A Unique Multilingual Media Platform

The AIDEM

Articles Climate Kerala Memoir Society

ശോഭീന്ദ്രൻ മാഷ്; ക്ലാസ്സ്മുറികൾക്ക് പുറത്തെ അധ്യാപകൻ

  • October 13, 2023
  • 1 min read
ശോഭീന്ദ്രൻ മാഷ്; ക്ലാസ്സ്മുറികൾക്ക് പുറത്തെ അധ്യാപകൻ

വൈക്കം മുഹമ്മദ് ബഷീർ മരണപ്പെട്ട് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴായിരുന്നു ദേശാഭിമാനിയുടെ ഒന്നാം പേജിൽ ആ വാർത്ത പ്രത്യക്ഷപ്പെടുന്നത്: ബാല്യകാല സഖിയിലെ സുഹ്റയ്ക്ക് കാമ്പസിൽ പുനർജ്ജന്മം.

മജീദ് തിരിച്ചെത്തുമ്പോൾ മണ്ണെണ്ണ വിളക്കിന് മുൻപിൽ പുസ്തകം വായിച്ചുകൊണ്ടിരുന്ന സുഹ്റ തലയുയർത്തി നോക്കുന്ന ശിൽപം കോഴിക്കോട്ടെ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ പണിപൂർത്തിയായി വരുന്നുവെന്നും അത് ഇന്ത്യൻ കാമ്പസുകളിലെ ഏറ്റവും വലിയ ശിൽപം ആയിരിക്കും എന്നുമായിരുന്നു വാർത്ത.

അത് വായിച്ചപ്പോൾ ആദ്യം മനസ്സിൽ തോന്നിയത് പ്രതിമാ പദ്ധതിയുടെ ജീവാത്മാവും പരമാത്മാവുമായ ടി ശോഭീന്ദ്രൻ മാഷിനോടുള്ള വലിയ പരിഭവമായിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ

തൊട്ടു തലേ ആഴ്ചയിൽ പോലും ക്ലാസ് കട്ട് ചെയ്ത് പ്രീഡിഗ്രി രണ്ടാംവർഷ ക്ലാസ്സുകളിൽ മാഷിനൊപ്പം പോയി പഠനം പൂർത്തിയാക്കി പോകുന്നവരുടെ കോഷൻ ഡിപ്പോസിറ്റുകൾ പ്രതിമാ ഫണ്ടിൽ എത്തിക്കാൻ സമ്മതപത്രങ്ങൾ ഒപ്പിടിവിച്ചു വാങ്ങിയിട്ടേയുള്ളു.

വാർത്തയിൽ പറയുന്നതെല്ലാം ഒത്തുവരുന്നു. നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന പെൺകുട്ടി തലയുയർത്തി നോക്കുന്നു. മുന്നിൽ മണ്ണെണ്ണ വിളക്ക്. തുറന്നുവച്ച പുസ്തകം. ശിൽപം സുഹ്റ തന്നെ. പക്ഷെ ഈ വിവരം എന്തുകൊണ്ടാകും ഇതുവരെ മാഷ് ഞങ്ങളിൽ നിന്നൊളിപ്പിച്ചിരിക്കുക. സ്ത്രീ ശാക്തീകരണവും സാക്ഷരതയും പ്രോത്സാഹിപ്പിക്കുന്ന ഒരു ശിൽപം എന്ന് മാത്രമേ മാഷ് അതുവരെ ഞങ്ങളോട് പറഞ്ഞിരുന്നുള്ളു. 

പക്ഷെ ദേശാഭിമാനി വാർത്ത ഒട്ടും അഭിലഷണീയമായ പ്രതികരണമല്ല കാമ്പസിൽ ഉണ്ടാക്കിയത് എന്ന് അവിടെ ചെന്നപ്പോഴാണ് മനസ്സിലാക്കിയത്.

“ഗുരുവായൂരപ്പന്റെ കാമ്പസിൽ സുഹ്റയുടെ പ്രതിമയോ?'” എന്ന അങ്ങേയറ്റം വിഷലിപ്തമായ ചോദ്യവുമായി എ.ബി.വി.പി യുടെ ബാനറുകളും പോസ്റ്ററുകളും എവിടെയും കാണാമായിരുന്നു. പവിത്രമായ ഗുരുവായൂരപ്പന്റെ കാമ്പസിൽ തട്ടമിട്ട പ്രതിമ വേണ്ട എന്നായിരുന്നു വേറെ ചില പോസ്റ്ററുകൾ. ശോഭീന്ദ്രൻ മാഷിനെയും അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രിൻസിപ്പാൾ വാസുദേവൻ ഉണ്ണി സാറിനെയും കുട്ടികളുടെ കോഷൻ ഡിപ്പോസിറ്റ് അടക്കം അടിച്ചു മാറ്റുന്ന കൊള്ളക്കാരായി ചിത്രീകരിച്ചുള്ള പോസ്റ്ററുകൾ വേറെ.

എ.ബി.വി.പി പ്രകടനക്കാർ മാഷെ തെറിയഭിഷേകം നടത്തി.

കല്ലായി പുഴയിലെ മലിനീകരണം വിലയിരുത്തുന്നു/ചിത്രം: പി മുസ്തഫ

ബാബറി മസ്ജിദ് പൊളിച്ചിട്ട് ഒന്നര വർഷം ആകുന്നതേയുള്ളൂ. വർഗീയതയുടെ പൂണ്ടുവിളയാട്ടം സ്വന്തം കാമ്പസിൽ അടുത്തുനിന്ന് കാണുകയായിരുന്നു.

ഞങ്ങൾ ശോഭീന്ദ്രൻ മാഷിനെ തേടിപ്പോയി. ജീവിതത്തിൽ ഏതാണ്ട് ആദ്യമായി അത്രയധികം തെറികൾ ഒരുമിച്ചു കേട്ടതിന്റെ ആഘാതത്തിൽ അദ്ദേഹം മൗനിയായിരുന്നു.

ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അദ്ദേഹം പറഞ്ഞു: “ഞാനല്ല വാർത്ത കൊടുത്തത്. സുഹ്റയുടെ പ്രതിമയായി ഞാൻ ഉദ്ദേശിച്ചിരുന്നുമില്ല.”

പ്രതിമയുടെ പണി തുടങ്ങിവച്ച ശില്പി അശോകൻ പൊതുവാൾ സാമ്പത്തീക പ്രതിസന്ധികൾ കാരണം പണികൾ മുടങ്ങിയപ്പോൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ബഷീർ മരിച്ച അവസ്ഥയിൽ എന്തെങ്കിലും സാമ്പത്തീക സഹായം ആരിൽ നിന്നെങ്കിലും പ്രതിമയ്ക്ക് കിട്ടിയാൽ പണി പുനരാരംഭിക്കാം എന്ന് കരുതി അതിന് നിമിത്തമായേക്കാവുന്ന വാർത്ത അദ്ദേഹം വരുത്തിച്ചതാണ് എന്ന് പിന്നീട് മനസ്സിലായി.

പൊതുവിൽ നിർദോഷമായ ഒരു നടപടി.

വിശ്വമാനവികതയുടെ വക്താവായ ബഷീറിന്റെ സുഹ്റ ഗുരുവായൂരപ്പന്റെ കാമ്പസിൽ ശില്പമായി വന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിച്ച് കൗണ്ടർ കാമ്പെയിൻ തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചെങ്കിലും മാഷ് തടഞ്ഞു. വർഗീയ പ്രചാരണങ്ങളെ സംഘടനാപരമായി പ്രതിരോധിക്കാമെന്നും ഞങ്ങൾ പറഞ്ഞു.

കോഴിക്കോട് കല്ലായി പുഴ സംരക്ഷണ സമിതിയോടൊപ്പം ശോഭീന്ദ്രൻ മാഷ് (എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനായുമായ ഡോ. എ അച്യുതൻ സമീപം)/ ചിത്രം: പി മുസ്തഫ 

തൻ്റെ പേരിൽ കാമ്പസിൽ വഴക്കും സംഘട്ടനങ്ങളും വേണ്ട എന്നായി അദ്ദേഹം. ശിൽപം സുഹ്റയുടേതല്ല എന്നും താനിനി ഒരു ശില്പത്തിന് വേണ്ടിയും ഒരു രൂപ പോലും കാമ്പസിൽ നിന്ന് പിരിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പ്രതിഷേധങ്ങൾ നിലച്ചു. പ്രതിമയുടെ പണി പകുതി വഴിയിൽ നിൽക്കുകയും കാലം മുന്നോട്ടൊഴുകുകയും ചെയ്തു.

 പക്ഷെ ആ പ്രതിഷേധങ്ങൾ ശോഭീന്ദ്രൻ മാഷുടെ മനസ്സിലെ എന്നത്തേയും മുറിവുകളായിരുന്നു. അശോകൻ പൊതുവാൾ പ്രതിമാ പദ്ധതിയുമായി വരുമ്പോൾ പ്രതീക്ഷിച്ച ചെലവ് കഷ്ടി അമ്പതിനായിരം രൂപ മാത്രമായിരുന്നു. എന്നാൽ പകുതിഭാഗം എത്തുമ്പോഴേക്കും നിരവധി ലക്ഷങ്ങൾ ചെലവായി. സിമന്റും കമ്പിയുമായി ഒരുപാട് തുക അത് തിന്നു തീർത്തു.

പഠനം പൂർത്തിയാക്കി പോകുന്ന വിദ്യാർത്ഥികളിൽ നിന്നും പിരിക്കുന്ന കോഷൻ ഡിപ്പോസിറ്റ് തുക നാമമാത്രമായിരുന്നു. നഗരത്തിലെ കെട്ടിടനിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകളിൽ മാഷിന് വലിയ വലിയ തുകകൾ ബാധ്യതയായി. മാഷ് വലിയ കടക്കാരനായി.

മാഷും ഉണ്ണിമാഷും പ്രതിമാസം കിട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും കടം വീട്ടാനായി പൂർണമായി മാറ്റി വച്ചു. എന്നിട്ടും അത് കുറഞ്ഞില്ല.

ഒരു ദിവസം മാഷിനൊപ്പം നഗരത്തിലേക്ക് പോകുമ്പോൾ ബൈക്ക് വളഞ്ഞ വഴിയിലാണ് പോകുന്നത്. അതെന്തേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ആ വഴി പോയാൽ സാമഗ്രികൾ കടം തന്ന ചില കച്ചവടക്കാരുണ്ട്. അവരോട് പറഞ്ഞ അവധികൾ മുഴുവൻ തെറ്റി.”

നീണ്ട വർഷങ്ങൾക്കിപ്പുറം തന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ അടക്കം ചെലവിട്ടുകൊണ്ട് മാഷ് പ്രതിമയുടെ പണി പൂർത്തിയാക്കി അത് ഭാവി തലമുറകൾക്ക് സമർപ്പിച്ചു. അങ്ങനെ അശോകൻ പൊതുവാളിന്റെ സുഹ്റ അദ്ദേഹത്തിന്റെ മരണാനന്തരം ചിന്താ ശില്പമായി മാറി.

സാമൂതിരിയുടെ കോളേജിൽ പഠിച്ച ശോഭീന്ദ്രൻ മാഷ് അവിടെ തന്നെ അധ്യാപകനാവുകയായിരുന്നു. ബോധി വൃക്ഷം എന്ന് കുട്ടികൾ വിളിച്ച മരത്തിന് ചുവട്ടിൽ അദ്ദേഹം ബുദ്ധന്റെ പ്രതിമ സ്ഥാപിച്ചപ്പോൾ സനാതന വെല്ലുവിളികൾ ഒന്നും ഉണ്ടായില്ല.

സാമൂതിരി ഗുരുവായൂരപ്പൻ കോളജിലെ ബുദ്ധന്റെ പ്രതിമ

പിൽക്കാലത്ത് ആ പ്രതിമയുടെ കയ്യുകൾ പ്രതിലോമ രാഷ്ട്രീയക്കാർ തല്ലി തകർത്തപ്പോൾ അവിടെ മറ്റൊരു ബുദ്ധനെ പുനഃപ്രതിഷ്ഠിക്കാനും ശോഭീന്ദ്രൻ മാഷുണ്ടായി.

കാമ്പസിലും കോഴിക്കോട്ടെ മിനി ബൈപ്പാസിലും സ്വന്തം നാടായ കക്കോടിയിലും കാണുന്ന മിക്ക മരങ്ങളിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു.

നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരുടെ സഹായത്തോടെയാണ് മരങ്ങൾ നടുക. കുഴികുത്തുന്നതും തൈകൾ എടുത്തുകൊണ്ടു വരുന്നതും കൂട്ടായ പ്രവർത്തികളാണ്. പക്ഷെ കുഴിയിൽ തൈ നടാനും മണ്ണിട്ട് നികത്താനും ആദ്യമായി വെള്ളം ഒഴിക്കാനും മാഷ് ഓരോരുത്തരെ ഊഴമിട്ടു വിളിക്കും.

നട്ട വിദ്യാർത്ഥിയും മരവുമായി ഒരു ആത്മബന്ധമുണ്ടാകണം എന്നതായിരുന്നു മാഷിന്റെ ആഗ്രഹം.

അങ്ങനെയൊരിക്കൽ മിനിബൈപ്പാസിൽ മരങ്ങൾ നടുമ്പോൾ ശ്രീലേഖ എന്ന സഹപാഠി പറഞ്ഞത് അല്പം ഉറക്കെയാണ്: “കുറേകാലം കഴിഞ്ഞിതിലെ വരുമ്പോൾ ഞാൻ കൊച്ചുമക്കളോട് പറയും. അമ്മമ്മ നട്ട മരമാണ് മക്കളേ…”

അത് കേട്ടപ്പോൾ തന്റെ സന്ദേശം എത്തേണ്ടത് പോലെ വിദ്യാർത്ഥികളിൽ എത്തി എന്ന ഒരു മുഖഭാവം മാഷിൽ ഉണ്ടാകുന്നുണ്ടായിരുന്നു.

മിനിബൈപ്പാസിലെ പഴയ മരങ്ങൾ മിക്കതും വികസനവാദികൾ മുറിച്ചു മാറ്റി കഴിഞ്ഞു. എങ്കിലും നഗരത്തിന്റെ വിശാലമായ പച്ചത്തുരുത്തായി ഗുരുവായൂരപ്പൻ കോളജിന്റെ നൂറേക്കർ സ്ഥലം ഇന്ന് മാറിക്കഴിഞ്ഞു.

പഠിപ്പിച്ചവരെയാണ് അധ്യാപകർ എന്ന് വിളിക്കുക. പക്ഷെ ശോഭീന്ദ്രൻ മാഷ് എന്ന അദ്ധ്യാപകന്റെ ശിഷ്യഗണം ക്ലാസ് മുറികളിൽ അല്ലായിരുന്നു. അവയ്ക്ക് പുറത്തായിരുന്നു. പ്രകൃതിയും മണ്ണും മൃഗങ്ങളും പക്ഷികളും ആവാസ വ്യവസ്ഥയും മനുഷ്യരും എല്ലാം ചേരുന്ന വിശാല പാരസ്പര്യത്തിന്റെ ഒരു തുറന്ന സർവകലാശാലയുടെ ചാൻസലർ ആയിരുന്നു അദ്ദേഹം. അതിരുകളും മതിലുകളും ഇല്ലാത്ത ഒരു സർവകലാശാല.

പ്രകൃതി സംരക്ഷണത്തിനും മരം നടലിനും ഒപ്പം മാഷിന് താത്പര്യമുണ്ടായിരുന്ന വിഷയങ്ങൾ സിനിമയും നാടകവും ചിത്രകലയും ശില്പകലയുമായിരുന്നു.

ജോൺ എബ്രഹാം, മധു മാഷ്, രാമചന്ദ്രൻ മൊകേരി എന്നിവർക്കെല്ലാം ഒപ്പം നീണ്ട നാളുകൾ യോജിച്ചു പ്രവർത്തിക്കാൻ അച്ചടിച്ച ഭാഷയും സംസാര ശൈലിയും സൗമ്യ ഭാവങ്ങളുമുള്ള മാഷിന് എങ്ങനെ കഴിഞ്ഞിരുന്നു എന്നതും അത്ഭുതമായിരുന്നു. മദ്യത്തോടും പുകവലിയോടും കടുത്ത വിപ്രതിപത്തിയുണ്ടായിരുന്ന മാഷ് അവയുപയോഗിച്ചിരുന്ന പ്രതിഭകൾക്കൊപ്പം അനായാസം നടന്നു.

തലമുറകൾക്കിടയിലെ വിടവ് അദ്ദേഹത്തെ സ്പർശിച്ചില്ല. വലിപ്പ ചെറുപ്പങ്ങൾ ഇല്ലാതെ എല്ലാവരോടും ആദരവോടും മര്യാദയോടും കൂടി ഇടപെട്ടു. മാഷിന് മാത്രം ദേഷ്യം വരില്ലായിരുന്നു. ഒരു ചിരിയിലും സംക്ഷിപ്തമായ ചില അഭിപ്രായങ്ങളിലും തനിക്ക് പറയാനുള്ളത് മുഴുവൻ അദ്ദേഹം സംഗ്രഹിക്കും.

ടി ശോഭീന്ദ്രൻ

തലമുറകൾക്കിടയിലെ സ്നേഹസാന്നിധ്യമായിരുന്നു മാഷ്. മരങ്ങൾ നടാനുള്ള ആയുധങ്ങളുമായി ആ ബൈക്കിന്റെ പുറകിൽ കയറി യാത്ര ചെയ്യുമ്പോൾ അത് വഴിയിൽ എല്ലായിടത്തും നിർത്തും. എവിടെയും മാഷിന് പരിചയക്കാരാണ്. എല്ലാവരോടും കുശലം പറയും.

കാട്ടിൽ വെള്ളമില്ലാതാകുമ്പോഴാണ് ആനകൾ നാട്ടിലിറങ്ങി കൃഷി നശിപിപ്പിക്കുന്നത് എന്നതിനാൽ കാട്ടിൽ വന്യമൃഗങ്ങൾക്ക് കുടിക്കാൻ വെള്ളം കിട്ടുന്ന കുളങ്ങൾ ഉണ്ടാകണമെന്ന ആശയം മാഷുടേതായിരുന്നു. അങ്ങനെയാണ് തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ വയനാട്ടിലെ തോൽപെട്ടിയിൽ കോളേജിലെ എൻ.എസ്.എസ് പ്രവർത്തകർ രാജ്യത്താദ്യമായി അങ്ങനെയൊരു കുളം നിർമ്മിച്ചത്. പിന്നീട് നൂൽപ്പുഴ പഞ്ചായത്തിലെ അനാഞ്ചിറയിൽ കർഷകർക്കും വന്യമൃഗങ്ങൾക്കും ഒരുപോലെ ഗുണപ്പെടുന്ന തടയണ നിർമ്മിച്ചും അദ്ദേഹവും ശിഷ്യരും മാതൃക കാട്ടി.

വിശാല മാനവികതയെ അവനവനിലേക്ക് ആവാഹിക്കുന്ന മനുഷ്യർ ചുരുക്കമാണ്. ശോഭീന്ദ്രൻ മാഷ് അങ്ങനെ ഒരാളായിരുന്നു. കണ്ടുമുട്ടിയ ഓരോ മനുഷ്യജീവിയെയും അദ്ദേഹം തന്നിലേക്ക് ചേർത്തുപിടിച്ചു. ഭൂമിയിൽ ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം മണ്ണിന്റെ രാഷ്ട്രീയം പറഞ്ഞു. സന്തുലിത വികസനത്തിന് വേണ്ടി വാചാലനായി.

ശോഭീന്ദ്രൻ മാഷ് പച്ച മനുഷ്യനായത് ഫിദൽ കാസ്ട്രോ സ്റ്റൈലിൽ വസ്ത്രം ധരിച്ചത് കൊണ്ടല്ല. ഹൃദയത്തിൽ പച്ചപ്പും ആർദ്രതയും നന്മയും നിലനിർത്തിക്കൊണ്ടാണ്. ആ വലിയ ഹരിത ഓർമ്മകൾ എക്കാലവും നിലനിൽക്കും.

About Author

കെ.എ ഷാജി

ആദിവാസി, ദളിത്, വനം, പരിസ്ഥിതി, കാലാവസ്ഥാമാറ്റം, ഭൂവിഭവങ്ങൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധയൂന്നുന്ന മാധ്യമ പ്രവർത്തകനാണ് കെ.എ ഷാജി. ദേശീയവും അന്തർദേശീയവുമായ മാധ്യമങ്ങളിൽ എഴുതുന്നു. വയനാട് ജില്ലയിൽ ചീരാൽ സ്വദേശിയാണ്.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
അശ്വതി സഞ്ജീവ്
അശ്വതി സഞ്ജീവ്
1 year ago

നന്ദി ഷാജി ഈ കുറിപ്പിന് … ശോഭീന്ദ്രൻ മാഷെയും ഒരു കാലത്തെയും ഗുരുവായൂരപ്പൻ കോളേജിനെയും മാഷിൻറെ നല്ല ഒരു വിദ്യാർത്ഥിയെയും ഒറ്റക്കുറി പ്പിൽ കാണാനായി. നന്ദി … ഒരു പാട്.

Viswanath Babu
Viswanath Babu
1 year ago

ശോഭീന്ദ്രൻ മാഷെന്ന മഹദ് വ്യക്തിയെ പറ്റി അറിയാം എന്ന് കരുതി ആണ് വായിക്കാൻ വന്നത്…

പക്ഷെ തുടക്കത്തിൽ തന്നെ കാണാൻ കഴിഞ്ഞത് ഐഡത്തിന്റെ “സ്ഥിരം പരിപാടി ആണ്”. സംഘപരിവാർ, മതം, ജാതി, ഗുരുവായൂരപ്പൻ, സുഹറ, ബഷീർ… ശിൽപ്പം….

അവിടെ നിർത്തി വായന….

ശോഭീന്ദ്രൻ മാഷിലെ പരിസ്ഥിതി പ്രവർത്തകനെ പറ്റി എന്നും പറഞ്ഞുള്ളതിൽ ഇതാണ് അവസ്‌ഥ…

വിശ്വമാനവികതയുടെ വക്താവായ ബഷീറിന്റെ സുഹറ എന്ന ശിൽപ്പം ഗുരുവായൂരപ്പൻ കാമ്പസിൽ വെക്കുന്ന വിഷയം വായിച്ചു അതിന് മുമ്പ്….

ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു. മലയാള ഭാഷയുടെ പിതാവ് ഒരാൾ ഉണ്ട്… അത് മഹാനായ ബഷീറും സമ്മതിച്ചതായിരിക്കുമല്ലോ…. തുഞ്ചത്തെഴുത്തച്ഛൻ….

അദ്ദേഹത്തിന്റെ ഒരു പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ മലപ്പുറത്തു ഇന്ന് വരെ വെക്കാൻ ആരും സമ്മതിച്ചതായി അറിയില്ല.

സംഘപരിവാർ നേയും എബിവിപി യേയും കുറ്റം പറയും മുമ്പ് ഇതിനൊരു ന്യായീകരണം പറയാൻ ഐഡത്തിനോ ഈ നാടിനോ കഴിയുമോ… ?