A Unique Multilingual Media Platform

The AIDEM

Articles Cinema Kerala South India

തിരശ്ശീലയില്‍ ഷീല

തിരശ്ശീലയില്‍ ഷീല

പ്രശസ്ത അഭിനേത്രി ഷീലക്ക് ഇന്ന് 77 ാം പിറന്നാൾ. ഷീലയുടെ അഭിനയ ജീവിതത്തെ വിലയിരുത്തുകയാണ് ചലച്ചിത്ര നിരൂപകനും ഗ്രന്ഥകർത്താവുമായ ജി.പി രാമചന്ദ്രൻ

 

ഷീലയുടെ അഭിനയജീവിതത്തെക്കുറിച്ചുള്ള പ്രധാന പഠനങ്ങളെല്ലാം ചെമ്മീന്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ ഏതാനും ശ്രദ്ധേയ സിനിമകളെയാണ് അധികവും അവലംബമാക്കിയിട്ടുള്ളത്. തീര്‍ച്ചയായും, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും പല കാരണങ്ങളാല്‍ ഓര്‍മ്മയിലും ആസ്വാദനത്തിലും തങ്ങി നില്‍ക്കുന്ന സിനിമകള്‍ എന്ന നിലയില്‍ ഈ സിനിമകളുടെ പഠനവും അവയില്‍ ഷീലയുടെ അഭിനയപ്രാതിനിധ്യവും ഏറ്റവും പ്രധാനമാണ്. തകഴിയുടെ നോവലിനെ ആസ്പദമാക്കി, കെ എസ് സേതുമാധവന്‍ അന്നു പരിചിതമായിരുന്ന മുഖ്യധാരാ/ജനപ്രിയ സിനിമാശൈലിയില്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍(1971) പല നിലക്കും ശ്രദ്ധേയമായിരുന്നു. പ്രണയവും ലൈംഗികതയും വിവാഹബന്ധത്തിനുള്ളിലെ വിശ്വാസ്യതയും വിവാഹേതര ബന്ധങ്ങളും പോലുള്ള നാടകീയമായ വ്യക്തി/മാനുഷിക സങ്കീര്‍ണതകളാണ് കഥയുടെ കരുത്ത്. എന്നാല്‍, അതിലുപരിയായി കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും തൊഴിലാളി സംഘടനാപ്രവര്‍ത്തനത്തിന്‍റെയും മൂല്യ/ധാര്‍മിക ചരിത്രത്തിനോടുള്ള പ്രമേയത്തിന്‍റെയും പരിചരണത്തിന്‍റെയും സമീപനം കൊണ്ടായിരിക്കണം അനുഭവങ്ങള്‍ പാളിച്ചകള്‍, ഇത്രയേറെ ശ്രദ്ധ പിടിച്ചു പറ്റിയതും ചരിത്രത്തിലിടം നേടിയതും. ക്രൂരനായ മുതലാളിയെ കൊല്ലുന്ന ഉശിരനായ തൊഴിലാളി പ്രവര്‍ത്തകന്‍റെ വ്യക്തി/സംഘടനാ ആന്തരികതകളിലേക്ക് വെളിച്ചം പായിക്കുന്ന അനുഭവങ്ങള്‍ പാളിച്ചകളിലെ നായകത്വ നിര്‍മിതി സവിശേഷമാണ്.

നേതാവും ബഹുജനപ്രവര്‍ത്തകനും ആയ കഥാപാത്രത്തിന്‍റെ -ചെല്ലപ്പന്‍(സത്യന്‍)- സാമൂഹ്യ-വൈയക്തിക സ്വത്വങ്ങള്‍ തമ്മിലുള്ള പിടിവലികളാണ് കാഴ്ചപ്പാടുകളുടെയും നിഗമനങ്ങളുടെയും സംഘര്‍ഷങ്ങളെ രൂപീകരിക്കുന്നത്. പ്രധാന സ്ത്രീകഥാപാത്രങ്ങളായ ഭവാനി(ഷീല), പാര്‍വതി(കെ പി എസി ലളിത) എന്നിവര്‍; ലൈംഗിക ശരീരങ്ങളെന്ന നിലക്കും സാമൂഹിക/ആത്മീയ മാനസിക നിലകള്‍ പ്രകടിപ്പിക്കുന്നവരെന്ന നിലക്കും ആരാധിക/കാമുകി/ഭാര്യ/അമ്മ/ത്രികോണ പ്രണയിനി എന്ന നിലക്കുമൊക്കെയും, ആണധികാര പ്രത്യയശാസ്ത്രത്തിനകത്തു തന്നെയാണ് രൂപകല്പന ചെയ്യപ്പെടുന്നതും നിര്‍മ്മിക്കപ്പെടുന്നതും.

മൂടൽ മഞ്ഞ് ചിത്രത്തിൽ ഷീലയും പ്രേം നസീറും

മരക്കാന്‍ കടലില്‍ പോകുമ്പോള്‍, മരക്കാത്തി കരയിലെ വീട്ടില്‍ ചാരിത്രം സംരക്ഷിച്ചിരിക്കണം എന്ന കടലിന്‍റെയും കരയുടെയും അലിഖിത സദാചാരസംഹിതയാണ് ചെമ്മീനി(1965)ലൂടെ ജനപ്രിയാഖ്യാനചരിത്രത്തില്‍ സ്ഥിരീകരിച്ചത്. പൊതുബോധ രൂപപ്രത്യക്ഷമുള്ള ഇതേ സമൂഹവ്യാഖ്യാനം തന്നെയാണ് അനുഭവങ്ങള്‍ പാളിച്ചകളിലും ഉന്നയിക്കപ്പെടുന്നത്. വീടിനകത്ത്, മദ്യപിച്ചു വന്ന് ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും അവളുടെ ചാരിത്രത്തില്‍ സംശയമുന്നയിക്കുകയും ചെയ്യുന്ന ചെല്ലപ്പന്‍റെ(സത്യന്‍) നടപടിയെ ലഘൂകരിച്ചുകാണുകയോ ന്യായീകരിക്കുകയോ ആണ് അയല്‍പക്കത്തെ മറ്റു പെണ്ണുങ്ങള്‍. അവരുടെ നേതാവും കണ്ണിലുണ്ണിയുമാണയാള്‍. അതായത്, ലിംഗപരമായി പെണ്ണുങ്ങളാണെങ്കില്‍ പോലും, അവരുടെ ചിന്താഗതികളും നിലപാടുകളും രൂപപ്പെടുന്നതും നിര്‍ണയിക്കപ്പെടുന്നതും പുരുഷാധിപത്യ പ്രത്യയശാസ്ത്രത്തിനകത്താണെന്നു ചുരുക്കം. ചെല്ലപ്പന്‍ വന്നതിനു ശേഷമാണ്, മുതലാളിമാരും ജന്മികളും തൊഴിലാളികളെ മാനിക്കാന്‍ തുടങ്ങിയതെന്നും കൂലിക്കൂടുതല്‍ പോലുള്ള ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കാന്‍ തുടങ്ങിയതെന്നുമുള്ള അവരുടെ വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും പരോക്ഷമായി സൂചിപ്പിക്കുന്നത് വീട്ടിനകത്ത് അയാളുടെ പെരുമാറ്റങ്ങളെത്ര അപമാനകരവും മനുഷ്യത്വവിരുദ്ധവുമാണെങ്കിലും സമൂഹത്തിനയാള്‍ ഉപകാരമുള്ളവനാണെന്നതു കൊണ്ടും നേതാവാണെന്നതു കൊണ്ടും, സ്ത്രീയെന്ന നിലക്ക് ഭവാനിയുടെ സങ്കടങ്ങളോട് സമഭാവപ്പെടാന്‍ തങ്ങള്‍ക്കാവില്ലെന്നാണ്. ചെല്ലപ്പന്‍ ചേട്ടന്‍ യൂണിയന്‍റെ നേതാവല്ലേ, ഒരു കാരണവുമില്ലാതെ തല്ലുകേല എന്നാണ് അയല്‍ക്കാരി പറയുന്നത്. നേതാവായ ഭര്‍ത്താവ്, കള്ളക്കേസില്‍ കുടുങ്ങി ഒളിവില്‍ പോയ സമയത്താണ്, യൂണിയന്‍റെ സമരസ്ക്വാഡ് ഭവാനിയുടെ വീട്ടിലെത്തുന്നത്.

‘അനുഭവങ്ങൾ പാളിച്ചകൾ’ ചിത്രത്തിൽ നിന്ന്

അവരെ വിമര്‍ശിച്ച് സംസാരിച്ച അവളോട്, ഭവാനിച്ചേച്ചി എന്താ വര്‍ഗബോധമില്ലാതെ സംസാരിക്കുന്നത് എന്നാണ് പ്രവര്‍ത്തകര്‍ രൂക്ഷമായി പ്രതികരിക്കുന്നത്. യൂണിയന്‍ നേതാക്കള്‍ക്ക് സമരം നടത്തല്‍ മാത്രമേ ഉള്ളൂ എന്നൊക്കെ കടന്നാക്രമിക്കുന്ന ഭവാനി പക്ഷെ, അവള്‍ക്കാവുന്ന വിധത്തില്‍ സംഭാവന കൊടുക്കുകയും അവരത് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. വിജയിയായ ഏതു പുരുഷന്‍റെ പിറകിലും ഒരു സ്ത്രീ ഉണ്ടെന്ന അത്യന്തം സ്ത്രീ വിരുദ്ധമായ പഴഞ്ചൊല്ലിനെ പറയാതെ തന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, സ്ത്രീ വീടിനുള്ളില്‍ വിധേയയായും അടങ്ങിയൊതുങ്ങിയും പീഡനങ്ങളഥവാ ഉണ്ടെങ്കില്‍ അതു സഹിച്ചും ഭര്‍ത്താവിന് കീഴ്‌പ്പെടേണ്ടത്; ഭര്‍ത്താവ്/പുരുഷന്‍/സാമൂഹ്യ വ്യക്തിത്വം പുറം സമൂഹത്തില്‍ നല്‍കേണ്ട നേതൃപരവും ദിശാബോധപരവുമായ പങ്കിനെ പൊലിപ്പിക്കാനും സാധൂകരിക്കാനും മുഴുവന്‍ സമയവും പ്രാവര്‍ത്തികമാക്കാനും അത്യാവശ്യമാണെന്ന ചിന്താഗതിയാണ് ഉറപ്പിക്കപ്പെടുന്നത്. ഈ ബലതന്ത്രം തകിടം മറിയുമ്പോഴാണ്, പുരുഷന്/ഭര്‍ത്താവിന് സാമൂഹ്യ/വൈയക്തിക വ്യക്തിത്വങ്ങളില്‍ അപഭ്രംശം സംഭവിക്കുന്നതെന്നുമുള്ള വ്യാഖ്യാനങ്ങളും കഥയില്‍ നിന്ന് വായിച്ചെടുക്കാം. ഇപ്രകാരം, രണ്ട്  അല്ലെങ്കില്‍ അതിലുമധികം മുഖങ്ങളും ഭാവങ്ങളും ഉള്ളുകളും ഉള്ള ഒരു പുരുഷ നായകന്‍റെ സങ്കീര്‍ണ പ്രതിനിധാനമാണ് ചെല്ലപ്പനിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നതെങ്കില്‍ ഷീല അവതരിപ്പിക്കുന്ന ഭവാനി അടക്കമുള്ള മുഖ്യ സ്ത്രീകഥാപാത്രങ്ങള്‍ക്കൊന്നും അത്ര സങ്കീര്‍ണത കാണാനില്ല.

ഷീല

ഈ നായക പ്രധാന സിനിമകളില്‍ നിന്നു വ്യത്യസ്തമായി, നായിക എന്നതിനോടൊപ്പം സിനിമയുടെ ശീര്‍ഷകം തന്നെ സൂചിപ്പിക്കുന്ന വിധത്തില്‍ ഷീലയുടെ കഥാപാത്രത്തെ മുഖ്യാടിസ്ഥാനമാക്കുന്ന കുറെയധികം സിനിമകള്‍ അറുപതുകളിലും എഴുപതുകളിലും ഇറങ്ങുകയുണ്ടായി. ഏതാണ്ടഞ്ഞൂറോളം സിനിമകളില്‍ ഷീല അഭിനയിച്ചിട്ടുണ്ടെന്നാണ് വിക്കിപ്പീഡിയ രേഖപ്പെടുത്തിയിട്ടുള്ളത്. ഇക്കൂട്ടത്തില്‍ നിന്ന്, ഷീല അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്‍റെ പേര് തന്നെ ശീര്‍ഷകമായി വരുന്ന ഏതാനും സിനിമകളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.

അക്കാലത്തിറങ്ങിയ ചില സിനിമകളില്‍ സിനിമയുടെ ശീര്‍ഷകം കഴിഞ്ഞാല്‍ അഭിനേതാക്കളുടെ പേരെഴുതിക്കാണിക്കുന്നതിന്‍റെ തുടക്കം ഇപ്രകാരമായിരുന്നു. തിരശ്ശീലയില്‍ ഷീല. തുടര്‍ന്ന് കെപി ഉമ്മര്‍, അടൂര്‍ ഭാസി, ബഹദൂര്‍, ഗോവിന്ദന്‍കുട്ടി, ജോസ്പ്രകാശ്, പറവൂര്‍ ഭരതന്‍ എന്നിങ്ങനെ. അതായത്, ആ സിനിമയില്‍ ഏറ്റവും സുപ്രധാനമായ വേഷം ചെയ്യുന്ന കഥാപാത്രം സ്ത്രീയുടേതാണെന്നു മാത്രമല്ല, അവര്‍ ഒരു താരവുമാണ്. അതായിരുന്നു ഷീല. തങ്ങള്‍ക്കിഷ്ടമുള്ള കഥകള്‍ തെരഞ്ഞെടുത്ത് സംവിധാനം ചെയ്ത് പുറത്തിറക്കുന്ന സംവിധായകരും നിര്‍മ്മാതാക്കളും ഇതുപോലെ കുറെയധികം സിനിമകളില്‍ ടൈറ്റില്‍ തയ്യാറാക്കിയത്, താരങ്ങള്‍ക്കിടയിലെ ആണ്‍പ്രമാണിമാര്‍ക്ക് സഹിക്കാവുന്ന കാര്യമായിരുന്നില്ല. പുരുഷകേസരികളായ ഞങ്ങളുള്ളപ്പോള്‍ ഇപ്രകാരം ഒരു നടിയുടെ പേര്, അവരെത്ര വലിയ താരമോ ആയിക്കൊള്ളട്ടെ ആദ്യം വരുകയും തങ്ങളുടെയോ അതല്ലെങ്കില്‍ മറ്റു പുരുഷ താരങ്ങളുടെയോ പേര് നടിയുടെ പേരിനു പിന്നാലെ വരുന്നതും ശരിയായ പ്രവണതയല്ലെന്ന് അവര്‍ പ്രതികരിച്ചു. തര്‍ക്കം തീര്‍ക്കാനായി, തിരശ്ശീലയില്‍ നിങ്ങളുടെ ഇഷ്ടതാരങ്ങള്‍ എന്ന വിധത്തില്‍ എഴുതി, അഭിനേതാക്കളുടെ പേര് നിഗൂഢമാക്കി വെക്കുകയോ പ്രേക്ഷകരുടെ ഊഹങ്ങള്‍ക്കും പൊതുവിജ്ഞാന ശേഖരണത്തിനുമായി വിട്ടുകൊടുക്കുകയാണ് പില്‍ക്കാലത്ത് മലയാള സിനിമ ചെയ്തത്. ഈ രീതി ഇപ്പോഴും ഏറെക്കൂറെ മാറ്റമില്ലാതെ തുടരുകയാണ്. ഷീല തന്നെ ഒരഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറയുകയുണ്ടായി.

എന്‍ എന്‍ പിള്ള രചന നിര്‍വഹിച്ച് മണി (ക്രോസ്ബെല്‍റ്റ് മണി) സംവിധാനം ചെയ്ത കാപാലിക(1973) എന്ന സിനിമയുടെ ടൈറ്റില്‍ ഇപ്രകാരമാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ബോംബെയില്‍ സ്വന്തമായി ഒരു വേശ്യാലയം നടത്തുന്ന കാപാലിക എന്ന റോസമ്മ എന്ന രാഗിണിയുടെ നായികാ വേഷമാണ് ഷീല അവതരിപ്പിക്കുന്നത്. സദാചാര നന്മമര സങ്കല്പപ്രകാരമുള്ള കുലസ്ത്രീ പട്ടത്തിന്‍റെ നേര്‍വിപരീതമാണ് കാപാലികയുടേത്. കുലസ്ത്രീ പട്ടം ചാര്‍ത്തിക്കൊടുക്കാന്‍ അധികാരമുള്ള ഒരു സന്യാസവേഷധാരിയായ താടി നീട്ടിയ ഗുരു, ഖദര്‍ധാരിയായ രാഷ്ടീയ നേതാവ്, കോര്‍പ്പറേറ്റ് കമ്പനി മാനേജര്‍ എന്നിവരുടെയൊക്കെ പൊയ്മുഖങ്ങള്‍ കീറിപ്പറിക്കുന്ന മാരകമായ വിധ്വംസനശേഷിയുള്ള (പ്രതി)നായികയെ ഷീല എത്ര മികവോടെയും മിടുക്കോടെയുമാണ് അഭിനയിച്ചു ഫലിപ്പിക്കുന്നതെന്നു നോക്കുക. യുവത്വമുള്ള വ്യഭിചാരിണി എന്ന നിലയില്‍ മാദകത്വം പ്രദര്‍ശിപ്പിക്കുന്ന സ്ത്രീ ശരീരത്തിന്‍റെ ജ്വലനങ്ങളും  ഷീലയുടെ ശരീരഭാഷയിലുണ്ടെന്നതില്‍ സംശയമില്ല. വ്യഭിചരിക്കാനും പണം പിരിക്കാനുമെത്തുന്ന സന്യാസിയും കോര്‍പ്പറേറ്റും പാതിരിയും അതിനു പുറമെ  അവരുടെ നിയമപ്രകാരമുള്ള ഭര്‍ത്താവും അവരോടെല്ലാം ഒപ്പം ചേര്‍ന്നും അവരില്‍ ലയിച്ചും ആണ്‍കാണികളും ഈ ശരീരക്കാഴ്ചയില്‍ മതിമറക്കുന്നുമുണ്ട്. അതിനനുസൃതമായ ഒരു ഛായാഗ്രഹണീരീതിയും നിഴലും വെളിച്ചവും തമ്മിലുള്ള പാരസ്പര്യവുമെല്ലാമൊരുക്കിയിട്ടുമുണ്ട്. അങ്ങിനെയാണെങ്കിലും വ്യക്തിത്വവും നിശ്ചയദാര്‍ഢ്യവും സൂക്ഷ്മതയും സ്വപ്രത്യയസ്ഥൈര്യവുമുള്ള നായികാ കഥാപാത്രത്തിന്‍റെ അവതരണവിജയം ഷീലയുടെ മാത്രം സംഭാവനയാണെന്നതില്‍ തര്‍ക്കമുണ്ടാവുമെന്നു തോന്നുന്നില്ല.

കാപാലിക എന്ന സിനിമയിലെ ഒരു രംഗം

ജി വിവേകാനന്ദന്‍റെ നോവലിനെ ആസ്പദമാക്കി പി ഭാസ്ക്കരന്‍ സംവിധാനം ചെയ്ത കള്ളിച്ചെല്ലമ്മ(1969)യിലും മുഖ്യ വേഷം ചെയ്തിരിക്കുന്നത് ഷീലയാണ്. അക്കാലത്തെ പ്രമുഖ പുരുഷ താരങ്ങളായ നസീറിനും മധുവിനും ഷീലയേക്കാള്‍ പ്രാധാന്യം കുറഞ്ഞ വേഷങ്ങളേയുള്ളൂ. അമ്മ മരിച്ചതിനെ തുടര്‍ന്ന് ഒറ്റക്കൊരു ഓല മേഞ്ഞ കുടിലില്‍ താമസിക്കുകയാണ് സുന്ദരിയും അവിവാഹിതയുമായ ചെല്ലമ്മ. കൂട്ടിന് കൊച്ചു രാമന്‍ എന്ന ചെക്കനുണ്ടെങ്കിലും ഒരു ഘട്ടത്തിലവന്‍ അവളെ വിട്ടു പോവുന്നു. അടൂര്‍ പങ്കജം അവതരിപ്പിക്കുന്ന അക്ക, രാത്രിയില്‍ കിടക്കാന്‍ കൂട്ടിനെത്തും. അവളുടെ കുടിലിരിക്കുന്ന സ്ഥലം അധികാരിയുടേതാണ്. അധികാരിയും മകനും കാര്യസ്ഥനുമെല്ലാം അവളുടെ ശരീരത്തിേന്മേല്‍ കണ്ണുള്ളവരാണ്. കരിങ്കല്ലില്‍ കൊത്തിവെച്ചതു പോലത്തെ ശരീരം എന്നാണ് കാര്യസ്ഥന്‍ (അടൂര്‍ ഭാസി) തന്‍റെ മേലാളനായ അധികാരിയോട് അവളെക്കുറിച്ച് പറയുന്നത്. പുരുഷന്മാരുടെ പ്രേമ/കാമ പേക്കൂത്തുകള്‍ക്കുള്ള ഒരു കളിസ്ഥലമായിട്ടാണ് സ്ത്രീ ശരീരം കണക്കാക്കപ്പെടുന്നത്. അവരുടെ കാഴ്ചക്കും അവരോട് താദാത്മ്യപ്പെടുന്ന കാണികളുടെ കാഴ്ചക്കും വിധേയമാക്കാന്‍ വേണ്ടിയുള്ള മാദകത്വവും വസ്ത്രധാരണസൗകര്യവും ഷീലക്കു മേല്‍ സംവിധായകന്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. അസറാം കണ്ണ് മേത്തന്‍ (മധു) എന്ന മുതലാളിയും കോട്ടയം കുഞ്ഞച്ചന്‍ (നസീര്‍) എന്ന തൊഴിലാളിയും അവളോട് പ്രണയം നടിച്ച് അടുത്തു കൂടുന്നു.

കുഞ്ഞച്ചന്‍റെ പഞ്ചാരയടിയില്‍ അവള്‍ വീഴുകയും ഗര്‍ഭിണിയാവുകയും ചെയ്യുന്നു. ഗര്‍ഭം അലസിപ്പിക്കാനുള്ള അക്കയുടെ നിര്‍ദ്ദശത്തെ മറികടന്ന് അവള്‍ പ്രസവിക്കുന്നുണ്ടെങ്കിലും കുട്ടി ചാപിള്ളയായിരുന്നു. തന്‍റേടം, സ്വാതന്ത്ര്യ ബോധം. പ്രണയാതുരത, സ്നേഹം, വകതിരിവ്, വിധേയത്വം, വിശ്വാസ്യത, അധ്വാനിക്കാനുള്ള പ്രാപ്തിയും സന്നദ്ധതയും എന്നിങ്ങനെ എല്ലാ മനുഷ്യ സ്ത്രീ ഗുണങ്ങളും ഒത്തിണങ്ങിയ ചെല്ലമ്മക്കു പക്ഷെ നിത്യദു:ഖമാണ് വിധിക്കപ്പെട്ടിരിക്കുന്നത്. വ്യക്തിത്വമുണ്ടെങ്കിലും നടപ്പു സദാചാര കോഡിനുള്ളില്‍ തളച്ചിടപ്പെടാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ ഒതളങ്ങ കഴിച്ച് ആത്മഹത്യക്കു വിടുകയാണ് നായികയെ കഥാകൃത്തും സംവിധായകനും. കാപാലികയില്‍ വ്യഭിചാരിണിയും വ്യഭിചാരശാലയുടെ നടത്തിപ്പുകാരിയുമായ നായിക, ക്യാന്‍സര്‍ പിടിപെട്ട് യുവപ്രായത്തില്‍ തന്നെ മരിച്ചുപോകുന്നു. നീലക്കുയിലില്‍ ആരംഭിച്ച, പിഴച്ചു പോയ പെണ്‍ കഥാപാത്രത്തിന്‍റെ ശുഭാന്ത്യത്തിനു തൊട്ടു മുമ്പുള്ള ഏതുവിധേനയുമുള്ള തിരോധാനം എന്ന നിയമം ഇവിടെയും കൈയൊഴിയുന്നില്ല എന്നു സാരം.

 എസ് എല്‍ പുരം സദാനന്ദന്‍ തിരക്കഥയെഴുതി കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ഒരു പെണ്ണിന്‍റെ കഥ(1971)യിലും ഷീല, വേശ്യയുടെയോ വെപ്പാട്ടിയുടെയോ കഥാപാത്രമാണ് കൈകാര്യം ചെയ്യുന്നത്. വേശ്യാവൃത്തിയുടെയോ പ്രമുഖരുടെ വെപ്പാട്ടിയായിരിക്കുന്നതിന്‍റെയോ വിശദാംശങ്ങളോ ദൃശ്യങ്ങളോ കാപാലികയിലെന്നതു പോലെ വിവരിക്കുന്നില്ല. എങ്കിലും ബോംബെയിലായിരുന്നു എന്നും, ചെയ്യരുതാത്തത് ചെയ്തു എന്നും സാവിത്രി എന്ന ഗായത്രി പറയുന്നുണ്ട്. കേരളം എന്നത് ചാരിത്രവതികളായ കുലസ്ത്രീകളുടെ സുരക്ഷിതഗ്രാമവും ബോംബെ എന്ന അപരം സ്വൈരസഞ്ചാരിണികളുടെ അരക്ഷിതമെങ്കിലും വിജയനഗരവുമാണ് എന്ന ബൈനറിയാണ് ഈ രണ്ടു സിനിമകളുടെയും ഒരടിസ്ഥാന കാഴ്ചാകോണ്‍ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബോംബെ എന്ന ഈ വിജയനഗരത്തില്‍ കുലസ്ത്രീ-ഇതരമായ പ്രവൃത്തികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അതില്‍ വിജയം വരിക്കുന്ന തരം (പ്രതി)നായകത്വമാണ് ഷീല അവതരിപ്പിക്കുന്ന ഈ നായികമാര്‍ക്കുള്ളത് എന്നതാണ് പ്രത്യേകത.

‘പെണ്ണിന്‍റെ കഥ’ സിനിമയിൽ ഷീലയും സത്യനും

തൊണ്ണൂറുകളില്‍ ഉത്തരേന്ത്യന്‍ ഖരാനകളില്‍ നിന്ന് ഹിന്ദുസ്ഥാനി സംഗീതത്തില്‍ വൈദഗ്ദ്ധ്യം നേടുകയും ബോംബെയിലെ ധാരാവി ചേരിയില്‍ മാഫിയാ മേധാവിയായി വിലസുകയും ചെയ്തതിനു ശേഷം, നാട്ടില്‍ നിന്നു പോയ ഉത്സവം പുനരാരംഭിക്കാനായി തിരിച്ചെത്തുന്ന മോഹന്‍ലാലിന്‍റെ തമ്പുരാന്‍ കഥാപാത്രങ്ങളിലേക്ക് മലയാള സിനിമയുടെ നായകത്വ പരികല്പനകള്‍ മാറിത്തീരുന്നതിനു മുമ്പ്, ഷീലയുടെ കഥാപാത്രങ്ങളും ആ വഴിയൊക്കെ സഞ്ചരിച്ചിരുന്നു എന്നോര്‍ക്കുന്നത് നല്ലതാണ്. 

തൊഴിലാളികളുടെ കൊടികളുടെ താഴെ തുടികൊട്ടും നാട് എന്നാണ്  ഒരു പെണ്ണിന്‍റെ കഥയിലെ കേരളത്തെ വയലാറിന്‍റെ വരികളിലൂടെ നിര്‍വചിക്കുന്നത്. പുതുതായി വാങ്ങിയ എസ്റ്റേറ്റിന്‍റെ കാര്യം നോക്കുന്ന മാനേജറോട്(ശങ്കരാടി) തൊഴിലാളികള്‍ക്ക് ന്യായമായി കൊടുക്കാനുള്ളതെല്ലാം കൊടുക്കണമെന്നും പരാതിയുണ്ടാവരുതെന്നും ഉടമസ്ഥയായ ഗായത്രീദേവി(ഷീല) വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്.  ജ്യേഷ്ഠനെ പോലെയുള്ള സഖാവ് രാഘവന്‍റെ(ഗോവിന്ദന്‍കുട്ടി)യും കാമുകനും ഒളിവുജീവിതത്തിനായി അവളുടെ വീട്ടിലെത്തിയ നേതാവുമായ സഖാവ് രാജനും(ഉമ്മര്‍) സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും വിശ്വാസ്യതയുടെയും എല്ലാം പ്രതീകങ്ങളാണ്. അനുഭവങ്ങള്‍ പാളിച്ചകളിലെന്നതു പോലെ, ഒളിവില്‍ താമസിക്കുന്ന വീട്ടിലെ യുവതി (അനുഭവങ്ങള്‍ പാളിച്ചകളില്‍ കെപിഎസി ലളിത അവതരിപ്പിക്കുന്ന പാര്‍വതി) തൊഴിലാളി/കര്‍ഷക/കമ്യൂണിസ്റ്റ് നേതാവിനോട് പ്രണയാഭിമുഖ്യം പ്രകടിപ്പിക്കുന്നത് അക്കാലത്തെ കാല്പനികമായി വിചാരിച്ചെടുക്കുന്നതിലുണ്ടായിട്ടുള്ള സാമ്യങ്ങളാണ്. സൂര്യഗ്രഹണം എന്നു തുടങ്ങുന്ന പാട്ടില്‍ സ്ത്രീത്വത്തെ ആക്രമിക്കുന്ന ആണ്‍ കഥാപാത്രത്തെ തമ്പുരാന്‍ എന്നും അയാള്‍ ദ്രോഹിച്ച പെണ്ണിന്‍റെ പ്രതികാരവര്‍ത്തമാനത്തെ കരിനാഗം എന്നും പ്രതീകവത്ക്കരിച്ചിരിക്കുന്നു. പാട്ടുകളുടെ ഈണമെന്നതു പോലെ വരികളും ഇതിവൃത്തത്തിന്‍റെ മാത്രമല്ല, കാലഘട്ടത്തിന്‍റെ തീക്ഷ്ണതയും ഉള്‍വഹിക്കുന്ന ഒരു ചരിത്ര ഘട്ടത്തിന്‍റെ പ്രാതിനിധ്യമായിരുന്നു ഇവ.

ഷീലയുടെ മുഖത്തിന്‍റെ ക്ലോസപ്പ് ധാരാളമായി ഉപയോഗിച്ചിട്ടുള്ള ഒരു സിനിമയാണ് ഒരു പെണ്ണിന്‍റെ കഥ. മാധവന്‍ തമ്പി(സത്യന്‍)ക്കെതിരെ താനായിട്ട് നിര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സഖാവ് രാഘവന്‍ 8576 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിക്കുന്നു. തെരുവില്‍ വിജയാഹ്ലാദപ്രകടനത്തോടൊപ്പം തിരശ്ശീല മുഴുവന്‍ നിറയുന്ന ഷീലയുടെ സംതൃപ്ത-സന്തോഷ മുഖം പ്രൗഢമായി തെളിയുന്നു.  ആണ്‍നോട്ട തൃപ്തിക്കായും പ്രേക്ഷകകാമപൂര്‍ത്തീകരണത്തിനുമായി, മാദകത്വമാര്‍ന്ന ശരീരഭാഗങ്ങള്‍ ക്ലോസപ്പുകളായി വിതരണം ചെയ്യാനുള്ള ഒന്നായി നടിയുടെ സാന്നിദ്ധ്യത്തെ പ്രയോജനപ്പെടുത്തുന്ന മലയാള/ഇന്ത്യന്‍ മുഖ്യധാരാ സിനിമയുടെ ദീര്‍ഘകാല ചരിത്രത്തില്‍ അപൂര്‍വമായിട്ടായിരിക്കും ഇപ്രകാരം വ്യക്തിത്വത്തെയും കഥാപാത്ര ചരിത്രത്തെയും ധ്വനിപ്പിക്കുന്ന മുഖപടസമീപദൃശ്യങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടായിരിക്കുക. ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന് തെളിയിക്കുന്ന മറ്റു നിരവധി രംഗങ്ങളും ഒരു പെണ്ണിന്‍റെ കഥയിലുണ്ട്.

 നീലക്കുയിലിലെ ശ്രീധരന്‍ മാഷിനെപ്പോലെ, താനൊരിക്കല്‍ തള്ളിപ്പറഞ്ഞ കുഞ്ഞിനെ പിന്നീട് വളര്‍ത്തിവലുതാക്കുന്നതിലൂടെ പുരുഷനെ ശാശ്വതകാലത്തേക്ക് കുറ്റവിമുക്തനാക്കുന്ന ഇതിവൃത്ത തന്ത്രം, ഒരു പെണ്ണിന്‍റെ കഥയുടെ വിധ്വംസകത്തെ അവസാനഘട്ടത്തില്‍ നിര്‍മാര്‍ജനം ചെയ്യുന്നുണ്ടെന്നതാണ് ഏറ്റവും വലിയ പരാജയം. അതായിരിക്കെ തന്നെ, തിരശ്ശീലയിലും ഇതിവൃത്തത്തിലുമുള്ള മുഴുവന്‍ പുരുഷകഥാപാത്രങ്ങളെയും നിഷ്പ്രഭമാക്കുന്ന തരത്തില്‍ നടനാതിശയത്വം കൊണ്ടും പ്രമേയപ്രാധാന്യം കൊണ്ടും നിറഞ്ഞു നില്ക്കുന്ന സാന്നിദ്ധ്യമായിരുന്നു ഷീല എന്നതാണ് എല്ലാം കഴിഞ്ഞും ശേഷിക്കുന്ന യാഥാര്‍ത്ഥ്യം.

ചിത്രം: ചെമ്മീൻ

തന്‍ സുഖമെല്ലാം അന്യര്‍ക്കായി ദാനം ചെയ്യും മനസ്വിനി, മാനിനി മാനവ വംശത്തിനു മാതൃകയാകും കുടുംബിനി എന്നാണ് പി എ തോമസ് സംവിധാനം ചെയ്ത കുടുംബിനി(1964)യിലെ കുടുംബിനീ നിര്‍വചനം. കവിയൂര്‍ പൊന്നമ്മ അവതരിപ്പിക്കുന്ന മൂത്ത സഹോദരനായ രാഘവന്‍റെ (തിക്കുറിശ്ശി) ഭാര്യയാണ് ഈ മാതൃകാ കുടുംബിനിയുടെ ഉദാത്ത മാതൃക. അവരോട് അമ്മായിയമ്മ പോരും, നാത്തൂന്‍ പോരും സഹോദര ഭാര്യാപോരും എല്ലാം നടത്തുന്ന സ്ത്രീകഥാപാത്രങ്ങളാണ് മറ്റുള്ളവര്‍. അവരില്‍ ജാനു എന്ന ഇളയ സഹോദരന്‍ മാധവന്‍കുട്ടി(നസീര്‍)യുടെ ഭാര്യയുടെ റോളാണ് ഷീലയുടേത്. പ്രണയിനിയില്‍ നിന്ന് കുടുംബിനിയിലേക്കുള്ള വ(ത)ളര്‍ച്ചയാണവളുടേത്. തുള്ളിച്ചാടി നടക്കുന്ന ആട്ടക്കാരി(നര്‍ത്തകി)യായ ജാനു, കഥകളിക്കാരന്‍ കുറുപ്പിന്‍റെ ഏക മകളാണ്. പരമ്പരാഗത ഭാഷയില്‍ പറഞ്ഞാല്‍ സൗന്ദര്യം നിറഞ്ഞു തുളുമ്പുന്ന ഇളക്കക്കാരി. അവളുടെ പിന്നാലെ കൂടുന്ന മാധവന്‍ കുട്ടിയെ അവളാദ്യം പൂവാലന്‍ എന്നു പറഞ്ഞ് ആട്ടിയകറ്റുന്നുണ്ട്. ആ ആട്ടിയകറ്റലിനെ വരുതിയിലാക്കി ചൂണ്ടയിട്ടയാള്‍ പിടികൂടുകയാണവളെ. നിന്‍റെ അന്നത്തെ തന്‍റേടമാണ് എന്നെ കുടുക്കിക്കളഞ്ഞത് എന്നയാള്‍ പറയുന്നുണ്ട്. സ്വത്തും പണവും തറവാട്ടുമഹിമയുമില്ലാത്ത ജാനുവിനെ വലിയ തറവാട്ടിലേക്ക് മാധവന്‍ കുട്ടി കല്യാണം കഴിച്ചുകൊണ്ടു വരുന്നു. ഒന്നായി ഒത്തൊരുമയോടെ ജീവിച്ചിരുന്ന (മുമ്പ് ചില പ്രശ്നങ്ങളുണ്ടായിരുന്നു-അതെല്ലാം ഒത്തു തീരുന്നത് ആദ്യ പകുതിയിലുണ്ട്) കുടുംബത്തില്‍ നീ വേലി കെട്ടാന്‍ ശ്രമിക്കരുത് എന്ന മാധവന്‍കുട്ടിയുടെ മുന്നറിയിപ്പിനെ തരിമ്പും കണക്കിലെടുക്കാതെ അവള്‍ കുടുംബം പിരിക്കുകയും ചേട്ടനെയും ചേട്ടത്തിയമ്മയെയും മാറിത്താമസിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഭാര്യയുടെ മേല്‍ ഭര്‍ത്താവിന്‍റെ അധികാരം മനസ്സിലാക്കാം, കണ്ട അവളുമാരുടെയൊക്കെ അധികാരമാണ് സഹിക്കാത്തത് എന്നാണ് മാതൃകാ കുടുംബിനിയാവുന്നതിനു മുമ്പുള്ളകാലത്തെ ജാനുവിന്‍റെ നിലപാടെന്നതും കൗതുകകരമാണ്. പ്രണയിനിയുടെയും കൂട്ടുകുടുംബത്തിനകത്തെ വഴക്കാളിയുടെയും അന്ത്യരംഗത്തിനടുത്ത് കുടുംബിനിയുടെയും രൂപഭാവ-ഉള്ളടക്കങ്ങളില്‍ നിറഞ്ഞും അറിഞ്ഞുമഭിനയിക്കുന്ന ഷീല തന്നെയാണ് കുടുംബിനി എന്ന സിനിമയുടെയും ആകര്‍ഷണം.

എസ് എല്‍ പുരം സദാനന്ദന്‍ രചന നിര്‍വഹിച്ച് എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കലക്ടര്‍ മാലതി(1967), ജാതിക്കതീതമായി പ്രണയിക്കുകയും വിവാഹജീവിതത്തിലേക്കെത്തിച്ചേരാന്‍ സാധിക്കാതെ പോകുകയും ചെയ്ത യുവമിഥുനങ്ങളുടെ കഥയാണ്. നസീര്‍ അവതരിപ്പിക്കുന്ന രവിവര്‍മ്മ, ശ്രീവാഴും കോവിലകത്തെ ഇളമുറക്കാരനാണ്. ഷീല അവതരിപ്പിക്കുന്ന മാലതിയാകട്ടെ ദളിത് സമുദായത്തില്‍ പെട്ട ചാത്തന്‍മാഷുടെ മകളും. ബിഎക്ക് സഹപാഠികളും ഒരേ നാട്ടുകാരുമായ അവര്‍ തമ്മില്‍ അഗാധമായ പ്രണയത്തിലാകുന്നു. പുറമേക്കുള്ള കാല്പനികതയൊന്നും അനുവദിക്കാത്ത കര്‍ക്കശമായ ജാതിവ്യവസ്ഥ അവരെ ഒന്നിക്കാന്‍ അനുവദിക്കുന്നില്ല. അയാള്‍ ഹതാശനായി മരിച്ചു പോവുന്നു. ദളിത് നായികയുടെ പ്രാതിനിധ്യം തെളിയിക്കാനായി, കറുത്ത ചായമടിച്ചാണ് ഷീലയുടെ മുഖം പ്രത്യക്ഷപ്പെടുത്തിയിരിക്കുന്നത്. അമ്പതു വര്‍ഷം മുമ്പുള്ള കേരളമാണ്. അന്ന്, ദളിത് ജാതിയില്‍ പെട്ട ഒരു ബിഎക്കാരി എന്തു മാത്രം ദുരിതങ്ങള്‍ നീന്തിക്കയറിയായിരിക്കും ഐ എ എസ് നേടിയിട്ടുണ്ടാവുക? അതിന്‍റെ വിശദാംശങ്ങളൊന്നും സിനിമയില്‍ വരുന്നില്ല. കലക്ടര്‍ മാലതി എന്നാണ് ശീര്‍ഷകമെങ്കിലും രവിവര്‍മ്മയുടെ നിരാശയാണ് പ്രാമുഖ്യത്തോടെ അവതരിപ്പിച്ചിരിക്കുന്നത്.

സുശീല (1963), ആയിഷ (1964), പ്രിയതമ (1966), തറവാട്ടമ്മ (1966), സ്ഥാനാര്‍ത്ഥി സാറാമ്മ (1966), ലേഡി ഡോക്ടര്‍ (1967), ഖദീജ (1967), അഗ്നിപുത്രി (1967), നാടന്‍ പെണ്ണ് (1967), വെളുത്ത കത്രീന (1968), വിരുന്നുകാരി (1969), മിണ്ടാപ്പെണ്ണ് (1970), കല്‍പന (1970), അനാഥ (1970), ഉമ്മാച്ചു (1971), സുമംഗലി (1971), കളിത്തോഴി (1971), ഓമന (1972), ജീവിക്കാന്‍ മറന്നു പോയ സ്ത്രീ (1974), തുമ്പോലാര്‍ച്ച (1974), അച്ചാരം അമ്മിണി ഓശാരം ഓമന (1977), കടത്തനാട്ട് മാക്കം (1978), യക്ഷിപ്പാറു (1979), കലിക (1980), എന്നീ സിനിമകളിലും ശീര്‍ഷകം സൂചിപ്പിക്കുന്നത് ഷീല അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x