A Unique Multilingual Media Platform

The AIDEM

Articles Kerala Society

ഓർമ്മകളും മനുഷ്യരും: സുനിൽ പി ഇളയിടം ജീവിതമെഴുതുമ്പോൾ

  • September 3, 2024
  • 1 min read
ഓർമ്മകളും മനുഷ്യരും: സുനിൽ പി ഇളയിടം ജീവിതമെഴുതുമ്പോൾ

ഓർത്തെടുക്കാൻ ഒരുപാടുള്ളവരാണ് സമൂഹവുമായി ഇടകലർന്നു ജീവിക്കുന്നവർ. സാഹിത്യബോധവും രാഷ്ട്രീയബോധവും ഒരുപോലുള്ളവരെ കാണുക പ്രയാസം. ഉള്ളവർ ഇല്ലെന്നല്ല. തുല്യ അളവിൽ ഉള്ളവർ വളരെ വിരളം. നല്ല എഴുത്തുകാരെയും വലിയ എഴുത്തുകാരെയും തമ്മിൽ വേർതിരിച്ചു കാണുവാൻ ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു സൂത്രവാക്യം പറഞ്ഞിട്ടുണ്ട്; രാഷ്ട്രീയമായ ശരികൾ മാത്രം എഴുതുന്നവരാണ് നല്ല എഴുത്തുകാർ. എന്നാൽ തെറ്റുകൾ കൂടി എഴുതുന്നവരാണ് വലിയ എഴുത്തുകാർ. ഡോസ്റ്റോവ്സ്കിയെയാണെന്നു തോന്നുന്നു വലിയ എഴുത്തുകാരിൽ പ്രഥമഗണനീയനായി ചുള്ളിക്കാട് വിലയിരുത്തുന്നത്.

‘മുട്ടുകുത്തി വീഴുമ്പോൾ കുരല് ചീന്തിത്തെറിയ്ക്കുന്ന വാക്കുകൾ’ എഴുതുന്നവനാണ് വലിയ എഴുത്തുകാരൻ എന്നതിനാൽ ആബേലിനെക്കാൾ ചുള്ളിക്കാടിനു പഥ്യമാകേണ്ടത് കായേൻ ആയിരിക്കും. എന്നാൽ ഇവിടെ വലിയതാര് നല്ലതാര് എന്നുള്ള വ്യവച്ഛേദനം ഒഴിവാക്കിയാൽ, സാമൂഹ്യബോധവും സാഹിത്യബോധവും രാഷ്ട്രീയബോധവും സാംസ്കാരികബോധവും എല്ലാം ഏറെക്കുറെ ശരിയായ അനുപാതത്തിലുള്ള എഴുത്തുകാരെയും ബുദ്ധിജീവികളെയും ഒക്കെ ആവശ്യപ്പെടുന്ന ഒരു കാലമാണ് നമ്മുടേത്. അത് അത്തരമൊരു അനുപാതത്തിൽ ആർജ്ജിയ്ക്കാൻ ചിലപ്പോൾ വലിയ സാധന തന്നെ ജീവിതത്തിൽ ചെയ്യേണ്ടി വന്നേക്കും.

വാക്ക് സംസ്കാരത്തിന്റെ കുറുകിയ പ്രതീകമാണെന്ന് തിരിച്ചറിയുന്ന ഒരാൾക്കേ അതിനെയെടുത്ത് പ്രയോഗിയ്ക്കാൻ ആകൂ. അങ്ങനെയുള്ള ആളുകൾ വിരലിലെണ്ണാവുന്നവരാണ് ഇപ്പോൾ. ഉള്ളവർ ഏറെക്കുറെ വിമർശനാത്മകതയോടെ പരസ്പരം ആദരവോടെ സംസാരിയ്ക്കുന്നു എന്നുകാണാം. സുനിൽ പി ഇളയിടം ഏറെക്കുറെ അത്തരത്തിൽ അമ്പതുകളിൽ നടക്കുന്നവരുടെയും അറുപതുകളിലേയ്ക്ക് കാലെടുത്തു വെച്ചവരുടെയും ഒക്കെ ഒരു പ്രതിനിധ്യസ്വരം പേറുന്നതായി കാണാം.

സാംസ്‌കാരിക-ബൗദ്ധിക-രാഷ്ട്രീയ-സാഹിത്യ മണ്ഡലങ്ങളിലുള്ള സന്തുലിതമായ അനുപാതം ഒരു തരത്തിൽ മുഖ്യധാരാ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ എടുത്തുകാട്ടുന്നതിനാൽത്തന്നെ അതിനെ ചോദ്യം ചെയ്യുന്ന ഒരുവിഭാഗം ബുദ്ധിജീവികൾക്ക് സുനിൽ പി ഇളയിടത്തിന്റെ നിലപാടുകളോട് അത്രയധികം പ്രതിപത്തി ഇല്ല എന്ന കാര്യം സുവിദിതമാണ്. പല തലങ്ങളിലാണ് സുനിൽ വിമർശിയ്ക്കപ്പെടുന്നത്; ഒന്നാമതായി, ഔദ്യോഗിക മാർക്സിസ്റ്റ് ബുദ്ധിജീവി എന്ന പടവിൽ ചവുട്ടിയാണ് സുനിൽ നിൽക്കുന്നത് എന്നതിനാൽ, പലപ്പോഴും മാർക്സിസ്റ്റ് പാർട്ടിയുടെ വ്യവസ്ഥാപിത നയങ്ങളെ വിമർശിയ്ക്കുന്നതിൽ നിന്ന് സുനിൽ പിന്നോട്ട് മാറുന്നു എന്നും, അത്തരം സന്ദർഭങ്ങളിൽ എല്ലാം മാർക്സിസത്തിന്റെ താരതമ്യങ്ങളായ സൈദ്ധാന്തിക വായനകളിൽ അഭിരമിച്ചു കൊണ്ട്, തികച്ചും അമൂർത്തമായ ഒരു ചിന്താമണ്ഡലം സൃഷ്ടിയ്ക്കുകയും എന്നാൽ അവയിൽ പാർട്ടിയ്‌ക്കോ പാർട്ടി അനുഭാവികൾക്കോ ദിശാബോധം ലഭിയ്ക്കേണ്ടുന്ന തുറവുകളെ ഒഴിവാക്കുകയും ചെയ്യുന്നു എന്നതാണ്.

രണ്ടാമതായി, കേരളത്തിൽ കഴിഞ്ഞ മുപ്പത് വർഷങ്ങൾക്കിടയിൽ നടന്നിട്ടുള്ള സബാൾട്ടൻ ഉയിർത്തെഴുന്നേൽപ്പും അതുമായി ബന്ധപ്പെട്ട സമരങ്ങളിലും സുനിൽ ഒരു ബുദ്ധിജീവിയെന്ന നിലയിൽ നിലപാടുകൾ എടുക്കുകയോ അതേക്കുറിച്ചു ദീർഘമായ സംവാദങ്ങളിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. മൂന്നാമതായി, യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വരുന്നതിനു മുൻപുള്ള സുനിലും ശേഷമുള്ള സുനിലും തമ്മിൽ വലിയൊരു വ്യത്യസം ഉണ്ടെന്നും, യൂട്യൂബാനാന്തര സുനിൽ ജനപ്രിയ പ്രഭാഷണങ്ങളിൽ അഭിരമിയ്ക്കുന്നു എന്നുമാണ്.

നാലാമതായി, മഹാഭാരതത്തെയും രാമായണത്തെയും കൈകാര്യം ചെയ്യുന്ന അതെ സമീപനത്തോടെയാണ് നാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നേതൃസ്വരൂപങ്ങളെയൊക്കെ സമീപിക്കുന്നതെന്നും അത് സുനിലിനെ ഒരു പ്രൊഫെഷണൽ പ്രഭാഷകൻ എന്ന നിലയിലേയ്ക്ക് ചുരുക്കുന്നു എന്നുമാണ്. സുനിലിന്റെ ഇതുവരെയുള്ള ബൗദ്ധിക ജീവിതത്തെയും പുസ്തകങ്ങളെയും ആരെങ്കിലും വിശദമായി വിലയിരുത്തുകയും മേൽപ്പറഞ്ഞ നിർധാരണങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ എന്റെ അറിവിൽ അങ്ങനെയില്ല. എന്നാൽ എങ്ങനെയാണ് ഞാൻ മേൽപ്പറഞ്ഞ നിർധാരണങ്ങളിൽ എത്തിച്ചേർന്നത് എന്ന് ചോദിച്ചാൽ, പല വിഷയങ്ങളിലും ഉള്ള ചർച്ചകൾ നടക്കുമ്പോൾ, സുഹൃത്തുക്കളിൽ നിന്നും സഹ-ബുദ്ധിജീവികളിൽ നിന്നും വിമർശകരിൽ നിന്നും കേട്ടിട്ടുള്ള അഭിപ്രായങ്ങളിലൂടെ ഞാൻ സ്വരൂപിച്ചതാണ് മേൽപ്പറഞ്ഞ നാല് പോയിന്റുകൾ.

എന്നാൽ അവയൊന്നും സുനിലിനെയോ ഇതുവരെ സുനിൽ നടത്തിയ ഇടപെടലുകളെയോ റദ്ദു ചെയ്യുന്നില്ല എന്നതാണ് നമ്മൾ മനസ്സിലാക്കേണ്ടത്. സി.പി.എം എന്ന പാർട്ടിയുമായുള്ള നാഭീനാള ബന്ധം പല തലങ്ങളിലുള്ള ആത്മാർത്ഥതയും അത്രയും ആഴമുള്ള പാർട്ടി അച്ചടക്കവും സുനിലിന് നൽകിയിട്ടുണ്ട്. അതിനാൽ പലപ്പോഴും തനിയ്ക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളെ എത്രയും വേഗത്തിൽ മുന്നോട്ട് വെയ്ക്കാൻ കഴിയാതെ വരുന്നു.

സുനിൽ പി ഇളയിടം പുസ്തക പ്രകാശന വേദിയിൽ

ഈ അടുത്തിടെയായി അദ്ദേഹം നടത്തിയ, ഒരുപക്ഷെ ഇടത് സർക്കാർ നിലപാടിന് വിരുദ്ധമായ ചില പ്രസ്താവനകൾ, പ്രത്യേകിച്ച് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ടവ, കാലവിളംബം കൊണ്ട്, ഒരുപക്ഷെ ഒരു ഡാമേജ് കൺട്രോൾ എക്സർസൈസ് എന്ന നിലയിൽ വായിക്കപ്പെട്ടിട്ടുണ്ട്. വീണ്ടും ഞാൻ പറയുന്നു, അതൊന്നും തന്നെ സുനിൽ വ്യാപകമായി നടത്തിയിട്ടുള്ള ബൗദ്ധിക ഇടപെടലുകളെ റദ്ദു ചെയ്യുന്നവയല്ല.

ചരിത്രവൽക്കരിച്ചു കൊണ്ടേയിരിക്കുക, ദുരിതകാലങ്ങളിൽ എത്തിപ്പിടിയ്ക്കേണ്ടുന്ന ഒരോർമ്മ, ഒരു ചിന്തയുടെ സാമൂഹിക ശക്തിയായുള്ള പരിവർത്തനം, മറവിയ്ക്കെതിരെയുള്ള ഓർമ്മയുടെ സമരം, അനുകമ്പ, മൈത്രി തുടങ്ങി ഫ്രഡറിക് ജെയിംസൺ, വാൾട്ടർ ബെഞ്ചമിൻ, മാർക്‌സും എംഗൽസും, മിലൻ കുന്ദേര, നാരായണ ഗുരു, ശ്രീബുദ്ധൻ, അംബേദ്‌കർ, കേസരി ബാലകൃഷ്ണപിള്ള, കുമാരൻ ആശാൻ, എം എൻ വിജയൻ, ഗാന്ധി, പി ഗോവിന്ദപ്പിള്ള തുടങ്ങിയ പ്രതിഭാധനന്മാർ പ്രാതിനിധ്യം വഹിച്ച സാമൂഹിക സിദ്ധാന്തങ്ങളാണ് സുനിലിന്റെ മൊത്തം ചിന്തയെയും രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് പറയാം.

അടിപ്പടവ് അഥവാ ഫൗണ്ടഷണൽ സ്റ്റെപ്പിംഗ് സ്റ്റോൺ എന്നതാണ് സുനിൽ തന്റെ പുസ്തകത്തിൽ ഏറ്റവും അധികം ആവർത്തിയ്ക്കുന്ന വാക്ക്. ഈ പ്രകീർണ്ണന കാചങ്ങളിലൂടെ കടന്നു വരുമ്പോഴാണ് സുനിലിന്റെ ചിന്തകൾ സൗന്ദര്യമുള്ളതും വാക്കുകൾ വശ്യവും ആയിരിക്കുന്നത്.

യൂട്യൂബ് കാലത്തിനു മുൻപുള്ള സുനിലിന്റെ പുസ്തകങ്ങൾക്ക് യുട്യൂബ് വന്ന ശേഷമുള്ള സുനിലിന്റെ പുസ്തകങ്ങളെ അപേക്ഷിച്ചു പ്രചാരം കുറവായിരുന്നെങ്കിലും അവ വീണ്ടെടുത്തു വായിക്കപ്പെടുന്നത് യൂട്യൂബ് പ്രഭാഷണങ്ങൾ സുനിലിന് നൽകിയ അധികദൃശ്യതയാണെന്ന് പറയാം. വീണ്ടെടുത്ത് വായിക്കപ്പെടുന്ന സുനിലിന്റെ പുസ്തകങ്ങൾക്ക് അവ വീണ്ടെടുക്കപ്പെടുന്നതിനു മുമ്പുള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു വായനാ- ആവൃത്തിയാണ് ഉള്ളത്. പ്രഭാഷണത്തിലൂടെ വെളിപ്പെടുന്ന/ വെളിപ്പെട്ട സുനിലിന്റെ വശ്യസ്വരം അവയുടെ വായനയുടെ കൂടി സ്വരമായി മാറിയിരിക്കുന്നു.

സുനിൽ പി ഇളയിടം രചിച്ച പുസ്തകങ്ങൾ

ഒരു കലാചരിത്രകാരൻ ആയതുകൊണ്ടാകണം, ഞാൻ സുനിലിനെ പരിചയപ്പെടുന്നത് ‘കൺവഴികൾ കാഴ്ചവട്ടങ്ങൾ’ എന്ന പുസ്തകം വായിച്ചപ്പോഴാണ്. സുനിൽ നടത്തിയ കെ സി എസ് പണിക്കർ വായനയൊക്കെ എനിയ്ക്ക് ഇഷ്ടപ്പെട്ടു. (അതിനു ശേഷം കെ.സി.എസ് പണിക്കരെ വ്യത്യസ്തമായ രീതിയിൽ വായിച്ചത് ‘ഒരു ഇന്ത്യൻ മുസ്ലീമിന്റെ കാശിയാത്ര’ എന്ന പുസ്തകത്തിൽ പി പി ഷാനവാസാണ്). രണ്ടായിരത്തി പതിനൊന്നിലോ മറ്റോ സുനിലും ഞാനും പങ്കെടുത്ത ഒരു സെമിനാർ തൃശൂരിൽ ഉണ്ടായിരുന്നു. എന്തുകൊണ്ടെന്നറിയില്ല അന്ന് ഞങ്ങൾ തമ്മിൽ കണ്ടില്ല.

പിന്നെ സുനിലിനെ കാര്യമായി ശ്രദ്ധിയ്ക്കന്നത് മഹാഭാരത വിചാരം യൂട്യൂബിൽ കേൾക്കുമ്പോഴാണ്. സത്യപാൽ ലളിതകലാ അക്കാദമി ചെയർമാൻ ആയിരുന്ന അവസരത്തിൽ നടത്തിയ മഹാഭാരതം ക്യാമ്പിൽ ആണ് സുനിൽ തന്റെ മഹാഭാരത വിചാരം രണ്ടാമത്തെ പ്രാവശ്യം അവതരിപ്പിക്കുന്നതും അതിന് വ്യാപകമായ പ്രചാരം ലഭിയ്ക്കുന്നതും. ആ പരിപാടിയിൽ ഞാൻ നേരിട്ട് പങ്കെടുത്തില്ലെങ്കിലും അന്ന് നടന്ന ചിത്രകലാ ക്യാമ്പിലുണ്ടായ പെയിന്റിങ്ങുകളെക്കുറിച്ചുള്ള ഒരു പഠനം എഴുതിയത് ഞാൻ ആയിരുന്നു. അങ്ങനെ സുനിലുമായി നേരിട്ട് പരിചയപ്പെടാൻ ഉള്ള സാദ്ധ്യതകൾ അടുത്തും അകന്നും പോയിക്കൊണ്ടിരുന്നു.

ഒരിയ്ക്കൽ കാലടി സംസ്കൃത സർവകലാശാലയിലെ ഫൈൻ ആർട്സ് വിഭാഗത്തിൽ രണ്ടോ മൂന്നോ ദിവസത്തെ സെമിനാർ പരിപാടിയിൽ ഞാൻ പങ്കെടുത്തെങ്കിലും എന്തുകൊണ്ടോ അപ്പോഴും തമ്മിൽ കണ്ടില്ല. പിന്നെ കാണുന്നത്, രണ്ടായിരത്തി പതിനെട്ടിൽ തിരുവനന്തപുരത്ത് നടന്ന വി ദി പീപ്പിൾ എന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴാണ്. പരസ്പരം പരിചയപ്പെടുത്തേണ്ടതില്ലാത്തതിനാൽത്തന്നെ ഞാൻ സുനിലിനോട് പറഞ്ഞവയിൽ പ്രധാനപ്പെട്ട ഒരു കാര്യം സുനിലിന്റെ ശബ്ദം ഏതെങ്കിലും ഒരു ശബ്ദ ശാസ്ത്രജ്ഞനുമായി സംസാരിച്ച് അതിന്റെ ആവൃത്തിയെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കണം എന്നതായിരുന്നു. എല്ലാ പ്രഭാഷകരുടെയും സ്വരം ഒരുപോലല്ല. ചിലരുടേത് നമുക്ക് സവിശേഷമായി കേട്ടിരിക്കാൻ തോന്നും. സുനിലിന്റെ പ്രഭാഷണങ്ങളിൽ താളാത്മകതയുടെ ബാഹ്യസ്വഭാവം മാറ്റിയാൽ, അതിലും കവിഞ്ഞ എന്തോ ഒന്ന് ആ ശബ്ദത്തിൽ ഉണ്ടാകും എന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു.

ശബ്ദവുമായി ബന്ധപ്പെട്ട ഇക്കാര്യം സുനിലിനോട് പറയുവാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. യുവ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനും ടെലിവിഷൻ പേഴ്സണാലിറ്റിയും കോമിക്കുമായ ട്രെവർ നോവയുമായുള്ള ഒരു അഭിമുഖസംഭാഷണം കാണുന്ന വേളയിൽ എല്ലാ ദിവസവും അയാൾ ഒരു മണിക്കൂർ വോയിസ് ട്രെയ്‌നറുമായി ചെലവിടുന്നതിനെക്കുറിച്ചു പറയുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴാണ് നമ്മുടെ ചുറ്റുപാടും ഉള്ള എത്രയോ കലാകാരന്മാർ, പ്രഭാഷകർ തുടങ്ങിയവർ തങ്ങളുടെ ശബ്ദത്തെ ശാസ്ത്രീയമായി എപ്പോഴെങ്കിലും വിശകലനം ചെയ്യുമോ എന്ന് ഞാൻ അതിശയിച്ചത്.

ഒരാളിന്റെ സ്വരം നമുക്ക് ഇഷ്ടപ്പെടണമെങ്കിൽ അത് സൃഷ്ടിയ്ക്കുന്ന ആവൃത്തി നമ്മുടെ ജൈവമായ ഏതോ തരംഗങ്ങളുമായി സമരസപ്പെടുന്നുണ്ടാകണം. ‘കാതിൽ തേന്മഴ’ ആകുന്നതിന് ചില ശാസ്ത്രീയ കാരണങ്ങൾ കൂടി ഉണ്ടാകണം. കോട്ടയം നസീറും ജയരാജ് വാര്യരും ഉൾപ്പെടെയുള്ള ശബ്ദകലാകാരന്മാർ, ശബ്ദം മോർഫ് ചെയ്യുന്നതിനെക്കുറിച്ചൊക്കെ പറയുമെങ്കിലും എപ്പോഴെങ്കിലും ഒരു പ്രൊഫെഷണൽ വിശകലനം ശാസ്ത്രീയമായി നടത്തിയിട്ടുണ്ടോ എന്നറിയില്ല. സുനിലിനോട് ഈ ശബ്ദവിഷയം പറഞ്ഞപ്പോൾ സ്വതവേയുള്ള പുഞ്ചിരിയോടെ, അങ്ങനെ ചെയ്യുന്നത് നന്നായിരിക്കും എന്നാണ് പറഞ്ഞത്.

പിന്നീട് പല സന്ദർഭങ്ങളിലും സുനിലിനെ കാണാനും സംസാരിയ്ക്കാനും ഒക്കെ അവസരമുണ്ടായി. ആ ഒരു സന്ദർഭത്തിലാണ് സുനിലിന്റെ സ്വരത്തിൽ ഒരു സവർണ്ണ സ്വരഭാഗം കിടന്നു കളിയ്ക്കുന്നുണ്ടെന്ന് ഉള്ള വിമർശനം പല കോണുകളിൽ നിന്ന് ഉയർന്നിട്ടുള്ളതായി ഞാൻ കേൾക്കുന്നത്. എന്തായാലും ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോതസുഖം നൽകൂ എന്ന് ഉള്ളൂർ പറഞ്ഞത്പോലെ , ഉള്ളടക്കവും സ്വരവും പ്രധാനമാണ്. നമ്മുടെ പ്രഭാഷകരിൽ പലരും ആവർത്തിച്ച് കേൾക്കപ്പെടുന്നതിന്റെ കാരണം ഉള്ളടക്കവും സ്വരസുഖവും തന്നെയാണ്. സണ്ണി കപിക്കാടിന്റെ സ്വരവും ഈ അവസരത്തിൽ ഞാൻ ഓർക്കുകയാണ്.

അങ്ങനെയിരിക്കെ പാൻഡെമിക് വരുന്നു. സ്വജീവിതങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കാൻ എല്ലാവർക്കും അവസരം ലഭിയ്ക്കുന്നു. ചുള്ളിക്കാട് പറഞ്ഞത് പോലെ, ഋണധനഗണിതത്തിന്റെ രസഹീനമാം ദുർനാടകം എന്ന ജീവിതം അതിന്റെ സ്വഭാവം മാറി അവനവന്റെ ശരീരത്തിലേയ്ക്കും ആത്മാവിലേയ്ക്കും നോക്കാനുള്ള അവസരം എല്ലാവർക്കും നൽകുന്നു. അങ്ങനെ നോക്കിയപ്പോൾ എല്ലാവർക്കും എന്തൊക്കെയോ പറയാനുണ്ട് എന്നൊരു തിക്കുമുട്ടലിൽ എത്തുന്നു. അതോടെ സോഷ്യൽ മീഡിയ എല്ലാവരുടെയും ജീവിതത്തിന്റെ എഴുത്തുപുരകളായി മാറുന്നു. അക്ഷരങ്ങളുടെ ഭവാബ്ധിയിൽ ചിലരുടെ ശബ്ദമെങ്കിലും വേറിട്ട് കേട്ടു. പതിവുകൾ വിട്ട്, ഇതിനകം എഴുത്തുകാരെന്ന പദവി കൈയിലുള്ളവർ, ചില അജ്ഞാത ദ്വീപിലേക്ക് സ്വയം ദൂത് പോകാൻ തുടങ്ങി.

ആ ഒരു സന്ദർഭത്തിലാണ് സുനിൽ പി ഇളയിടത്തിന്റെ ആത്മകഥാ സ്വഭാവമുള്ള കുറിപ്പുകൾ ദേശാഭിമാനിയിൽ പരമ്പരയായി വരാൻ പോകുന്നു എന്ന പ്രഖ്യാപനം കണ്ടത്. അതോടെ, അതുവരെ ദേശാഭിമാനി അങ്ങനെ സ്ഥിരം വായിക്കുന്ന സ്വഭാവമില്ലാത്ത ഞാനുൾപ്പെടെ പലരും സുനിലിനെ വായിക്കാൻ ദേശാഭിമാനി വായിക്കും എന്ന് ഫേസ്ബുക്കിൽ പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തിൽ എത്രപേർ ഉറച്ചു നിന്നെന്നറിയില്ല. ആദ്യത്തെ ഒന്നോ രണ്ടോ ലക്കങ്ങൾക്ക് ശേഷം പുസ്തകമാകുമ്പോൾ വായിക്കാം എന്ന തീരുമാനത്തിൽ എത്തി. പുസ്തകമായ ഉടൻ വാങ്ങുകയും ചെയ്തു. പല തിരക്കുകളാൽ വാങ്ങി രണ്ടു മാസങ്ങൾക്ക് ശേഷമാണ് വായിച്ചു തീർത്തത്.

ഹൃദ്യമായ ഒരു വായനാനുഭവം എന്ന് തന്നെ പറയാം. ഓർമ്മകളുടെയും ഓർമ്മയെഴുത്തുകളുടെയും സൈദ്ധാന്തിക-ചരിത്രപരിസരങ്ങളിലൂടെയാണ് ആദ്യത്തെ അധ്യായങ്ങളിൽ സുനിൽ കടന്നു പോകുന്നത്. എന്നാൽ അവയേക്കാൾ എന്നെ ആകർഷിച്ചത്, സുനിൽ തന്റെ വ്യക്തിജീവിതത്തിന്റെ പടവുകളെക്കുറിച്ചു പറയുന്ന കാര്യങ്ങളാണ്. ഓർമ്മകളും മനുഷ്യരും എന്ന പുസ്തകം വായിച്ചു മുന്നേറുമ്പോൾ മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകൾ എന്ന് നമ്മൾ ഉള്ളിൽ തിരുത്തും.

അമ്മയും അച്ഛനും ചേച്ചിയും അടങ്ങുന്ന ചെറിയൊരു കുടുംബം. എറണാകുളത്തെ പറവൂരിൽ, ഒരു സെന്റ് സെബാസ്റ്റ്യൻ പള്ളിയ്‌ക്കെതിരെയുള്ള വീട്ടിൽ താമസം. കഠിനാധ്വാനവും ബാല്യകാല ജീവിതത്തെക്കുറിച്ചുള്ള ഓർമ്മകളും നിശ്ശബ്ദനാക്കിയ അച്ഛന്റെ സൗമ്യസാന്നിധ്യം. അധ്യാപികയായ അമ്മയ്‌ക്കൊപ്പമുള്ള സ്‌കൂൾ യാത്രകൾ. രാവിലെ എഴുന്നേറ്റ് കുളിച്ചു തൊഴുത് അമ്പലത്തിൽ പോക്ക്. എസ് എൻ എം കോളേജിലെ ബിരുദവിദ്യാഭ്യാസം, മഹാരാജാസ് കോളേജിലെ ബിരുദാനന്തര ബിരുദം, കലാലയ രാഷ്ട്രീയം, കലാലയ പ്രതിഭാസ്ഥാനം, പ്രഭാഷണത്തിൽ ചുവടുവെപ്പുകൾ, കവിത എഴുത്ത്, കവിത ചൊല്ലൽ, ലക്ഷ്മി കോളേജിലെ (ടൂട്ടോറിയൽ കോളേജ്) അധ്യാപകവൃത്തി, ദേശാഭിമാനിയിലെ സബ് എഡിറ്റർ ജീവിതം, കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപകവൃത്തി, ഇതിനിടയിൽ കൊയിലാണ്ടിയിലേയ്ക് ഒരു സ്ഥലം മാറ്റം, ജോലിസ്ഥലത്തേയ്ക്കുള്ള ട്രെയിൻ യാത്രകൾ, വായന, സൗഹൃദങ്ങൾ, ഒറ്റയ്ക്കുള്ള യാത്രകളും കൂട്ടുചേർന്നുള്ള യാത്രകളും, ഇന്ത്യയെ കാണുന്ന യാത്ര, വിദേശങ്ങളിലേക്കുള്ള യാത്രകൾ, ഭാര്യയായ മീനയെക്കുറിച്ചും മക്കളെക്കുറിച്ചും അല്പം, പറവൂരിലെ പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ, പി ഗോവിന്ദപ്പിള്ള തുടങ്ങി അങ്ങനെ നമ്മൾ ഈ പുസ്തകത്തിലൂടെ സുനിലിനൊപ്പം സഞ്ചരിയ്ക്കുകയാണ്.

സുനിൽ പി ഇളയിടം കുടുംബത്തോടൊപ്പം

എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമൊക്കെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ചെന്ന് ചേക്കാറാനുള്ള ചില്ലകളായിരുന്നു ട്യൂട്ടോറിയൽ കോളേജുകൾ. റെഗുലർ കോളേജുകളിൽ അഡ്മിഷൻ കിട്ടാത്തവർക്ക് കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസം നിർവഹിക്കാനും പരീക്ഷയെഴുതി ഡിഗ്രി കരസ്ഥമാക്കാനുമുള്ള ഇടങ്ങൾ. അസ്തിത്വദുഃഖം താത്കാലികമായി മാറ്റിവെച്ച് മുപ്പത്തഞ്ചാം വയസ്സിലെ സർക്കാർ സർവീസും വിവാഹവും കാത്തിരുന്ന ചെറുപ്പക്കാരെല്ലാം അവിടങ്ങളിലെ കളരി ഗുരുക്കന്മാർ ആയിരുന്നു.

ഒരുപക്ഷെ കേരളത്തിലെ ആ തലമുറകളിൽ വിദ്യാർത്ഥികളുടെ മനസ്സിലെ ഏതെങ്കിലും സർക്കാർ കോളേജിലെ അധ്യാപകർ അത്രയും ആഴത്തിൽ ഇറങ്ങിയിരിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പാടുകയും കവിത ചൊല്ലുകയും കഥ പറയുകയും ഒക്കെ ചെയ്യുന്ന സുന്ദരന്മാരായ (അക്കാലത്ത് ആർക്കാണ് സൗന്ദര്യം ഇല്ലാതിരുന്നത്!) അധ്യാപകർ. പഠിയ്ക്കാനും സ്വപ്നം കാണാനുമുള്ള സവിശേഷമായ ഇടങ്ങളായി മാറി ആ ചെറിയ ഷെഡുകളും മുറികളും. അവിടെ പുതിയ കാലത്തിന്റെ ഒരു എം പി പോൾ ഉണ്ടായി. അതാണ് ലക്ഷ്മി കോളേജിലെ എൻ എം പീയേഴ്‌സൺ. മാർക്സിസ്റ്റ് വിശകലനം താത്പര്യമുള്ള ആരാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ വായിക്കാത്തത്! പിയേഴ്സൺ

സുനിലിന്റെ സഹപ്രവർത്തകനും വഴികാട്ടിയുമായി. സാഹിത്യസംഗമങ്ങൾ, സിനിമ ക്ലബ്ബ്കൾ അങ്ങനെ ഒരു പട്ടണത്തിൽ ഏകോപിപ്പിക്കാൻ കഴിയുന്നത് മുഴുവൻ ലക്ഷ്മി കോളേജിൽ അവർ ഏകോപിപ്പിച്ചു.

നോർത്ത് പറവൂരിലെ ലക്ഷ്മി കോളജ്

എങ്ങനെ സുനിൽ പി ഇളയിടം സുനിൽ മാഷായി. പീയേഴ്സണും ഒത്തുള്ള ഇന്ത്യയെക്കണ്ടെത്തൽ യാത്ര, നേപ്പാളിലേക്കുള്ള ഒരു കടന്നു കയറ്റം, പിന്നെമലയാളിയുടെ സ്വതസിദ്ധമായ കുറുക്കുവിദ്യ എൻ എം കാണിയ്ക്കുന്നത് വഴി മർദ്ദനമേൽക്കാതുള്ള രക്ഷപ്പെടലുകൾ. ആ സുഹൃത്-ഗുരു ബന്ധത്തിന്റെ ഊഷ്മളത നമുക്ക് സുനിലിന്റെ വാക്കുകളിലൂടെ അനുഭവിയ്ക്കാൻ കഴിയുന്നു. രണ്ടു സഖാക്കന്മാരെക്കുറിച്ചുള്ള അനുഭവങ്ങൾ വളരെ ഹൃദയഹാരിയായി സുനിൽ എഴുതിയിട്ടുണ്ട്; എറണാകുളം സി പി എം ജില്ലാ സെക്രട്ടറി ആയിരുന്ന സഖാവ് എ പി വർക്കി, മറ്റൊരാൾ, പറവൂർ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് സെക്രട്ടറിയായ സഖാവ് വി എൻ ജോഷി. വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനം പരീക്ഷയെ തടസ്സപ്പെടുത്തി എന്നറിഞ്ഞയുടൻ വിളിച്ചു വരുത്തി, പരീക്ഷയെഴുതാൻ വേണ്ട മാസാവധികൾ എടുക്കാൻ പ്രേരിപ്പിക്കുകയും, അന്വേഷി നേതാവായ കെ അജിതയെ മഹാരാജാസ് കോളേജിൽ വരുത്തി പ്രസംഗിപ്പിച്ചതിന്റെ പേരിൽ ഉണ്ടായ വിവാദത്തെ, ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ‘ഇതൊക്കെ ശ്രദ്ധിക്കേണ്ട അമ്പാനെ’ എന്ന രീതിയിൽ പറഞ്ഞു തീർക്കുകയും ഒക്കെ ചെയ്ത സഖാവ് എ പി വർക്കിയെ ചുരുങ്ങിയതെങ്കിലും വ്യക്തമായ വാങ്മയത്തിലാണ് സുനിൽ ഓർമ്മിച്ചെടുത്തിരിക്കുന്നത്. അതുപോലെ തന്നെ ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസ് സുനിലിന്റെ പഠന മുറി കൂടി ആക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുകയും സ്നേഹോപദേശങ്ങൾ നൽകുകയും ചെയ്ത സഖാവ് വി എൻ ജോഷിയെക്കുറിച്ചും സുനിലിന് ആയിരം നാവുണ്ട്.

‘അപരനുവേണ്ടിയാഹർന്നിശം പ്രയത്‌നം, കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു,’ എന്ന ഗുരു വചനം സുനിൽ രണ്ടോ മൂന്നോ ഇടത്ത് ഈ പുസ്തകത്തിൽ പറയുന്നുവെങ്കിൽ അത് ഇത്തരം മനുഷ്യരെക്കുറിച്ചാണ്. ചരിത്രവും രാഷ്ട്രമീമാംസയും പൊതുമണ്ഡലവും സാഹിത്യവും ഒക്കെ കടന്നു വരുന്ന ഈ ഓർമ്മയെഴുത്തിൽ (അത് ആത്മകഥയുടെ തന്നെ ഒരു രൂപമാണല്ലോ) സുനിൽ ഏറ്റവും അധികം വിലമതിയ്ക്കുന്നത് മനുഷ്യരെത്തന്നെയാണ്. രാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കളെ ഓർക്കുന്ന അതെ ആത്മാർഥതയോടെയാണ് സാമൂഹ്യകാര്യങ്ങളിൽ ഒപ്പം വന്ന മനുഷ്യരെ സുനിൽ ഓർത്തെടുത്ത് ആദരിയ്ക്കുന്നത്. സർവകലാശാലയിലെ സ്കറിയ സക്കറിയ, അജയകുമാർ, ഷാജി ജേക്കബ്, കെ എം ഷീബ, പ്രദീപൻ പാമ്പിരിക്കുന്ന്, പി പവിത്രൻ തുടങ്ങി സഹാധ്യാപകരെയും സുഹൃത്തുക്കളെയും സുനിൽ അവരുടെ പ്രവർത്തനങ്ങളുടെയും മലയാളം ഡിപ്പാർട്ട്മെന്റിന്റെ വികസനത്തിനും അതിനെ ലോക നിലവാരമുള്ള അധ്യയന കേന്ദ്രമാക്കുന്നതിനും അവർ നൽകിയ സംഭാവനയുടെയും വെളിച്ചത്തിൽ ശ്ലാഘിയ്ക്കുന്നത് വായിക്കുമ്പോൾ സ്വയംഭൂവാണെന്ന് ശഠിയ്ക്കാൻ ഓരോരുത്തരും ശ്രദ്ധ വെയ്ക്കുന്ന ഇക്കാലത്ത് അതൊരു വേറിട്ട വഴിയാണെന്ന് തന്നെ വായനക്കാർ തിരിച്ചറിയുന്നു.

യാത്രകളുടെയും കാഴ്ചകളുടെയും അനുഭൂതികളുടെയും കൂടിയാണ് ‘ഓർമ്മകളും മനുഷ്യരും’ എന്ന പുസ്തകം. ഇന്ത്യയെ കണ്ടെത്താൻ ഇറങ്ങിത്തിരിച്ചതും, പിൽക്കാലത്ത് ജനറൽ കമ്പാർട്ട്മെന്റിന്റെ ആകുലതകൾ ഇല്ലാതെ ശീതീകരിച്ചതും തറതൊടാത്തതുമായ വാഹനങ്ങളിൽ സഞ്ചരിയ്ക്കുമ്പോൾ ലഭിയ്ക്കുന്ന അനുഭവങ്ങളിലേക്ക് കഷ്ടകാണ്ഡത്തിന്റെ കടും കറകൾ ഇറ്റുവീഴുന്നതും, ഡൽഹിയെ വീണ്ടും വീണ്ടും കണ്ടെത്തുന്നതും ഒക്കെ സുനിൽ വിവരിയ്ക്കുന്നുണ്ട്. റോം സന്ദർശിയ്ക്കുമ്പോൾ സിസ്റ്റെയ്ൻ ചാപ്പലിലേയ്ക്ക് കടന്നു ചെല്ലുമ്പോൾ തന്നെയാകെ വന്നു മൂടുന്ന നീല നിറത്തെക്കുറിച്ചു സുനിൽ പറയുന്നുണ്ട്; അവിടെ വെച്ച് മൈക്കേൽ അഞ്ചലോയെയും റാഫേലിനെയും സുനിൽ മുഖാമുഖം കാണുന്നു. മടിയിൽ പുത്രദുഃഖം പേറിയിരിക്കുന്ന പിയാത്തയുടെ മുന്നിൽ നിശ്ചലനായി നിൽക്കുന്നു. നാട്ടിലെ കഥകളിലുണ്ട് പറയാത്തൊരു പ്രണയകഥ. അമ്മയുടെ ജീവിതത്തെയും അവസാനദിനങ്ങളെയും ആർദ്രമായ വാക്കുകളിൽ കുറിച്ചിടുന്നുണ്ട് സുനിൽ. സിനിമ കണ്ട കൊട്ടക മുതൽ കൈകാട്ടി നിർത്തിക്കയറിയ ലോറി വരെ കഥാപാത്രങ്ങളാകുന്നുണ്ട്. സുനിലിനൊപ്പം വായിച്ചു മുന്നേറുമ്പോൾ, അതിലെവിടെയോ നമ്മളും ഉണ്ടെന്ന് തോന്നും; എനിയ്ക്ക് തോന്നി. നിങ്ങൾക്കും തോന്നും.


സുനിൽ പി ഇളയിടവുമായി ദി ഐഡം നടത്തിയ അഭിമുഖം കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

ജോണി എം എൽ

ഡൽഹിയിൽ കാൽ നൂറ്റാണ്ട് പത്രപ്രവർത്തകൻ, കലാവിമർശകൻ, കലാചരിത്രകാരൻ, ക്യൂറേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങൾ രചിച്ചു. ലോക സാഹിത്യത്തിലെ ശ്രദ്ധേയമായ ഇരുപത്തിയഞ്ചു കൃതികളുടെ മലയാളവിവർത്തനം നിർവഹിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് എഴുത്തും വായനയുമായി.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x