A Unique Multilingual Media Platform

The AIDEM

Art & Music Articles South India

ഐ ആം സോറി അയ്യപ്പാ..

ഐ ആം സോറി അയ്യപ്പാ..

പ്രമുഖ ഗായികയും ബിഗ്ബോസ് തമിഴ് പതിപ്പിലൂടെ പ്രശസ്തയുമായ ഇശൈവാണിയ്ക്കെതിരെ തീവ്രഹിന്ദുത്വ വലതുപക്ഷം ഹീനവും മാരകവുമായ ഓൺലൈൻ ആക്രമണം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺ വിളികളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഇശൈവാണി ചെന്നൈ പൊലീസ് കമ്മീഷണർ എ അരുണിന് പരാതി സമർപ്പിച്ചിട്ടുണ്ട്.

ഈയടുത്ത ദിവസം ഇശൈവാണിയുടെ ഒരു ക്രിസ്തീയ ഭക്തിഗാനം പുറത്തിറങ്ങിയിരുന്നു. ഇതിൽ പ്രകോപിതരായവരെന്നതു പോലെ, അവർ 2018ൽ പാടിയ ഐ ആം സോറി അയ്യപ്പാ എന്ന പാട്ടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ വിവരണങ്ങൾ പ്രചരിപ്പിക്കുന്ന ദുരുപദിഷ്ട നീക്കമാണ് ഫാസിസ്റ്റ് വലതുപക്ഷം നടത്തിയിരിക്കുന്നത്.

അവർ പറയുന്നത് ‘ക്രിസ്ത്യാനി’യായ ഇശൈവാണി ഹിന്ദു ദൈവത്തെ അപമാനിച്ചിരിക്കുന്നു എന്നാണ്.

ശബരിമല സീസൺ ആരംഭിച്ച ഘട്ടത്തിലാണ് ഈ സമൂഹ-വിഭജന നീക്കം എന്നതാണ് ശ്രദ്ധേയം. ഇശൈവാണിയുടെ മോർഫ് ചെയ്ത ആഭാസചിത്രങ്ങളും ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ നിറച്ചിരിക്കുകയാണ്.

ചലച്ചിത്ര കാരൻ പാ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദ് കാസ്റ്റ്ലെസ്സ് കളക്റ്റീവ് (ജാതിരഹിതകൂട്ടായ്മ) എന്ന സംഗീത ബാൻഡ് ആണ് ഇപ്പോൾ വിമർശിക്കപ്പെടുന്ന പാട്ട് എഴുതിയതും പുറത്തിറക്കിയതും. മദ്രാസ് മേടൈ എന്ന അരങ്ങിൽ 2018ൽ അവതരിപ്പിക്കപ്പെട്ട സംഗീതശില്പത്തിൽ സുപ്രസിദ്ധ നാടൻ പാട്ടു കലാകാരൻ അറിവും ഉണ്ടായിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തിൽ ആയിരുന്നു ഈ സംഗീതാവതരണം. അതോടൊപ്പം ജാത്യധീശത്വം, ലിംഗാധികാരം എന്നിവയുടെ നിശിതവിമർശനവുമായിരുന്നു ഐ ആം സോറി അയ്യപ്പാ.

പരിശുദ്ധി സംബന്ധമായ ബ്രാഹ്മണ-പുരുഷ വ്യാഖ്യാനത്തെ ഈ പാട്ട് തുറന്നുകാട്ടി. ആത്മാഭിമാനം (സുയമരിയാദൈ) ഉയർത്തിപ്പിടിക്കുന്ന പെരിയാറിസമാണ് പാട്ടിന്റെ അന്തർധാര.

വസ്ത്രവും ജോലിയും പ്രണയവും സ്ത്രീയുടെ സ്വയം നിർണയാവകാശമാണെന്ന് ഇശൈവാണി പാടി. നിശ്ചയിക്കപ്പെടുന്ന വിവാഹബന്ധത്തിൽ (അറേഞ്ച്ഡ് മാര്യേജ്) പെൺകുട്ടികളെ കുടുക്കിയിടുന്നതിനെയും പാട്ട് വിമർശിച്ചു. കുരങ്ങിനെ കെണിയിൽ പെടുത്തുന്നതു പോലെ എന്നാണീ അവസ്ഥ വിവരിക്കപ്പെട്ടത്.

#istandwithisaivani എന്ന ഹാഷ്ടാഗിലും അല്ലാതെയും തമിഴ് കലാ സാംസ്കാരിക രംഗത്തെ വ്യക്തികളും സംഘടനകളും ഇശൈവാണിയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി. പാ രഞ്ജിത്ത് നേതൃത്വം നൽകുന്ന നീലം പൺപാട്ടു മയ്യം (സാംസ്കാരിക സംഘടന) പറയുന്നത് ഇത് ഒരു ഗായികയ്ക്കെതിരായ ആക്രമണം മാത്രമല്ല എന്നാണ്. പുതുതായി ഉയർന്നു വരുന്ന സർഗചേതന ഉള്ള ഏതൊരു കലാകാരിയ്ക്കും കലാകാരനും ഭീഷണിയാണ് ഈ നീക്കങ്ങൾ. ജനങ്ങളുടെ മൗലികാവകാശത്തിനും അടിസ്ഥാന ജനാധിപത്യ മൂല്യങ്ങൾക്കുമെതിരാണീ കടന്നാക്രമണം.

തമിഴ്നാട് മുർപ്പോക്ക് എഴുത്താളർ കലൈഞർകൾ സംഘം ശക്തമായ പിന്തുണ ഇശൈവാണിയ്ക്ക് നൽകാൻ ആഹ്വാനം ചെയ്തു.

ലിംഗസമത്വം, സമൂഹനീതി, ആവിഷ്കാര സ്വാതന്ത്ര്യം, ജാതിനിർമാർജനം, ശാസ്ത്ര ചിന്ത, യുക്തിബോധം എന്നിവയെയെല്ലാം വെല്ലുവിളിക്കുന്ന നീക്കങ്ങളാണ് ഫാസിസ്റ്റുകൾ നടത്തുന്നതെന്ന് തമുഎകസ ഓർമ്മിപ്പിച്ചു. തമിഴ്‌നാട് തീണ്ടാമൈ ഒഴിപ്പുമുന്നണി (അയിത്തോച്ചാടന മുന്നണി)യും ഇശൈവാണിയ്ക്ക് പിന്തുണ നൽകി.

ഇശൈവാണിക്ക്‌ നേരേയുള്ള സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ചു തമിഴ്നാട്ടിലേ പുരോഗമന എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രസ്താവന ചുവടെ ചേർക്കുന്നു. വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


ഈ വിഷയം സംബന്ധിച്ച് ‘ ദി ന്യൂസ് മിനിട്ട് ‘ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം ഇവിടെ.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x