മലയാളിയുടെ കലാബോധത്തിൽ ഒരു ശില്പി ഉണ്ട്. പുരാണങ്ങളിലും ബാലെകളിലും സിനിമകളിലും നോവലുകളിലും കഥകളിലും കവിതകളിലുമൊക്കെയായി ആ ശില്പി അങ്ങനെ വാഴുകയാണ്. എന്താണ് ആ ശില്പിയുടെ രൂപം? ജടാമകുടങ്ങളും തീക്ഷ്ണതപസ്സും ഒക്കെ അകമ്പടിയായുള്ള ഒരു യുവാവ്. അയാൾ ഒരു പ്രതിമ കൊത്തിയെടുക്കുകയാണ്; സുന്ദരിയായ ഒരു യുവതിയുടേത്. ശില്പം പൂർത്തിയാകുമ്പോഴേയ്ക്കും അയാൾ അവളിൽ അനുരക്തനായിക്കഴിഞ്ഞിരിക്കും. പിന്നെ അവളെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശില്പിയുടെ ശ്രമവും, വിജയവും വിരഹവും ഒക്കെയാണ്.
മലയാളിയുടെ ശില്പാവബോധം ഇങ്ങനെ യഥാതഥത്വത്തിൽ നിൽക്കുകയാണ്. ഒരുപക്ഷെ ശില്പകല മാത്രമല്ല ചിത്രകലയും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ് മനസ്സിലാക്കപ്പെടുന്നത്. കേരളത്തിൽ ഇന്ന് നടക്കുന്ന ഒരു ശില്പ വിവാദമാണ് കലയെക്കുറിച്ചുള്ള പൊതുബോധ നിർമ്മിതിയെക്കുറിച്ചു ചിന്തിയ്ക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നത്. ആധുനികത ലോകമെമ്പാടും പടർന്നു എന്ന് വിശ്വസിക്കപ്പെടുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിൽ ഉടനീളവും കലയുടെ കാര്യത്തിൽ യഥാതഥത്വം ഒരു പ്രശ്നമായി തുടർന്നിട്ടുണ്ട്. താരതമ്യേന ആധുനികതയിലേയ്ക്ക് താമസിച്ചു പ്രവേശിച്ച കേരള സമൂഹം ചില കാരണങ്ങളാൽ കലയെ മനസ്സിലാക്കിയതിൽ സൗന്ദര്യശാസ്ത്രപരമായ അനേകം പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
ഒന്നാമതായി, കല എന്നത് വളരെ ചെറിയൊരു വിഭാഗത്തിനു മാത്രം നിർമ്മിക്കാൻ കഴിയുന്നതും ആസ്വദിക്കാനാവുന്നതും ആയ ഒന്നായാണ് മനസ്സിലാക്കപ്പെട്ടത്. ഇതിനു പ്രധാന കാരണം കേരളത്തിൽ നിലനിന്നിരുന്ന ജാതീയത തന്നെയാണ്. മറ്റെല്ലായിടത്തും എന്നത് പോലെ കേരളത്തിലും മാർഗ്ഗിയും ദേശിയുമായ (അതായത് വ്യാകരണബദ്ധമായവയും നാടോടി പാരമ്പര്യങ്ങളും) കലാരൂപങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പ്രതിനിധാനപരമായ ദൃശ്യകലകൾ പൊതുവെ സാധാരണക്കാരിൽ നിന്ന് അകന്ന് ഫ്യൂഡൽ വ്യവസ്ഥകൾക്കുള്ളിൽ മാത്രം നിലകൊള്ളുകയായിരുന്നു. സാധാരണക്കാരന്റെ കല ദേശി അഥവാ നാടോടി പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടു മാത്രം തുടർന്നു.
രണ്ടാമതായി, ഭക്തിപ്രസ്ഥാനത്തിന്റെയും മറ്റും ഭാഗമായി ജനങ്ങളിലേക്ക് വന്നു ചേർന്ന പുരാണ-ഇതിഹാസ സന്ദർഭങ്ങളിൽ ഉള്ള കലാപരാമർശങ്ങൾ ഒക്കെയും യഥാതഥത്വത്തെ പ്രകീർത്തിക്കുന്നവ ആയിരുന്നു. എന്നാൽ ഇതേ സന്ദർഭങ്ങളെത്തന്നെ ചുവർച്ചിത്രങ്ങളായി വരച്ചവ മിക്കവാറും ക്ഷേത്രങ്ങളിലോ കൊട്ടാരങ്ങളിലോ മാത്രം ഒതുങ്ങിപ്പോയി. സാധാരണക്കാർക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ മൂന്നര ദശകത്തോളം ക്ഷേത്രപ്രവേശനം അസാധ്യമായിരുന്നു എന്ന് നമുക്കറിയാം. ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ഉണ്ടായിരുന്ന കലകൾ കലയിലെ പ്രതിനിധാനവ്യവസ്ഥയിൽ ശൈലീകരണങ്ങളും അമൂർത്തതയും ഒക്കെ കൊണ്ട് വന്നിരുന്നത് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു. ഇവിടെ സാധാരണക്കാർ എന്ന് പറയുമ്പോൾ അസാധാരണമായ സാംസ്‌കാരിക മൂലധനം പേറിയിരുന്ന സവർണ്ണ ജാതികളാൽ അകറ്റപ്പെട്ടിരുന്ന മനുഷ്യസമൂഹം എന്നാണ് അർത്ഥമാക്കുന്നത്.
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ സന്ദർഭത്തിൽ കേരളത്തിലും ഒരു പൊതുമണ്ഡലം രൂപപ്പെടുന്നതാണ് മൂന്നാമത്തെ കാരണം. ഇത് വരേണ്യ കലയും പൊതുമണ്ഡലത്തിലെ കലയും തമ്മിൽ ചേരുന്ന ഒരു ഇടമായാണ് പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോഗ്രാഫിയും സിനിമയുമാണ് യഥാർത്ഥത്തിൽ പൊതുമണ്ഡലത്തിൽ പ്രചാരം നേടുന്ന കല. ഇവ രണ്ടിനും സവിശേഷമായുള്ള ചലനാത്മകത പെയിന്റിങ്ങുകൾക്കും ശില്പങ്ങൾക്കും ഉള്ള നിശ്ചലതയെയും സ്ഥലബദ്ധതയെയും അപേക്ഷിച്ചു ജനങ്ങളിലേക്ക് വളരെപെട്ടെന്ന് പ്രവേശിക്കാനും വ്യാപിക്കാനുമുള്ള അവസരം ഒരുക്കി. ഫോട്ടോഗ്രാഫി ആധുനിക കലയിൽ ഒരു സംഘർഷം സൃഷ്ടിച്ചിരുന്നു. കലയുടെ ശൈലീകരണത്തെ ഫോട്ടോഗ്രാഫി അതിന്റെ യഥാതഥത്വം കൊണ്ട് പരാജയപ്പെടുത്തിയേക്കും എന്നൊരു ഭയം ഉണ്ടായിരുന്നു. അതിനെ മറികടന്നു കൊണ്ട് ഫോട്ടോഗ്രാഫിയുടെ സാദ്ധ്യതകൾ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ആധുനിക കല പിന്നീട് വളർന്നത്.
നവോത്ഥാനപരിശ്രമങ്ങളുടെ കൂടി ഭാഗമായി രൂപപ്പെട്ട പൊതുമണ്ഡലം രണ്ടു തരത്തിലുള്ള ദൃശ്യപരമായ ആധുനികതയിലേക്കാണ് പ്രവേശിക്കുന്നത്; ഒന്നാമത്തേത്, രാജാ രവി വർമ്മയുടെ ഓലിയോഗ്രാഫുകളിലൂടെ എല്ലാ വീടുകളിലും എത്തിച്ചേർന്ന റിയലിസ/നാച്ചുറലിസ ശൈലി. അതിനു തൊട്ടു പിന്നാലെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉണ്ടായ ഫോട്ടോഗ്രാഫുകളും ദേശീയപ്രതിനിധാന പരമായ സിനിമകളും. ചുരുക്കിപ്പറഞ്ഞാൽ മലയാളിയുടെ ദൃശ്യപരമായ ആധുനികതയും അതേക്കുറിച്ചുള്ള അവബോധവും വികസിച്ചത് ഫോട്ടോഗ്രാഫിക് റിയലിസം (ഫോട്ടോറിയലിസം അല്ല) ആസ്പദമാക്കിയാണ്. ദൃശ്യകല എന്നാൽ അത് ഫോട്ടോ എടുത്തത് പോലെ ഇരിക്കണം എന്നൊരു ബോധം ഉണ്ടായി വന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തോടെ ഇന്ത്യയിലെമ്പാടും ഉണ്ടായ പുരോഗമന പ്രസ്ഥാനങ്ങളും മാർക്സിസത്തിന്റെ ചുവടുപിടിച്ചുണ്ടായ സോഷ്യലിസ്റ്റ് റിയലിസവും മനുഷ്യരുടെ ജീവിതത്തെ യഥാതഥമായി പ്രതിനിധീകരിക്കുന്നതിനാണ് ഊന്നൽ നൽകിയത്. കേരളത്തിലുണ്ടായ റിയലിസം കല കലയ്ക്ക് വേണ്ടിയെന്ന വാദത്തെ മാറ്റിമറിച്ചു കൊണ്ട് കല ജീവിതം തന്നെ എന്നൊരു ബോധ്യത്തിലേയ്ക്ക് എത്തിച്ചേർന്നു. പുരോഗമന സാഹിത്യവും ഇതര കലാരൂപങ്ങളും ഊന്നിയത് റിയലിസം എന്ന ശൈലിയിൽ തന്നെ ആയിരുന്നു. റിയലിസം എന്നാൽ തത്സമയത്തെ ജീവിതം എന്നതിലുപരി ഫോട്ടോഗ്രാഫ് പോലിരിക്കുന്ന എന്നൊരു അർഥം കൂടി വന്നു ചേർന്നു. ഗ്രീക്കുകാരും റോമാക്കാരും ക്‌ളാസിക്കൽ രൂപം എന്നതിനർത്ഥം നല്ല പേശീബലമുള്ള മനുഷ്യർ അഥവാ ദൈവത്തോളം ശക്തരായ മനുഷ്യർ എന്ന ആശയത്തിൽ വിശ്വസിച്ചത് പോലെ മലയാളികൾ അപ്പാടെ ദൃശ്യകല എന്നാൽ അത് ഫോട്ടോഗ്രാഫിൽ കാണുന്നത് പോലുള്ളത് എന്ന വിശ്വസിച്ചു പോയി.
ബിനാലെയും ഇതര കലാപ്രവർത്തനങ്ങളും കേരളത്തിൽ ശക്തമായിട്ടു കൂടി ഇന്നും കല എന്നാൽ അത് ഫോട്ടോ എടുത്തത് പോലെ ആയിരിക്കണം എന്ന് പൊതുജനങ്ങൾ വിശ്വസിക്കുന്നു എന്നൊരു വൈപരീത്യം നിലവിലുള്ളത് കൊണ്ടാണ് മുരളി എന്ന നടന്റെ ശില്പത്തിനെ സംബന്ധിച്ച് ഇത്രയധികം വിവാദങ്ങൾ ഉണ്ടായത് എന്ന് തോന്നുന്നു. ശില്പി രാജൻ നിർമ്മിക്കുകയും സംഗീത നാടക അക്കാദമി വളപ്പിൽ സ്ഥാപിക്കപ്പെടുകയും ചെയ്ത ഒരു ശൈലീകൃതമായ ശില്പത്തിനെ മുരളിയുടെ അർദ്ധകായ പ്രതിമയാണ് എന്ന് തെറ്റിദ്ധരിപ്പിക്കും വിധത്തിൽ വന്ന വാർത്ത വെങ്കലത്തിൽ സ്മരണികാ ശില്പം നിർമ്മിക്കാം എന്ന് സമ്മതിച്ച വിത്സൺ പൂക്കോയ് എന്ന കലാകാരനേയും രാജനൊപ്പം പ്രതിസ്ഥാനത്ത് എത്തിച്ചു. വിത്സൺ പൂക്കോയ് താനുണ്ടാക്കിയ ശില്പം ചില എക്സ്പെർട്ടുകൾ അംഗീകരിച്ചില്ല എന്നും തുടർന്നുണ്ടാക്കിയത് ആരോ തച്ചു തകർത്തു എന്നും താൻ ഇനിയും ശില്പം ഉണ്ടാക്കാൻ സന്നദ്ധനാണ് എന്നൊക്കെ പറഞ്ഞിട്ടും പൊതുമണ്ഡലം ഈ കലാകാരന്മാരെ ക്രൂശിക്കാൻ ഒരുങ്ങി നിൽക്കുകയാണ്.
പൊതുമണ്ഡലത്തിൽ ഈ വിവാദത്തെക്കുറിച്ചു വന്ന എല്ലാ അഭിപ്രായപ്രകടനങ്ങളിലും മുഴച്ചു നിൽക്കുന്നത് ശില്പങ്ങൾ മുരളിയെപ്പോലെ ഇരിക്കുന്നില്ല എന്നതാണ്. യഥാർത്ഥത്തിൽ ഒരു സ്മരണികാ ശില്പം സംബന്ധിച്ച് ആളുകൾ അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ല. കാരണം നമുക്ക് പൊതുവിടങ്ങളിൽ ലഭ്യമായ എല്ലാ സ്മരണികാ ശില്പങ്ങളും ഫോട്ടോഗ്രാഫിക് പകർപ്പുകൾ പോലെ യഥാതഥമാണ് എന്നത് തന്നെയാണ്. ബ്രിട്ടീഷ് അക്കാദമിക് കലയുടെ ചുവടു പിടിച്ചുണ്ടായ ഈ രീതി ഇന്നും ലോകത്തെമ്പാടും തുടരുന്ന ഒന്നാണ്. പക്ഷെ ആ ഒരു കാരണം ഒന്ന് കൊണ്ട് മാത്രം മുരളി-ശില്പത്തിനെ വിലയിരുത്താൻ കഴിയുകയില്ല. കാരണമായി എടുത്തു കാട്ടാൻ കഴിയുന്നത്, മുരളിയുടെ സ്മരണികാ ശില്പം ആരും കണ്ടിട്ടില്ല എന്നതാണ്. കാണപ്പെട്ടതാകട്ടെ സ്മരണികാ ശില്പം അല്ല താനും. കണ്ട ശില്പത്തിന്റെ അടിസ്ഥാനത്തിൽ ശില്പം എന്നാൽ ഫോട്ടോ എടുത്തത് പോലെ ഇരിക്കണം എന്ന് വാദിക്കുന്നത് ഞാൻ മേലെഴുതിയ പൊതുബോധത്തിന്റെ ചരിത്രപരമായ രൂപപ്പെടലിന്റെ ഫലമാണ്.
സ്മരണികാ ശില്പത്തിനെ രൂപസാദൃശ്യമില്ല എന്ന് പറഞ്ഞു പുനഃപരിശോധനയ്ക്ക് വിധേയമാക്കിയത് ലളിത കലാ അക്കാദമി മുൻ ചെയർമാൻ നേമം പുഷ്പരാജ് ആണെന്ന് പറയുന്നു. വിവാദമായ സ്ഥിതിയ്ക്ക് എന്തുകൊണ്ടാണ് താൻ ആ ശില്പം വേണ്ട എന്ന് പറഞ്ഞത് എന്ന് വിശദീകരിക്കേണ്ട ചുമതല അദ്ദേഹത്തിനുണ്ട്. വിത്സൺ പൂക്കോയ് എന്ന കലാകാരൻ നേരത്തെ രാജാ കേശവദാസൻ, സഹോദരൻ അയ്യപ്പൻ എന്നിവരുടെ ശില്പങ്ങൾ ചെയ്യുകയും അവയെ വിജയിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് എന്ന് മറ്റുള്ളവർ അംഗീകരിക്കുന്ന സ്ഥിതിയ്ക്ക് മുരളിയുടെ ശില്പം മാത്രം പരാജയപ്പെടും എന്ന് പറയുക വയ്യ. ഈ വിവാദത്തിനു പിന്നിൽ രണ്ടു ധാരകളാണ് ഇപ്പോൾ നിലവിലുള്ളത്; ഒന്നാമത്, ശില്പം എന്നാൽ അത് യഥാതഥമാകണം എന്ന് വിശ്വസിച്ചു പോയ ബഹുഭൂരിപക്ഷം മലയാളികളുടെ ‘ലിഞ്ചിങ് മെന്റാലിറ്റി’. കലാകാരന്മാരോട് അവർ ആൾക്കൂട്ട കൊലപാതകികളുടെ നിലപാടാണ് എടുത്തിരിക്കുന്നത്. രണ്ടാമത്, ശില്പം വേണ്ടെന്നു വെയ്ക്കുകയും പ്രതിഫലം എഴുതിത്തള്ളുകയും ചെയ്തതിനെത്തുടർന്ന് വിത്സൺ പൂക്കോയ് വെളിപ്പെടുത്തിയ ചില അഴിമതി ആരോപണങ്ങൾ.
ശില്പികളെ കല്ലെറിയുക എന്ന പ്രസ്ഥാനത്തിന് ഇത്രയധികം പ്രചാരം കിട്ടുന്ന വേളയിലും ശില്പനിർമ്മാണം നിർത്തിവെയ്പ്പിക്കാൻ എടുത്ത നടപടികളും അതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും അധികം ശ്രദ്ധ നേടാതെ പോകുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. മലയാളികളുടെ കാലാവബോധം മാറണം. ഒപ്പം കലാകാരന്മാരെ ബലിയാടാക്കിക്കൊണ്ട് മറ്റാരെയൊക്കെയോ സംരക്ഷിക്കാൻ ആരെങ്കിലും ശ്രമം നടത്തുന്നുണ്ടെങ്കിൽ അവരെ വെളിച്ചത്ത് കൊണ്ട് വരണം. ഫോട്ടോഗ്രാഫിക് റിയലിസം കല ആകാമെങ്കിലും അത് മാത്രമല്ല കല എന്ന് ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ ഉണ്ടാകണം. അതിനുള്ള സാദ്ധ്യതകൾ കുറവാണ്. കേരളം എന്ന് പറഞ്ഞാൽ അത്തപ്പൂക്കളം, വള്ളം കളി, പൂരം, തൃക്കാക്കരയപ്പൻ, കഥകളി, പദ്മനാഭസ്വാമി ക്ഷേത്രം എന്നിവയെ മാത്രം ഡിസൈനിൽ കൊണ്ട് വരുന്ന പരിമിതികളെ കവച്ചു കടക്കാൻ കേരള സർക്കാരുകൾക്ക് കഴിവുണ്ടാകുന്ന കാലം വരുമോ?
Subscribe to our channels on YouTube & WhatsApp
കൃത്യമായി വിഷയം അവതരിപ്പിച്ചു. ശില്പത്തെ പ്രതിമയാക്കരുത്.