കഴിഞ്ഞ ദിവസം നിര്യാതനായ കെ.ജെ ബേബിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കനവിനെ പശ്ചാത്തലമാക്കി എം.ജി ശശി സംവിധാനം ചെയ്ത കനവുമലയിലേയ്ക്ക് എന്ന ഹ്രസ്വസിനിമയെക്കുറിച്ച് അദ്ദേഹത്തിന്റെ തിരക്കഥാ സമാഹാരത്തില്‍ ജി.പി രാമചന്ദ്രൻ എഴുതിയ അവലോകനത്തില്‍ നിന്ന്.
വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ചും രൂപഭാവത്തെക്കുറിച്ചും ആദിവാസിജീവിതത്തിന്‍റെ സ്വയം നിര്‍ണയാധിഷ്ഠിതമായ പരിണാമത്തെക്കുറിച്ച്; ഡോക്യുമെന്‍ററി സിനിമയുടെ ചലനാത്മകമായ അവതരണത്തെക്കുറിച്ച് – ഇങ്ങനെ മൂന്നു തരത്തില്‍ വളരുന്ന സ്വപ്നപ്രേരിതമായ സങ്കല്‍പങ്ങളും യാഥാര്‍ത്ഥ്യങ്ങളുമാണ് കനവുമലയിലേക്ക് എന്ന ഹ്രസ്വസിനിമയുടെ അടിസ്ഥാനപ്രചോദനം.
നിശ്ചിതമായ ഒരു കാലയളവിനു ശേഷം അധികാരപ്രേരിതവും ഏകമുഖവുമായ പരീക്ഷ എന്ന ശിക്ഷാസമാനമായ പരീക്ഷണത്തിന് ഇരയായിത്തീരുക എന്ന കുട്ടിയുടെ നിയോഗമാണ് സമകാല ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ പ്രധാനപ്പെട്ട ഒരു ആന്തരിക പ്രതിസന്ധി. സ്നേഹവും ഉള്‍ക്കാഴ്ചയും ചരിത്രബോധവും തികഞ്ഞ ഒരു പരിപൂര്‍ണ മനുഷ്യനായിത്തീരുക എന്ന പ്രാഥമിക ലക്ഷ്യത്തെ മുഴുവനായി പരാജയപ്പെടുത്തുന്ന അതിന്‍റെ ഭീമാകാരമായ കരിക്കുലവും സ്ഥാപനവത്ക്കരണവും വരേണ്യതാവാദവും മല്‍സരബുദ്ധിയും ചേര്‍ന്ന് കുട്ടിയില്‍ നിന്ന് എല്ലാവിധ ജൈവചോദനകളും ചോര്‍ത്തിക്കളയുകയും അവനെ/അവളെ മല്‍സരക്കമ്പോളത്തിലേക്ക് പാകമായ (മിക്കപ്പോഴും പരാജയപ്പെടുന്ന) ഒരു ഉപഭോഗച്ചരക്കാക്കി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്.
കനവു പോലെ ആഹ്ലാദം കൊണ്ടും കൂട്ടായ്മ കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും കാട്ടറിവും നാട്ടറിവും കൊണ്ടും ചൈതന്യം ത്രസിപ്പിക്കുന്ന ഒരു വിദ്യാഭ്യാസത്തുരുത്ത്, പുറത്തുള്ള ഈ മനുഷ്യവിരുദ്ധ വിദ്യാഭ്യാസത്തിന്‍റെ ഭ്രാന്തന്‍ നീതികള്‍ക്കും ശബ്ദായമാനമായ വിഴുങ്ങല്‍ പ്രക്രിയകള്‍ക്കും ഇടം കൊടുക്കാതെ, സ്വച്ഛന്ദമായ പ്രതീതികളും പ്രയാണങ്ങളും മുന്നോട്ടു വെക്കുന്നു. അതുകൊണ്ടാണ് അധ്യാപികയുടെ റോള്‍ ചിലപ്പോള്‍ ഏറ്റെടുക്കുന്ന കനവിലെ ഒരു മുതിര്‍ന്ന കുട്ടി തന്നെ നടരാജഗുരുവിന്‍റെ വിദ്യാഭ്യാസലക്ഷ്യം ഇപ്രകാരം കുട്ടികളോട് പറഞ്ഞുകൊടുക്കുന്നത്.
വിദ്യാഭ്യാസത്തിന്‍റെ അവസാനലക്ഷ്യം ഭൂമിയില്‍ സമാധാനം ഉണ്ടാവുകയാണ്. ഇതുപോലെ കുട്ടിയുടെ ഉള്ളില്‍ ജന്മസിദ്ധമായ പല കഴിവുകളും ഒളിഞ്ഞുകിടപ്പുണ്ട്. ഇതൊക്കെ ഉണര്‍ത്തണം. ഈ കഴിവുകളൊക്കെത്തന്നെ വരുന്ന തലമുറക്ക് ഒരു സംഭാവനയായിത്തീരണം.
ഇത്തരത്തില്‍ കുട്ടികള്‍ സ്വയം പഠിച്ചതും അധ്യാപകരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ആര്‍ജ്ജിക്കാനായതുമായ കാര്യങ്ങള്‍ (അവയെ വിവരങ്ങള്‍ എന്നോ ബുദ്ധിയും ജ്ഞാനവും എന്നോ എന്തും നടപ്പുരീതിയില്‍ പേരിട്ടു വിളിക്കാവുന്നതാണ്). തിരിച്ച് അവതരിപ്പിക്കാനുള്ള അവസരവും സാധ്യതയും കുട്ടിയുടെ മാനസികവികാസത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മാത്രമല്ല, മിക്കവാറും കാര്യങ്ങള്‍ ലഭ്യമായ ഉദാഹരണങ്ങളിലൂടെയും തെളിവുകളിലൂടെയും സ്വയം സമ്പൂര്‍ണമാക്കിക്കൊണ്ടാണ് കുട്ടികള്‍ ഉള്‍ക്കൊള്ളുന്നത്. അതുകൊണ്ടു തന്നെ കാണാപ്പാഠം പഠിച്ച് പരീക്ഷപ്പേപ്പറില്‍ ഛര്‍ദിക്കുന്നതോടെ ഇല്ലാതായിത്തീരുന്ന ആകാശജ്ഞാനങ്ങളായി അധ:പതിക്കാതെ അവ കുട്ടിയുടെ മനസ്സില്‍ ഇടം പിടിക്കുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അവരുടെ പഠനം, സാമ്പ്രദായികമായ രീതിയില്‍ തലപ്പത്തുള്ളവരും പര്‍വതാകാരമുള്ളവരുമായ ഏതാനും നേതാക്കളുടെ വീരസാഹസങ്ങളും സന്ധിസംഭാഷണങ്ങളും മറ്റുമായിട്ടല്ല ആരംഭിക്കുന്നത്. അവരുടെ നാടായ വയനാട്ടിലേക്ക് ബ്രിട്ടീഷുകാരന് വഴി കാണിച്ചുകൊടുത്ത കരിന്തണ്ടന്‍ എന്ന ആദിവാസിമൂപ്പനെ അതേ സായിപ്പു തന്നെ കൊന്നതും അവന്‍റെ പ്രേതത്തെ തളക്കാന്‍ ഒന്നിലധികം ചങ്ങലകള്‍ വൈത്തിരിയിലെ മരത്തില്‍ കൊളുത്തിയതുമായ ഐതിഹ്യവും യാഥാര്‍ത്ഥ്യവും കലര്‍ന്ന ചരിത്രബോധത്തിന്‍റെ അടിസ്ഥാനത്തില്‍ നിന്ന് വളര്‍ന്ന്, പഴശ്ശിയുടെ നേതൃത്വത്തില്‍ വയനാട്ടിലെ അടിയോര്‍ പൊരുതിനിന്നതും കടന്ന് പിന്നെ കേരളം-ഇന്ത്യ എന്നിങ്ങനെ വികസിച്ചുകൊണ്ടാണ്. ഭൂമിശാസ്ത്രവും മറ്റു ശാസ്ത്രശാഖകളും എല്ലാം ഇത്തരത്തിലാണ് പഠനപ്രേരിതമാവുന്നത്.
കരിക്കുലം/കോ-കരിക്കുലം എന്ന ഭേദം അവര്‍ക്കിവിടെ നിര്‍ണയിക്കേണ്ടി വരുന്നില്ല. മുതിര്‍ന്ന കുട്ടി ഇളയകുട്ടിയെ തേച്ചുകുളിപ്പിക്കുന്നതു മുതല്‍ ഭക്ഷണം പാകം ചെയ്യലും പാട്ടുപാടലും മണ്‍കലം നിര്‍മ്മിക്കലും കെട്ടിടം പണിയെടുക്കലും നൃത്തം അഭ്യസിക്കലും സിനിമ കാണലും കവിത കേള്‍ക്കലും പറ്റിയ തെറ്റ് സ്വയം ഏറ്റുപറയുന്നതും എല്ലാം അവര്‍ക്ക് പഠനത്തിന്‍റെ ഭാഗമാണ്. കാരണം അവരുടെ ലക്ഷ്യം നേരത്തെ വ്യക്തമാക്കിയതു പോലെ, ഭൂമിയില്‍ സമാധാനത്തിനുതകുന്ന ഒരു മനുഷ്യനായിത്തീരുക എന്നതാണല്ലോ. ഒരു നിമിഷം സിനിമയില്‍ നിന്ന് മാറി നമ്മുടെ നാട്ടില്‍ നിറയുന്ന വിദ്യാഭ്യാസ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണോടിച്ചു നോക്കൂ!
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികളും ജാതിമത സമുദായ സംഘടനകളും ലാഭം മാത്രം ലക്ഷ്യമാക്കുന്ന മുതലാളികളും നടത്തുന്ന അണ്‍ എയ്ഡഡ് സ്ക്കൂളുകളിലേക്ക് മാത്രമായി മലയാളിക്കുട്ടികളുടെ വിദ്യാഭ്യാസം ഒതുങ്ങുകയാണ്. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്കൂളുകളില്‍ കുടുങ്ങിപ്പോയ കുട്ടികളാവട്ടെ ലജ്ജാകരമായ ഏതോ അവസ്ഥ ജീവിച്ചുതീര്‍ക്കുന്നതുപോലുള്ള കാലഘട്ടമാണ് അനുഭവിക്കുന്നത്. ഈ രണ്ടു തരം കുട്ടികള്‍ മുതിര്‍ന്ന വര്‍ഗീയ വിദ്വേഷവും മല്‍സരബുദ്ധിയും കൊണ്ട് പരസ്പരം തോല്‍പിക്കാനിറങ്ങുന്ന ഭാവിയില്‍ ഗുജറാത്താണോ ഒറീസയാണോ മംഗലാപുരമാണോ അതോ ബോസ്നിയയും സെര്‍ബിയയുമാണോ കേരളത്തിന് മാതൃകയായുണ്ടാവുക എന്നും ആലോചിക്കാവുന്നതാണ്.
ആദിവാസി ജീവിതത്തിന്‍റെ ഗോത്രത്തനിമ അതേ പടി സംരക്ഷിക്കുകയാണോ വേണ്ടത് അതോ അവരെ യാന്ത്രികമായി നാഗരികയുക്തികളിലേക്ക് പറിച്ചുനടുകയാണോ വേണ്ടത് എന്ന തരം വെള്ളം കടക്കാത്ത വിചാരങ്ങളിലൂടെയാണ് ആദിവാസിജിവിതത്തിന്‍റെ ഭാവിയെ നാം വിഭാവനം ചെയ്യാറുള്ളത്. കാര്യങ്ങളെ സ്വയം വിലയിരുത്തി തനിക്ക് യോജിച്ച തരം ജീവിതചക്രത്തെ തെരഞ്ഞെടുക്കാനുള്ള സ്വയബുദ്ധി ആദിവാസി മനുഷ്യന് ഉണ്ടെന്ന് സമ്മതിക്കാന്‍ നമ്മുടെ കുടിയേറ്റ മനസ്സുകള്‍ക്ക് സാധ്യമല്ല എന്നാണീ പിളര്‍പ്പ് തെളിയിക്കുന്നത്. ഒന്നുകില്‍ അവരെ മാറ്റിനിറുത്തി കാട്ടില്‍ തന്നെ ഒതുക്കിയിട്ട് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ‘ശല്യ’മാവാതെ നോക്കുക. അല്ലെങ്കില്‍ നഗരത്തിന്‍റെ ക്രൂരമായ എടുപ്പുകളിലേക്ക് കൂലിപ്പണിക്കും ലൈംഗിക ചൂഷണത്തിനും മദ്യാസക്തിക്കും എളുപ്പത്തില്‍ പ്രാപ്യമായ തരം ‘ആധുനികവത്ക്കരണ’ ത്തിന് അവരെ വിട്ടുകൊടുക്കുക എന്നതരം ഒരേ നാണയത്തിന്‍റെ ഇരുമുഖങ്ങളായി തീരുന്ന പരീക്ഷണങ്ങളാണ് സര്‍ക്കാര്‍ തലത്തിലും മറ്റുമായി നടന്നുകൊണ്ടിരിക്കുന്നത്.
കനവു പോലെ ഒരു സങ്കല്‍പ/യാഥാര്‍ത്ഥ്യം ഇതിന് മറുവഴി തേടുകയും യുക്തിസഹവും ഫലപ്രദവുമായ ഒരു പരിഹാരമാര്‍ഗം തെളിയിച്ചുകാണിക്കുകയും ചെയ്യുന്നു. ആദിവാസികള്‍ക്ക് പരിചിതമായ സ്ഥല കാലബോധവും ഭാഷാ പെരുമാറ്റ മര്യാദകളും ലഭ്യമായ ഒരിടത്തു തന്നെ സ്ഥാപിതമായ ഒരു വിദ്യാ-ജീവിത കേന്ദ്രമാണ് കനവ്. എന്നാല്‍ അത് വയനാട്ടിലോ അട്ടപ്പാടിയിലോ എവിടെയും കാണാവുന്നതരം ഒരു ഊര് മാത്രമല്ല. അവിടെ പഴയതും പുതിയതുമായ രീതിയിലുള്ള കെട്ടിടങ്ങളുണ്ട്. ആദിവാസികളും അല്ലാത്തവരുമായ കുട്ടികളും മുതിര്‍ന്നവരുമുണ്ട് (ചിലര്‍ സ്ഥിരക്കാരായും പലരും വന്നുപോകുന്നവരായും). അവര്‍ക്ക് ഗാനമേളകള്‍ക്കായും പഠനത്തിനായുമുള്ള പുറംയാത്രകളുണ്ട്. വൈദ്യത്തെക്കുറിച്ചുള്ള കാട്ടറിവു മുതല്‍ കളരി പോലുള്ള നാട്ടറിവും കുറസോവയുടെ സിനിമയും വരെയുള്ള ആധുനികമായ എല്ലാ അറിവുകളും സമാഹരിക്കുന്ന കെ ജെ ബേബിയുടേതുപോലുള്ള വിശാലമായ ഒരു മനസ്സ് കനവിനെ ചൈതന്യവത്താക്കിത്തീര്‍ക്കുന്നു. (തന്‍റെ നാടകപ്രവര്‍ത്തനത്തിന്‍റെയും – നാടുഗദ്ദിക – നോവല്‍ രചനയുടെയും – മാവേലിമന്‍റം- സ്വാഭാവിക തുടര്‍ച്ചയായാണ് കനവിന്‍റെ സ്ഥാപനവും പിന്നീടുള്ള പ്രവര്‍ത്തനവും എന്ന വസ്തുതയും ബേബി വിശദീകരിക്കുന്നുണ്ട്).
ഇപ്രകാരം ആദിവാസികളും അല്ലാത്തവരുമായ കുട്ടികള്‍ പരസ്പരം ഇടകലര്‍ന്നും ഇട പഴകിയും മനുഷ്യരായിത്തീരാനും സമൂഹത്തിന് ഉപകാരമായിത്തീരാനുമുള്ള ഗംഭീരമായ ഉള്‍ക്കാഴ്ചകളിലേക്ക് വളരുന്നു. സമരരഹിതമായ ഭാവിയെക്കുറിച്ചുള്ള കാല്‍പനികവും അരാഷ്ട്രീയവുമായ നീതിബോധമല്ല അവരെ കാത്തിരിക്കുന്നത്. നര്‍മദ മുതല്‍ ആദിവാസി പ്രക്ഷോഭം വരെ സ്വയം പങ്കെടുക്കുന്ന സമരങ്ങളിലൂടെ സമകാല രാഷ്ട്രീയ പ്രക്രിയയില്‍ ഭാഗഭാക്കാവാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്.