവും, നിസ്സഹായാവസ്ഥയും ഒന്നിച്ചു ചേർത്ത ഭാഷയിൽ അവർ അറിയിച്ചു. ബോർഡിൽ മാത്രമേ സൗഹൃദമുള്ളൂ എന്നർത്ഥം. മറ്റുമാർഗങ്ങളില്ലാത്തത് കൊണ്ട്, അതിർത്തി വെറുതെയൊന്നു കണ്ടു തിരിച്ചുപോകാൻ ഞങ്ങൾ തീരുമാനിച്ചു.
ഉലകമെങ്ങും തമിഴ്നാട് :
വമ്പൻ പദ്ധതികൾ പൊളിയുന്നത് ഞങ്ങൾക്ക് പുത്തരിയല്ല. കിട്ടിയതായി എന്ന് വിചാരിച്ചു തിരിച്ചുപോകാൻ ഒരുങ്ങവെ, ഞങ്ങളോട് ദയ തോന്നിയ, മംഗോളിയന്‍ മുഖമുള്ള തടിച്ച ഒരു തെരുവ് കച്ചവടക്കാരി, കൈമാടി വിളിച്ചു ശബ്ദം താഴ്ത്തിപ്പറഞ്ഞു. അര കിലോമീറ്റര്‍ നടന്നാല്‍ മറ്റൊരു ഗേറ്റ് ഉണ്ട്. അവിടെ കുറെ നിങ്ങളുടെ നാട്ടുകാര്‍ ഉണ്ട്. അവരെ സമീപിച്ചു നോക്കൂ. അപ്രതീക്ഷിതമായി ലഭിച്ച പിടിവള്ളിയിൽ പിടിച്ചു, ഞങ്ങള്‍ അങ്ങോട്ട് നടന്നു.
ഒരു ചെറിയ ഹോട്ടലില്‍ ചൂടുള്ള ദോശയും, ഇഡലിയും, വടയും മറ്റും. ഒരു തമിഴന്‍ നടത്തുന്ന ഹോട്ടല്‍. പൊരിഞ്ഞ കച്ചവടം. മണിപ്പൂരികളും, ആസ്സാമികളും, തമിഴന്മാരുമെല്ലാം ദോശയും, ഇഡലിയുമെല്ലാം ആര്‍ത്തിയോടെ അകത്താക്കുന്നു. കേരളം വിട്ടിട്ട് മൂന്നു നാല് ദിവസമായി. ഞങ്ങളും ദോശയും, ഇഡലിയുമൊക്കെ ഓര്‍ഡര്‍ ചെയ്തു കാത്തിരുന്നു. ഇതിനിടയില്‍ അടുത്തിരുന്ന ഒരു തമിഴനോട് എങ്ങനെയാണ് ഒന്ന് ‘കടന്നുകയറുക’ എന്ന് ചോദിച്ചു. “അതൊന്നും ഒരു പ്രശ്നമേയല്ല, നിസ്സാരം. മ്യാൻമാറിനകത്തേക്കുംപുറത്തേക്കുമുള്ള സഞ്ചാരം ഈ അതിർത്തി പ്രദേശത്ത് സർവസാധാരണം. പച്ചക്കറി വാങ്ങാൻ കൂടി ഞങ്ങൾ ദിനേന പോകാറുണ്ട്,” ആ വിശദീകരണം ഒട്ടൊന്നുമല്ല ഞങ്ങൾക്കാശ്വാസമായത്. എല്ലാ യാത്രകൾക്കും യാത്രികൻ അറിയാത്ത ലക്ഷ്യങ്ങൾ ഉണ്ടെന്നും, യാത്രകളിൽ നമ്മളെ കാത്തിരിക്കുന്ന അനുഭവങ്ങൾ ഒരിക്കലും പ്രതീക്ഷയുടെ ചതുര വടിവുകൾക്ക് അകത്തുള്ളതായിരിക്കില്ലെന്നും പറഞ്ഞത് ബുദ്ധിസ്റ്റ് ചിന്തകനായ ലാവോ സു ആണോ, അല്ല, ഇസ്രായേലി ജൂത ചിന്തകനായ മാർട്ടിൻ ബൂബാറാണോ എന്ന തർക്കത്തെ കുറിച്ച് കേട്ടിട്ടുണ്ട്. കർതൃത്വം ആർക്കായാലും ‘മൊറേയിലെ രണ്ടാം ഗേറ്റും’ ഈ വെളിപാടിൻ്റെ സത്യവും, പ്രസക്തിയും ആവർത്തിച്ചുറപ്പിക്കുന്നതായിരു ന്നു. ക്യാപ്റ്റൻ ലക്ഷ്മിയുടെ സമരകാലം മുതൽ മ്യാൻമാർ ബർമ്മ ആയിരിക്കുകയും, ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരിക്കുകയും ചെയ്തപ്പോൾ ധാരാളം തമിഴ് വംശജർ ഈ പ്രദേശത്തേക്ക് കുടിയേറുകയുണ്ടായി. മ്യാൻമാറിൽ പട്ടാളഭരണം പിടിമുറുക്കിയപ്പോൾ മത ന്യൂനപക്ഷമായ റോഹിൻഗ്യക്കാർക്കൊപ്പം ഭാഷാ ന്യൂനപക്ഷമായ തമിഴന്മാർക്കും അതിർത്തി കടന്ന് മോറെയിൽ എത്തിപ്പെടേണ്ടി വന്നു.
ദശാബ്ദങ്ങളിലൂടെ ആ തമിഴ് വംശജർ അവിടെ തങ്ങളുടെ സ്വന്തം ആസ്ഥാനമൊരുക്കി. ബ്രിട്ടനിലും, നോർവെയിലും, കാനഡയിലും, ഓസ്‌ട്രേലിയയിലുമൊക്കെ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾക്കിടയിൽ പല കാരണങ്ങളാൽ എത്തിപ്പെട്ട തമിഴ് വംശജർ ഓരോ സ്ഥലത്തെയും ഇങ്ങനെ തങ്ങളുടെ സ്വന്തം സ്ഥലമാക്കി മാറ്റുന്ന അനുഭവം അന്താരാഷ്ട്ര ചരിത്രത്തിൽ എത്രയെത്ര! നോർവെയിലും, ക്യാനഡയിലും സ്വന്തമായ തമിഴ് വാർത്താ പത്രങ്ങൾ, മാസികകൾ, റേഡിയോ സ്റ്റേഷനുകൾ, വരെയുണ്ട്. ചെറിയ എണ്ണത്തിലൊന്നുമല്ല. ഇത്തരം ഉദ്യമങ്ങളുടെയൊക്കെ തുടക്കം മിക്കവാറും തമിഴ് സംഘം എന്ന പേരിൽ ഈ പ്രവാസി തമിഴർ തുടങ്ങുന്ന കൂട്ടായ്മയിലാവും. ഡൽഹിയിലും, ബോംബെയിലുമൊക്കെ അത് കണ്ടിട്ടുണ്ട്. ഈ സ്ഥലങ്ങളിലൊക്കെ തമിഴ് സംഘങ്ങൾ പ്ലസ് ടൂ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും നടത്തുന്നുണ്ട്. കൊച്ചു മൊറേയുടെ കഥയും വ്യത്യസ്തമല്ല. അവിടെയും തമിഴ് സംഘത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും, ക്ഷേത്രങ്ങളും വരെയുണ്ടത്രേ.
മോറെയുടെ ഭൂമിശാസ്ത്രത്തിലേക്ക് തന്നെ തിരിച്ചു വരാം. തമിഴന്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ ഞങ്ങള്‍ വീണ്ടും അതിര്‍ത്തിയിലെത്തി. ഇവിടെ മതിലുകളോ, ബാരിക്കേഡുകളോ, ബോർഡോ, ജവാന്മാരോ ഇല്ല. അല്ലെങ്കിലും അതിര്‍ത്തികള്‍ മനുഷ്യനിർമ്മിതമായ ഒരു നിയന്ത്രണ-സമ്മർദ്ദ ഉപാധിയാണല്ലോ. മനുഷ്യ നിര്‍മ്മിതമായ അതിര്‍ത്തികള്‍ ഓരോ രാഷ്ട്രത്തിനും ബാധ്യതയായി നിലകൊള്ളുന്നു. മാനവ പുരോഗതിക്കുപയോഗിക്കേണ്ട, ലക്ഷക്കണക്കിന് കോടി രൂപ, അതിര്‍ത്തി സംരക്ഷണത്തിനായി ഓരോ രാഷ്ട്രവും വിനിയോഗിക്കുന്നു.
അതിര്‍ത്തി കടന്നു ഞങ്ങള്‍ മ്യാൻമാറിലേക്ക് പ്രവേശിച്ചു. ഇപ്പോള്‍ ഞങ്ങള്‍ സാങ്കേതികമായി പറഞ്ഞാല്‍, മറ്റൊരു രാഷ്ട്രത്തിലാണ്. ധാരാളം ബര്‍മക്കാര്‍ ഇന്ത്യയിലേക്കും, ഇന്ത്യക്കാര്‍ ബര്‍മയിലെക്കും, വന്നും പോയുമിരിക്കുന്നു. മോറെയിലെ മണിപ്പൂരികള്‍ക്കും, അതിര്‍ത്തിക്കപ്പുറത്തെ ബര്‍മക്കാര്‍ക്കും ഏറെക്കുറെ ഒരേ (മംഗോളിയന്‍) മുഖച്ഛായ. ചെടികളും, മരങ്ങളും എല്ലാം ഒരുപോലെ. എങ്കിലും അതിര്‍ത്തി എന്ന അസംബന്ധം ഇവര്‍ക്കിടയില്‍ ഒരു യാഥാര്‍ഥ്യമായി നിലകൊള്ളുന്നു. ഒരു റോഡ് മുറിച്ചുകടന്നു അമ്പതു മീറ്റര്‍ നടന്നാല്‍ മ്യാൻമാറിലെ ഓട്ടോറിക്ഷകളും, ടാക്സികളും ലഭ്യമാണ്. ഏഴു കിലോമീറ്റര്‍ അകലെയുള്ള ‘താമു’ എന്ന ചെറു നഗരത്തിലേക്കും, താമു ബസാറിലെക്കും പോകാനും, കുറച്ചു സമയം അവിടെ ചിലവഴിച്ചു തിരിച്ചു അതിര്‍ത്തിയില്‍ തന്നെ കൊണ്ടുവിടാനും ഓട്ടോറിക്ഷക്കാരനുമായി വില പേശി.
വിലപേശല്‍ പോലും ഇരു രാഷ്ട്രങ്ങളിലും ഒരുപോലെ! ആദ്യം അഞ്ഞൂറ് രൂപ ആവശ്യപ്പെട്ട റിക്ഷാക്കാരന്‍ വിലപേശലിനൊടുവില്‍ മുന്നൂറു രൂപയ്ക്കു സമ്മതിച്ചു. ഇന്ത്യന്‍ കറൻസി അവര്‍ക്ക് ഏറെ സ്വീകാര്യമാണ്. താമുവിലെ ബുദ്ധ വിഹാരം പ്രസിദ്ധമാണ്. ഞങ്ങള്‍ പോയ അന്ന് അവിടെ ജലോത്സവ ദിനമത്രേ. പോരാത്തതിന് മ്യാൻമാർ ദിനവും (Miyanmar Day). നല്ല തിരക്കുണ്ട്. ഏറെക്കുറെ വടക്കേ ഇന്ത്യയിലെ ഹോളിപോലെ. ബുദ്ധവിഹാരത്തിന് മുന്നില്‍ ബുദ്ധ സന്യാസികളുടെ നീണ്ട നിര തങ്ങളുടെ ഭിക്ഷാപാത്രവുമായി വളരെ അച്ചടക്കത്തോടെ മുന്നോട്ടു നീങ്ങുന്നു. ആളുകള്‍ ഭിക്ഷാപാത്രത്തില്‍ ധാന്യങ്ങളും, നോട്ടുകളും (കറന്‍സി) നിക്ഷേപിച്ചു കൊണ്ടിരിക്കുന്നു. ഒരു റസിഡന്‍സ് കോളനിയുടെ അറ്റത്താണ് ബുദ്ധ ക്ഷേത്രം. കോളനി നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. വീടുകള്‍ ചെറുതാണെങ്കിലും മനോഹരമാണ്.
താമു ബസാര്‍ ആയിരുന്നു അടുത്ത ലക്ഷ്യം. പച്ചക്കറികളും, മീനും, തുണിത്തരങ്ങളുമെല്ലാം ഇവിടെ ലഭ്യമാണ്. ബഹുഭൂരിഭാഗം കടകളും സ്ത്രീകളുടെ നിയന്ത്രണത്തിലാണ്.
വളരെ സൌമ്യവും സഭ്യവുമായി പെരുമാറുന്ന മംഗോളിയന്‍ മുഖമുള്ള സുന്ദരികള്‍. പഴവര്‍ഗങ്ങളും മറ്റും ഏറെക്കുറെ നമ്മുടെ മാര്‍ക്കറ്റിലെ വിലതന്നെ. മാര്‍ക്കറ്റ് സന്ദര്‍ശനത്തിനു ശേഷം റിക്ഷാക്കാരന്‍ ഞങ്ങളെ അതിര്‍ത്തി കടത്തി ഇന്ത്യയില്‍ തന്നെ കൊണ്ടുവന്നു വിട്ടു.
കാലത്ത് പത്തുമണിയോടെ റൂം ചെക്ക് ഔട്ട് ചെയ്തു വീണ്ടും ഒരു ഷെയറിംഗ് ടാക്സിയില്‍ ഇംഫാലിലേക്ക്. മോറെ അതിര്‍ത്തിയില്‍ ഇപ്പോള്‍ ചെക്കിംഗ് കൂടുതല്‍ കര്‍ശനം. പട്ടാളക്കാരുടെ ക്ലീയറന്‍സിന് വേണ്ടി വണ്ടികളുടെ നീണ്ട ക്യു. പിറകില്‍ ഞങ്ങളുടെ ടാക്സിയും നിലയുറപ്പിച്ചു. എന്ത് കൊണ്ടാണ് ഇത്ര കര്‍ശനമായ ചെക്കിംഗ്? ഇന്ത്യക്ക് പുറമേ ചൈനയും, ബംഗ്ലാദേശും, തായ്‌ലാന്‍ഡും, ലാവോസും ബര്‍മയുടെ അതിര്‍ത്തികള്‍ പങ്കിടുന്നു. ഇവിടെനിന്നെല്ലാം മയക്കുമരുന്നുകളും, മറ്റു വിദേശനിര്‍മ്മിത വസ്തുക്കളും അനധികൃതമായി മോറെയി ലെത്തുന്നുണ്ടത്രെ. ഉദാഹരണത്തിന്, മോറെയിലെ കടകളിലെല്ലാം വിദേശ നിർമ്മിത സിഗരറ്റുകള്‍ സുലഭമായി വളരെ വില കുറച്ചു ലഭിക്കും. മോറെയില്‍ ലഭിക്കുന്ന ബ്രെഡ് അടക്കമുള്ള മിക്ക നിത്യോപയോഗ സാധനങ്ങളും മ്യാൻമാറില്‍ നിന്ന് കടത്തുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍, തായ്‌ലാന്‍ഡ്, ലാവോസ്, ബംഗ്ലാദേശ്, ചൈന ബര്‍മ എന്നിവിടങ്ങളില്‍ നിന്ന് കള്ളക്കടത്തിനുള്ള ട്രാന്‍സിറ്റ് പോയിന്റ് ആണ് മോറെ. ഒരു മണിക്കൂറിലധികം, മോറെ അതിർത്തിയിൽ കാത്തു കിടക്കേണ്ടി വന്നു. വാഹനവും ബാഗുകളും വിശദമായി പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്.
സാമ്യതകളുടെ ഇംഫാൽ :
മോറെയില്‍ നിന്നും ഇംഫാലിലേക്കുള്ള യാത്ര ഏറെ ആസ്വാദ്യകരമാണ്. റോഡിനിരുവശവും അതിമനോഹരമായ കാഴ്ചകള്‍. കുന്നുകള്‍ക്കും, മലകള്‍ക്കും കാടുകള്‍ക്കുമിടയിലൂടെ, ഒരുപാട് കയറ്റിറക്കങ്ങള്‍, വളവുതിരിവുകള്‍. ചിലപ്പോഴൊക്കെ വയനാടന്‍ ചുരമിറങ്ങുന്ന, നാടുകാണി ചുരം കയറുന്ന പ്രതീതി. അതിവിദഗ്ധമായി കാറോടിക്കുന്ന മണിപ്പുരി ഡ്രൈവര്‍ യാത്രയിലുടനീളം, തൻ്റെ മണിപ്പൂരി കലര്‍ന്ന ഹിന്ദിയില്‍ വാചാലനായിരുന്നു. മൂന്നു മണിക്കൂര്‍ ഡ്രൈവിനു ശേഷം ഞങ്ങള്‍ മണിപ്പൂരിൻ്റെ തലസ്ഥാനമായ ഇംഫാലില്‍ വന്നിറങ്ങി.
മണിപുരിൻ്റെ തലസ്ഥാനമായ ഇംഫാല്‍, മനോഹരമായ കുന്നുകളാലും, മലകളാലും ചുറ്റപ്പെട്ട്കിടക്കുന്ന, ഒരു താഴ് വാര നഗരമാണ്. രാത്രി എട്ടുമണിയോടെ നഗരം ഉറങ്ങാന്‍ തുടങ്ങുന്നു. കടകമ്പോളങ്ങള്‍ അടയുന്നു. എന്നാല്‍ കാലത്ത് അഞ്ചരയോടെ പ്രകാശം പരക്കുകയും, നഗരം സജീവമാകുകയും ചെയ്യുന്നു. നേരത്തെ ഉണരുന്നതും നേരത്തെ ഉറങ്ങുന്നതും, വടക്ക് കിഴക്കന്‍ നഗരങ്ങളില്‍ പൊതുവേ കണ്ടു വരുന്ന ഒരു പ്രതിഭാസമാണെന്ന് തോന്നുന്നു. അഞ്ചു ജില്ലകളൊഴികെ, മണിപ്പൂര്‍ ഒരു മദ്യ നിരോധിത സംസ്ഥാനമാണ്. സംസ്ഥാന സര്‍ക്കാര്‍ അസ്വസ്ഥ മേഖല (Disturbed Area) ആയി പ്രഖ്യാപിച്ച മണിപുരില്‍ AFSPA എന്ന കരി നിയമം നിലവിലുണ്ട്. എങ്കിലും ഇവിടത്തെ ജനങ്ങള്‍ പൊതുവേ ശാന്തരും, സമാധാന പ്രിയരുമായാണ് കാണപ്പെട്ടത്.
ഇമ ബസാർ എന്ന ഇതിഹാസം :
ഇംഫാലിലെ ഒരു പ്രധാന ആകര്‍ഷണമാണ് ഇമ ബസാര്‍ (IMA MARKET) അഥവാ മദര്‍ മാര്‍ക്കറ്റ്. നൂറു ശതമാനവും സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന, മൂന്നു പടുകൂറ്റന്‍ വിങ്ങുകളുള്ള (കെട്ടിടങ്ങള്‍) ഈ മാര്‍ക്കറ്റില്‍ ആയിരക്കണക്കിന് സ്റ്റാളുകള്‍ ഉണ്ട്. എല്ലാ സ്റ്റാളുകളും സ്ത്രീകളുടെ ഉടമസ്ഥതയിലും, നിയന്ത്രണത്തിലുമാണ്. ഒരു സ്റ്റാളില്‍ പോലും, സഹായിയായിപ്പോലും പുരുഷന്മാരെ കാണുകയില്ല. തുണിത്തരങ്ങള്‍, മീന്‍, ഇറച്ചി, പലചരക്ക്, സ്റ്റേഷനറി, പച്ചക്കറികള്‍ എന്ന് വേണ്ട മനുഷ്യനാവശ്യമായ എല്ലാ സാധനങ്ങളും ഈ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്.
സമൂഹത്തിൻ്റെ മുഖ്യധാരയിലും, സമ്പദ് വ്യവസ്ഥയിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കുള്ള പരമ്പരാഗത സാന്നിധ്യത്തിൻ്റെയും, സ്വാധീനത്തിൻ്റെയും നിദർശനമാണ് ഇമ ബസാർ. സ്ത്രീകളെ കൂടുതലായി സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ പങ്കാളികളാക്കാനുള്ള സർക്കാർ പദ്ധതികൾക്ക് ഈ സംരംഭം ഒരു മാതൃക തന്നെ.
പിറ്റേ ദിവസം ഞങ്ങള്‍ ഇംഫാലില്‍ നിന്നും ഒരു ബസ്സില്‍ ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ചു. റോഡിൻ്റെ ഇരു വശങ്ങളിലുമുള്ള ഭൂദൃശ്യങ്ങള്‍ ഏറെ ഹൃദ്യമാണ്. കുന്നിന്‍ ചെരുവുകളില്‍ അട്ടിയിട്ടപോലെ ചെറിയ ചെറിയ വീടുകള്‍ കാണാം. നാഗാലാൻ്റ് അതിര്‍ത്തിയില്‍ വീണ്ടും ചെക്കിംഗ്. നാഗാലാന്റിൻ്റെ തലസ്ഥാനമായ കൊഹിമ കടന്നുവേണം പോകാന്‍. ഇംഫാലിനും ദിമാപൂരിനുമിടയില്‍ കണ്ട ഒരു വലിയ ബോര്‍ഡ് ഞങ്ങളെ ആകര്‍ഷിച്ചു. ‘മാവോ ഗേറ്റ്’. മാവോ എന്നത് നാഗന്മാരുടെ വളരെ ശക്തമായ ഒരു ട്രൈബ് ആണത്രേ. മാവോ സേതുങ്ങുമായി എന്തെങ്കിലും ബന്ധം കാണുമെന്നാണ് ആദ്യം കരുതിയത്. സ്ഥലനാമങ്ങളും ഭൂപ്രദേശങ്ങളുടെ സാമ്യതയും, മനുഷ്യരുടെ രൂപഭാവങ്ങളും ശരീരഭാഷയും പോലെ ആളുകളുടെ പേരുകളും അതിർത്തികൾ ഭേദിച്ച് ഏകസ്വരൂപമായി പലപ്പോഴും നിലനിൽക്കുന്നു എന്ന് വീണ്ടും സ്ഥാപിച്ച ഒരു തിരിച്ചറിവ്. അതെ . “ സങ്കൽപ്പിക്കൂ ( Imagine ) “ എന്ന കാലാതിവർത്തിയായ ആ വിശ്വഗാനത്തിലൂടെ ജോൺ ലെനനും ബീറ്റിൽസും അടിവരയിട്ട അതെ തിരിച്ചറിവ് . മനുഷ്യൻ എങ്ങനെ അതിർത്തി എന്ന അസംബന്ധത്തിന് കീഴ്പ്പെട്ടു എന്ന് നമ്മളോട് തന്നെ ചോദിപ്പിക്കുന്ന തിരിച്ചറിവ് .
വിവരണം മനോഹരം