A Unique Multilingual Media Platform

The AIDEM

Articles Kerala Society

നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികൾ…

  • August 19, 2024
  • 1 min read
നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികൾ…

“MD is not marriage and delivery…”

MBBS ഹൗസ് സർജൻസിക്ക് കല്യാണം കഴിഞ്ഞ്, പി.ജി രണ്ടാം കൊല്ലം ഗർഭിണി ആയിരുന്ന സമയത്ത് ക്ലാസ്സുകളിൽ മുഴങ്ങിയ അശരീരി.

ഒമ്പതാം ക്ലാസ്സിൽ തുടങ്ങിയ കല്ല്യാണാലോചനയുടെ ഹർഡിൽസ്; ഉയർന്ന മാർക്കിൻ്റെയും ആത്മഹത്യാഭീഷണിയുടെയും അകമ്പടിയോടെ വാപ്പാടെ കൈ പിടിച്ച് ചാടിയവൾക്ക് ഇത് ലേറ്റ് മാരേജും പ്രെഗ്നൻസിയുമാണെന്ന് മനസ്സിൽ മാത്രം ഉറക്കെ എല്ലാരും കേൾക്കെ പല വട്ടം പറഞ്ഞതാണ്.

രാവിലെ എട്ടുമണി മുതൽ രാത്രി എട്ടു മണിവരെ ഒന്നിരിക്കാൻ സമയമില്ലാത്ത ലേബർ റൂം ഡ്യൂട്ടിയിൽ ഗർഭിണികളെ നോക്കിയിരിക്കുന്നതിനിടയിൽ; എൻ്റെ വയറിലുള്ള ആദ്യത്തെ കൺമണി അവനെക്കൂടി നോക്കാൻ പറഞ്ഞ് അനങ്ങിക്കൊണ്ടിരുന്നു.

“ഇമ്മാക്ക് നിന്നെ ഇഷ്ടാണ് ട്ടോ…” വയറു തടവി പതുക്കെ മന്ത്രിച്ചു.

ചിലപ്പോഴൊക്കെ കൂടെ പി.ജി ചെയ്തിരുന്ന ആൺ ഡോക്ടർമാരോട് ഒരു ദേഷ്യവും അസൂയയും വന്നിരുന്നു. അവർക്ക് മെൻസസില്ല ഗർഭമില്ല കുട്ടികളെ നോക്കേണ്ട. 24 മണിക്കൂറും ഫ്രീയായി ആരോടും ഉത്തരം പറയാനില്ലാതെ നടക്കുമ്പോൾ എല്ലാ ടീച്ചേഴ്സിൻ്റെയും പെറ്റായി പോക്കറ്റിൽ… ഹോ! ഒരു പാൻ്റും ഷർട്ടുമിട്ട് മീശ വെച്ച് വന്നാൽ മതിയായിരുന്നു…

ഒന്ന് ഇരുന്നിട്ടില്ല.
അതാ അടുത്ത പേഷ്യൻ്റ്.
നീരു വീണ കാലിൽ, കൊള്ളാത്ത ചെരുപ്പ് കയ്യിൽ പിടിച്ച് രാത്രി ഏഴര മണിക്ക് ലേബർ റൂമിലേക്ക് തന്നെ തിരിച്ചു വരാനായി രാവിലെ ഒമ്പതു മണിക്ക് മെഡിക്കൽ കോളേജ് ജംഗ്ഷൻ്റെ റോഡ്സൈഡിലൂടെ ഒരു മോണിങ്ങ് വാക്ക്…

വയറിൽ തടവി നോക്കി…
അവൻ ഉറക്കത്തിലാണെന്നു തോന്നുന്നു…
പിന്നെയും മന്ത്രിച്ചു… “ഉമ്മാക്ക് ഇഷ്ട്ടാണ് ട്ടോ…”

ഇക്കഴിഞ്ഞ ഒരു ഒ.പിയിൽ രോഗിയെ പരിശോധിക്കുകയാണ്. ഫൈനൽ ഇയർ MBBS സ്റ്റുഡൻസിനെ പഠിപ്പിക്കുന്നുമുണ്ട്.
ഫോൺ റിങ്ങ് ചെയ്യുന്നു…
ഇതുവരെ കട്ട് ചെയ്ത ഫോൺ കോളുകൾ രണ്ട് – ഭർത്താവ്, ഉമ്മ.
അറ്റൻ്റ് ചെയ്ത കോളുകൾ ആറും ആസ്പത്രിയിൽ നിന്ന്… അതെന്നും അങ്ങനെയാണ്….

പക്ഷെ ഇത്…
‘മിഷാൽ ന്യൂ ഓസ്ട്രേലിയ…’
ഗ്ലൗ ഇട്ട കൈകൾക്ക് പകരം അടുത്ത് നിന്ന സ്റ്റുഡൻ്റിനോട് ഒരു കൈ സഹായാഭ്യർത്ഥന: “മോളെ ആ ഫോൺ ഒന്ന് എടുത്ത് എൻ്റെ ചെവിയിൽ വെക്കുമോ? എൻ്റെ മോനാണ്”

“എന്താ മോനേ? ആ ഉപ്പാനോട് വിളിക്കാൻ പറയാം. നിനക്ക് സുഖല്ലേടാ? സാരല്ല എല്ലാം ശരിയാകും.”

പത്തൊമ്പത് കൊല്ലം മുമ്പ് പി.ജി ചെയ്യുമ്പോൾ ശ്രദ്ധ കിട്ടാൻ എൻ്റെ വയറ്റിൽ കിടന്ന് ചവിട്ടിയവനാണ്. പാവം…

പ്രസവിച്ചു കിടക്കുന്ന സ്ത്രീകളുടെ വാർഡിലെ റൗണ്ട് സിനിടയിൽ കുട്ടികളുടെ കരച്ചിലിൽ ഞാനറിയാതെ ചുരന്ന് വന്ന പാൽ എൻ്റെ കുട്ടിയെ പലപ്പോഴും കുടിപ്പിക്കാൻ അന്ന് പറ്റിയിട്ടില്ല…

കുറ്റിയിടാൻ കഴിയാത്ത; ചോർന്ന് നിലത്ത് വെള്ളം നിറഞ്ഞ; ചെറിയ കാഷ്യാൽറ്റി ഡ്യൂട്ടി റൂമിൽ അവനും എൻ്റെ ഉമ്മയും നിലത്തിറങ്ങാതെ ചെറിയ കട്ടിലിൽ കിടന്ന് എന്നോടൊപ്പം ഡ്യൂട്ടിയെടുത്തു നേരം വെളുപ്പിച്ചതാണ്…

ചിലപ്പോഴൊക്കെ ദിവസത്തിൽ ഒരിക്കലെങ്കിലും ഹസ്ബൻ്റ് അവനെ ആസ്പത്രിയിൽ കൊണ്ടുവന്നാൽ; ഡ്യൂട്ടി റൂമില്ലാത്ത ഡ്യൂട്ടികളിൽ; വാർഡിൻ്റെ അറ്റത്തുള്ള ബെഞ്ചിലിരുന്ന് പാലൂട്ടിയതാണ്. ഒരു വയസ്സിൽ പനി കൂടി അപസ്മാരം വന്നപ്പോഴും, ശ്വാസം മുട്ടൽ വന്നപ്പോഴും കിട്ടാത്ത ലീവിനുള്ള ലീവ് ലെറ്ററുമായി ആസ്പത്രിയിൽ അലഞ്ഞു നടന്നതാണ്.

“എൻ്റെ ഉമ്മാനെ ചീത്ത പറയേണ്ട. ഉമ്മാൻ്റെ വാർഡിൽ നോക്ക് നല്ല തിരക്കാണ്.” എന്ന് എനിക്ക് വേണ്ടി എൻ്റെ മാതാപിതാക്കൾക്ക് അവൻ ക്ലാസ്സെടുക്കുമ്പോൾ അവന് വെറും ഒമ്പത് വയസ്സ്.

കോവിഡ് കാലത്തെ ഡ്യൂട്ടിയും ക്വാറൻ്റെയിനും ആഴ്ചകൾ നീണ്ടപ്പോൾ അവൻ അനിയനേയും, എന്നെ കാണാതെ കരഞ്ഞിരുന്ന അനിയത്തിയേയും അത്രയും നോക്കി വലിയ ഇക്ക ആയതാണ്…

അവൻ ഇപ്പോൾ അത്ര ദൂരേന്ന് വിളിക്കുമ്പോൾ ഞാൻ എങ്ങനെ ഫോൺ എടുക്കാതിരിക്കും.

“മോളെ, അടുത്ത പേഷ്യൻ്റിനെ വിളിക്ക്….”
ഒ.പിയിലെ പരിശോധനയും പഠിപ്പിക്കലും തുടരുന്നു…
“സീ, ഈ പേഷ്യൻ്റിന് രക്തക്കുറവുകൊണ്ട് ശ്വാസം മുട്ടുന്നുണ്ടല്ലോ. ഇവർക്ക് ബ്ലീഡിങ്ങ് ഒന്നുമില്ലല്ലോ. Chest നോക്കിയോ?”

അവൾ പേഷ്യൻ്റിൻ്റെ നെഞ്ചിൽ സ്റ്റെതസ്കോപ്പ് വച്ച് ശ്രദ്ധിച്ചു.

“ക്രെപ്സ് ഉണ്ട് മാം..”

“ഷീ മേ ബീ ഗോയിങ്ങ് ഫോർ കാർഡിയാക് ഫൈല്യർ… ഡോക്ടർ, ഇവരുടെ കൂടെ പ്പോയി ഇവരെ മെഡിസിൻകാരെ കൺസൾട്ട് ചെയ്യിക്കണം. ഒറ്റയ്ക്ക് വിട്ടാൽ ഇവർ ചിലപ്പോൾ നേരെ വീട്ടിലേക്ക് പോകും. ദാറ്റ് ഈസ് റിസ്കി.”

 

ഇപ്പോൾ ഹൗസ് സർജനായ എൻ്റെ സ്റ്റുഡൻറ്റ് സന്തോഷത്തോടെ ആ പണിയിൽ വ്യാപൃതയായി.

പന്ത്രണ്ട് മണിയായി. രോഗികളോടും സ്റ്റുഡൻസിനോടും സംസാരിച്ച് തൊണ്ട വരളുന്നുണ്ട്. ഓപ്പറേഷൻ തിയേറ്റിലേക്ക് വരുത്താറുള്ള പതിനൊന്നു മണിച്ചായ കഴിഞ്ഞിട്ടുണ്ടാകും.

“ഞാനൊന്ന് തൊണ്ട നനച്ചു വരട്ടെ ട്ടോ. അടുത്ത രോഗിയുടെ മുഖത്ത് ഒരു മ്ലാനത. അവരും ചായ കുടിച്ചിട്ടില്ലായിരിക്കാം.
“അഞ്ചു മിനുട്ടിൽ വരാം. ട്ടോ.”
“ഈ ചായ ഇനി ഫ്രിഡ്ജിൽ വെച്ച് കഴിക്കുകയാണ് നല്ലത് ല്ലേ?” അടുത്ത സർജറിക്ക് കേറുന്നതിന് മുമ്പ് രണ്ട് സിപ്പ് ചായ കുടിക്കാൻ വന്ന സിസ്റ്ററോട് ഒന്ന് തമാശിച്ച് വെള്ളത്തിന് പകരം രണ്ടിറുക്ക് കുടിച്ച് വീണ്ടും ഒ.പിയിലേക്ക്…

വള്ളിയമ്മ വന്നിട്ടുണ്ട്. ഓപ്പറേഷൻ കഴിഞ്ഞ് നാലഞ്ചു കൊല്ലമായി. വെറുതെ ഇടയ്ക്കിടെ വരണം. എല്ലാരെയും കാണണം. ഇന്ന് വരുന്നുണ്ട് ന്നും വയറിൻ്റെ ഒരു “കേനിംഗ്” വെറുതെ ഒന്ന് എടുക്കണംന്നും എന്നോട് ഇന്നലെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതാണ്. ഇന്ന് പഴയ ഒരു കടലാസും കൊണ്ട് വന്നിട്ടില്ല.
“ഡാക്കിട്ടറെ നിങ്ങളെയൊക്കെ കണ്ടപ്പോൾ സന്തോഷായി. ഒരു കൊല്ലായില്ലേ ഓപ്പറേഷൻ കഴിഞ്ഞിട്ട്?”

“ഇല്ലമ്മാ നാലു കൊല്ലായിട്ടുണ്ടാകും. അന്ന് നിങ്ങൾ പൈസ കൊടുത്ത് സഹായത്തിനു കൊണ്ടു വന്ന ആൾ നിങ്ങളെ നോക്കാതെ പിന്നെ കോവിഡും തന്നിട്ടല്ലേ പോയത്?”

വള്ളിയമ്മ പറയാതെ തന്നെ അവരുടെ ഓപ്പറേഷൻ്റെ വിവരവും, ഷുഗറിൻ്റെ വിവരവും, പിത്തസഞ്ചിയിലെ കല്ലിൻ്റെ വിവരവും, ഇടയ്ക്കിടെ വരുന്ന മൂത്രപ്പഴുപ്പിൻ്റെ വിവരവും; ഞാൻ ഒപി ടിക്കറ്റിലെഴുതി. സ്റ്റുഡൻസ് എന്നെ നോക്കുന്നുണ്ട്.

“വീട്ടിലുള്ള കാര്യങ്ങൾ മറന്നാലും, ഭക്ഷണം കഴിക്കാൻ മറന്നാലും, നമ്മളുടെ പേഷ്യൻ്റ്സിൻ്റെ കാര്യങ്ങളും ചികിത്സകളും നിങ്ങൾ മറക്കരുത്. ”

“ഡോട്ടറെ ഞാൻ ഇനിയും വരും ട്ടോളിൻ. എനിക്ക് ആരും ഇല്ലേയ്.”
വള്ളിയമ്മ എൻ്റെ കൈ പിടിച്ചു. ഡോക്ടർ സ്വപ്ന അതിലെ വന്നപ്പോൾ സ്വപ്നയുടെയും സുഖവിവരങ്ങൾ അന്വേഷിച്ചു..

രോഗിയെ മെഡിക്കൽ വിഭാഗത്തിലേക്ക് കൊണ്ടുപോയ ഹൗസ് സർജൻ തിരിച്ചെത്തി.

ഒ.പി കഴിഞ്ഞപ്പോൾ ഞാൻ എല്ലാവരുടെയും മുന്നിൽ നിന്ന് അവളോട് ചോദിച്ചു.

“Don’t you feel happy and content today? നിങ്ങൾ ചെയ്ത കാര്യങ്ങളിൽ നിങ്ങൾക്ക് ഇപ്പോൾ ഒരു സന്തോഷം തോന്നുന്നില്ലേ ? അതാണ് നമ്മുടെ സമ്പാദ്യം. ലക്ഷങ്ങളേക്കാൾ വില മതിക്കുന്നത്. ലക്ഷങ്ങൾ കൊടുത്താലും കിട്ടാത്തത്. ഈയിടെയായി, നിങ്ങൾ ഡോക്ടർമാർക്കെതിരെ ആക്രമങ്ങൾ നടക്കുന്ന ഒരുപാട് വാർത്തകൾ കേട്ടിട്ടുണ്ടെങ്കിലും വിഷമിച്ചിട്ടുണ്ടെങ്കിലും ഒന്ന് മനസ്സിലാക്കുക, നമ്മുടെ ജോലി വളരെ നല്ലതാണ്. You have chosen a noble profession… try to enjoy it “. അവൾക്ക് സന്തോഷമായി.

ജോലിയുടെ മഹത്വം പറഞ്ഞ് ഒരു ദിവസം പോലും കഴിഞ്ഞില്ല…..
ഡ്യൂട്ടിക്കിടയിൽ; അതും ഞാൻ ഇതുവരെ ഏറ്റവും സുരക്ഷിതം എന്നു വിചാരിച്ചിരുന്ന ആശുപത്രി ഡ്യൂട്ടി റൂമിൽ പിച്ചിച്ചീന്തപ്പെട്ട രക്തക്കറപുരണ്ട ആ കൊച്ചു ഡോക്ടറുടെ വാർത്തകളിൽ; ഉറക്കം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.

കൽക്കത്തയിലെ ആശുപത്രിയിൽ ഡ്യൂട്ടിക്കിടയിൽ ക്രൂരപീഡനത്തിനിരയായി മരണപ്പെട്ട പിജി ഡോക്ടർക്ക് ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത സുരക്ഷയ്ക്ക് പകരമായി മരണശേഷമെങ്കിലും നീതി ഉറപ്പാക്കാനായി; രാവിലെ ഗവ. മാതൃശിശു ആസ്പത്രിയുടെ ഒ.പി യുടെ മുന്നിൽ നിരന്നു നിന്ന ഡോക്ടർമാർ നേഴ്സുമാർ അറ്റൻഡർമാർ സ്വീപ്പർമാർ സെക്യൂരിറ്റി സ്റ്റാഫ് എന്നിവരിൽ ഭൂരിഭാഗവും സ്ത്രീകൾ……
രോഗത്തിന് സമയവും കാലവും പൊതു അവധിയും ഹർത്താലും ഇല്ലാത്തതു കൊണ്ട്; രാവും പകലുമെന്നില്ലാതെ ഒരു കെട്ടിടം ആതുരരുടെ ആലയമാക്കിമാറ്റുന്ന ഒരു പറ്റം മനുഷ്യർ…

അതിലൊരാളായി ഞാൻ സംസാരിച്ചു തുടങ്ങി…
“ഇത് പോലുള്ള ആസ്പത്രികളുടെ മുന്നിൽ ചെറുപ്പത്തിൽ ക്യൂ നിന്നവരാണ് ഞങ്ങളിൽ പലരും… ഞങ്ങളുടെ കുടുംബങ്ങളും… ഒരു സ്ത്രീ ഇത്ര ഉറക്കെ സംസാരിക്കാൻ എത്ര കടമ്പകൾ താണ്ടിയിരിക്കണം എന്നത് ഇവിടെ എൻ്റെ കൂടെ നിൽക്കുന്ന ഈ ആശുപത്രിയിൽ പണിയെടുക്കുന്ന ഓരോ സ്ത്രീക്കും അറിയാം.
ജോലിസ്ഥലത്തെ സുരക്ഷിതത്വം ആവശ്യപ്പെടുന്ന ഞങ്ങളോട് നിങ്ങൾക്ക് ചോദിക്കാൻ പല ചോദ്യങ്ങൾ ഉണ്ടാകും എന്നറിയാം…


നിങ്ങൾ ഈ ജോലി തിരഞ്ഞെടുത്തിട്ടല്ലേ????
അതെ, അതുകൊണ്ടാണല്ലോ നിങ്ങൾ ഈ ആസ്പത്രിയിൽ ചികിത്സയ്ക്ക് വന്നിരിക്കുന്നത്!!!!!!

നിങ്ങൾ അസമയത്ത് എന്തിന് ഒറ്റയ്ക്ക് നടക്കുന്നു???

ഇത് ആസ്പത്രിയാണ്. രോഗത്തിന് സമയമില്ലാത്തതു പോലെ ഞങ്ങളുടെ ഡ്യൂട്ടിക്കും യാത്രകൾക്കും സമയം ബാധകമല്ല!!!!!!

നിങ്ങൾക്ക് അതിനല്ലേ പൈസ കിട്ടുന്നത് ???? എന്നു ചോദിച്ചാൽ ഒന്നേ പറയാനുള്ളൂ……

ആ പൈസയ്ക്ക് തരാൻ കഴിയാത്ത പലതും ത്യജിച്ചിട്ടു തന്നെയാണ് ഇഷ്ടത്തോടെ ഞങ്ങൾ ഈ ജോലി തുടരുന്നത്…..

പിന്നെ ആറടി മണ്ണിലേക്കാണ് എല്ലാരും എന്ന് അനുഭവത്തിലൂടെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയവരും ഞങ്ങളാണ്……

അതെ, ഞങ്ങളും മനുഷ്യരാണ്…
പെണ്ണാണ്….
പെങ്ങളാണ്…
മകളാണ്…..
ഭാര്യയാണ്….
അമ്മയാണ്…..
അതുകൊണ്ട് നിങ്ങളുടെ ജീവൻ നിലനിർത്താനായെങ്കിലും, ഞങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഈ പോരാട്ടത്തിൽ ഞങ്ങളുടെ കൂടെ നിൽക്കുക…. നന്ദി… നമസ്കാരം…”

കാജൽ ഡോക്ടർ മുദ്രാവാക്യം ചൊല്ലുമ്പോൾ തൊണ്ട ഇടറുന്നുണ്ട്…

“സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുക…”

ഏറ്റു ചൊല്ലുന്ന എൻ്റെ ഹൗസ് സർജൻ കുട്ടിയുടെ കണ്ണു നനയുന്നുണ്ട്… ഞാൻ അവളുടെ കൈ ഇറുക്കിപ്പിടിച്ചു.
ജോലിയുടെ മഹത്വം അവളെ പഠിപ്പിക്കാൻ ഇന്ന് എനിക്ക് വാക്കുകൾ കിട്ടുന്നില്ല… ഇനി കിട്ടുമോ എന്നും അറിയില്ല…


വീഡിയോ കാണാം, ഇവിടെ

About Author

ഡോ. രേഷ്മ സാജൻ

പാലക്കാട് മെഡിക്കൽ കോളേജ് ഗൈനക്കോളജി ഡിപ്പാർട്മെൻ്റിൽ അഡീഷണൽ പ്രൊഫസർ.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
sajan karayil
sajan karayil
3 months ago

അമ്മേ ഞങ്ങൾ പോകുന്നു .
കണ്ടില്ലങ്കിൽ കരയരുതേ

പണ്ട് സഘർഷ ഭരിതമായ സമരമുഖങ്ങളിൽ ഉയർന്ന് കേട്ട മുദ്രാവാക്യമാണ്
ഇന്ന്
വഡൂട്ടിക്ക് പോകുമ്പോൾ മനസ്സിൽ ഉയരുന്ന പ്രാർത്ഥനയും

Nazeera Banu M I
Nazeera Banu M I
3 months ago
Reply to  sajan karayil

100 %