A Unique Multilingual Media Platform

The AIDEM

Articles Climate

കാലാവസ്ഥാ വ്യതിയാനം ഇരകളാക്കുന്നത് ദരിദ്ര ജനതയെ

  • March 26, 2022
  • 1 min read
കാലാവസ്ഥാ വ്യതിയാനം ഇരകളാക്കുന്നത് ദരിദ്ര ജനതയെ

ഒരു സമൂഹമോ, ഒരു രാഷ്ട്രമോ, അല്ലെങ്കിൽ നിലനിൽക്കുന്ന എല്ലാ സമൂഹങ്ങളെയും ഒരുമിച്ച് എടുത്താൽ പോലും, അവരാരും ഭൂമിയുടെ ഉടമസ്ഥരല്ല. അവർ അതിനെ അനുഭവിക്കുന്നവരും അതിൻ്റെ ഗുണഭോക്താക്കളും മാത്രമാണ്, അത് കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിൽ വരും തലമുറകൾക്ക് അവകാശപ്പെടുത്തേണ്ടതുണ്ട്.” കാൾ മാർക്സ്

നാം ജീവിക്കുന്ന ഭൂഗോളത്തോടും വരാനിരിക്കുന്ന തലമുറകളോടും പ്രതിബദ്ധതകളില്ലാതെ ലാഭക്കണ്ണോടുകൂടി മാത്രമുള്ള മനുഷ്യൻ്റെ ഇടപെടൽ കാലാവസ്ഥയിലും പരിസ്ഥിതി സന്തുലനത്തിനും വലിയ രീതിയിലുള്ള പോറലേൽപ്പിച്ചിരിക്കുകയാണ്. ആഗോള താപനവും
കാലാവസ്ഥാ വ്യതിയാനവും അതിനോടനുബന്ധിച്ചുണ്ടാവുന്ന പ്രശ്നങ്ങളും നാൾക്കുനാൾ വർധിച്ചുവരുകയും ലോകത്തിൻ്റെ നാനാഭാഗത്തും ദുരന്തങ്ങൾ വിതയ്ക്കാനും തുടങ്ങിക്കഴിഞ്ഞു. പ്രളയവും, വരൾച്ചയും, ഉഷ്‌ണതരംഗങ്ങളും, ചുഴലിക്കാറ്റുകളും തുടങ്ങി മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും മുൻപെങ്ങുമില്ലാതിരുന്ന രീതിയിൽ ഭീഷണി സൃഷ്ടിക്കുകയാണ്.
ഇന്ന് ഭൂമിയുടെ അന്തരീക്ഷത്തിൽ ഉള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവ്, അല്ലെങ്കിൽ ഇപ്പോൾ ഉള്ള രീതിയിൽ ഈ വാതകങ്ങളുടെ പുറന്തള്ളൽ തുടർന്നാൽ 2040 ഓടെ നമുക്ക് ഒഴിവാക്കാൻ പറ്റാത്ത തരത്തിലുള്ള കാലാവസ്ഥ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരും.

കാലാവസ്ഥാ ശാസ്‌ത്രത്തെക്കുറിച്ചുള്ള ലോകത്തിലെ ഉന്നത അധികാര സമിതിയായ ഇൻ്റർഗവൺമെൻ്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ൻ്റെ ആറാം അസ്സസ്‌മെന്റിൻ്റെ ഭാഗമായ രണ്ടാം വർക്കിങ് ഗ്രൂപ്പ് റിപ്പോർട്ട് തുറന്നുവെയ്ക്കുന്നത് ചില ഞെട്ടിപ്പിക്കുന്ന യാഥാർഥ്യങ്ങളിലേക്കാണ്. ഈ വർഷം ഫെബ്രുവരി 28 ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ റിപ്പോർട്ടിനെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സ് ” മനുഷ്യരുടെ കഷ്ടപ്പാടുകളുടെ പുസ്തകം, പരാജയപ്പെട്ട കാലാവസ്ഥാ നേതൃത്വത്തിന്റെ അപകീർത്തികരമായ കുറ്റപത്രം” എന്ന് വിശേഷിപ്പിച്ചു.


മഞ്ഞുപാളികൾ ഉരുകുന്നത് മുതൽ പവിഴപ്പുറ്റുകളുടെ നാശം വരെ, കാലാവസ്ഥാ സംബന്ധമായ ആഘാതങ്ങൾ ഐപിസിസി മുമ്പ് വിലയിരുത്തിയതിനേക്കാൾ വളരെ വേഗത്തിലാണ് ലോകത്തെ ബാധിക്കുന്നത്.

കാലാവസ്ഥാവ്യതിയാന പ്രത്യാഘാതങ്ങൾ, അതുമായി പൊരുത്തപ്പെടാനുള്ള വഴികൾ, അത് വെളിവാക്കുന്ന ദുർബലാവസ്ഥ എന്നിവയടങ്ങുന്നതാണ് ഈ റിപ്പോർട്ട്. 67 രാജ്യങ്ങളിൽ നിന്നുള്ള 270 രചയിതാക്കൾ, 34000 ത്തിലധികം ശാസ്ത്ര പ്രബന്ധങ്ങളിൽ നിന്നുള്ള ഗവേഷണം സംയോജിപ്പിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം പ്രകൃതി-മനുഷ്യ സംവിധാനങ്ങൾക്ക് 127 അപകടസാധ്യതകൾ കണ്ടെത്തി. കൂടാതെ ആഗോള ജനസംഖ്യയുടെ ഏകദേശം 40% കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ തക്ക നിലയിൽ അങ്ങേയറ്റം ദുർബലമായ പ്രദേശങ്ങളിലാണ് ജീവിക്കുന്നതെന്നും ഇതിൽ പ്രസ്താവിക്കുന്നു. അതിൽ തന്നെ ലോകത്ത് ഇന്ന് നിലനിൽക്കുന്ന സാമൂഹിക രാഷ്ട്രീയ സാമ്പത്തിക അസമത്വങ്ങൾ ഉള്ള ജനവിഭാഗങ്ങളെ കണക്കിലെടുക്കുമ്പോൾ ചില സമൂഹങ്ങളും രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാന ആഘാതങ്ങൾക്ക് കൂടുതൽ ഇരയാവുന്നു എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

കാലാവസ്ഥ വ്യതിയാനത്തിന് കാരണക്കാരായവരെക്കാൾ മറ്റുള്ള ജനവിഭാഗങ്ങളുടെ മേലാണ് പ്രധാനമായും ഈ പ്രത്യാഘാതങ്ങളുടെ ഭാരം വീഴുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാന കാരണം വ്യാവസായിക വികസനമാണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ മുതലാളിത്തം സൃഷ്ടിക്കുന്ന സാമൂഹ്യ, സാമ്പത്തിക വികസന പ്രക്രിയ.

കാലാവസ്ഥാ നീതി എന്നത് ആഗോള നയരൂപീകരണത്തിൻ്റെ കേന്ദ്രബിന്ദുവായിരിക്കേണ്ടതുണ്ട് എന്നും ഐപിസിസി ആധികാരികമായി പ്രസ്താവിക്കുന്നു. അടുത്ത ദശകത്തിൽ മാത്രം 32 മുതൽ 132 മില്യണിലധികം പേർ കാലാവസ്ഥ വ്യതിയാനം കാരണം കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് ഐപിസിസിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ വലിയ രീതിയിൽ ബാധിക്കുകയും ലോകത്ത് അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും എല്ലാ പ്രദേശങ്ങളിലുമുള്ള സുസ്ഥിര വികസനത്തെ തുരങ്കം വെക്കുകയും ചെയ്യും. ദരിദ്രരായ ജനവിഭാഗത്തിൻ്റെ കാർബൺ ഫുട്പ്രിൻ്റ്സ് കണക്കിലെടുത്താൽ സാധാരണഗതിയിൽ വളരെ കുറവാണ്, പക്ഷെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രതികൂല പ്രത്യാഘാതങ്ങൾ അവരെയും ആനുപാതികമായി ബാധിക്കുന്നു, എന്നാൽ അവർക്ക് അതിൽ നിന്നും രക്ഷനേടാനോ പൊരുത്തപ്പെടാനോ ഉള്ള വഴികൾ കുറവാണ്.

ഗ്ലോബൽ സൗത്ത്, മധ്യ- പടിഞ്ഞാറൻ ആഫ്രിക്ക, ദക്ഷിണേഷ്യ, മധ്യ അമേരിക്ക എന്നിവിടങ്ങളിലാണ് ഏറ്റവും ദുർബലമായ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന ദാരിദ്ര്യം, ജലം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ലിംഗപരമായ അസമത്വങ്ങൾ, മോശം ഭരണം എന്നിവയുടെ സങ്കീർണ്ണമായ വെല്ലുവിളികളാൽ ഈ പ്രദേശങ്ങൾ ഇതിനകം തന്നെ വലയുകയാണ്. കഴിഞ്ഞ ദശകത്തിൽ മൊസാംബിക്ക്, സൊമാലിയ, നൈജീരിയ, അഫ്ഗാനിസ്ഥാൻ, ഹെയ്തി എന്നീ ദുർബല രാജ്യങ്ങളിൽ വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ് എന്നിവ കാരണമുള്ള ശരാശരി മരണനിരക്ക് യുകെ, ഓസ്‌ട്രേലിയ, കാനഡ, സ്വീഡൻ എന്നീ രാജ്യങ്ങളെക്കാൾ 15 മടങ്ങ് കൂടുതലാണ്. 3.6 ബില്ല്യണിലധികം ആളുകൾ ഉയർന്ന കാലാവസ്ഥാ ദുർബല രാജ്യങ്ങളിൽ താമസിക്കുന്നു. 2050- 2100 ഓടെ ഈ രാജ്യങ്ങളിലെ ജനസംഖ്യ ഗണ്യമായി വർദ്ധിക്കുമെന്ന പ്രവചനം കാര്യങ്ങൾ കൂടുതൽ ഗുരുതരമാവുമെന്ന സൂചനയാണ് നൽകുന്നത്.

കാലാവസ്ഥാവ്യതിയാന പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടാനുള്ള ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ, നാശനഷ്ടങ്ങൾ ഏറ്റവും ദരിദ്രരായ ജനങ്ങൾക്കിടയിൽ കേന്ദ്രീകരിക്കപ്പെടുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വിളനാശത്തിൻ്റെ ആഘാതം ലോകമെമ്പാടും അനുഭവപ്പെടുമെങ്കിലും, ആഫ്രിക്ക, ഏഷ്യ, മധ്യ, തെക്കേ അമേരിക്ക, ചെറിയ ദ്വീപ് രാഷ്ട്രങ്ങളിലും ആർട്ടിക് പ്രദേശങ്ങളിലും ഇത് പ്രത്യേകിച്ചും രൂക്ഷമായിരിക്കും. ആഗോള താപനിലയിലുള്ള വർധനവിൽ ഏറ്റവും ഉയർന്ന ലക്ഷ്യമായി ഐപിസിസി മുൻപ് നിശ്ചയിച്ചിട്ടുള്ള 1.5 ഡിഗ്രി സെൽഷ്യസിൽ എത്തിയാൽ, ലോകത്തിലെ ഏകദേശം 8 ശതമാനം കൃഷിഭൂമിയും കൃഷിക്ക് അനുയോജ്യമല്ലാതാകും.

ഇത് മൂലം ദരിദ്ര വിഭാഗങ്ങൾക്കിടയിൽ സാമ്പത്തികമായ അരക്ഷിതാവസ്ഥ ഉടലെടുക്കുകയും, ഇത് കൃഷിയിൽ നിന്ന് മറ്റ് തൊഴിൽമേഖലകളിലേക്ക് മാറാൻ അവരെ പ്രേരിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം, ഭക്ഷണം, പാർപ്പിടം, ആരോഗ്യ സംരക്ഷണം എന്നിവയുടെ ചിലവ് വർധിക്കുന്നതിലൂടെ ദാരിദ്ര്യം രൂക്ഷമാകും.
പ്രളയം, വരൾച്ച, ചുഴലിക്കാറ്റുകൾ, ഉഷ്ണതരംഗങ്ങൾ, കടൽ കയറ്റം തുടങ്ങിയവ ഒരേ സമയം ഒന്നിനുമേൽ ഒന്നായി ഒരേ ഇടത്തുതന്നെ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആവർത്തിച്ചുള്ളതും തുടർച്ചയായതുമായ കാലാവസ്ഥാ ദുരന്തങ്ങൾ അനുഭവിക്കുന്ന അവർ ഒരു ദുരന്തത്തിൽ നിന്ന് കരകയറുന്നതിന് മുമ്പ് മറ്റൊരു ആഘാതത്തെ അഭിമുഖീകരിക്കുന്നു. ഈ പ്രദേശങ്ങളിലെ ആളുകൾക്ക് ഉപജീവന സുരക്ഷയില്ലായ്മ അനുഭവപ്പെടുകയും അത് കുടിയൊഴിപ്പിക്കൽ, നിർബന്ധിത കുടിയേറ്റം, അക്രമങ്ങൾ തുടങ്ങിയ പ്രതിസന്ധികളെ സൃഷ്ടിക്കുകയും ചെയ്യും.

ഉദാഹരണത്തിന് തീരപ്രദേശശങ്ങളിൽ താമസിക്കുന്നവർ കടൽ കയറ്റം ചുഴലിക്കാറ്റുകൾ പ്രളയം എന്നീ ദുരന്തങ്ങളെ ഒരേ സമയം അഭിമുഖീകരിക്കുന്നു. കൂടാതെ ആഗോളതാപനം കാരണം സമുദ്രത്തിലുണ്ടാകുന്ന ജൈവപരവും പാരിസ്ഥിതികവുമായ മാറ്റങ്ങൾ മൽസ്യബന്ധന മേഖലയെ സാരമായി ബാധിക്കും. കടൽക്ഷോഭവും, കടൽ കയറ്റവും, തീരദേശ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകളും തീരദേശം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറാൻ തീരദേശവാസികളെ പ്രേരിപ്പിക്കുന്നു. മലയോര മേഖലകളിൽ താമസിക്കുന്നവരെ പ്രളയം, ചുഴലിക്കാറ്റുകൾ, ഉരുൾപൊട്ടൽ എന്നീ ദുരന്തങ്ങളെ ഒരേ സമയം അഭിമുഖീകരിക്കേണ്ടി വരുന്നു. കാലാവസ്ഥയിലും മണ്ണിൻ്റെ ഘടനയിലുമുണ്ടായ മാറ്റം കൃഷിയെ ആശ്രയിക്കുന്നവരുടെ നിലനിൽപ്പിനെ ബാധിക്കുന്നു.

2008 മുതൽ ലോകത്തിൽ പ്രളയവും ചുഴലികൊടുങ്കാറ്റുകളും കാരണം വർഷത്തിൽ ഇരുപത് മില്യൺ ആളുകളാണ് സ്വന്തം വീട് വിട്ട് പോകാൻ നിർബന്ധിതരാക്കപ്പെട്ടത്. ലോകത്തിൽ പകുതിയിലധികം പേരും വർഷത്തിൽ ഒരു മാസമെങ്കിലും ശുദ്ധജല ദൗർലഭ്യം അനുഭവിക്കുന്നുണ്ട്. കാട്ടുതീ പണ്ടുണ്ടായതിനേക്കാൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായും നമുക്ക് കാണാം.

നിലവിൽ 1.1 ഡിഗ്രി സെൽഷ്യസുള്ള ആഗോള താപനിലയിലുള്ള വർധനവ് 1.5 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നാൽ പ്രതീക്ഷിക്കുന്ന പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള മഞ്ഞുപാളികൾ പൂർണ്ണമായോ ഭാഗികമായോ ഇല്ലാതാകും. ഇനി അഥവാ ഇത് 1.5 ൽ കൂടുകയാണെങ്കിൽ അത് കുറച്ചു കാലത്തേക്കാണെങ്കിൽ കൂടി തിരിച്ചെടുക്കാൻ പറ്റാത്ത രീതിയിലേക്ക് നമ്മുടെ ഭൂമിയിലെ കാലാവസ്ഥ മാറും. അത്യുഗ്രമായ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട സമ്മർദ്ദവും ആഘാതവും ജീവനോപാധികളുടെയും സംസ്കാരത്തിൻ്റെയും നഷ്ടവും മാനസികാരോഗ്യ പ്രശ്‌നങ്ങൾ വർധിപ്പിച്ചേക്കാമെന്നും ഇതാദ്യമായി ഈ റിപ്പോർട്ടിൽ പറയുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിർമാർജനം എന്നിവയിൽ അതിവേഗം പുരോഗമിക്കുന്ന ഒരു ലോകമാണെങ്കിൽ, കാലാവസ്ഥാ വ്യതിയാനം ആ സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടസാധ്യത കുറയ്ക്കാൻ സാധിക്കും. പക്ഷെ ഇന്ന് വലിയ അസമത്വം നിലനിൽക്കുന്ന ലോകത്തിൽ, കാലാവസ്ഥ ദുർബലമായ പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളെ ഇത് അപകടകരമായി ബാധിക്കുന്നു.

കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രശ്നങ്ങളും, പ്രതിരോധിക്കാനുള്ള മാർഗങ്ങളും

ഐപിസിസിയുടെ പുതിയ റിപ്പോർട്ടിലെ അവസാന വാചകം അടിവരയിടുന്നതുപോലെ, കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാനുള്ള നടപടികൾക്കുള്ള അവസരം ഈ ദശാബ്ദത്തിൽ മാത്രമേ നിലനിൽക്കുകയുള്ളൂ. കൂടുതൽ കാലതാമസമുണ്ടായാൽ മനുഷ്യജീവിത സാധ്യത തന്നെയാവും ഇല്ലാതാവുക.

About Author

Shamnad KM

The AIDEM Author