മിലൻ കുന്ദേര നൽകിയ കനങ്ങൾ
എന്റെ ഡൽഹിജീവിതത്തിന്റെ തുടക്കത്തിലാണ് മിലൻ കുന്ദേര വായനയിലേക്ക് കടന്നുവന്നത്. നിലനില്പിന്റെ താങ്ങാനാകാത്ത ഭാരരാഹിത്യമായി കുന്ദേരയുടെ ഭാവനാലോകം എന്നെ പിടികൂടിയ നാളുകൾ. അന്നത്തെ ജീവിതത്തിന്റെ പ്രത്യേകതകൾകൊണ്ടു കൂടിയാകണം ‘The Unbearable Lightness of Being’ എന്നെ കീഴ്മേൽ മറിച്ചത്. അപരിചിതമായ ഇടത്തിന്റെ ഇരമ്പുന്ന ഗതിവേഗങ്ങൾ. ബസ്‌സ്റ്റോപ്പുകളിലും ചന്തസ്ഥലങ്ങളിലും കേൾക്കുന്ന പിടികിട്ടാത്ത ഭാഷകൾ. ഇടയ്ക്കിടക്കു മാറുന്ന ജോലികളും താമസസ്ഥലങ്ങളും. ജോലികൾ ഉപേക്ഷിക്കുന്ന ഇടവേളകളിൽ കണക്ക് പഠിപ്പിക്കുന്ന ട്യൂഷൻ പണി. ഉറച്ചുനിൽക്കാനാകാത്ത ബന്ധങ്ങളും ചങ്ങാത്തങ്ങളും. ഒന്നിനോടും പ്രത്യേകിച്ചു മമതയില്ലാതെ ഒഴുകിനടക്കൽ. നാട്ടിലുണ്ടായിരുന്ന കാമുകി പിരിയുമ്പോൾ തന്ന കത്ത് ആവർത്തിച്ചു വായിച്ചു വളർത്തിയെടുത്ത മടുപ്പ്.
യു.പി.എസ്, വോൾട്ടേജ് സ്റ്റബിലൈസർ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സർവീസ് എൻജിനീയറായി ഡൽഹിയിലും ഉത്തരേന്ത്യൻ പട്ടണങ്ങളിലും കറങ്ങിനടക്കലായിരുന്നു അക്കാലത്തു കിട്ടിയ ഒരു പണി. കിഴക്കൻ ഡൽഹിയിൽ ലജ്‌പത് നഗർ സെന്ട്രൽ മാർക്കറ്റിനടുത്തുള്ള ഓഫീസിന്റെ പടവുകൾ കയറിച്ചെല്ലുമ്പോൾ വലിയ മേശകളിൽ ചിതറിക്കിടക്കുന്ന സർക്യൂട്ട് ബോർഡുകൾ, ട്രാൻസ്ഫോർമറുകൾ. അവയ്ക്കിടയിൽ യന്ത്രസാമഗ്രികള്‍ കൂട്ടിച്ചേര്‍ക്കുന്ന ടെക്‌നീഷ്യന്മാർ. സോൾഡറിങ് അയേണിന്റെ സ്പർശത്തിൽ ഉരുകുന്ന ഈയത്തിന്റെ നേർത്ത പുകയും മണവും.
റെയിൽവേ സ്റ്റേഷനുകൾ, വിദൂരനഗരങ്ങളിലെ ലോഡ്ജുകൾ, പഞ്ചാബി ധാബകൾ, വോഡ്കയിൽ മൊസാംബിച്ചാറ് പിഴിഞ്ഞു നീട്ടുന്ന പെട്ടിക്കടകൾ. അവയെയെല്ലാം പച്ചനിറമുള്ള പ്രിന്റഡ് സർക്യൂട്ട് ബോർഡിൽ കൊത്തിയ സ്വർണ്ണരേഖകളുടെ വൈദ്യുതഭൂപടമായി നിവർത്തിയിട്ടതായിരുന്നു അക്കാലത്തെ എന്റെ സ്ഥലസങ്കല്പം. കേടായ ഉപകരണങ്ങളെ വീണ്ടും കാര്യക്ഷമമാക്കുന്ന യുക്തിബോധം വായനയുടെയും എഴുത്തിന്റെയും അടരുകളിൽ സൂക്ഷ്മവും അദൃശ്യവുമായ ഇലക്ട്രോൺ പ്രവാഹമായി പരിണമിച്ചിരിക്കണം. യുക്തിക്കു വിപരീതമായി അതിവൈകാരികതയുടെ കൊണ്ടാടലുകൾ മനുഷ്യചരിത്രത്തിൽ വരുത്തിവെക്കുന്ന വിപത്തുകളെക്കുറിച്ചു കുന്ദേര മുന്നറിയിപ്പ് തന്നിട്ടുണ്ട്.
മെഹ്‌റൗളിക്കടുത്തുള്ള ലാഡൊ സരായ് എന്ന പ്രദേശത്തിലെ ചുടുകാറ്റിൽ ഒരു തെരുവിൽനിന്നും മറ്റൊരു തെരുവിലേക്ക് പാറിപ്പോയി ഒടുവിൽ ഓടയിൽ അപ്രത്യക്ഷമാകുന്ന പാഴില പോലെയായിരുന്നു അന്നത്തെ ദിനങ്ങൾ. നിലനില്പിന്റെ താങ്ങാനാകാത്ത ഭാരരാഹിത്യം വായിച്ചത് ലാഡൊ സരായിയിലെ വാടകവീട്ടിലെ വേനൽക്കാലത്താണ്. പ്രത്യേകിച്ച് യാതൊരു ലക്ഷ്യവും ഉത്തരവാദിത്തവുമില്ലാത്ത എന്റെ സ്വാതന്ത്ര്യത്തിന്റെ തടവുമുറിയിൽവച്ച്. ഗലികളുടെ നൂലാമാലയിൽ വഴിതെറ്റി കുറേനേരമെടുത്ത് എന്നെ കാണാൻ വീട്ടിലെത്തിയ കൂട്ടുകാരനോട് നോവലിലെ നായകനെന്നു കരുതാവുന്ന റ്റോമസിനെക്കുറിച്ചാണ് രാത്രി വൈകുവോളം സംസാരിച്ചത്. പ്രാഗ് വസന്തത്തെ ഞരിച്ചമർത്തിയ സോവിയറ്റ് ടാങ്കുകൾ, സിദ്ധാന്തത്തിൽനിന്നും പ്രയോഗത്തിലേക്കു മാറുമ്പോൾ സമഗ്രാധിപത്യത്തിൽ ചെന്നെത്താൻ വിധിക്കപ്പെട്ട വിമോചനപദ്ധതികൾ. അക്കാര്യങ്ങൾ അവനോട് സൂചിപ്പിക്കുമ്പോൾ ക്രൂരമായ ആനന്ദം അനുഭവപ്പെട്ടിരിക്കണം. കാരണം ഓഫീസ്‌വിട്ടുള്ള ഒഴിവുനേരങ്ങളിൽ നിലനിൽക്കുന്ന വ്യവസ്ഥയെ അട്ടിമറിക്കാനുള്ള മുദ്രാവാക്യങ്ങൾ ദൽഹിയിലെ ചുമരുകളിൽ എഴുതുന്ന ഒരു സംഘത്തിലെ സജീവപ്രവർത്തകനായിരുന്നു ആ ചങ്ങാതി.
‘നോവലിസ്റ്റുകളുടെ അതിശയോക്തികളല്ല ജനങ്ങളുടെ പ്രശ്നങ്ങൾ. നിന്നെപ്പോലുള്ള അരാജകജീവികൾക്ക് അതൊരിക്കലും മനസ്സിലാവില്ല.’ പിറ്റേന്ന് പകൽ എന്റെ രാഷ്ട്രീയ ശരികേടുകളെ കീറിമുറിച്ച് അവൻ ഉടക്കിപ്പിരിഞ്ഞു. ഞാൻ താമസിക്കുന്ന ഗലി തിരിഞ്ഞ് അവൻ ഉച്ചയിൽ അപ്രത്യക്ഷനായി. കെട്ടുപിണഞ്ഞ വഴികളിൽ വീഴുന്ന വെയിൽ നോക്കി ടെറസ്സിനു മുകളിൽ ഞാൻ നിന്നു. കുന്ദേരയുടെ ആഖ്യാനത്തിൽ ഉടനീളമുള്ള നിലനില്പിന്റെ വിഹ്വലത ആവാഹിച്ചുകൊണ്ട്. രണ്ടു കിലോമീറ്ററുകൾക്കപ്പുറം കുത്തബ് മിനാരെന്ന വിജയസ്തംഭം കാലം വിഴുങ്ങിയ സാമ്രാജ്യങ്ങളുടെ സ്മാരകമായി ഉയർന്നുനിന്നു.
നിത്യജീവിതത്തിന്റെ ദുരിതങ്ങളും സന്ദേഹങ്ങളും അനുഭവിക്കുമ്പോൾത്തന്നെ അന്നോളം കണ്ടെത്താത്ത സത്യങ്ങളിലേക്കുള്ള നടപ്പാതകളാണ് നോവലുകൾ എന്ന് കുന്ദേര വിശ്വസിച്ചു. കർക്കശമായ ഉറപ്പുകൾ, മനസ്സുകളെ വരിഞ്ഞുകെട്ടുന്ന മുൻധാരണകൾ എന്നിവക്ക് എതിർ നില്ക്കാൻ കുന്ദേരയുടെ കഥപറച്ചിലിനു സാധിക്കുന്നു. ഞാൻ തയ്യറാക്കിവച്ച ഉത്തരങ്ങളെ സന്ദിഗ്ധതയിലാക്കി പുതിയ ചോദ്യങ്ങളിലൂടെ താളുകൾ മറിയുന്നു. റ്റോമസും റ്റെരെസയും സബീനയും ഫ്രാൻസും ആയിത്തീരലിന്റെ അനേകം ഇടച്ചിലുകളിലും ഇടർച്ചകളിലും ഉരുത്തിരിയുന്ന ഉണ്മകളാണ്. ഉടലിന്റെ ആഗ്രഹങ്ങളും അഹങ്കാരങ്ങളും അപകർഷതകളും അവർക്കുള്ളിൽ മനനത്തിന്റെ മിന്നൽപ്പിണരുകളാകുന്നു. ആശയങ്ങൾ നീക്കുപോക്കുകളില്ലാത്ത ശരികളായി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ കുന്ദേരയുടെ കഥാപാത്രങ്ങൾ ചിരിക്കാൻ തുടങ്ങും. നോവലിലെ തത്വചിന്തകൾക്കിടയിൽ കയറിവരുന്ന അക്രമാസക്തമായ ആ ചിരികൾ എല്ലായ്‌പോഴും നിങ്ങളെ സന്തോഷിപ്പിക്കണമെന്നില്ല. അധികാരത്തിന്റെ നൃശംസതകളെ കരുണയില്ലാതെ കളിയാക്കുന്ന അസംബന്ധഫലിതങ്ങളാണ് പലതും. ആസക്തിയുടെയും രതിയുടെയും സ്നേഹവഞ്ചനയുടെയും പരസ്പരം കീഴടക്കാനുള്ള പരദ്രോഹത്വരയുടെയും സമസ്യകൾ വ്യക്തികളുടെ ദൈനംദിനജീവിതത്തെ സങ്കീർണ്ണതയിൽ അമ്മാനമാടുമ്പോൾ ലാഘവം കണ്ടെത്താനുള്ള ശ്രമങ്ങളും. അന്നേരം സ്നേഹത്തെ നാം എങ്ങിനെ മനസ്സിലാക്കും? റ്റോമസ് പ്ലേറ്റോയുടെ സിമ്പോസിയത്തിലെ പ്രശസ്തമായ ഐതിഹ്യം ഓർക്കുന്നു: ദൈവം ഓരോരുത്തരെയും രണ്ടായി പിളരുന്നതുവരെ ആളുകൾ ദ്വിലിംഗജീവികളായിരുന്നു. ഇപ്പോൾ എല്ലാ പാതികളും അവരുടെ മറുപാതിയെ തേടി ഈ ലോകത്തിൽ ചുറ്റിനടക്കുകയാണ്. നമുക്കുതന്നെ നഷ്ടമായ പാതിയോടുള്ള തീവ്രാഭിലാഷമാണ് സ്നേഹം.
ഉണ്മയുടെ അസഹനീയമായ കനമില്ലായ്മയുടെ വിവരണം കുന്ദേര ആരംഭിക്കുന്നത് അവസാനിക്കാത്ത പുനരാവർത്തനങ്ങളെക്കുറിച്ചുള്ള നീച്ചയുടെ (Friedrich Nietzsche) പരികല്പനയിൽ നിന്നാണ്. അധിഭൗതികതയിൽ ഊന്നൽനൽകുന്ന തത്വശാസ്ത്ര നിഗൂഢവത്കരണങ്ങളെയും മരണാനന്തരലോകങ്ങളുടെ കപടവാഗ്ദാനങ്ങളേയും തകിടംമറിച്ച് ഈ ഭൂമിയിൽത്തന്നെ കാലൂന്നിനിന്ന് ചിന്തിക്കാൻ നീച്ച നിങ്ങളെ വെല്ലുവിളിക്കുന്നു. അനന്തമായ പുനരാഗമനത്തിൽനിന്നും രക്ഷനേടാനാകാത്തതാണ് അസ്തിത്വമെന്ന് സങ്കൽപ്പിക്കുക. എങ്കിൽ എപ്രകാരം ജീവിക്കാനാണ് നിങ്ങൾ തീരുമാനിക്കുക? കഴിഞ്ഞുപോയതെല്ലാം അതേപടി വീണ്ടും വീണ്ടും തിരിച്ചെത്തുകയാണെങ്കിൽ? ഒരിക്കലും തിരുത്താനോ മാറ്റിപ്പണിയാനോ കഴിയാതെ രേഖീയമായി ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് നമ്മുടെ ക്ഷണികജീവിതത്തിന്റെ അസന്തുഷ്ടിക്ക് കാരണമെന്ന് കുന്ദേര കരുതുന്നു. (Human time does not turn in a circle; it runs ahead in a straight line. That is why man cannot be happy: Happiness is the longing for repetition.) താരതമ്യങ്ങളും തിരഞ്ഞെടുപ്പുകളും അപ്രസക്തമാക്കുന്ന അവസ്ഥയാണിത്. അതിനാൽ അഭിലഷണീയമായ ഭാരരാഹിത്യം അതീവഗുരുത്വമുള്ളതായോ സ്വാതന്ത്ര്യത്തിനുള്ള സാധ്യതയായോ നിങ്ങൾക്കു വ്യാഖ്യാനിക്കാം.
അനശ്വരതയെക്കുറിച്ചുള്ള നോവലിൽ (Immortality) ആളുകളെയും കലയെയും ചുറ്റിനിൽക്കുന്ന അനശ്വരതയുടെ പരിവേഷങ്ങളെ കുന്ദേര പ്രകോപിപ്പിക്കുന്നു. ഗെയ്ഥെയും ഹെമിംഗ്‌വേയും സ്വർഗ്ഗത്തിൽവച്ചു കണ്ടുമുട്ടുമ്പോഴുള്ള സംഭാഷണങ്ങളിൽ തലയ്ക്കു നിറയൊഴിച്ച് ആത്മഹത്യചെയ്താൽ പോലും രക്ഷനേടാനാകാത്ത അമരത്വത്തെ ഹെമിംഗ്‌വേ വെറുക്കുന്നു. നാശംപിടിച്ച അനശ്വരതയുടെ നഖങ്ങൾ തന്നെ അള്ളിപ്പിടിക്കുന്നത് ഭയാനകമായ അനുഭവമായാണ് ഹെമിംഗ്‌വേ വിവരിക്കുന്നത്. ഗെയ്ഥെ മറുപടി പറയുന്നു: ‘അവസാനമില്ലാത്ത ഒരു വിചാരണയാണ് അനശ്വരത.’
ഞാനും നീയും നമ്മുടെ വാക്കുകളും നിലനിൽക്കുന്ന സർവ്വതും എന്നന്നേക്കുമായി ഇല്ലാതാകുമെന്ന ഉത്കണ്ഠയെ മറികടക്കാൻ ഞാനാകട്ടെ അനശ്വരത എന്ന ആഗ്രഹചിന്തയിൽ മുഴുകുന്നു.
അതുവരെ ഞാൻ വായിച്ച ആധുനികസാഹിത്യത്തിൽ ശാശ്വതമെന്നു കല്പിക്കപ്പെട്ട പ്രതിപാദ്യവിഷയങ്ങളുടെയും ആഖ്യാനഘടനകളുടെയും പുനർനിർമ്മിതികൾ യഥേഷ്ടമുണ്ടായിരുന്നു. അവയുടെ കടുംപിടുത്തങ്ങളിൽനിന്ന് എന്റെ സംവേദനപരിമിതികളെ മോചിപ്പിച്ച എഴുത്തുകാരിൽ ഒരാൾ കൂടിയാണ് കുന്ദേര. കഥ പറയുന്നതിനൊപ്പംതന്നെ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളും കഥാപാത്രനിർമ്മിതിക്കു കാരണമായ ആലോചനകളും നോവൽ എന്ന സാഹിത്യരൂപത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും കുന്ദേര വായനക്കാർക്ക് മുന്നിൽ വെളിപ്പെടുത്തുന്നു. എഴുത്തെന്ന ക്രിയയിൽനിന്നു അകലം പാലിച്ചുകൊണ്ട്. ഞാൻ പരിചയിച്ച ആധുനികതയുടെ വാർപ്പുമാതൃകകളെ അപേക്ഷിച്ച് കുന്ദേരയുടെ കൃതികൾ വ്യത്യസ്തമാകുന്നത് അപ്രകാരമാണ്.
കുന്ദേരയുടെ ചരമവാർത്ത അറിഞ്ഞപ്പോൾ ഉണരുന്ന ഇടമുറിഞ്ഞ സ്മൃതികളാണ് ഇതെല്ലാം. ഓർമ്മയുടെ പ്രതിരോധശക്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം സാമൂഹ്യമാധ്യമങ്ങളിലും അനുസ്മരണങ്ങളിലും നിറഞ്ഞുകവിയുന്നു. ‘The struggle of man against power is the struggle of memory against forgetting.’ ബലപ്രയോഗത്തിലൂടെ ചരിത്രത്തെ കെട്ടുകഥകളാക്കാൻ കൊണ്ടുപിടിച്ചു നടക്കുന്ന ഏകാധിപത്യപദ്ധതികൾ ഒരേസമയം ചിരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയസന്ദർഭമായതു കൊണ്ടാകണം ഈ ഉദ്ധരണിയുടെ വേലിയേറ്റം. വെട്ടിമാറ്റിയ വസ്തുതകളിലാണ് ഭാവിയുടെ വിത്തുകൾ എന്ന ചരിത്രപാഠം ആർക്കും തിരുത്താനാവില്ലെങ്കിലും.
കുന്ദേരയുടെ നോവലുകൾ, പ്രബന്ധങ്ങൾ, കഥനസവിശേഷതകൾ എന്നിവയെ ആസ്പദമാക്കി ഒട്ടേറെ പഠനങ്ങൾ ലഭ്യമാണ്. നോവലിന്റെ കലയെക്കുറിച്ചു കുന്ദേരതന്നെ എഴുതിയിട്ടുമുണ്ട്. എന്നിരിക്കെ ഞാൻ ഇതൊക്കെ ഓർക്കുന്നത് എന്തിനാണ്? വായിച്ചതൊക്കെ മുഴുവനായും സ്മരണയിൽ തങ്ങിനിൽക്കുന്നുമില്ല. പക്ഷെ എന്നെ ബാധിച്ച കൃതികൾ എന്റെ ഭാവബോധത്തെ മാത്രമല്ല ജീവിതശൈലിയെപ്പോലും മാറ്റിപ്പണിയുന്ന കാന്തികബലങ്ങൾ ഹൃദയത്തിൽ അവശേഷിപ്പിച്ചിട്ടുണ്ട്.
അതിനാൽ ഞാൻ കുന്ദേരയെ ഓർക്കുന്നു: വർഷങ്ങൾക്കു മുൻപ് ആദ്യമായി വായിച്ചപ്പോൾ കുന്ദേര നൽകിയ ആഹ്ളാദകരമായ ആഘാതങ്ങളെ വീണ്ടെടുക്കാൻ. ലാഡൊ സരായിയിലെ ഇടുങ്ങിയ കൽപ്പാതകളിലേക്കു തിരിച്ചുനടക്കാൻ. വീടിന്റെ നടുമുറ്റത്തെ കയറുകട്ടിലിൽ കൂനിയിരുന്ന് ഹുക്ക വലിക്കുന്ന ജാട്ട് വൃദ്ധയുടെ കുശലാന്വേഷണം ഒരിക്കൽക്കൂടി കേൾക്കാൻ. ഉയർന്നുപോയി വായുവിൽ വിലയിക്കുന്ന നശ്വരമായ അന്നത്തെ പുകച്ചുരുളുകളെ ഇപ്പോൾ നോക്കിനിൽക്കാൻ. ജീവിതം മറ്റെവിടെയോ ആണെന്ന തോന്നലിൽ മുഴുകാൻ. രോഗത്തിന്റെയും മരണത്തിന്റെയും വിഷാദം ശോണരാശി കലർത്തുന്ന അന്തിവെളിച്ചമേൽക്കാൻ.
ജീവിതത്തിലെ ഒരു സന്ദിഗ്ദ്ധ ഘട്ടത്തിൽ കുന്ദേരയുടെ ഭാവനാ ലോകം ഒരു പിരിയൻ ഗോവണി പോലെ ജീവിതത്തിലേക്ക് കടന്നു കയറിയതെങ്ങനെയെന്ന് കഥാകാരൻ വിവരിക്കുന്നത് കൗതുകപൂർവമാണ് വായിച്ചത്.അതോടൊപ്പം ഈ കുറിപ്പ് വായിച്ചപ്പോൾ എനിക്ക് തോന്നിയ മറ്റൊരു കാര്യം, ദൽഹിജീവിതത്തിലെ അനുഭവങ്ങളെ മുൻനിർത്തിയുള്ള കഥ വായനക്കാർ പ്രതീക്ഷിക്കുന്നു, എന്നത് തന്നെ. കാരണം ഈ അനുഭവക്കുറിപ്പിലെ ദൽഹി ഗാഥ അത്രമേൽ തീക്ഷ്ണമാകുന്നു.
നന്ദകുമാറിന്റെ കഥകൾ പോലെ വശ്യവും മനോഹരവുമാണ് ഈ ഓർമ്മക്കുറിപ്പും. പൊങ്ങുതടിപോലെയുള്ള ഡൽഹി ജീവിതത്തിന്റെ പശ്ചാത്തലത്തിൽ കുന്ദേരയെ പരിചയപ്പെടുത്തുന്നതിന്റെ ഭംഗി അഭിനന്ദനാർഹമാണ്.