A Unique Multilingual Media Platform

The AIDEM

Art & Music Articles Kerala Memoir

മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ഭാവഗായകന് വിട…

  • January 10, 2025
  • 1 min read
മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ഭാവഗായകന് വിട…

പി ജയചന്ദ്രൻ്റെ വിയോഗം മലയാളികൾക്ക് ഗാനലോകത്തെ യൗവ്വന ശബ്ദത്തിൻ്റെ വിയോഗമാണ്. കാലമോ പ്രായമോ ശബ്ദത്തെ ബാധിക്കാത്ത അപൂർവ്വ ഗായകനായിരുന്നു പി ജയചന്ദ്രൻ. ആലാപനത്തിൻ്റെ ആദ്യകാലത്തെ സുഖമുള്ള ഫീൽ അദ്ദേഹം എക്കാലവും നിലനിറുത്തി. ആ യൗവ്വന ശബ്ദത്തിൻ്റെ വിയോഗം ആസ്വാദകർക്ക് എളുപ്പത്തിൽ അംഗീകരിക്കാൻ കഴിയില്ല. മഞ്ഞലയിൽ മുങ്ങിത്തോർത്തി… (കളിത്തോഴൻ) എന്ന ഗാനത്തിലൂടെ ആസ്വാദകരുടെ മനസ്സിലേക്കാഴ്ന്നിറങ്ങിയ ആ ശബ്ദമാധുര്യം 15000-ൽ അധികം പ്രിയ ഗാനങ്ങളിലൂടെ നിറഞ്ഞു.

ഒരു പാട്ട് കേട്ടു തുടങ്ങുന്ന മാത്രയിൽ തന്നെ അത് ജയചന്ദ്രൻ്റേതാണ് എന്ന് തിരിച്ചറിയാം എന്നിടത്താണ് ആ ആലാപന മികവ് വ്യത്യസ്തമാകുന്നത്. അനനുകരണീയം എന്ന് പറയാൻ കഴിയുന്ന ശൈലി കൊണ്ട് ആലാപനത്തിൽ ഒരു ജയചന്ദ്രവഴി അദ്ദേഹം തുറന്നു. അസഹനീയമായ സങ്കടങ്ങൾ ഇത്രത്തോളം ശബ്ദത്തിൽ ആവാഹിക്കാൻ ഇനി മറ്റാർക്കാണ് കഴിയുക.

പി ജയചന്ദ്രനും ഗായിക മഞ്ജരിയും മഴവിൽ മനോരമയുടെ ടിവി ഷോയിൽ (Source: Y0uTube)

പ്രണയത്തെ ആർദ്രമായി പാടി അനുഭവിപ്പിച്ച വേറൊരു ഗായകനെ മലയാളത്തിൽ നമുക്ക് കണ്ടെത്താനാവില്ല. പൂവും പ്രസാദവും നീട്ടിനിൽക്കുമ്പോഴും നെഞ്ചിൽ വിതുമ്പി വിതുമ്പി നിൽക്കുന്ന ആ വിഷാദക്കയത്തിലേക്ക് നമ്മളെത്രയെത്ര വീണു പോയിരിക്കുന്നു. (നഖക്ഷതങ്ങൾ ‘വ്രീളാവിവശയായ്’..). എന്നേ കുഴിയിൽ മൂടിയിട്ടും എല്ലാ ഓർമ്മകളും ചിരഞ്ജീവികളായ്, ചോര വാറും മുറിവുകളായ് തുടരുന്ന ദുഃഖാന്തതയുടെ നിഷ്ഫല വിലാപം പോലെ ആ പാട്ട് നാമിടയ്കിടെ കേട്ടുകൊണ്ടിരിക്കുന്നു (ഒരു വിളിപ്പാടകലെ ‘എല്ലാം ഓർമ്മകൾ…… ‘). മലയാളി കേട്ട പ്രണയവിരഹവേദനയുടെ ഏറ്റവും ദുഖഭരിതമായ സ്വരം ജയചന്ദ്രൻ്റേതു തന്നെയാണ്.

ആ പ്രണയ ഗാനചന്ദ്രികയിൽ മലയാളി ആസ്വാദകർ അലിഞ്ഞു. ജയചന്ദ്രൻ ആലപിച്ച ഓരോ പാട്ടും അതത് കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നാഴികക്കല്ലുകളായി മാറി.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹം സാഹിത്യ സമാജത്തിൽ പാടിയ പാട്ടുകേട്ട് രാമനാഥൻ മാസ്റ്റർ സ്റ്റാഫ് റൂമിൽ വിളിച്ച് വരുത്തി “നമുക്കൊരു ഗായകനെ കിട്ടിയിരിക്കുന്നു.” എന്ന് പറഞ്ഞത് എല്ലാ മലയാളികളോടുമായിട്ടായിരുന്നു എന്നത് ചരിത്രം.

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ആ നാദവിസ്മയത്തിൽ ക്ലാസിക്കുകൾ പിറന്നു. തമിഴിലെ രാസാത്തി ഇന്നെ കാണാതെ നെഞ്ചം, കന്നത്തിൽ മുത്തമിട്ടാൽ, ഒരു ദൈവം തന്ത പൂവേ തുടങ്ങിയ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല.

നാട്യങ്ങളില്ലാത്ത കേവലമനുഷ്യനായിരുന്നു അദ്ദേഹം. തൻ്റെ അഭിപ്രായം മറയില്ലാതെ വെട്ടിത്തുറന്ന് പറയാൻ മടി കാണിക്കുമായിരുന്നില്ല. ഈ നിർഭയത്വമായിരുന്നു അദ്ദേഹത്തിൻ്റെ അനന്യമായ വ്യക്തിത്വത്തിൻ്റെ സവിശേഷതയും. ഏതു കാര്യത്തെക്കുറിച്ചും ഉള്ളിലുള്ളത് തുറന്നു സംസാരിക്കുന്ന പ്രകൃതവും മലയാളികൾക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി മാറ്റി. ഹൃദ്യമായ ഒരു കുട്ടിത്തവും അദ്ദേഹത്തിൻ്റെ വാക്കുകളിലും പ്രവൃത്തികളിലും മലയാളി കണ്ടിട്ടുണ്ട്. ഇഷ്ടപ്പെടാത്തത് കണ്ടാൽ മുഖം നോട്ടമില്ലാതെ ദേഷ്യത്തോടെ തന്നെ പ്രതികരിക്കുന്ന ഗൗരവപ്രകൃതി നിഷ്ക്കളങ്കമായ ആ വ്യക്തിത്വത്തിൻ്റെ മറ്റൊരു സവിശേഷത മാത്രം.

വിണ്ണിൻ്റെ വിലോലതകളിലേക്ക് യേശുദാസ് നമ്മെ ഉയർത്തിക്കൊണ്ടുപോയി. അഭൗമം അഭൗമം എന്നു നാം ആശ്ചര്യഭരിതരായി. ജയചന്ദ്രൻ്റെ പാട്ടുകളോ? അവ പ്രണയത്തിൻ്റെ ലഹരിയും വിരഹത്തിൻ്റെ വിഷാദവും നെടുവീർപ്പുകളും പേറി നമ്മോടൊപ്പം മണ്ണിലൂടലയുന്നുവെന്ന് പറഞ്ഞു പോകുന്നു നമ്മൾ.

പി ജയചന്ദ്രൻ വിട പറയുമ്പോൾ, നമ്മുടെ നാവിലും കാതിലും സൂക്ഷിക്കുന്ന അനേകായിരം ഗാനങ്ങൾ ഓർമ്മയിൽ തിരമുറിയാതെ ഇരച്ചെത്തുന്നു.

തൻ്റേടമുള്ള മലയാളി സ്വരത്തെ ഞാൻ കണ്ടെത്തി എന്ന് ദേവരാജൻ മാഷ് പറഞ്ഞത് അന്വർഥമാക്കുന്ന വിധം ഭാവപ്പകർച്ച കൊണ്ട് അത്ഭുതം സൃഷ്ടിച്ചു പിന്നീടുള്ള അദ്ദേഹത്തിൻ്റെ പാട്ടുജീവിതം.

അനുരാഗ ഗാനം പോലെ, നീലഗിരിയുടെ സഖികളെ, സ്വർണ്ണഗോപുര നർത്തകീ ശില്പം, തിരുവാഭരണം ചാർത്തി വിടർന്നു, റംസാനിലെ ചന്ദ്രികയോ, ശരദിന്ദു മലർദീപനാളം, കാട്ടുകുറിഞ്ഞി പൂവും ചൂടി, യദുകുല രതിദേവനെവിടെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, കേവല മർത്യഭാഷ, നിയൊരു പുഴയായ്, ശാരദാബരം, പ്രായം നമ്മിൽ മോഹം നൽകി, എന്തേ ഇന്നും വന്നില്ല തുടങ്ങിയ ഗാനങ്ങളിൽ പൊഴിയുന്ന ജയചന്ദ്ര ഗാനത്തിൻ്റെ തേനിമ്പമാധുരി നിലയ്ക്കില്ല.

About Author

ടോം മാത്യു

ഗായകനും സംഗീത സംവിധായകനും. മലയാളി ഐക്യവേദി കൺവീനറും ഹയർ സെക്കൻഡറി അധ്യാപകനുമാണ്.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x