മരം എന്ന വീര്യമദ്ദളത്തില്‍ നിന്ന് ശുദ്ധമദ്ദളത്തിലേയ്ക്കും അതുവഴി പഞ്ചവാദ്യത്തിലേയ്ക്കുമുള്ള ദീര്‍ഘമായ കലാസപര്യയുടെ ചരിത്രമാണ് സി ഡി ശിവദാസിനുള്ളത്. അതോടൊപ്പം കാര്‍ഷികവൃത്തിയുടെയും ബാങ്കിംഗ് ട്രേഡ് യൂണിയന്‍ രംഗത്തെ ഉശിരന്‍ നേതൃത്വത്തിന്റെയും മേളങ്ങള്‍ കൊണ്ട് അസാധാരണത്വം പ്രകടിപ്പിച്ച സി ഡി ശിവദാസിനെ അനുസ്മരിച്ചുകൊണ്ട് സഹയാത്രികനും എഴുത്തുകാരനുമായ ജി പി രാമചന്ദ്രന്‍ എഴുതുന്നു.
കലാകാരനും കര്‍ഷകനുമായ തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായിരുന്നു സഖാവ് സി.ഡി ശിവദാസ്. വ്യാഴാഴ്ച്ച അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. നിരവധി വര്‍ഷങ്ങള്‍ ഒന്നിച്ച് സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (കേരള സര്‍ക്കിള്‍) കേന്ദ്ര കമ്മിറ്റിയില്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരായി ഞങ്ങള്‍ രണ്ടു പേരും പ്രവര്‍ത്തിച്ചു. ദിനം തോറും ചിലപ്പോള്‍ മണിക്കൂറുകള്‍ തോറും വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടി വിളിക്കുകയും കാണുകയും യോഗങ്ങള്‍ വിളിച്ചു കൂട്ടുകയും സഞ്ചരിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. ഇതൊന്നും അസ്വാഭാവികമായ കാര്യങ്ങളോ അസാധാരണമായ കാര്യങ്ങളോ അല്ല. തീര്‍ത്തും സൗമ്യനായ, പക്വതയോടെ സംസാരിക്കുന്ന മിതത്വം പാലിക്കുന്ന നേതാവായിരുന്നു അദ്ദേഹമെങ്കിലും ചില അവസരങ്ങളില്‍ പൊട്ടിത്തെറിക്കുകയും ചെയ്യുമായിരുന്നു.
അത്തരം ഒരവസരമായിരുന്നു ഡിജിഎമ്മിന്റെ തൊഴിലാളിവിരുദ്ധവും ഏകാധിപത്യപരവുമായ നടപടികള്‍ക്കെതിരെ തൃശ്ശൂരും പാലക്കാട്ടും ഞങ്ങള്‍ നയിച്ച സമരസമയത്തുണ്ടായത്. അംഗീകൃത യൂണിയന്റെ സമര ബോര്‍ഡ്, ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ആപ്പീസിനു മുന്നില്‍ വെച്ചത് മാനേജ്‌മെന്റിന്റെ ആളുകള്‍ എടുത്തു മാറ്റി. കൂടുതല്‍ ബോര്‍ഡുകള്‍ അവിടെ പുനസ്ഥാപിച്ചതിനു ശേഷം, ഇനി തൊട്ടാല്‍ വിവരമറിയുമെന്ന് ഉച്ചത്തില്‍ മുന്നറിയിപ്പ് നല്‍കാന്‍ സഖാവ് ശിവദാസ് കരുത്തു കാട്ടി. അത് അംഗങ്ങള്‍ക്കും ബാങ്കിംഗ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനും പകര്‍ന്നു നല്‍കിയ ശക്തി അപാരമാണ്.
സമാനമായ മറ്റനുഭവങ്ങളുമുണ്ട്. താല്ക്കാലിക ജീവനക്കാരുടെ ശമ്പളം, ബോണസ് തുടങ്ങിയ അവകാശങ്ങള്‍ തടഞ്ഞു വെക്കുന്ന മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ മുഴുവന്‍ സമയവും ശ്രദ്ധിച്ച് പ്രശ്‌നം പരിഹരിക്കുന്നതില്‍ അദ്ദേഹത്തിന്റെ ജാഗ്രത ഉണ്ടായിരുന്നു. കോള്‍ നിലങ്ങളില്‍ നെല്‍കൃഷി ചെയ്യുന്നത് ശിവദാസിന് എന്നും ജീവനോളം പോന്ന കര്‍ത്തവ്യമായിരുന്നു. കൊയ്ത്തും മെതിയും എല്ലാം നേരിട്ട് നിര്‍വഹിച്ചാലേ അദ്ദേഹത്തിന് തൃപ്തിയാവൂ. കൃഷിയും മണ്ണുമായുള്ള ബന്ധം ഏറ്റവും ഇഷ്ടമായിരുന്നതിനാല്‍, വിരമിച്ചതിന്റെ പിന്നാലെ കേച്ചേരിയില്‍ നിന്ന് ഉള്ളിലേക്കു മാറി കുറച്ചധികം പുരയിടം മറ്റു കൃഷികള്‍ക്കായി അദ്ദേഹം വാങ്ങിയിരുന്നു.
തൃശ്ശൂരിന്റെ നാട്ടുകലകളില്‍ അതീവമായ അര്‍പ്പണബോധത്തോടെ ലയിച്ചിരുന്ന കലാഭ്യാസിയായിരുന്നു ശിവദാസ് എന്നതാണ് എടുത്തു പറയേണ്ടത്. മദ്ദളം വാദകനായിരുന്ന അദ്ദേഹം പഞ്ചവാദ്യമേളങ്ങളില്‍ സ്ഥിരക്കാരനായിരുന്നു. അമ്പലങ്ങളിലെ ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും എല്ലാമായി തൃശ്ശൂരും പാലക്കാട്ടുമുള്ള നൂറുകണക്കിന് വേദികളില്‍ കൊട്ടാനുള്ള അവസരമുണ്ടായ അദ്ദേഹത്തിന് ജാതീയമായ വിവേചനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ മതിലകത്ത് കൊട്ടാനനുവാദമുണ്ടായില്ല. ഇക്കാര്യം ഞാന്‍ തുറന്നെഴുതട്ടെ, താങ്കള്‍ക്ക് അതില്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ഞാനാരാഞ്ഞിരുന്നു. ഇല്ല, ഞാന്‍ ദളിതനാണെന്നു പറയുന്നതില്‍ എനിക്കഭിമാനമാണുള്ളത് എന്ന നിശ്ചയദാര്‍ഢ്യത്തോടു കൂടിയ അദ്ദേഹത്തിന്റെ മറുപടി ഏറെ ആവേശജനകമായിരുന്നു.
Part 01 of Video
മരം എന്ന പേരിലറിയപ്പെടുന്ന വീര്യമദ്ദളത്തിലും അദ്ദേഹത്തിന് പാണ്ഡിത്യമുണ്ടായിരുന്നു. ഇതാണ് പിന്നീട് നവീകരിക്കപ്പെട്ട് ശുദ്ധമദ്ദളമായി മാറുന്നത്. മരത്തിന്റെ സവിശേഷതകളെക്കുറിച്ച് പുസ്തകമെഴുതണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നടക്കാതെ പോയി.
ചാക്കാട് എന്ന അനുഷ്ഠാനത്തെക്കുറിച്ച് ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഒരു ശബ്ദാഖ്യാനം അദ്ദേഹം തയ്യാറാക്കിയത് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രകാശിപ്പിച്ചു. ഫോക് ലോര്‍ വിദഗ്ദ്ധനായ ഡോക്ടര്‍ അനില്‍ ചേലേമ്പ്ര, കലാമണ്ഡലം ഭരണസമിതി അംഗം സഖാവ് ടി കെ വാസു എന്നിവരെല്ലാം അതില്‍ മുഖ്യാതിഥികളായിരുന്നു.
പറയ സമുദായത്തിലെ കാരണവര്‍ മരിച്ചാല്‍ നടത്തുന്ന ദീര്‍ഘമായ മരണാനന്തര ചടങ്ങിന്റെ ഭാഗമാണ് ചാക്കാട്. കൊട്ട്, പാട്ട്, കളം വര എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ചെണ്ട, കുറുംകുഴല്‍, മരം എന്നിവയാണ് ചാക്കാടില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍. ഇതിലെ താളാത്മകമായ പാട്ടും വായ്ത്താരികളും കേട്ടാല്‍ എല്ലാവരും ദു:ഖസാന്ദ്രമായ അവസ്ഥയിലേക്കെത്തിച്ചേരും. സമൂഹം തന്നെ ഒന്നാകുന്ന അപൂര്‍വ്വമായ അവസ്ഥയാണ് കലയിലൂടെ നിര്‍വഹിക്കപ്പെടുന്നത്.
Part 02 of Video
ചാക്കാട് അന്യം നിന്നു പോകാതിരിക്കാന്‍ അക്കിക്കാവില്‍ ചിലമ്പൊലി എന്ന പേരില്‍ അനുഷ്ഠാനകലാക്ഷേത്രം ആരംഭിച്ചിരുന്നു. ചാക്കാട് പ്രകാശന വേളയില്‍ ശിവദാസ് എഴുതിയത്: ചാക്കാട് – പെയ്തൊഴിയുന്ന വാദ്യങ്ങൾ.” പറയഗോത്രത്തിലെ ഒരു കാരണവർ കാലം ചെയ്താൽ അനുഷ്ടിക്കുന്ന ഒന്നാണ് “ചാക്കാട്.” മരണം മുതൽ 12-ാം മാസം അടിയന്തിരം വരെ നീണ്ടു നിന്നിരുന്ന ഒരു ചടങ്ങാണ് “ചാക്കാട് ” . പിൽക്കാലത്ത് 41 അടിയന്തിരം വരെയും പിന്നീട് ചുരുങ്ങി 16 അടിയന്തിരം വരെയും ചടങ്ങുകൾ നടന്നിരുന്നു. 1986 ൽ ചൂണ്ടൽ ശ്രീ ചാത്തപ്പൻ ഗുരുനാഥൻ്റെ മരണത്തോടെയാണ് പൂർണ രൂപത്തിൽ കാണാനായത്. ഇക്കാലത്ത് അതും ചുരുങ്ങി 10ന് പറയ ചടങ്ങുകൾ പൂർണമായും ഒഴിവാക്കിയാണ് നടക്കുന്നത് കണ്ടു വരുന്നത്. എങ്കിലും അത്യപൂർവമായി കൊട്ടിയെടുക്കുക എന്ന ഒരു സംവിധാനവും പഴമനസ്സുകളിൽ പ്രകടമായിട്ടുണ്ട്.
അവസാനം കണ്ടത് ചൂണ്ടൽ ശ്രീ ദേവൻ അവർകളുടെ (എൻ്റെ അച്ഛൻ) മരണാനന്തര ചടങ്ങിൽ 2018ൽ അത് ഉണ്ടായിരുന്നു. മൃതശരീരം എടുക്കുമ്പോൾ മുതൽ അടിയന്തിരം വരെയാണ് “ചാക്കാട്”. ഈ അനുഷ്ടാനത്തിൽ കൊട്ട്, പാട്ട്, കളം വര തുടങ്ങിയ വിശേഷങ്ങൾ ഏറെയുണ്ട്. ഇതിൻ്റെ വിശദാംശങ്ങൾ ചൂണ്ടൽ ശ്രീവേലായുധൻ മാസ്റ്റർ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാക്കാട് കൊട്ട്:- മൃതശരീരം കുഴിയിലേക്ക് എടുക്കുമ്പോൾ ആണ് ചാക്കാട് കൊട്ട് ആദ്യമായി വായിക്കുക. പിന്നീട് അടിയന്തിരത്തിന് അടിയന്തിരം പിടിക്കുമ്പോൾ (തുടങ്ങുമ്പോൾ) മോന്തിച്ചാക്കാട് (മൂവന്തി ചാക്കാട്) പിന്നിട് പിറ്റേന്ന് പുലർച്ച മഞ്ഞച്ചാക്കാട് (മഞ്ഞു ചാക്കാട്) ഉച്ചയോടെ ഉച്ചക്കാടും കൊട്ടി, മാസം വെച്ചുപാടി കൊട്ടിക്കുളിയും കഴിഞ്ഞാണ് ചടങ്ങുകൾ അവസാനിക്കുന്നത്.
അടിയന്തിരംപിടിക്കുന്നതു മുതൽ അവസാനം വരെ (രാത്രിയും തുടരും) ചാക്കാട് പാട്ടും ഉണ്ട്. പാട്ടിൻ്റെ താളവും വാദ്യവും സങ്കീർണമല്ലാത്തതിനാൽ ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. ചാക്കാട് കൊട്ട് പുസ്തക രൂപത്തിലാക്കാനുള്ള സാങ്കേതിക പ്രയാസങ്ങൾ മൂലം ശബ്ദലേഖനമാക്കി പ്രസിദ്ധീകരിക്കുന്നു.
കലയും കാര്‍ഷിക സംസ്‌ക്കാരവും തൊഴിലാളി വര്‍ഗബോധവും സമന്വയിച്ച ശിവദാസിന്റെ കടന്നുപോക്ക് ഒരേ സമയം തൊഴിലാളി പ്രസ്ഥാനത്തിനും കലാലോകത്തിനും വലിയ നഷ്ടമാണ്.