മറുചരിത്രങ്ങൾ (ആട്ടപ്രകാരം)
ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചു പോരുന്ന ഒരു നർത്തകി എന്ന നിലയ്ക്കും ആദ്യകാല മലയാള സിനിമ തൊട്ട് ഇന്ന് വരെയുള്ള സിനിമാ നൃത്ത പ്രതിനിധാനങ്ങളുടെ ചരിത്രത്തെ കുറിച്ച് ഒരു പുസ്തകം എഴുതുന്ന ഗവേഷക എന്ന നിലയ്ക്കും അടുത്തിടെ മോഹിനിയാട്ടത്തെ സംബന്ധിച്ച് ഉണ്ടായ ചർച്ചകളെ കുറിച്ചുള്ള ഒരു ചെറു പ്രതികരണമാണ് ഈ കുറിപ്പ്.
1
കലാമണ്ഡലം ആരംഭിച്ചു കഷ്ടിച്ച് എട്ടു കൊല്ലം ആവുമ്പോഴേക്കും, 1938ൽ, അത് പണിയാൻ നിലം കൊടുത്ത കൊച്ചി രാജാവ് മോഹിനിയാട്ടം അഭ്യസിപ്പിക്കുന്നത് നിറുത്തണമെന്ന് വള്ളത്തോളിന് കല്പന കൊടുക്കുകയുണ്ടായി. എന്നാൽ ആട്ടത്തിലെ “അശ്ലീല”ത്തെ “ശുദ്ധീ”കരിച്ചു അതിനെ അടിമുടി പരിഷ്കരിക്കാനുള്ള യത്നത്തിലാണ് താനെന്ന് രാജാവിനെ ബോധ്യപ്പെടുത്തുന്നതിൽ കവി വിജയിച്ചു. വെറുംവാക്കു പറയുകയായിരുന്നില്ല വള്ളത്തോൾ. “ആഭാസ”ച്ചുവയുള്ള സാഹിത്യം മാത്രമല്ല അഭിനയം, വസ്ത്രം, മുടി കെട്ടൽ, സംഗീത ഉപകരണങ്ങൾ, അരങ്ങു ക്രമീകരണം എന്നിങ്ങനെ സകലമാന സംഗതികളിലും വള്ളത്തോൾ മാറ്റങ്ങൾക്കായി ശഠിച്ചു. “കുലീന”മായ സ്വർണ്ണക്കരയുള്ള വെള്ള വസ്ത്രം അദ്ദേഹത്തിന്റെ നിർദേശമായിരുന്നു. അങ്ങനെ കുറേക്കാലത്തേക്ക് കലാമണ്ഡലത്തിൽ മോഹിനിയാട്ട പഠനം നടന്നില്ല.
1950ൽ വള്ളത്തോളിന്റെ ക്ഷണപ്രകാരം തൊട്ടാശ്ശേരി ചിന്നമ്മുഅമ്മ വരികയും മോഹിനിയാട്ടത്തെ “പുനരുദ്ധാരണം” ചെയ്യുകയുമുണ്ടായി. കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ചന്ദ്രിക, കലാമണ്ഡലം ക്ഷേമാവതി എന്നിവർ ഇവരുടെ പ്രമുഖരായ ശിഷ്യരാണ്. മോഹിനിയാട്ടവും നർത്തകരുടെ ലിംഗവും തൊലിനിറവും ഒക്കെ ഇന്ന് ഒട്ടേറെ ചർച്ച ചെയ്യപ്പെടുന്നതുകൊണ്ടും ഒരു നർത്തകി എന്ന നിലയിൽ അത്തരം സങ്കൽപ്പങ്ങളുടെ ഭാരം പലപ്പോഴും ചുമക്കേണ്ടി വന്നിട്ടുള്ളതിനാലും ഇതിന്റെ ചരിത്രപരത ചികയേണ്ടത് പ്രധാനമാണെന്നു തന്നെ കരുതുന്നു.
2
കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിപ്പിക്കാൻ ആലോചിച്ച കാലം മുതൽക്കേ വള്ളത്തോളും കൂട്ടരും നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അതിന്റെ ചീത്തപ്പേരായിരുന്നു. അടുത്ത പ്രശ്നം യോഗ്യരായ അധ്യാപകരെ കണ്ടെത്തലായിരുന്നു. പക്ഷേ അധ്യാപകരെ കിട്ടിയിട്ടും കാര്യമില്ല എന്നതായിരുന്നു അവസ്ഥ, പഠിക്കാൻ ആളെ കിട്ടണ്ടേ? മോഹിനിയാട്ടം പഠിക്കുവാൻ ഒരാളെ കിട്ടുവാൻ അദ്ദേഹം പാടുപെട്ടു. ചെറുപ്പകാലത്തു മോഹിനിയാട്ടം പഠിച്ചിരുന്ന ചില വൃദ്ധസ്ത്രീകൾ പോലും മോഹിനിയാട്ടം എന്ന് കേൾക്കുമ്പോൾ തന്നെ ക്ഷുഭിതരാവുകയും അന്വേഷിച്ചു വന്ന ആളെ ഭർത്സിക്കുകയും ചെയ്തിരുന്നെന്നും കോതക്കുറിശ്ശി അമ്പലംപത്ത് ലക്ഷ്മിയമ്മ, പനമണ്ണ അമ്മാളുവമ്മ, പഴയന്റ് കാലിപ്പുറത്തു തത്തമ്മ എന്നിവരൊന്നും സഹകരിച്ചില്ല എന്നും പറയപ്പെടുന്നു. ഒടുവിൽ അപ്പേകാട്ടു കൃഷ്ണപ്പണിക്കരുടെ ശിഷ്യ ആയ ഓ കല്യാണി അമ്മയെ അധ്യാപികയായി കണ്ടെത്തി: “അവരെ കലാമണ്ഡലത്തിൽ കൊണ്ട് വന്നു ആടിച്ചു നോക്കിയപ്പോൾ അശ്ലീലങ്ങളായ പല ഭാഗങ്ങളും അതിൽ ഉണ്ടായിരുന്നു. മഹാകവി കല്യാണിയമ്മയെ അക്കാര്യത്തിൽ ബോധവതിയാക്കിതീർത്തു. സഭ്യേതരമായ ഭാവങ്ങളെല്ലാം എടുത്തുകളഞ്ഞു മോഹിനിയാട്ടത്തിന്റെ കലാമൂല്യം കളയാതെ കലാമണ്ഡലത്തിൽ വച്ച് ഒരു പെൺകുട്ടിയെ ആദ്യമായി ഈ നൃത്തകാല അഭ്യസിപ്പിക്കുവാൻ തുടങ്ങി. ആ പെൺകുട്ടിയാണ് പിൽക്കാലത്തു സുപ്രസിദ്ധ നർത്തകിയായിത്തീർന്ന തങ്കമണി (ഗുരുഗോപിനാഥിന്റെ ഭാര്യ). എന്നാൽ കുറേക്കാലമായി മോഹിനിയാട്ടത്തിനു വന്നു ചേർന്ന അപചയം മൂലം ഗുരു ഗോപിനാഥിന് വലിയ പ്രീതി ആ നൃത്തവിഭാഗത്തോട് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തങ്കമണിയെ ഒരു പ്രസിദ്ധ മോഹിനിയാട്ടക്കാരിയായിത്തീർക്കണമെന്നു അദ്ദേഹം ഉദ്ദേശിക്കാതിരുന്നത്.” (കല്യാണിക്കുട്ടിയമ്മ 38).
ഗുരു ഗോപിനാഥ് തന്റെ ആത്മകഥയിൽ മോഹിനിയാട്ടത്തെ കുറിച്ച് പറയുന്നത് രസകരമായ ചരിത്രം ആണ്. പ്രസിദ്ധ നർത്തകി രാഗിണി ദേവിയോടൊപ്പം ഗുരു ഗോപിനാഥ് മോഹിനിയാട്ടം പഠിക്കാൻ കലാമണ്ഡലത്തിൽ എത്തി. തങ്കമണിയുടെ സൗന്ദര്യത്തെ കുറിച്ച് കേട്ടപാടെ അവരെ കാണാൻ ഉള്ള ആഗ്രഹത്താൽ ആണ് ഗുരു ഗോപിനാഥ് മോഹിനിയാട്ടം പഠിക്കാൻ തുടങ്ങിയത്. മോഹിനിയാട്ടം എന്ന കലാരൂപത്തോടുള്ള ആകർഷണീയത കൊണ്ടല്ലായിരുന്നു തങ്കമണിയെ നേരിൽ കാണാനും ലളിതകോമളങ്ങളായ അംഗവിന്യാസങ്ങൾ കണ്ടു നയന സാഫല്യം നേടാനുമായിരുന്നു താൻ മോഹിനിയാട്ടം പഠിച്ചതെന്ന് അദ്ദേഹം പറയുന്നു. മുകുന്ദ രാജയും വള്ളത്തോളും കൂടെ മോഹിനിയാട്ടത്തിന്റെ ഒരു സംഘം ഉണ്ടാക്കാൻ ഗോപിനാഥിനോട് ആവശ്യപ്പെട്ടപ്പോൾ ഇടപ്പള്ളിയിൽ നിന്നും രണ്ടു പെൺകുട്ടികളെ തിരഞ്ഞെടുത്തെങ്കിലും വീട്ടിൽ പോയ അവർ പിന്നീട് മടങ്ങി വന്നില്ല. ഇത്രയും ചരിത്രം ഇവിടെ പറഞ്ഞത് ഒരുകാലത്തു ഇത്തരം ഗതികേട് അനുഭവിച്ചിരുന്ന ആട്ടമാണ് ഇപ്പോൾ സവർണ’പൈതൃക’മായി കൊണ്ടാടപ്പെടുന്നത് എന്നതിലെ വൈരുധ്യം ചൂണ്ടിക്കാണിക്കാനാണ്.
3
ആട്ടക്കാരി എന്നാൽ നർത്തകി, മോശക്കാരി, വേശ്യ, തേവിടിച്ചി, കൂത്തച്ചി എന്നൊക്കെ അർത്ഥമുണ്ട്. ഇവ പലപ്പോഴും നമ്മൾ പര്യായപദമായും ഉപയോഗിക്കാറുണ്ട്. ഇളംകുളം കുഞ്ഞൻപിള്ള, കല്യാണിക്കുട്ടി അമ്മ, ഭാരതി ശിവജി, എ ശ്രീധര മേനോൻ, വേണു ജി, നിർമല പണിക്കർ എന്നിവർ കേരളത്തിൽ ദേവദാസി സമ്പ്രദായം ഉണ്ടായിരുന്നെന്നും ദേവദാസികളായ സ്ത്രീകൾ ദാസിയാട്ടം ചെയ്തിരുന്നെന്നും അത് തന്നെയാണ് മോഹിനിയാട്ടം എന്നും പറയുന്നു. നാട്യശാസ്ത്രത്തിന്റെ “ചരിത്രം” ഉദ്ധരിച്ചുകൊണ്ടാണ് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ മോഹിനിയാട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. തേവടിച്ചികൾ (ദേവദാസികൾ) എന്ന അധ്യായത്തിൽ കേരളത്തിൽ ദേവദാസി സമ്പ്രദായം ഉണ്ടായിരുന്നതായി അവർ വാദിക്കുന്നു. ഒരു പ്രത്യേക പൂജാ സമ്പ്രദായം നിലവിൽ വന്നതോടെ ക്ഷേത്രത്തിലേക്ക് പെൺകുട്ടികളെ അർപ്പണം ചെയ്യുവാനാരംഭിച്ചെന്നും അവരെ തേവടിച്ചികൾ എന്നും ദേവദാസികൾ എന്നും വിളിച്ചിരുന്നെന്നും അവരുടെ നൃത്തത്തെ തേവടിച്ചിയാട്ടം എന്നും പറഞ്ഞുവെന്നും പറയുന്നു. തേവടിച്ചി എന്ന പദത്തിന് ദേവന്റെ അടിയുടെ അച്ചി അതായതു ദേവപാദദാസി എന്നാണ് അർഥം കൽപ്പിക്കുന്നത് എന്നും അവർ പറയുന്നു, കുലീനകുടുംബത്തിലെ പെൺകുട്ടികൾ ആയിരുന്നു ഇവരെന്നും റായർ, അടികൾ, അടിയാർ, അടിച്ചികൾ എന്ന സ്ഥാനപ്പേരുണ്ടായിരുന്നെന്നും ലക്ഷം സ്വർണ നാണയങ്ങൾ കൊടുത്താൽ പോലും ക്ഷേത്രത്തിനു പുറത്തു പോയി അവർ നൃത്തം ചെയ്തിരുന്നില്ല എന്നും കൂട്ടിച്ചേർക്കുന്നു.
സമൂഹത്തിൽ മാന്യമായ സ്ഥാനമുണ്ടായിരുന്നവരും കഴിവും യോഗ്യതയും വിശ്വാസ്യത ഉണ്ടായിരുന്നവരും ആയിരുന്നു അവരെന്നും കല്യാണിക്കുട്ടിയമ്മ പറയുന്നുണ്ട്. അവർക്കു വന്ന അധഃപതനത്തെ പറ്റി “തേവടിച്ചികൾക്കു സംഭവിച്ച വ്യതിയാനം-അധഃപതനം” എന്ന അദ്ധ്യായത്തിൽ കല്യാണിക്കുട്ടിയമ്മ വിശദീകരിക്കുന്നു. ജന്മി സമ്പ്രദായം ഉടലെടുത്തതോടെ തേവടിച്ചികളുടെ പരിശുദ്ധിക്ക് കളങ്കമേൽക്കുവാൻ തുടങ്ങുകയും ദേവ വധുക്കൾ മാനവ വധുക്കൾ ആയിത്തീരുകയും ചെയ്തു എന്നാണ് അവർ വാദിക്കുന്നത്. നമ്പൂതിരിമാർ ദേവസ്വഭരണം ഏറ്റെടുത്തതോടെ അവർ പാടെ അധഃപതിച്ചെന്നും പറയുമ്പോൾ തന്നെ നിത്യാഭ്യാസം കൊണ്ട് കൈവന്ന ദേഹവടിവുകൊണ്ടു സുന്ദരികളും കലാകുശലകളുമായിത്തീർന്ന തേവടിച്ചികൾ തങ്ങൾക്കു അവകാശപ്പെട്ടവരാണെന്നു ധരിപ്പിക്കുന്ന കൂട്ടത്തിൽ തേവടിച്ചിസമ്പർക്കം കഴിഞ്ഞു വരുന്ന ഭർത്താക്കന്മാരെ തൊട്ടുതൊഴുന്നതു പുണ്യമാണെന്ന് നമ്പൂതിരി സ്ത്രീകളെ വിശ്വസിപ്പിച്ചു എന്നും വാദിക്കുന്നു. അത് വരെ തേവടിച്ചികളുടെ ജാതി പറയാത്ത ഇവർ അനേകം നമ്പൂതിരി സ്ത്രീകൾ തേവടിച്ചികളായി ക്ഷേത്രത്തിൽ ഉണ്ടായിരുന്നതായി ബുക്കാനൻ രേഖപ്പെടുത്തിയതായും പറയുന്നു. പോർച്ചുഗീസുകാരുടെ ആഗമനത്തോടെ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക രംഗത്തുണ്ടായ മാറ്റം തേവടിച്ചി സമ്പ്രദായത്തെ വേശ്യാ സമ്പ്രദായത്തിലേക്കു അധഃപതിപ്പിച്ചു എന്നും പറയുന്നു. തമിഴ്‌നാട്ടിലെ സദിരാട്ടം ഭാരതനാട്യമായപോലെ തേവടിച്ചിയാട്ടം അഥവാ ദാസിയാട്ടം മോഹിനിയാട്ടമായി എന്നാണ് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ വാദിക്കുന്നത്. സ്വാതി തിരുനാളിനു മുൻപേ ഉള്ള റാണി പാർവതി ഭായിയുടെ ഭരണകാലത്തുള്ള രേഖകളിൽ മോഹിനിയാട്ടത്തിനു കച്ചകെട്ടിയ പാലക്കാട്ടു അയ്യപ്പ പണിക്കർക്ക് ശമ്പളം നൽകിയതിന്റെ രേഖ ഉണ്ടെന്നും അതിനാൽ സ്വാതിതിരുനാളിന്റെ കാലത്തു ഇത് പോഷിപ്പിക്കപ്പെട്ടിട്ടുണ്ടാവാം എന്നല്ലാതെ ഇത് ഉടലെടുത്തത് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ടല്ലെന്നും ഊട്ടിഉറപ്പിക്കുന്നു.
കുഞ്ചൻ നമ്പ്യാരുടെ കാലമായപ്പോഴേക്കും മോഹിനിയാട്ടം എന്ന പേരിൽ ഈ നൃത്തരൂപം അറിയപ്പെടാൻ തുടങ്ങിയിരുന്നു. കലാമണ്ഡലം സത്യഭാമയും ലതിക മോഹൻദാസും ഇതേ വാദം മുന്നോട്ടു വെക്കുന്നു. അവരുടെ അഭിപ്രായത്തിൽ പതിനെട്ടാം നൂറ്റാണ്ടിന് മുൻപ് മോഹിനിയാട്ടം എന്ന പദം ഉപയോഗിച്ചിരുന്നില്ല ഇത് ആദ്യമായി കാണുന്നതു കുഞ്ചൻ നമ്പ്യാരുടെ “ഘോഷയാത്ര” എന്ന ഓട്ടംതുള്ളലിൽ ആണ്. 1835ൽ തഞ്ചാവൂരിൽ നിന്ന് വന്ന വടിവേലു, പൊന്നയ്യ, ചിന്നയ്യ, ശിവാനന്ദം എന്നീ സഹോദരന്മാർ സ്വാതിരുനാൾ മഹാരാജാവിന്റെ നിർദേശത്താൽ സാദിരാട്ടത്തിനു ഭരതനാട്യത്തിന്റെ ശാസ്ത്രീയാടിത്തറ നൽകി പരിഷ്കരിച്ചപോലെ മോഹിനിയാട്ടവും പരിഷ്കരിച്ചു എന്ന് പറയുന്നു. ചെറുവലതു ചാത്തുനായരുടെ മീനാക്ഷി എന്ന നോവലിൽ പറയുംപോലെ മോഹിനിയാട്ടം പഠിക്കുന്നതിനും നാടുനീളെ അവതരിപ്പിക്കുന്നതിനും ശൂദ്രരൊഴികെ മറ്റാരും പെൺകുട്ടികളെ അയക്കാറില്ല എന്നും കൂട്ടിച്ചേർക്കുന്നു.
നായർ സമുദായാംഗങ്ങൾ ആയ സ്ത്രീകളാണ് മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നത് എന്ന് ഇവർ ഊന്നിപ്പറയുന്നുണ്ട്. വേണുജി, നിർമല പണിക്കർ എന്നിവർ ഉള്ളൂർ പമേശ്വരയ്യരുടെ അഭിപ്രായം ചൂണ്ടികാണിച്ചു കൊണ്ട് നായർ സമുദായത്തിൽ പെട്ട സ്ത്രീകൾ ആയിരുന്നു ദേവദാസിത്തം വരിച്ചിരുന്നവരിൽ അധികവും എന്ന് രേഖപ്പെടുത്തുന്നു. അമേരിക്കൻ ഗവേഷക ബെറ്റി ട്രൂ ജോണും നായർമാരുടെ ഇടയിലുണ്ടായിരുന്ന ഈ സമ്പ്രദായം പതിനേഴാം നൂറ്റാണ്ടിനു മുൻപ് ഇല്ലായിരുന്നെന്നു പറയുന്നതോടൊപ്പം സ്വാതിതിരുനാളിന്റെ സംഭാവനകൾ എടുത്തു പറയുകയും ചെയ്യുന്നു.
1920കളിൽ അപ്പേകാട്ടു കൃഷ്ണപ്പണിക്കർ എന്ന നട്ടുവനാർ പെരിങ്ങോട്ടുകുറിശി ഓ കല്യാണി അമ്മ, കൊരട്ടിക്കര മേധാവി അമ്മ, നെല്ലുവായ കുഞ്ചുക്കുട്ടി അമ്മ, പഴയന്നൂർ ചിന്നമ്മു അമ്മ, ലക്കിടി മങ്കിളി കൊച്ചുകുട്ടി അമ്മ, ഇരിങ്ങാലക്കുട നടവരമ്പ് കല്യാണി അമ്മ എന്നിവരെ മോഹിനിയാട്ടം പഠിപ്പിച്ചതായി രേഖപെടുത്തുന്നു. 1930ൽ റീജന്റ് ലക്ഷ്മിഭായ് ദാസിയാട്ടത്തെ നിരോധിച്ചെങ്കിലും 1952 വരെ കൊച്ചി രാജ്യത്തെ ക്ഷേത്രങ്ങളിൽ മോഹിനിയാട്ടം ഒരാചാരമായെങ്കിലും നടന്നുവന്നിരുന്നു.
മോഹിനിയാട്ടം ആടാൻ മോഹിനിതന്നെ വേണമെന്ന് ശഠിക്കുന്ന മോഹിനിയാട്ടം അധ്യാപികക്ക് അതിന്റെ ചരിത്രം അറിയില്ല എന്നുള്ളത് സ്പഷ്ടം. മോഹിനിയാട്ടത്തിന്റെ നട്ടുവാനാർ അല്ലെങ്കിൽ അധ്യാപകർ പുരുഷന്മാർ തന്നെയായിരുന്നു. അപ്പേകാട്ടു കൃഷ്ണപ്പണിക്കർ, കലാമണ്ഡലം മാധവൻ എന്നിങ്ങനെ മോഹിനിയാട്ടം അധ്യാപകരും ബാലമോഹൻ, ഗുരു ഗോപിനാഥ് എന്നീ മോഹിനിയാട്ടം പഠിതാക്കളും കലാമണ്ഡലത്തിൽ ഉണ്ടായിരുന്നു. മോഹിനിയാട്ടത്തിന്റെ പ്രമുഖ അധ്യാപകരെ കുറിച്ച് കലാമണ്ഡലം സത്യഭാമയും കലാമണ്ഡലം ലതിക മോൻഹൻ ദാസും ഇങ്ങനെ പറയുന്നു: “കൊരട്ടിക്കരക്കാരായ മുല്ലപ്പിള്ളി ശങ്കരൻ നായർ, അപ്പുറത്ത് കൃഷ്ണപ്പണിക്കർ, തേക്കുട്ടുവളപ്പിൽ കൃഷ്ണൻ നായർ, തെക്കോട്ടു വളപ്പിൽ ശേഖരം നായർ, ആചിപ്പുറ തൃത്താല കളമൊഴി കൃഷ്ണ മേനോൻ, ചെമ്മന്തട്ട പുതുമന ഗോപാലപ്പണിക്കർ, പാലക്കാട് ആനിക്കോട്ടു ഗണപതി അയ്യർ തുടങ്ങിയവരായിരുന്നു പ്രമുഖ നട്ടുവന്മാർ.” ഇങ്ങനെ അനേകം പുരുഷന്മാർ ആടിയും പഠിപ്പിച്ചു കൊടുത്തും ഉള്ള മോഹിനിയാട്ടമാണ് ഇന്ന് കലാമണ്ഡലത്തിൽ ആൺകുട്ടികളെ പഠിപ്പിക്കാൻ വിമുഖത കാണിക്കുന്നത് എന്നത് മറ്റൊരു വൈരുധ്യം
4
മോഹിനിയാട്ടത്തെക്കുറിച്ചും ഇന്നത്തെ മോഹിനിയാട്ടം ആടുന്ന നർത്തകിയെ കുറിച്ചും ഉള്ള മലയാളി സങ്കൽപം മെനഞ്ഞെടുത്തതിൽ സിനിമയുടെ പങ്ക് ഒട്ടും ചെറുതല്ല. എസ്.എസ് രാജൻ സംവിധാനം ചെയ്തു 1964ൽ ഇറങ്ങിയ തച്ചോളി ഒതേനൻ എന്ന സിനിമയിൽ ആണ് ഒരുപക്ഷെ ആദ്യമായി നമ്മൾ മോഹിനിയാട്ടവും മോഹിനിയാട്ടത്തെ കുറിച്ചുള്ള സൂചനയും മലയാള സിനിമയിൽ കാണുന്നത്. “മോഹിനിയാട്ടം കാണുന്ന മോഹിനി” എന്ന ഡയലോഗിന് മോഹിനിയാട്ടവുമായോ മോഹിനിയാട്ടം ചെയ്യുന്ന നർത്തകിയുമായോ യാതൊരു ബന്ധവും ഇല്ല. നായികയെ മോഹിനിയായി വിശേഷിപ്പിക്കാൻ വേണ്ടി മാത്രമാണ് അങ്ങനെ ഒരു സീൻ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. മോഹിനി എന്ന വാക്കിനു മോഹിപ്പിക്കുന്നവൾ, ഭ്രമിപ്പിക്കുന്നവൾ, സുന്ദരി എന്നൊക്കെ അർത്ഥമുണ്ടെന്നു പറയപ്പെടുന്നു. നാം ഇന്ന് കാണുന്ന മോഹിനിയാട്ടത്തിൽ നിന്നും വളരെ വ്യത്യസ്തമായാണ് ക്ഷേത്രത്തിനുള്ളിൽ അരങ്ങേറുന്ന നൃത്തം ഈ സിനിമയിൽ അവതരിപ്പിച്ചു കാണുന്നത്. ഇതിനു പിന്നാലെ വന്ന ഒതേനന്റെ മകൻ എന്ന സിനിമയിൽ വടക്കുമ്പാട്ടെ അമ്പലത്തിലെ ഉത്സവത്തിന് ദാസിയാട്ടം മുടിയാട്ടം കോൽക്കളി കോലം തുള്ളൽ എന്നിവയൊക്കെ ഉള്ളതായി നായിക പറയുന്നുണ്ട്. ദാസിയാട്ടം ആണ് ഇന്നത്തെ മോഹിനിയാട്ടമായി മാറിയത്.
ശ്രീകുമാരൻ തമ്പി സംവിധാനവും എസ് രഘുറാം നൃത്തസംവിധാനവും ചെയ്ത് 1976ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമക്കും മോഹിനിയാട്ടവുമായി കാര്യമായ ബന്ധമില്ല എന്നാൽ ആട്ടം അല്ലെങ്കിൽ ആട്ടക്കാരിയുമായി ബന്ധമുണ്ട്. മോഹിനിയാട്ടം എന്ന metaphor ആഖ്യാനം നല്ലവണ്ണം ഉപയോഗിക്കുന്നുണ്ട്. കെ.എം പണിക്കർ എന്ന പ്രശസ്തകലാകാരന്റെ മകളായ മോഹിനിയെ (ലക്ഷ്മി) ഇതിൽ ഒരു ആർട്ടിസ്റ്റ് ആയും നർത്തകിയായും ഒക്കെയാണ് നമ്മെ പരിചയപ്പെടുത്തുന്നത്. കഥകളി പോലും അറിയുന്നവൾ എന്നൊരു ഡയലോഗും ഉണ്ട് സിനിമയിൽ. പല തിയേറ്റർ ട്രൂപ്പുകളും അവരെ സമീപിച്ചിട്ടുണ്ടെങ്കിലും കുടുംബത്തിന് ചീത്തപ്പേരാകും എന്ന കാരണത്താൽ അവരുടെ ചേച്ചി നളിനി ടീച്ചർ അവരെ അതിനു അനുവദിക്കുന്നില്ല. റേപ്പ് ചെയ്യപ്പെട്ടു എന്ന കാരണത്താൽ തെരുവിലേക്ക് ഇറക്കപ്പെട്ട അവരെ നർത്തകിയായ കനകദുർഗ കണ്ടെത്തുകയാണ്. കനകദുർഗയുടെ ബാലെ ട്രൂപ്പ് സ്ത്രീകളുടെ വിമോചനം പ്രമേയമായ ഒരു ബാലെ അവതരിപ്പിക്കുകയും മോഹിനി ഉൾപ്പടെ ഉള്ളവർ അതിൽ നൃത്തം ആടുകയും ചെയ്യുന്നു. എന്നാൽ നൃത്തരംഗത്ത് നിലനിൽക്കണമെങ്കിലും പ്രശസ്‌തി നേടണമെങ്കിലും പത്രക്കാർ ഉൾപ്പടെയുള്ള പരപുരുഷന്മാരെ സന്തോഷിപ്പിക്കേണ്ടതായി വരും എന്ന കാരണത്താൽ തന്നെ മോഹിനി തനിക്കു നൃത്തത്തിൽ താല്പര്യമില്ല എന്നു അടിവരയിട്ട് പറയുന്നുമുണ്ട്. അവർ പിന്നീട് ഒരു പ്രശസ്‌ത ചിത്രകാരി ആവുന്നുമുണ്ട്. ടൈറ്റിൽ ക്രെഡിറ്റിൽ മോഹിനിയാട്ടം മുദ്രകളും വസ്ത്രവും ഒക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് കളറിൽ മിന്നി മറിയുന്നതല്ലാതെ മുൻപ് സൂചിപ്പിച്ചതു പോലെ മോഹിനിയാട്ടവുമായി ഈ സിനിമക്ക് പറയത്തക്ക ഒരു ബന്ധവും ഇല്ല. മോഹിനി എന്ന് പേരുള്ള നർത്തകിയുടെ കഥ എന്ന ഒരു വ്യാഖ്യാനത്തിനപ്പുറം അതിനു ബന്ധം ഉണ്ട് താനും.
എം.ടി വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമാല്യം എന്ന സിനിമയിൽ ആണ് ആദ്യമായി ഒരു മോഹിനിയാട്ടം പദം മുഴുവനായും രംഗത്ത് അവതരിപ്പിച്ചു കാണുന്നത്. പി.എസ് ഗോപാലകൃഷ്ണൻ നൃത്തസംവിധാനം നിർവഹിച്ച സിനിമയിൽ കലാമണ്ഡലം സരസ്വതിയും കലാമണ്ഡലം ലീലാമ്മയും സ്വാതിതിരുനാൾ രചിച്ച “പനിമതിമുഖീബാലെ” എന്ന പദം വിദേശികൾക്ക് മുൻപാകെ അവതരിപ്പിക്കുന്നു. കഥകളി വളരെ ചിലവേറിയ ഒന്നായതിനാലാണ് മോഹിനിയാട്ടം അവതരിപ്പിക്കപ്പെടുന്നത് എന്നുള്ള ഒരു പശ്ചാത്തലം കൂടെ ഉണ്ട് ഇതിന്. ഗാനം എന്ന സിനിമയിൽ അന്തരിച്ച കലാമണ്ഡലം സത്യഭാമയാണ് മോഹിനിയാട്ടം കൊറിയോഗ്രഫി ചെയ്തത്. മോഹിനിയാട്ടം സ്ഥാപനവൽക്കരിക്കപ്പെട്ടതിനു ശേഷം മാത്രമാണ് 1980 കളിൽ മലയാള സിനിമ മോഹിനിയാട്ടം കാര്യമായി ഉപയോഗിച്ച് തുടങ്ങുന്നത്. ചന്ദ്രബിംബം, ഗാനം, ഉദയം പടിഞ്ഞാറ്, ശ്രീ നാരായണ ഗുരു, സ്വാതിതിരുനാൾ എന്നീ 80കളിലെ ചിത്രങ്ങൾ മോഹിനിയാട്ടത്തെ പ്രണയനിർഭരമായ ഗാനങ്ങൾക്കും ലൈംഗികത ഉൾപ്പടെയുള്ള സമൂഹത്തിന്റെ അതിർവരമ്പുകൾ മറികടക്കുന്ന നായികമാരെ കുറിക്കാനും ഉപയോഗിച്ചു. ഉദയം പടിഞ്ഞാറിൽ “തറവാട്ടിൽ പിറന്ന പെൺകുട്ടികൾ” പഠിക്കുന്ന നൃത്തമായി മോഹിനിയാട്ടം മാറുന്നുണ്ട്. 1990കൾക്കു ശേഷം ആണ് മോഹിനിയാട്ടവും കഥകളിയും മലയാള സിനിമയിലെ നിത്യ കാഴ്ചയായി മാറുന്നതും.
90കളിലെ ഹിസ് ഹൈനെസ്സ് അബ്ദുല്ല, കമലദളം, ദേവാസുരം, പവിത്രം എന്നിവയൊക്കെ തൊലിവെളുപ്പും അടക്കവും ഒതുക്കവും അനുസരണയും ഒക്കെ ഉള്ള “നല്ല” സ്ത്രീയെ രേഖപ്പെടുത്താൻ മോഹിനിയാട്ടത്തെ ഉപയോഗിച്ചതായി കാണാം. തൊണ്ണൂറുകളിൽ തന്നെ ഒരുപാട് പ്രണയഗാനങ്ങൾക്ക് നിറക്കൂട്ട് ചാർത്തുവാനും മോഹിനിയാട്ടം സ്‌ക്രീനിൽ നിറയുന്നത് നാം കണ്ടു. 2010ന് ശേഷം ഇറങ്ങിയ സ്വപാനം, കാംബോജി എന്നീ ചിത്രങ്ങളിൽ ലൈംഗികത ഉൾപ്പടെ എല്ലാത്തിലും മുൻകൈ ഉള്ള സ്ത്രീകളായി മോഹിനിയാട്ടം നർത്തകികൾ വീണ്ടും വന്നു തുടങ്ങി. രണ്ടായിരത്തി പതിനേഴിൽ ഇറങ്ങിയ രാമന്റെ ഏതൻതോട്ടത്തിലെ നായിക മാലിനി (അനു സിതാര) എന്ന മോഹിനിയാട്ടം നർത്തകി കുടുംബം എന്ന സ്ഥാപനത്തിന് പുറത്തു കടന്നു എങ്കിലും പ്രണയിച്ച ആളോടൊപ്പം ജീവിക്കാൻ ധൈര്യമില്ലാതെ മോഹിനിയാട്ടം അധ്യാപികയായി തുടരുന്നിടത്തു കഥ അവസാനിക്കുന്നു.
നാട്യശാസ്ത്രം രചയിതാവിനെക്കുറിച്ചും കാലത്തെക്കുറിച്ചും ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുകയാണ്. ത്രേതായുഗത്തിൽ ബോറടിച്ചു ബ്രഹ്മാവിനെ കണ്ട ദേവന്മാർ തങ്ങൾക്ക് കേൾക്കാനും കാണാനും പറ്റിയ പുതിയ വിനോദം വേണമെന്നും നാല് വേദങ്ങൾ താണജാതിക്കാർക്കു കേൾക്കാൻ കഴിയാത്തതിനാൽ അഞ്ചാമത്തെ വേദം അവർക്കുകൂടെ വേണ്ടിയുള്ളതാവണമെന്നും ആവശ്യപ്പെട്ടുപോലും. അങ്ങനെ ഉണ്ടായതാണ് പോലും നാട്യവേദം. എന്തായാലും കാലക്രമേണ കലകളെല്ലാം ദേവന്മാർ അവരുടേതായി കണ്ടു എന്നും അത്തരം ചരിത്രങ്ങളിൽ പറയുന്നുണ്ട്. മോഹിനിയാട്ടത്തിന്റെ ഉൽപ്പത്തി തേടി പോവുമ്പോഴും ദേവന്മാരുടെ പുറകെ തന്നെ പോവുന്ന ചരിത്രകാരന്മാരെകുറിച്ചും നർത്തകികളെക്കുറിച്ചും എന്ത് പറയാൻ.
ഗ്രന്ഥസൂചി
- കൃഷ്ണ സഹായി, ദി സ്റ്റോറി ഓഫ് എ ഡാൻസ്: ഭാരത നാട്യം, 2003.
- കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, മോഹിനിയാട്ടം: ചരിത്രവും ആട്ടപ്രകാരവും, 1992.
- കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ലതിക മോഹൻദാസ്, മോഹിനിയാട്ടം: ചരിത്രം സിദ്ധാന്തം പ്രയോഗം, 2017.
- വേണു ജി, നിർമല പണിക്കർ, മോഹിനിയാട്ടം: ആട്ടപ്രകാരവും മുദ്രകളും, 2004.
- ഗുരു ഗോപിനാഥ്, എന്റെ ജീവിതസ്മരണകൾ, 2008.
ഫിലിമോഗ്രഫി
- തച്ചോളി ഒതേനൻ (എസ്.എസ് രാജൻ, 1964)
- ഒതേനന്റെ മകൻ (കുഞ്ചാക്കോ, 1970)
- നിർമാല്യം (എം.ടി വാസുദേവൻ നായർ, 1973 )
- മോഹിനിയാട്ടം (ശ്രീകുമാരൻ തമ്പി, 1976)
- ചന്ദ്രബിംബം (എൻ ശങ്കരൻ നായർ, 1980)
- ഗാനം (ശ്രീകുമാരൻ തമ്പി, 1982)
- ഉദയം പടിഞ്ഞാറ് (മധു, 1986)
- ശ്രീ നാരായണ ഗുരു (പി.എ ബക്കർ, 1986)
- സ്വാതിതിരുനാൾ (ലെനിൻ രാജേന്ദ്രൻ, 1987)
- ഹിസ് ഹൈനെസ്സ് അബ്ദുല്ല (സിബി മലയിൽ, 1990)
- കമലദളം (സിബി മലയിൽ, 1992)
- ദേവാസുരം (ഐ.വി ശശി, 1993)
- പവിത്രം (ടി.കെ രാജീവ് കുമാർ, 1994)
- സ്വപാനം (ഷാജി എൻ കരുൺ, 2014)
- കാംബോജി (വിനോദ് മങ്കര, 2017)
- രാമന്റെ ഏദൻതോട്ടം (രഞ്ജിത് ശങ്കർ, 2017)
ചെറുപ്രതികരണം is exhaustive and well researched. Insightful, so made interesting reading. Compliments to the author.
വളരെ മികച്ചതും കാലോചിതവുമായ ലേഖനം. അഭിവാദ്യങ്ങൾ
Good write up Sreebitha ❤️
ചരിത്രം രസകരമായി.🥰