A Unique Multilingual Media Platform

The AIDEM

Articles Cinema Kerala Memoir Society

പി.ടി കുഞ്ഞിമുഹമ്മദ് എന്തിന് സിനിമയെടുത്തു?

  • January 3, 2024
  • 1 min read
പി.ടി കുഞ്ഞിമുഹമ്മദ് എന്തിന് സിനിമയെടുത്തു?

2024 ജനുവരി 4 മുതൽ 6 വരെ തൃശൂരിൽ ‘പി.ടി യുടെ സുഹൃത്തുക്കൾ’ ഒരുക്കുന്ന ‘പി.ടി: കലയും കാലവും’ എന്ന ‘സർഗാത്മകതയുടെ  ആഘോഷ’ ത്തിന്  അഭിവാദ്യങ്ങളോടെ….


ചോദ്യ ചിഹ്നം ഇല്ലെങ്കിൽ ഈ തലക്കെട്ടിന് ഒരു ന്യായീകരണത്തിന്റെയോ അല്ലെങ്കിൽ വിശദീകരണത്തിന്റെയോ സ്വരമാണല്ലൊ ഉണ്ടാവുക. അതായത്, ഇന്നയിന്ന കാരണങ്ങളാലാണ്, അഥവാ, സാഹചര്യങ്ങളിലാണ് പി.ടി കുഞ്ഞിമുഹമ്മദ് ഒരു ചലച്ചിത്രകാരന്റെ വേഷം കെട്ടിയത് എന്നതു പോലൊരു വിശദീകരണമോ ന്യായീകരണമോ ആണ് പ്രസ്തുത ശീർഷകത്തിനു കീഴിൽ പ്രതീക്ഷിക്കാവുന്നത് എന്നൊരു ധ്വനി. 

അതേസമയം, ആ ചോദ്യ ചിഹ്നം നിലവിലിരിക്കെ, ഇവിടെയിപ്പോൾ ധ്വനിക്കുന്നത് ഒരു അധിക്ഷേപമാണെന്നുവേണം പറയാൻ. പി.ടി കുഞ്ഞിമുഹമ്മദ് എന്തിനാണ് സിനിമയെടുക്കാൻ മുതിർന്നത് എന്നൊരു ചോദ്യം ചെയ്യൽ തന്നെയാണ് ഇവിടെ നടക്കുന്നത്. സംവിധായകൻ എന്ന നിലക്കുള്ള തന്റെ ആദ്യ സംരംഭമായ ‘മഗ്‌രിബ്’ മുതൽക്കുതന്നെ ഈ ചോദ്യംചെയ്യൽ അദ്ദേഹം നേരിട്ടിരുന്നു. ഉപദേശരൂപേണയായിരുന്നു, പക്ഷേ, തുടക്കത്തിൽ ഈ ചോദ്യംചെയ്യൽ പ്രകടമായതെന്ന്  ‘എന്റെ കലാപസ്വപ്നങ്ങൾ’ എന്ന ആത്മകഥയിൽ പി.ടി കുഞ്ഞിമുഹമ്മദ് സൂചിപ്പിക്കുന്നുണ്ട്.

പി.ടി കുഞ്ഞിമുഹമ്മദ്

‘അശ്വത്ഥാമാവ്’ (1979) എന്ന സിനിമയുടെ നിർമാതാവായാണ് പി.ടി കുഞ്ഞിമുഹമ്മദ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തിന്റെ സംവിധായകൻ കെ.ആർ മോഹനൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്ര സംവിധാനം പഠിച്ചെത്തിയ ആളായിരുന്നു. കെ.ആർ മോഹനന്റെ മറ്റു രണ്ടു ചിത്രങ്ങളായ ‘പുരുഷാർഥം’ (1987), ‘സ്വരൂപം’ (1992) എന്നിവയുടെ നിർമാതാവും പി.ടി തന്നെ. കോളേജിൽ പഠിക്കുന്ന കാലം മുതലുള്ള ഗാഢസൗഹൃദത്തിന്റെ സ്വാഭാവിക പരിണതിയായിരുന്നു രണ്ടു പേരെയും സംബന്ധിച്ചിടത്തോളം ‘മോഹൻ മുഹമ്മദ് ഫിലിംസ്’ എന്ന വിശേഷപ്പെട്ട ബാനറിനു കീഴിലുള്ള ആ കൂട്ടുസംരംഭം. 

വർഷങ്ങൾക്കു ശേഷം കൈരളി ടി.വിയിലെ  ഇടക്കാല നിയോഗവും കെഎസ്എഫ്ഡിസിയിലെ ഉദ്യോഗവും കഴിഞ്ഞ് പ്രായേണ സർഗപരമായ ശൂന്യതയിലേക്കു വഴുതുകയായിരുന്ന സുഹൃത്തിനെ സർഗരംഗത്തേക്കു വീണ്ടെടുക്കാൻ ഇനിയുമൊരു തവണ കൂടി നിർമാതാവിന്റെ വേഷമണിയാനും പി.ടി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. സംഭവബഹുലമായ ടെലിവിഷൻ കാലം അധികരിച്ച്  തയാറാക്കിക്കൊണ്ടിരിക്കുന്ന ‘വൈറ്റ് ബാലൻസ്’ എന്ന തിരക്കഥയെക്കുറിച്ച് മോഹനൻ തന്നോട് സംസാരിക്കാറുണ്ടായിരുന്നതായും ‘എന്റെ കലാപസ്വപ്നങ്ങളി’ൽ പി.ടി പറഞ്ഞുവെച്ചിട്ടുണ്ട്.

1970കളുടെ മധ്യത്തിൽ കെ.ആർ മോഹനൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം തുടങ്ങുമ്പോഴേക്കും പി.ടി കുഞ്ഞിമുഹമ്മദ് അബുദാബിയിൽ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള സുഹൃദ്ബന്ധം കൂടുതൽ സാർഥകമായിത്തീരുവാൻ അത് വഴിവെക്കുകയും ചെയ്തു. എന്നാൽ, ഇതൊന്നും കാണാതെ കാര്യങ്ങളെ മാലോകർ വിലയിരുത്തിയത് വേറൊരു വിധത്തിലായിരുന്നു: ഒരു കൂട്ടർ ഇവിടെ കലയ്ക്കും സാഹിത്യത്തിനുമെല്ലാം വേണ്ടി സ്വയം ഉഴിഞ്ഞുവെച്ചു; വേറൊരു കൂട്ടർ സ്വത്തും പണവും സമ്പാദിക്കാൻ വേണ്ടി നാടുകടന്നു. ഇത് ഇന്നും പ്രാബല്യത്തിലുള്ള നമ്മുടെ സാമൂഹ്യനിരീക്ഷണത്തിന്റെ ഒരു സാമാന്യ മാതൃകയായി കണക്കാക്കാവുന്നതാണ്.

കെ.ആർ മോഹനൻ

ആയുഷ്ക്കാലത്തിനിടക്ക് കെ.ആർ മോഹനന് സാക്ഷാൽക്കരിക്കാൻ കഴിഞ്ഞ മൂന്നു സിനിമകളുടെയും സാമ്പത്തിക ബാധ്യത ഒരു വീണ്ടുവിചാരവും കൂടാതെ സർവാത്മനാ ഏറ്റെടുത്ത് കൂടെനിന്ന കുഞ്ഞിമുഹമ്മദ് പിന്നീട് സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യാൻ മുതിർന്നപ്പോൾ അത് അംഗീകരിക്കാൻ നമുക്കു പ്രയാസം നേരിട്ടു; സിനിമയിൽ ഏറിയാൽ ഒരു നിർമാതാവിന്റെ റോൾ വഹിക്കാവുന്ന ഒരാൾ സ്വയം സംവിധായകന്റെ വേഷമണിയുകയോ എന്ന് ചോദിക്കാതെ ചോദിച്ചു.

എങ്കിലും, ‘മഗ്‌രിബ്‘ മുതൽ ‘വിശ്വാസപൂർവം മൻസൂർ’ വരെയുള്ള ചിത്രങ്ങളെല്ലാം അവയുടെ സർഗചൈതന്യം കൊണ്ടും ജീവിതോന്മുഖത കൊണ്ടും പ്രകീർത്തിക്കപ്പെട്ടു. ‘മഗ്‌രിബ്: മലയാളികൾക്ക് അഭിമാനിക്കാൻ ഒരു സിനിമ’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ബി രാജീവൻ ചൂണ്ടിക്കാട്ടി: “…മാധ്യമാനുഭവത്തിന്റെ മാസ്മര തന്ത്രങ്ങളിൽ മലയാളികളുടെ സംവേദനശീലങ്ങളെ തളച്ചിടുന്ന യാന്ത്രിക ചിത്രങ്ങളുടെ കുത്തൊഴുക്കിൽ, തെക്കെ മലബാറിലെ പച്ചപ്പടർപ്പുകൾ നിറഞ്ഞ തൊടികളുടെ സാന്ദ്രശീതളതയിലേക്കെന്നപോലെ, ജീവിതാനുഭൂതികളുടെ സുദ്ധിയിലേക്ക് ഈ ചിത്രം നമ്മെ ക്ഷണിക്കുന്നു. ‘മഗ്‌രിബ്’ലൂടെ മലയാള സിനിമയെക്കുറിച്ചു മാത്രമല്ല മലയാളിയുടെ സംസ്കാരത്തെക്കുറിച്ചും നമുക്ക് ഒരിക്കൽ കൂടി അഭിമാനം കൊള്ളാം.” (മാതൃഭൂമി വാരാന്തപ്പതിപ്പ് 1993 ഒക്ടോബർ 3).

മഗ്‌രിബ് സിനിമയിലെ ഒരു രംഗം

“സമകാലീന ചരിത്രം നിർബന്ധിക്കുന്ന… സ്വത്വാന്വേഷണത്തിൽ പങ്കുചേരുന്നതുകൊണ്ടാണ് ‘മഗ്‌രിബ്’ ഉജ്വലമാകുന്നത്” എന്ന് എ സോമൻ നിരീക്ഷിച്ചു (ദേശാഭിമാനി, 1993 നവംബർ 28). സംവിധായകനും ഛായാഗ്രാഹകൻ മധു അമ്പാട്ടും കെട്ടിപ്പിടിച്ചു നിൽക്കുന്ന മുഖചിത്രത്തോടെ എസ് ജയചന്ദ്രൻ നായരുടെ പത്രാധിപത്യത്തിൽ ‘കലാകൗമുദി’ വലിയ പബ്ലിസിറ്റിയാണ് ചിത്രത്തിനു നൽകിയത്. ഇന്ത്യൻ പനോരമയിലേക്കും  തെഹ്റാൻ, ഉത്തര കൊറിയ മേളകളിലേക്കും പ്രഥമ അരവിന്ദൻ പുരസക്കാരത്തിനും ‘മഗ്‌രിബ്’ തെരഞ്ഞെടുക്കപ്പെടുകയും ചെയതു. ജനാധിപത്യത്തിലും സാംസകാരത്തിലും ഇത്രയും ഉയർച്ചയുള്ള ഒരു പ്രദേശം ഇവിടെയുണ്ടെന്ന് ഈ സിനിമ കണ്ടപ്പോഴാണ് തനിക്കു മനസ്സിലായതെന്ന് ഒരു ഫ്രഞ്ച് നിരൂപകൻ പറഞ്ഞതും ആത്മകഥയിൽ പി.ടി അനുസ്മരിക്കുന്നുണ്ട്. 

1992നു ശേഷം മുസ്ലിം സമുദായത്തെ മുൻനിർത്തി ഇത്തരമൊരു സിനിമ മലയാളത്തിലുണ്ടായത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. എ സോമൻ ചൂണ്ടിക്കാണിച്ചതു പോലെ, കാലത്തിന്റെ സമ്മർദത്തിൽ സ്വാഭാവികമായി നടക്കുന്ന സ്വത്വാന്വേഷണത്തിന്റെ ഭാഗമായി അതു കണക്കാക്കപ്പെട്ടു. അതേസമയം, സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ നവാഗത സംവിധായകനുള്ള ഒരു അവാർഡിൽ ‘മഗ്‌രിബ്’ ഒതുക്കപ്പെട്ടു.

പി.ടി യുടെ രണ്ടാമത്തെ ചിത്രമായ  ‘ഗർഷോം’ വലിയ കോലാഹലം തന്നെ സൃഷ്ടിച്ചു. ‘മഗ്‌രിബി’നെന്ന പോലെ വമ്പൻ കവർ സ്റ്റോറി നൽകിയാണ് ‘കലാകൗമുദി’ വാരിക ‘ഗർഷോ’മിന്റെ വരവ് ആഘോഷിച്ചത്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രതികരണങ്ങളും തിരസ്ക്കാരവുമായി സർവ പത്രങ്ങളിലും ആഘോഷം പൊടിപൊടിച്ചു. നിയമസഭയിലെ ഇടതുപക്ഷ അംഗമായിരുന്നിട്ടും ഇടതുപക്ഷ സർക്കാരിന്റെ ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നിർണയിക്കപ്പെട്ട അവാർഡ്, അക്കാദമി എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന പി.ടി അപ്പടി തിരസ്കരിച്ചത് പലരെയും അമ്പരപ്പിച്ചു.

‘ഗർഷോം’ ഇന്നും ആളുകൾ തേടിപ്പിടിച്ച് കാണുന്നു. അഞ്ചും പത്തും തവണ കണ്ടവരും കുറച്ചൊന്നുമല്ല. ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് മലയാളികളാരെങ്കിലും ‘പറയാൻ മറന്ന പരിഭവങ്ങൾ’ക്ക് ചെവിയോർക്കുകയോ നസിറുദ്ദീന്റെ ഉമ്മയുടെ പ്രാർഥന ആവാഹിക്കുകയോ ചെയ്യാത്ത ഒരു രാത്രിയെങ്കിലും ഇപ്പോൾ കടന്നുപോകുന്നുണ്ടാവില്ല. (ഇക്കഴിഞ്ഞ നവംബർ 23ന് ശനിയാഴ്ചയാണ് ‘ഗർഷോ’മിലെ ആ ഗാനത്തിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷ വേളയിൽ കോഴിക്കോട്ടെ ‘നളന്ദ’യിൽ ചിത്രത്തിന്റെ സംവിധായകൻ പി.ടി കുഞ്ഞിമുഹമ്മദിനെയും ഗാനരചയിതാവ് റഫീഖ് അഹമ്മദിനെയും സംഗീതസംവിധായകൻ രമേശ് നാരായണനെയും യുനെസ്കോയുടെ പ്രഥമ ഇന്ത്യൻ സാഹിത്യനഗരം ഗൃഹാതുരതയോടെ ആദരിച്ചത്. ഹിന്ദുസ്താനി സംഗീതജ്ഞൻ പണ്ഡിറ്റ് അജയ് പൊഹാംഗറും രമേശ് നാരായണന്റെ പുത്രിയായ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേത്രി മധുശ്രീയും ചേർന്നു നടത്തിയ ‘പറയാൻ മറന്ന പരിഭവാ’ലാപന വിരുന്ന് റഫീഖ് അഹമ്മദിനും പി.ടിക്കും ആ രാവോതിയ ഒരധിക ആദരം തന്നെയായി).

മോഹൻ ലാലിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും പട്ടണം റഷീദിന് ചമയത്തിനുള്ള പ്രഥമ ദേശീയ അവാർഡും, അതിനേക്കാളെല്ലാം അപ്പുറം, എത്രയോ ഹതാശരായ മനുഷ്യരുടെ ഈ ഭൂമിയിലെ അസ്തിത്വത്തിലേക്ക് അധികൃതശ്രദ്ധയും നേടിക്കൊടുത്ത ‘പരദേശി’യിലെത്തുമ്പോഴേക്കും പി.ടി കുഞ്ഞിമുഹമ്മദിന് വിവാദപുരുഷൻ എന്ന മേൽവിലാസം പതിഞ്ഞുകഴിഞ്ഞിരുന്നു. ‘വീരപുത്രൻ’ അത് സ്ഥിരീകരിക്കുകയും അതിന്റെയെല്ലാം ഫലം ‘വിശ്വാസപൂർവം മൻസൂർ’ എന്ന ചിത്രത്തിന് ഏൽക്കുകയും ചെയ്തു.

ഇന്നത്തെ ‘ട്രോളി’ന്റെ എത്രയോ മടങ്ങ് പ്രഹരശേഷിയുള്ളതായിരുന്നു സവർണ പ്രത്യയ ശാസ്ത്രത്തിൽ അധിഷ്ഠിതമായ ഈ സാംസ്ക്കാരിക അയിത്താചരണം. ‘മഗ്‌രിബി’ന്റെ ചിത്രീകരണത്തിനു പുറപ്പെടുമ്പോൾ ഉപദേശരൂപേണയായിരുന്നു പിന്തിരിപ്പിക്കാൻ ശ്രമം നടന്നതെങ്കിൽ ചിത്രം സാക്ഷാൽക്കൃതമായപ്പോൾ അവാർഡ് നിർണയത്തിൽ നഗ്നമായ വിവേചനത്തിലൂടെ അതു പ്രകടമായി. ‘കലാസിനിമ’യ്ക്ക് ഇവിടെ ചില മാനദണ്ഡങ്ങളുണ്ടെന്ന് അങ്ങനെ വ്യക്തമാക്കപ്പെട്ടു. ആ മാനദണ്ഡം പാലിക്കുന്ന കൂട്ടത്തിൽ തുടരാനല്ല അതിൽ നിന്നു വിടുതി നേടാനാണ് താനുദ്ദേശിക്കുന്നതെന്ന് പി.ടി കുഞ്ഞിമുഹമ്മദ് എന്ന ചലച്ചിത്രകാരൻ ‘ഗർഷോ’മിൽ തുടങ്ങി ‘പരദേശി’യിലൂടെയും ‘വീരപുത്രനി’ലൂടെയും പ്രകൃതംകൊണ്ടു മാത്രമല്ല തമോമയമായ മനനസ്വഭാവം വെടിയുന്ന ആകൃതികൊണ്ടും ബാഹുല്യംകൊണ്ടും വ്യക്തമാക്കുകയും ചെയ്തു.

കടൽ കടക്കുന്നത് ജാതിയിൽ നിന്നു പുറത്താക്കപ്പെടാൻ പണ്ടേ നമുക്കിവിടെ മതിയായ കാരണമാണല്ലൊ. പ്രവാസ പക്ഷപാതിത്വം പ്രവാസത്തേക്കാൾ വലിയ കുറ്റം. പ്രവാസിയുടെ പണം നന്ന്. പ്രവാസി നീചൻ. അർഥശൂന്യമായ സവർണ പ്രത്യയശാസ്ത്രം അടിമുതൽ മുടിവരെ വാഴുന്ന സിനിമയുടെ പ്രയോക്താക്കൾ മാത്രമല്ല ഉപഭോക്താക്കളും, സ്വാഭാവികമായും, അതിന്റെ അടിമകൾ തന്നെ. അതിന്റെ സമ്പൂർണ നിദർശനമാണ് പി.ടി കുഞ്ഞിമുഹമ്മദിന്റെ സിനിമയോട് സാകല്യത്തിൽ നാം മലയാളികൾ പുലർത്തിയ മനോഭാവം.

“ഇത് ഏതു സമൂഹത്തിലും സംഭവിക്കാവുന്ന ഒരു കഥയാണ്. പിന്നെ എന്തിനാണ് പി.ടി ഇത് മുസ്ലിം പശ്ചാത്തലത്തിൽ പറഞ്ഞത്?” ഇത്തരത്തിൽ ‘മഗ്‌രിബി’ന്റെ നാൾ മുതൽ തന്നെ ചോദ്യം ചെയ്യൽ നടന്നത് യാദൃച്ഛികമാണെന്നു കരുതാമോ? അഥവാ അങ്ങനെ കരുതിയാൽത്തന്നെ ബഹുസ്വരത നിരാകരണം അടക്കമുള്ള അതിന്റെ അന്തർഗതങ്ങൾ അത്ര നിസ്സാരമായി അവഗണിക്കാവതോ? ഈ ചോദ്യം തന്നെയല്ലേ നിങ്ങൾക്കെന്തിനാണ് വേറിട്ടൊരു ഭാഷ, വേഷം, ഭക്ഷണം, സംസ്ക്കാരം, ദൈവം, ആരാധനാലയം എന്നൊക്കെത്തന്നെയായി നീളുന്നത്?

സവർണവാദികളുടെ ആശയങ്ങൾ പിൻപറ്റിയ നാം മലയാളികളുടെ ജാഗ്രതയില്ലായ്മ ഒരു ചലച്ചിത്രകാരന്റെ ആവിഷ്ക്കാരങ്ങളുടെ സ്വാധീനവൃത്തം പരിമിതപ്പെടുത്തുകയും തുടർ പ്രവർത്തനങ്ങൾക്ക് തടയിടുകയും മാത്രമല്ല ചെയ്തത്. സിനിമയെപ്പോലൊരു കലയ്ക്ക് മനുഷ്യരുമായും അവരുടെ കാലാകാല ജീവിതവുമായും സാധിക്കാമായിരുന്ന വിനിമയം തന്നെ നിഷേധിക്കുകയാണ്, അഥവാ കരുത്തുറ്റ ജീവിതോന്മുഖ മലയാള സിനിമയുടെ തലമുറകൾക്കു തന്നെ വംശനാശം വരുത്തുക കൂടിയാണ് നമ്മുടെ ജാഗ്രതക്കുറവുകൊണ്ട് സംഭവിച്ചത്. ഏതു മുന്തിയ സിനിമക്കും അതതുകാലത്തെ ആയുസ്സേ ഉള്ളൂ. പിൽക്കാലത്തേത് ആർക്കൈവൽ മൂല്യം മാത്രമാണ്. ‘മഗ്‌രിബ്’ എന്ന സിനിമക്ക് അതർഹിക്കുന്ന പരിഗണന യഥാസമയം ലഭിച്ചിരുന്നുവെങ്കിൽ മലയാള സിനിമയിലെ പിൽക്കാല പുഴുക്കുത്തുകൾ ഒട്ടേറെ ദുരീകരിക്കപ്പെടുക മാത്രമല്ല, ഏറെ ഉന്മിഷത്തമായൊരു മുഖം അതിനു സ്വന്തമാവുകയു ചെയ്യുമായിരുന്നു.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

കോയമുഹമ്മദ്

മുതിർന്ന മാധ്യമ പ്രവർത്തകനും സിനിമാ നിരൂപകനുമാണ് ലേഖകൻ

2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Franco Louis
Franco Louis
4 months ago

ശരിയാണ്. അർഹമായതു യഥാസമയത്തു നൽകണം.

M C Rajanarayanan
M C Rajanarayanan
4 months ago

Very well written…..