
പൊക്കിൾകൊടിയിൽ നിന്ന് ചുവന്ന പതാക പാറിപ്പറക്കുന്നത് കവിയുടെ ഭാവനയിലാണ്. പക്ഷേ എം.എം ലോറൻസിന്റെ പൊക്കിൾകൊടിയിലാണ് ചെങ്കൊടി മുളച്ചത്. കേരളത്തിൻറെ ചരിത്രത്തിൽ മലം ചുമന്ന് നീന്തിയ മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിച്ച ഇതിഹാസമായിരുന്നു ലോറൻസ്. ഒരുപക്ഷേ കേരളത്തിലെ ഈ തൊഴിലാളി നേതാവിനെ വ്യത്യസ്തനാക്കിയ ഭൂതകാല ചരിത്രമാണ് തൊഴിലാളി യൂണിയൻ്റേത്. ബാലചന്ദ്രൻ ചുള്ളിക്കാട് അത് കവിതയാക്കി. അങ്ങനെ ‘തോട്ടി’ എന്ന കവിത പിറന്നു.

ആവശ്യത്തിന് വസ്ത്രമില്ലാതെ തല ചായ്ക്കാൻ കൂരയില്ലാതെ ചെയ്യുന്ന തൊഴിലിന് അർഹമായ കൂലിയില്ലാതെ ജീവിച്ച തോട്ടിപ്പണിക്കാരെ സംഘടിപ്പിക്കാൻ ശ്രമിച്ച ലോറൻസിന് മനസ്സിലായി. ഇവരെതൊഴിലാളിയുടെ വർഗ്ഗബോധം തിരിച്ചറിയിപ്പിക്കൽ എളുപ്പമല്ലെന്ന്. ആ തിരിച്ചറിവിൽ നിന്നാണ് കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ തൊഴിലാളി നായകൻ ഉണ്ടായത്. കൊച്ചിയിലെ മലഞ്ചുമട്ടുകാരെയും പീടികത്തൊഴിലാളികളെയും തുറമുഖ തൊഴിലാളികളെയും വർഗ്ഗബോധം പഠിപ്പിക്കാൻ ശ്രമിച്ച കാലം കേരളത്തിൻറെ സമര ചരിത്ര കാലമാണ്. എണ്ണമറ്റ സമരങ്ങളുടെ തീയലയിൽ നിന്ന് ലോറൻസ് പിറന്നു.
ലോറൻസിനെ ധീരൻ ആക്കി വാർത്തെടുത്തത് ഇടപ്പള്ളി ആണ്. നിണമൊഴുകിയ ഒരു രാത്രിയുടെ വിസ്മയകരമായ സൃഷ്ടി. അർദ്ധരാത്രി കഴിഞ്ഞു. നേരിയ ചാറ്റൽ മഴ. ചാറ്റൽ മഴയിൽ വിറങ്ങലിച്ച രാത്രിയെ ഞെട്ടിച്ചുകൊണ്ട് ഒരു ഗർജനം ‘അറ്റാക്ക്’. ആ ശബ്ദത്തിന് ഇടപ്പള്ളി പോലീസ് സ്റ്റേഷന്റെ ചുവരുകളെ പോലും പ്രകമ്പനം കൊള്ളിക്കാൻ കഴിഞ്ഞു.

ഇരുട്ടിൽ നിന്ന് ഒരു സംഘം സ്റ്റേഷനിലേക്ക് ഇരച്ചു കയറി. പാറാവ് നിന്ന പോലീസുകാരൻ മാത്യു നിറ തോക്കുമായി മുന്നോട്ടു കുതിച്ചു. നിറയൊഴിക്കാൻ ആയില്ല. വളരെ അടുത്തെത്തി. കൈയകലത്ത് ശത്രു. മാത്യു പതറിയില്ല. ആദ്യത്തെയാളെ ബയനെറ്റിന് കുത്തി. ശത്രുവിൻ്റെ നെഞ്ചിന് നേരെ വന്ന ബയനെറ്റിൽ രണ്ട് കരങ്ങൾ പിടിമുറുക്കി. ചോര ചീറിവീണു. പക്ഷേ കൈ അയഞ്ഞില്ല. പിൻനിര മുന്നിലെത്തി. മാത്യുവിന്റെ പുറത്ത് അടികൾ ആഞ്ഞു പതിച്ചു. മാത്യു പിടഞ്ഞുവീണു. 1950 ഫെബ്രുവരി 28ന് വെളുപ്പിന് 2:15ന് ഇടപ്പള്ളി പോലീസ് സ്റ്റേഷനിൽ സംഭവിച്ചതിന്റെ ദൃക്സാക്ഷി വിവരണം. ഭാവനയെ അമ്പരിപ്പിച്ച യാഥാർത്ഥ്യം. ആത്മസമർപ്പണം ആണ് കമ്മ്യൂണിസം എന്ന് കരുതിയ കരളുറപ്പുള്ള മനുഷ്യരുടെ ജീവിതം അതിൽ തുടിച്ചു നിൽക്കുന്നു. അതിൻ്റെ നായകരിൽ ഒരാളായിരുന്നു ലോറൻസ്. ഈ ചരിത്ര ഭൂമികയിലാണ് നാം ലോറൻസിനെ വായിക്കേണ്ടത്.
സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ; നിങ്ങൾക്ക് നഷ്ടപ്പെടാൻ കൈ ചങ്ങലകൾ അല്ലാതെ മറ്റൊന്നുമില്ല എന്ന മുദ്രാവാക്യം രക്തത്തിൽ അലിഞ്ഞു ചേർന്നപ്പോളാണ് പഴയകാലത്ത് കമ്മ്യൂണിസ്റ്റുകാർ ഉണ്ടായത്. അത് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെട്ടതിന്റെ ചരിത്രമാണ്. വിപ്ലവം ഒരു ആഗ്രഹമാണ്. ഒരു പ്രോമിത്യൻ സ്വപ്നം. സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യരാശിക്ക് അഗ്നി മോഷ്ടിച്ചു നൽകിയ പ്രോമത്യൂസ് പിന്നീട് അതിന് ശിക്ഷിക്കപ്പെട്ടു. പക്ഷേ മനുഷ്യനെ വിമോചിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് പ്രോമത്യൂസ് പിന്തിരിഞ്ഞില്ല. വിപ്ലവം ഒരു ആഗ്രഹമാണ് എന്ന് പ്രസ്താവിച്ചുകൊണ്ട് നമുക്ക് മുന്നിൽ നിൽക്കുന്നു.
ആത്മസമർപ്പണത്തിന്റെ ഭാഷയിൽ സംസാരിച്ച എല്ലാ കമ്മ്യൂണിസ്റ്റുകളും വിശ്വസിച്ചത് വിപ്ലവം കൊണ്ട് മൂലധന ശക്തികളെ തകർക്കാൻ കഴിയുമെന്നായിരുന്നു. പക്ഷേ അധികാരത്തിൽ എത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലിരുന്ന് ബൂർഷ്വാസിയെ അനുകരിക്കാൻ ആഗ്രഹിച്ചു. അങ്ങിനെയാണ് അവർ ക്രോണി കാപ്പിറ്റലിസത്തിന്റെ ഇരകളായി മാറിയത്. ഉപരിവർഗ്ഗ ധനാർത്തിയുടെ ആട്ടു കട്ടിലിൽ അവർ ആറാടി. അവിടെ ‘ഇടപ്പള്ളി’ തിരസ്കൃതരായ കമ്മ്യൂണിസ്റ്റുകളുടെ തിരുശേഷിപ്പായി. സഖാവ് എം.എം ലോറൻസ് ഇന്നത്തെ സമൂഹത്തിന് മനസ്സിലാക്കാൻ പറ്റാത്ത ഒരു എന്‍റിറ്റി ആയി മാറി.

മുളവുകാട്ടിൽ നിന്ന് കമ്മ്യൂണിസത്തിലേക്ക് ലോറൻസ് നടന്നു കയറുമ്പോൾ അതിന് അസാധാരണത്വം ധാരാളമുണ്ടായിരുന്നു. ഫോർട്ട് കൊച്ചി നസ്രത്ത് മാടമാക്കൽ അവിരാ മാത്തുവിന്റെ മകൻ ചെറുപ്പത്തിലേ കലാപകാരിയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ത്രിവർണ പതാക പോക്കറ്റിൽ കുത്തിയതിന് സ്കൂൾ അധികാരികൾ ലോറൻസിനെ സ്കൂളിൽനിന്ന് പുറത്താക്കി. പിന്നീട് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് മുനവ്വിറുൽ ഇസ്ലാം സ്കൂളിൽ ആണ്. വിദ്യാർത്ഥിയായിരിക്കെ കൊച്ചി സ്റ്റേറ്റ് വിദ്യാർത്ഥി ഫെഡറേഷൻ സെക്രട്ടറിയായി. 1946ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ലോറൻസിന്റെ രാഷ്ട്രീയ ആഗ്രഹങ്ങളിൽ കമ്മ്യൂണിസത്തെ കയറ്റിവിട്ടത് ജേഷ്ഠൻ എബ്രഹാം മാടമാക്കലായിരുന്നു. കൽക്കത്ത തീസിസിന്റെ കാലത്ത് പക്ഷേ ജ്യേഷ്ഠനും അനുജനും സംവാദത്തിൽ ഏർപ്പെടുകയും സംവാദാനന്തരം ജ്യേഷ്ഠൻ കമ്മ്യൂണിസത്തോട് വിട പറയുകയും ചെയ്തു. രണദിവെ തിസിസ് വിഴുങ്ങാൻ ജ്യേഷ്ഠൻ തയ്യാറായില്ല. അദ്ദേഹം പറഞ്ഞു അക്രമവും സായുധസമരവും എൻ്റെ വഴിയല്ല പക്ഷേ ലോറൻസ് പാർട്ടിയിൽ അടിയുറച്ചു നിന്നു.
ആ നിൽപ്പ് അദ്ദേഹത്തെ എത്തിച്ചത് ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിലാണ്. 1950 മാർച്ച് അഖിലേന്ത്യ റെയിൽവേ പണിമുടക്കിന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ബി.ടി രണദിവേ നേരിട്ട് ആഹ്വാനം ചെയ്തു. ഗ്രാമങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവി ഗ്രൂപ്പ് യോഗങ്ങൾ നടന്നു. സാധ്യത സമയത്തിനുള്ള ആഹ്വാനം ആ യോഗങ്ങളിൽ മുഴങ്ങി. 1949 ഒക്ടോബറിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ പുന്നപ്ര-വയലാർ അനുസ്മരണം ചെങ്കൊടി ഉയർത്തി നടത്തി. ജയിലിൽ കലാപമായി. മുഹമ്മ അയ്യപ്പനും സഖാവ് കൂത്താട്ടുകുളം രാമകൃഷ്ണപിള്ളയും പോലീസ് മർദ്ദനത്തിൽ രക്തസാക്ഷികളായി. നെയ്യെടുപ്പ് സമരങ്ങളും കയ്യൂർ സമരവും തെലുങ്കാന പോരാട്ടവും ഈ കാലഘട്ടത്തിൽ ആയിരുന്നു. 1949 ഡിസംബർ 31 ആയിരുന്നു ശൂരനാട് കലാപം. അഞ്ചു പോലീസുകാരെ സഖാക്കളും നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നു. പകരം 5 സഖാക്കളെ പോലീസ് ലോകകപ്പിൽ ഇട്ട് തല്ലിക്കൊന്നു. അഞ്ചിനഞ്ച്; ഇതാണ് നയം. 1950 ഫെബ്രുവരി 11ന് സേലം ജയിലിൽ 19 സഖാക്കളെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഈ അന്തരീക്ഷം വിപ്ലവകാരികളെ അതിസാഹസികരാക്കാൻ പ്രാപ്തമായിരുന്നു.

മുകളിൽ സൂചിപ്പിച്ച രക്തത്തിൻ്റെ മണമുള്ള അന്തരീക്ഷമാണ് ഇടപ്പള്ളിയെ സൃഷ്ടിച്ചത്. ആലുവയിൽ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമിതി അണ്ടർഗ്രൗണ്ട് പ്രവർത്തനം നടത്തിയിരുന്ന കാലമാണ്. അങ്കമാലി മുതൽ എറണാകുളം വരെ വണ്ടി ഓടരുത് പണിമുടക്ക് ദിനത്തിൽ- ഇതായിരുന്നു പാർട്ടി ഫ്രാക്ഷൻ്റെ തീരുമാനം. അതനുസരിച്ച് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തൊഴിലാളി നേതാവ് എൻ.കെ മാധവനും കെ.പി വറുതുട്ടിയും പോലീസ് പിടിയിലാവുന്നത്. പോലീസും സഖാക്കളും തമ്മിൽ മൽപ്പിടുത്തം നടന്നെന്നും പോലീസ് മർദ്ദനത്തിൽ ഒരാൾ മരിച്ചെന്നും വാർത്ത പരന്നു. ഇതൊന്നും അറിയാതെ പോണേക്കരയിലെ കാടിപ്പറമ്പത്ത് പുരയിടത്തിൽ സഖാവ് എം.എം ലോറൻസ് ഏതാനും സഖാക്കളുമായി രഹസ്യ യോഗത്തിന് എത്തുന്നു. ആലുവ വ്യവസായ തൊഴിലാളി യൂണിയൻ നേതാവായ കെ സി മാത്യുവും പാർട്ടിയുടെ ആയുധപരിശീലകനായ കെ യു ദാസും അവരെ കാത്തിരുന്നിരുന്നു. “ നമുക്ക് പോലീസ് സ്റ്റേഷനിൽ പോയി എൻ.കെയെ ബലമായി മോചിപ്പിക്കണം” എന്ന നിർദ്ദേശം കെ.സി മാത്യു വെക്കുന്നു. ആരും എതിർപ്പ് പ്രകടമാക്കിയില്ല. ആത്മഹത്യ സ്ക്വാഡ് റെഡി. കെ.സി മാത്യു, എം.എം ലോറൻസ്, വി വിശ്വനാഥ മേനോൻ, കെ.യു ദാസ്.
കൽക്കത്ത തീസിസിന്‍റെ തീ തലയിൽ കത്തി കൊണ്ടിരുന്നപ്പോളും ലോറൻസിന്റെ കോമൺ സെൻസ് പ്രവർത്തിച്ചു. ലോറൻസ് വിശ്വനാഥമേനോനെ അരികിലേക്ക് മാറ്റി നിർത്തി ഇങ്ങനെ പറഞ്ഞു. “സഖാവേ എനിക്ക് ഇതിനോട് യോജിപ്പില്ല. നമുക്ക് സ്ഥലം അറിയില്ല. എത്ര പോലീസുകാരുണ്ടെന്നറിയില്ല. നമ്മുടെ കയ്യിൽ ആയുധങ്ങളുമില്ല. പോലീസിനു മുന്നിൽ പിടിച്ചുനിൽക്കാൻ ആവില്ല.”
ഉടനെ വിശ്വനാഥമേനോൻ പറഞ്ഞു, “സഖാവ് പറഞ്ഞത് ഞാൻ മാത്യുവിനെ അറിയിക്കാം”. എന്നാൽ അതിനോട് ലോറൻസിന് താല്പര്യമുണ്ടായില്ല. വിയോജിപ്പ് അവസാനിപ്പിക്കാൻ തീരുമാനിച്ചുകൊണ്ട് ലോറൻസ് പറഞ്ഞു. “താൻ പറയേണ്ട ,പറഞ്ഞാൽ താൻ ഭീരുവാണെന്ന് വരും. നാം ഭീരുക്കൾ ആണെന്ന് വരും. എന്തായാലും ചാവാൻ വന്നതല്ലേ പോയാൽ പോകട്ടെ”. ഈ നിശ്ചയദാർഢ്യം ആയിരുന്നു ഇടപ്പള്ളി പോലീസ് സ്റ്റേഷൻ അക്രമിക്കാനുള്ള കമ്മ്യൂണിസ്റ്റു കരുത്ത്.

പോലീസ് സ്റ്റേഷൻ ആക്രമണം കഴിഞ്ഞ് ആത്മഹത്യാ സ്ക്വാഡ് ഒളിവിലായി. അവരെ പിടിക്കാൻ പോലീസിന് എളുപ്പം കഴിഞ്ഞില്ല. 17 പേരാണ് അക്രമണത്തിൽ പങ്കെടുത്തത്. അതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യാനോ കേസിൽ ഉൾപ്പെടുത്താനോ പോലീസിന് കഴിഞ്ഞില്ല. പോലീസ് 33 പേരെ പ്രതിചേർത്താണ് കേസെടുത്തത്. കേസിലെ മുപ്പതാം പ്രതിയായിരുന്നു എം.എം ലോറൻസ്. സംഭവം നടന്ന് മൂന്നര മാസം കഴിഞ്ഞാണ് ലോറൻസും മാത്യുവും പിടിയിലായത്. അതാകട്ടെ സ്വന്തം ആളുടെ ഒറ്റുകാരണം. കോറിയർ ദാമോദരനായിരുന്നു ആ ഒറ്റുകാരൻ. കൊറിയർമാർ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മെമ്പർമാർ ആയിരുന്നു. ലോറൻസിന്റെ വിശ്വസ്തനായിരുന്നു കൊറിയർ ദാമോദരൻ.
ഒളിവിൽ ആയിരുന്ന ലോറൻസും മാത്യുവും തമ്മിൽ ഭാവി പരിപാടികൾ ആസൂത്രണം ചെയ്തത് ദാമോദരന്റെ മുന്നിൽ വച്ചായിരുന്നു. അതനുസരിച്ച് 1950 ഏപ്രിൽ 23 എറണാകുളം മാരുതി വിലാസം ലോഡ്ജിൽ കാണാമെന്ന് ലോറൻസും മാത്യുവും തീരുമാനിച്ചു. ഇതിന് ആവശ്യമായ ഒരുക്കങ്ങൾ ചെയ്യാൻ കൊറിയർ ദാമോദരനെ ഏൽപ്പിക്കുകയും ചെയ്തു. ദാമോദരൻ ലോറൻസിനും മാത്യുവിനും സന്ദേശം നൽകി. കൃത്യം 8 മണി.
ലോറൻസ് കൃത്യസമയത്ത് തന്നെ സ്ഥലത്തെത്തി. പക്ഷേ ടി.ഡി റോഡിൽ കയറിയ പാടെ ലോറൻസ് അപകടം മണത്തു. ഡോക്ടർ കുഞ്ഞാലൂസ് നഴ്സിംഗ് ഹോം മുതൽ ടി.ഡി റോഡ് വരെ പതിവിലും കൂടുതൽ ആളുകൾ. അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഹോസ്റ്റലിന്റെ പഠിക്കൽ എത്തിയ ലോറൻസ് പരിചയക്കാരനോട് ചോദിച്ചു. “തോമാച്ചനെ കണ്ടോ?”
കെ.സി മാത്യുവിന്റെ ഒളിപ്പേരായിരുന്നു തോമാച്ചൻ. ഇല്ലെന്ന് അയാൾ അറിയിച്ചു പന്തികേട് മനസ്സിലാക്കിയ ലോറൻസ് തിരഞ്ഞു നടന്നു. അപ്പോൾ കൊറിയർ ദാമോദരൻ ലോറൻസിന്റെ മുന്നിലെത്തി. ലോറൻസ് ദാമോദരനോട് തോമാച്ചനെ കുറിച്ച് അന്വേഷിച്ചു. കണ്ടില്ലെന്ന് മറുപടി ആവർത്തിച്ചു. ലോറൻസ് നടന്നു. “ഞാൻ പോകുന്നു”, അതിന് ദാമോദരന്റെ മറുപടി ഉച്ചത്തിൽ ആയിരുന്നു. “പോകല്ലേ ഒരു കാര്യം പറയാനുണ്ട്.” അത് ലോറൻസിനുള്ള മറുപടി ആയിരുന്നില്ല. പോലീസിനുള്ള അടയാളം തെറ്റിയില്ല. ദാമോദരൻ ഒറ്റകാരനായി മാറിയിരുന്നു. കൂടെ നടന്നവരാണ് പല പ്രമുഖരുടെയും ജീവൻ ഒറ്റിയത്. ദാമോദരന്റെ വേഷപ്പകർച്ച മനസ്സിലാക്കാൻ ലോറൻസ് വൈകി.
അഞ്ചുപേർ പെട്ടെന്ന് ലോറൻസിന് മേൽ ചാടി വീണു. ഒരാൾ മുടിവട്ടം ചുറ്റി പിടിച്ചു. രണ്ടുപേർ ഇരുകൈകളും ഞെരിഞ്ഞമർത്തി. രണ്ടുപേർ വട്ടം ചുറ്റിപ്പിടിച്ചു. ലോറൻസിന് ഒന്ന് കുതറാൻ പോലും കഴിഞ്ഞില്ല. അവർ സഖാവിനെ പൊക്കിയെടുത്ത് ജീപ്പിൽ ഇട്ടു. പിന്നീട് മാത്യുവിനെയും ചതിയിൽ വീഴ്ത്തി. കൂടെയുണ്ടായിരുന്ന രാമവർമ്മ തമ്പുരാനും പോലീസ് പിടിയിലായി. മൂവരെയും പിന്നെ നഗരപ്രദക്ഷിണം നടത്തി. സീ ലോർഡിന് മുന്നിലുള്ള ഷണ്മുഖം റോഡിലൂടെ മൂവരെയും അടിച്ചു നടത്തി. കിലോമീറ്റർ ഓളം നീണ്ട നഗരം പ്രദിക്ഷണം സബ് ജയിലിന്റെ മുന്നിലാണ് അവസാനിച്ചത്. ലോക്കപ്പ് മുറിയിലേക്ക് കടക്കാനുള്ള ഇടനാഴിയിൽ 50 പോലീസുകാർ ഇരു പുറത്തുമായി നിരന്നു നിന്നു. ലോറൻസിനെ ഇടനാഴിയിലേക്ക് തള്ളിയിട്ടു. 100 ബൂട്ടുകൾ അദ്ദേഹത്തിൻറെ ശരീരത്തിലൂടെ സഞ്ചരിച്ചു. അവസാനം സെല്ലിലേക്ക് തെറിച്ച് വീഴുമ്പോൾ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. ചോരയിൽ പൊതിഞ്ഞ ശരീരം. അതിഭീകര മർദ്ദനത്തിന്റെ സ്മാരകമായ ലോറൻസ് പിന്നീട് എറണാകുളം ജില്ലയുടെ കമ്മ്യൂണിസ്റ്റ് പൈതൃകമായി.
തികഞ്ഞ പ്രത്യാശാസ്ത്ര നിഷ്ഠയോടെ കൂടിയ വർഗ്ഗരാഷ്ട്രീയത്തിന്റെ പ്രതീകമായി മാറിയ ലോറൻസ് പിന്നീട് ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിൻറെ സമുന്നത നേതാവായി. സിഐടിയു വിന്റെ അഖിലേന്ത്യ നേതൃത്വ പദവി വരെ അദ്ദേഹമെത്തി. കാലത്തിന് വന്ന മാറ്റം ട്രേഡ് യൂണിയൻ പ്രവർത്തനത്തിലും മാറ്റം വരുത്തി. ട്രേഡ് യൂണിയൻ പ്രവർത്തനം അസാധ്യമായ മേഖലയായി ഐടി മേഖല മാറി. എന്നാൽ തൊഴിലാളി വർഗ്ഗ രാഷ്ട്രീയം കൃത്യമായ തരത്തിൽ അലിഞ്ഞ ലോറൻസ് അതിൻറെ അപകടം മനസ്സിലാക്കി. ഇൻഫർമേഷൻ ഏജിൽ ക്ലാസ് വാർ എങ്ങിനെ നടത്തണമെന്ന് ചിന്തിച്ച നേതാവായിരുന്നു അദ്ദേഹം. ഐടി മേഖലയിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ആദ്യത്തെ യൂണിയൻ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. തോട്ടിത്തൊഴിലാളികൾക്ക് യൂണിയൻ ഉണ്ടാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഐടി മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞ് കാണണം. കാരണം 8 മണിക്കൂറിന് പകരം എത്ര മണിക്കൂറും പണിയാൻ തയ്യാറാണ് ഐടിയിലെ തൊഴിലാളികൾ. അവർക്ക് പണം കിട്ടിയാൽ മാത്രം മതി. മാർക്സ് കണ്ട അന്യവത്കരണം ഭീകരമായ രീതിയിൽ ബാധിച്ചവരാണ് ഐടി രംഗത്തുള്ളവർ. അത് ലോറൻസിന് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിലും അതിന് പരിഹാരം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
സിപിഎമ്മിനെ ബാധിച്ച വിഭാഗീയത കൂടി പറയാതെ ലോറൻസിന്റെ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മ പൂർണ്ണമാകില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ, പ്രത്യേകിച്ച് സിപിഎമ്മിനെ ഒരു ഘട്ടത്തിൽ നയിച്ചത് സി.ഐ.ടി.യുവായിരുന്നു.
സി ഐ ടി യു നേതൃത്വത്തിൽ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് സഖാവ് കെ ആർ ഗൗരി അമ്മയെ പാർട്ടിയിൽ നിന്ന് പുറത്തേക്ക് നയിച്ചത്. അത് പിന്നീട് അച്യുതാനന്ദൻ്റെ നേതൃത്വത്തിനെതിരായ പടയൊരുക്കം ആയി മാറി. കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് മുമ്പ് പാർട്ടിക്കകത്ത് ഒരു തീരുമാനം എടുത്തു. പാർലമെൻ്ററിരംഗത്ത് പ്രവർത്തിക്കുന്നവർ സംഘടനാരംഗത്തെക്കും സംഘടനാ രംഗത്തുള്ളവർ പാർലമെൻ്ററി രംഗത്തേക്കും മാറണം എന്നതായിരുന്നു തീരുമാനം. മൂന്ന് വട്ടം സെക്രട്ടറി സ്ഥാനത്തിരുന്ന വി.എസ് അച്യുതാനന്ദനെ മാറ്റാനാണ് ഈ തീരുമാനം എന്ന് വിഎസ് പക്ഷം കരുതി. അതുകൊണ്ട് സെക്രട്ടറി സ്ഥാനത്തേക്ക് തീരുമാനത്തിന് വിരുദ്ധമായി വിഎസ് മത്സരിച്ചു. പക്ഷേ സിഐടിയുവിൻ്റെയും ഇഎംഎസിന്റെയും സഹായത്താൽ വിഎസിനെതിരെ മത്സരിച്ച നായനാർ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് വി.എസ്, നേതാക്കളെ ഒന്നൊന്നായി വെട്ടി മാറ്റിയത് ചരിത്രം. ലോറൻസിനെതിരെ വ്യാപകമായ പ്രചരണം പാർട്ടിയിൽ ഉണ്ടായി എറണാകുളം നഗരത്തിലോടുന്ന പ്രൈവറ്റ് ബസ്സുകൾ പലതും ലോറൻസിന്റേതാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. ലോറൻസ് തലമുടി വെട്ടാൻ പോകുന്നത് വരെ പാർട്ടിയുടെ കാറിൽ ആണെന്നും ലോറൻസ് പുത്തൻ ബൂർഷ്വാസിയായി മാറിയെന്നും പാർട്ടിക്ക് അകത്തുനിന്ന് പ്രചാരണം വന്നു. വിഎസ് വിപ്ലവ സൂര്യനും ലോറൻസ് അഴിമതിക്കാരനായ ബൂർഷ്വയും. ഈ ദ്വന്ദം സഖാക്കൾ ആഘോഷിച്ചു. അതിൻറെ ഫലം അതിഭയങ്കരമായിരുന്നു. ലോറൻസ് അൺ പോപ്പുലറായി. പിന്നീട് കൊല്ലം സംസ്ഥാന സമ്മേളനത്തിൽ സിഐടിയു പക്ഷത്തെ തോൽപ്പിക്കാൻ വ്യാപകമായ നീക്കം നടന്നു. ലോറൻസ് ഒരു വോട്ടിനാണ് സംസ്ഥാന സമിതിയിൽ കടന്നുകൂടിയത്. അത് തന്നെ ബാലാനന്ദൻ എണ്ണി ജയിപ്പിച്ചെന്നാണ് വിഎസ് പക്ഷം പറഞ്ഞത്. എന്തായാലും അടുത്ത സമ്മേളനത്തിൽ എതിരാളികളെ അരിഞ്ഞു വീഴ്ത്താൻ വിഎസ് ആസൂത്രിതമായ നീക്കം നടത്തി. ഷാഡോ കമ്മറ്റികൾ ശക്തമായി പ്രവർത്തിച്ചു. പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിൽ സിഐടിയു നേതൃത്വത്തെ മുഴുവൻ അച്യുതാനന്ദൻ പക്ഷം വെട്ടി നിരത്തി. ഓ ഭരതൻ, സി കണ്ണൻ, വി.ബി ചെറിയാൻ, എം.എം ലോറൻസ്, അപ്പുക്കുട്ടൻ വള്ളിക്കുന്ന് തുടങ്ങിയ തൊഴിലാളി വർഗ്ഗ നേതാക്കളൊക്കെ വെട്ടി വീഴ്ത്തപ്പെട്ടു. തുടർന്നുണ്ടായ ‘സേവ് സിപിഎം’ ഫോറം പാർട്ടിയിലെ ഇരുണ്ട ഇടങ്ങളിലേക്ക് വെളിച്ചം വീഴ്ത്തി.
അതുമായി ലോറൻസിന് ബന്ധമില്ലായിരുന്നെങ്കിലും ലോറൻസിനെതിരെ നടപടിക്ക് അത് ആയുധമാക്കിയിരുന്നു. അതിനെ തുടർന്നു ലോറൻസ് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൺവീനർ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടു. ഇതെല്ലാം ചെയ്തപ്പോൾ പാർട്ടി ചെയ്തത് കേരളത്തിൽ നിന്ന് ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൻറെ വേര് കളയുകയായിരുന്നു. സിഐടിയുവിന്റെ അഖിലേന്ത്യ നേതാവും പാർട്ടിയുടെ ബുദ്ധിജീവിയുമായ കെ എൻ രവീന്ദ്രനാഥിനെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് വെട്ടി ഒരു ഘടകം പോലും നൽകാതെ ത്രിശങ്കുവിൽ നിറുത്തി. അങ്ങിനെ പാർട്ടിയുടെ അടിത്തറ മാന്തലായി വിഭാഗീയ പ്രവർത്തനം.

നിശബ്ദനായി നിന്നുകൊണ്ടാണ് പിന്നീട് ലോറൻസ് പാർട്ടിയിലേക്ക് തിരിച്ചു കയറിയത്. എറണാകുളം ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ലോറൻസ് അച്യുതാനന്ദൻ ദുർബലനാകുന്നത് വരെ കാത്തിരുന്നു. അങ്ങനെ മലപ്പുറം സമ്മേളനം വന്നു. പിണറായി പക്ഷം ആ സമ്മേളനത്തിൽ അച്യുതാനന്ദൻ വിഭാഗത്തെ ഇല്ലാതാക്കി.ആ സമ്മേളനത്തിലാണ് ലോറൻസ് വീണ്ടും സിപിഎം സംസ്ഥാന സമിതിയിൽ തിരിച്ചെത്തിയത്.
ഇപ്പോൾ അൻവറിനെ പോലെ ഒരാൾ പാർട്ടിയുടെ ശുദ്ധീകരണ തൊഴിലാളിയായി വരുമ്പോൾ സിപിഎം ചെന്നകപ്പെട്ട പ്രത്യാശാസ്ത്ര പ്രതിസന്ധി പെരുമ്പറ മുഴക്കമായി രാഷ്ട്രീയ ചക്രവാളത്തിൽ പ്രതിധ്വനിക്കുന്നു.