“ബുദ്ധിജീവിയും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും നിയമജ്ഞനുമായ എ.ജി നൂറാനിയെ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ടീസ്റ്റ സെതൽവാദ് അനുസ്മരിക്കുന്നു. നൂറാനിയുമായി ദശാബ്ദങ്ങളായി ടീസ്‌റ്റയ്‌ക്കുള്ള ഹൃദയബന്ധം സാമൂഹിക പ്രതിബദ്ധതയും ആക്ടിവിസവും ഇഴുകിച്ചേർന്ന വിശ്വാസ സങ്കല്പനങ്ങൾ പങ്ക് വെച്ചു കൊണ്ടുള്ളത് കൂടിയാണ്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ടീസ്റ്റ എ ജി നൂറാനിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് : “എവിടെ, എപ്പോൾ, എന്ത് ഓർത്തെടുക്കണമെന്നും തിരിച്ചു പിടിക്കണമെന്നും എന്ത് അനാവരണം ചെയ്യണമെന്നും അത് എങ്ങനെ, എവിടെ പ്രകടിപ്പിക്കണമെന്നും കൃത്യമായി അറിയാവുന്ന ആൾ എന്നാണ്.”
എപ്പോഴും ചുളിഞ്ഞ നെറ്റിത്തടവുമായി കാണപ്പെടുന്ന, 94 വയസ്സു തികയുന്നതിനു 18ാം നാൾ മുമ്പ് മരണപ്പെട്ട അബ്ദുൽ ഗഫൂർ നൂറാനി , പത്തു വർഷവും മൂന്നു മാസവും മുമ്പ് എഴുതി: ”നെഞ്ചുപൊട്ടുന്ന ഈ ദൗത്യത്തിൽ മതനിരപേക്ഷ ശക്തികൾ വീണ്ടും കരുത്താർജിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.”
ഡിസ്ട്രക്ഷൻ ഓഫ് ബാബരി മസ്ജിദ്; എ നാഷനൽ ഡിസോണർ എന്ന നൂറാനിയുടെ പുസ്തകത്തിന്റെ ആമുഖത്തിലെ അവസാന വരിയാണിത്. ദ ബാബരി മസ്ജിദ്; 1528-2004 എ ക്വസ്റ്റ്യൻ ഓഫ് നാഷനൽ ഹോണർ എന്ന രണ്ടു വാള്യങ്ങളിലായുള്ള ഗ്രന്ഥത്തിന്റെ തുടർച്ചയാണ് തൂലിക പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം.
ബാബരി മസ്ജിദ് തകർത്ത കേസിൽ 2019 നവംബറിലുണ്ടായ സുപ്രിംകോടതിയുടെ നടുക്കുന്ന വിധിയെ കുറിച്ചുള്ള തന്റെ പ്രതികരണം വികാരവിക്ഷോഭത്തോടെ ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയത്. 2024 ജൂൺ 4ന് പുറത്തുവന്ന പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പു ഫലം കൂടുതൽ കരുത്തരായ പ്രതിപക്ഷത്തെ പ്രതിഷ്ഠിച്ചപ്പോൾ അദ്ദേഹത്തിന് എന്താണ് തോന്നിയത് എന്നത്എനിക്ക് കൃത്യമായി അറിയില്ല.
ഇന്ത്യൻ റിപ്പബ്ലിക്കിനും ജനാധിപത്യത്തിനും നേരയുണ്ടായ കയ്യേറ്റത്തിൽ 1990കൾ വളരെ നിർണായകമായിരുന്നു. വിവിധ തലങ്ങളിൽ പ്രകടമായ വിഭാഗീയത ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെ പൂർണമായി തകിടം മറിക്കാൻ പാകത്തിൽ വിശാലതയും ആഴവും കൈവരിച്ചു. ഗഫൂർ സാബ് എപ്പോഴും പറയാറുള്ള പോലെ, അത് മതനിരപേക്ഷത എന്ന സങ്കല്പനത്തെ തന്നെ തുരങ്കം വെക്കുന്ന പരിപാടിയായിരുന്നു . ഗഫൂർ സാബിന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ മറുപേര് തന്നെയാണ് മതനിരപേക്ഷത.
1990കളുടെ തുടക്കത്തിൽ ബാബരി മസ്ജിദ് തകർക്കപ്പെടുകയും (1992 ഡിസംബർ 6) അനന്തരം ജനാധിപത്യ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ വർഗത്തിന്റെയും അഭിശപ്തമായ നാശം സംഭവിക്കുകയും ചെയ്ത അതേ ദശകത്തിലാണ് ഞാനും എ ജി നൂറാനിയുമായുള്ള സഹവർത്തിത്വം തുടങ്ങുന്നതും വളരുന്നതും. തന്റെ സവിശേഷമായ കോട്ടും ടൈയും അണിഞ്ഞ് ബോംബെ ഹൈക്കോടതിയുടെ മുകൾ നിലയിലെ ബാർ കൗൺസിൽ ലൈബ്രറിയിൽ ഒരു കപ്പ് ചായ നുണയുന്ന അദ്ദേഹവുമായുള്ള ചെറു കൂടിക്കാഴ്ചകൾ വളരെ പെട്ടെന്നാണ് ദൈർഘ്യമുള്ളതായി മാറിയത്. ചിലപ്പോഴത് മലബാർ ഹില്ലിനു സമീപത്തെ നാപെൻ സീ റോഡിലെ അദ്ദേഹത്തിന്റെ വസതിയിലേക്കു മാറി.
1984 ബോംബെ- ഭീവണ്ടി കലാപകാലത്ത് ജീവിച്ച, ഇന്ത്യയിലെ അക്കാലത്തെ വലിയ രാഷ്ട്രീയ പാർട്ടി (കോൺഗ്രസ്സ്) നേതൃത്വം നൽകിയ ഭീതിദമായ സിഖ് കൂട്ടക്കൊലക്ക് സാക്ഷിയായ, 1985ലെ ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ അടുത്തു നിന്ന് നിരീക്ഷിച്ച, പിന്നീട് മൊറാദാബാദിലെ (1980) അക്രമസംഭവങ്ങളെ കുറിച്ചുള്ള വാർത്തകളും വിശകലനങ്ങളും നൽകിയ, ഹാഷിംപുരയിലെയും മീററ്റിലെയും (1987) ഭഗത്പൂരിലെയും (1989) വർഗീയാതിക്രമങ്ങൾ കണ്ട എ ജി നൂറാനി, ഞങ്ങൾ സാമൂഹികശാസ്ത്ര വിദ്യാർഥികൾക്കും ജേണലിസ്റ്റുകൾക്കും നിയമവിദ്യാർഥികൾക്കും ഒരു പാഠപുസ്തകമായിരുന്നു. ‘ആരാണ് ആദ്യം കല്ലെറിഞ്ഞത്’ എന്ന ചോദ്യമാണ് ഗഫൂർ സാബ് എല്ലായ്പ്പോഴും ചോദിച്ചു കൊണ്ടിരുന്നത്. ആ ചോദ്യത്തിനുള്ള ഉത്തരം തന്നെയായിരുന്നു ഞങ്ങൾ പേർത്തും പേർത്തും പറയേണ്ടിയിരുന്ന കഥ.അല്ലെങ്കിൽ പറയാൻ ശ്രമിച്ച കഥ.
അധികമാരും ചോദിക്കാത്തതും വളരെ കുറച്ചുമാത്രം ഉത്തരം നൽകപ്പെട്ടതുമായ പ്രതികരണങ്ങൾ തേടിക്കൊണ്ടുള്ള എ.ജി നൂറാനിയുമായുള്ള സംഭാഷണങ്ങൾ, വർഗീയ രാഷ്ട്രീയത്തിന്റെ നിഗൂഢമായ കളികൾ ആഴത്തിൽ മനസ്സിലാക്കാൻ പര്യാപ്തമായിരുന്നു. ഭീവണ്ടിയിലെ വർഗീയ കലാപത്തെ കുറിച്ചും അനന്തര ഫലത്തെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മ നിരീക്ഷണം കണ്ണു തുറപ്പിക്കുന്നതായിരുന്നു. ഇന്ത്യയുടെ മതേതരാടിത്തറയുടെ അക്രമാസക്തവും വ്യവസ്ഥാപിതവുമായ മണ്ണൊലിപ്പുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അനന്യമായ സൂക്ഷ്മ പരിശോധനയും ഗവേഷണവുമാണ് രാജ്യത്തെ നിയമപണ്ഡിതരുടെ ഗാലറിയിൽ അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തത്.
പരിശീലനം കൊണ്ടും പ്രഫഷൻ കൊണ്ടും അഭിഭാഷകനായ നൂറാനിക്ക് സമഗ്രവും സൂക്ഷ്മവുമായ വിശദാംശങ്ങൾ തേടാനുള്ള ഒരു റിപ്പോർട്ടറുടെ അസാധാരണമായ കഴിവുണ്ടായിരുന്നു. ദക്ഷിണ മുംബൈയിലെ അദ്ദേഹത്തിന്റെ വീട് പുസ്തകങ്ങൾ കൊണ്ടും ശ്രദ്ധയോടെ അടുക്കിവച്ച പത്ര കട്ടിംഗുകൾ കൊണ്ടും നിറഞ്ഞിരുന്നു. സമയനിഷ്ഠ പാലിക്കുന്നതിൽ നിർബന്ധ ബുദ്ധിയുണ്ടായിരുന്ന അദ്ദേഹവുമായുള്ള സംഭാഷണങ്ങൾ ഒരിക്കലും ഹ്രസ്വമായിരുന്നില്ല. ഈ കൂടിക്കാഴ്ചകളിൽ അദ്ദേഹം ഷെൽഫിലേക്കു ചൂണ്ടി, സംസാരിക്കുന്നതിനിടെ ഒരു പ്രത്യേക പുസ്തകം നിങ്ങളോടു വായിക്കാൻ നിർദേശിച്ചാൽ നിങ്ങൾ ഭാഗ്യവനാണ്.
പതിറ്റാണ്ടുകളായി ശേഖരിച്ച പുസ്തകങ്ങളും പത്ര കട്ടിംഗുകളും അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാക്കി. അദ്ദേഹത്തിന് തെരഞ്ഞെടുക്കപ്പെട്ട കുറച്ച് സുഹൃത്തുക്കളും കുറെ ബഹുമാന്യരായ പ്രൊഫഷനൽ സഹപ്രവർത്തകരും പ്രസാധകരും ഉണ്ടായിരുന്നു. ചില പ്രത്യേക ഡിഷുകളോടും വിഭവങ്ങളോടും വലിയ ഇഷ്ടമുണ്ടായിരുന്നു. ജനങ്ങൾക്ക് ദുർഗ്രാഹ്യമായ കാര്യങ്ങളും ആധുനിക സാങ്കേതിക പദാവലികളും ഒഴിവാക്കിയ എഴുത്തുകാരനായിരുന്നു നൂറാനി. ഓരോ ലേഖനവും അദ്ദേഹം കൈകൊണ്ടെഴുതി ബോംബെ ഹൈക്കോടതിക്കടുത്തുള്ള ഒരു പ്രത്യേക ടൈപിസ്റ്റിനെ ഏല്പിക്കുമായിരുന്നു. നൂറാനിയുടെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള എഴുത്തുകൾ എളുപ്പത്തിൽ വായിക്കുകയും തെറ്റുകൾ സെക്കൻഡുകൾക്കുള്ളിൽ അദ്ദേഹം തിരുത്തി ടൈപ്പു ചെയ്യുകയും ചെയ്തു.
അദ്ദേഹത്തിന്റെ മികവുറ്റതും കൃത്യവുമായ ലേഖനങ്ങൾ പതിവായി ഫ്രണ്ട്ലൈനിലും ഡോണിലും പ്രസിദ്ധപ്പെടുത്തിയതിൽ യാതൊരു അത്ഭുതവുമില്ല. ജമ്മു കശ്മീരിനെ കുറിച്ചും ഹൈദരാബാദിനെ കുറിച്ചും അദ്ദേഹം സൂക്ഷ്മമായി അപഗ്രഥിച്ചു കൊണ്ടെഴുതി. എങ്ങനയൊണ് സുപ്രിം കോടതി വിധി രാജ്യദ്രോഹത്തെപിൻവാതിലിലൂടെ കൊണ്ടുവരുന്നത് എന്ന് കേദാർ നാഥ് സിംഗ് കേസിലെ സുപ്രിം കോടതി വിധിയുടെ (1962) പശ്ചാത്തലത്തിൽ എഴുതിയതുൾപ്പെടെയുള്ള അദ്ദേത്തിന്റെ കോളങ്ങൾ നിയമ എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും തെളിവുള്ള പഠങ്ങളായിരുന്നു. സുപ്രിംകോടതിയെ വരെ നിശിതമായ വിമർശനങ്ങൾക്കു വിധേയമാക്കി.
എപ്പോൾ, എന്ത് ഓർക്കണം, എന്ത്, എങ്ങനെ കുഴിച്ച് കണ്ടെത്തണം, ഒടുവിൽ, എങ്ങനെ, എവിടെ പുറത്തുവിടണം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നു പഠിക്കണം. സൂക്ഷ്മമായ വിശദാംശങ്ങൾ കണ്ടെത്തുന്നതിലുള്ള ശ്രദ്ധ, വ്യക്തവും സമഗ്രവുമായ ലക്ഷ്യബോധം, സ്ഥിരോത്സാഹം ഇവയുടെ പര്യായമാണ് ഗഫൂർ സാബ്.
നൂറാനിയുടെ എഴുത്തുകളും പ്രവൃത്തികളും വ്യത്യസ്തമാകുന്നത് അദ്ദേഹത്തിൽ രൂഢമൂലമായ ധാർമ്മിക മൂല്യങ്ങൾ കാരണമാണ്. നിയമ രംഗത്തും പത്രപ്രവർത്തനരംഗത്തും പരുന്തിനെപ്പോലെ വിശദവും സൂക്ഷ്മവുമായി കാര്യങ്ങൾ അപഗ്രഥിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശരിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അചഞ്ചലമാണ്, ആ പ്രവർത്തനത്തെ അത് അസാധാരണമാക്കുന്നു. അദ്ദേഹം ശരിയെന്നു തോന്നിയതിനു വേണ്ടി മാത്രമല്ല, ബഹിഷ്‌കരണങ്ങളെയും ശത്രുക്കളെയും അശേഷം പേടിക്കാതെ നിർഭയമായി സംസാരിച്ചു.
അദ്ദേഹത്തിന്റെ എഴുത്തുകളും പുസ്തകങ്ങളും കാലത്തിന്റെ ചരിത്ര രേഖയായി ശേഷിക്കുന്നു:
സവർക്കർ ആന്റ് ഹിന്ദുത്വ (2002), ദ ബാബരി മസ്ജിദ്; 1528-2004 എ ക്വസ്റ്റ്യൻ ഓഫ് നാഷനൽ ഹോണർ- രണ്ടു വാള്യങ്ങൾ (2003), കോൺസ്റ്റിറ്റിയൂഷനൽ ക്വസ്റ്റിയൻസ് ആന്റ് സിറ്റിസൺ റൈറ്റ്സ് (2005), ദ ആർ എസ് എസ് ആന്റ് ബിജെപി: എ ഡിവിഷൻ ഓഫ് ലേബർ (2008), ജിന്ന ആന്റ് തിലക്: കൊമ്രേഡ്സ് ഇൻ ദ ഫ്രീഡം സ്ട്രഗിൾ (2010), ആർട്ടിക്ക്ൾ 370: എ കോൺസ്റ്റിറ്റിയൂഷനൽ ഹിസ്റ്ററി ഓഫ് ജമ്മു ആന്റ് കശ്മീർ (2011), ഇസ്ലാം, സൗത്ത് ഏഷ്യ ആന്റ് ദ കോൾഡ് വാർ (2012), ദ ഡിസ്ട്രക്ഷൻ ഓഫ് ഹൈദരാബാദ് (2014).
ഈ പുസ്തകങ്ങളെല്ലാം ഇന്ത്യയുടെ സമകാലിക യാഥാർഥ്യത്തെ ചരിത്രവത്കരിക്കാനും ജനാധിപത്യം ശക്തിപ്പെടുത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടങ്ങളും ഫാഷിസ്റ്റ് ഭൂരിപക്ഷ ശക്തികളെ തുറന്നുകാട്ടാനുമുള്ള സൂക്ഷ്മമായ ശ്രമങ്ങളാണ്. വിദ്യാർഥികളും അഭിഭാഷകരും മാധ്യമപ്രവർത്തകരും വർത്തമാനകാലവുമായി ബന്ധപ്പെട്ട പൊതുപ്രവർത്തകരും രാജ്യത്തിന്റെ കാര്യങ്ങളിൽ താല്പര്യമുള്ള എല്ലാ ഇന്ത്യക്കാരും തീർച്ചയായും വായിച്ചിരിക്കേണ്ട എഴുത്തുകളാണിവ. അവ ഭാവിയിലേക്കുള്ള അമൂല്യമായ ചരിത്രരേഖ കൂടിയാണ്.
അതിനൊക്കെയപ്പുറം, ഇന്നലെയും ഇന്നു രാവിലെയുമായി അദ്ദേഹത്തിന്റെ വിയോഗവാർത്തയുടെ പശ്ചാത്തലത്തിൽ ഞാൻ വീണ്ടും തിരിച്ചു പോയത്, ബാബറി മസ്ജിദ് തകർച്ചയെക്കുറിച്ചു അദ്ദേഹം രചിച്ച മൂന്ന് കനമുള്ള രചനകളിലേക്ക് തന്നെയാണ് . ബാബരി മസ്ജിദ് തകർത്ത ലജ്ജാകരമായ പ്രവർത്തനത്തിന്റെ പിന്നിലെ പ്രധാന കളിക്കാരെ കുറിച്ചും ഭരണകർത്താക്കളെ കുറിച്ചും അറിയേണ്ടതെല്ലാം അവയിൽ അടങ്ങിയിട്ടുണ്ട്. രണ്ടു പുസ്തകങ്ങൾ ഹിന്ദു ഭക്തനും ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷകനുമായ സി രാജഗോപാലാചാരിയുടെ ഓർമകൾക്കു മുന്നിൽ സമർപ്പിച്ചിരിക്കയാണ്. പക്ഷെ ഒടുവിലത്തേതിന്റെ സമർപ്പണം മൗലാന ഹസ്രത്ത് മൊഹാനിയെ ഉദ്ധരിച്ചുകൊണ്ടുള്ളതാണ്. ആ സമർപ്പണത്തിൽ കാണാവുന്ന ആവലാതി തീർത്തും ഹൃദയഭേദകമാണ്: ”അവർ കൊലപാതകികളാണ്, അവർ പ്രൊസിക്യൂട്ടർമാരുമാണ്, അപ്പോൾ എന്റെ കൊലപാതകത്തിന് എന്റെ ബന്ധുക്കൾ ആരെ വിചാരണ ചെയ്യും?”
ഇൻക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ) എന്ന ഇന്ത്യൻ തെരുവുകളെ പ്രകമ്പനം കൊള്ളിക്കുന്ന മുദ്രാവാക്യം സമ്മാനിച്ച, വിഖ്യാതനായ ഉർദു കവി മൊഹാനിയെ 2014ൽ ഉദ്ധരിക്കുമ്പോൾ എ ജി നൂറാനി ചിലത് പറയുന്നുണ്ട്. 1921ൽ, കോൺഗ്രസിന്റെ അഹമ്മദാബാദ് സമ്മേളനത്തിൽ സ്വാമി കുമാരാനന്ദുമൊത്ത് ഹസ്രത്ത് മൊഹാനിയാണ് അദ്യമായി പൂർണ സ്വരാജ് ആവശ്യപ്പെട്ടത്.
എ ജി നൂറാനിയുടെ എഴുത്തും വിശാലമായ പ്രവർത്തന മേഖലയും ഉയർത്തിപ്പിടിച്ച പാരമ്പര്യം ഇതായിരുന്നു. ഒരുപക്ഷെ, പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആഗസ്ത് 2024ൽ, കൂടുതൽ പ്രതീക്ഷയുള്ള, നിരാശ കുറഞ്ഞ മനുഷ്യനായാകും അദ്ദേഹം മരിച്ചിട്ടുണ്ടാവുക. ഇന്ത്യയും രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും, എന്തിനു വേണ്ടിയാണ് എ ജി നൂറാനി ജീവിച്ചതും മരിച്ചതും എന്ന് തീർച്ചയായും ആവർത്തിച്ചുറപ്പിക്കേണ്ട സമയമാണിത്.
ഈ ലേഖനം സബ്രംഗ്ഇന്ത്യയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.