A Unique Multilingual Media Platform

The AIDEM

Articles Kerala Memoir

കെ.ജെ ബേബി മാഞ്ഞു പോകുമ്പോൾ

  • September 1, 2024
  • 1 min read
കെ.ജെ ബേബി മാഞ്ഞു പോകുമ്പോൾ

വയനാട് എന്ന ദേശത്തിൻ്റെയും അവിടത്തെ ആദിവാസി ജനതയുടെയും മനസ്സ് അറിയുകയും അവർക്കായി ജീവിതത്തിൻ്റെ നല്ല കാലമത്രയും ചിലവിടുകയും ചെയ്ത ഒരാളെയാണ് കെ.ജെ ബേബി മാഞ്ഞു പോവുമ്പോൾ നമുക്ക് നഷ്ടമാവുന്നത്. കലാപ്രവർത്തനത്തെ ഒരു ജനതയുടെ സ്വത്വത്തെ കടഞ്ഞെടുക്കുന്ന പ്രവർത്തനമാക്കി കെ.ജെ ബേബി മാറ്റി. അദ്ദേഹത്തെ ഓർത്തെടുക്കുകയാണ് നാടക പ്രവർത്തകനായ വേലായുധൻ കോട്ടത്തറ ഈ കുറിപ്പിൽ.


എന്റെ കർമ്മം കണ്ടെത്താൻ സഹായിച്ച അടിയോർക്കും മുലപ്പാൽ തന്ന അമ്മക്കും ഞാനീ ‘നാട് ഗദ്ദിക’ സമർപ്പിക്കട്ടെ എന്നാണ് നാടകത്തിന്റെ ആമുഖത്തിൽ കെ.ജെ ബേബി പറയുന്നത്. അക്ഷരാർത്ഥത്തിൽ അതു അങ്ങിനെ ആയിരുന്നു. അനീതിയുട അമാവാസിയിൽ നിന്നു ഒരു പന്തം കൊളുത്തി ഇരുട്ടിന്റെ നെഞ്ചത്തേക്ക് ആഞ്ഞു എറിഞ്ഞു പോകുന്ന ‘നാട് ഗദ്ദിക’ മലയാള നാടക ചരിത്രത്തിലെ ലക്ഷണമൊത്ത ആദ്യ തെരുവ് നാടകം ആയിരുന്നു. ആസ്വാദക മനസ്സിൽ പ്രകമ്പനം സൃഷ്ടിക്കുകയും കാഴ്ചയുടെ ഒരു പുതിയ തലം നിർമ്മിക്കുകയും ചെയ്ത ‘നാട് ഗദ്ദിക’ ആവാം കേരളത്തിൽ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ട നാടകം. അധികാരിക രേഖ ഇല്ലെങ്കിലും ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന ചരിത്രം കുറിച്ച നാടകത്തിനൊപ്പം അവതരണത്തിൽ ഒപ്പം നിന്ന മലയാള നാടകം ആണ് ‘നാട്ഗദ്ദിക’. അതു മാത്രമല്ല, പരമ്പരാഗത നാടക സങ്കൽപം ആയ പ്രോസിനിയം തിയേറ്ററിനെ പൊളിച്ചു നാടകത്തെ തെരുവിൽ അവതരിപ്പിച്ചു എന്നതും നാടുഗദ്ദികയുടെ മികവാണ്. ആദിവാസി ജീവിതത്തിന്റെ മിഥിക്കൽ അന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന നാടകം കേരളത്തിലെ പ്രതിജ്ഞാബദ്ധ കലാ പ്രവർത്തനത്തിന്റെ തുടർച്ച ആയി മാറുകയും ചെയ്തു. നഗരത്തിലെ നക്ഷത്ര വേദികളിൽ പലതിലും ഇന്ത്യയുടെ ചരിത്രവും വർഗ്ഗപരവും ആയ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, അത്തരം അവതരണങ്ങൾ ഉദ്ദേശിച്ച കാണികളിലേക്കെത്താതെ ഉന്നം നേടാത്ത വെടിക്കൊപ്പുകൾ ആകുമ്പോൾ, നാട് ഗദ്ദിക തീർത്തും തിയേറ്റർ ജനങ്ങളിലേക്ക് എന്ന ലക്ഷ്യവും ജനകീയവൽക്കരണവും ബോധ വൽക്കരണവും നടത്തുന്നു.

നാട്ഗദ്ദികയിലെ വെള്ളി എന്ന കഥാ പാത്രം പാടുന്ന “പയിക്കിൻട്രോ… പയിക്കിൻട്രോ…” എന്ന പാട്ടു കേരളത്തിന്റെ രോദനം ആയി ഒരു പാട് പേർ ആലപിച്ചു…

വെള്ളി എന്ന കഥാപാത്രം ബേബിയുടെ ആദ്യ നോവൽ ആയ മാവേലി മൻട്രംത്തിൽ കൈപ്പടാൻ എന്നായി മാറുന്നു.. രണ്ട് പേരും അടിമകൾ ആണ്. ചരിത്രം രണ്ട് വിധം ഉണ്ട്. കീഴാളരുടെയും മേലാളാരു ടേതും . പരമ്പരാഗത സ്കൂൾ പഠനം തീർത്തും മേലാള ചരിത വായന ആണ്. ഇവിടെയാണ് കീഴളാ ചരിത്രത്തിൻ്റെ കണ്ണാടിയായി മാറാൻ ‘മാവേലി മൻട്രം’ത്തിന് കഴിഞ്ഞത്.

ആദിവാസികളുടെ സഹന നിർഭരം ആയ അസ്തിത്വത്തിന്റെ തീ ക്ഷണം ആയ കാഴ്ചകളിലൂടെ ചൂഷിതന്റെ ഒരോർമ്മകുറിപ്പും ചൂഷിതർക്ക് ഒരു താക്കീതും ആയി കൃതി മാറുന്നു

ഭാഷയുടെയും, ദേശത്തിന്റെയും ജാതിയുടെയും സ്വത്വങ്ങൾ ഉടയുകയും പുനർ നിർമ്മിക്കപെടുകയും ചെയ്യുന്ന ചരിത്ര സന്ദർഭങ്ങളിലൂടെയാണ് ‘ബസ്പുർക്കാനാ’ എന്ന ബേബിയുടെ മറ്റൊരു നോവൽ കടന്നു പോകുന്നത്. സ്വാതന്ത്ര്യ ത്തിനു മുൻപ് ആരംഭിക്കുന്ന തിരുവിതാംകൂർ മലബാർ കുടിയേറ്റം ഒരു വിശാല രാഷ്ട്രീയ പരിവർത്തനം ആയതെങ്ങിനെ എന്ന് ‘ബസ്പുർക്കാനാ’ എന്ന കൃതിയിൽ വായിച്ചെടുക്കാം.

കുടിയേറി വന്നവർ നേരിടുന്ന അതിജീവന സന്ദർഭങ്ങൾ അവരുടെ ഓർമകളിലെ പൂർവികർക്കു സമർപ്പിക്കുന്ന ‘ശുദ്ധി കലശം’ (ബസ്പുർക്കാനാ) ആയി വയനാട് മാറുന്നു.

മലബാർ മാന്വൽ എന്ന വിഖ്യാത കൃതി യുടെകർത്താവ് വില്ല്യം ലോഗന്റെ ഒരു പുരാവൃത്തം ആണ് ‘ഗുഡ് ബൈ മലബാർ’ എന്ന ബേബിയുടെ മറ്റൊരു രചന. ലോഗന്റെ കാലത്തെ മലബാർ സാമൂഹ്യ ജീവിതവും, ലോഗന്റെ വ്യക്തിത്വവും, ഔദ്യോഗികതയും, അവ തമ്മിലുള്ള വൈരുധ്യവും വിട്ടു വീഴ്ചകളും ഈ കൃതി പരാമർശിക്കുന്നു.

പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്നും വിട പറഞ്ഞ് സ്വന്തം സ്വത്യാന്വേഷണത്തിലൂന്നിയ ഒരു വിദ്യാഭ്യാസ സമ്പദായത്തെക്കുറിച്ചുള്ള പരീക്ഷണമായിരുന്നു ബേബി സ്ഥാപിച്ച കനവ്. ഇവിടെ ആദിവാസിക്കുഞ്ഞുങ്ങൾക്കൊപ്പം ബേബിയുടെ കുഞ്ഞുങ്ങളും അറിവിൻ്റെ ആദ്യപാഠങ്ങൾ അറിഞ്ഞു. സ്വന്തം കുലത്തിൻ്റെ ചരിത്രത്തോടൊപ്പം ഇവിടെയെത്തിയ കുഞ്ഞുങ്ങൾ നാടിൻ്റെ ചരിത്രവും അറിഞ്ഞു. കലയും സംസ്കാരവും പ്രയോഗ വഴികളിലൂടെ തൊട്ടറിഞ്ഞ അവർ ഈ വിദ്യാലയത്തിലൂടെ തന്നെത്തന്നെ അറിയുന്ന സമ്പ്രദായമാണ് ബേബി പരീക്ഷിച്ചത്.

കെ.ജെ ബേബിയുടെ ജീവിതവും വൈരുധ്യങ്ങളുടെ ഒരു സംഗമ സ്ഥലം ആയി ബേബിയുടെ ജീവിത നടപ്പുകളിൽ നിന്നും വായിച്ചെടുക്കാം . അടിയോരു ടെ മോചനം തേടുന്ന വിപ്ലവ പ്രവർത്തനവും, വിദ്യാഭ്യാസ ബോധനം മാറ്റി മറിക്കുന്ന ‘കനവ്’ കാഴ്ചപാടിനൊപ്പം കരുണാകര ഗുരുവിലും, ഓഷോവിലും ആനന്ദം കണ്ടെത്തുന്ന അത്മീയ പരിസരവും ബേബിയുടെ അന്വേഷണ വഴികളായി പരിണമിച്ചിട്ടുണ്ട്.

മൂന്ന് വർഷം മുൻപ് യു ട്യൂബിൽ സംപ്രേഷണം ചെയ്ത ‘കുഞ്ഞ് മായിൻ എന്തായിരുന്നു പറഞ്ഞത്’ എന്ന നാടകത്തിലൂടെ സമകാലീന രാഷ്ട്രീയത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിനുള്ള പ്രാധാന്യം ഒറ്റയാൾ പ്രകടനത്തിലൂടെ ഓർമ്മിപ്പിക്കുന്നുണ്ട്.

വയനാടിൻ്റെ ഭൂ, മനുഷ്യ പ്രത്യേകതകളുടെ മനുഷ്യപക്ഷ വ്യാഖ്യാതാവായിരുന്ന ഒരാളാണ് ഈ മരണത്തിലൂടെ മാഞ്ഞു പോവുന്നത്.

About Author

വേലായുധൻ കോട്ടത്തറ

വയനാട്ടിലെ നാടക പ്രവർത്തകൻ. കോട്ടത്തറ ദരിദ്ര നാടക വേദിയുടെ സ്ഥാപകൻ. നിരവധി നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചു. ദീർഘകാലം ഗ്രാമീൺ ബാങ്ക് മാനജരായി പ്രവർത്തിച്ചു.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x