A Unique Multilingual Media Platform

The AIDEM

Articles Culture Kerala

നാലാം യാഥാർഥ്യത്തിന്റെ ഭാവനാ ചിത്രകാരൻ: നമ്പൂതിരി

  • July 7, 2023
  • 1 min read
നാലാം യാഥാർഥ്യത്തിന്റെ ഭാവനാ ചിത്രകാരൻ: നമ്പൂതിരി

ചിത്രകാരൻ നമ്പൂതിരി അന്തരിച്ചു. ഈ വരിയിലെ ചിത്രകാരൻ എന്ന വിശേഷണം ഒരു ഏച്ചു കെട്ടാണ് മലയാളിയ്ക്ക്. ഒരു നമ്പൂതിരിയേ കേരളത്തിലെ സാംസ്കാരികരംഗത്ത് ഇരു നൂറ്റാണ്ടുകളിലും സംക്രമിച്ചു നിന്നുള്ളൂ. മറ്റൊരു നമ്പൂതിരിയുണ്ടായിയിരുന്നു, പക്ഷെ അതിലൊരു പാടും പിന്നെ ചുരുക്കെഴുത്തുമായി അദ്ദേഹം മറ്റൊരു മേഖലയിൽ വിളങ്ങി. ചിലരെക്കുറിച്ച് അവരാരാണെന്നു വിശദീകരിക്കേണ്ടതില്ല. അവരുടെ പേരിലെ ജാതി വിശേഷണം ജാതീയതയുടെ വിശേഷണമല്ല.

ദി ഐഡത്തിന് നൽകിയ അഭിമുഖത്തിൽ നിന്ന്

ഏക്നാഥ് ഈശ്വരൻ പറയുന്നത് പോലെ അതൊരു സംസ്കാരത്തിന്റെ പകരപ്പേരാകും. അപനിർമ്മിതിക്കാർക്ക് ഹാലിളകും അങ്ങനെയൊക്കെ പറഞ്ഞാൽ. നമ്പൂതിരി എന്നൊരു സംസ്കാരം ബ്രാഹ്മണ്യത്തിന്റെ പ്രത്യാനയിപ്പ് അല്ലേ എന്ന് അവർ ചോദിക്കും. ഭാഗ്യത്തിന് നമ്പൂതിരിക്കെതിരെ സവർണ്ണ കലാകാരൻ എന്ന അമ്പ് എയ്യപ്പെട്ടില്ല. എന്നാൽ സ്ത്രീവിരുദ്ധകലാകാരൻ എന്ന ആരോപണം വന്നിരുന്നു താനും. അമ്മയെ തല്ലിയാലും രണ്ടഭിപ്രായമുള്ള നാട്ടിൽ കലാവിമർശനം പോകുന്ന വഴികൾ എപ്പോഴും കണ്ടം ആകണമെന്നില്ല.

എം.എഫ് ഹുസൈനെ ഇന്ത്യൻ പിക്കാസോ എന്ന് വിളിച്ചിരുന്നെന്ന് നമുക്കറിയാം. എന്നാൽ പിക്കാസോയെ ആരും സ്പാനിഷ് ഹുസ്സൈൻ എന്ന് വിളിക്കാറില്ല. അത് കൊളോണിയലിസം കാരണം മാത്രമല്ല. കൊളോണിയലിസം കൊണ്ട് വരുന്ന സാമ്പത്തിക ശക്തി കൊണ്ട് കൂടിയാണ്. നമ്പൂതിരിയെ ആരും ഇന്ത്യൻ സെസാൻ എന്നൊന്നും വിളിക്കാൻ മുതിർന്നില്ല. വിളിച്ചതാകട്ടെ, വി കെ എൻ. വരയുടെ പരമശിവൻ എന്നാണ് നമ്പൂതിരിയെ അദ്ദേഹം വിശേഷിപ്പിച്ചത്. താൻ എഴുതുന്നത് തന്നെ നമ്പൂതിരിയുടെ വരയ്ക്കു വേണ്ടിയാണെന്ന് കുമ്പസരിച്ചിട്ടു കൂടിയുണ്ട് വി കെ എൻ. മതങ്ങളെയും മതാന്ധതയെയും തിരുവില്വാമലക്കാരന്റെ സവിശേഷമായ ഊർദ്ധ്വനാസികാനുപാതത്തിൽ കണ്ടു പുച്ഛിച്ച വി കെ എൻ എന്തായാലും നമ്പൂതിരിയെ വരയുടെ പരമശിവൻ എന്ന് വിളിച്ചത് ഹിന്ദു പുരാണത്തിലെ ശിവന്റെ അമർചിത്രകഥാ വെർഷൻ ആയിട്ടല്ല എന്നത് ഉറപ്പ്. നടനസാമ്രാട്ടും വിശ്വവ്യാപിയും ആയ കലയുടെ അധിപൻ എന്ന നിലയിലായിരുന്നു ആ വിശേഷണം. നമ്പൂതിരി ഏറെക്കുറെ അത് അർഹിച്ചിരുന്നു.

ആ അർഹതയ്ക്ക് കാരണം രാജാ രവി വർമ്മയ്ക്ക് ശേഷം പൊതുമണ്ഡലത്തിൽ കലാകാരൻ എന്ന നിലയിൽ അറിയപ്പെട്ട ചുരുക്കം ചിലരിൽ ഒരാളാണ് നമ്പൂതിരി എന്നതാണ്. ചിലരെയൊക്കെ നമ്മൾ വിശ്വപ്രസിദ്ധ കലാകാരന്മാർ എന്ന് വിളിക്കുമ്പോൾ അതിന് സാമ്പത്തികവും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടതുമായ അർത്ഥങ്ങളുണ്ട്. ഇന്ന് ഒരു കലാകാരന് എന്ന് മാത്രമല്ല ഏതൊരു തൊപ്പിയ്ക്കും വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചേരാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാനാകും. എന്നാൽ കേവലം പത്രമാസികകൾ മാത്രം നിലനിന്നിരുന്ന ഒരു കാലത്ത്, പ്രത്യേകിച്ചും സാക്ഷരതായജ്ഞമൊക്കെ തുടങ്ങുന്നതിനും മുൻപ് വായിക്കുന്ന മലയാളിയിലേയ്ക്ക് കലയുടെ രൂപത്തിൽ എത്തിച്ചേരാൻ നമ്പൂതിരിക്ക് കഴിഞ്ഞു. എ എസ് നായർക്കോ എം വി ദേവനോ കഴിയാതിരുന്ന ഒരു തരം ബട്ടർഫ്‌ളൈ എഫക്ട് സൃഷ്ടിക്കാൻ നമ്പൂതിരിയുടെ വരകൾക്ക് കഴിഞ്ഞു. അങ്ങനെ കഴിഞ്ഞ മറ്റൊരാൾ കാനായി കുഞ്ഞിരാമനാണ്. തന്റെ ശില്പങ്ങളിലൂടെ ജനങ്ങളിലേക്ക് എത്താൻ കഴിഞ്ഞൊരാൾ. ഒരാളെക്കൂടി പറയാം- ബേക്കർ സായ്‌വ്. ഇഷ്ടിക കണ്ടാൽ ബാസൽ മിഷന്റെ ചരിത്രം ഓർക്കും മുൻപ് മലയാളി ബേക്കർ സായ്‌വിനെ ഓർക്കും.

നമ്പൂതിരിയുടെ ‘ രേഖായനം ’22’ ചിത്രപ്രദർശനത്തിൽ നിന്ന്

എന്തായിരുന്നു നമ്പൂതിരിയുടെ ജനപ്രിയതയ്ക്ക് കാരണം? ഒന്ന് പറഞ്ഞോട്ടെ, ജനപ്രിയതയും ജനകീയതയും തമ്മിൽ വ്യത്യാസമുണ്ട്- റീയലിസവും നാച്ചുറലിസവും എന്നത് പോലെ. ജനപ്രിയത എന്നാൽ എല്ലാവര്ക്കും ഇഷ്ടപ്പെടുന്നത് എന്നതാണ്. ജനകീയത എന്നാൽ ജനാധിപത്യബോധത്തോടെ, പൗരാവകാശബോധത്തോടെ ജനങ്ങളുടെ പ്രശ്നങ്ങളെയും ആകാംക്ഷകളെയും കൂടി കണക്കിലെടുത്ത് ഉണ്ടാകുന്ന കലകൾക്ക് കിട്ടുന്ന, ജനങ്ങളിൽ നിന്ന് തന്നെ ഉരുത്തിരിഞ്ഞു വരുന്ന കലകൾക്ക് ലഭിക്കുന്ന അംഗീകാരം എന്ന് പറയാം. എളുപ്പം മനസ്സിലാകുന്ന ഉദാഹരണം ദിലീപും കലാഭവൻ മണിയും ആണ്. ദിലീപ് ജനപ്രിയനാണ്. കലാഭവൻ മണിയാകട്ടെ ജനകീയനും. ഫോട്ടോയിൽ കാണുന്നത് പോലെ വരയ്ക്കുന്നതാണ് നാച്ചുറലിസം. എന്നാൽ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു, അവരുടെ പരിതോവസ്ഥകൾ എന്ത്, അവരുടെ കാലം അവരെയും കാലത്തെ അവരും എങ്ങനെ നിർവചിക്കുന്നു എന്നതെല്ലാം കലയിൽ അടയാളപ്പെടുത്തപ്പെടുമ്പോഴാണ് റിയലിസം ഉണ്ടാകുന്നത്. നമ്പൂതിരി റിയലിസ്റ്റ് ആയിരുന്നു, എന്നാൽ ജനപ്രിയനും. അല്പം വൈരുധ്യം തോന്നുന്നുണ്ടോ? റിയലിസം ചെയ്യുന്നവർക്ക് ജനപ്രിയത ഉണ്ടായിക്കൂടെന്നില്ല. പാ രഞ്ജിത്തിന്റേയും നാഗരാജ് മഞ്ജുളെയുടെയും സിനിമകൾ ഓർത്താൽ മതി.

രണ്ടാണ് നമ്പൂതിരിയുടെ ജനപ്രിയതയ്ക്ക് കാരണം; ഒന്നാമതായി അദ്ദേഹത്തിന്റെ വരകളിലെ അനന്യ സ്വഭാവം. മറ്റൊരിടത്ത് കാണാൻ കഴിയാത്തതോ പരിചിതത്വത്തിനാൽ ഇഷ്ടം കൂടാൻ തുടങ്ങിയതോ ആയ ഒരു ശൈലിയിൽ അല്ല നമ്പൂതിരി വരച്ചിരുന്നത്. ഇഷ്ടത്തിലുപരി അത്ഭുതത്തോടെയാണ് ആദ്യകാലത്ത് മദ്രാസ് സ്‌കൂളിൽ നിന്നിറങ്ങി വന്ന എ എസിനെയും എം വി ദേവനെയും നമ്പൂതിരിയേയും ഒക്കെ ജനങ്ങൾ കണ്ടിരുന്നത്. എ എസ്സിന്റെ ക്രോസ്സ് ഹാച്ചിങ് ടെക്‌നിക്, ദേവന്റെ ഡിസ്റ്റോർഷൻ, നമ്പൂതിരിയുടെ ഇലോങേഷൻ. വിശദീകരിക്കാം. എ എസ് വരകളുടെ നേർമ്മയിലും അവയുടെ പരസ്പരനിഷേധത്തിലും വിശ്വസിച്ചു. വരകൾ തമ്മിലുള്ള സംഘർഷം ഊർജ്ജമുണ്ടാക്കുന്നു എന്ന് എ എസ് തിരിച്ചറിഞ്ഞു. ദേവൻ ആകട്ടെ തന്റെ ഗുരുവായ കെ സി എസ് പണിക്കരുടെ ലുംബിനി, ജീസസ് ആൻഡ് ലാസറസ് തുടങ്ങിയ ചിത്രങ്ങൾ വരച്ച കാലഘട്ടത്തിലെ രൂപങ്ങളുടെ ന്യൂനീകരണത്തെ തന്റെ ചിത്രങ്ങളിലേക്ക് ആവഹിച്ചു. നമ്പൂതിരിയാകട്ടെ തന്റെ തന്നെ പാരമ്പര്യത്തിലെ ജസ്റ്ററൽ എന്ന് പറയാവുന്ന വളരെയധികം വിപുലീകരിക്കപ്പെട്ട ആംഗ്യഭാഷയുടെ ഒരു താളവും തലവും തന്റെ വരകളിലേയ്ക്ക് എടുത്തു.

 

ആർട്ടിസ്റ്റ് നമ്പൂതിരി

താൻ പരിചയിച്ച ഒരു സമൂഹത്തിനുള്ളിൽ, അത് അനുവർത്തിയ്ക്കുന്ന സ്വഭാവസവിശേഷതകൾക്കുള്ളിൽ, അത് പ്രോത്സാഹിപ്പിക്കുന്ന കലകൾക്കുള്ളിൽ, അത് അമർത്തിപ്പിടിക്കുന്ന കാമനകൾക്കുള്ളിൽ, അത് പുറത്തേയ്ക്ക് അയയ്ക്കുന്ന നോട്ടത്തിനുള്ളിൽ (ഗെയ്‌സ്- Gaze) ഒക്കെയും, അന്തർഗതങ്ങൾക്ക് പകരം ബഹിർഗമിയ്ക്കുന്ന അല്ലെങ്കിൽ പ്രത്യക്ഷപ്പെടുത്തുന്ന, വിപുലീകൃതവും ശൈലീകൃതവുമായ സംജ്ഞകളിൽ നമ്പൂതിരി തന്റെ ചിത്രഭാഷയെ കണ്ടെത്തി എന്ന് ഞാൻ നിരീക്ഷിക്കുന്നു. ഒരു സവിശേഷ സമൂഹത്തിന്റെ വാമൊഴിയ്ക്കു സമാന്തരമായോ അനുബന്ധമായോ ഉണ്ടാകുന്ന ആംഗ്യങ്ങൾ, അതിനു പകരമായി മറ്റൊരു സമൂഹം നൽകുന്ന ആംഗ്യങ്ങൾ, പൊതു ഇടങ്ങളിൽ ഈ വിവിധങ്ങളായ ആംഗ്യഭാഷകളുടെ (ഭാഷയ്ക്കും അപ്പുറം നിൽക്കുന്ന ജസ്റ്ററൽ അനിമേഷൻ) പരസ്പര ബന്ധങ്ങൾ ഒക്കെയും നമ്പൂതിരിയിൽ ചിത്രഭാഷയായി പരിവർത്തിപ്പിക്കപ്പെട്ടു. ആ പരിസരങ്ങളിൽ ഉണ്ടായ ക്ഷേത്രകലകൾ, പിന്നീട് നമ്പൂതിരി പരിചയിക്കുന്ന നാടകങ്ങൾ, കഥാപ്രസംഗങ്ങൾ, പൊതുപ്രഭാഷണങ്ങൾ ഒക്കെയും നമ്പൂതിരിയുടെ ചിത്രങ്ങളിൽ കടന്നു വരുന്നു. ഇതൊക്കെയും ഒരു സാഹിത്യവസ്തുവിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുമ്പോൾ സാഹിത്യത്തിന് അതീതമായ ഒരു ദൃശ്യമണ്ഡലം രൂപീകരിക്കപ്പെടുകയും അത് വായിക്കുന്ന കാഴ്ചക്കാരന്റെ ഉള്ളിൽ തികച്ചും നവ്യമായ ഒരു അനുഭൂതി ഉണ്ടാക്കുകയും ചെയ്യുന്നു.

അനന്യത ഒന്നാമത്തെ കാരണം ആണെങ്കിൽ രണ്ടാമത്തേത് നമ്പൂതിരിയുടെ റിയലിസമാണ്. ഭാവനയിൽ അല്ല നമ്പൂതിരിയുടെ കഥാപാത്രങ്ങൾ. അവ ഒരു കാലത്തിനുള്ളിൽ ആണ്. ആ കാലത്തെ സാഹിത്യകാരൻ സൃഷ്ടിക്കുന്നതാകാം, അല്ലെങ്കിൽ സ്വേച്ഛയാൽ നമ്പൂതിരി സൃഷ്ടിച്ചതാകാം. മിക്കവാറും നമ്പൂതിരിച്ചിത്രങ്ങൾക്ക് അതിരുകൾ ഉണ്ടാകാറില്ല. അവയുടെ ലേ ഔട്ട് എന്നത് അക്ഷരങ്ങൾക്കുള്ളിൽ ഫ്രെയിം ഇല്ലാത്ത മറ്റൊരു ഇടത്തിൽ ആണ്. കഥ ഉത്പാദിപ്പിക്കുന്ന മൂന്നാം യാഥാർഥ്യം (എഴുത്തുകാരൻ കാണുന്നതും, അയാൾ മനസ്സിലാക്കുന്നതും, അയാളുടെ കഥയിലൂടെ ഉണ്ടായിവരുന്നതുമായ യാഥാർഥ്യം) നമ്പൂതിരിയുടെ ചിത്രങ്ങളിൽ നാലാമതൊരു യാഥാർഥ്യമായി മാറുകയാണ്. ഏതൊരു കഥാപാത്രവും, (പ്രത്യേകിച്ച് എം ടി യുടെ കഥാപാത്രങ്ങൾ) അവരുടെ മാനസികമായ ഒരു ഇടം സൃഷ്ടിക്കുന്നുണ്ട്. അതാണ് യാഥാർത്ഥം എന്ന് പറയുന്നത്. മറ്റുള്ളവയെല്ലാം പ്രതീതികൾ ആണ്. വായനക്കാരനും കാണിയ്ക്കും നമ്പൂതിരിയുടെ ചിത്രങ്ങളിലൂടെ, ഒരുപക്ഷെ പരിചയം കൊണ്ട്, കഥയിലേക്ക് പ്രവേശിക്കാൻ കഴിയുന്നു. നേരത്തെ പറഞ്ഞത് പോലെ നമ്പൂതിരിയുടെ വരയ്ക്ക് വേണ്ടി മാത്രം കഥയെഴുതുന്നവരും അവയ്ക്കായി എഴുതിയ കഥയിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ രൂപങ്ങളെ എഴുത്തുകാരൻ തന്നെ കാമിയ്ക്കാൻ തുടങ്ങുന്നതുമായ ഭ്രമാത്മക സാഹചര്യങ്ങളും മലയാളസാഹിത്യത്തിൽ ഹാസ്യരൂപേണയാണെങ്കിലും, ഉണ്ടായിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്.

രേഖായനം ’22 ചിത്ര പ്രദർശനം (2022)

ദീർഘകാലം ജീവിച്ചിരുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹം തന്നെ പലപാട് പല പ്രസിദ്ധീകരങ്ങളുടെയും ആവശ്യപ്രകാരം സ്വന്തം ജീവിതത്തെ പരിമിതമായ വാക്കുകളിലൂടെയും വിപുലമായ വരകളിലൂടെയും അടയാളപ്പെടുത്തിയിട്ടുണ്ട്. അതിനാൽത്തന്നെ നമ്പൂതിരി പൊതുമണ്ഡലത്തിൽ നിന്ന് ആരോഗ്യപരമായ കാരണങ്ങളാൽ അപ്രത്യക്ഷനായ വേളയിൽ പോലും നമ്പൂതിരി ലെജൻഡ് ജനങ്ങളുടെ ഇടയിൽ പ്രചരിച്ചിരുന്നു. ഈ പ്രസിദ്ധീകരണങ്ങളും അദ്ദേഹവുമായി നടത്തിയ അഭിമുഖങ്ങളുടെ വിഡിയോകളും ഒക്കെ കാണുന്ന ഒരാൾക്ക് മനസ്സിലാകുന്നത് നമ്പൂതിരിയുടെ ആശയപ്രപഞ്ചം വളരെ പ്രാദേശികമായിരുന്നു എന്നതാണ്. വി കെ എൻ കഥകൾക്കും മറ്റു പ്രവാസ-വിദേശ വിഷയങ്ങൾ കഥകളായി വരുന്ന സംഗതികൾക്കും രേഖാചിത്രങ്ങൾ വരയ്ക്കുമ്പോൾ മാത്രമാണ് അദ്ദേഹം വിദേശ ജീവിതത്തെയും മനുഷ്യരെയും, അല്ലെങ്കിൽ വൈദേശികമായ അനുഭവങ്ങളെയും തന്റെ വരകളിൽ ഉൾച്ചേർക്കാൻ ശ്രമിച്ചിട്ടുള്ളത്. മദാമ്മമാരെയും സായ്‌വ് മാരെയും ഒക്കെ നമ്പൂതിരി വരയ്ക്കുന്നത് ഒരു നാട്ടുബാലൻ കൗതുകത്തോടെ വെള്ളക്കാരെ കാണുന്ന രീതിയിലാണ്. അതേസമയം വെടിവട്ടങ്ങളും കഥകളിയുമൊക്കെ വരയ്ക്കുമ്പോൾ നമ്പൂതിരി ആ സമൂഹത്തിനു സ്വാഭാവികമായ ഉപഹാസത്തെ ആയുധമാക്കുന്നു. വി കെ എൻ-ന്റെ അധികാരത്തിൽ രാമൻ നമ്പൂതിരിയെ വരയ്ക്കുമ്പോൾ വി കെ എൻ നേക്കാൾ ആസ്വദിക്കുന്നത് നമ്പൂതിരിയാണെന്നു തോന്നും. അതേസമയം പൊതുമണ്ഡലത്തിൽ മനുഷ്യരെ വരയ്ക്കുമ്പോൾ നമ്പൂതിരി തികഞ്ഞ മാനവികതാ വാദിയാവുന്നത് കാണാം.

നമ്പൂതിരിയ്ക്ക് പ്രണയം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് ഞാൻ അന്വേഷിച്ചിട്ടില്ല. പക്ഷെ പ്രണയം വരയ്ക്കുമ്പോഴാണ് നമ്പൂതിരി ശരിയ്ക്കും ഒരു കാമുകനാകുന്നത്. കമിതാക്കളുടെ വിരലുകൾക്കും കൈകൾക്കും മൂക്കിനും കണ്ണുകൾക്കും എന്തിന് അവരുടെ ചുറ്റുമുള്ള എല്ലാറ്റിനും നീളം എത്ര കൂട്ടിയാലും മതിവരില്ല നമ്പൂതിരിക്ക്. ചുള്ളിക്കാടിന്റെ ഒരു കവിതയിൽ പറയുന്നത് പോലെ, ‘ക്ഷമപറയുവാൻ വീർപ്പുമുട്ടുന്ന പരസ്പരഹൃദയങ്ങളെ നെഞ്ചിലടക്കി’ നിൽക്കുന്ന കമിതാക്കൾ നമ്പൂതിരിയുടെ വരകളിൽ സമൃദ്ധമായി കാണാം. ഒരുപക്ഷെ കേരളത്തിലെ ഒരു തലമുറ പ്രണയമാവിഷ്കരിക്കാൻ കഴിയാതെ വിമ്മിഷ്ടപ്പെട്ടതിന്റെ ഫലമാകണം അത്. മധ്യവയസ്കകളെ വരയ്ക്കാൻ ഒരു സവിശേഷമായ കഴിവ് തന്നെ നമ്പൂതിരിക്കുണ്ട്. വി കെ എൻ ആ പ്രായക്കാരികളെ കുറിച്ച് പറയുന്നത് ‘മധ്യവയസ്സും മുഖക്കുരുവും സെക്സുമായി നിൽക്കുന്ന’ സ്ത്രീകൾ എന്നാണ്. തികച്ചും അരസികകൾ ആയവർക്ക് മാത്രമേ ഇത്രയും രസകരമായ ഒരു വാങ്മയചിത്രത്തെ മെയ്ൽ ഗെയ്‌സ് എന്ന് പറഞ്ഞു ആഭിചാരം ചെയ്യാൻ കഴിയൂ. നമ്പൂതിരിയുടെ വരകളിൽ ഈ വാങ്മയചിത്രം ശരിയ്ക്കും വരകളിലൂടെ വാർന്നു വീഴുന്നു. അതുപോലെ തന്നെയാണ് തന്റേടികളായ സ്ത്രീകളെ വരയ്ക്കുന്നതിലും. രണ്ടാമൂഴത്തിലെ സ്ത്രീകഥാപാത്രങ്ങളുടെ രചനകളിൽ ഇവ കാണാം.

നമ്പൂതിരിയ്ക്ക് ഒരു പക്ഷെ ഒരു സ്വതന്ത്രചിത്രകാരൻ എന്ന നിലയിൽ ഇന്ത്യൻ കലാരംഗത്ത് ഒരു സ്ഥാനമുറപ്പിക്കാൻ കഴിയാതെ പോയി. കലാചരിത്രകാരൻ ആർ ശിവകുമാർ പറഞ്ഞിട്ടുള്ള പ്രാദേശിക ആധുനികതയുടെ അനേകം വക്താക്കളിൽ ഒരാളായി മാറുകയായിരുന്നു നമ്പൂതിരി. ആധുനികത നിഷേധിച്ച ഒരുപിടി കാര്യങ്ങൾ പക്ഷെ നമ്പൂതിരിയിൽ പിൽക്കാലത്ത് തിരികെ വരുന്നത് കാണാം. ബോദ്‌ലെറിന്റെ വാക്കുകളിൽ ആധുനികത എന്നത് സമകാല ജീവിതത്തെ അതിന്റെ രൂക്ഷതയിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്ന കല എന്നാണ്. സാഹിത്യത്തിന് പുറത്ത് നമ്പൂതിരി സ്വതന്ത്ര ചിത്രകാരൻ എന്ന രീതിയിൽ വരയ്ക്കുമ്പോൾ പലപ്പോഴും ആധുനികത പ്രതിലോമകരം എന്ന് വിളിച്ചു ഉപേക്ഷിച്ച പലതും, ദൈവചിത്രങ്ങൾ ഉൾപ്പെടെ പലതും, നിരന്തരം തിരികെ വരുന്നത് കാണാം. ഒരു നല്ല ക്യൂറേറ്റർ അദ്ദേഹത്തിന് ചുറ്റും ഉണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്. അദ്ദേഹത്തിന്റെ കലയുടെ പേട്രൻസ് ആയിരുന്നവർ ആകട്ടെ അദ്ദേഹത്തെക്കൊണ്ട് കുരങ്ങുകളി നടത്തിക്കുകയും ചെയ്തു. തനിയ്ക്ക് ഇഷ്ടപ്പെട്ട ഒരു ദൈവരൂപത്തെ തനിയ്ക്കിഷ്ടപ്പെട്ട രീതിയിൽ വരയ്ക്കാൻ നമ്പൂതിരിയെ പ്രേരിപ്പിക്കുന്ന സെലിബ്രിറ്റികളും അതിനു വഴങ്ങുന്ന നമ്പൂതിരിയും ഒക്കെ ആയപ്പോൾ ആ പ്രതിലോമകത പൂർത്തിയായി. എങ്കിലും നമ്പൂതിരി അറിയപ്പെടുക അത്തരം അപചയങ്ങളുടെ പേരിൽ ആയിരിക്കില്ല. അതിനേക്കാളേറെ മലയാള കലയ്ക്കും ഭാവനയ്ക്കും നൽകിയശേഷം തന്നെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ.

About Author

ജോണി എം എൽ

ഡൽഹിയിൽ കാൽ നൂറ്റാണ്ട് പത്രപ്രവർത്തകൻ, കലാവിമർശകൻ, കലാചരിത്രകാരൻ, ക്യൂറേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങൾ രചിച്ചു. ലോക സാഹിത്യത്തിലെ ശ്രദ്ധേയമായ ഇരുപത്തിയഞ്ചു കൃതികളുടെ മലയാളവിവർത്തനം നിർവഹിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് എഴുത്തും വായനയുമായി.

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
രഞ്ജിനി
രഞ്ജിനി
9 months ago

ഗഹനം , ദീപ്തം , സുന്ദരം — അതായിരുന്നു നമ്പൂതിരി ചിത്രങ്ങൾ . ജോണി എം എൽ അത് മനോഹരമായി സ്വാംശീകരിക്കുന്നു ഈ ലേഖനത്തിൽ . നന്ദി ഐഡം

Venu Edakkazhiyur
Venu Edakkazhiyur
9 months ago

ജോണിയുടെ കണ്ണൊക്ക് നന്നായി, aidem ചെയ്തത് ഉചിതവും ആയി. അഭിവാദ്യങ്ങൾ.