പി ജയചന്ദ്രൻ – കേവലമർത്ത്യനാദം എനത് വാനം നീ, ഇഴന്ത സിറകും നീ…
ഓർമ്മവച്ചതുമുതൽ ജീവൻ്റെ ജീവനായി, ജീവിതത്തിൻ്റെ പശ്ചാത്തലമായി ഒഴുകിയ ശബ്ദം. 50-55 വർഷം മുൻപ് ഇരിഞ്ഞാലക്കുട ഉൽസവത്തിന് നനഞ്ഞ പുൽമൈതാനത്തിലിരുന്ന് കേട്ട ആ നാദം പ്രാർത്ഥനയായി, പ്രണയമായി, പിണക്കമായി,വേദനയായി, ശൃംഗാരമായി കൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. പിന്നീട് 2010ൽ മലബാർ മഹോൽസവത്തിനും, 2015ൽ ബാബുരാജ് അനുസ്മരണവേദിയിലും 2022ൽ രാഘവൻ മാസ്റ്റർ പുരസ്കാരസമർപ്പണവേളയിലും കേട്ടപ്പോഴും ആ നാദമധുരത്തിന് കുറവൊന്നും വന്നിട്ടില്ല. എന്തിന് കോവിഡ് കാലത്ത് അദ്ദേഹം പക്കമേളത്തോടെ പാടി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നമ്മിലേക്കെത്തിയ കർണ്ണാടകസംഗീത കീർത്തനങ്ങൾ എന്താശ്വാസകരമായിരുന്നു മനസ്സിന്!
1966-2024 കാലഘട്ടത്തിൽ 1231 സിനിമാപ്പാട്ടുകളും 1693 സിനിമേതരഗാനങ്ങളും മലയാളത്തിൽ പാടിയിരിക്കുന്നതായി ഡിജിറ്റൽ രേഖകൾ പറയുന്നു. അതിനുപുറമെ നൂറുകണക്കിന് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ വിവിധ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.
ദേവരാജൻ, കെ രാഘവൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, അർജ്ജുനൻ, എം എസ് വിശ്വനാഥൻ, എം ബി എസ്, സലിൽചൗധരി, പുകഴേന്തി, ആർ കെ ശേഖർ, ചിദംബരനാഥ്, കാനുഘോഷ് എന്നീ ആദ്യകാല സംഗീതസംവിധായകർക്ക് വേണ്ടിയും പിന്നീട് വന്ന ശ്യാം, കെ ജെ ജോയ്, ജോൺസൺ, ഔസേപ്പച്ചൻ, ശങ്കർ ഗണേഷ്, ജെറി അമൽദേവ്, ഇളയരാജ എന്നിവർക്കൊപ്പവും അതിനു ശേഷം വന്ന, റഹ്മാൻ, രവീന്ദ്രൻ, മോഹൻ സിത്താര, വിദ്യാസാഗർ, ദീപക്ദേവ്, അൽഫോൺസ്, എം ജയചന്ദ്രൻ, അലക്സ് പോൾ, ബിജിബാൽ, രമേഷ് നാരായൺ, ഗോപിസുന്ദർ എന്നിവരോടൊത്തും ജയചന്ദ്രൻ ഗാനങ്ങളാലപിച്ചിട്ടുണ്ട്. എല്ലാ ഭാവങ്ങളിലുമുള്ള പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട് എങ്കിലും പ്രണയമായിരുന്നു ആ ശബ്ദത്തിൻ്റെ ഒരു സഹജഭാവം.
പി സുശീലയുടെ വലിയൊരാരാധകനായിരുന്നു ജയചന്ദ്രൻ. രണ്ടുപേരും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ടായിരുന്നു. രണ്ടുപേരുടെ ശബ്ദത്തിലും സഹജമായി ഭാവവും ലയവും അലിഞ്ഞുചേർന്നിരുന്നു. ഏതു ശ്രുതിയിലും ഏതു സ്ഥായിയിലും അവരിരുവരുടേയും ശബ്ദം നേർത്തുപോകാതെ, ഒരേ കേൾവിസുഖം തന്നു. പ്രണയഭാവം അതിൻ്റെ എല്ലാ താരള്യത്തോടും താരുണ്യത്തോടും ലാവണ്യത്തോടും കൂടി ജയചന്ദ്രൻ്റെ പാട്ടിൽ പ്രകാശിച്ചു നിന്നു.
ചിലപ്പോൾ ഒരു ഇറക്കമിറങ്ങി വരുന്ന പോലെ, ചിലപ്പോൾ ഒരു കാറ്റ് തലോടുന്നതു പോലെ ഓരോ പാട്ടിൻ്റേയും വളവിലും നുണുക്കുകളിലും അദ്ദേഹം മാധുര്യം നിറച്ചു. മല്ലികാബാണൻ തൻ്റെ എന്ന പാട്ടിൽ മാറിലോ നിൻ്റെ മനസ്സിലോ മധുരമധുരമൊരു വേദന എന്നതിലെ വേദന എന്ന ഭാഗത്തിന് ജയചന്ദ്രൻ കൊടുത്തിരിക്കുന്ന ഭാവം അദ്വിതീയമാണ്. അത് ദേവരാജൻ്റെ സംഗീതസംവിധാനത്തിൻ്റെ മികവായി ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട് ജയചന്ദ്രൻ. തമിഴിലുള്ള ഒരു ദൈവം തന്ത പൂവേ എന്ന പാട്ടിൽ കാറ്റ്ര പോല നീ വന്തായേ സ്വാസമാക നീ നിൻട്രായേ മാർബിലൂറുംമുയിരേ എന്നും എനത് വാനം നീ, ഇഴന്ത സിറകും നീ നാൻ തൂക്കി വളർത്ത തുയരം നീ എന്നും പാടുമ്പോൾ താഴേക്കൊരു ഇഴുകലുണ്ട്, ജയചന്ദ്രനു മാത്രം സാധിക്കുന്ന ഒരു മ്യൂസിക്കൽഗ്ലൈഡ്.
മഞ്ഞലയിൽ മുങ്ങിത്തോർത്തി, ഇന്ദുമുഖീ, നുണക്കുഴിക്കവിളിൽ,മധുചന്ദ്രികയുടെ, പൂവും പ്രസാദവും,കാമശാസ്ത്രമെഴുതിയ, ഇഷ്ടപ്രാണേശ്വരി, മാനത്തുകണ്ണികൾ, സ്വർണ്ണമുഖീ നിൻ, കല്ലോലിനീ,മലയാളഭാഷ തൻ, മധുചന്ദ്രികയുടെ, ഹൃദയേശ്വരീ, പവിഴമല്ലി നിൻ്റെ, രൂപവതി നിൻ തുടങ്ങീ നിരവധി സോളോകളും സീതാദേവി സ്വയംവരം ചെയ്തൊരു, മല്ലികാബാണൻ തൻ്റെ, തൊട്ടേനേ ഞാൻ എന്നിങ്ങനെ യുഗ്മഗാനങ്ങളും പി ദേവരാജൻ്റെ സംഗീതത്തിൽ ആലപിച്ചു.
മധുചന്ദ്രികയുടെ എന്ന പാട്ടിൽ ബിജിഎം ഇല്ലാതെ ഞാൻ നിന്നെ പ്രേമിക്കുന്നു, സ്നേഹിക്കുന്നു എന്നുള്ള പോലെ പാട്ടിനിടയ്ക്കുള്ള വർത്തമാനങ്ങൾ പ്രേമാർദ്രങ്ങളാണ്. ജയചന്ദ്രൻ നിശാവേളകളിലെ പാട്ടുകൾ പാടുമ്പോഴുള്ള ചാരുത ഒന്നു വേറെത്തന്നെയാണ്. ഹൃദയേശ്വരി നിൻ നെടുവീർപ്പിൽ ഞാനൊരു മധുരസംഗീതം കേട്ടു എന്ന്, എനിക്കുള്ളതാം പത്മരാഗം എന്നൊക്കെ പറയുന്നത് ഉറങ്ങുന്ന പ്രണയിനിയെ ഓമനിക്കുംവിധമാണ്. ജയദേവകവിയുടെ ഗീതികൾ കേട്ടെൻ്റെ രാധേ ഉറക്കമായോ എന്ന പാട്ടിൽ ഈ നിശാവേളയിൽ നിൻ്റെ കനവൊരു വേണുഗാനത്തിലലിഞ്ഞോ എന്ന് ചോദിക്കുന്നത്, പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ എന്നതിലെ ആദ്യരാത്രിയിലെ മന്ത്രസ്വരം എന്നീ ധാരാളം ഉദാഹരണങ്ങളുണ്ട്.
ആരോടൊത്തു പാടിയാലും അതീവസുന്ദരങ്ങളാണ് യുഗ്മഗാനങ്ങൾ. മുല്ലമലർത്തേൻ കിണ്ണം എന്ന് പി ലീലയുടെ കൂടെ, വജ്രകുണ്ഡലം മണിക്കാതിലണിയും എന്ന് ബി വസന്തയുടെ കൂടെ, ശരദിന്ദുമലർദീപനാളം നീട്ടി എന്ന് സെൽമയുടെ കൂടെ മകരം പോയിട്ടും, സീതാദേവി സ്വയംവരം ചെയ്തൊരു, മണിവർണ്ണനില്ലാത്ത വൃന്ദാവനം, വിലാസലോലുപയായി എന്ന് പി സുശീലയുടെ കൂടെ, യദുകുലദേവനെവിടെ, മലരമ്പനറിഞ്ഞില്ല, ഓരോ നിമിഷവും, മൗനം പോലും മധുരം എന്നീ ഗാനങ്ങൾ എസ് ജാനകിയുടെ കൂടെ, മല്ലികാബാണൻ തൻ്റെ, പുത്തരി കൊയ്തപ്പോൾ, വാർമേഘവർണ്ണൻ്റെ, തൊട്ടേനേ ഞാൻ, ശിൽപ്പികൾ നമ്മൾ എന്ന് മാധുരിയുടെ കൂടെ, സ്വപ്നഹാരമണിഞ്ഞെത്തും, ഓലഞ്ഞാലിക്കുരുവി, പെയ്തലിഞ്ഞ നിമിഷം എന്ന് വാണി ജയറാമിൻ്റെ കൂടെ, വട്ടയിലപ്പന്തലിട്ടു, നീ മണിമുകിലാടകൾ, അറിയാതെ അറിയാതെ, പൂവേ പൂവേ പാലപ്പൂവേ എന്ന് ചിത്രയുടെ കൂടെ, സ്വയംവരചന്ദ്രികേ, കല്ലായിക്കടവത്തെ, മറന്നിട്ടുമെന്തിനോ എന്ന് സുജാതയുടെ കൂടെ, മലർവാകക്കൊമ്പത്ത് എന്ന് രാജലക്ഷ്മിയുടെ കൂടെ, പ്രേമിക്കുമ്പോൾ എന്ന് നേഹ എസ് നായരുടെ കൂടെ അങ്ങിനെ മൂന്നു തലമുറയിൽപ്പെട്ട ഗായികമാരുടെ കൂടെയും ആറരപ്പതിറ്റാണ്ടുകളായി പ്രണയാർദ്രത നഷ്ടപ്പെടാതെ പാടുവാൻ ജയചന്ദ്രനല്ലാതെ നമുക്കാരുണ്ട്?
ജയചന്ദ്രൻ എന്ന ഗായകനെപ്പറ്റിപ്പറയാൻ യേശുദാസ് എന്ന ഗായകനെ പരാമർശിക്കേണ്ടതില്ല. എന്നാൽ മലയാളചലച്ചിത്രഗാനരംഗത്ത് ഒരേ സമയം ജ്വലിച്ചുനിന്ന ഇരട്ടനക്ഷത്രങ്ങൾ എന്ന നിലയ്ക്ക് പലപ്പോഴും ഒരു താരതമ്യം വന്നുപോകും. സിദ്ധിയും സാധനയും കൊണ്ട് യേശുദാസ് തൻ്റെ ആലാപനത്തെ കൂടുതൽ കൂടുതൽ ദൈവികമാക്കിയപ്പോൾ, സ്വതസിദ്ധമായ കഴിവു കൊണ്ട് ജയചന്ദ്രൻ സംഗീതത്തെ നേരിട്ട് മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് ഒഴുക്കിവിട്ടു. എം എസ് വിശ്വനാഥൻ്റെ സംഗീതത്തിൽ മധുമാസം ഭൂമി തൻ എന്ന പാട്ടും ദക്ഷിണാമൂർത്തിക്കു വേണ്ടി സൗഗന്ധികങ്ങളേ വിടരുവിൻ എന്ന പാട്ടും യേശുദാസും ജയചന്ദ്രനും ഒന്ന് മറ്റേതിനെക്കാൾ മെച്ചം എന്ന് പറയാനാവാത്തവിധം തങ്ങളുടേതായ അനന്യമായ ശൈലിയിൽ ആലപിച്ചിട്ടുണ്ട്. രണ്ടുപേരും കൂടി ആലപിച്ച ഇവിടമാണീശ്വര സന്നിധാനം, പൊന്നിൻ കട്ടയാണെന്നാലും തുടങ്ങീ രണ്ടുപേരും കട്ടയ്ക്ക് നിൽക്കുന്ന കുറേയേറെ പാട്ടുകളുണ്ട്.
അരുമയായ തമിഴ്ഭാഷയുടെ ഒഴുക്കിന് ഇണങ്ങുന്നതായിരുന്നു ജയചന്ദ്രൻ്റെ ശബ്ദവും ആലാപനവും. തമിഴ്‌നാട്ടിൽ അദ്ദേഹത്തിന് ഒരുപാട് ആരാധകർ ഉണ്ട്. പൊന്നെന്ന പൂവെന്ന, നീരിൽ ഒരു താമരൈ (എം എസ് വിശ്വനാഥൻ), കടവുൾ വാഴും കോവിലിലെ (ടി രാജേന്ദർ), കാത്തിരുന്ത് കാത്തിരുന്ത്, രാസാത്തി ഉന്നൈ, ഇൻട്രയ്ക്ക് ഏനിന്ത ആനന്ദമോ (ഇളയരാജ), കാറ്റാഴും കാട്ടുവഴി, എന്മേൽ വിഴുന്ത മഴൈതുളിയേ, കന്നത്തിൽ മുത്തമിട്ടാൽ (റഹ്മാൻ), എങ്കെങ്കും അവൾ മുഖം (കെ വി മഹാദേവൻ) തുടങ്ങീ എത്രയോ ജനപ്രിയഗാനങ്ങൾ തമിഴിലും അദ്ദേഹം ആലപിച്ചിട്ടുണ്ട്.
ജയചന്ദ്രൻ ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ക്ലാസിക്കൽ രീതിയിലുള്ള പാട്ടുകൾ സിനിമയ്ക്ക് വേണ്ടി പാടിയിട്ടുണ്ട്. ബന്ധനം എന്ന സിനിമയ്ക്ക് വേണ്ടി പാടിയ, സംസ്ഥാന അവാർഡ് ലഭിച്ച രാഗം ശ്രീരാഗം ശ്രീ, ഹംസധ്വനി, മലയമാരുതം, വസന്ത എന്നീ രാഗങ്ങളിലുള്ള രാഗമാലികയാണ്. ശ്രുതിമണ്ഡലം, വാർമേഘവർണ്ണൻ്റെ മാറിൽ,മഞ്ഞലയിൽ മുങ്ങിത്തോർത്തി, ഉപാസന ഉപാസന (മോഹനം), ആയിരം തലയുള്ള ആദിശേഷരേ, കല്യാണി അമൃതതരംഗിണി, പാവനമധുരാനിലയേ, കർപ്പൂരദീപത്തിൻ (കല്യാണി), സ്വർണ്ണഗോപുര, ജഗദീശ്വരി ജയജഗദീശ്വരി, നാരായണം ഭജേ (സിന്ധുഭൈരവി) എന്നീ നിരവധി രാഗങ്ങളിലുള്ള ലഘുശാസ്ത്രീയഗാനങ്ങളുണ്ട്. ലിസ്റ്റ് അപൂർണ്ണമാണ്.
ഏതു വികാരവും ആ ശബ്ദത്തിൽ സ്വാഭാവികമായി ആവിഷ്ക്കരിക്കപ്പെട്ടു. ശോകഗാനങ്ങളിൽ മനസ്സിനെ ഏറ്റവും തീവ്രമായി വന്നു തൊടുന്നവയിൽ ചിലതാണ് ബിന്ദു ബിന്ദു ഒതുങ്ങിനിൽപ്പൂ നിന്നിലൊരുൽക്കടശോകത്തിൻ സിന്ധു എന്ന പി ജെ ആൻ്റണി രചിച്ച പാട്ട്, എല്ലാമോർമ്മകൾ, ഇതളൂർന്നു വീണ, കണ്ണുനട്ട് കാത്തിരുന്നുട്ടും, വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ എന്നിവയൊക്കെ. ചിലതിൽ ഒരു ദാർശനികഭാവവും മിന്നും.
അല്ലിയാമ്പൽപ്പൂവുകളേ (ദേവരാജൻ), അശ്വതീനക്ഷത്രമേ, കളിയും ചിരിയും മാറി (ദക്ഷിണാമൂർത്തി) നിൻ പദങ്ങളിൽ (കാനുഘോഷ്), ഹാ സംഗീതമധുരനാദം (ശ്യാം), വന്നാട്ടെ ഓ മൈ ഡിയർ (എം എസ് വി) എന്നീ പാശ്ചാത്യശൈലി കലർന്ന ചടുലഗാനങ്ങൾ ജയചന്ദ്രൻ്റെ ആലാപനത്തിൽ കൂടുതൽ താളാത്മകങ്ങളായി.
പെൺകൂട്ടുകാർ കളിയാക്കുകയും പ്രേമത്തെ പരിഹസിക്കുകയും ചെയ്യുന്ന ഗാനങ്ങൾ മലയാളസിനിമയിലിഷ്ടം പോലെയുണ്ട്. എന്നാൽ തോഴന്മാർ നായകൻ്റെ പ്രേമത്തെ ഹാസ്യരൂപേണ കളിയാക്കുന്ന ഒരു ഗാനമേയുള്ളൂ. പി ഭാസ്കരനും ബാബുരാജും ചേർന്നൊരുക്കി ജയചന്ദ്രൻ ആലപിച്ച കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ട് കൂട്ടുകാരിന്നെന്നെ കളിയാക്കി എന്ന ഗാനം. അതിന് ഗായകൻ കൊടുത്തിരിക്കുന്ന കുറുമ്പുഭാവവും ചമ്മലും ഒന്ന് വേറെത്തന്നെയാണ്.
അനുരാഗഗാനം പോലെ, ഇനിയും പുഴയൊഴുകും, അമ്മയല്ലാതൊരു ദൈവമുണ്ടോ, മന്മഥനാം ചിത്രകാരൻ,മധു പകർന്ന ചുണ്ടുകളിൽ, വാസന്തസദനത്തിൽ, മുല്ലമലർത്തേൻ കിണ്ണം, ഇനിയും പുഴയൊഴുകും. തുടങ്ങിയ ഗാനങ്ങൾ ബാബുരാജിൻ്റെ സംഗീതത്തിൽ പിറന്നവയാണ്. ബാബുരാജിൻ്റെ കൂടെ മലബാറിലെ കല്യാണ വേദികളിൽ പാടിനടക്കാറുള്ള കാലവും അദ്ദേഹത്തിൻ്റെ അച്ഛന് ബാബുരാജിനെ, വിശേഷിച്ച് അദ്ദേഹത്തിൻ്റെ സിന്ധുഭൈരവി ഏറെ പ്രിയമായിരുന്നുവെന്നതും ഒക്കെ ജയചന്ദ്രൻ സംഭാഷണങ്ങളിൽ ഓർത്തെടുക്കാറുണ്ട്.
പൂർണ്ണേന്ദുമുഖി, ഏകാന്തപഥികൻ ഞാൻ, നീലമലപ്പൂങ്കുയിലേ തുടങ്ങിയ പാട്ടുകൾ കെ രാഘവനു വേണ്ടി, കളിയും ചിരിയും മാറി, സന്ധ്യക്കെന്തിനു സിന്ദൂരം, തുള്ളിത്തുള്ളി നടക്കുന്ന, തുറുപ്പുഗുലാൻ എന്നിവ ദക്ഷിണാമൂർത്തിക്കു വേണ്ടി, അറബിക്കടലിളകി, കിലുക്കാതെ, മലരമ്പനെഴുതിയ, സുപ്രഭാതം, കാറ്റുമൊഴുക്കും, ഇവിടമാണീശ്വര, പദ്മതീർഥക്കരയിൽ എന്നിവ എം എസ് വിക്കു വേണ്ടി, മണിവർണ്ണനില്ലാത്ത വൃന്ദാവനം എന്നിവ ആർ കെ ശേഖറിനു വേണ്ടി, മുത്തുകിലുങ്ങി, നക്ഷത്രമണ്ഡലനട,എന്നിവ അർജ്ജുനനു വേണ്ടി, ഹാ സംഗീതമധുരനാദം, അമ്പിളി മണവാട്ടി, കറുത്ത തോണിക്കാരാ എന്നീ ഗാനങ്ങൾ ശ്യാമിനു വേണ്ടി, നിശാസുരഭികൾ എന്നീ ഗാനങ്ങൾ സലിൽ ചൗധരിക്കായി, മഴ പെയ്തു പെയ്തു എന്ന ഗാനം കെ ജെ ജോയ്ക്കു വേണ്ടി, ശരദിന്ദു എം ബി എസിനു വേണ്ടി, ഇനിയുമേതു തീരം, എല്ലാം ഓർമ്മകൾ എന്നിവ ജെറി അമൽദേവിനു വേണ്ടി, പൂ വിരിഞ്ഞില്ല, പിന്നെയുമിണക്കുയിൽ എന്നിവ എ ടി ഉമ്മറിനു വേണ്ടി, ആലിലത്താലിയുമായ് രവീന്ദ്രനു വേണ്ടി, കല്ലായിക്കടവത്തെ എം ജയചന്ദ്രനു വേണ്ടി, കേരനിരകളാടും അൽഫോൺസിനു വേണ്ടി, ആഴക്കടലിൻ്റെ, എന്തേ ഇന്നും വന്നില്ല, ആരാരും കാണാതെ എന്നിവ വിദ്യാസാഗറിനു വേണ്ടി, തങ്കമനസ്സ്, ഇതളൂർന്നുവീണ എന്നിവ മോഹൻ സിത്താരയുടെ സംഗീതത്തിൽ, പ്രേമിക്കുമ്പോൾ, എൻ്റെ ജനലരികിൽ എന്നിവ ബിജിബാലിൻ്റെ സംഗീതത്തിൽ, പെയ്തലിഞ്ഞ നിമിഷം എന്ന ഗാനം ഗോപീസുന്ദറിനായി, പൊടിമീശ മുളച്ചൊരു ഗാനം ആനന്ദ് മധുസൂദനൻ്റെ സംഗീതത്തിൽ അങ്ങിനെ നീളുന്നു ജയചന്ദ്രൻ ഹിറ്റുകളുടെ പൂർണ്ണമല്ലാത്ത പട്ടിക.
ജയചന്ദ്രൻ്റെ സിനിമേതരഗാനങ്ങളിൽ പലതും ഏറെ ജനപ്രിയങ്ങളാണ്. ആകാശവാണി-ദൂരദർശൻ കാലത്തെ ജയദേവകവിയുടെ, ഒന്നിനി തിരി താഴ്ത്തി പാടുക, സ്മൃതി തൻ ചിറകിലേറി, എന്തെൻ്റെ മാവേലി, ഹരിതതീരം എന്നീ ഗാനങ്ങൾ, മണ്ഡലമാസപ്പുലരികൾ (1976), അടി തൊട്ടു മുടിയോളം (1976), മനസ്സിനെ മാംസത്തിൽ നിന്നു, ശ്രീ വാഴും, ശങ്കരധ്യാനപ്രകാരം, കൈലാസവാസ, കൂടും പിണികളേ,പാറമേക്കാവിൽ കുടികൊള്ളും, വിഘ്നേശ്വരാ ജന്മ, ശ്രീ വടക്കുനാഥാ, തിരുമാന്ധാംകുന്നിലമ്മേ, കാടാമ്പുഴ തീർത്ഥമാടാൻ, അമ്മേ മൂകാംബികേ, ഗുരുവായൂരമ്പലം, ഇരിങ്ങാലക്കുടയിലെ തുടങ്ങിയ ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ, ജയജയജയ കോമളധരണി (ബോധേശ്വരൻ) – ദേവരാജൻ, പോരാ പോരാ (വള്ളത്തോൾ), വരിക വരിക സഹജരേ (അംശി നാരായണപിള്ള) തുടങ്ങിയ ദേശഭക്തിഗാനങ്ങൾ എന്നിവയൊക്കെത്തന്നെ യൂട്യൂബ് പോലുള്ള സാമൂഹ്യ പ്രക്ഷേപണമാദ്ധ്യമങ്ങളിലും ഉയർന്ന വ്യൂവർഷിപ്പുള്ള ഗാനങ്ങളാണ്.
സ്വന്തം ഗാനങ്ങളേക്കാൾ മറ്റുള്ളവരുടെ വിശേഷിച്ച് മുഹമ്മദ് റാഫിയുടെയും പി സുശീലയുടെയും ഗാനങ്ങൾ ഇഷ്ടപ്പെട്ടിരുന്ന, വേദികളിൽ ചെറിയവരെന്നോ വലിയവരെന്നോ ഇല്ലാതെ, മറ്റുള്ളവർ ആലപിച്ച തനിക്കിഷ്ടപ്പെട്ട ഗാനങ്ങൾ ആലപിച്ചിരുന്ന ഗായകനായിരുന്നു അദ്ദേഹം. 2022ൽ ഇരിഞ്ഞാലക്കുടയിൽ രാഘവന്മാസ്റ്റർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം ആലപിച്ചത് ശ്രാന്തമംബരം എന്ന പാട്ടായിരുന്നു. വി.ടി മുരളിയുടെ ഒരു വിഷുപ്പക്ഷി തൻ എന്ന പാട്ട് ഏറെ ഇഷ്ടപ്പെട്ടതു കൊണ്ട് അത് പഠിച്ചു എന്നും പറഞ്ഞു. സുശീലയുടെ തമിഴ് ഗാനങ്ങൾ, റാഫിയുടെ തേരെ ആങ്ഖേ കേ സിവാ എന്നിവയൊക്കെ അദ്ദേഹം സ്ഥിരമായി ആസ്വദിച്ച് പാടുന്നവയാണ്.
അങ്ങിനെ, മലയാള സിനിമാഗാനഭൂപടത്തിൽ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ, നമ്മുടെയെല്ലാം ജീവിതത്തെ സംഗീതമയമാക്കിയ ആ യാത്ര ഭൗതികമായി അവസാനിച്ചിരിക്കുകയാണ്. ഇനി നമുക്ക് പാഥേയമായി ആ മധുരഗാനങ്ങളുണ്ടാകും.
Related: മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ഭാവഗായകന് വിട…