
‘തെണ്ടിക്കൂത്ത്’ എന്നായിരുന്നു രാമചന്ദ്രന്‍ മൊകേരി സ്ഥിരമായി അവതരിപ്പിച്ചുപോന്നിരുന്ന ഒരു നാടകത്തിന്റെ ശീര്‍ഷകം. മാഷ് തന്നെ പറയുന്നതു പോലെ, കൂത്ത് എന്ന ആവിഷ്‌ക്കാരരൂപവും തെണ്ടിയെന്ന (ആവിഷ്)കര്‍ത്താവും കൂടിച്ചേരുന്നതിനോട് സവര്‍ണാധികാരത്തിന്റെ അഭിരുചികള്‍ക്ക് ഒത്തു പോകാനാകില്ല. ‘തെണ്ടിക്കൂത്ത്’ പുസ്തകമായി പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷെ, സവര്‍ണരാലും അധികാരോന്മാദികളാലും നിറയ്ക്കപ്പെട്ട കാഴ്ചയുടെ പ്രതലത്തില്‍ നിന്നെല്ലാം അത് നിരന്തരം പുറത്താക്കപ്പെട്ടു.
ജോലിയൊന്നും ലഭിക്കാത്തതിനാലാണ് താന്‍ ഗവേഷണത്തിന് ചേര്‍ന്നതെന്ന് മാഷ് ഒരഭിമുഖത്തില്‍ പറയുന്നുണ്ട്. ഡോക്ടറേറ്റ് പിന്നീട് ലഭിയ്ക്കുകയും സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അപ്പോഴൊക്കെയും സാമ്പ്രദായികാധികാരത്തിന്റെ ചതുരവടിവുകള്‍ക്കു പുറത്തായിരുന്നു രാമചന്ദ്രന്‍ മൊകേരിയുടെ ജീവിതവും നാടകവും അരങ്ങും എല്ലാം.
തെരുവിലേയ്ക്ക് പ്രത്യേകം എടുത്തെറിയപ്പെടേണ്ടതില്ലാത്ത വിധത്തില്‍ സ്വയം തെണ്ടി എന്ന് സ്ഥിരമായി നാമകരണം ചെയ്താണ് മാഷ് നാടകത്തെ ഉള്ളിലേയ്ക്കാവാഹിക്കുകയും പുറത്തെടുത്തണിയുകയും ചെയ്തത്. അമ്മ അറിയാന്‍, ഒരേ തൂവല്‍പ്പക്ഷികള്‍, ഗലീലിയോ, പുറത്തിറങ്ങാനിരിയ്ക്കുന്ന ജോണ്‍ എന്നീ സിനിമകളിലാണ് മാഷ് അഭിനയിച്ചിട്ടുള്ളത്. അഥവാ മാഷിനെ ആ സിനിമകള്‍ ഉള്‍ക്കൊള്ളുകയായിരുന്നു.
അമ്മ അറിയാനില്‍, സര്‍വകലാശാല ക്യാമ്പസില്‍ എത്തുന്ന സഖാക്കള്‍, അക്കാലത്ത് തടവിലായിരുന്ന മണ്ടേലയെ വിമോചിപ്പിക്കാനായി ആഹ്വാനം ചെയ്തിരുന്ന നാടകപരിശീലനസ്ഥലത്തെത്തുന്നു. രാമചന്ദ്രന്‍ മൊകേരി, ഫ്രീ ഫ്രീ നെല്‍സണ്‍ മണ്ടേല എന്ന താളാത്മകവും മുദ്രാവാക്യ രൂപത്തിലുള്ളതുമായ സംഭാഷണഖണ്ഡം പൂര്‍ത്തീകരിച്ചാണ് അപ്പോഴെത്തിച്ചേര്‍ന്നവര്‍ക്കൊപ്പം ചേര്‍ന്ന് യാത്ര തുടങ്ങുന്നത്. കലയും സമരവും നാടകവും ജീവിതവും രാഷ്ട്രീയവുമെല്ലാം ഒന്നിന്റെ പൂരകമെന്ന നിലയില്‍ ഒന്ന് എന്ന വിധത്തില്‍ സംഭവിയ്ക്കുന്ന ഒരു കലാപകാലത്തിന്റെ അവശേഷിപ്പുകളാണ് മാഷുടെ ഭൗതികതിരോധാനത്തോടെ കാഴ്ചയില്‍ നിന്ന് മറഞ്ഞ് ഓര്‍മ്മയിലേയ്ക്ക് നിക്ഷേപിക്കപ്പെടുന്നത്.
രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച, ദൂരദര്‍ശന്‍ പല വട്ടം സംപ്രേക്ഷണം ചെയ്ത, ലോകമാകെ പ്രദര്‍ശിപ്പിച്ച ആനന്ദ് പട് വര്‍ദ്ധന്റെ ‘രാം കേ നാം’ എന്ന പ്രസിദ്ധമായ ഡോക്കുമെന്ററി ഒരു നാള്‍ പൊടുന്നനെ മലപ്പുറം ജില്ലയില്‍ മാത്രം നിരോധിക്കപ്പെട്ടു. കലക്ടര്‍ ഈ ഉത്തരവ് പിന്നീടൊരു തവണ കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു. ഇതിനെതിരായി, കേരളത്തിലെ സാംസ്‌ക്കാരിക ലോകം ഉണര്‍ന്നു പ്രതികരിച്ചു. ഫിലിം സൊസൈറ്റി പ്രവര്‍ത്തകരായിരുന്നു ആ പ്രതിരോധ സമരത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറം കുന്നുമ്മലില്‍ തെരുവോരത്തും തെരുവിനു നടുക്കുമായി ഒരു പകല്‍ മുഴുവന്‍ നീണ്ടു നില്ക്കുന്ന ഒരു പ്രതിഷേധ സംഗമം അന്ന് ഞങ്ങള്‍ നടത്തുകയുണ്ടായി. 2002 ജൂണ്‍ ജൂലൈ കാലത്തായിരുന്നു അത്.
പവിത്രന്‍, പി ടി കുഞ്ഞുമുഹമ്മദ്, പ്രിയനന്ദനന്‍, പി ബാലന്‍, ഡോ. ടി കെ രാമചന്ദ്രന്‍, രാഘവന്‍ പയ്യനാട്, കെ ഇ എന്‍ കുഞ്ഞഹമ്മദ്, വി കെ ജോസഫ്, ശരത് ചന്ദ്രന്‍, ടി കെ ഹംസ, പി അപ്പുക്കുട്ടന്‍, ഡോ. എന്‍ വി പി ഉണിത്തിരി എന്നിങ്ങനെ നിരവധി പ്രമുഖര്‍ ആ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു. പരിപാടിയ്ക്ക് തീരുമാനിയ്ക്കപ്പെട്ട തീയതിയ്‌ക്കേതാനും ദിവസം മുമ്പ് രാമചന്ദ്രന്‍ മൊകേരി മാഷ് എന്നെ വിളിച്ചു. (അതോ നേരില്‍ കാണുകയായിരുന്നോ എന്നോര്‍മ്മയില്ല). ഗുജറാത്ത് വംശഹത്യ നടന്നിട്ട് മൂന്നോ നാലോ മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഗുജറാത്ത് സംബന്ധമായി എന്റെ മനസ്സിനെ മഥിയ്ക്കുന്ന വിഷ്വല്‍ ഏതാണെന്നായിരുന്നു മാഷ് എന്നോട് ചോദിച്ചത്. ആ ചോദ്യം തന്നെ, ജീവിതവും നാടകവും രാഷ്ട്രീയവും ഓര്‍മ്മയും എല്ലാം കൂടിക്കലരുന്ന ഒരു നിമിത്തമായി ഇപ്പോള്‍ അനുഭവിയ്ക്കുന്നു. വേട്ടക്കാരായി ആരും പ്രവര്‍ത്തിക്കാതിരുന്ന മധ്യവര്‍ഗ ഹൗസിംഗ് കോളനികളിലെ പുരുഷന്മാര്‍ക്ക്, ഇറങ്ങിക്കളിച്ച വേട്ടക്കാര്‍ താമസിച്ചിരുന്ന കോളനികളിലെ സ്ത്രീകള്‍, കുപ്പിവളകള്‍ കൊടുത്തയച്ചു എന്ന വാര്‍ത്തയായിരുന്നു കൂര്‍ത്ത ദൃശ്യമായി എന്റെ മനസ്സില്‍ തറഞ്ഞിരുന്നത്. അതാണ് ഞാന്‍ പറഞ്ഞത്. മാഷും ഭാര്യയും ചേര്‍ന്ന് മലപ്പുറം തെരുവില്‍ അവതരിപ്പിച്ച തെണ്ടിക്കൂത്തില്‍ ഈ വിഷ്വലിന്റെ നാടകീയത ഉള്‍പ്പെടുത്തിയത് ഓര്‍ക്കുന്നു. സ്ത്രീത്വം, ആണത്തം, റൊമാന്റിക് മൂഡുകള്‍, പ്രണയം എന്നിങ്ങനെ പല അനുഭവലോകങ്ങളുടെയും ചരമമായിരുന്നു ആ വിഷ്വല്‍. രേവതി ലോളിന്റെ വെറുപ്പിന്റെ ശരീരശാസ്ത്രം എന്ന പുസ്തകം ഈയടുത്ത് വായിച്ചപ്പോള്‍, ആ വിഷ്വലുകളും രാമചന്ദ്രന്‍ മൊകേരിയുടെ അവതരണങ്ങളും വീണ്ടും ഓര്‍മ്മയിലേയ്ക്ക് കടന്നു വന്നിരുന്നു.
തീവ്ര ഇടതുപക്ഷധാരയുടെ ആശയങ്ങള്‍ക്കൊപ്പമാണ് മാഷ് സഞ്ചരിച്ചത്. അതിനാല്‍ അറസ്റ്റുകളും തടവറകളും എല്ലാം നേരിടേണ്ടി വന്നു. കോടതികളെയും ജയിലുകളെയും സര്‍ഗാത്മക ജീവിതത്തിന്റെ അരങ്ങുകളാക്കി മാറ്റാന്‍ മാഷിനും സഖാക്കള്‍ക്കും സാധിച്ചു. കോഴിക്കോട്ടെ മാനാഞ്ചിറ സ്വകയറില്‍ തെണ്ടിക്കൂത്ത് അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന മാഷിന്റെ നേര്‍ക്ക് ഒരു പോലീസുകാരന്‍ അറസ്റ്റു ചെയ്യാനെന്നോണം കടന്നു വന്നു. അതാ ഒരു പോലീസുകാരന്‍ ഇങ്ങോട്ടുകടന്നു വരുന്നു. അയാള്‍ എന്നെ അറസ്റ്റു ചെയ്‌തേയ്ക്കും. അതോടെ ഈ നാടകം പോലീസ് സ്‌റ്റേഷനിലേയ്ക്കും കോടതിയിലേയ്ക്കും ജയിലിലേയ്ക്കും മാറുന്നതാണ് കാണുന്നത്. ഇതാണ് മാഷുടെ തെണ്ടിക്കൂത്തിന്റെ നിരന്തര രൂപപരിണാമങ്ങള്‍.
നാടകരംഗത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കകത്തും നിലനിന്നു പോരുന്ന ശക്തമായ ജാത്യഹങ്കാരത്തെ മാഷ് സധൈര്യം നേരിട്ടു. മാര്‍ക്‌സിസ്റ്റായിരുന്ന രാമചന്ദ്രന്‍ മൊകേരി, അംബേദ്ക്കറിസ്റ്റായിട്ടാണ് അവസാന കാലം സ്വയം പരിണാമപ്പെട്ടത്. നാട്യശാസ്ത്രവും ഫോര്‍ഡ് ഫൗണ്ടേഷനും ചേരുന്ന ഒരു പദ്ധതിയാണ് സ്‌കൂള്‍ ഓഫ് ഡ്രാമ എന്ന് കൃത്യമായി തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധ്യമാവുന്നത് ഈ കാഴ്ചപ്പാട് മൂലമാണ്. സംവിധാനമെന്നത് ബ്രാഹ്മണന്റെ കുത്തകയും അഭിനയമെന്നത് കീഴാളന്റെ ജോലിയുമായിത്തീരുന്ന വിധത്തില്‍ നാടക-ലോകത്തിനകത്തുള്ള ജാതിയെ നിശിതമായി അടയാളപ്പെടുത്താനും മാഷ്‌ക്ക് സാധ്യമായി.
ഗലീലിയോ, ഇബ്‌സന്റെ ഭൂതങ്ങള്‍, എംപറര്‍ ജോണ്‍സിന്റെ മലയാള രംഗാവിഷ്‌ക്കാരം, സ്പാര്‍ട്ടാക്കസ്, ദാരിയോഫോയുടെ അരാജകവാദിയുടെ അപകടമരണം എന്നിങ്ങനെ ലോകനാടകവേദിയേയും പി എം താജ് അടക്കമുള്ള മലയാള നാടകത്തിന്റെ ജീവന്‍ തുടിയ്ക്കുന്ന ധാരയേയും അവതരിപ്പിക്കാന്‍ രാമചന്ദ്രന്‍ മൊകേരിയ്ക്ക് സാധിച്ചു. നാടകരംഗത്തു നിന്നിറങ്ങുന്ന ‘ആധികാരിക’ ചരിത്രങ്ങള്‍ സവര്‍ണ്ണത്തമ്പുരാക്കന്മാരുടെ ആത്മകഥകള്‍ മാത്രമാണെന്ന മാഷുടെ നിരീക്ഷണവും ശ്രദ്ധേയമാണ്. ഫ്യൂഡല്‍-ബ്രാഹ്മണിക്- കൊളോണിയല്‍ അധിനിവേശത്തിന്റെ മിച്ചമുള്ള ചോറാണ് ഇവിടെ നാടകമായി വേവുന്നത് എന്ന നിരീക്ഷണം സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹം ഉന്നയിച്ചു. കേരളത്തില്‍ ആഘോഷിയ്ക്കപ്പെടുന്ന ഏതു നാടകവും ജാതി ആധിപത്യത്തിന്റെ വലിയൊരു ലോകം മാത്രമാണ്.
ബ്രെഹ്റ്റ് അടക്കമുള്ളവരെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്, അട്ടപ്പാടിയെ നാടകവത്ക്കരിക്കാനും രാമചന്ദ്രന്‍ മൊകേരി തുനിഞ്ഞു. ഒരുമിച്ചഭിനയിക്കാനുള്ള സാധ്യതകള്‍, പ്രേക്ഷകന് എപ്പോഴും അഭിനേതാവായി മാറാനുള്ള വാതിലുകള്‍, വിയര്‍പ്പു തൊട്ട് കെട്ടിപ്പിടിച്ചഭിനയിക്കാനുള്ള അവസരങ്ങള്‍ എന്നിവയാണ് സമാഹരിയ്‌ക്കേണ്ടത് എന്നദ്ദേഹം പറയുന്നു. അഭിനയം ഒരു വിമോചന പ്രവര്‍ത്തനം ആകുമ്പോള്‍ മാത്രമാണ് നാടകം സ്വതന്ത്രമാവുന്നത്. സ്വതന്ത്രമായില്ലെങ്കില്‍ നാടകം കൊണ്ട് എന്തു പ്രയോജനം? പരമ്പരാഗത നാടകങ്ങളില്‍ നടന്‍ കൂട്ടിലിട്ട ഒരു ജന്തു(കേയ്ജ്ഡ് ആനിമല്‍) മാത്രമാണ്. ഇതു വിളിച്ചു പറയുന്നത് അഭിനയിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ്. അതിനെ കൂത്തധികാരത്തിനായുള്ള സമരം എന്ന് രാമചന്ദ്രന്‍ മൊകേരി നിര്‍വചിച്ചു.
…………………….
(റെഫറന്‍സ് : 1. പട് വര്‍ദ്ധന്‍ ഡോട്ട് കോം
2. കൂത്തധികാരത്തിന്റെ രാഷ്ട്രീയ മാനിഫെസ്റ്റോ -ഡോ രാമചന്ദ്രന്‍ മൊകേരിയുമായി ദീപക് നാരായണന്‍ നടത്തിയ സംഭാഷണം (സമകാലിക മലയാളം)
3. മലയാള നാടകവേദി ഉത്തരാധുനികമാണോ – ഡോ. മഹേഷ് മംഗലാട്ട് (ഡബ്ല്യു ടി പി ലൈവ്)