A Unique Multilingual Media Platform

The AIDEM

Articles Culture Kerala Law Society

റോമിയോ ആൻഡ് ജൂലിയറ്റ്

  • February 25, 2024
  • 1 min read
റോമിയോ ആൻഡ് ജൂലിയറ്റ്

മതഭ്രാന്തും അന്യ മത വിദ്വേഷവും മൃഗങ്ങളുടെ പേരുകളിലേക്ക് പോലും വ്യാപിപ്പിക്കുന്ന ഇന്ത്യൻ അവസ്ഥയാണ് പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ ഇക്കുറി തൻ്റെ പംക്തിയിൽ മുഖ്യ വിഷയമാക്കുന്നത്.


ഒരു പേരിലെന്തിരിക്കുന്നുവെന്ന ചോദ്യവും പേരിലാണെല്ലാമിരിക്കുന്നതെന്ന ഉത്തരവുമാണ് കഴിഞ്ഞവാരത്തിൽ ഭാരതവർഷത്തിൽ അലകളുയർത്തിയത്. പണ്ടുപണ്ട് ടിപ്പുസുൽത്താൻ ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തെ വിറപ്പിച്ച ആദ്യകാലത്ത് ഇവിടുത്തെ സായിപ്പന്മാർ അവരുടെ പട്ടിക്ക് ടിപ്പുവെന്ന് പേരിട്ട് ആനന്ദിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ബംഗാളിലെ ഹൈക്കോടതി ഒരു കേസിൽ യുദ്ധകാലാടിസ്ഥാനത്തിൽ വാദം കേട്ട് വിധി നിശ്ചയിച്ചിരിക്കുകയാണ്. വളർത്തുമൃഗങ്ങൾക്ക് പുരാണേതിഹാസങ്ങളിലെ നായകരുടെയോ ഈശ്വരന്മാരുടെയോ പേരിട്ടുകൂട എന്നാണ് നിശ്ചയം. വല്ല എ യെന്നോ ബി യെന്നോ ഒക്കെ വിളിക്കാം. പേരൊരു പ്രശ്നം തന്നെയാണ്. വളരെയൊന്നും മുമ്പല്ല, നമ്മുടെ നാട്ടിൽ ഭാര്യമാർ ഭർത്താവിന്റെ പേരുപറയാറില്ലായിരുന്നു. ഇവിടെയുള്ളയാൾ, കുട്ടികളുടെ അഛൻ എന്നൊക്കെയാണ് പറയുക പതിവ്.

വിശ്വഹിന്ദുപരിഷത്ത് എന്ന സംഘപരിവാർ സംഘടന ബംഗാളിലെ ഹൈക്കോടതിയിൽ കൊടുത്ത കേസിൽ വളരെ നിസ്സാരമായ ഒരാവശ്യമേ ഉന്നയിച്ചിരുന്നുള്ളൂ. അക്ബർ എന്ന പേരിൽ അറിയപ്പെടുന്ന സിംഹത്തിനൊപ്പം സീത എന്ന പേരിട്ടിട്ടുള്ള സിംഹത്തെ പർപ്പിക്കരുത്. കേസ് പരിഗണനക്കെത്തി പത്തു ദിവസത്തിനകം തന്നെ താൽക്കാലിക തീർപ്പുണ്ടാക്കി നീതിപീഠം റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു. കാരണം വികാരമിളകുന്ന പ്രശ്നമാണ്. ശാന്തം പാപം. അക്ബർ നാമധാരിയായ സിംഹത്തിനും സീതാ നാമധാരിണിയായ സിഹത്തിനും ഒരേയിടത്തുകഴിയുമ്പോൾ വൈകാരികാനുഭൂതിയുണ്ടാകാം. അത് വലിയ സംഭവവികാസങ്ങളുണ്ടാക്കം. അതിനാൽ പെട്ടെന്നുതന്നെ തീർപ്പാകേണ്ട പ്രശ്നമാണ്. ഏറ്റവും ഔചിത്യത്തോടെയാണ് കോടതി അക്കാര്യം അതിവേഗത്തിൽ കൈകാര്യംചെയ്തത്.

പക്ഷേ ഇട്ട പേര് പിൻവലിക്കാൻ പറ്റുമോ പിൻവലിച്ചാലും പ്രശ്നപരിഹാരമാവുമോ എന്നതൊക്കെയാണ് പുതിയ പ്രശ്നം. മാതാപിതാക്കൾ ഇട്ട് പേരിന് പരിഷ്കാരം പോരെന്ന് വിചാരിച്ച് പേരുമാറ്റുന്നവരുണ്ട്, കുറച്ച് പണവും പരിഷ്കാരവും വരുമ്പോൾ. ഗസറ്റിൽ പരസ്യപ്പെടുത്തുകയാണ് ചെയ്യുക. പക്ഷേ ആദ്യത്തെ പേരറിയുന്നവർ അതേ വിളിക്കൂ. അതല്ലെങ്കിൽ പഴയ പേരും പുതുക്കിയതും കൂട്ടിക്കലർത്തി വിളിക്കും. അക്ബർ സിംഹത്തെ റോമിയോ സിംഹമെന്ന പേരിലാക്കിയാണ് ഹൈക്കോടതി വിധിപ്രകാരം ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതെന്നു വിചാരിക്കുക. സീത എന്ന പേരുള്ള സിംഹത്തെ ജൂലിയറ്റെന്നാണ് പുനർനാമകരണംചെയ്യുന്നതെന്നും വിചാരിക്കുക- അതിനെ തിരിച്ചറിയാൻ കഴിയാവുന്നവർ വിളിക്കുക അക്ബർ റോമിയോ എന്നും സീതാ ജൂലിയറ്റ് എന്നുമായിരിക്കില്ലേ എന്നതാണ് പ്രശ്നം.

റോമിയോ ആൻഡ് ജൂലിയറ്റ് (ചിത്രകാരന്റെ ഭാവനയിൽ)

ഇവിടെയും ഗുരുതരമായഒരു പ്രശ്നം ആവിർഭവിക്കും. ലോകോത്തര കഥാപാത്രങ്ങളായ റോമിയോവിന്റെയും ജൂലിയറ്റിന്റെയും പേര് സിംഹങ്ങൾക്കിടാമോ. മിത്തുകളിലെ പേരോ മഹാന്മാരുടെയോ ദൈവങ്ങളുടെയോ പേര് പാടില്ലെന്നേ ഇടക്കാലത്ത് വാക്കാൽ നിർദേശത്തിൽ കോടതി പറഞ്ഞിട്ടുള്ളൂ. ബാക്കി ഇനി വരാനിരിക്കുകയാണ്. ഏതായാലും സിംഹങ്ങളുടെ പേര് അതിട്ട ത്രിപുര സർക്കാർ തന്നെ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. അത് സംഘപരിവാർ സർക്കാർ തന്നെയാണെന്നതിനാൽ തൽക്കാലം വിദ്വേഷപ്രചരണമോ വികാരമിളക്കലോ ഉണ്ടാകില്ലായിരിക്കാം. 

ഒരു പേരിലെന്തിരിക്കുന്നുവെന്നത് പണ്ട് ജൂലിയറ്റ് റോമിയോയോട് ചോദിച്ചതാണ്. അതിന് ഒരർഥമല്ലല്ലോ ഉള്ളത്. പേരുമാററുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് റോമിയോ പറഞ്ഞതെങ്കിലും പേരുമാറ്റേണ്ടി വരുന്നത് പേരിലാണെല്ലാ പ്രശ്നവുമുള്ളതെന്നാണല്ലോ സൂചിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമിനെ അമേരിക്കയിലെ വിമാനത്താവളത്തിൽ അപമാനകരമാംവിധം പരിശോധിച്ചത് പേരിന്റെ പേരിലാണല്ലോ. അപ്പോൾ പേര് പ്രശ്നമാണ്. സിംഹത്തിന് സീതയുടെ പേരിട്ടതല്ല വിശ്വഹിന്ദുപരിഷത്തിന്റെ പ്രതിഷേധത്തിന് കാരണം. സീതയെന്നോ രാമനെന്നോ ഒക്കെ സിംഹത്തിന് പേരിടാം. ആനയ്ക്കു പേരിടാം. മനുഷ്യന് പേരിടാമോ എന്നത് ചോദ്യചിഹ്നമാണ്. മുമ്പാണെങ്കിൽ എല്ലാ മനുഷ്യർക്കും ആ പേരൊന്നും ഇട്ടുകൂട. ദളിത്-പിന്നാക്ക വിഭാഗത്തിലാണെങ്കിൽ രാമൻ, സീത, കൃഷ്ണൻ എന്നൊന്നും പേരുപറ്റില്ല. പുരാണേതിഹാസങ്ങളിലെ പേരുകൾ, ദൈവങ്ങളുടെ പേരുകൾപാടേയില്ല. 

ഇപ്പോഴും നമ്മൾ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശത്തിന്റെ ഭവിഷ്യത്തിലേക്കെത്തിയിട്ടില്ല. കുത്തിക്കുത്തി നോക്കിയാൽ ദൈവങ്ങളുടെയോ പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങളുടെയേ പേരല്ലാതെ പേരേതുണ്ടിവിടെ. പുരാണേതിഹാസങ്ങളും മതഗ്രന്ഥങ്ങളും എല്ലാ വിഭാഗത്തിനുമുണ്ടല്ലോ. ഏതു പേരിട്ടാലും അതിനെ ദൈവത്തിന്റെയോ പുരാണകഥാപാത്രങ്ങളുടെയോ പര്യായമായി വ്യാഖ്യാനിക്കാനാണോ പ്രയാസം. പിന്നെ ഒരേയൊരു മാർഗമേയുള്ള വളരെ ജാഗ്രതയോടെ വെറും നമ്പറുകളോ പ്രത്യേക അർഥം വ്യാഖ്യാനിക്കാനാവാത്ത അക്ഷരക്കൂട്ടോ കൊണ്ട് പേരാക്കി ഇടുക. അപ്പോഴുള്ള കുഴപ്പം നമ്മുടെ ആനകളുടെയും പൂച്ചകളുടെയും നായകളുടെയുമൊക്കെ പേരുകൾ മാറ്റേണ്ടിവരും. പുനർനാമകരണമഹാമഹം. 

ഹിന്ദു പേരാണെന്നു പറയുന്ന സീത മുസ്ലിം പേരായ അക്ബറുമായെങ്ങനെ ചേരും അഥവാ ആ പേരുകാർ ഒരിടത്തെങ്ങനെ കഴിയും എന്ന ചോദ്യമാണ്, വിദ്വേഷചോദ്യമാണ് വിശ്വഹിന്ദുപരിഷത്ത് മുന്നോട്ടുവെച്ചത് എന്നതിന്റെ അന്തസ്സത്ത നീതിപീഠം മനസ്സിലാക്കിയില്ലെന്ന് ഊഹിക്കുന്നത് ശരിയല്ലല്ലോ.

എ.പി.ജെ. അബ്ദുൽ കലാം

ഇനി വരാൻപോകുന്ന കേസുകളെക്കുറിച്ച് നീതിപീഠം ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷമാണ് സംഭവിക്കാൻ പോകുന്നതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. കന്യാകുമാരി നമ്മുടെ രാജ്യത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ മുനമ്പാണ്. കന്യാകുമാരിയെ വലയംചെയ്ത് അറബിക്കടലും ഹിന്ദുമഹാസമുദ്രവും ബംഗാൾ ഉൾക്കടലുമുണ്ട്. ഇന്ത്യയിലെ പല പ്രധാന ക്ഷേത്രനഗരങ്ങളും അറബിക്കടലിന്റെ ഓരത്താണ്. അറബിക്കടലും ഹിന്ദുമഹാസമുദ്രവും സംഗമിക്കുന്നത് കെട്ടുപിണയുന്നത് ശാന്തം പാപം. അറബിക്കടലിന്റെ പേര് അങ്ങനെതന്നെ നിലനിൽക്കേണ്ടതാണോ- കേസിന് സ്കോപ്പില്ലേ. പേരുമാറ്റിയിട്ടൊന്നും കാര്യമില്ല. കൂടിച്ചേരുന്നതാണ് മിശ്രമാണ്, പ്രശ്നം. അതുകൊണ്ട് ഭാവിയിലെങ്കിലും അത്തരം മിശ്രമില്ലാതിരിക്കാൻ രണ്ടു കടലിനെയും വേർതിരിക്കുന്ന ഭിത്തി ആലോചിക്കാവുന്നതാണ്. ബംഗാൾ ഉൾക്കടലിന്റെ കാര്യത്തിലും പ്രശ്നമില്ലാതില്ല. ബംഗ്ലാദേശിനെ ചുറ്റിപ്പറ്റിയാണത് തെക്കോട്ടൊഴുകുന്നത്. പുണ്യപാവനമായ കന്യാകുമാരിയെ അതും ചൂഴുന്നു. പരിവാറുകാരുടെ തലയിൽ എന്തെന്ത് രൂക്ഷമായ പ്രശ്നങ്ങളാണ്. അറബിക്കടലും ബംഗാൾ ഉൾക്കടലും. അടുത്ത ഘട്ടത്തിൽ ആലോചിക്കാവുന്ന മറ്റൊരു പ്രശ്നമുണ്ട്. ഭാഷയാണത്. ഹിന്ദു എന്ന പദം അറബിയിലുള്ളതാണ്. മ്ലേഛരായി നിങ്ങൾ പ്രചരിപ്പിക്കുന്ന അറബികളുടെ ഭാഷയിലെ പദം. പേർഷ്യൻ പദവുമാണ് ഹിന്ദു. സിന്ധുനദി അവർക്ക് ഹിന്ദുനദിയാണ്. അങ്ങനെ നൂറുകണക്കിന് അറബി-പേർഷ്യൻ വാക്കുകളുണ്ട് ഹിന്ദിയിൽ – അതിനെയൊക്കെയങ്ങ് പടിയടച്ച് പിണ്ഡംവെക്കേണ്ടെ. ഇല്ല അധികം സമയമൊന്നും വേണ്ടിവരില്ല.

ജൂലിയറ്റാണല്ലോ ഒരു പേരിലെന്തിരിക്കുന്നുവെന്ന ഹിമാലയൻ ചോദ്യത്തിന്റെ കർത്താവ്. ഹിന്ദുവല്ലാത്ത മഹാനായ സാഹിത്യകാരനാണ് ഷേക്സ്പിയർ. അദ്ദേഹമാണ് റോമിയോവിനെയും ജൂലിയറ്റിനെയും കണ്ടത്. വെറോണയിലെ വിരോധികളായ രണ്ട് പ്രഭുക്കന്മാരുടെ മക്കളാണവർ. കാപ്യുലറ്റ് പ്രഭുവിന്റെ മകൾ ജൂലിയറ്റ്. മൊണ്ടഗ്യു പ്രഭുവിന്റെ മകൻ റോമിയോ. മൊണ്ടഗ്യു കുടുംബവും കാപ്യുലറ്റ് കുടുംബവും പരമ്പരാഗത ശത്രുക്കൾ. പരസ്പരം കടിച്ചുകീറാൻ തക്കം പാർത്തുനിൽക്കുന്നവർ. പക്ഷേ അവരുടെ മക്കൾ- പരസ്പരം അനുരക്തരായി. 

ആജന്മശത്രു കുടുംബത്തിലെ അംഗമാണ് റോമിയോ എന്നു മനസ്സിലാക്കിയപ്പോൾ ജൂലിയറ്റ് പറയുന്നു സ്വഗതമെന്നോണം- എന്റെ ഒരേയൊരു വിദ്വേഷത്തിൽ നിന്നാണല്ലോ എന്റെ ഒരേയൊരു സ്നേഹം ജനിക്കുന്നത്.

പക്ഷേ അവരുടെ അനുരാഗം വളരുകയാണ്. നിങ്ങൾ എന്തിനാണ് റോമിയോ ആയിരിക്കുന്നത്. ആ പേരില്ലെങ്കിലും നിങ്ങൾ നിങ്ങൾ തന്നെയല്ലേ. നിങ്ങൾ മൊണ്ടഗ്യു എന്ന കുടുംബപ്പേർ ഉപേക്ഷിച്ചാലും നിങ്ങൾതന്നെയാണ്. അങ്ങനെ ഉപേക്ഷിച്ചാൽ ഞാൻ കാപ്യുലറ്റ് എന്ന് കുടുംബപ്പേർ ഉപേക്ഷിക്കാം. മറ്റൊരു പേർ സ്വീകരിക്കൂ. ഒരു പേരിൽ എന്തിരിക്കുന്നു. പനിനീർപ്പൂവിനെ മറ്റെന്തെങ്കിലും പേരിൽ വിളിച്ചാലും അതിന്റെ സുഗന്ധത്തിന് മാറ്റമുണ്ടാകില്ലല്ലോ. 

ജൂലിയറ്റിന്റെ ഈ വാക്കുകളിൽ ഷേക്സ്പിയറുടെ സൂചന പേരോ തറവാട്ടുപേരോ തറവാട്ടുമഹിമയോ ജാതിയോ മതമോ അല്ല മനുഷ്യഗുണത്തിന്റെ മാനദണ്ഡമെന്നാണ്. അടിസ്ഥാനപരമായി മനുഷ്യൻ, മനുഷ്യത്വം. അതാണ്. വംശീയമായ അഥവാ തറവാടുപരമായ ശത്രുത ഭാവിയിലേക്കും വ്യാപിച്ച് തീവ്രദുരന്തത്തിലെത്തുന്നതാണല്ലോ റോമിയോവിന്റെയും ജൂലിയറ്റിന്റെയും കഥ. ശത്രുക്കളായ കപ്യൂലറ്റും മൊണ്ടഗ്യുവും ബാക്കിയാവുന്നു, റോമിയോവും ജൂലിയറ്റും പ്രണയത്തിന്റെ രക്തസാക്ഷികളും.

മനുഷ്യന്റെ മേധാവിത്വമോഹത്തിന്റെയും അധികാരക്കൊതിയുടെയും ഭാഗമായ ജാതിമത ഭേദചിന്ത മൃഗങ്ങളിലേക്കും കൂടി വ്യാപിപ്പിച്ചുകഴിഞ്ഞ കാടത്ത രാഷ്ട്രീയത്തിലേക്ക് ഇന്ത്യ തലകുത്തിവീഴുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് അക്ബർ- സീത സിംഹ പ്പേരുകേസ്. സിന്ധുനദീതട നാഗരികതയുണ്ടായ ഒരു രാജ്യത്തിന്റെ അവസ്ഥ.

പ്രധാനമന്ത്രി നരേന്ദ്രമോദി കുറേ മാസങ്ങളായി പരസ്യത്തിന്റെ ലോകത്താണ്. സഹസ്ര കോടികളാണ് പരസ്യത്തിനായി ചെലവഴിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിയെന്നതാണ് പരസ്യം. ചാനലുകളായ ചാനലുകളിലാകെ, അനുകൂല പത്രങ്ങളിലാകെ, സ്വകാര്യ റേഡിയോകളിലാകെ കാതുപൊട്ടുന്ന ശബ്ദത്തിൽ ആ ഗ്യാരണ്ടി അങ്ങനെ മുഴങ്ങുകയാണ്. ആ പരസ്യത്തിൽ ഉൾക്കൊള്ളിക്കാവുന്ന ഒരുഗ്രൻ രൂപകം പ്രയോഗിച്ചിരിക്കുകയാണ് മോദി. അതായത് കുചേലൻ സഹപാഠിയായ കൃഷ്ണനെ കാണാൻ ദ്വാരകയിലേക്ക് പോവുകയാണ്. മുണ്ടിൽ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും രണ്ടുംകൂടി കക്ഷത്തിങ്കലിടുക്കിക്കൊണ്ടാണ് കുചേലൻ വരുന്നത്. പൊതിയിലുള്ളത് കല്ലുംപൊടിയും നിറഞ്ഞ അവിലാണ്. കൃഷ്ണൻ സതീർഥ്യനായ കുചേലനെ ദൂരത്തുനിന്നേ കണ്ടു. ഓടിച്ചെന്ന് ആലിംഗനം ചെയ്തു. വിരുന്നുകാരൻ കൊണ്ടുവന്ന അവിലിൽ ഒരു പിടി സന്തോഷത്തോടെ ഭുജിച്ചു. ഇത്രയുമാണ് സംഭവിച്ചത്. ഇപ്പോഴത്തെ കാലത്താണെങ്കിൽ കൃഷ്ണൻ കുചേലനിൽ നിന്ന് കോഴ വാങ്ങിയെന്നാണ് കോടതി പറയുക, അഥവാ കേസുവരികയെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചതിന്റെ സാരം.

ഇലക്ട്രറൽ ബോണ്ട് പദ്ധതി സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയതാണ് മോദിയുടെ രൂപകത്തിന്റെ പശ്ചാത്തലം. കോർപ്പറേറ്റുകൾക്ക് രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്ര രൂപയും സംഭവനചെയ്യാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഖേന ബോണ്ട് നൽകാം. ആയിരക്കണക്കിന് കോടി രൂപയാണ് ഏതാനും വർഷംകൊണ്ട് ഈയിനത്തിൽ നൽകിയത്. ആര് നൽകി, എത്ര നൽകി എന്ന് വെളിപ്പെടുത്തേണ്ടതില്ല, വിവരാവകാശനിയമത്തിന് പുറത്താണ് ഇലക്ട്രറൽ ബോണ്ട്. ഫണ്ടിൽ നാലിൽ മൂന്നുഭാഗത്തിലേറെയും കിട്ടിയത് സ്വാഭാവികമായും കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിക്ക്. ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവര പ്രകാരം ഇ.ഡിയും ആദായ നികുതി വകുപ്പുകാരും നോട്ടമിട്ട, പരിശോധിപ്പിച്ച് പീഡിപ്പിക്കാൻ തുടങ്ങിയ കമ്പനികളാണ് നാന്നൂറ് കോടിയോളം രൂപ ഇലക്ടറൽ ബോണ്ടായി നൽകിയതെന്നാണ്. ഇ.ഡി നോട്ടീസയക്കും, അതല്ലെങ്കിൽ ആദായ നികുതി വകുപ്പുകാർ നോട്ടീസയക്കും. കമ്പനിക്കാർ ഭീതി കാരണം ഇലക്ടറൽ ബോണ്ട് കയ്യയച്ച് നൽകാൻ നിർബന്ധിതരാകുന്നു.

കേന്ദ്ര ഭരണകക്ഷിയുടെ ഈ ചാകരയെയാണ് സുപ്രിംകോടതി നിയമവിരുദ്ധമെന്നും ഭരണഘടനാവിരുദ്ധമെന്നും പ്രഖ്യാപിച്ച് റദ്ദാക്കിയത്. അതിനെക്കുറിച്ചാണ് അതായത് വൻകിയ കോർപ്പറേറ്റു കമ്പനികൾ നൽകുന്ന ശതകോടികളാണ് കുചേലന്റെ അവിൽ പ്പൊതിക്ക് തുല്യമെന്ന് രൂപണം ചെയ്യുന്നത്.

ശരിയാണ് കുചേലന്റെ ആ അവിൽ പൊതിയിൽ നിന്ന് ഒരു പിടി കൃഷ്ണൻ വാരിത്തിന്നപ്പോൾ എന്താണ് സംഭവിച്ചത്. കുചേലന്റെ കൊച്ചുകൂര മഹാ ബംഗ്ളാവായിച്ചമഞ്ഞു. കുചേലൻ കാറുകളും ബംഗ്ലാവുകളുമെല്ലാമുള്ള മുതലാളിയായി പരിണമിച്ചു. കുചേലനെ കുചേലൻ മുതലാളിയാക്കി മാറ്റിയ സാധനമാണ് ആ അവിൽ. മോദി പറഞ്ഞ ഈ ആധുനിക കുചേലൻ അംബാനിയാണോ അതോ അദാനിയാണോ എന്നതിലേ സംശയിക്കേണ്ടതുള്ളൂ.

About Author

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.