
ജനുവരി 30, ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 75 ആം വാർഷികം. മതതീവ്രവാദം ശക്തമാകുന്ന ഈ വേളയിൽ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് വലിയ പ്രാധാന്യമേറുകയാണ്. മതത്തിനതീതമായി മനുഷ്യനെ സ്നേഹിച്ച ഗാന്ധിയുടെ സ്മരണകൾക്ക് മുന്നിൽ ദി ഐഡം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു
ഗാന്ധിജി അവസാനമായി നിരാഹാരസമരം ഇരുന്നത് അദ്ദേഹം കൊല്ലപ്പെടുന്നതിന് പതിനേഴുദിവസങ്ങൾക്കു മുൻപാണ്. ഡൽഹിയിലെ മതസൗഹാർദ്ദം നിലനിർത്താൻ ചെയ്യാനുള്ളതു ചെയ്യുക, അല്ലെങ്കിൽ മരിക്കുക എന്ന ഒരു തീരുമാനമായിരുന്നു അത്. എഴുപത്തിയെട്ടുവയസ്സായിരുന്ന ഗാന്ധിജിയുടെ ശരീരത്തിന് അപ്പോൾ നാല്പത്തിയൊൻപതുകിലോ ഭാരമുണ്ടായിരുന്നു. എന്നാൽ ആ ജീവിതത്തിന് മനുഷ്യരാശി നൂറ്റാണ്ടുകളായി സ്വപ്നം കണ്ട ധാർമ്മികതയുടെ വിവിധ ചരിത്രങ്ങളുടെ അമൂല്യഭാരമുണ്ടായിരുന്നു. അമരമായ കുരിശിന്റെ അമൂല്യഭാരം പോലെ.
നിരാഹാരവ്രതം തുടങ്ങി മൂന്നുദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു അമേരിക്കൻ പത്രലേഖകൻ ഗാന്ധിജിയെ സന്ദർശിക്കുവാൻ ചെന്നു പതിനഞ്ചാം തീയതി ലേഖകൻ ഭാര്യയ്ക്കയച്ച സന്ദേശത്തിൽ, ‘ഒരു കയറ്റുകട്ടിലിൽ ചുരുണ്ടുകിടക്കുന്ന ഗാന്ധി ഗർഭപാത്രത്തിലെ ഭ്രൂണം പോലെ തോന്നിപ്പിച്ചു’ എന്നെഴുതി.
ഏതായിരുന്നു ആ ഗർഭപാത്രം? എന്തായിരുന്നു ആ ഭ്രൂണം?
1947 സെപ്റ്റംബറിൽ കൊൽക്കത്തയിൽ നിന്നും കലാപകലുഷിതമായ ഡൽഹിയിലേക്ക് ഗാന്ധിജി തിരിച്ചെത്തിയപ്പോൾ റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ സ്വീകരിക്കുവാൻ സർദാർ പട്ടേൽ ചെന്നിരുന്നു. പട്ടേലിനോട് ഗാന്ധിജി ഒരു ദാർശനികന്റെ വിഷാദമൂല്യത്തോടെ പറഞ്ഞു, ‘ഈ ദിവസം നിലനിൽക്കുന്നില്ല. ഇത് മരിച്ചവരുടെ നഗരം പോലെയിരിക്കുന്നു. ചെയ്യാനുള്ളത് ചെയ്യണം, അല്ലെങ്കിൽ മരിക്കണം’

ആ തീരുമാനത്തിന്റെ ഭ്രൂണമായിരുന്നു ആ കയറ്റുകട്ടിലിൽ ചുരുണ്ടുകിടന്നിരുന്നത്. ഗർഭപാത്രമോ? മനുഷ്യരാശിയുടെ അതിജീവനത്തിൻ്റെ അടിത്തറയായ പരസ്പരസ്നേഹവും. ഗാന്ധിജി ഒരിക്കൽ പറഞ്ഞല്ലോ, എഴുതപ്പെട്ട ചരിത്രം യുദ്ധങ്ങളുടേതാണ് എന്നും മനുഷ്യൻ അതിജീവിച്ചത് പരസ്പരം സ്നേഹിച്ചതിനാലാണെന്നും.
ഗാന്ധിജിയ്ക്കറിയാമായിരുന്നു തീവ്രഹിന്ദുക്കൾ എന്താണ് അക്കാലത്ത് പ്രചരിപ്പിച്ചിരുന്നത് എന്ന്. ഇക്കാലത്ത് സംഘപരിവാർ സ്വന്തമാക്കാൻ ശ്രമിക്കുന്ന സർദാർ പട്ടേലിനോട് ഗാന്ധിജി പറഞ്ഞ ഒരു വാചകമുണ്ട്, ‘ഇവർക്ക് എന്താണ് വേണ്ടത്? ഇവർ എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത്? ഈ രാജ്യത്തെ മുസ്ലീങ്ങൾ എങ്ങോട്ടുപോകണമെന്നാണ് ഇക്കൂട്ടർ പറയുന്നത്? ഇന്ന് മുസ്ലിങ്ങളെ ഒഴിവാക്കുന്നവർ നാളെ ക്രിസ്ത്യാനികളെ ഉന്നം വെയ്ക്കും, പിന്നെ പാഴ്സികളെ… ചെയ്യാനുള്ളത് ഇപ്പോൾ ചെയ്യണം, അല്ലെങ്കിൽ മരിക്കണം.’
നിരാഹാരം കിടന്ന സ്ഥലത്ത് ദിവസവും നൂറുകണക്കിനാളുകൾ ബാപ്പുവിനെ കാണുവാൻ എത്തിക്കൊണ്ടിരുന്നു, മതഭേദമെന്യേ. എന്നാൽ ജനുവരി പതിന്നാലാം തീയതി ഒരു തീവ്രഹിന്ദുസംഘം അവിടെയെത്തി മുദ്രാവാക്യം വിളിച്ചു, ‘ഗാന്ധി മരിക്കട്ടെ ….ഗാന്ധി മരിക്കട്ടെ’. മൗലാന അബുൾ കലാം ആസാദും സർദാർ പട്ടേലും പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രുവും പുറത്തിറങ്ങി ആൾക്കൂട്ടത്തിനടുത്തേക്ക് ചെന്നു. നെഹ്‌റു അവരോട് കയർത്തു, ‘ബാപ്പു മരിക്കണമെന്നോ? അതിനു മുൻപ് എന്നെ കൊല്ലൂ’. അവർ പണ്ഡിറ്റ് നെഹ്‌റുവിനെ കൊന്നില്ല. അവർക്ക് വേണ്ടത് കിഴക്കിന്റെ ക്രിസ്തുവിന്റെ രക്തമായിരുന്നു.

1947 ലെ ഡൽഹിയിലെ ഒരു RSS മീറ്റിങ്ങിനെക്കുറിച്ചുള്ള ഒരു പോലീസ് റിപ്പോർട്ടിൽ എം . എസ് . ഗോൾവൾക്കർ ഇങ്ങനെ പറഞ്ഞതായി കാണുന്നു,
‘ലോകത്തിലെ ഒരു ശക്തിക്കും മുസ്ലിങ്ങളെ ഹിന്ദുസ്താനിൽ നിലനിർത്താൻ കഴിയില്ല. അവർ ഇവിടം വിട്ടുപോയേ മതിയാകൂ. കോൺഗ്രസ്സിന് വോട്ടുകിട്ടാൻ വേണ്ടിയാണ് മഹാത്മാ ഗാന്ധി അവർ ഇന്ത്യയിൽ തുടരണമെന്ന് പറയുന്നത്. ഇത് അധികകാലം നീണ്ടുനിൽക്കില്ല. ഇത്തരം ആളുകളെ എങ്ങനെ നിശ്ശബ്ദരാക്കണമെന്ന് നമുക്കറിയാം. ഹിന്ദുക്കളെ ഉപദ്രവിക്കുന്ന പാരമ്പര്യം നമുക്കില്ല. എന്നാൽ അത്തരമൊരാവശ്യം ഉണ്ടായാൽ അതിനും നമ്മൾ മടിക്കില്ല’.
1948 ജനുവരി ഇരുപതാം തീയതി ഗാന്ധിജി ഒരു പ്രാർത്ഥനായോഗത്തിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം ക്ഷീണിതനായിരുന്നു. എങ്കിലും ആശയദൃഢത നൽകുന്ന സൗകുമാര്യം മുഖത്തും കണ്ണിലുമുണ്ടായിരുന്നു. ആ യോഗത്തിലേക്ക് തീവ്രഹിന്ദുക്കൾ ബോംബെറിഞ്ഞു. അതിൻ്റെ വീഡിയോ ദൃശ്യം ലഭ്യമാണ്. നമ്മൾ അത്ഭുതപ്പെട്ടുപോകും. ഗാന്ധിജിയെ ആ ബോംബുസ്ഫോടനം തെല്ലും ഉലച്ചില്ല . ജനക്കൂട്ടം ഇളകിയപ്പോൾ കാൽവരിയിലേക്ക് കുരിശുമായി പോയ ക്രിസ്തുവെപ്പോലെ ഗാന്ധി ശാന്തനായി കാണപ്പെട്ടു, അദ്ദേഹം പറഞ്ഞു, ‘ഇങ്ങനെയാണോ ഞാൻ മരിക്കുവാൻ പോകുന്നത്? എങ്കിലാകട്ടെ. ശാന്തരാകുവിൻ’.
സോക്രട്ടീസിന്റെ അന്ത്യനാളുകളെക്കുറിച്ച് പ്ലേറ്റോ എഴുതിയ The Apology 1908 ൽ തെക്കെയാഫ്രിക്കയിൽ വെച്ച് ഗാന്ധിജി ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തിരുന്നു. ചരിത്രത്തിലെ ആദ്യസത്യഗ്രഹി സോക്രട്ടീസ് ആണെന്ന് വിശ്വസിച്ചിരുന്ന ഒരാളിനെ വാളിന് മൂർച്ചകൂട്ടുന്ന മതതീവ്രവാദിക്ക് മനസ്സിലാകില്ലല്ലോ. മനസ്സിലാകുമെന്ന വ്യാമോഹമൊന്നും ഗാന്ധിജിയ്ക്ക് ഇല്ലായിരുന്നൂ താനും.

ഗാന്ധിജിയുടെ രാഷ്ട്രീയത്തിലെ മതാത്മകതയുടെ പ്രതിലോമാംശങ്ങളെ അദ്ദേഹം തൻ്റെ അവസാനദശകങ്ങളിൽ കഴുകിക്കളയുന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. അദ്ദേഹം മരിക്കുന്നതിനു മുൻപ് അവസാനമായി സന്ദർശിച്ച ദേവാലയം മെഹ്‌റോളിയിലെ ഖ്വാജാ ബക്തിയാർ ദർഗയായിരുന്നു.
ഇന്ന് 2023 ലിരുന്ന് ഏതെങ്കിലും മതത്തിൽ പെട്ട ഒരു തീവ്രവാദി ആ സന്ദർശനത്തിന് അവരവരുടെ രാഷ്ട്രീയതാൽപര്യത്തിനുള്ള അർത്ഥം വ്യാഖ്യാനിക്കുവാൻ ശ്രമിച്ചാൽ അത് സോക്രട്ടീസിന്റെ മരണത്തെ വെറും ഒരാത്മഹത്യയായി കരുതുംപോലെയാകും. വലിയ ക്യാൻവാസുകൾ കാണാൻ കഴിയാതെ ചെറിയ ചിത്രങ്ങളിൽ കുടുങ്ങുന്നതാണ് നമ്മുടെ വർത്തമാനകാലദുരന്തം.
Subscribe to our channels on YouTube & WhatsApp