A Unique Multilingual Media Platform

The AIDEM

Articles Culture Kerala Social Justice

വംശീയവിപരീതങ്ങളിൽനിന്നും മാനവികതയെ വീണ്ടെടുക്കുന്ന ദൃശ്യപ്രതിരോധം

  • May 19, 2025
  • 1 min read
വംശീയവിപരീതങ്ങളിൽനിന്നും മാനവികതയെ വീണ്ടെടുക്കുന്ന ദൃശ്യപ്രതിരോധം

ശീതയുദ്ധത്തിനു ശേഷം വിതയ്ക്കപ്പെട്ട വിപരീതങ്ങളുടെ വിത്തുകളിൽ മാരകം ഇസ്ലാമോഫോബിയ എന്ന സാമ്രാജ്യത്വ ഉത്പന്നമാണ്. സാമ്രാജ്യത്വത്തിനു നേരിടാനുള്ള മുഖ്യ എതിരാളി സോഷ്യലിസമല്ല വംശീയ വിപരീതമാണെന്ന പുതുകണ്ടെത്തൽ കോർപറേറ്റ് നവ മുതലാളിത്തത്തെ വംശീയമുതലാളിത്തമാക്കിയും പരിവർത്തിപ്പിച്ചു. ആ ദ്വന്ദ്വങ്ങളിലേക്ക് ലോകക്രമത്തെ പുതുക്കിപ്പണിയാൻ മൂലധന ശക്തികളും സാമ്രാജ്യത്വ താൽപ്പര്യങ്ങളും കിണഞ്ഞു ശ്രമിച്ച മൂന്നു പതിറ്റാണ്ടുകളാണ് പിന്നീട് കടന്നുപോയത്.

സോഷ്യലിസ്റ്റ് ബദൽ ഉയർത്തിപ്പിടിച്ച വർഗസമര രാഷ്ട്രീയം, വൻതോതിൽ ചൂഷണവിധേയമാകുന്ന അടിത്തട്ടു സമൂഹങ്ങളെയെല്ലാം ഒന്നിപ്പിക്കുന്നതും മേൽത്തട്ടു വരേണ്യ വിഭാഗങ്ങളിൽ പിളർപ്പ് സൃഷ്ടിക്കുന്നതുമായിരുന്നു. എന്നാൽ പകരംവച്ച വംശീയ ദ്വന്ദ്വങ്ങൾ അടിത്തട്ടു സമൂഹങ്ങളിൽ പിളർപ്പും മേൽത്തട്ടു വിഭാഗങ്ങളിൽ ഐക്യവും ഉണ്ടാക്കുന്നവിധം കാര്യങ്ങൾ തിരിഞ്ഞുവന്നു. ഇതുവഴി  മുതലാളിത്താധികാര താൽപ്പര്യങ്ങൾ ഏകീകൃത എതിരാളികളില്ലാതെ ദൃഢമാംവിധം സംരക്ഷിക്കപ്പെട്ടു. മാത്രമല്ല, വംശ – ജാതിശാഠ്യങ്ങൾ ചൂഷിത സമൂഹങ്ങളിൽ ഉപ/സൂക്ഷ്മ വംശീയതകളുടെ വിപരീതങ്ങൾ മുളപ്പിക്കുകയും അവരെ നിരന്തര സംഘർഷങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തു. വിഭജിച്ചു ഭരിക്കുക എന്ന കൊളോണിയൽ തന്ത്രത്തിന്റെ പുതുകാല വിപുലീകരണമാണ് നാം കണ്ടത്.

9/11, എൺപതുകളുടെ അന്ത്യത്തോടെ മാറ്റിയെഴുതപ്പെട്ട വൈരുദ്ധ്യങ്ങളുടെ ആഗോളതല പ്രകടനമായി നിരീക്ഷിക്കപ്പെട്ടു. ആർക്കൊപ്പം എന്ന ചോദ്യം ഉയർത്തിക്കൊണ്ടായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ബുഷ് ലോകത്തെ അത് കൂവി അറിയിച്ചത്. എന്നാൽ ഇതിനും മൂന്നര പതിറ്റാണ്ടു മുമ്പുതന്നെ സ്വരാജ്യത്തുനിന്ന് നിഷ്കാസനം ചെയ്യേണ്ട സാമൂഹിക വിഭാഗമായി മുസ്ലീങ്ങളെ അടയാളപ്പെടുത്തിയ മാനിഫെസ്റ്റോ ആർ എസ് എസ്സിന്റെ ആചാര്യൻ പ്രസിദ്ധീകരിച്ചിരുന്നു. വംശീയമുതലാളിത്തത്തിന്റെ തിരനോട്ടത്തിനു മുമ്പുതന്നെ ഇന്ത്യയിൽ ആ ദിശയിൽ ചരിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന് സുവർണകാലമാണ് പിറന്നത്.

9/11 ആക്രമണം

ഇസ്ലാംവെറുപ്പിന്റെയോ ഇസ്ലാംഭയത്തിന്റെയോ അന്തരീക്ഷം വളർത്തിയെടുക്കാൻ ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾക്ക് എളുപ്പം സാധിച്ചു.  ബാബറിമസ്ജിദ് തകർത്തുകൊണ്ട് പുതു അജണ്ടയുടെ പ്രയോഗം ആരംഭിച്ച ‘ഹിന്ദുത്വം’ ഗുജറാത്ത് വംശഹത്യയോടെ വംശീയ മുതലാളിത്തത്തിന്റെ ഇന്ത്യൻ പാത ശക്തിപ്പെടുത്തി. 9\11ന്റെ പിറകെയായിരുന്നു അത്. കേന്ദ്ര ഭരണം തുടർച്ചയായി നിലനിർത്താൻ കഴിയുമെന്നു വന്നതോടെ ഇന്ത്യൻ മുസ്ലീങ്ങളും ചൂഷിത സാമൂഹിക വിഭാഗങ്ങളും ജീവഭയത്തോടെ കഴിയേണ്ട അവസ്ഥയിലായി. പൗരത്വ നിയമ ഭേദഗതിയും ന്യൂനപക്ഷ അവകാശ നിഷേധങ്ങളും മുസ്ലീം വേട്ടയും ഇന്ത്യൻ മുസ്ലീങ്ങളുടെ ജീവിതം അതീവ ദുഷ്കരമാക്കി. ആഴത്തിൽ പിളർക്കപ്പെട്ട സമൂഹമായി ഇന്ത്യൻ പൗരസമൂഹം മാറി. ആട്ടിയോടിക്കപ്പെടേണ്ട വിഭാഗം എന്ന നിലയിൽ ഉന്മൂലന ത്വരയോടെ മുസ്ലീം സമൂഹത്തെ നോക്കാൻ പ്രേരിപ്പിക്കുന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടു.  നിങ്ങളുടെ ദേശം മറ്റൊന്നാണ് എന്ന് അവർ നിരന്തരം അക്രമിക്കപ്പെട്ടു.

സമാനമോ കൂടുതൽ ആപത്കരമോ ആയ സാഹചര്യം നാം നേരത്തേ കണ്ടിട്ടുണ്ട്. ഇറാഖ് മുതൽ അഫ്ഗാനിസ്ഥാൻവരെ ഈ സാമ്രാജ്യത്വ വിളവെടുപ്പിന്റെ ഭൂമിയായി. ഷിയാക്കളും സുന്നികളും കുർദുകളും പഷ്തൂണുകളും ഇതര വിഭാഗങ്ങളും ഒരേ വംശീയതയുടെ ശത്രുപക്ഷങ്ങൾ തീർത്തു. എവിടെയും ഉപവംശീയതകൾ ഹിംസാത്മകമായി ഏറ്റുമുട്ടുന്നതു കണ്ടു. ഇതേ അനുഭവം ഇന്ത്യയിലെ വംശ/ജാതി വേട്ടകളിലും കാണാം. വംശീയമായ സൂക്ഷ്മ വേർതിരിവുകളെ കണ്ടെടുത്ത് ഉന്മൂലനം ചെയ്യുന്ന ഭ്രാന്തമായ ഒരു വംശീയ മുതലാളിത്തം ഇവിടെയും ശക്തിപ്പെടുകയായിരുന്നു.

9/11 ആക്രമണത്തിൽ പ്രതിഷേധം

വിവേചനത്തിനും വെറുപ്പിനും ഇരയാകുന്നത് കൂടുതലും മുസ്ലീം സ്ത്രീകളാണെന്ന് വന്നു. പലവിധ ചൂഷണങ്ങളാണ് അവർക്കു നേരിടേണ്ടി വന്നത്. അതേ സമയം കൂടുതൽപേർ ഉയർന്ന വിദ്യാഭ്യാസത്തിലേക്ക് വളർന്നു. അത് അവരിൽ സൃഷ്ടിച്ച ആത്മബോധവും സ്വാതന്ത്ര്യേച്ഛയും ചെറുതല്ല. എന്നാൽ അതിനു തടസ്സമായി വളഞ്ഞു നിന്ന ഇസ്ലാമോഫോബിയയുടെ എല്ലാ രൂപങ്ങളോടും അവർക്കു പൊരുതാതെ വയ്യെന്നായി. അത് തീരെ എളുപ്പമല്ല. അതുകൊണ്ടുതന്നെ ഡിപ്രഷനിലേക്കോ ആത്മഹത്യയോളം പോന്ന രോഗാതുരമൗനത്തിലേക്കോ അവർ എടുത്തെറിയപ്പെട്ടു. ഈ സാഹചര്യത്തെ നമ്മുടെ കലയും സാഹിത്യവും ഗൗരവത്തോടെ അഭിസംബോധന ചെയ്തിട്ടുണ്ടോ എന്നു സംശയമാണ്.

ഇതോടൊപ്പം ദളിതുകളോടും ആദിവാസികളോടും ഇതര ഗോത്ര അടിത്തട്ടു സമൂഹങ്ങളോടും ഉള്ള ഹിന്ദുത്വ നിലപാട് കൂടുതൽ ഹിംസാത്മകമായി. ജാതികോയ്മാ വരേണ്യതയുടെ അഴിഞ്ഞാട്ടമായി. ന്യൂനപക്ഷ സമുദായങ്ങളും ദുർബ്ബല വിഭാഗങ്ങളും വംശീയാധികാര ദുഷ്പ്രഭുത്വത്തിന്റെ വേട്ടയാടലിന് തുടർച്ചയായി വിധേയപ്പെട്ടു. ഹിന്ദുത്വ മേൽക്കോയ്മയുടെ പ്രകടനങ്ങൾ ഈ വിഭാഗങ്ങളെയും, എല്ലാ മതത്തിൽ പെട്ടവരും മതവിശ്വസികളേ അല്ലാത്തവരും ഉൾപ്പെട്ട മതേതര ഇന്ത്യൻ ദേശസ്നേഹികളെയും ഏറെ തകർത്തു. അഖണ്ഡമെന്ന് കരുതിയതും ആഗ്രഹിച്ചതുമെതെല്ലാം തകർന്നു ചിന്നിമാറുന്നത് കൺമുന്നിൽ കണ്ടു.  അവർ കഠിനമായ ദുഖവും അമർഷവും അനുഭവിച്ചു. ഏറെ ഒറ്റപ്പെട്ടു. മനക്ലേശത്തിൽ ഉഴന്നു. പലവിധ ട്രോമകളിൽ ചിതറി.

രാമദാസ് കടവല്ലൂരിന്റെ സത്യപ്പുല്ല് എന്ന ഡോക്യുമെന്ററിയാണ് ഇപ്പോൾ ഈ ചിന്തകൾക്കെല്ലാം ഹേതു. ഇന്ത്യൻ രാഷ്ട്രീയ ഗതികേടിന്റെ വേരുകളിൽ ചെന്ന് വെട്ടുകയാണ് രാമദാസ്. ഇസ്ലാമോ ഫോബിയുടെ കലാ വഴക്കങ്ങളെയും വരേണ്യനിഷ്ഠ വിവേചനങ്ങളെയും അയാൾ തുറന്ന് പുറത്തിടുന്നു. ഇന്ത്യൻ ചരിത്രത്തിനും ദേശീയതക്കും അവയുടെ സമീപകാല വ്യാഖ്യാനങ്ങൾക്കും കുറുകെ നിലയ്ക്കാതെ പല താളത്തിൽ സഞ്ചരിക്കുന്ന കവി അൻവർ അലിയുടെ തീവണ്ടിക്കവിത ഈ ചലച്ചിത്രത്തിന്റെ ആത്മാവിനെ തെളിച്ചു നിർത്തി. റാഷിദ എന്ന പെൺകുട്ടിയുടെ വൈയക്തിക അനുഭവങ്ങളിലൂടെ ഒരു ദേശത്തിൽ ചവിട്ടിയമർത്തപ്പെടുന്ന ജീവിതങ്ങളുടെ വീർപ്പുകൾ ഉയർന്നുകണ്ടു. 

രാമദാസ് കടവല്ലൂർ

വിധേയത്വത്തിന്റെ നീണ്ട ചരിത്രത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക് കുതറിപ്പറക്കണമായിരുന്നു റാഷിദക്ക്. എല്ലാവിധ അധികാരങ്ങളും കുമിഞ്ഞ് തന്നെ പാതാളത്തിലേക്ക് താഴ്ത്തുന്നതുപോലെ അവർക്കു തോന്നിയിരിക്കണം. രാഷ്ട്രം ഒരു നാളും ശുഭകരമായ വാർത്തകൾ നൽകിയില്ല. ഭയവും വിഹ്വലതയും മാത്രം നിറച്ചു. അതിന്റെ സമ്മർദ്ദവും ട്രോമയുമാണ് അവരെ കവിതകളിലേക്കും അശരണമായ കുറിപ്പുകളിലേക്കും എത്തിച്ചത്. അധികാരങ്ങൾക്കുമീതെ പൂത്തു വിടരുന്ന ഒരു ആർദ്രത അവർ സ്വപ്നം കണ്ടു.

സാമ്രാജ്യത്വം വിതച്ച വംശീയ ദ്വന്ദ്വങ്ങളും അവയുടെ കനത്ത വേരുകളാർന്ന ഇന്ത്യൻ തെഴുപ്പുകളും ഒരാളെ ചകിതയാക്കുന്നത് എങ്ങനെയെന്ന് സത്യപ്പുല്ലിന്റെ സംവിധായകൻ വിദഗ്ദ്ധമായി ആവിഷ്കരിക്കുന്നു.  അവയുടെതന്നെ ആഴങ്ങളിൽ സൂക്ഷ്മവംശീയതയുടെ വിപരീതങ്ങൾ സൃഷ്ടിക്കുന്നതും സ്വയം ചിതറുന്നതും രാമദാസ് കാണുന്നു. മുഖ്യവൈരുദ്ധ്യങ്ങൾക്കു കീഴെ ഉപവൈരുദ്ധ്യങ്ങളായി അവ സത്യമായതിന്റെ അഭാവം സൃഷ്ടിക്കുന്നു. പ്രതിരോധം ദുർബ്ബലമാക്കുന്നു. ഓരോ സമൂഹവും അതിനകത്തെ അധികാര/വിധേയ വിപരീതങ്ങളാൽ മാത്രം പൂർണമാകുന്ന അവസ്ഥയാണുണ്ടായത്. ജനാധിപത്യ സോഷ്യലിസ്റ്റ് ഭാവനയും യാഥാർത്ഥ്യവും തോറ്റുപോകുന്ന ഇടങ്ങൾ രൂപപ്പെട്ടു. അവിടത്തെ വിങ്ങലുകളും പൊട്ടലുകളും രാമദാസിനു വിഷയമാണ്.

സ്വാതന്ത്ര്യം എന്താണ്, അത് എവിടെയാണ്? ആത്മാവിലോ ശരീരത്തിലോ അവയുടെ ലയങ്ങളിലോ അതിന്റെ ബീജങ്ങൾ കണ്ടേക്കാം. എന്നാൽ എല്ലാ ലയത്തിനും വിഘാതമായി ഒരദൃശ്യവലയം ചൂഴ്ന്നു നിൽക്കുന്നു. ലിംഗ വംശ അധികാരങ്ങൾ അവയുടെ പ്രാചീനമായ ഉടമസ്ഥാഹങ്കാരത്തോടെ ഇപ്പോഴും അമർന്നിരിക്കുന്നുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം അത് ചാടി വീഴുന്നു. റാഷിദ എന്ന പെൺകുട്ടി താനായി ജീവിക്കാനുള്ള പോരാട്ടത്തിലാണ്. പ്രണയത്തിൽനിന്നും സ്വയം തെറിച്ചു നീങ്ങുന്നത് ആ അന്വേഷണത്തിന്റെ അനിവാര്യതയിലേക്കാണ്.

 മലയാള സാഹിത്യ/സാംസ്കാരിക മാസികയായ പച്ചകുതിരയുടെ കവറിൽ റാഷിദ നസ്രിയ (2025 മെയ് ലക്കം)

ദേശീയവും രാഷ്ട്രീയവുമായ ജീവിതത്തിന് അതിന്റെതന്നെ അകജീവിതവുമുണ്ട്. അനേകം സൂക്ഷ്മ വ്യവഹാരങ്ങളുമുണ്ട്. വ്യക്തിയിൽ ഇതോരോന്നും ഓരോ അവസരത്തിൽ മുഖ്യമാവും. അത് സ്തോഭമോ വ്യസനമോ  ട്രോമയോ ഏൽപ്പിക്കും. ആ ഭാഗം പക്ഷേ, നാം വേണ്ടത്ര ശ്രദ്ധിച്ചിട്ടില്ല. രാമദാസിന്റെ സത്യപ്പുല്ല് ബാഹ്യവും ആന്തരികവുമായ ഈ സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്നു.  ഉപരിരാഷ്ട്രവും കീഴ്രാഷ്ട്രവും സ്ക്രീനിൽ തെളിയുന്നു.

വ്യക്തി ദേശമായും ആത്മസംഘർഷം രാഷ്ട്രീയ യുദ്ധമായും വ്യക്തിയുടെ സഞ്ചാരപഥം അതിരുകളിട്ട് വിഘടിക്കുന്ന രാഷ്ട്രീയ ഭൂപടമായും തെളിയുന്നു. അവയ്ക്കെല്ലാം മീതെ ഒരധീശശക്തി വിപരീതങ്ങളുടെ സ്വഭാവവും ആഘാതശേഷിയും നിശ്ചയിക്കുമ്പോൾ, ആ അറിവുതന്നെയും മനുഷ്യരെ സ്തംഭിപ്പിക്കുന്നു. തന്നിലേക്കും തന്റെ ഇച്ഛകളിലേക്കും തന്റെ സ്വാതന്ത്ര്യത്തിലേക്കുമുള്ള ദൂരം ഒരു പ്രതിരോധ രാഷ്ട്രീയ തീരുമാനത്തിന്റെയും സമരത്തിന്റെയും കൂടി ദൂരം ആവാതെവയ്യ എന്ന തിരിച്ചറിവ് ഈ ചലച്ചിത്രം പകരുന്നു.

ഡോക്യുമെൻ്ററിയുടെ പോസ്റ്റർ

റാഷിദയുടെ അകനോവുകളും കുലുക്കിയുണർത്തി മാഞ്ഞുപോയ പ്രണയവും സ്വത്വഭീതിയും ആശങ്കകളും ഒറ്റപ്പെടലും ട്രോമയും ഒരു മതേതര രാഷ്ട്രത്തിന്റെ പീഡാനുഭവങ്ങളാണ്. റാഷിദയിൽ വഞ്ചിക്കപ്പെട്ട രാജ്യമുണ്ട്. അവരിൽ പാടുവീഴ്ത്തിയ മുറിവുതേടി അവർക്കു പുറത്ത് അലയേണ്ടിവരുന്നു ചലച്ചിത്രകാരന്. കേവല കാഴ്ച്ചക്കും അംഗീകൃതയുക്തിക്കും അപ്പുറം കടന്ന് അധികാരലീലയുടെ ചതിവളവുകൾ പകർത്തേണ്ടി വരുന്നു. ദില്ലിയിലും വാഗാ അതിർത്തിയിലും അമൃതസറിലും അയോദ്ധ്യയിലും മലപ്പുറത്തും ഫോർട്ട് കൊച്ചിയിലുമെല്ലാം ഓടിനടന്ന് കാണുന്ന ക്യാമറക്കാഴ്ച്ച മതേതര ദേശീയതക്ക് ഏൽക്കുന്ന ക്ഷതങ്ങളിൽ തറഞ്ഞുപോകുന്നു. ദൃശ്യങ്ങൾ വ്യക്തികളെ ട്രോമയിലേക്കോ ആത്മഹത്യയിലേക്കോ തള്ളുന്ന ദുരധികാര നൃശംസതയെ കീറി നീങ്ങുന്നു. മാനവികതയുടെ സത്യപ്പുല്ലിന് എന്തു പറ്റിയെന്ന് ചലച്ചിത്രം സങ്കടപ്പെടുന്നു.

സത്യപ്പുല്ല് (The Magical Grass) ഒരു ഡോക്യുമെന്ററി സിനിമയാണ്. റാഷിദ നസ്രിയ എന്ന എഴുത്തുകാരിയുടെ കുറിപ്പുകളിൽനിന്നാണ് ഈ ദൃശ്യാനുഭവം ഇഴപൊട്ടിയതെന്ന് സംവിധായകൻ തുടക്കത്തിൽതന്നെ പറയുന്നു. വന്നു വീഴുന്ന പീഡകളെ സ്വപ്നമിഴയുന്ന കാവ്യഭാഷയിൽ അലിയിച്ചുകളയാൻ നടത്തുന്ന ശ്രമമാണ് ആദ്യം ശ്രദ്ധയിൽ പെടുക. സമരോത്സുകമായ പ്രണയംകൊണ്ടോ രതികൊണ്ടോ പ്രതിരോധിക്കാനാവാത്ത ആധികൾ അവളെ മൂടുന്നു. ശീലങ്ങളിൽതന്നെ സ്വാഭാവികമെന്നോണം പതിയിരിക്കുന്ന അധികാരത്തിന്റെ കീടങ്ങൾ വളർന്നു വരുന്നുവോ എന്ന ഭയം കുമിയുന്നു.

റാഷിദയുടെ വ്യസനങ്ങളിൽ തുടങ്ങുന്ന വിവരണം രാഷ്ട്രത്തിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും പടരുന്നതിലെ സ്വാഭാവികതയാണ് ഈ ഡോക്യുമെന്ററിയുടെ സവിശേഷത. അതേസമയം, റിയലിസ്റ്റ് ആഖ്യാനരീതിയുടെ വിവരണവും അഭിമുഖവും എന്ന പതിവുപേക്ഷിച്ച് ഡോക്യുമെന്ററി ശിഥിലവും ഋജുവുമായ ദൃശ്യസൂചകങ്ങളിലൂടെ പുതിയ ആഖ്യാനപഥം സ്വീകരിക്കുന്നു. ഛായാഗ്രാഹകൻ പ്രതാപ് ജോസഫാണ്. ഇന്ത്യൻ അനുഭവത്തിന്റെ വിപരീതവിന്യസനങ്ങളെ അദ്ദേഹം സൂക്ഷ്മ ജാഗ്രതയോടെ കണ്ടെത്തുന്നു. പ്രതിരോധ രാഷ്ട്രീയത്തിന്റെ ദൃശ്യപാഠമാണ് സത്യപ്പുല്ല് എന്നു നിസ്സംശയം പറയാം.

About Author

ആസാദ്

രാഷട്രീയ - സാംസ്കാരിക പ്രവർത്തകൻ, സാഹിത്യ വിമർശകൻ, എഴുത്തുകാരൻ, മുൻ കോളേജ് അധ്യാപകൻ എന്നീനിലകളിൽ പ്രശസ്തൻ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x