A Unique Multilingual Media Platform

The AIDEM

Articles Cinema International

കാഴ്ചയുടെ വേഗത സത്യത്തിന്റെ വേഗത

കാഴ്ചയുടെ വേഗത സത്യത്തിന്റെ വേഗത

ഉക്രയ്‌ൻ റഷ്യയുടെ അധിനിവേശ യുദ്ധം ആരംഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. നുറു കണക്കിന് മനുഷ്യരുടെ ജീവനും ജീവനോപാധികളും വിഭവങ്ങളും നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകള്‍ കൊണ്ടാര്‍ജ്ജിച്ചെടുത്ത നാഗരികതയുടെ ആധുനിക നിര്‍മ്മിതികളും അടയാളങ്ങളും നാമാവശേഷമാക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. സംസ്‌ക്കാരത്തിനും ഓര്‍മ്മകള്‍ക്കും നേര്‍ക്കുള്ള നിഷ്ഠൂരമായ കടന്നാക്രമണം കൂടിയാണ് ഓരോ യുദ്ധവും.

ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന ഉക്രയ്‌നിയന്‍ കാഴ്ചകള്‍, 1929 ലിറങ്ങിയ സുപ്രസിദ്ധമായ ‘മാന്‍ വിത്ത് എ മൂവി ക്യാമറ’ (കറുപ്പും വെളുപ്പും/നിശബ്ദം/1929/യു എസ് എസ് ആര്‍) എന്ന ഡീഗോ വെര്‍ത്തോവിന്റെ സിനിമയില്‍ നിന്നുള്ളതാണ്. ഈ കാഴ്ചകളും അവയുടെ സംയമനവും അവയില്‍ നിബിഡമായ സങ്കീര്‍ണ യാഥാര്‍ത്ഥ്യങ്ങളും അവയുടെ ‘ഒറിജിനല്‍’  ഇല്ലാതായിക്കഴിഞ്ഞാലും സിനിമാ (സമാധാന) പ്രണയികളുടെ ഹൃത്തടത്തില്‍ നിറഞ്ഞു നില്ക്കും.

എല്ലാക്കാലത്തേയും മികച്ച ഡോക്യുമെന്ററി എന്ന് അടയാളപ്പെടുത്തപ്പെട്ട  ‘മാന്‍ വിത്ത് എ മൂവി ക്യാമറ’ കൃത്യമായ തിരക്കഥയും ഇതിവൃത്തവും അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമയല്ല. വെര്‍ത്തോവിന് ഫീച്ചര്‍ സിനിമ എന്ന ആവിഷ്കാര സമ്പ്രദായത്തോട് പ്രതിപത്തിയുണ്ടായിരുന്നില്ല. നുണകള്‍ കെട്ടിയുണ്ടാക്കുന്നതും കലയെ കൊല ചെയ്യുന്നതുമായ രീതിയാണ് ഫീച്ചറുകളേടെതെന്ന് അദ്ദേഹം വിശ്വസിച്ചു.

പരീക്ഷണാത്മകമായ ഒരു ഡോക്യൂമെന്ററിയാണ് ‘മാന്‍ വിത്ത് എ മൂവി ക്യാമറ’ . പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള സോവിയറ്റ് (ഉക്രയ്‌നും റഷ്യയും) നഗര ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രത്തിലെ പ്രതിപാദ്യം. ജോലി ചെയ്യുകയും വിനോദങ്ങളിലേര്‍പ്പെടുകയും ആധുനിക ജീവിതാവസ്ഥയുടെ യാന്ത്രികതയെ അഭിമുഖീകരിക്കുകയും ചെയ്യുന്ന പൗരന്റെ രേഖാചിത്രങ്ങളാണ് വെര്‍ത്തോവ് ഒപ്പിയെടുക്കുന്നത്. ഈ സിനിമയിലെ കഥാപാത്രങ്ങള്‍, ഛായാഗ്രാഹകനും, സംവിധായകന്‍ കണ്ടെടുക്കുന്ന ആധുനിക സോവിയറ്റ് യൂണിയനുമാണ്. ഡബിള്‍ എക്‌സ്‌പോഷര്‍, ഫാസ്റ്റ് മോഷന്‍, സ്ലോ മോഷന്‍, മരവിപ്പിച്ചു നിര്‍ത്തിയ ഫ്രെയ്മുകള്‍, ജംപ് കട്ട്‌സ്, കഷണങ്ങളാക്കിയ ദൃശ്യങ്ങള്‍, ഡച്ച് കോണുകള്‍, അതി സമീപദൃശ്യങ്ങള്‍, ട്രാക്കിംഗ് ഷോട്ട്‌സ്, പിറകോട്ട് സഞ്ചരിക്കുന്ന ഫൂട്ടേജുകള്‍, സ്വയം വെളിപ്പെടുത്തുന്ന കഥാഗതി എന്നിങ്ങനെ ഇന്ന് നമുക്ക് സുപരിചിതമായ പല സങ്കേതങ്ങളും വെര്‍ത്തോവ് ഈ ചിത്രത്തിലൂടെ ആവിഷ്‌കരിച്ചു. സിനിമക്ക് ഏതറ്റം വരെയും പോകാനാകുമെന്ന് ആദ്യകാലത്തു തന്നെ തെളിയിച്ചു എന്നതാണ് ഈ സിനിമയെ ഒരിതിഹാസമാക്കി പരിവര്‍ത്തിപ്പിച്ചത്. ഒളിപ്പിച്ചു വെക്കാവുന്നതും ശബ്ദം പുറപ്പെടുവിക്കാത്തതുമായ ക്യാമറകളെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത കാലത്തായിരുന്നു ഈ സിനിമയിലൂടെ നവീനമായ ചിത്രീകരണരീതികള്‍ രൂപപ്പെടുത്തിയെടുത്തത് എന്നതാണ് വിസ്മയകരമായ യാഥാര്‍ത്ഥ്യം.

കിനോക്ക്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു ചലച്ചിത്രകൂട്ടായ്മയിൽ അംഗമായിരുന്നു ഡീഗോ വെര്‍ത്തോവ്. ഡോക്യൂമെന്ററി അല്ലാതെയുള്ള എല്ലാതരം സിനിമകളെയും നിരാകരിക്കുന്ന ഒരു സമീപനമാണ് അവര്‍ മുന്നോട്ടുവെച്ചത്. അവര്‍ തന്നെ പ്രതിനിധാനം ചെയ്യുന്ന ചലച്ചിത്രവ്യവസായത്തെ ഉടച്ചില്ലാതാക്കുന്ന നീക്കമായി അത് വ്യാഖ്യാനിക്കപ്പെട്ടു. വെര്‍ത്തോവിന്റെ എല്ലാ സര്‍ഗാത്മകശ്രമങ്ങളും വിവാദജനകമായിത്തീര്‍ന്നു. സിനിമയുടെ തുടക്കത്തില്‍ അദ്ദേഹം ഒരു പ്രസ്താവന എഴുതിക്കാണിക്കുന്നുണ്ട്. ‘മാന്‍ വിത്ത് എ മൂവി ക്യാമറ’ എന്ന സിനിമ, ഉപശീര്‍ഷകങ്ങള്‍ ഇല്ലാത്തതും തിരക്കഥ ഇല്ലാത്തതും നടീനടന്മാരും സെറ്റിംഗ്‌സുകളും ഇല്ലാത്തതുമായ സിനിമയുടെ ഗതിപരിണാമത്തിനായുള്ള ഒരു പരീക്ഷണമാണ്. നാടകത്തില്‍ നിന്നും സാഹിത്യത്തില്‍ നിന്നും മുഴുവനായി വേറിട്ടുപോന്നതും, സമ്പൂര്‍ണവുമായ, ഒരു അന്താരാഷ്ട്രഭാഷ സിനിമക്കുവേണ്ടി രൂപീകരിച്ചെടുക്കാനാണ് ഈ പരീക്ഷണം. സോവിയറ്റ് വിപ്ലവാദര്‍ശങ്ങളെക്കുറിച്ചുള്ള ഒരു നിരീക്ഷണം നടത്തുന്നതിനായി ഭാവികാലത്തേക്ക് കാലഗണനപ്പെടുത്തുന്ന ഒരു നഗരജീവിതത്തെയാണ് അദ്ദേഹം സങ്കല്‍പിച്ചെടുക്കുന്നത്. സത്യത്തിന്റെ വഴി കാണിച്ചുകൊടുത്തുകൊണ്ട് തിരിച്ചറിവിലേക്കും പ്രവൃത്തിപഥത്തിലേക്കും സോവിയറ്റ് പൗരനെ നയിക്കുന്നതിനാണ് ഇതിലൂടെ ഉദ്ദേശിച്ചത്.

സവിശേഷമായ ചലനവേഗം കൊണ്ടും എഡിറ്റിംഗ് കൊണ്ടും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് താന്‍ ശേഖരിച്ചെടുത്ത ദൃശ്യങ്ങളെ അമ്മാനമാടുകയാണ് വെര്‍ത്തോവ്. ഒരേ വസ്തുവിന്മേല്‍ തുടര്‍ച്ചയായി പതിക്കുന്ന കാഴ്ചയിലാണ് സിനിമയുടെ അടിസ്ഥാനമെന്നും വിശ്വാസ്യതയെന്നുമുള്ള ധാരണയെ അദ്ദേഹം തകിടം മറിക്കുന്നു. പിന്നീട് ഇത് ഹോളിവുഡിലും പുറത്തുമായുള്ള എല്ലാ വ്യാവസായികസിനിമയിലും വ്യാപകമായി പ്രയോജനപ്പെടുത്തപ്പെട്ടതുകൊണ്ട് ഇക്കാലത്ത് ഒരു കൗതുകവും തോന്നിക്കൊള്ളണമെന്നില്ല. മാത്രമല്ല, പരസ്യചിത്രങ്ങളുടെ രീതി തന്നെ ഇപ്രകാരമായിക്കഴിഞ്ഞു. തന്റെ കാലത്തെ ജനപ്രിയസിനിമയിലെ കഥ പറച്ചിലിന്നുള്ള അമിതത്വരയെ തുറന്നുകാട്ടുന്നതിനു വേണ്ടിയായിരുന്നു യാഥാര്‍ത്ഥ്യത്തിനു മേലുള്ള അദ്ദേഹത്തിന്റെ തീവ്രമായ ഊന്നല്‍ എന്നത് മറ്റൊരു കാര്യം. ക്യാമറയാണോ കഥയാണോ സിനിമയില്‍ പ്രധാനം എന്ന പ്രശ്‌നത്തിന് കൃത്യമായ ഉത്തരം കണ്ടെത്താന്‍ വെര്‍ത്തോവിന് തൊണ്ണൂറ്റി രണ്ട്‌ കൊല്ലം മുമ്പു തന്നെ സാധിച്ചു എന്നത് നിസ്സാര കാര്യമല്ല. അതുകൊണ്ടാണ്, ‘മാന്‍ വിത്ത് എ മൂവി ക്യാമറ’, ചലച്ചിത്രത്തിന്റെ സൃഷ്ടിപ്രക്രിയയെക്കുറിച്ചുള്ള ഒരു സിനിമയാണെന്ന് അടയാളപ്പെടുത്തപ്പെട്ടത്. ചിത്രീകരണവും ആസ്വാദനവും തമ്മിലുള്ള അകല്‍ച്ചയെ ഇല്ലാതാക്കുകയാണ് വെര്‍ത്തോവ്.

മോസ്‌കോ, കീവ്, ഖര്‍ക്കീവ്, ഒഡേസ്സ എന്നീ വിവിധ നഗരങ്ങളില്‍ നിന്ന്‌ പല സമയങ്ങളില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് മുറിച്ചു ചേര്‍ത്തും, കൂട്ടി ഘടിപ്പിച്ചും, ഇട കലര്‍ത്തിയും വെര്‍ത്തോവ് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നത്. ആളുകള്‍ പ്രഭാതത്തില്‍ ഉണര്‍ന്നെണീക്കുന്നു, തയ്യാറെടുക്കുന്നു, ജോലിക്കു പോകുന്നു, ജോലിയില്‍ ഏര്‍പ്പെടുന്നു, യന്ത്രങ്ങളില്‍ പണിയെടുക്കുന്നു, യന്ത്രങ്ങള്‍ മനുഷ്യരെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നു, നഗരത്തിന്റെ ഗതിവേഗങ്ങളും ബഹളങ്ങളും പൊടിപടലങ്ങളും, ഒഴിവുസമയങ്ങള്‍, കടലോരത്തെ സൂര്യ/സമുദ്ര സ്‌നാനങ്ങള്‍, കായിക വിനോദങ്ങള്‍ എന്നിങ്ങനെ 1920 കളിലെ സാമൂഹ്യജീവിതത്തിന്റെ പ്രാധാന്യത്തെയാണ് സംവിധായകന്‍ നിര്‍ണയിക്കുന്നത്. ഇത്തരത്തില്‍ ഘടനയെ പൊളിച്ചടുക്കി വെര്‍ത്തോവ് പുതിയ ഭാഷയും വ്യാകരണവും രൂപികരിച്ചെടുക്കുമ്പോള്‍ നിയതമായ ആഖ്യാനവും സമ്പൂര്‍ണമാകുന്നു എന്ന നിരീക്ഷണവും പ്രസക്തമാണ്. അതായത്, കഥ പറച്ചിലിനെ തള്ളിപ്പറയുന്നതിനായെടുത്ത ചലച്ചിത്രം പുതിയ കഥയായി രൂപാന്തരപ്പെടുന്നു എന്നു സാരം.

യഥാര്‍ത്ഥത്തില്‍, മനുഷ്യ ജീവിതത്തിന്റെയെന്നതു പോലെ സിനിമയുടെയും അനന്തവും അസാമാന്യവുമായ സാധ്യതകളെയാണ് ‘മാന്‍ വിത്ത്  എ മൂവി ക്യാമറ’ എടുത്തു കാണിക്കുന്നത്. മനുഷ്യരുടെ കണ്ണുകള്‍ക്ക് ഏതെങ്കിലും നിശ്ചിതമായ സമയക്രമത്തിനുള്ളിലുള്ള ദൃശ്യങ്ങളേ കാണാനും ബോധ്യപ്പെടാനും കഴിയൂ എന്ന തരത്തിലുള്ള കണ്ടെത്തലുകളെയെല്ലാം നാലിരട്ടി വേഗതയിലുള്ള എഡിറ്റിംഗ് കൊണ്ട് വെര്‍ത്തോവ് പൊളിച്ചടുക്കി.

വെര്‍ത്തോവ് ദൃശ്യ ഏകോപനങ്ങളിലൂടെ സമന്വയിപ്പിച്ചെടുക്കുന്ന സമൂഹം ലക്ഷ്യബോധത്തെ അടിസ്ഥാനപ്പെടുത്തിയ ഒന്നാണ്. കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ടെലഫോണ്‍ എക്‌സ്‌ചേഞ്ചും സിഗരറ്റ് ഫാക്ടറിയിലെ പാക്കിംഗും; ക്ഷുരകന്‍ കത്തിക്കും, മരം വെട്ടുകാരന്‍ മഴുവിനും മൂര്‍ച്ച കൂട്ടുന്നു; തുണിമില്ലിലെ ചക്രങ്ങള്‍ ട്രാഫിക് സിഗ്നലിലെ ട്രാമുകളുടെ ചലനത്തിലേക്ക്  വിളക്കിച്ചേര്‍ത്തിരിക്കുന്നു; എന്നിങ്ങനെ സമാന്തരങ്ങളും സമാനതകളും കൊണ്ട് സമ്പന്നമാണ് സിനിമ. വെര്‍ത്തോവിന്റെ സഹോദരന്‍ മിഖായേല്‍ കോഫ്മാന്‍ ആണ് ചിത്രത്തിന്റെ മുഖ്യ ഛായാഗ്രാഹകന്‍. ഇപ്പോള്‍ പ്രചാരത്തിലുള്ള പതിപ്പില്‍ സംഗീതം ചെയ്തത് മിനിമലിസ്റ്റായ മിഷേല്‍ നൈമാനാണ്.

സോവിയറ്റ് മാസ്റ്ററായ സെര്‍ഗീവ് ഐസന്‍സ്റ്റീന്‍ (ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്നിന്റെ സംവിധായകന്‍) ഈ ചിത്രത്തെ പാടെ തള്ളിപ്പറഞ്ഞു. അര്‍ത്ഥമില്ലാത്ത ക്യാമറാ തെമ്മാടിത്തം എന്നാണ് അദ്ദേഹം ‘മാന്‍ വിത്ത് എ മൂവി ക്യാമറ’യെ അടച്ചാക്ഷേപിച്ചത്. പാശ്ചാത്യ രാജ്യങ്ങളിലും ഈ സിനിമ നിരാകരിക്കപ്പെട്ടു. ഇതെല്ലാം വെര്‍ത്തോവിന്റെ തമാശകളാണെന്നാണ് പോള്‍ റോത്തയെപ്പോലുള്ള ഡോക്കുമെന്ററി സംവിധായകര്‍ പറഞ്ഞത്.

നിര്‍മ്മിക്കപ്പെട്ട ഉടനെ വിസ്മരിക്കപ്പെടുകയും, സോവിയറ്റ് ചരിത്രത്തില്‍ നിന്ന് തേച്ചു മാച്ചു കളയുകയും ചെയ്ത ‘മാന്‍ വിത്ത് എ മൂവി ക്യാമറ’യെ വീണ്ടെടുത്തത് മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം, ഫ്രഞ്ച് ന്യൂവേവിന്റെ കാലത്താണ്. ഗൊദാര്‍ദും ത്രൂഫോയും വെര്‍ത്തോവിനെ തങ്ങളുടെ അദ്ധ്യാപകന്‍ എന്നാണ് വിളിച്ചത്. എത്തിച്ചേരാനാവാത്ത വൈദഗ്ദ്ധ്യത്തിന്റെ കാന്‍വാസാണ് വെര്‍ത്തോവിന്റെ സിനിമകള്‍ എന്നാണവര്‍ പുകഴ്ത്തിയത്. ഗൊദാര്‍ദാണ് ജമ്പ് കട്ട് ആരംഭിച്ചത് എന്നാണ് എല്ലാവരും പറയാറ്. എന്നാല്‍ വെര്‍ത്തോവിന്റെ സിനിമയില്‍ ജമ്പ് കട്ടല്ലാതെ മറ്റൊന്നുമില്ല. ജെയിംസ് ജോയ്‌സിന്റെ ‘യൂളീസസ്സി’നു സമാനമായ ചലച്ചിത്ര സൃഷ്ടിയാണ് ‘മാന്‍ വിത്ത് എ മൂവി ക്യാമറ’ എന്നു പോലും വിലയിരുത്തപ്പെട്ടു.

അറുപത്തിയെട്ട് മിനുറ്റ് ദൈര്‍ഘ്യമുള്ള മുഴുവന്‍ സിനിമയും ഇന്റര്‍നെറ്റ് ആര്‍ക്കൈവില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ യുട്യൂബില്‍ കാണുകയോ ചെയ്യാം.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.