അടുത്ത വീട്ടിലെ അമ്മച്ചി ഇന്ന് രാവിലെ കണ്ടപ്പോൾ: “ മോനെ, മോനെന്തോ സിനിമയൊക്കെ ചെയ്യുന്നുണ്ട്, അല്ലേ? “
ഞാനൽപ്പം അഭിമാനത്തോടെ: ഉണ്ട് , അമ്മ.. ചെറിയ ചില വർക്കുകൾ ഒക്കെ ചെയ്തിട്ടുണ്ട്.
അമ്മച്ചി: മഹാ ചീത്ത ഫീൽഡാ അല്ലിയോ? വാർത്തയൊക്കെ കാണുമ്പോൾ എന്തോ വല്ലാത്ത പോലെ..
ഞാൻ (അൽപ്പം പതിഞ്ഞ ശബ്ദത്തിൽ): അതിപ്പോ അമ്മച്ചി , എല്ലാ ഫീൽഡിലും നല്ലതും ചീത്തയും ഒക്കെ ഉണ്ടല്ലോ..
അമ്മച്ചി (മുഖത്ത് കഷ്ടം വച്ചു കൊണ്ട്): എന്നാലും, മോൻ വേറെ എന്തോ നല്ല ജോലിയൊക്കെ ചെയ്തോണ്ടിരുന്നതല്ലേ.. അതൊക്കെ വിട്ടിട്ട്, ഈ ചീത്ത ഫീൽഡിൽ വരണമായിരുന്നോ?
ഞാൻ (അൽപ്പം ചൂളിക്കൊണ്ട്, ഉറച്ച ശബ്ദത്തിൽ): അതിപ്പോ നമ്മക്ക് സന്തോഷം തോന്നുകയും ചെയ്യാൻ തോന്നുകയും ചെയ്യേണ്ട കാര്യമല്ലേ നമ്മള് ചെയ്യേണ്ടത് അമ്മച്ചി.. സിനിമാക്കാരെ എല്ലാവരും അറിയുന്നത് കൊണ്ട് അവരിൽ ചിലരൊക്കെ ചെയ്തു കൂട്ടിയ കൊള്ളരുതായ്മകളും എല്ലാവരും അറിയുന്നു.. മറ്റ് സ്ഥലത്ത് നടക്കുന്നത് ആൾക്കാര് ഇത്ര ചർച്ച ചെയ്യുന്നില്ല എന്നേ ഉള്ളൂ..
അമ്മച്ചി: എന്നാലും.. പണ്ടൊക്കെ ഇതൊക്കെ കുറവായിരുന്നു.
ഞാൻ: അങ്ങനെ പറയാൻ പറ്റില്ല അമ്മച്ചി. പണ്ട് ഇത്തരം കാര്യങ്ങൾ ഇതു പോലെ പുറത്തെത്തിയിരുന്നില്ല.. ഇപ്പോ, ചിലതൊക്കെ പുറത്തെത്തി .. അത്രയെ ഉള്ളു..
അമ്മച്ചി: മോന്റെ കൂടെ ചിലപ്പോ പെൺകുട്ടികൾ ഒക്കെ ഉണ്ടാവാറുണ്ട്, അല്ലേ? നാട്ടുകാർ അങ്ങനെയൊക്കെ പറയാറുണ്ട്.
ഞാൻ: എന്റെ കൂടെ പെൺകുട്ടികളും ആൺകുട്ടികളും ഒക്കെ ഉണ്ടാവാറുണ്ട്.. അവരൊക്കെ എന്റെ സുഹൃത്തുക്കളും വർക്കിൽ ഒപ്പം ഉള്ളവരും ആണ്. ഞങ്ങൾ ഒന്നിച്ച് യാത്ര പോവുകയും ഒരേ വീട്ടിൽ താമസിക്കുകയും ഒരേ മുറിയിൽ കിടന്ന് ഉറങ്ങുകയും ഒക്കെ ചെയ്യാറുണ്ട്.
അമ്മച്ചി: പൊതുവേ ആ ഫീൽഡിനെ പറ്റി നല്ല അഭിപ്രായം അല്ല..
ഞാൻ: എല്ലാ സ്ഥലത്തും നല്ലതും കെട്ടതും ഒക്കെ ഉണ്ട് അമ്മച്ചി.. രാഷ്ട്രീയത്തിലും മതത്തിലും ഒക്കെ നടക്കുന്ന കൊള്ളരുതായ്മകൾ നമ്മള് കാണുന്നില്ലേ? വേറെ മേഖലകൾ എടുത്താൽ അതിലും ഇതൊക്കെ കാണില്ലേ? നാട്ടിൽ ഒരു സ്ത്രീ നടന്നു പോകുമ്പോ കലുങ്കിലിരുന്ന് ശല്യം ചെയ്യുന്നവരെ അമ്മച്ചി കണ്ടിട്ടില്ലേ? ഇതിൽ ചിലരൊക്കെ സിനിമയിൽ എത്തിയാൽ അവർ അവിടെയും ആ സ്വഭാവം തന്നെ കാണിക്കും. കുറെ കൂടി സൗകര്യം ഉള്ള അവസരം കിട്ടിയാൽ അതിലും കൂടുതലും കാണിക്കും. അത്രയെ ഉള്ളൂ…
അമ്മച്ചി (നിരാശ ഭാവത്തിൽ): അത് ശരിയാ.. പള്ളിയിലെ കാര്യമൊന്നും പറയാതിരിക്കുന്നതാ ഭേദം.. എന്തൊക്കെ നാണം കേട്ട കാര്യങ്ങളാ നടക്കുന്നത്.
ഞാൻ (ഫുട്ബോൾ മത്സരത്തിൽ ഗോളടിക്കാൻ അവസരം കിട്ടിയവന്റെ സന്തോഷത്തോടെ): അത്രയെ ഉള്ളൂ അമ്മച്ചി.. ഇത്തരം വിഷയങ്ങൾക്ക് പള്ളിയെന്നോ സിനിമയെന്നോ ഭേദം ഒന്നും ഇല്ല.. എന്നിട്ടും ആളുകൾ പള്ളിയിൽ പോകുന്നില്ലേ?
അമ്മച്ചി: ശരിയാ പറഞ്ഞത്..
ഞാൻ (ആശ്വാസ ഭാവത്തിൽ): ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഇനി ഉണ്ടാവരുത് എന്ന് വാദിക്കുന്ന കൂട്ടത്തിൽ പെട്ടവരാ ഞങ്ങളൊക്കെ.. അത് സിനിമയായാലും പള്ളിയിൽ ആയാലും വേറെ എവിടെയെങ്കിലും ആയാലും നടക്കാൻ പാടില്ല. സിനിമ ചെയ്യാൻ ഇഷ്ടമുള്ളവർക്ക് അത് താത്പര്യത്തോടെ, സുരക്ഷിതമായി ചെയ്യാനും സിനിമ ഇഷ്ടമുള്ളവർക്ക് അത് നന്നായി കാണാനും അവസരം വേണം. അതാണ് ഈ പറയുന്നതൊക്കെ..
അമ്മച്ചി: പക്ഷേ, വാർത്ത കണ്ടാൽ അതാണ് എന്നല്ല മനസ്സിലാവുക, സിനിമ ഫീൽഡ് മൊത്തം പീഡനം ആണ് എന്നാണ് മനസ്സിലാവുക.
ഞാൻ (ഉപദേശ ഭാവത്തിൽ): ഇത് പഴയ കാലം അല്ലല്ലോ അമ്മച്ചി, വാർത്തകൾ ഇപ്പോ ടിവിയിൽ ഒക്കെ കാണുന്നവരുടെ എണ്ണം കുറവാണ്. അപ്പോ , മൊബൈലിൽ ഒക്കെ കൂടുതൽ ആളുകൾ കാണാൻ വേണ്ട ന്യൂസുകൾ ആണ് ഇങ്ങനെ വാർത്തകൾ ഒക്കെയായി പ്രചരിക്കുന്നത്. സിനിമ ഫീൽഡിൽ എത്രയോ നല്ല ആളുകൾ പണിയെടുക്കുന്നുണ്ട്.
അമ്മച്ചി: മോൻ പറഞ്ഞത് ശരിയാ..
ഞാൻ: അത്രയെ ഉള്ളൂ അമ്മച്ചി.. പെണ്ണിനും ആണിനും കുട്ടികൾക്കും മറ്റുള്ളവർക്കും ഒക്കെ എല്ലായിടത്തും സുരക്ഷിതത്വം വേണം, വീട്ടിലും നാട്ടിലും സിനിമയിലും ജോലി സ്ഥലത്തും ഒക്കെ അതുണ്ടാകണം.
അമ്മച്ചി: ശരിയാ മോനെ.. ഇപ്പോ കുട്ടികളെ പുറത്ത് വിടാൻ തന്നെ പേടിയാ..
ഞാൻ: ഈ അവസ്ഥ മാറണം അമ്മച്ചി.. നമ്മളോക്കെ അതിനായി പണിയെടുക്കുകയാണ് വേണ്ടത്..
അമ്മച്ചി: അത് വേണം..
ഞാൻ (സെൽഫ് മാർക്കറ്റിങ്ങിനുള്ള അവസരം വീണു കിട്ടിയതിന്റെ സന്തോഷത്തിൽ, തല ഉയർത്തി, തൊണ്ട ശരിയാക്കി കൊണ്ട്): അമ്മച്ചി .. ഒരു കാര്യം കൂടി.. നാളെ എറണാകുളത്ത് ഇടപ്പള്ളി വനിതാ തിയേറ്ററിൽ രാവിലെ 10 മണിക്ക് എന്റെ ഒരു സിനിമ കാണിക്കുന്നുണ്ട്. ഞാൻ എന്റെ അമ്മയെ ഒക്കെ കൊണ്ടു പോയി കാണിച്ച സിനിമയാണ്. സമയം കിട്ടിയാൽ അമ്മച്ചിയും വരണം..
അമ്മച്ചി: ഞാൻ അങ്ങനെ സിനിമക്കൊന്നും പോകാറില്ല.. പണ്ടൊക്കെ പോയതാ… എന്നാലും നന്നായി വരട്ടെ മോനെ..
(ചെറിയ ടാർ വഴി പിരിയുന്നിടത്ത് അമ്മച്ചി അവരുടെ വീട്ടിലേക്കും ഞാൻ എന്റെ വീട്ടിലേക്കും തിരിച്ചു നടക്കുന്നു)