A Unique Multilingual Media Platform

The AIDEM

Articles South India Travel

രാജവെമ്പാലകളുടെ തലസ്ഥാനത്തേക്ക് ഒരു മഴക്കാല യാത്ര

  • June 19, 2024
  • 1 min read
രാജവെമ്പാലകളുടെ തലസ്ഥാനത്തേക്ക് ഒരു മഴക്കാല യാത്ര

എന്റെ യാത്രകൾ മിക്കപ്പോഴും വലിയ മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയാണ്. ഒരു വെളിപാട്പോലെ, പെട്ടെന്ന് ഒരു ദിവസം യാത്ര തീരുമാനിക്കപ്പെടുന്നു. ചിലപ്പോൾ യാത്രകൾ ഇഷ്ടപ്പെടുന്ന സമാന മനസ്കരെ കൂടെക്കൂട്ടുന്നു. അല്ലെങ്കിൽ ഒറ്റക്ക്. ബാക്ക് പാക്കിൽ കുറച്ചു വസ്ത്രങ്ങൾ കുത്തി നിറച്ച് പടിയിറങ്ങുന്നു. അധികം ആലോചിക്കുകയോ, പ്ലാൻ ചെയ്യുകയോ ചെയ്താൽ യാത്രകൾ സംഭവിക്കാതിരിക്കുകയോ, തീരുമാനം നീണ്ടുനീണ്ടു പോകുന്നതോ ആയാണ് അനുഭവം.

ഇത്തവണ മഴക്കാലം തുടങ്ങിയപ്പോൾ പശ്ചിമഘട്ട പ്രദേശങ്ങളിലൂടെ ഒരു യാത്രയാകാമെന്ന് തോന്നി. യാത്രകൾ ഇഷ്ടപ്പെടുന്ന മൂന്ന് സുഹൃത്തുക്കളെ കൂടെ കൂട്ടി. ബാലേട്ടന്റെ (എന്റെ പല യാത്രകളിലും സഹയാത്രികൻ) മാരുതി വാഗണാറിൽ ഇറങ്ങിത്തിരിച്ചു. ആഗൂമ്പ – കർണാടകയിലെ ചിറാപുഞ്ചി. ധാരാളം മഴ ലഭിക്കുന്ന, ‘കർണാടകയിലെ ചിറാപ്പുഞ്ചി’ എന്ന് അറിയപ്പെടുന്ന, ആഗൂമ്പയായിരുന്നു ആദ്യ ലക്ഷ്യം. മറ്റൊരു വിശേഷണം കൂടിയുണ്ട് ആഗൂമ്പക്ക്. ‘ക്യാപിറ്റൽ ഓഫ് കിങ് കോബ്രാസ്’ അല്ലെങ്കൽ രാജവെമ്പാലകളുടെ തലസ്ഥാനം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലക്ഷണമൊത്ത രാജവെമ്പാലകൾ ഉള്ളയിടമത്രേ ആഗൂമ്പ. 

ലേഖകൻ സുഹൃത്തുക്കളുമൊത്ത്

യാത്ര പുറപ്പെട്ടിടത്തു (കൊളത്തൂർ) നിന്ന് ഏകദേശം 10 മണിക്കൂർ (400 കിലോമീറ്ററോളം) ദൂരമുണ്ട് ആഗൂമ്പയിലേക്ക്. കർണാടകയിലെ ഷിമോഗ ജില്ലയിലുള്ള ഈ ഗ്രാമം സമുദ്ര നിരപ്പിൽ നിന്നും 660 മീറ്റർ ഉയരത്തിലത്രേ (ഗൂഗിളിന് സ്തുതി). ഞങ്ങളുടെ നാൽവർ സംഘത്തിൽ മൂന്നു പേർക്കും ഡ്രൈവിംഗ് അറിയാമെന്ന ആശ്വാസ(അഹങ്കാരവും)വുമുണ്ട്. യാത്രക്കിടയിൽ ആഗൂമ്പയിലെ ഒരു ഗസ്റ്റ് ഹൗസിൽ ഓൺലൈൻ ആയി മുറി ബുക്ക്‌ ചെയ്തിരുന്നു. മാംഗളൂരും, ഉഡുപ്പിയും പിന്നീട്ടാൽ പതുക്കെ പതുക്കെ വനമേഖലയിലേക്ക് കടക്കുകയായി. 

ആഗൂമ്പയോടടുക്കും തോറും റോഡിന്നിരുവശങ്ങളിലും ഇടതൂർന്ന വനങ്ങളാണ്. കുത്തനെയുള്ള കയറ്റിറക്കങ്ങൾ, വളവു തിരുവുകൾ. ഇരുട്ടിത്തുടങ്ങിയതിനാൽ, ഇരുവശങ്ങളിലുമുള്ള മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ, പൂർണമായും ആസ്വദിക്കാനായില്ല. മാത്രമല്ല ഇത്തരം പ്രദേശങ്ങളിലൂടെയുള്ള ഡ്രൈവിങ്ങ് ഏറെ ഏകാഗ്രത ആവശ്യപ്പെടുന്നുമുണ്ട്. വളരെ ശ്രദ്ധിച്ചില്ലെങ്കിൽ അപകട സാധ്യതകൾ ധാരാളം. ചാറ്റൽ മഴ കൂടിയുള്ളപ്പോൾ പ്രത്യേകിച്ചും. 

യാത്രാമദ്ധ്യേയുള്ള പ്രകൃതി ദൃശ്യങ്ങൾ

ആഗൂമ്പ ഇപ്പോഴും ഒരു ഗ്രാമമാണ്, എന്നാൽ അതിവേഗം നഗരമാകാനുള്ള തയ്യാറെടുപ്പിലാണ്. നിരവധി കെട്ടിടങ്ങളും മറ്റും ഉയർന്നു വരുന്നു. ഓരോ വർഷം കഴിയും തോറും ടൂറിസ്റ്റുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. സമീപ ഭാവിയിൽ തന്നെ ഇവിടം ഒരു കോൺക്രീറ്റ് കാടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്തായാലും ഇപ്പോൾ അവിടെ വലിയ വലിയ ഹോട്ടലുകളൊന്നും വന്നിട്ടില്ല. കൂടുതലും ഹോം സ്റ്റേ സംവിധാനങ്ങളും ചെറിയ ലോഡ്ജുകളുമാണ്. അത്തരമൊന്നിലായിരുന്നു ഞങ്ങളും തങ്ങിയത്.

 

മാൽഗുഡിയെന്ന ആഗൂമ്പ: കന്നഡയിലെ പ്രശസ്ത എഴുത്തുകാരൻ ആർ. കെ. ലക്ഷ്മണന്റെ സാങ്കൽപ്പിക ഗ്രാമമായ മാൽഗുഡിയത്രേ ആഗൂമ്പ. ഒ.വി വിജയൻ തസ്രാക്കിനെ ഖസാക്കാക്കി പുനർ സൃഷ്ടിച്ചതുപോലെ ആർ.കെ നാരായൺ തന്റെ കൃതികളിൽ ആഗൂമ്പയെ മാൽഗുഡിയാക്കി. ‘മാൽഗുഡി ഡേയ്‌സ്’ എന്ന 80കളുടെ അവസാനത്തിൽ ദൂരദർശനിൽ പ്രക്ഷേപണം ചെയ്ത ടെലിവിഷൻ സീരീസ്, എന്റെയൊക്കെ തലമുറയിൽ പെട്ടവരെ ഏറെ ആകർഷിച്ച ഒന്നാണ്. നാരായണന്റെ സഹോദരനും സുപ്രസിദ്ധ കാർട്ടൂണിസ്റ്റുമായിരുന്ന ആർ.കെ ലക്ഷ്മണന്റെ മനോഹരമായ സ്കെച്ചുകളും മാൽഗുഡി ഡെയ്‌സിനെ ഏറെ ശ്രദ്ധേയമാക്കി. 54 എപ്പിസോഡുകളിലായി ചിത്രീകരിക്കപ്പെട്ട മാൽഗുഡി ഡെയ്‌സിന്റെ ഷൂട്ടിംഗ്, അഗൂമ്പയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് നടന്നിരുന്നതായി, അവിടെ ചായക്കട നടത്തുന്ന ഒരു സ്ത്രീ ഞങ്ങളോട് പറഞ്ഞു. അവരുടെ ചായക്കടയുടെ പേരുപോലും ‘മാൽഗുഡി’ ടീ സ്റ്റോപ്പ് എന്നാണ്. കൂടാതെ മാൽഗുഡി ഗസ്റ്റ് ഹൗസ്, മാൽഗുഡി ഹോംസ്റ്റേ തുടങ്ങിയ ബോർഡുകളും കാണുകയുണ്ടായി.

ആർ.കെ നാരായണന്റെ സാങ്കല്പിക ഗ്രാമം ഭാഗികമായെങ്കിലും യാഥാർഥ്യമാകും വിധം ആഗൂമ്പാ നിവാസികളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു തോന്നുന്നു. ധാരാളം മഴ ലഭിക്കുന്നത് കൊണ്ടും, സമുദ്ര നിരപ്പിൽ നിന്നും ഏറെ ഉയർന്ന പ്രദേശമായത്  കൊണ്ടുമാകാം, ആഗൂമ്പയിൽ പലയിടത്തായി നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ട്. ജോഗിഗുണ്ടി, ബർകാന, കൂഡ്ലു തീർത്ത എന്നിവ അവയിൽ ചിലതാണ്. മനോഹരമായ പ്രകൃതി ദൃശ്യങ്ങളും, വെള്ളച്ചാട്ടങ്ങളും, നിലക്കാത്ത ചാറ്റൽ മഴയുമൊക്കെയാണ് ആഗൂമ്പയെ മറ്റു ഹിൽ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. 

 

വാരംഗ ജൈന ക്ഷേത്രം: ആഗൂമ്പയിൽ നിന്ന് 25 കിലോമീറ്ററോളം താഴോട്ടിറങ്ങുമ്പോൾ വാരംഗ. പുരാതനമായ വാരംഗ ജൈന ക്ഷേത്രം ഇവിടെയൊരു തടാകത്തിന്റെ നടുവിൽ സ്ഥിതി ചെയ്യുന്നു.

വാരംഗ ജൈന ക്ഷേത്രം

തോണിയിലേറി വേണം ഈ ക്ഷേത്രത്തിലെത്താൻ. ഒരു ജലാശയത്തിന്റെ മധ്യത്തിൽ ആയതുകൊണ്ടായിരിക്കാം, ധാരാളം സന്ദർശകരുണ്ടിവിടെ. ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ടത്രേ ഈ ക്ഷേത്രത്തിന്. 

 

ഡിക്രൂസ് എന്ന കർഷകൻ: ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപാണ് ഡൽഹി ജീവിതം അവസാനിപ്പിച്ചു കർണാടകയിലെ വനമേഖലയിലേക്ക് ഡിക്രൂസ് കുടിയേറുന്നത്. 

ഡൽഹിയും, ഫാരിദാബാദും കേന്ദ്രമാക്കി ഇന്ദ്ര പ്രസ്ഥത്തിൽ ഏറ്റവും ശക്തമായി പ്രവർത്തിച്ചിരുന്ന ജനസംസ്കൃതിയെന്ന സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു ഡിക്രൂസ് എന്ന ഡിക്രൂസ് മാത്യു. അന്നുമുതലുള്ള സുഹൃദ് ബന്ധമാണ് ഈയുള്ളവന് ഡിക്രൂസുമായുള്ളത്. കുറേക്കാലമായുള്ള ഡിക്രൂസിന്റെ ക്ഷണം ഈ മേഖലയിലൂടെ യാത്ര ചെയ്യുമ്പോൾ പ്രയോജനപെടുത്താൻ തീരുമാനിക്കുകയായിരുന്നു.

വാരംഗയിൽ നിന്ന് 40 കിലോമീറ്റർ അകലെ വന മദ്ധ്യത്തിലാണ് ഡിക്രൂസിന്റെ കൃഷിയിടം. എങ്കിലും ഏകദേശം ഒരു കിലോമീറ്റർ അകലെ വരെ റോഡ് ഉണ്ട്. അവിടുന്നങ്ങോട്ട് വീട്ടിലേക്ക് സ്വന്തമായി റോഡ് നിർമിച്ചിട്ടുണ്ട്. 60 ഏക്കറോളം ഭൂമിയിൽ വിവിധയിനം കൃഷികളുണ്ട് ഡിക്രൂസിന്. ഇതിൽ പൈനാപ്പിൾ, കുരുമുളക്, കമുങ്ങ്, തെങ്ങ്, റബ്ബർ തുടങ്ങിയവയെല്ലാം പെടും. ഇന്ന് ഈ മേഖലയിൽ ഏറ്റവും അറിയപ്പെടുന്ന ഒരു കർഷകൻ കൂടിയാണ് ഡിക്രൂസ്.

എന്നാൽ ഈ വിജയഗാഥയുടെ പിറകിൽ മൂന്ന് പതിറ്റാണ്ടി ന്റെ കഠിന പ്രയത്നമുണ്ട്. വന്യ മൃഗങ്ങളോടും പ്രതികൂല പരിതി സ്‌ഥിതികളോടും നിരന്തരം പോരാടിക്കൊണ്ടാണ് ഡിക്രൂസ് പതുക്കെ പതുക്കെ തന്റെ സാമ്രാജ്യം പടുത്തുയർത്തിയത്. ഡിക്രൂസിന്റെ അനിയൻ പോളും കുടുംബവും സഹായത്തിനുണ്ട്. ഡിക്രൂസിന്റെ വീട്ടിൽ ഊഷ്മളമായ സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. അന്നവിടെ താമസിച്ച് കൃഷിയിടങ്ങളെല്ലാം സന്ദർശിച്ചു പിറ്റേ ദിവസം കാലത്ത് ഞങ്ങൾ മടങ്ങി. സ്വന്തം കൃഷിയിടത്തിലെ ഏതാനും പൈനാപ്പിളും, മാങ്ങയും, പപ്പായയുമെല്ലാം വഴിച്ചിലവിനായി ഡിക്രൂസ് കാറിൽ എടുത്തു വെപ്പിച്ചു. 

 

മൂഢബിദ്രി: മാംഗളൂരിൽ നിന്ന് 40 കിലോമീറ്റർ ദൂരമുണ്ട് മൂഢബിദ്രിയിലേക്ക്. വലുതും ചെറുതുമായ 18 ജൈന ക്ഷേത്രങ്ങൾ (ബസദികൾ) ഈ ചെറിയ നഗരത്തിൽ സ്ഥിതി ചെയ്യുന്നു. ഓരോന്നിനും അതിന്റെതായ പ്രാധാന്യവും വ്യത്യസ്ഥതയുമുണ്ട്. ഓരോന്നിനെ കുറിച്ച് പ്രതിപാദിക്കുവാൻ ഈ ചെറു കുറിപ്പിൽ വിസ്താരഭയത്താൽ തുനിയുന്നില്ല. ജൈന മതാചാരങ്ങൾ ശക്തമായി ഈ ചെറു നഗരത്തിൽ ആചരിക്കപ്പെടുന്നു. ഈ നഗരവും, ബസദികളും നിർമ്മിക്കപ്പെടുന്നത് 400 വർഷങ്ങൾക്ക് മുൻപാണെന്ന് പറയപ്പെടുന്നു.

ആയിരം സ്തംഭ ക്ഷേത്രം

എന്തായാലും ജൈന സംസ്കൃതിയുടെ തിരുശേഷിപ്പുകൾ ശാന്തസുന്ദരമായ ഈ ചെറു നഗരത്തിലുടനീളം കാണാം. അതിരാവിലെയായത് കൊണ്ടാകാം, ഈ ബസതികൾ (ക്ഷേത്രങ്ങൾ) ഏറെക്കുറെ വിജനമായി കാണപ്പെട്ടു. 18 ജൈനക്ഷേത്രങ്ങളിൽ (ബസദികളിൽ) ഏറ്റവും വലുതും ആകർഷണീയവുമായി തോന്നിയത് ‘ആയിരം സ്തംഭ ക്ഷേത്ര’ മെന്നറിയപ്പെടുന്ന ‘സാവിര കമ്പട ബസദി’യാണ്. ഏറ്റവും കൂടുതൽ സന്ദർശകരെ കണ്ടതും ഈ ബസതിയിലാണ്. ഇത് നമ്മെ മധുരമീനാക്ഷി ക്ഷേത്രത്തിലെ ആയിരം കാൽ മണ്ഡപത്തെ ഓർമപെടുത്തും. 

മൂഢബിദ്രി ജൈന ക്ഷേത്രത്തിൻ്റെ ഉൾവശം

നാലാം ദിവസം രാത്രി ഞങ്ങൾ കർണാടക അതിർത്തി താണ്ടി വയനാട്ടിലെത്തുന്നു. മുത്തങ്ങയിൽ താമസിക്കാൻ കാട്ടിനുള്ളിൽ, ഒരു സുഹൃത്ത് വഴി ഒരു ഏറുമാടം ബുക്ക്‌ ചെയ്തിരുന്നു.

മുത്തങ്ങയിലെ ഏറുമാടം

യാത്രയുടെ അവസാന രാത്രി കാട്ടിനുള്ളിൽ ഞങ്ങൾ നാലുപേർ മാത്രം ഏറുമാടത്തിൽ ചീവീടുകളുടെയും, ചാറ്റൽ മഴയുടെയും സംഗീതമാസ്വദിച്ച് ശാന്തമായി തളർന്നുറങ്ങി. കാലത്തെഴുന്നേറ്റ് നാടുകാണി ചുരമിറങ്ങി നാട്ടിലേക്ക് തിരിച്ചു.

About Author

ഹരിദാസ്‌ കൊളത്തൂര്‍

എഴുത്തുകാരൻ, സഞ്ചാരി

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Satheesan t n
Satheesan t n
6 months ago

മാൻ ഗുഡി ഡെയ്സ് കണ്ടതു പോലെയുണ്ട് ഹരിദാസെ👍👍👍

Ananthakrishnan G S
Ananthakrishnan G S
6 months ago

🥰