കാതല്‍ കടിതങ്കളും സിനിമാ പയനങ്കളും, മഞ്ഞുമ്മലിനെ ഏറ്റെടുത്ത തമിഴകം
ഭാഷകളും സംസ്‌ക്കാരങ്ങളും മറി കടന്ന് സിനിമകള്‍ സഞ്ചരിക്കുന്നത് ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. തമിഴും തെലുങ്കും ഹിന്ദിയും ഇംഗ്ലീഷും സിനിമകള്‍ മലയാളികള്‍ക്ക് പ്രിയമായതും ഇങ്ങിനെയാണ്. ഇപ്പോള്‍, മലയാള സിനിമയെ, അന്‍പോടെ ചേര്‍ത്തു വെക്കുകയും കൊണ്ടാടുകയുമാണ് തമിഴ് മക്കള്‍. മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും അതിര്‍ത്തികളെ അപ്രസക്തമാക്കിയതെങ്ങനെ? ജി.പി രാമചന്ദ്രന്‍ അന്വേഷിക്കുന്നു.
മഞ്ഞുമ്മൽ ബോയ്‌സ് ഞാൻ മൂന്നു വട്ടം സിനിമാശാലകളിൽ പോയി കണ്ടു. മറ്റു ചില ദിവസങ്ങളിൽ ഈ ചിത്രവും ഇതേ കാലത്ത് ഹിറ്റായ പ്രേമലുവും എങ്ങിനെയാണ് സ്വീകരിക്കപ്പെടുന്നത് എന്നു തേടി കേരളത്തിലും പുറത്തുമുള്ള ചില തിയേറ്ററുകൾക്കു മുമ്പിലൂടെയും വളപ്പിനകത്തുമായി ചുറ്റി നടക്കുകയും ചെയ്തു. തമിഴിനോടും തമിഴ് നാട്ടിനോടും തമിഴ് സിനിമയോടും അടുപ്പമുള്ള ഒരു സിനിമാ ശാലയിലിരുന്ന് മഞ്ഞുമ്മൽ ബോയ്‌സ് കാണുമ്പോൾ ശ്രദ്ധിച്ച കാര്യം, കൺമണി അൻപോട് കാതലൻ എന്ന ഗുണാ സിനിമയിലെ പാട്ട് ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുമ്പോൾ, കാണികൾക്കുണ്ടാകുന്ന ആനന്ദമാണ്. ആരവം മുഴക്കിയും വിസിലടിച്ചും കയ്യടിച്ചും അവർ ഈ പാട്ടിന്റെ ഈണക്കാലങ്ങളെയും ജനപ്രിയതയെയും വീണ്ടെടുക്കുകയായിരുന്നു. കാലത്തിലൂടെയും സംസ്‌ക്കാരങ്ങളിലൂടെയും ഉള്ള പരസ്പര സഞ്ചാരാനുഭവങ്ങളാണ് മലയാളിയ്ക്കും തമിഴർക്കും മഞ്ഞുമ്മൽ ബോയ്‌സ് കാഴ്ച പകർന്നു നൽകിയത്.നൻ പകൽ നേരത്ത് മയക്കത്തിലും ഇതേ കാര്യമാണ് നടന്നതെങ്കിലും; മുഖ്യധാരയുടെ എളുപ്പങ്ങളും ജനപ്രിയതയുടെ മറയില്ലായ്മകളും മഞ്ഞുമ്മലിനെ കൂടുതൽ സ്ഥലങ്ങളിലും സമയങ്ങളിലും വ്യാപിപ്പിക്കുകയും സ്വീകരിപ്പിക്കുകയും ചെയ്തു.
തമിഴ്‌നാട്ടിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെയും ഇരവു പകൽ വ്യത്യാസമില്ലാതെയും തലങ്ങും വിലങ്ങും യാത്ര ചെയ്യുമ്പോൾ കാണാനാകുന്ന കാര്യമാണ്, സിനിമാഗാനങ്ങളുടെ ജനപ്രീതി. ബസ്സുകളിലും മറ്റും വളരെ ഉച്ചത്തിലാണ് പാട്ടുകൾ വെക്കുക. അതിനെയും കവച്ചു വെച്ചും ആണുങ്ങളും പെണ്ണുങ്ങളും തിരുനങ്കൈകളും (ട്രാൻസ്‌ജെന്റർ) വായിട്ടലച്ചു വർത്തമാനത്തിലേർപ്പെടും. കണ്ടക്ടർ വിസിലടിച്ചും ലോഹം കൊണ്ട് ബസ്സിന്റെ മേൽത്തട്ടിലടിച്ചും ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. ഇതിനിടയിൽ മറ്റു യാത്രക്കാർ കൈപ്പേശി(മൊബൈൽ)കളിൽ ആരോടൊക്കെയേ ഉച്ചത്തിൽ സംസാരിച്ച് നിത്യ ജീവിതം മുന്നോട്ടു നീക്കുന്നുമുണ്ടാവും. എന്നാലെല്ലാവരും പാട്ടുകളുടെ ഈണങ്ങളിലും വരികളിലും മുഴുകി രസിക്കുന്നുമുണ്ടാവും. ഇളൈയരാജയുടെയും റഹ്മാന്റെയും മാത്രമല്ല ശീർകാഴിയുടെയും ടി എം സൗന്ദരരാജന്റെയും കെ വി മഹാദേവന്റെയും അങ്ങനെ പല പല കാലങ്ങളിൽ ഗാന ജീവിതം നടത്തിക്കൊണ്ടാണ് ഇരവുപകലുകൾ മുഷിയാതെ സജീവമായിക്കൊണ്ടിരിക്കുക. വഴിയോരങ്ങളിലുള്ള ആയിരക്കണക്കിന് ചായക്കടകളിലും ഇതിന് സമാനമാണ് സ്ഥിതി. എഫ്.എം ചാനലുകളിൽ നിന്നും പലമട്ടിൽ ശേഖരിക്കപ്പെട്ട റെപ്പോസിറ്ററികളിൽ നിന്നും പാട്ടുകൾ അന്തരീക്ഷത്തിലേയ്ക്കും ചക്രവാളങ്ങളിലേയ്ക്കും ഒഴുകിക്കൊണ്ടേ ഇരിക്കുന്നു. ഗാനങ്ങളിലൂടെ തുടരുന്ന സാംസ്‌ക്കാരിക ജീവിതമാണ് ഇവിടങ്ങളിലൊക്കെയുമുള്ളത്.
സന്താനഭാരതി സംവിധാനം ചെയ്ത് വേണു ഛായാഗ്രഹണം നിർവഹിച്ച ഗുണാ സിനിമയിൽ, നായകന്റേ പേരാണ് ഗുണ. ഉലകനായകൻ കമൽ ഹാസൻ അവതരിപ്പിക്കുന്നു. രോഷിണി എന്ന നടി (ഇവരെ പിന്നീടധികം കണ്ടിട്ടില്ല) അവതരിപ്പിക്കുന്ന രോഹിണിയെ അഭിരാമിയായി സങ്കല്പിച്ച് അവളോടാണ് ഗുണയ്ക്ക് കാതൽ. അവൾക്ക് കൊടുക്കാനായി അവൻ എഴുതുന്ന പ്രേമലേഖനം, അവനു വേണ്ടി അവൾ തന്നെയാണ് എഴുതുന്നത്. ഇതാണ്, ഈ സിനിമയിലെ ഏറ്റവും മാജിക്കലായ രംഗം. അവിടെയാണ് കൺമണി അൻപോട് കാതലൻ എന്ന പാട്ടുള്ളത്. ഈ പാട്ട്, ഗുണാ പറയുന്ന കാര്യങ്ങൾ, രോഹിണി എന്ന അഭിരാമി പാട്ടായി പാടുകയും എഴുതുകയും ചെയ്യുകയാണ്. ഇതിലെ വരികൾ വീണ്ടും വീണ്ടും കേട്ടു നോക്കുക. പറഞ്ഞുകൊടുക്കുന്ന കാമുകനും എഴുതുന്നവളും പാടുന്നവളുമായ കാമുകിയും തമ്മിലുള്ള ഒരു പരസ്പര സഞ്ചാരം ഈ പാട്ടെഴുത്തിലും പാട്ടുപാടലിലും ദൃശ്യങ്ങളിലുമുണ്ട്. ഉന്നെ നെനച്ചു പാക്കുമ്പോലെ മനസ്സിൽ കവിതൈ കൊട്ടുത് (നിന്നെ നോക്കുമ്പോൾ മനസ്സിൽ കവിത വന്നു നിറയുന്നു). ഈണം നൽകിയ ഇളൈയരാജ, ഗാനരചയിതാവിനോട് പറയുന്ന കാര്യങ്ങൾ പോലെയും നമുക്ക് തോന്നാം. കൺമണി അൻപോട് കാതലൻ എഴുതും കടിതം (ആദ്യം കടിതം എന്നു വേണോ എന്നു സംശയിച്ച് പിന്നീട് കടിതമേ ഇരിക്കട്ടും/കൺമണി സ്‌നേഹത്തോടെ കാമുകൻ എഴുതും പ്രണയലേഖനം). മൊതലില് കൺമണി അല്ലേ, ഇങ്കെ പൊന്മണി പോട്ടുക്കോ (ആദ്യം കൺമണി എന്നല്ലേ വെച്ചത്, ഇനി പൊൻമണി എന്നു വെച്ചോ). കുറച്ചു കൂടി കഴിയുമ്പോൾ, മാനേ, തേനേ, പൊന്മാനേ എന്നെല്ലാം ഇടയ്ക്കിടെ ചേർത്തെഴുതിക്കോ എന്നും പറയുന്നുണ്ട്. ഇത്രയേ ഉള്ളൂ കാര്യം. മാസ്മരികമായ ഈണമാണ് പല കാലങ്ങളിലൂടെയും പല നാടുകളിലൂടെയും പല തരം ഫ്യൂഷനുകളിലൂടെയും എന്റെ മനസ്സിൽ സംയോജിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിനനുസരിച്ച് മനോഹരമായ ചില വാക്കുകൾ ആവർത്തനവിരസതയില്ലാതെ ചേർത്തു വെക്കണം. അതാണ് സിനിമാപാട്ട്. അതുകൊണ്ടുണ്ടാക്കുന്ന സൗന്ദര്യാനുഭൂതി കാലങ്ങൾ കടന്നു ചെന്ന് ആളുകളെ ആനന്ദിപ്പിക്കുന്നു. അവരെ ഒരുമിപ്പിക്കുന്നു.
സ്‌റ്റോക്ക് ഹോം പ്രതിഭാസ(ബന്ദിക്ക് ബന്ദിയാക്കിയവരോട് സ്‌നേഹം തോന്നുന്നതിന്)നെ മഹത്വവത്ക്കരിക്കുന്നു എന്ന ആരോപണം നേരിടേണ്ടി വന്ന ടൈ മി അപ്! ടൈ മി ഡൗൺ! എന്ന, വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരനായ പെദ്രോ അൽമൊദോവാറിന്റെ സിനിമയാണ് ഗുണയുടെ ഒരു പ്രചോദനം എന്ന് ചലച്ചിത്രചരിത്രകാരനും എന്റെ തമിഴ് അധ്യാപകനുമായ മുകേഷ് കുമാർ രേഖപ്പെടുത്തുന്നുണ്ട്. എന്താണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ അർത്ഥം; എവിടെയാണ് സ്ത്രീജിവിതത്തിനും പുരുഷ ജീവിതത്തിനും സുരക്ഷിതത്വമുള്ളത് എന്നീ ദാർശനികമായ ചോദ്യങ്ങളാണ് അൽമൊദോവാർ തന്റെ മറ്റു സിനിമകളിലെന്നതു പോലെ ഈ സിനിമയിലും ഉന്നയിക്കുന്നത്. നമ്മുടെയും മറ്റുള്ളവരുടെയും തെറ്റുകൾക്കും മരണങ്ങൾക്കും എല്ലാവരുടെയും ഭാവി ജീവിതത്തിനുമിടയിലുള്ള ഒരു വൈകാരിക പ്രായശ്ചിത്ത-ശുദ്ധീകരണ പ്രദേശം (പർഗേറ്ററി) മാത്രമാണ് നമ്മുടെ ജീവിതം എന്ന ഉത്തരമാണ് അൽമൊദോവാർ ലളിതമായി അനാവരണം ചെയ്യുകയും ചെയ്യുന്നത്. കുറ്റവും ശിക്ഷയും നിർവചിക്കപ്പെടുന്നതിന്റെ സാമ്പ്രദായികവും വ്യവസ്ഥാപിതവുമായ പശ്ചാത്തലങ്ങളും വഴികളും വെച്ച് വ്യാഖ്യാനിക്കാനാവാത്ത പ്രമേയങ്ങളും ആഖ്യാനങ്ങളുമാണ് അൽമൊദോവാർ സ്വീകരിക്കാറുള്ളത്. ടൈ മി അപ്പിലും ടൈ മി ഡൗണിലും സ്ഥിതി വ്യത്യസ്തമല്ല.
ശൈവ വിശ്വാസാചാരങ്ങളും കഥകളുമായി ഗുണയ്ക്കുള്ള ബന്ധങ്ങളും മുകേഷ് കുമാർ വിശദീകരിക്കുന്നുണ്ട്. (See Post 1, Post 2)
മഞ്ഞുമ്മൽ ബോയ്‌സിന്റെ ആദ്യ കാഴ്ചയിൽ തന്നെ എന്റെ യൗവനാരംഭകാലത്തെ ചില സാഹസിക യാത്രാനുഭവങ്ങളിലേയ്ക്ക് ഞാൻ അസാധാരണ വേഗത്തിൽ കാലത്തെ മറികടന്ന് സഞ്ചരിച്ചെത്തി. വയനാട്ടിലെ തിരുനെല്ലിയിലുള്ള പക്ഷിപാതാളത്തിലേയ്ക്ക് നടത്തിയ യാത്രയായിരുന്നു അതിലൊന്ന്. സുഭാഷ് (ശ്രീനാഥ് ഭാസി) ഗുഹയിലേയ്ക്ക് വീഴുമ്പോഴും സുഭാഷിനെ തിരഞ്ഞ് കുട്ടൻ (സൗബിൻ ശാഹിർ) കയർ പിടിച്ചിറങ്ങുമ്പോഴും വവ്വാലുകൾ കൂട്ടമായി ഉയർന്നു പൊന്തുന്നതു പോലത്തെ അനുഭവം പക്ഷിപാതാളത്തിൽ ഞങ്ങളെത്തിയപ്പോഴുണ്ടായി. ആയിരക്കണക്കിന് വവ്വാലുകളാണ് അവിടെ പാർക്കുന്നത്. എൺപതുകളിൽ വ്യവസ്ഥാപിത വിനോദ സഞ്ചാര സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. പുൽമേടുകളും ചോലക്കാടുകളും കടന്ന് മണിക്കൂറുകൾ നടന്നാലാണ് തിരുനെല്ലിയിൽ നിന്ന് പക്ഷിപാതാളത്തിലെത്തുക. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരകാലത്ത് പഴശ്ശിയും നക്‌സലൈറ്റ് വേട്ടക്കാലത്ത് അജിത അടക്കമുള്ളവരും ഇവിടെ ഒളിവിലിരുന്നിട്ടുണ്ടെന്നൊക്കെ നാട്ടുകാർ പറഞ്ഞതോർക്കുന്നു. ഏതായാലും ആയിരക്കണക്കിന് വവ്വാലുകൾ പാറയിടുക്കുകളിൽ തൂങ്ങിയാടുന്നതും പറന്ന് പൊന്തുന്നതുമൊന്നും മറക്കാനാവാത്ത അനുഭവമാണ്. മഞ്ഞുമ്മൽ ബോയ്‌സിലെ ദൃശ്യങ്ങൾ ആ ഓർമ്മയെ തിരിച്ചുകൊണ്ടു വന്നു.
മറ്റൊന്ന് വയനാട്ടിൽ തന്നെയുള്ള എടയ്ക്കൽ ഗുഹയിൽ പോയതാണ്. അവിടെയും അന്ന് ടിക്കറ്റോ നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. ശിലായുഗ ചിത്രങ്ങൾക്കിടയിൽ വികൃതമനസ്‌കർ പലതും കോറിവരച്ചിട്ടുണ്ടായിരുന്നു. കുത്തനെയുള്ള കയറ്റം കയറി, ഗുഹയുടെ ഏറ്റവും ഉയരമുള്ള സ്ഥലത്തെത്തി, പിന്നെയും മുകളിലേയ്ക്ക് കയറുന്നതിന് വിടവ് കുറഞ്ഞ ഒരു ഇടമുണ്ട്. ഇവിടെ മലർന്ന് കിടന്ന് നിരങ്ങി വേണം നീങ്ങാൻ. കഴുത്തും മറ്റും അവിടെ കുടുങ്ങുന്നതു പോലെയും ശ്വാസം മുട്ടുന്നതു പോലെയും തോന്നും. ആ കുടുങ്ങലും ശ്വാസം മുട്ടലും വീണ്ടും ഇപ്പോൾ അനുഭവിച്ചു.
പാത്രക്കടവ് പദ്ധതി എന്ന് പേരുമാറ്റി സൈലന്റ് വാലി ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കം തൊണ്ണൂറുകളിൽ നടന്നു. ഈ നീക്കം ചെറുത്തു തോല്പിക്കാൻ പരിസ്ഥിതി വാദികളും ജനാധിപത്യവാദികളും കൂട്ടായി പ്രവർത്തിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ഡോക്കുമെന്ററി സംവിധായകനും ആക്റ്റിവിസ്റ്റുമായ സി ശരത് ചന്ദ്രൻ, പാത്രക്കടവ് പദ്ധതി പ്രദേശം സന്ദർശിക്കുന്നുണ്ടെന്നും എന്നോട് കൂടെ വരണമെന്നും പറഞ്ഞത്. ശരത് പറയുന്ന എന്തു കാര്യവും നമുക്ക് ചെയ്യാൻ തോന്നും. അത്രയ്ക്ക് ആത്മാർത്ഥതയുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മറ്റൊന്നുമാലോചിച്ചില്ല. ഇറങ്ങിപ്പുറപ്പെട്ടു. ഞങ്ങളുടേത് ഇരുപതോളം ആളുകളുള്ള ഒരു സംഘമായിരുന്നു. ബാങ്കളൂരിൽ നിന്നും ദില്ലിയിൽ നിന്നും ഉള്ളവരടക്കം ഉണ്ടായിരുന്നു. വഴികാട്ടിയായി കൂടെയുണ്ടായിരുന്നത് വനം വകുപ്പിൽ താല്ക്കാലിക ജോലി ചെയ്യുന്ന സാഹസികനായ ഒരു യുവാവായിരുന്നു. പേര് മറന്നു പോയി. കുന്തിപ്പുഴയുടെ കിഴക്കു ഭാഗത്ത് തത്തേങ്ങലത്തു നിന്ന് മലയും കാടും കയറിയാണ് നടക്കുന്നത്. മഴ ചിന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു. വഴുക്കലുള്ള പാറക്കല്ലുകളും നിബിഡവനവുമാണ് വഴിയാകെ. ഏതാനും മണിക്കൂറുകൾ നടന്ന് എത്തിയ ഒരു വലിയ പാറക്കെട്ടിനടുത്തെത്തി. എല്ലാവരോടും നില്ക്കാൻ പറഞ്ഞ് വഴികാട്ടി യുവാവ് ചില നിർദ്ദേശങ്ങൾ തന്നു. പാറക്കെട്ട് ഒരു ഭാഗത്തേയ്ക്ക് തള്ളി നിൽക്കുന്നതിനാൽ അതിനപ്പുറത്തെന്താണ് എന്ന് നമുക്ക് ഇപ്പുറത്തു നിന്ന് കാണാനാകില്ല. ചെറിയ നടവഴി പാറയോട് ചേർന്നുണ്ടെന്നു പറയാം. മഴ പെയ്യുന്നതു കൊണ്ട് വഴുക്കുന്നുണ്ട്. വഴി കാട്ടി യുവാവിന് സ്ഥലം നല്ല പരിചയമാണ്. അയാൾ ഈ ചെറുവഴിയിലൂടെ പാറയിൽ പിടിച്ച് അപ്പുറത്തെത്തി ഏതോ കുറ്റിയിലോ പാറക്കൂർപ്പിലോ വണ്ണമുള്ള കയറി (വടം) ന്റെ അറ്റം ഭദ്രമായി കെട്ടി ഇപ്പുറത്തേയ്ക്ക് എത്തിക്കും. നമ്മൾ ഓരോരുത്തരായി അതിൽ പിടിച്ച് ഈ ചെറുവഴിയിലൂടെ പാറയിലും പിടിച്ച് അപ്പുറത്തെത്തണം. എവിടേയ്ക്കാണ് പോകുന്നത് എന്നത് കാണാനാകില്ല എന്നതാണ് പേടിപ്പിക്കുന്ന കാര്യം. ചെരുപ്പുകൾ അഴിച്ച് അതും ബാഗുകളും എല്ലാം വഴികാട്ടി യുവാവ് അപ്പുറത്തെത്തിച്ചു. വടം പിടിച്ച് നടന്നു തുടങ്ങിയപ്പോഴാണ് ജീവൻ അവസാനിക്കുന്നതു പോലെ തോന്നലുണ്ടാകുന്നത്. യാത്ര ഉപേക്ഷിച്ച് പിറകോട്ട് പോകുന്നത് നടപ്പുള്ള കാര്യമല്ല. നമ്മളൊറ്റപ്പെടും. വഴി തിരിച്ചറിയാനുമാവില്ല. അതുകൊണ്ട് സംഘത്തിൽ ചേർന്ന് പോകുകയേ നിവൃത്തിയുള്ളൂ. പരിസ്ഥിതി രാഷ്ട്രീയ ബോധവും പ്രകൃതി സ്‌നേഹവുമെല്ലാം കണികകൾ പോലും അവശേഷിപ്പിക്കാതെ എവിടേയ്‌ക്കോ ബാഷ്പീകരിക്കപ്പെട്ട് ഇല്ലാതായി. ജീവനും ജീവിതവും തിരിച്ചു കിട്ടിയാൽ മതിയെന്നായി. മാത്രമല്ല, അപ്പുറം കടന്ന് യാത്ര പൂർത്തിയായി തിരിച്ചു വരുമ്പോൾ ഈ വടം പിടുത്തം വീണ്ടും നിർവഹിക്കണമല്ലോ എന്ന ചങ്കിടിപ്പ് വിടുന്നുമില്ല. ഏതായാലും കുഴപ്പമൊന്നുമുണ്ടായില്ല. പാത്രക്കടവ് പദ്ധതി പരിപൂർണമായി ഉപേക്ഷിക്കപ്പെട്ടു. ഒരു കാരണവശാലും വനവും ചെങ്കുത്തായ ഭൂപ്രകൃതിയും നശിപ്പിച്ചുകൊണ്ടുള്ള ഒരു ആധുനിക സാങ്കേതിക സംവിധാനം അവിടെ വരരുതെന്നതും ഈ യാത്ര പഠിപ്പിച്ചു എന്നതും പ്രസ്താവ്യമാണ്.
നാലാമത്തെ സംഭവമായിരുന്നു ഹൃദയഭേദകം. തിരുവിലാമലയിലെ പുനർജനി നൂഴലായിരുന്നു അത്. ഗുരുവായൂർ ഏകാദശി ദിവസം വർഷത്തിലൊരിക്കൽ മാത്രമാണ് ഈ അനുഷ്ഠാനം. വില്വാദ്രിനാഥ ക്ഷേത്രത്തിനടുത്താണ് ഈ ഗുഹ. ഗുഹ എന്നു പറയുമ്പോൾ നമ്മുടെ സങ്കല്പങ്ങളിലുള്ളതു പോലെ ഉള്ള ഒന്നല്ല. പാറയുടെ അടരുകളാണ് ഇത്. ഉള്ളിൽ കയറിയാൽ പല ഭാഗത്തേയ്ക്കും വിടവുകളുണ്ടാവും. കൃത്യമായ മാർഗനിർദ്ദേശമനുസരിച്ചു മാത്രമേ നീങ്ങാനാവൂ. പുനർജനി എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാണ്. ജനിച്ചു വീണ ഒരു കുട്ടി എഴുന്നേറ്റു നടക്കുന്നതിനിടയിൽ ചെയ്യുന്ന കാര്യങ്ങളൊക്കെയും ചെയ്താലേ ഉള്ളിൽ പോകുന്ന ആൾക്ക് പുറത്തെത്താനാവൂ. മലർന്നു കിടക്കുക, കമിഴുക, മുട്ടുകുത്തുക, മലർന്നും കമിഴ്ന്നും ഇഴഞ്ഞു നീങ്ങുക, പിറകിലുള്ള ആളുടെ ചുമലിലും തലയിലും ചവിട്ടി മുകളിലേയ്ക്ക് കുതിക്കുക, മുമ്പേ പോയ ആളുടെ കാലിന്മേൽ പിടിച്ചു തൂങ്ങി മുകളിലേയ്ക്ക് കുതിക്കുക എന്നിവയെല്ലാം ചെയ്താലേ ഗുഹ നൂണ്ട് പുറത്തെത്താനാവൂ. ഏറ്റവും ആദ്യം വസ്ത്രത്തിൽ അഴുക്ക് പറ്റരുതെന്നാണ് നാം ശ്രദ്ധിക്കുക. പിന്നെ വസ്ത്രത്തിൽ അഴുക്കായാലും ശരീരത്തിൽ അഴുക്കാവരുതെന്ന് നോക്കും. അതിനു ശേഷം ശരീരത്തിൽ അഴുക്കായാലും വസ്ത്രം കീറരുതെന്ന് ശ്രദ്ധിക്കും. പിന്നെ വസ്ത്രം കീറിയാലും ശരീരം മുറിയരുതെന്ന് ശ്രദ്ധിക്കും. അതിനും ശേഷം ശരീരം മുറിഞ്ഞാലും ജീവനോടെ തിരിച്ച് പുറത്തെത്തിയാൽ മതി എന്നാവും നമ്മുടെ തോന്നൽ. ഇതെല്ലാം അനുഭവിച്ച് പോയവരെല്ലാം മുകളിലെത്തി. തിരുവില്വാമലക്കാരനായ മോഹൻദാസ്, മറ്റു സഹപ്രവർത്തകരായ ഉല്ലാസ്, വെങ്കിടകൃഷ്ണൻ എന്നിവരും ഞാനുമാണ് ഒരു സംഘമായി പുനർ ജനി നൂണ്ടത്. എല്ലാവരും ഇരുപതുകളിലുള്ളവർ. മാനേജർ ഗോപിനാഥൻ സാർ റിട്ടയർമെന്റിനോടടുത്ത പ്രായക്കാരനായിരുന്നു. അതുകൊണ്ട് അദ്ദേഹം പുറത്ത് കാവൽ നിന്നു. ഞാൻ പുറത്തു വന്ന ഉടനെ അദ്ദേഹം ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. ജി.പി പുറത്തു വരില്ലെന്നാണ് ഞാൻ വിചാരിച്ചത്. നാസ്തികനായ എന്നെയും രക്ഷപ്പെടുത്തിയ കടവുളിനെ ഞാൻ മനസ്സാ പ്രണമിച്ചു. (ആൾദൈവ-ആൾക്കൂട്ട നാസ്തികരുടെ ഫാസിസ്റ്റനുകൂല കൊട്ടിഘോഷങ്ങൾ പിന്നീടും പതിറ്റാണ്ടുകൾ കഴിഞ്ഞാണ് സജീവമായത്. അവരെക്കാളുമൊക്കെ എന്തുകൊണ്ടും നല്ലവർ ദൈവവിശ്വാസികളും ദൈവവും തന്നെ). ഇതാ, യുക്തിവാദിയായ സുഭാഷ് ജീവനോടെ പുറത്തെത്തിയപ്പോൾ, അയാളിൽ കടവുളിനെ (ദൈവത്തെ) ദർശിച്ച് മഞ്ഞുമ്മൽ ബോയ്‌സ് സിനിമയിലെ തമിഴ്‌നാട്ടുകാരി വൃദ്ധ കാൽ തൊട്ടു തൊഴുന്നു. പുനർജനി നൂണ്ടതിന്റെ വിശദമായ ഓർമ്മകളെല്ലാം ഒറ്റ സെക്കന്റിൽ എനിക്ക് തിരിച്ചു കിട്ടി.
വീണ്ടും മഞ്ഞുമ്മൽ ബോയ്‌സ് കണ്ടപ്പോൾ മറ്റൊരു രംഗം മനസ്സിൽ തട്ടി. ഗോവയിലേയ്ക്കല്ല, കൊടൈക്കാനലിലേയ്ക്കാണ് യാത്രയെന്നും അതിന്റെ വിശദാംശങ്ങളെന്തൊക്കെയെന്നും ക്ലബ്ബിലിരുന്ന് ചർച്ച തുടരുന്നതിനിടെ, സുഭാഷ് ഞാൻ പോട്ടെ എന്നു പറഞ്ഞ് എഴുന്നേറ്റു പോകുന്നു. ടൂറിന് പോകുന്നവർ കൊടുക്കേണ്ട പങ്കുപണം കൈയിലില്ലാത്ത അത്രയ്ക്കും ദരിദ്രനാണയാൾ. അതുകൊണ്ടാണ്, മറ്റു സുഹൃത്തുക്കളുടെ സന്തോഷത്തിൽ ഒപ്പം കൂടണമെന്നുണ്ടെങ്കിലും സ്വന്തം ദാരിദ്ര്യം കാരണം അതിനു സാധിക്കാതെ സങ്കടം കടിച്ചിറക്കി സ്ഥലം കാലിയാക്കുന്നത്. ഇതു കണ്ടപ്പോൾ, എനിക്കോർമ്മ വന്നത്, കോളേജു പഠന കാലത്ത് വല്ലപ്പോഴും കാന്റീനിൽ ചായ കുടിക്കാൻ മൂന്നോ നാലോ സുഹൃത്തുക്കളോടൊത്ത് പോകുന്നതാണ്. തണുത്ത് പിണ്ടി പോലെയായാലും നമ്മുടെ ഗ്ലാസിലെ ചായ കഴിയില്ല. ചായ ആദ്യം കുടിച്ചു കഴിയുന്ന ആൾ പൈസ കൊടുക്കേണ്ടി വരില്ലേ എന്നോർത്താണ് ഈ വിദ്യ.
പ്രൊഫഷണൽ വായനക്കാരും സാഹിത്യ വ്യാഖ്യാതാക്കളുമായ ചിലർ; വളരെ പ്രസിദ്ധിയാർജ്ജിക്കുന്ന ചില നോവലുകളും കഥകളും അത്ര കണ്ട് മികവില്ലാത്തതാണെന്നും മറ്റും വിധി പുറപ്പെടുവിക്കുന്നത് സാധാരണമാണ്. ബെന്യാമിന്റെ ആടുജീവിതം നോവലിനെക്കുറിച്ചൊക്കെ നിരവധി സാഹിത്യജഡ്ജികൾ ഈ വിധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, വായനയുടെ ചില സവിശേഷ സന്ദർഭങ്ങളിൽ ഈ കൃതിയും സമാനമായി മറ്റു ചില കൃതികളും അനുവാചകരെ അഗാധമായി സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യാറുണ്ടെന്ന അനുഭവയാഥാർത്ഥ്യത്തെ ഈ സാഹിത്യജഡ്ജികൾക്ക് ഉൾക്കൊള്ളാനാവില്ല. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ കാര്യത്തിലും ഇത് ബാധകമാണ്. ഓ! ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിലാണ് പലരും ഈ സിനിമയെ തള്ളിക്കളയുന്നത്. എന്നാൽ, സാധാരണക്കാരായവരുടെ ജീവിതത്തെയും ഓർമ്മകളെയും സ്‌നേഹാഭിമുഖ്യങ്ങളെയും സൗഹൃദവാഞ്ഛകളെയും അതെത്രമാത്രം ഉദ്ദീപിപ്പിച്ചു എന്ന സുപ്രധാനമായ വസ്തുത അവർ കണ്ടില്ലെന്നു നടിക്കുന്നു.
സൂപ്പർതാര സഹജമല്ലാത്ത പല സാധാരണത്തങ്ങൾ കൊണ്ടു കൂടിയാണ്, മഞ്ഞുമ്മൽ ബോയ്‌സിനെ മലയാളികളും തമിഴരും ഒന്നിച്ചേറ്റെടുത്തത്. രാജേഷ് രാജാമണി തുടക്കത്തിൽ നിരീക്ഷിച്ചതു പോലെ; ഇരുണ്ടതും നരകസമാനവുമായ ഏതു ജീവിതവീഴ്ചാപ്പാതാളങ്ങളിൽ നിന്നും നിങ്ങളെ തിരിച്ചു കൊണ്ടുവരാൻ ഒരു ഇളയരാജാ പാട്ടിന് സാധ്യമാവും എന്നതും മഞ്ഞുമ്മൽ ബോയ്‌സിന്റെ വിജയയാഥാർത്ഥ്യമാണ്. ഇളൈയരാജയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്തത് ബിജെപിയുടെ കേന്ദ്ര സർക്കാരാണ്. മതനിരപേക്ഷവാദികൾക്ക് ഉൾക്കൊള്ളാൻ പ്രയാസമുള്ള തീരുമാനമായിരുന്നു ഇത്. എന്നാൽ, ഇളൈയരാജ രസികർ കൂടിയായ രാജേഷ് രാജാമണിയുടെ മേൽപ്രസ്താവം വായിച്ചപ്പോൾ; ഇവിടെ ബിജെപി സർക്കാർ രാജ്യസഭയിലേക്ക് ഇളൈയരാജയെ നാമനിർദ്ദേശം ചെയ്തു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോൾ നമ്മളകപ്പെടുന്ന നിരാശയുടെ ഗുഹാന്തരത്തിൽ നിന്നു പോലും നമ്മെ കയറ്റിയെടുക്കാൻ അതേ ഇളൈയരാജയുടെ മാന്ത്രികവും വിസ്മയകരവുമായ പാട്ടുകൾക്ക് സാധിക്കും.
തമിഴ് നാട്ടിൽ പതിവില്ലാത്ത വിധത്തിലാണ് മഞ്ഞുമ്മൽ ബോയ്‌സ് വാണിജ്യവിജയമായത് എന്നത് ഇപ്പോൾ ആവർത്തിച്ചുപറയേണ്ടതില്ലാത്ത വിധത്തിൽ വാർത്തകളായി നാം നിറയെ കണ്ടു കഴിഞ്ഞു. മനുഷ്യരുടെ ഐക്യത്തിലും പരസ്പരസ്‌നേഹത്തിലും നിയമങ്ങൾക്കും സദാചാരങ്ങൾക്കും ഉപരിയായുള്ള പരസ്പരവിശ്വാസത്തിലും ഊന്നുന്നവർക്കൊക്കെയും മഞ്ഞുമ്മൽ ബോയ്‌സ് എല്ലാ തരത്തിലും ഇഷ്ടപ്പെട്ടു. ഇത്തരം നന്മകളോട് യോജിപ്പില്ലാത്തവരായ ഫാസിസ്റ്റേജന്റന്മാർക്കാണ് പ്രയാസമുണ്ടായത്. ദ് ക്യൂവിൽ ഞാനെഴുതിയ ലേഖനത്തിലും മറ്റു ചില കുറിപ്പുകളിലുമായി ഇക്കാര്യം വിശദമാക്കിയതു കൊണ്ട് അതിവിടെ ആവർത്തിക്കുന്നില്ല.
തമിഴ് മലയാളം ഐക്യത്തിന്റെ സന്ദേശമാണ് മഞ്ഞുമ്മൽ ബോയ്‌സ് മുന്നോട്ടുവെക്കുന്നത്. പ്രത്യേകിച്ചും ഹിന്ദിയുടെയും ഹിന്ദുത്വത്തിന്റെയും അധീശത്വം തെക്കെ ഇന്ത്യക്കാർക്കു മേൽ വൻ ഭീഷണിയായി വളരുമ്പോൾ, എല്ലാ നിലയ്ക്കുമുള്ള പരസ്പരസൗഹാർദ്ദത്തിന്റെയും സഹായത്തിന്റെയും ഇടകലരിന്റെയും സംസ്‌ക്കാരമാണ് തമിഴർക്കും മലയാളികൾക്കും ഇടയിൽ നിലനില്ക്കുന്നത്. ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ് മലയാളി പിളർപ്പുണ്ടാക്കാനുള്ള പരിശ്രമങ്ങൾ ചില ശക്തികൾ നടത്തിയിരുന്നെങ്കിലും അതെല്ലാം പാഴായിപ്പോയി. ഈ തെരഞ്ഞെടുപ്പിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാമുന്നണി അതേപടി കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ തന്നെ രൂപപ്പെട്ട സംസ്ഥാനമാണ് തമിഴ്‌നാട്. ദ്രാവിഡ മുന്നേറ്റ്ര കഴകം നേതൃത്വം കൊടുക്കുന്ന മതച്ചാർപ്പറ്റ്ര മുർപ്പോക്ക് കൂട്ടണി (മതനിരപേക്ഷ പുരോഗമന മുന്നണി)യിൽ കോൺഗ്രസ്, സിപിഐഎം, സിപിഐ, വിടുതലൈ ചിരുതൈകൾ കക്ഷി, എം ഡി എം കെ, മുസ്ലിംലീഗ്, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി എന്നിവയാണ് ഉള്ളത്. തമിഴ്‌നാടും പുതുച്ചേരിയുമായി ഉള്ള ആകെ നാല്പതു സീറ്റുകളിൽ മുപ്പത്തൊമ്പതും ഈ മുന്നണി നേടി. തേനിയിൽ മാത്രമാണ് തോറ്റത്. ഇത്തവണ കമൽഹാസൻ തലൈവറായ മക്കൾ നീതി മയ്യവും ഈ മുന്നണിയിൽ ചേർന്നു. ഇന്ത്യാ മുന്നണി എന്നു തന്നെയാണ് പ്രചാരണ രംഗത്തുപയോഗിക്കുന്നത്. കമൽഹാസനും മലയാള സിനിമയും കേരള ജനതയുമായുള്ള സ്‌നേഹ ബന്ധം ഏറെ ഊഷ്മളമാണ്. ഈ രാഷ്ട്രീയ-സംസ്‌ക്കാര-സിനിമാ പശ്ചാത്തലത്തിന്റെ ഒരു അടിയൊഴുക്കും ഗുണയിൽ നിന്ന് മഞ്ഞുമ്മൽ ബോയ്‌സിലേയ്ക്ക് പടർന്ന ജനപ്രീതിയെ ഗാഢമാക്കുന്നുണ്ട്.
പോണ്ടിച്ചേരി അണ്ണാശാലൈയിൽ, അണ്ണാദുരൈയുടെ പ്രതിമ സ്ഥാപിച്ച ജങ്ക്ഷനിൽ നിന്ന് അധിക ദൂരമില്ലാതെയാണ് രത്തിന എന്ന സിനിമാശാല ഉള്ളത്. ഇവിടെ മഞ്ഞുമ്മൽ ബോയ്‌സ് മൂന്നാം വാരം ആരംഭിക്കുന്ന അവസരത്തിലാണ്, ചുറ്റിയടിച്ച് ഞാനവിടെ എത്തിയത്. തിയേറ്റർ വളപ്പിനകത്തെ ചുമരിൽ മഞ്ഞുമ്മൽ ബോയ്‌സ് എന്തുകൊണ്ട് വിജയിച്ചു എന്നത് കൈ കൊണ്ട് മനോഹരമായെഴുതി പതിച്ചിരുന്നു. വടക്കേ കോയമ്പത്തൂരിലുള്ള സെൻട്രൽ & കനകധാര എന്ന ഇരട്ട സിനിമാശാലയിൽ ക്ലിഫ് ഹാംഗർ എന്ന ഹോളിവുഡ് ബ്ലോക്ക് ബസ്റ്റർ കാണാൻ പോയപ്പോൾ കണ്ട ചുമരെഴുത്താണ് എനിക്കോർമ്മ വന്നത്. ഉയരമുള്ള വലിയ ചുമരിൽ പെയിന്റ് ഉപയോഗിച്ച് ക്ലിഫ് ഹാംഗറിന്റെ തമിഴ് കഥാസാരം എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഹോളിവുഡ് സിനിമകൾ തമിഴിൽ ഡബ്ബ് ചെയ്യാനക്കാലത്ത് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. സിനിമകളോടും കാണികളോടും എല്ലാം തിയേറ്റർ നടത്തിപ്പുകാർക്കും മറ്റുമുള്ള കരുതൽ മനോഭാവമാണ് ഈ കയ്യെഴുത്തു വിവരണങ്ങളിൽ നിന്ന് എനിക്കനുഭവപ്പെട്ടത്.
പോണ്ടി രത്തിനാ എസി 03/03/2024 ഞായിറു മുതൽ ദിനസരി 4 കാട്ച്ചികൾ (ദിവസം നാലു കളികൾ)
മഞ്ചുമ്മൽ ബോയ്‌സ് (തമിഴ്‌നാട്ടിലെങ്ങും മഞ്ഞുമ്മലിനെ മഞ്ചുമ്മൽ എന്നാണെഴുതി വെച്ചിട്ടുള്ളത്. ഉച്ചരിക്കുന്നതും അങ്ങിനെ തന്നെ)
സിനിമയുടെ പേരിനു താഴെയായി മലൈയാളം തമിഴ് എന്നെഴുതിയിട്ടുണ്ട്. അതായത് ഈ സിനിമ മലയാളം ഭാഷയിലും തമിഴ് ഭാഷയിലുമായാണ് ഉള്ളത് എന്നർത്ഥം.
വെറ്റ്രികരമാന മൂന്നാമതു വാരം (വിജയകരമായ മൂന്നാം വാരം)
ഗുണാ ഇല്ലാവിട്ടാൽ മഞ്ചുമ്മൽ ബോയ്‌സ് കിടൈയാത് (ഗുണാ ഇല്ലെങ്കിൽ മഞ്ഞുമ്മൽ ബോയ്‌സ് ഇല്ല) ഇയക്കുനർ ചിദംബരം പൊതുവാൾ ഉരുക്കം (സംവിധായകൻ ചിദംബരം പൊതുവാളിന്റെ മനസ്സിൽ തട്ടിയ അഭിപ്രായം)
ചെന്നൈ മാർച്ച് 3: മലൈയാളത്തിൽ വെളിയാന മഞ്ചുമ്മൽ ബോയ്‌സ് പടം ഉലകം മുഴുവതും താറുമാറാന വെറ്റ്രി പെറ്റ്രുള്ളത് (മലയാളത്തിലിറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമ ലോകമെങ്ങും അസാധാരണമായ വിജയം കൈവരിച്ചു). ഇപ്പടത്തിൽ ഗുണാ പടത്തിൽ പടമാക്കപ്പട്ട ഗുഹൈയൈ ചുറ്റ്രിത്താൻ കഥൈ നടക്കും. (ഈ സിനിമയിൽ ഗുണാ എന്ന സിനിമയിൽ ചിത്രീകരിക്കപ്പെട്ട ഗുഹയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്).
ഇതു കുറിത്ത് മഞ്ചുമ്മൽ ബോയ്‌സ് പടത്തിൻ ഇയക്കുനർ ചിദംബരം എസ് പൊതുവാൾ കൂറിയത് (ഇതിനെക്കുറിച്ച് സംവിധായകൻ ചിദംബരം എസ് പൊതുവാൾ പറഞ്ഞത്) ഇന്റ്രു തൊഴിൽ നൂട്പം അധിക അളവിൽ വളർന്തുള്ളത്. (ഇക്കാലത്ത് സാങ്കേതിക വിദ്യ വലിയ തോതിൽ വികസിച്ചിട്ടുണ്ട്) എൽ ഇ ഡി ലൈറ്റ്‌സ്‌കൾ ഇരുക്കിറത് (എൽ ഇ ഡി ലൈറ്റുകൾ ലഭ്യമാണ്). എടൈക്കുറൈന്ത ബേറ്ററീസ് ഉണ്ട് (കനം കുറഞ്ഞ ബാറ്ററികൾ ഉണ്ട്). ഇതനാൽ ഫിലിം മേക്കിംഗ് എളിതാകി വിട്ടത് (ഇതിനാൽ ചലച്ചിത്ര നിർമ്മാണം എളുപ്പമാണ്). അപ്പടിയിരുന്തും നമ്മാൽ ഗുണാ പടം പടമാക്കപ്പട്ട ഇടങ്കളിൽ എല്ലാം പടമാക്ക മുടിയവില്ലൈ (ഇങ്ങനെയാണെങ്കിലും നമ്മളെക്കൊണ്ട് ഗുണാ പടം ചിത്രീകരിച്ച അതേ സ്ഥലത്ത് എല്ലാം ചിത്രീകരിക്കാൻ സാധിച്ചില്ല)
അവർ കമൽ 90 കൾൽ പെരിയ ലൈറ്റും ജെനറേറ്ററും എല്ലാം എവ്വളവ് ഉയരത്തിൽ എടുത്തു കൊണ്ടു ചെന്റ്രു അവ്വളവ് ആട്കളൈ വൈത്തു എപ്പടി എടുത്താർ എൺപതേ തെരിയവില്ലൈ. (കമൽ തൊണ്ണൂറുകളിൽ വലിയ ലൈറ്റും ജനറേറ്ററും എത്രയോ ഉയരത്തിൽ നിന്ന് എടുത്തു കൊണ്ടു പോയി അത്രയും ആളുകളെ വെച്ച് എങ്ങനെ എടുത്തു എന്ന് ആലോചിക്കാനേ സാധിക്കുന്നില്ല). അതുവും ഒൺട്രു ഇരണ്ടു കാട്ച്ചികൾ കിടൈയാത്. (അതും ഒന്നും രണ്ടും രംഗങ്ങളല്ല). ഒരു പാട്ട് ഉൾപ്പട നിറൈയ കാട്ച്ചികൾ എപ്പടി പടമാക്കി ഇരുപ്പാർ എന ഇപ്പോതും പിടിപടാമൽ ഇരുക്കിറത് (ഒരു പാട്ട് ഉൾപ്പെടെ നിറയെ രംഗങ്ങൾ എങ്ങനെ ചിത്രീകരിച്ചു എന്നത് ഇപ്പോഴും മനസ്സിലാക്കാൻ പറ്റുന്നില്ല). അതു റൊമ്പവും കഠിനം. (അതു മഹാകഠിനം തന്നെ). റൊമ്പവും റിസ്‌കാന വിഷയം എൻതു താൻ ചൊല്ലവേണ്ടും (വമ്പിച്ച റിസ്‌കായ വിഷയം എന്നു തന്നെ പറയേണ്ടി വരും). ഗുണാ പടത്തൈ മേർക്കോളാക വൈത്തുതാൻ മഞ്ചുമ്മൽ ബോയ്‌സ് പടത്തൈയേ എടുത്തേൻ (ഗുണാ എന്ന സിനിമയെ ഉദ്ധരിച്ചുകൊണ്ടാണ് മഞ്ഞുമ്മൽ ബോയ്‌സ് പടമെടുത്തിട്ടുള്ളത്). ഗുണാ ഇല്ലൈയെൻട്രാൽ മഞ്ചുമ്മൽ ബോയ്‌സ് കിടൈയാത് (ഗുണാ ഇല്ലെങ്കിൽ മഞ്ഞുമ്മൽ ബോയ്‌സ് ഇല്ല).
കേരളാവൈ വിട തമിഴകത്തിൽ അധിക വസൂൽ കുവിക്കും മലൈയാളം പടം. (കേരളത്തേക്കാളും തമിഴ്‌നാട്ടിൽ ബോക്‌സ് ആപ്പീസ് കളക്ഷൻ സമാഹരിച്ച മലയാള സിനിമ). മഞ്ചുമ്മൽ ബോയ്‌സ് എൺറ മലൈയാളം പടം തമിഴകത്തിൽ അധിക വസൂൽ കുവിത്തു തിരൈയുലകിനരൈ ആച്ചിരപ്പടുത്തി വരുകിറത് (മഞ്ഞുമ്മൽ ബോയ്‌സ് എന്ന മലയാളസിനിമ തമിഴ്‌നാട്ടിൽ അധികം കളക്ഷൻ നേടി സിനിമാലോകത്തെ ആകെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്).
ഇതിൽ ഉരുക്കം എന്ന വാക്കിന്റെ അർത്ഥം തേടി ഞാൻ കുറച്ചു പ്രയാസപ്പെട്ടു. മുമ്പൊരിക്കൽ പ്രമുഖ ചലച്ചിത്ര നിരൂപകനായ ഐ ഷൺമുഖദാസുമായി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം കുറെ സമയമെടുത്ത് വിശദീകരിച്ച വസന്തബാലൻ സംവിധാനം ചെയ്ത വെയിൽ (2006) എന്ന സിനിമയിലെ ഉരുകുതേ മരുകുതേ എന്ന പാട്ടിന്റെ ആദ്യവരിയിലെ ഉരുകുതേ എന്നാണ്- മനസ്സലിയുക- ഈ ഉരുക്കത്തിന്റെയും പൊരുൾ എന്ന് എന്റെ മകളും മരുമകനുമായി നടത്തിയ ചാറ്റിൽ നിന്ന് ബോധ്യമായി. ആ പാട്ട് ചിത്രീകരിക്കുന്നത് നാട്ടിൻപുറത്തെ സിനിമാശാലയിലെ പ്രൊജക്റ്റർ മുറിയിലാണ്. പശുപതിയും പ്രിയങ്കയും അഭിനയിക്കുന്ന ഈ ദൃശ്യങ്ങളിൽ സിനിമയും പ്രണയവും രതിയും ആസക്തിയുമാണ് സമ്മേളിക്കുന്നത്. സിനിമയുടെ പ്രൊജക്റ്റർ, ഫിലിം റോളുകൾ, പോസ്റ്ററുകൾ, അവയിലെ നിത്യഹരിത നായകന്മാരും നായികകളും, തിരശ്ശീലയിലെ പ്രണയരംഗങ്ങൾ എന്നിങ്ങനെ സിനിമ കൊണ്ട് ജീവിതത്തെ തിരിച്ചു പിടിക്കുന്ന തമിഴകത്തിന്റെ പ്രണയാസക്തിയും ഹൃദ്യമായി ഈ പാട്ടുകാഴ്ചയിലുണ്ട്.
മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവും നൂറു കോടിയും ഇരുനൂറു കോടിയും എല്ലാം കടന്ന് അസാധാരണമായ വാണിജ്യവിജയമാണ് നേടിയത്. ഹൈദരാബാദിനെ പശ്ചാത്തലമാക്കിയതും ഐ.ടി തൊഴിലാളികളുടെയും എൻട്രൻസ് വിദ്യാർത്ഥികളുടെയും വിദേശത്തേക്ക് കടക്കാനായി കഷ്ടപ്പെടുന്നവരുടെയും നിത്യജീവിതങ്ങളും ചെറുതും വലുതുമായ പ്രശ്‌നങ്ങളും വിഷയമാക്കിയതുമാണ് പ്രേമലുവിന്റെ വിജയരഹസ്യം. എന്നാൽ, തമിഴരെയും മലയാളികളെയും കൂടുതലടുപ്പിച്ച മഞ്ഞുമ്മൽ ബോയ്‌സ് പാഠം പോലെ സന്ദർഭത്തിന്റെയും (text as well as context) പ്രാധാന്യം കൊണ്ടാണ് ചരിത്രത്തിലിടം പിടിച്ചത്.
മലയാളികൾ തമിഴ് മക്കൾക്ക് എഴുതിയ കാതൽ കടിതം എന്നാണ് മഞ്ഞുമ്മൽ ബോയ്‌സിനെ ചിലർ വിശേഷിപ്പിച്ചത്. മലയാള സിനിമയുടെ ആരംഭകാലത്ത്, സാമ്പത്തികമായി നിലനില്പുള്ള (ഇക്കണോമിക്കലി വയബിൾ) ഒന്നല്ല എന്നാണ് കരുതിയിരുന്നത്. മദ്രാസിലും സേലത്തും കോയമ്പത്തൂരുമുള്ള സ്റ്റുഡിയോകളിൽ തമിഴും തെലുങ്കും സിനിമകൾ ചിത്രീകരിക്കുന്നതിന്റെ ഇടവേളകളിൽ -രാത്രികളിലും ഞായറാഴ്ചകളിലും- പകുതി വാടകയ്ക്കാണ് മലയാളം സിനിമകളുടെ പ്രവൃത്തികൾ നിർവഹിച്ചിരുന്നത്. ജീവിതനൗക പോലുള്ള ഹിറ്റുകൾ ഇറങ്ങിക്കഴിഞ്ഞാണ് മലയാള സിനിമയും വാണിജ്യവും വ്യവസായവുമാണെന്ന് നാം തിരിച്ചറിഞ്ഞത്. എന്നിട്ടും; തമിഴ്, തെലുങ്ക് സിനിമകളുടെ വൻ വാണിജ്യപ്രപഞ്ചത്തിന്റെ മുന്നിൽ മലയാളം ഇൻഡസ്ട്രിയ്ക്ക് കുറഞ്ഞ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. തമിഴിലും തെലുങ്കിലും താരങ്ങളായി മാറിക്കഴിഞ്ഞാൽ പല അഭിനേതാക്കൾക്കും മലയാളത്തിൽ അഭിനയിക്കാൻ അവരുടെ പ്രതിഫലനിലവാരം സമ്മതിക്കാറില്ല. ഈ യാഥാർത്ഥ്യങ്ങളെല്ലാം മഞ്ഞുമ്മൽ ബോയ്‌സും പ്രേമലുവും അട്ടിമറിച്ചു എന്നൊന്നും വിലയിരുത്താറായിട്ടില്ല. എന്നാൽ, കാണികൾ എന്ന അനിർവചനീയമായ പ്രതിഭാസം സിനിമയിലുണ്ടാക്കുന്ന മാറ്റങ്ങൾ ചരിത്രപരമാണ് എന്നുമാത്രം ഈ ഘട്ടത്തിൽ പറഞ്ഞുവെക്കാം.
(ചില തമിഴ് വാക്കുകൾ വ്യാഖ്യാനിക്കുന്നതിന് സഹായിച്ച മുകേഷ് കുമാർ, സുജിത് കുമാർ, ശിവ ചന്ദ്രു, മേധ അകം എന്നിവർക്ക് റൊമ്പ നൺട്രി)
🥰