A Unique Multilingual Media Platform

The AIDEM

Articles Memoir

കവിതയുടെ വില്ലുവണ്ടിയിലിരുന്ന് പുല്ലാങ്കുഴൽ വായിച്ചയാൾ

  • April 22, 2022
  • 1 min read
കവിതയുടെ വില്ലുവണ്ടിയിലിരുന്ന് പുല്ലാങ്കുഴൽ വായിച്ചയാൾ

“പഠിച്ച സ്കൂളിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്
ചിലപ്പൊഴൊക്കെ
അറിവ് ഒരു  അഭയമാവുന്നതുപോലെ
പഠിച്ച സ്കൂളിൽ രാത്രിയാവുമ്പോൾ
ഏതോ ക്ലാസിൽ നിന്ന്
സന്ധ്യാനാമം വന്ന് നരകിച്ചിട്ടുണ്ട്
കലത്തിനുള്ളിലെ നനഞ്ഞ പുസ്തകം
ഇരുട്ടിലിരിക്കുമ്പോൾ
ഇടിമുഴങ്ങി വിളക്കിനെ കാറ്റു വിരട്ടുമ്പോൾ
തിളങ്ങും കൊള്ളിയാൻ വെട്ടത്തിൽ
ഞങ്ങൾക്കൊരു കുടുംബഫോട്ടോയുണ്ട്”

(സ്കൂൾ – അവർ കുഞ്ഞിനെ തൊടുമ്പോൾ)

എന്ന് ദുരിതങ്ങളുടേയും ദുരന്തങ്ങളുടേയും ഒരു കാലത്തെ ഒരു കവിതയിൽ വരച്ചിടുന്നുണ്ട് ഇന്ന് അകാലത്തിൽ അന്തരിച്ച കവി ബിനു എം പള്ളിപ്പാട്. കുട്ടനാടൻ മഴക്കാലങ്ങളുടെ ഇരുണ്ട നനവ് ഈറൻ പടർത്തുന്ന ഒരു പരിസരത്ത് ഒരു പരുക്കൻ വിറകടുപ്പിലെ കലത്തിൽ അയാളുടെ കവിത തിളച്ചുകൊണ്ടിരുന്നു. മയിലന്റേയും ചെല്ലമ്മയുടേയും മകന്റെ എഴുത്തിൽ അയാളുടെ ദേശവും പ്രകൃതിയും വിയർപ്പു ചൊരിയുന്ന കീഴാളശരീരങ്ങളും സ്വാഭാവികമായി നിറഞ്ഞു. അയ്യങ്കാളിയുടെ വില്ലുവണ്ടിയുടെ ചക്രപ്പാടുകളിലൂടെ ചരിത്രത്തിന്റെ  ഭാരവും പേറി അയാളുടെ കവിതയുടെ വരികൾ നീണ്ടു.

“കറുപ്പ് കൃത്യമായി കളറെടുക്കാത്തവന്റെ കൈപ്പിഴയാണ് / വെളുപ്പിനെ വേർതിരിച്ചവരുടെ തടാകമാണ്” എന്ന ബിനുവിന്റെ കവിതയിലെ വരികൾ പിൻചട്ടയിലെഴുതിയ അവർ കുഞ്ഞിനെ തൊടുമ്പോൾ എന്ന സമാഹാരത്തിലൂടെയാണ് ബിനു എം പള്ളിപ്പാട് എന്ന കവിയെ അറിയുന്നത്. അയാൾ മനോഹരമായി പുല്ലാങ്കുഴൽ വായിക്കും എന്നറിഞ്ഞത് പിന്നീട്. കവിതയുടെ ചില കൂട്ടായ്മകളിൽ വെച്ച് രണ്ടോ മൂന്നോ തവണ മാത്രം ഒരു മിന്നലാട്ടം പോലെ അയാളുടെ തെളിഞ്ഞ ചിരി കണ്ടു. ഒരിക്കൽ മാത്രം കൈകൾ ചേർത്തുപിടിച്ചു.

ആറ്റൂരിനെക്കുറിച്ച് കവി അൻവർ അലി മറുവിളി എന്ന ഡോക്യുമെന്ററി എടുക്കുന്ന സമയത്ത് വെള്ളം എന്ന കവിത പുതുതലമുറയിലെ കവികൾ ചേർന്ന് അവതരിപ്പിക്കുന്ന ഒരു ഭാഗം എടുത്തിരുന്നു. അത് പ്ലാൻ ചെയ്ത് വിളിക്കുമ്പോൾ അൻവർ ആവേശഭരിതനായിരുന്നു “കുഴൂർ വിത്സണും രാമനും ഒക്കെ ഉണ്ടാവും. മനോജ് കുറൂർ ചെണ്ടയുമായും ബിനു പള്ളിപ്പാട് പുല്ലാങ്കുഴലുമായും വരും” അന്ന് ആ ഒത്തുചേരലിൽ കൂടാനായില്ലെങ്കിലും ബിനു എം പള്ളിപ്പാട് എന്ന പെർഫോമറായ കവിയെ പിന്നീട് കൂടുതൽ കൗതുകത്തോടെ പിന്തുടരാൻ അത് കാരണമായി.

മറുവിളിയുടെ ഷൂട്ടിനിടയിൽ മനോജ് കുറൂർ, അൻവർ അലി, കുഴൂർ വിത്സൺ, ബിനു എം പള്ളിപ്പാട്, എം ആർ വിഷ്ണുപ്രസാദ്, വി എം ദേവദാസ് എന്നിവർ. ഫോട്ടോ : ജോജി അൽഫോൺസ്

ബാവുൽ ഗായകർക്കൊപ്പം തന്റെ പുല്ലാങ്കുഴലുമായി  അലഞ്ഞ ബിനുവിനെ അറിയുന്നത് സാമൂഹ്യമാദ്ധ്യമങ്ങൾ വഴി. ബിനുവിന്റെ ജീവിതരേഖ പൂർണമായും അറിയുന്നതാവട്ടെ മരണശേഷവും. 2009ൽ പുറത്തിറങ്ങിയ പാലറ്റ് ആണ് ബിനുവിന്റെ ആദ്യ കവിതാ സമാഹാരം. അവർ കുഞ്ഞിനെ തൊടുമ്പോൾ (2013), തമിഴ് കവി എൻ ഡി രാജ്കുമാറിന്റെ സമ്പൂർണ കവിതകൾ, ഒലിക്കാതെ ഇളവേനൽ എന്ന ഇലങ്കൻ പെൺ കവിതകൾ എന്നിവയാണ് മറ്റു കവിതകൾ. സി സി ചെല്ലപ്പയുടെ ജല്ലിക്കെട്ട് എന്ന നോവൽ രാജ്കുമാറുമൊത്ത് മലയാളത്തിലേക്ക് മൊഴിമാറ്റി. എംജി, മദ്രാസ്, കേരള സർവകലാശാലകളിൽ ബിനുവിന്റെ കവിതകൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓക്സ്ഫോഡ് സർവകലാശാല പുറത്തിറക്കിയ സൗത്ത് ഇന്ത്യൻ ദളിത് ആന്തോളജിയിലും  ബിനുവിന്റെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കുമളിയിൽ ഭാര്യ അമ്പിളിയുമൊത്ത് താമസിക്കുകയായിരുന്നു ബിനു.

കവി സി.എസ്.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് ബിനുവിന്റെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നത്. സ്വന്തം പുസ്തകത്തിന്റെ പ്രകാശനത്തിന് ബിനുവിന്റെ തിരിച്ചുവരവും കാത്ത് ഇരിക്കുകയായിരുന്നു രാജേഷ്. ഇന്ന് ബിനുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന, ഒന്നിച്ച് യാത്ര ചെയ്തിരുന്ന, കൂടെയുണ്ടായിരുന്ന ഒരുപാട് സുഹൃത്തുക്കളുടെ കുറിപ്പുകളായിരുന്നു എഫ്.ബി ചുമരുകളിൽ നിറയെ. തമിഴിനോടും തമിഴ് നാടിനോടും ഉള്ള ഒരേ അഭിനിവേശത്തോടെ ഒന്നിച്ചു യാത്ര ചെയ്യാൻ മോഹിച്ചിരുന്നതിനെക്കുറിച്ച് ഏറെക്കാലത്തെ ചങ്ങാത്തമോർത്തുകൊണ്ട് ശൈലൻ എഴുതിയിരിക്കുന്നു. മുന്നറിയിപ്പില്ലാതെ നേരത്തെ ലോകം വിട്ടുപോയ ചങ്ങാതിയെ കുഴൂർ വിത്സൺ തെറി വിളിക്കുന്നു. പുതുകവിതയെ  സശ്രദ്ധം കൂട്ടിപ്പിടിച്ചുകൊണ്ടുപോവുന്ന വിഷ്ണുപ്രസാദടക്കം ബിനുവിന്റെ വിശാലമായ സൗഹൃദവലയത്തിലും വായനക്കാരിലും പെട്ട ഒരുപാടുപേർ അപ്രതീക്ഷിതമായ നിര്യാണത്തിൽ നടുക്കത്തോടെ സങ്കടങ്ങൾ കുറിച്ചിട്ടിരിക്കുന്നു.

മരണവാർത്തയറിഞ്ഞ് ആദ്യം വിളിച്ചത് മനോജ് കുറൂരിനെയാണ്. ഒ.അരുൺകുമാർ വിളിച്ചറിയിച്ച വാർത്തയുടെ നടുക്കത്തിലായിരുന്നു മനോജപ്പോൾ. “അവതാരികയെഴുതാൻ പുസ്തകം ഏൽപ്പിച്ചതാണ് ബിനു” എന്ന് തൊണ്ടയിടറിക്കൊണ്ടാണ് മനോജ് പറഞ്ഞത്. ബിനുവിനോടൊപ്പം കൂടെയുണ്ടായിരുന്ന എം.ആർ.രേണുകുമാർ ആ മരണത്തിനൊപ്പമായിരുന്നു. ഒന്നും പറയാനാവുന്നില്ല എന്ന് രേണുകുമാർ വിങ്ങി. അൻവർ അലിയും വാർത്തയറിഞ്ഞ ആഘാതത്തിലായിരുന്നു.

പരിചയപ്പെട്ട എല്ലാവർക്കും പ്രിയങ്കരനായിരുന്ന, കവിതയും ജീവിതവും സംഗീതവും വേർതിരിച്ച് പറയാൻ കഴിയാത്ത വിധം അതിൽ മുഴുകി അവനവനായി ജീവിക്കുകയും എഴുതുകയും ചെയ്ത ഒരു കവിയെ ബിനുവിന്റെ മരണശേഷമുള്ള ഒരുപാട് ചങ്ങാത്തക്കുറിപ്പുകളിലൂടെ കൂട്ടിവായിച്ചെടുക്കുന്നു. തെളിഞ്ഞ ചിരിയിൽ നിന്ന് പുല്ലാങ്കുഴലിലേക്ക് ചേർത്തുവെക്കുന്ന ആ കറുത്ത ചുണ്ടുകൾ ഇനിയും എത്രയോ കാലം നമുക്കുവേണ്ടി കവിതയും സംഗീതവും ഉച്ഛ്വസിക്കേണ്ടതായിരുന്നു. ബിനു എം പള്ളിപ്പാടിന് സ്നേഹാഞ്ജലികൾ..!

About Author

നിരഞ്ജൻ ടി. ജി.

കവിയും എഴുത്തുകാരനും. ചിലവു കുറഞ്ഞ കവിതകൾ (ഡി.സി ബുക്സ് 2010) ബി പി എൽ കവിതകൾ എന്നീ കവിതാസമാഹാരങ്ങളും കേരളത്തിന്റെ മൈദാത്മകത എന്ന നർമ്മലേഖനങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും എഴുതുന്നു. മറൈൻ എഞ്ചിനീയറായി ജോലി ചെയ്യുന്നു