A Unique Multilingual Media Platform

The AIDEM

Articles Kerala Society

ഇതോടെ വാർത്തകൾ സമാപിച്ചു

  • October 5, 2024
  • 1 min read
ഇതോടെ വാർത്തകൾ സമാപിച്ചു

കാഴ്ചകളുടെ കള്ളക്കടൽകാലത്തുനിന്ന് കേൾവിയുടെ അവശേഷിക്കുന്ന സത്യത്തിലേക്ക് ആളുകൾ കൂടുവിട്ട് കൂടുമാറുന്നകാലമാണിത്. റേഡിയോ തിരിച്ചുവരുന്നു. ലോകമെമ്പാടും. പഴയ പാട്ടുപെട്ടിയായോ ട്രാൻസിസ്റ്ററായോ അല്ല. പുതിയ രൂപത്തിലും ഭാവത്തിലും. റേഡിയോയെ ആളുകൾ ഹൃദയത്തിലേറ്റിനടന്ന കാലത്ത് തിടംവച്ച ശബ്ദമാണ് വാർത്തകൾ വായിക്കുന്ന രാമചന്ദ്രന്‍റേത്.

ഒരു വാർത്താഅവതാരകന് ശബ്ദഭംഗി മാത്രം പോര. അതായിരുന്നു വാർത്താഅവതാരകന്‍റെ അവശ്യം വേണ്ട യോഗ്യതയെങ്കിൽ ശബ്ദഭംഗിയുള്ള ആകാശവാണിയിലെ എത്രയോ പേർ വാർത്താ അവതാരകരാകുമായിരുന്നു. വാർത്തകൾ അറിഞ്ഞുവായിക്കുക എന്നത് വളരെ പരിചയവും പരിശീലനവും നിരന്തര നവീകരണവും ആവശ്യമുള്ള ഒരു പ്രക്രിയയാണ്. എന്താണ് വാർത്ത? അതിലെ ഉള്ളടക്കമെന്താണ്? അത് എങ്ങനെ വായിച്ചാൽ കേൾവിക്കാരുടെ മനസ്സിൽ ആഴത്തിൽ പതിയും? അവരുടെ ഓർമ്മയിൽ എങ്ങനെ കേട്ടകാര്യങ്ങളെസ്ഥായിയായി നിലനിർത്താം? ഇത്തരം കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ മനനം ചെയ്തിരിക്കണം ഒരു വാർത്താഅവതാരകൻ. രാമചന്ദ്രന്‍റെ വാർത്തകൾ കേട്ടവരാരും അതിന്‍റെ ആധികാരികതയെക്കുറിച്ച് ഒരു സംശയവും പ്രകടിപ്പിച്ചുകാണാനിടയില്ല. അതുകൊണ്ടാണ് വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ എന്നത് ആകാശവാണിവാർത്തകളുടെ പര്യായം പോലെ ഒരു തലമുറ കരുതിപോന്നത്.

എന്താണ് മറ്റ് വാർത്താഅവതാരകരിൽ നിന്ന് രാമചന്ദ്രന്‍റെ അവതരണത്തെ വ്യത്യസ്തമാക്കുന്നത്. ഒന്നാമതായി ശബ്ദത്തിലെ ഘനഗാംഭീര്യമാണ്. ബേസ് വോയ്സാണ് പൌരുഷമുളള ശബ്ദമെന്ന പൊതുധാരണനിലനിന്നിരുന്ന കാലത്ത് പ്രക്ഷേപകരായെത്തിയവരെല്ലാം അവരുടെ ശബ്ദം ബേസ് കൂട്ടി അവതരിപ്പിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ചിലത് മിമിക്രിയായി പരിതാപകരമായ അവസ്ഥയിലേക്ക് അധപതിച്ചിട്ടുമുണ്ട്. അവിടെയാണ് രാമചന്ദ്രന്‍റെ ശബ്ദം വേറിട്ട് നിൽക്കുന്നത്. സ്റ്റുഡിയോയ്ക്ക് പുറത്തുവച്ച് കാണുമ്പോൾ തനി തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്ന രാമചന്ദ്രന്‍റെ ശബ്ദത്തിന് മൈക്കിന് മുന്നിലെത്തുമ്പോൾ സംഭവിക്കുന്ന രൂപപരിണാമം അത്ഭുതാവഹമാണ്. നേരത്തെ സംഭാഷണസമയത്ത് കേട്ട നേർത്തശബ്ദം ഘനഗംഭീരമായി മാറുന്നു. ആ ഗാംഭീര്യം വാർത്താ അവതരണത്തിന് ആധികാരികമായ ഒരു മാനം നൽകുന്നു. എത്ര അപ്രധാനവാർത്തയാണെങ്കിലും അതിന് അർഹമായപ്രാധാന്യം കൈവരുന്ന ഒരു ടോൺ സൃഷ്ടിക്കാൻ രാമചന്ദ്രന് സാധിച്ചിട്ടുണ്ട്. അതാണ് ഇന്നും വാർത്താവായനയുടെ പര്യായമായി രാമചന്ദ്രന്‍റെ വായനമാറിയത്.

പ്രക്ഷേപണത്തിന്‍റെ അടിസ്ഥാനതത്വങ്ങളിലൊന്ന് ഭാഷാശുദ്ധിയാണ്. ഭാഷാശുദ്ധിയിൽ അക്ഷരസ്ഫുടതയും ഉച്ചാരണവുമാണ് പ്രധാനം. അക്ഷരങ്ങൾക്ക് ശുദ്ധികൂടുന്നത് രാമചന്ദ്രന്‍റെ വായനയിലൂടെയാണ് എന്ന് നമുക്ക് തോന്നും. വാക്കുകളുടെ ഏറ്റവും ചെറിയഘടകമായ അക്ഷരങ്ങളെ അതർഹിക്കിക്കുന്ന സ്വരഘടന ചേർത്ത് അവതരിപ്പിക്കാൻ അദ്ദേഹത്തിനുള്ള ക്രാഫ്റ്റ് മറ്റൊരു അവതാരകരിലും ഞാൻ കണ്ടിട്ടില്ല. അക്ഷരങ്ങളുടെ കൃത്യമായ റെന്‍ററിങ്ങാണ് രാമചന്ദ്രന്‍റെ വാർത്തയെ വ്യതിരിക്തമാക്കുന്നത്. ഖരം അതിഖരം മൃദു ഘോഷം അനുനാസികം എന്നൊക്കെ അക്ഷരോച്ചാരണത്തിൽ അനുവർത്തിക്കേണ്ട തത്വങ്ങൾ അനായാസേന അദ്ദേഹത്തിന്‍റെ സ്വരപേടകത്തിന് വഴങ്ങുമായിരുന്നു. അത് ഭാഷാപണ്ഡിതന്മാർ ഉച്ചാരണത്തിൽ നടത്തുന്ന മല്ലയുദ്ധം പോലെയായിരുന്നില്ല. അനർഗളമായ അക്ഷരപ്രവാഹമായിരുന്നു രാമചന്ദ്രൻ വാർത്തവായിക്കുമ്പോഴുണ്ടാകുന്നത്. അത് മറ്റ് വാർത്താവായനക്കാരും അവതാരകരും പൊതുസമൂഹവും മാതൃകയാക്കിയിരുന്നെങ്കിൽ മലയാളഭാഷയുടെ തലവര മറ്റൊന്നാകുമായിരുന്നു. പ്രത്യേകിച്ച് ചാനലവതാരകരുടേയും ന്യൂജന്നിന്‍റെയും നാവിൽക്കിടന്ന് മലയാളഭാഷ ഊർദ്ധശ്വാസം വലിക്കുമ്പോൾ.

രാമചന്ദ്രൻ ദൂരദർശനിൽ നൽകിയ അഭിമുഖത്തിൽ നിന്ന്

രാമചന്ദ്രൻ വാർത്തവായിക്കുമ്പോൾ വാക്കുകൾക്കും വാക്കുകളുടെ സംയുക്തങ്ങൾക്കും നൽകുന്ന എംഫസിസ് അവയ്ക്ക് അതർഹിക്കുന്ന ഒരു അർത്ഥതലം പ്രദാനം ചെയ്യുന്നു. ചിലയിടങ്ങളിൽ നീട്ടിയും കുറുക്കിയും ചിലപദപ്രയോഗങ്ങളിൽ നൽകുന്ന ഊന്നൽ കേൾവിക്കാർക്ക് ഒരു പ്രത്യേക ശ്രവ്യാനുഭവം നൽകുന്നു. ഇത് രാമചന്ദ്രന്‍റെ ശബ്ദമുദ്രപതിഞ്ഞ കൌതുകവാർത്തകളുടെ അവതരണത്തിൽ പ്രകടമായിരുന്നു.

വായിച്ച് മനസ്സിലാക്കാനുള്ളതല്ല വായിച്ച് കേട്ടറിയാനുള്ളതാണ് വാർത്ത എന്ന് മലയാളികളെ പഠിപ്പിച്ചത് രാമചന്ദ്രനായിരുന്നു. അദ്ദേഹം വാർത്ത വായിച്ചാൽ പിന്നെ അതിൽ അപ്പീലില്ല. പിന്നെ അതിൽ സംശയം കേൾവിക്കാർക്കുണ്ടാകാറില്ല.

ശബ്ദഗാംഭീര്യം, ഉച്ചാരണസ്ഫുടത, വാക്കുകൾക്കും വാക്യങ്ങൾക്കും കൊടുക്കുന്ന ഊന്നലും മൃദുത്വവും ഇതൊക്കെയാണ് ആ വാർത്തകളെ അനശ്വരമാക്കിയത്.

ആകാശവാണിയുടെ വാർത്തകളിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചിട്ട് മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ശ്രോതാക്കളുടെ കാതിൽ മുഴങ്ങുന്ന വാർത്ത രാമചന്ദ്രന്‍റേതാണ്.

വാർത്തയുടെ കാമ്പറിഞ്ഞ് വായിച്ച രാമചന്ദ്രനെ അനുകരിക്കുന്നവരാണ് പിൻപേ വന്ന വാർത്ത വായനക്കാരെല്ലാം. അല്ലെങ്കിൽ അതുപോലെ വായിക്കാൻ ആഗ്രഹിച്ചവരാണ് ഏറെപേരും. പക്ഷെ പലപ്പോഴും അത് വികലമായ ശബ്ദാനുകരണത്തിലേക്ക് അധഃപതിക്കുന്നത് നമുക്ക് കേട്ട് തിരിച്ചറിയാനാകും.

വായിക്കുമ്പോൾ വാക്കുകൾക്കും വാക്യങ്ങൾക്കും ഇടയ്ക്ക് നൽകുന്ന ചെറിയ ഇടവേള (pause) വാർത്തകൾക്ക് നൽകുന്ന പുതിയ അർത്ഥതലം രാമചന്ദ്രന്‍റെ വാർത്തകളുടെ ഒരു സവിശേഷതയായിരുന്നു. വായനയിലെ ഈ ഇടവിടൽ ശ്രോതാക്കളുടെ മനസ്സിൽ ഉയർത്തുന്ന ആകാംഷ പറഞ്ഞറിയിക്കാനാകാത്തതാണ്. ഈ ഹ്രസ്വമായ ഇടവിടലിന് ശേഷം മുൻപ് പൂർത്തീകരിക്കാതിരുന്നു വാർത്തയുടെ ബാക്കിയെന്തെന്ന് ആകാംഷയോടെ ചെവിയോർത്തിരിക്കും ശ്രോതാക്കൾ. അതാണ് രാമചന്ദ്രന്‍റെ വാർത്താവായനയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ആകാശവാണി തിരുവനന്തപുരം നിലയം

ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12.40 ന് പ്രക്ഷേപണം ചെയ്തിരുന്ന കൗതുകവാർത്തകൾ രാമചന്ദ്രൻ വായിക്കുമ്പോൾ അതിൽ കൗതുകപ്പെരുമഴയായിരുന്നു. “എന്താ.. കൗതുകമില്ലേ?” എന്നൊരു ചോദ്യവും ചിലപ്പോൾ ചോദിക്കാതെ ചോദിക്കുന്നതായി നമുക്ക് തോന്നും. രാമചന്ദ്രന്‍റെ കൌതുകവാർത്തകളാണ് മലയാളികൾ കാതേറ്റിനടന്ന് ആഘോഷിച്ചത്. അതിന്‍റെ ചുവടുപിടിച്ചാണ് ചാനലുകൾ അദ്ദേഹത്തിന്‍റെ ശബ്ദം മറ്റ് പരിപാടികൾക്കായി ഉപയോഗിച്ചത്. ഒരുഘട്ടത്തിൽ അദ്ദേഹം തന്‍റെ ശബ്ദവും അവതരണവും ഒരു കൌതുകത്തിന്‍റെ തലത്തിലേക്ക് മാറ്റികൊണ്ടുപോയോ എന്ന് തന്നെ എനിക്ക് തോന്നിയിട്ടുണ്ട്. വളരെ ഗൌരവമായി പഠിക്കപ്പെടേണ്ടിയിരുന്ന ഒരു ശ്രവ്യഭാഷാ അവതരണരീതി കൌതുകത്തിന്‍റെ കുറ്റിയിൽ കെട്ടിയിടപ്പെട്ടു എന്നതാണ് ഇതിന്‍റെ ദുരന്തപര്യവസാനം.

മലയാളത്തിലെ എല്ലാ വാർത്ത വായനക്കാരും അവതാരകരും ഏകലവ്യനെപോലെ തങ്ങളുടെ ഗുരുസ്ഥാനത്ത് അറിഞ്ഞോ അറിയാതെയോ രാമചന്ദ്രനെ പ്രതിഷ്ഠിച്ചുണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്. കാതിൽ മുഴങ്ങുന്ന നിലയ്ക്കാത്ത ആ ഗംഭീര ശബ്ദത്തിന് മുന്നിൽ എന്‍റെ ശ്രവ്യാഞ്ജലി.

About Author

പറക്കോട് ഉണ്ണികൃഷ്ണൻ

ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ഔദ്യോഗിക ജീവിതം തുടങ്ങി. ആകാശവാണിയുടെ ശ്രദ്ധേയ പരിപാടിയായി മാറിയ 'പ്രഭാത ഭേരി'യുടെ അമരക്കാരിൽ ഒരാൾ. ആകാശവാണി തിരുവനന്തപുരം നിലയത്തിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായി ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Asok kumar B
Asok kumar B
2 months ago

ശ്രീ രാമചന്ദ്രന്റെ ശബ്ദം കേരളീയർക്ക് വളരെ സുപരിചിതമാണ്. അദ്ദേഹത്തിന്റെ ശൈലി അദ്വിതീയമാണ്.

ശ്രീ രാമചന്ദ്രന്റെ ശബ്ദവൈവിധ്യം, ശ്രീ ഉണ്ണികൃഷ്ണൻ അതിമനോഹരമായി എഴുതിയപ്പോൾ എന്റെ മനസ്സും ആകാശവാണിയിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത നാളുകളിലേക്കും ഓർമ്മകളിലേക്കും വെറുതെ സഞ്ചരിച്ചു.
🌹🙏