A Unique Multilingual Media Platform

Articles Culture Kerala Society

കുമ്മാട്ടിയുടെ രണ്ടാം വരവ്…

  • May 16, 2025
  • 1 min read
കുമ്മാട്ടിയുടെ രണ്ടാം വരവ്…

1979ല്‍ മലയാളത്തില്‍ സംഭവിച്ച ഒരു ചലച്ചിത്ര കാവ്യമാണ് ‘കുമ്മാട്ടി’. മലയാള സിനിമയില്‍ ആദ്യമായി മാജിക്കല്‍ റിയലിസം (Magical Realism) പരീക്ഷിക്കപ്പെടുകയായിരുന്നു, മഹാ പ്രതിഭകൾ സംഗമിക്കുകയിരുന്നു കുമ്മാട്ടിയിൽ. ജി.അരവിന്ദനും, ഷാജി എന്‍. കരുണും, കാവാലം നാരായണപ്പണിക്കരും ചേര്‍ന്നൊരുക്കിയ മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക്‌ . ജി. അരവിന്ദന്റെ സംവിധാനത്തികവില്‍, കാവാലത്തിന്റെ സ്ക്രിപ്റ്റില്‍, ഷാജി എന്‍. കരുണിന്‍റെ കാമറകണ്ണുകളിലൂടെ നാലര പതിറ്റാണ്ട് മുന്‍പാണ് കുമ്മാട്ടി പിറക്കുന്നത്. കുമ്മാട്ടിയിലെ മനോഹരമായ പാട്ടുകളും, കാവാലമാണ് രചിച്ചത്. ഈ മൂന്നു പ്രതിഭകളും ഇന്ന് നമ്മോടൊപ്പമില്ല. 1979 മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കുമ്മാട്ടിക്കായിരുന്നു, സംവിധായകനുള്ള ക്രിട്ടിക് അവാർഡ്  ജി. അരവിന്ദനും. 

തെക്കൻ മലബാറിലും, തൃശൂരിന്റെ ചിലഭാഗങ്ങളിലും മാത്രം കണ്ടുവരുന്ന ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. പല വർണങ്ങളുള്ള മുഖാവരണവും, തൊപ്പിയും മറ്റു വേഷ ഭൂഷാദികളുമായി കുമ്മാട്ടി ഗ്രാമത്തിലേക്കിറങ്ങുന്നു. യാഥാര്‍ത്ഥ്യവും, ഫാന്‍റസിയും, നാടോടിക്കഥകളും,കുട്ടികളുടെ നിഷ്കളങ്കമായ ലോകവുമെല്ലാം മനോഹരമായി സമന്വയിപ്പിക്കുന്ന അതിമനോഹരമായ ഒരപൂര്‍വ്വ ചലച്ചിത്ര കാവ്യമാണ് ഈ സിനിമ. ചെറിയ ചെറിയ ചുവടുകള്‍ വെച്ച്, നൃത്തമാടി, ഗ്രാമത്തിലേക്ക് ഒരു മാന്ത്രിക രൂപം പോലെയെത്തുന്ന കുമ്മാട്ടി, ഗ്രാമത്തിലെ കുട്ടികളോടൊപ്പം പാട്ട് പാടുകയും നൃത്തം ചെയ്യുകയും മാന്ത്രിക വിദ്യകള്‍ കാണിക്കുകയും ചെയ്ത്, അതിവേഗം കുട്ടികളുടെ പ്രിയപ്പെട്ടവനായി മാറുന്നു. സംഭാഷണങ്ങള്‍ കുറച്ച്, മനോഹര ദൃശ്യങ്ങളിലൂടെ കാവ്യാത്മകതയോടെ പ്രകൃതിയും, മനുഷ്യനും,, കുട്ടികളുടെ ഭാവനാ ലോകവും തമ്മിലുള്ള ബന്ധം പകര്‍ത്തിക്കൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്.  

നാലര പതിറ്റാണ്ടുകള്‍ക്ക് ശേഷം, 2024 ല്‍ കുമ്മാട്ടിയെ  തേടി കേരളത്തില്‍,  ജപ്പാനില്‍ നിന്ന് ഏതാനും  അതിഥികളെത്തി. ജാപ്പാനിലെ പ്രശസ്ത  സിനിമാ  സംവിധായക. ‘മിസുഹോ ടെറസാകി’ യും അവരുടെ മൂന്നു സുഹൃത്തുക്കളും.  ജപ്പാനിലെ പ്രശസ്ത എഴുത്തുകാരനും, ചലച്ചിത്ര നിരൂപകനുമായിരുന്നു ശ്രീ’ സദാവോ സേത്തു’ .  2022ല്‍ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചലച്ചിത്ര പ്രവര്‍ത്തകരും ഒത്തുകൂടി അദ്ദേഹത്തെ കുറിച്ച് ഒരു ബയോപിക് ചെയ്യാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് അവര്‍ കേരളത്തില്‍ എത്തിയത്.  സേത്തുവിനു ഏറ്റവും ഇഷ്ടപ്പെട്ട സിനിമയത്രേ കുമ്മാട്ടി. ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍ അരവിന്ദനും, ഏറ്റവും ഇഷ്ടപ്പെടുന്ന ക്യാമറമാന്‍ ഷാജി എന്‍. കരുണും.

ഷാജി എൻ കരുണും ജി അരവിന്ദനും

കുമ്മാട്ടിയെ കുറിച്ച് പ്രൌഡഗംഭീരമായ ഒരു ലേഖനം സേത്തു അക്കാലത്ത്  എഴുതുകയുണ്ടായി. അങ്ങിനെ തിരുവനന്തപുരത്ത് എത്തിയ ജപ്പാന്‍ സംഘം ആദ്യം അന്ന് ജീവിച്ചിരുന്ന ഷാജി എന്‍. കരുണിനെ സന്ദര്‍ശിക്കുകയും,  കുമ്മാട്ടിയുടെ ചിത്രീകരണാനുഭവം പകര്‍ത്തുകയും ചെയ്തു.  കുമ്മാട്ടിയിലെ കേന്ദ്ര കഥാപാത്രമായ അന്നത്തെ ആറാം ക്ലാസുകാരനായ (ഇന്ന് പ്രായം 58 വയസ്സ്)ചിണ്ടനെയും സംഘം സന്ദര്‍ശിച്ചു. ചിണ്ടന്‍റെ യഥാര്‍ത്ഥ പേര് അശോക്‌ ഉണ്ണികൃഷ്ണന്‍. ചിണ്ടനെ അരവിന്ദന്‍ തിരുവനന്തപുരത്തു നിന്ന് കണ്ടെത്തുകയായിരുന്നുവത്രേ.  അരവിന്ദന്റെ മകന്‍ രാമുവിനെയും സംഘം സന്ദര്‍ശിച്ചു.

ചിണ്ടൻ പ്രശസ്ത എഴുത്തുകാരൻ സി.വി ബാലകൃഷ്ണനോടൊപ്പം

ടെറസാകിയുടെ അടുത്ത ലക്ഷ്യം കുമ്മാട്ടിയുടെ ലൊക്കേഷന്‍ ആയ ‘ചീമേനി’യായിരുന്നു.  നാലര പതിറ്റാണ്ട് മുന്‍പ് അരവിന്ദന്‍ കണ്ടെത്തിയ ചീമേനി,  സ്വാഭാവികമായും അതിവേഗം നഗരവല്‍ക്കരിക്കപ്പെട്ടിരുന്നു.  എങ്കിലും ചീമേനിയുടെ ഹരിതാഭമായ  പുല്‍മേടുകളും, നാട്ടുവനങ്ങളും, പാറക്കൂട്ടങ്ങളുമെല്ലാം ജപ്പാന്‍ സംഘത്തെ വിസ്മയിപ്പിച്ചു. കുമ്മാട്ടി സഞ്ചരിച്ച നാട്ടു വഴികളിലൂടെ ടെറസാകിയും സംഘവും സഞ്ചരിച്ചു. കുമ്മാട്ടിയില്‍ നാലര പതിറ്റാണ്ട് മുന്‍പ് ചിണ്ടനൊപ്പം അഭിനയിച്ച, അന്ന്  പത്തും പന്ത്രണ്ടും വയസ്സുണ്ടായിരുന്ന കുട്ടികള്‍, ഇന്നത്തെ അന്പത്തിയെട്ടും, അറുപതും വയസ്സുകാര്‍, ടെറസാകിയുമായി കുമ്മാട്ടിയോര്‍മകള്‍ ഗൃഹാതുരതയോടെ പങ്കു വെച്ചു.

അമ്മയും ചിണ്ടന്നും

അവര്‍ ഒളിച്ചുകളിച്ച ധര്‍മശാസ്താ ക്ഷേത്രത്തിനരികിലെ നാട്ടുവനവും, കുമ്മാട്ടി നീന്തിയ കുളവും, കുമ്മാട്ടി ചാരിയിരുന്ന വിടര്‍ന്നു, വിശാലമായ മുതുമുത്തച്ഛന്‍ ആല്‍മരവുമെല്ലാം ടെറസാകി എന്ന സംവിധായികയുടെ നിര്‍ദേശപ്രകാരം ബയോപിക്കിന് വേണ്ടി  ഛായാഗ്രഹകയായ ‘ചിസുനോ ഒക്കുബോ’ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു.  മൂന്നു ദിവസം ചീമേനിയില്‍, കുമ്മാട്ടി സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിച്ചും, ചീമേനിയിലെ മനോഹരമായ പ്രകൃതി  ദൃശ്യങ്ങള്‍ ഒപ്പിയെടുത്തുമാണ് ജാപ്പാന്‍ സംഘം മടങ്ങിയത്. 

മിസുഹോ തെറാസാക്കി

നാലര പതിറ്റാണ്ടിനു ശേഷം, ‘കുമ്മാട്ടി” പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റെസ്റ്റൊറെഷന്‍ (Restoration) നടത്തി, സബ്ടൈറ്റിലുകളോടെ  പുറത്തിറങ്ങിയത് ഇയ്യിടെയാണ്.  ചീമേനിയുടെ മനോഹരമായ  ലാന്‍ഡ്‌സ്കേപ്പും, പച്ച മനുഷ്യരും, ജീവജാലങ്ങളുമെല്ലാം കൂടുതല്‍ മിഴിവോടെ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് കാണാമെന്നത് കൊണ്ടുതന്നെ കുമ്മാട്ടിയുടെ രണ്ടാം വരവിനു ഏറെ പ്രസക്തിയുണ്ട്.

2025 മെയ്‌ 6 മുതല്‍ 9 വരെ പയ്യന്നൂരില്‍ നടന്ന പത്താമത് ഓപ്പണ്‍ ഫ്രെയിം അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍,  കുമ്മാട്ടി പ്രദര്‍ശിപ്പിക്കുകയും, കുമ്മാട്ടിയിലഭിനയിച്ചവരെ ആദരിക്കുകയുമുണ്ടായി.  കുമ്മാട്ടി സിനിമയുടെ നാല്‍പത്തഞ്ചാം വാര്‍ഷികം സമുചിതമായി പയ്യന്നൂരിലെ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ അരങ്ങേറിയപ്പോള്‍ ഈയുള്ളവനും സാക്ഷിയാകാനുള്ള ഭാഗ്യമുണ്ടായി. ശ്രീ മുരളീധരൻ കരിവള്ളൂർ കുമ്മാട്ടി മെമ്മോറിയല്‍ പ്രഭാഷണം നടത്തി.  കുമ്മാട്ടിയില്‍ അമ്മയായി അഭിനയിച്ച കുട്ടിയേടത്തി വിലാസിനി, ചിണ്ടനായി അഭിനയിച്ച അശോക്‌ ഉണ്ണികൃഷ്ണന്‍, മറ്റു കുട്ടികളായി അഭിനയിച്ചവര്‍ എന്നിവരെല്ലാം ആദരിക്കപ്പെടുകയുണ്ടായി.  അന്ന് കുട്ടികളായിരുന്നവര്‍, നാലര പതിറ്റാണ്ട് മുന്‍പത്തെ അവരുടെ ചിത്രീകരണ അനുഭവങ്ങള്‍ , ഗൃഹാതുരതയോടെ പങ്കു വെച്ചപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം കൗതുകത്തോടെ ശ്രദ്ധിച്ചിരുന്നു.

കുമ്മാട്ടിയിലെ അമ്മ ഇന്ന്

സംഘാടക മികവിലും, പ്രദർശിപ്പിക്കുന്ന സിനിമകളുടെ നിലവാരത്തിലും, ഓപ്പൺ ഫോറങ്ങളുടെ ക്വാളിറ്റിയിലുമെല്ലാം ഏതൊരു അന്താരാഷ്ട്ര ചലച്ചിത്രമേളയോടും കിടപിടിക്കുന്നതാണ് ഓപ്പൺ ഫ്രെയിം മേള എന്നുകൂടി സൂചിപ്പിക്കട്ടെ.

ജി.അരവിന്ദന്റെയും, ഷാജി എന്‍.കരുണിന്റെയും, കാവാലം നാരായണപ്പണിക്കരുടെയും സർഗ ഭാവനയിൽ പിറന്ന ഈ ചലച്ചിത്ര കാവ്യം റെസ്റ്റോറേഷന് ശേഷം വീണ്ടും രാജ്യാന്തരങ്ങളിൽ സഞ്ചരിക്കാനും, ചർച്ചചെയ്യപ്പെടാനും പോകുമ്പോൾ ഈ മൂന്നു പ്രതിഭകളും നമ്മോടൊപ്പമില്ലെന്നത് ഖേദകരം തന്നെ. അവശേഷിച്ചിരുന്ന ഷാജി എൻ. കരുണും ഈയിടെ നമ്മെ വിട്ടു പിരിഞ്ഞല്ലോ.

കുമ്മാട്ടിയിലെ അമ്മയും കുട്ടികളും ഇന്ന്…

അരവിന്ദനും ഷാജി എന്‍.കരുണും കൈകോര്‍ത്തപ്പോഴെല്ലാം മലയാള സിനിമയില്‍ ക്ലാസ്സിക്കുകള്‍ ഉണ്ടായി.  ‘കാഞ്ചന സീത’, ‘ തമ്പ്’, ‘എസ്തപ്പാന്‍’,’ പോക്കുവെയില്‍’, ‘ചിദംബരം’, ‘ഒരിടത്ത്’ ‘, കുമ്മാട്ടി’ , ‘മാറാട്ടം’ എന്നിങ്ങിനെ ഇവര്‍ തൊട്ടതെല്ലാം പൊന്നായി, ചലച്ചിത്ര കാവ്യങ്ങള്‍ ഉണ്ടായി. മലയാള സിനിമയെ ലോകസിനിമയുടെ അത്യുന്നതങ്ങളില്‍ എത്തിച്ച ഇവരോട് മലയാളികള്‍ കടപ്പെട്ടിരിക്കുന്നു.

 

(ചിത്രങ്ങൾ കടപ്പാട്: കരിവള്ളൂര്‍ മുരളീധരന്‍)

About Author

ഹരിദാസ്‌ കൊളത്തൂര്‍

എഴുത്തുകാരൻ, സഞ്ചാരി

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.