A Unique Multilingual Media Platform

The AIDEM

Articles Politics

ഭരണഘടനയുടെ ദശകം; പക്ഷെ….

  • September 3, 2022
  • 1 min read
ഭരണഘടനയുടെ ദശകം; പക്ഷെ….
ഒരേ സമയം ശുഭാപ്തി വിശ്വാസത്തിൻറെ ആകാശങ്ങൾ സ്പർശിക്കുകയും യാഥാർഥ്യ ബോധത്തിന്റെ പരുപരുത്ത നിലത്തെ ഉരച്ചു കാണിക്കുകയും ചെയ്ത ഒരു പ്രഖ്യാപനത്തോടെയാണ് ഇന്ത്യ എന്ന രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്ത്  വെച്ചത്. “ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1947 ആഗസ്റ്റ് 14ന്‍റെ അർദ്ധരാത്രിയിൽ, “വിധിയുമായുള്ള സമാഗമം “ ( Tryst  with Destiny) എന്ന് അടയാളപ്പെടുത്തിയ വിശ്വപ്രസിദ്ധമായ പ്രസംഗത്തിലൂടെയായിരുന്നു ഈ കാൽവെപ്പ്.  ഇന്ത്യയുടെ ആശയാഭിലാഷങ്ങളും കർത്തവ്യങ്ങളും ലോകവുമായുള്ള ബന്ധവും വികാരവായ്‌പോടെയും സ്ഥിതപ്രജ്ഞതയോടെയും അവതരിപ്പിച്ച ആ പ്രഖ്യാപനത്തിലേക്ക് സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിൽ തിരിഞ്ഞു നോക്കുന്നതിന് സവിശേഷ പ്രസക്തിയുണ്ട്.
ആ പ്രഖ്യാപനത്തിലെ ഒരു സുപ്രധാന ഭാഗം  ഇങ്ങനെയായിരുന്നു. “ നീണ്ട വർഷങ്ങൾക്ക് മുമ്പ് നാം വിധിയുമായി  ഒരു സമാഗമം നിശ്ചയിച്ചു. ഇപ്പോൾ ആ പ്രതിജ്ഞ പൂർത്തീകരിക്കാനുള്ള സമയം വന്നിരിക്കുന്നു. സമ്പൂർണ്ണമായോ  പൂർണമായോ ഉള്ള  അളവിലല്ല. പക്ഷേ വളരെ സാരവത്തായി തന്നെ. ഈ പാതിരാവിൽ ലോകം ഉറങ്ങുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്.  ഒരു സന്ദർഭം വരുന്നു, അത് ചരിത്രത്തിൽ അപൂർവമായി വരുന്നതാണ്,  നാം പഴമയിൽ നിന്ന് പുതുമയിലേക്ക് കാലെടുത്ത് വെക്കുന്നു. ഒരു യുഗം അവസാനിക്കുന്നു, നീണ്ട നാൾ അടിച്ചമർത്തപ്പെട്ട  ഒരു ദേശത്തിൻറെ ആത്മാവ് ഉച്ചാരണം കണ്ടെത്തുന്നു.. നമ്മുടെ തലമുറ കണ്ട ഏറ്റവും വലിയ മനുഷ്യന്റെ തീവ്രമായ ഇച്ഛ എല്ലാ കണ്ണുകളിൽ നിന്നും കണ്ണീർ തുടയ്ക്കുക എന്നതായിരുന്നു. അത് ഒരു പക്ഷെ നമ്മെ കൊണ്ട് സാധിച്ചു കൊള്ളണം എന്നില്ല, പക്ഷേ  കണ്ണീരും  ദുരിതവും ഉള്ള കാലത്തോളം നമ്മുടെ ജോലി തീരുകയില്ല.  അത് കൊണ്ട് നമ്മുടെ മുന്നിൽ ഉള്ളത് കഠിനാദ്ധ്വാനത്തിന്റെ വഴികളാണ്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള കഠിനാദ്ധ്വാനം. ഈ സ്വപ്‌നങ്ങൾ ഇന്ത്യക്കായുള്ളതാണ്, പക്ഷെ അവ ലോകത്തിനുള്ളതുമാണ്. “
ആ രാത്രി നെഹ്‌റുവിന്റെ “ വിധിയുമായുള്ള സമാഗമം “ റേഡിയോയിൽ കേൾക്കുകയും ആവേശത്തോടെ അതിനെ സ്വീകരിക്കുകയും ചെയ്ത  രണ്ടു പേരെ പിൽക്കാലത്ത് – കൃത്യമായി പറഞ്ഞാൽ 1980 കളുടെ അവസാന പാതിയിൽ – ഞാൻ പരിചയപ്പെടുകയുണ്ടായി. പശ്ചിമ ഉത്തർപ്രദേശിൽ മീററ്റിൽ നിന്നുള്ള ഹരിരാജ്‌ സിങ് ത്യാഗിയും ഉത്തർപ്രദേശിൽ തന്നെ മധ്യഭാഗത്തിനു അടുത്തുള്ള ഇറ്റാവയിൽ നിന്നുള്ള കൃഷ്ണൻ ദുബെ എന്ന കൃഷ്ണചന്ദ്ര ദുബെയും. 1947 ൽ ഇരുവർക്കും പ്രായം ഇരുപതിൽ താഴെയാണ്. സ്വാതന്ത്ര്യസമരക്കാലത്തെ ചെറുപ്പക്കാർക്ക് സഹജമായ രീതിയിൽ രണ്ടു പേരും ദേശീയവിമോചന പോരാട്ടങ്ങളിൽ ഭാഗഭാക്കായിരുന്നു. ദേശീയവും സാർവദേശീയവുമായ  രാഷ്ട്രീയ – പ്രത്യയശാസ്ത്ര, സാമൂഹിക – സാംസ്കാരിക കാര്യങ്ങളിൽ അതീവ തല്പരർ.
കൃഷ്ണൻ ദുബെ, കടപ്പാട് – ഇ പി ഉണ്ണി (ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ് ഇന്ത്യൻ എക്സ്പ്രസ്സ്)
ത്യാഗിജി ടീൻ ഏജിൽ തന്നെ സ്വാതന്ത്ര്യ സമര സേനാനിയായി ജയിൽവാസം കഴിഞ്ഞെത്തിയ ആൾ. ദുബെജിയുടെ ഒന്നര  വർഷത്തോളം നീണ്ട കാരാഗൃഹവാസത്തിനു പിന്നെയും കുറെ സമയം എടുത്തു ; സ്വാതന്ത്ര്യത്തിന്റെ രണ്ടാം ദശകത്തിൽ 1965 ലാണ്  അത് നടക്കുന്നത്. രണ്ടു പേരുടെയും രാഷ്‌ട്രീയ സജീവതയുടെ തോത് എടുത്ത് കാണിക്കുന്നത് കൂടിയാണ് ഈ  രാഷ്ട്രീയതടവ് ജീവിത നഖചിത്രം.
എന്ന് മാത്രമല്ല,  ഇവർ രണ്ടു പേരുടെ അനുഭവങ്ങളും പരിപ്രേക്ഷ്യങ്ങളും  സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകത്തിലെ നിർണായക സ്വാധീനങ്ങളെ അടയാളപ്പെടുത്താൻ സഹായകരമാണെന്ന് ഞാൻ കരുതുന്നു. മറ്റെവിടെയും രേഖപ്പെടുത്താത്ത ഈ  അനുഭവങ്ങളും  പരിപ്രേക്ഷ്യങ്ങളും, ഏഴരയുടെ “ ആദ്യ  ലക്കത്തിൽ പരാമർശിച്ച സ്വതന്ത്ര ഇന്ത്യയുടെ 75  വർഷത്തെ രാഷ്ട്രീയ- സാമൂഹിക – സാംസ്കാരിക  തലത്തിലെ അടിസ്ഥാനപരമായ ദിശാമാറ്റങ്ങളെ ( “ പാരഡൈം ഷിഫ്റ്റുകളെ “) സംബന്ധിച്ച ചർച്ചയെ മുന്നോട്ട് കൊണ്ടു പോകാനുള്ള ത്വരകവും ആയേക്കാം.
ആദ്യമായി കേട്ട സമയത്ത് തന്നെ നെഹ്‌റുവിന്റെ പ്രസംഗം ചാൾസ്ഡിക്കൻസിന്റെ “ രണ്ടു നഗരങ്ങളുടെ കഥ “ ( Tale of Two Cities “) യെ ഓര്മിപ്പിച്ചിരുന്നു എന്ന് ദുബെജി പറയാറുണ്ടായിരുന്നു.  പ്രത്യേകിച്ചും, വിശ്വസാഹിത്യത്തിലെ  തന്നെ ഏറ്റവും തീക്ഷ്ണമായ നോവൽ തുടക്കങ്ങളിലൊന്ന് കരുതപ്പെടുന്ന ആദ്യ വരികളെ. “ കാലങ്ങളിൽ ഏറ്റവും മികച്ചതായിരുന്നു അത്. കാലങ്ങളിൽ ഏറ്റവും മോശവും. അത് വിവേകത്തിന്റെ യുഗമായിരുന്നു. അത് ബുദ്ധിമോശത്തിന്റെ യുഗവുമായിരുന്നു. അത് വിശ്വാസത്തിന്റെ വിശിഷ്ട കാലമായിരുന്നു. അത് അവിശ്വാസത്തിന്റെ വിശിഷ്ട സമയവുമായിരുന്നു. അത് വെളിച്ചത്തിന്റെ വേളയായിരുന്നു. അത് അന്ധകാരത്തിന്റെ വേളയുമായിരുന്നു. അത് പ്രതീക്ഷയുടെ വസന്തമായിരുന്നു. അത് നിരാശതയുടെ ശൈത്യവുമായിരുന്നു. ഞങ്ങളുടെ മുന്നിൽ എല്ലാമുണ്ടായിരുന്നു. ഞങ്ങളുടെ മുന്നിൽ ഒന്നുമുണ്ടായിരുന്നില്ല.. “
സ്വാതന്ത്ര്യവും  ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വിഭജനവും ഒന്നിച്ചു നടന്ന ആ  സമയത്ത് “ രണ്ടു നഗരങ്ങളുടെ കഥ “ യുടെ ഈ ആദ്യവരികളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദിവസങ്ങളും  തമ്മിലുള്ള സാമ്യം ഓരോ ദിവസവും അനുഭവേദ്യമാകുമായിരുന്നു എന്ന് പിൽക്കാലത്ത് ഉത്തരേന്ത്യയിലെ അറിയപ്പെടുന്ന രാഷ്ട്രീയനിരീക്ഷകനും പത്രപ്രവർത്തകനുമായി മാറിയ ദുബെജി പറയുമായിരുന്നു. അതിർത്തി കടന്നു പോവുകയും വരികയും ചെയ്യുന്ന തീവണ്ടികളിൽ മൃതദേഹങ്ങൾ കുന്നുകൂടിയ ബോഗികൾ,  അവിടെ നിന്ന് വരുന്ന വണ്ടികളിൽ ഹിന്ദു മൃതശരീരങ്ങൾ. ഇവിടെ നിന്ന് പോകുന്നവയിൽ മുസ്ലിം മൃതശരീരങ്ങൾ. പാകിസ്ഥാനിലേക്ക് പോകേണ്ട എന്ന് തീരുമാനിച്ചോ അല്ലെങ്കിൽ പോവാൻ പറ്റാത്തത് കൊണ്ടോ ഉത്തരേന്ത്യൻ നഗര-ഗ്രാമങ്ങളിൽ ബാക്കി നിന്ന മുസ്ലിങ്ങൾക്ക് എതിരേ രൂക്ഷ ആക്രമണം അരങ്ങേറിയ ദിന-രാത്രങ്ങൾ. സ്വാതന്ത്ര്യപ്രാപ്തിയുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ നിന്ന് വിട്ടു നിന്ന് ഉപവസിച്ചു മഹാത്മാ ഗാന്ധിയും ഈ അവസ്ഥയുടെ ദ്വന്ദ മാനങ്ങൾക്ക് അടിവരയിട്ടു.
സ്വാതന്ത്ര്യത്തിന്റെ ആദ്യ ദിവസങ്ങൾ മാത്രമല്ല, പിന്നീട് അങ്ങോട്ടുള്ള പത്ത്‌ വർഷങ്ങൾ തന്നെയും പ്രതീക്ഷയുടെയും തിരിച്ചടികളുടെയും തുടർ പരമ്പരയുടേതായിരുന്നു. ഒരുപാട് സംഭവങ്ങളും വ്യക്തികളും ആ അനുഭവ ശ്രംഘലയിൽ ഉയർന്നു വന്നു. വിഭജനത്തിനു ശേഷം ഒരു വർഷം തികയും മുമ്പ് തന്നെ  ദാരുണമായ രീതിയിൽ മഹാത്‌മാ ഗാന്ധി കൊല്ലപ്പെട്ടു. സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യാനന്തരമുള്ള  ആദ്യദിനങ്ങളിലും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വേരോട്ടവും ജനഹൃദയങ്ങളിൽ സ്വാധീനവും  ഉണ്ടാക്കാൻ സാധിക്കാതെ പോയ ഒരു പറ്റം ഹിന്ദുത്വ രാഷ്ട്രീയ നേതാക്കളുടെ ഗൂഡാലോചന നാഥുറാം ഗോഡ്സേയിലൂടെ നടപ്പാക്കപെടുകയായിരുന്നു.
വലുതും ചെറുതുമായ അനവധി മാറ്റങ്ങൾ, സംഭവങ്ങൾ, ചെറുതും വലുതുമായ നിരവധി മനുഷ്യർ ഒക്കെ ആസാദിയുടെ ആദ്യ ദശകത്തിനു മേൽ ഗുണപരവും അല്ലാത്തതുമായ സ്വാധീനം ചെലുത്തി. പുതിയ ഇന്ത്യൻ ഭരണത്തിന് എതിരായ ആദ്യ സായുധ സമരവും സംസ്ഥാനങ്ങളുടെ ഏകീകരണത്തിനും വിഘടനവാദപരമായ നാടുവാഴി – രാജഭരണ താല്പര്യങ്ങളുടെ തലപൊക്കലിനും അവയുടെ പരാജയത്തിനും വ്യവസായവത്കരണത്തിനും അതിന്റെ പേരിൽ ആദിവാസി ജനസമൂഹങ്ങളുടെ പരമ്പരാഗത ആവാസസ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിനും ഒക്കെ ഈ ദശകം സാക്ഷിയായി. വ്യക്തികളുടെ തലത്തിൽ ജവഹർലാൽ നെഹ്‌റു മുതൽ ബി ആർ അംബേദ്‌കർ, മൗലാനാ അബ്ദുൾ കലാം ആസാദ്, ശ്യാമപ്രസാദ് മുഖർജീ, പോട്ടി ശ്രീരാമുലു, ബി ടി രണദിവെ, നാഥുറാം ഗോഡ്‌സെ എന്നിങ്ങനെയുള്ളവർ ഏറിയും കുറഞ്ഞുമുള്ള സ്വാധീനം ഈ ദശകത്തിന് മേൽ ചെലുത്തി. ചിലരുടെ സ്വാധീനം ഗുണകരം മറ്റു ചിലവ വിധ്വംസകപരം.
സംഭവങ്ങളുടെയും വ്യക്തികളുടെയും ആകെത്തുക എടുക്കുമ്പോൾ ആദ്യ ദശകത്തിനെ ഏറ്റവും നിർണായകമായി സ്വാധീനിച്ച സംഭവം ഭരണഘടനാ രൂപീകരണവും വ്യക്തി നെഹ്റുവും ആണെന്ന് കാണാൻ വളരെ ഗഹനമായ ചിന്തയൊന്നും ആവശ്യമായി വരില്ല. ഈ സംഭവത്തിന്റെയും വ്യക്തിയുടെയും ആധാരശിലയും ഒന്നാണെന്നും കാണാം. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും സാമൂഹിക നീതിയിലും അടിയുറച്ചു വിശ്വസിച്ചു ആധുനിക രാഷ്ട്രം പണിയുക എന്ന ബോധ്യമാണ് ഈ ആധാരശില.  ചരിത്രത്തെ അതിന്റെ സാകല്യത്തിൽ സ്വാധീനിക്കുമ്പോൾ തന്നെ വ്യക്തിജീവിതത്തിന്റെ തലത്തിൽ സാധാരണ മനുഷ്യരെയും ആഴത്തിൽ സ്പർശിക്കുന്നവയായിരുന്നു  ഈ സംഭവവും വ്യക്തിയും.
ദുബെജിയുടെ ഒരു അനുഭവം ഇവിടെ ഓർക്കുന്നതിന് പ്രസക്തിയുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ  ആദ്യ മാസത്തിലെ  ഹൃദയഭേദക  ദിവസങ്ങളിൽ ഒന്നിൽ അന്ന് ചെറുപ്പക്കാരനായ ദുബെജിക്ക്  ഒരു കുടുംബ കാര്യത്തിനായി ദൽഹിയിൽ എത്തേണ്ട സ്ഥിതി വരുന്നു. അന്നും ഇന്നും ദൽഹി റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റഫോം സ്ഥിതി ചെയ്യുന്ന പഹാഡ്ഗഞ്ച് ഭാഗത്ത് ഒരു സന്ധ്യയിൽ ആ ചെറുപ്പക്കാരൻ വണ്ടി ഇറങ്ങുന്നു. സ്റ്റേഷനിൽ നിന്ന് പുറത്ത് വരുമ്പോൾ തന്നെ മനസ്സിലാവുന്നു, സംഗതികൾ പന്തിയല്ല.
സ്റ്റേഷന് പുറത്തുള്ള റോഡിൻറെ വലത് വശത്ത് മുസ്ലിം ബസ്തിയാണ്. നെറ്റിയിൽ തിലകവും രാജസ്ഥാനി – ഹരിയാൺവി തലക്കെട്ടുകളുമായി  വാളും കുന്തവുമൊക്കെയായി ഏതാണ്ട് നൂറോളം ആളുകൾ വരുന്ന സംഘം ആ ബസ്തിയിലേക്ക് അതിക്രമിച്ചു കയറാൻ ആഞ്ഞു നിൽക്കുന്നു. ബസ്തിയുടെ കവാടത്തിൽ സമാനമായ രീതിയിൽ ആയുധധാരികളായ മുസ്ലിം സംഘവുമുണ്ട്. ആക്രമണത്തിനും പ്രത്യാക്രമണത്തിനുമുള്ള വട്ടം-കൂട്ടലിന് നടുവിലേക്കാണ് താനടക്കമുള്ള നൂറുക്കണക്കിന് യാത്രികർ ചെന്ന് പെട്ടിരിക്കുന്നത്‌. ഇങ്ങനെ പെട്ടിരിക്കുന്നവർക്കിടയിലുള്ള ആശങ്കയും അങ്കലാപ്പും പ്രകടമാണ്.
പെട്ടെന്ന് ഒരു ഷെവർലെ കാർ ജനക്കൂട്ടത്തിനു ഇടയിലൂടെ കടന്നു വന്നു പരസ്പരം ആക്രമിക്കാൻ ഒരുങ്ങി നിൽക്കുന്ന സംഘങ്ങൾക്ക് നടുവിൽ  നിലയുറപ്പിക്കുന്നു. സ്വയം ഡോർ തുറന്ന് ഒരു  കൃശഗാത്രൻ കാറിൽ നിന്ന് ഇറങ്ങുന്നു. സെക്യൂരിറ്റി ഓഫീസർ എന്ന് തോന്നിക്കുന്ന മറ്റൊരാളും കൂടെയുണ്ട്. “ നിങ്ങളിൽ ഏതെങ്കിലും ഒരാൾ അങ്ങോട്ടോ ഇങ്ങോട്ടോ ആക്രമിക്കാൻ നീങ്ങും മുൻപ് എന്നെ മറികടക്കണം. എന്റെ നെഞ്ചിൽ ചവിട്ടി പോകേണ്ടി വരും.  അപ്പോഴേ, അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ പറ്റുകയുള്ളൂ. “
പൊടുന്നനെ ഒരു തിരിച്ചറിവ് ജനക്കൂട്ടത്തിന് ഉണ്ടാവുന്നു. “ ജവഹർലാൽ, ജവഹർലാൽ, ജവഹർലാൽ “ . ഒരു പിറുപിറുക്കലായി തുടങ്ങി ഒരു മന്ത്രം പോലെ വളർന്ന് ഒരു സംഘടിത മുദ്രാവാക്യമായി മാറി ആ നിമിഷങ്ങളിൽ ആ നാമം. വെറും അഞ്ചു മിനുട്ട് കൊണ്ട് ആയുധവാഹകരായ  തിലകധാരികൾ പിൻവാങ്ങിയെന്നു നേരിൽ കണ്ട ഈ അനുഭവം വിവരിക്കവേ ദുബെജി ഓർത്തു.
മതസൗഹാർദത്തിനും സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി ഇത്തരം ഇടപെടലുകൾ നടത്തിയ ആയിരക്കണക്കിന് സാമൂഹിക പ്രവർത്തകർ ആ കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നു. പക്ഷെ അവരുടെയെല്ലാം അക്കാലത്തെ വലിയ പ്രതീകമായി ആദ്യപ്രധാനമന്ത്രി. ഭരണരംഗത്തും ജനങ്ങൾക്ക് ഇടയിലും സാമൂഹിക-രാഷ്ട്രീയ വേദികളിലും ചെയ്ത  ഇടപെടലുകളിലൂടെ ഈ പ്രതീകം വളർന്നു.
നെഹ്‌റു എന്ന പ്രതീകം അന്നത്തേയും വരും കാലത്തെയും ഇന്ത്യക്ക് എന്തായിരുന്നു എന്ന് എടുത്ത് കാണിക്കുന്ന മറ്റൊരു സവിശേഷ അനുഭവം ത്യാഗിജിക്ക് ഉണ്ടായി. ആ അനുഭവത്തിലെ കേന്ദ്രവ്യക്തി മഹാത്മാ ഗാന്ധി തന്നെയായിരുന്നു. 1948 ൽ ഗാന്ധിജിയെ നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദുത്വ തീവ്രവാദി വധിക്കുന്നതിനു കഷ്ടിച്ചു  അഞ്ചാഴ്ച്ച മുൻപ്, ഡിസംബർ 1947 ലാണ്,  ഇത് നടക്കുന്നത്.
ത്യാഗിജിയും മീററ്റിലെ അദ്ദേഹത്തിന്റെ ഗ്രാമമായ രാസ്നായിലെ ( ജില്ലാ കേന്ദ്രത്തിൽ നിന്ന് ഏതാണ്ടു 12  കിലോമീറ്റർ ഉള്ളോട്ടുള്ള സാമാന്യം വലിയ ഒരു ഗ്രാമം ) രണ്ടു സുഹൃത്തുക്കളിലും  – ആ യുവാക്കളും  ദേശീയ വിമോചന സമരത്തിൽ പങ്കെടുത്തവർ തന്നെ –  വലിയ ആവേശം നിറച്ചു കൊണ്ട് ഗാന്ധിജിയെ കാണാനുള്ള  അനുമതി അവർക്ക് കഴിഞ്ഞ ദിവസം കിട്ടിയിരുന്നു. ഗാന്ധിജി തന്നെ അയച്ച ഒരു പോസ്റ്റ് കാർഡ് വഴിയാണ് അറിയിപ്പ്. (അക്കാലത്ത്  ഗാന്ധിജിയെ കാണാൻ ഒരു രൂപ മണിയോർഡർ അയക്കണം.  “ ഹരിജൻ “ എന്ന ഗാന്ധി പ്രസിദ്ധീകരണത്തിന്റെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് ഈ പിരിവ്. അതൊക്കെ ത്യാഗിജിയും ചങ്ങാതിമാരും ചെയ്തതിനു ശേഷമാണ് കൂടിക്കാഴ്ച്ച അനുമതി നൽകികൊണ്ടുള്ള പോസ്റ്റ് കാർഡ് വരുന്നത്.)
അങ്ങനെ ദൽഹിയിൽ ബിർളാ മന്ദിറിൽ എത്തി ഗാന്ധിജിയെ കാണുന്നു. അഞ്ചു മിനിട്ടാണ് കൂടിക്കാഴ്ച്ചയ്ക്കുള്ള സമയം. ഗാന്ധിജി ലളിതവും ഗഹനവുമായ വിഷയങ്ങൾ ഒരേ പോലെ, സരസമായി  സംസാരിച്ചു കൊണ്ടിരിക്കുകയാണ്. (അതെ പറ്റി വിശദമായി പിന്നീട്). പക്ഷെ ത്യാഗിജിക്ക് അകത്ത് ഒരു ചോദ്യം അക്ഷമയോടെ പൊട്ടിപുറത്തു വരാൻ വെമ്പുകയാണ്. കൂടിക്കാഴ്‌ച അവസാനിക്കും മുൻപേ ത്യാഗിജി ചോദിച്ചു. “ ബാപ്പു, സ്വാതന്ത്ര്യം കിട്ടിയെങ്കിലും രാജ്യത്തെമ്പാടും അസ്ഥിരതയും അരാജകത്വവുമാണ്. ഈ നാട് എങ്ങോട്ടാണ് പോകുന്നത് ? ബാപ്പുജിയുടെ കൂടി കാലം കഴിഞ്ഞാൽ എന്താകും നാടിന്റെ സ്ഥിതി “ ?
പ്രസിദ്ധമായ ആ പുഞ്ചിരിയോടെ തന്നെയാണത്രെ ഗാന്ധിജി മറുപടി നൽകിയത്. “ കുട്ടികളെ. ജവഹർലാലിനെ നിങ്ങൾക്ക് അറിയാമല്ലോ. നമ്മുടെ പ്രസ്ഥാനത്തിലെ എന്റെ സഹപ്രവർത്തകൻ, അനന്തരാവകാശി തന്നെ. പഴയതും പുതിയതും ബന്ധിപ്പിക്കുന്ന ഒരു നല്ല, ഉറപ്പുള്ള പാലമാണ് അയാൾ. ആ നേതൃത്വത്തിൽ വിശ്വസിക്കൂ. എന്തെന്നാൽ ജവഹർലാൽ ഒരു വ്യക്തിയല്ല. ഒരു പുരുഷാരത്തിന്റെ പ്രകടനമാണ്”. (ത്യാഗിജിയുടെ ആ ദിവസത്തെ ഡയറി കുറിപ്പിൽ നിന്ന്)
” Children , Don’t you know that my comrade and heir Jawaharlal makes a fine and stable bridge between the old and the new ? Trust in that leadership . For , Jawaharlal is not just a man , he is a procession of men . ” – Mahatama Gandhi in an interaction with a group of students from Meerut in the last week of December 1947  at  Birla Mandir , Delhi . ( Among the students was  Hariraj Singh Tyagi , who cited this from his diary to the author .)
സ്വകാര്യ സദസിൽ, പ്രായത്തിൽ വളരെ ഇളപ്പമായവരോടാണ് ഇത് പറഞ്ഞതെങ്കിലും സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി ചെയ്ത വലിയ പ്രസ്താവനകളിൽ ഒന്നായാണ് ത്യാഗിജി ഇതിനെ കണ്ടത്.  സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകത്തിലെ ‌വരും വർഷങ്ങൾ ഗാന്ധിജിയുടെ ഈ പ്രസ്താവത്തെ പല തലങ്ങളിൽ സാധൂകരിക്കുന്നവയായിരുന്നു. മൂർത്തമായ നിരവധി ഭരണനിർവഹണ നടപടികളും ഉത്തരവുകളും അത് സാക്ഷ്യപ്പെടുത്തുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം ആദ്യം ഒപ്പു വെച്ച ഉത്തരവുകളിൽ ഒന്നായ, പരിസ്ഥിതി സംരക്ഷണത്തിലും പൊതുജനാരോഗ്യ പരിപാലനത്തിലും ഊന്നിയ ഡൽഹി റിഡ്ജ് ആൻഡ് ഫോറെസ്റ്ററി ഉത്തരവുകൾ മുതൽ സ്വാതന്ത്ര്യത്തിന്റെ രണ്ടാം മാസത്തിൽ തന്നെ മദ്രാസ് പ്രസിഡൻസിയിൽ പാസാക്കപ്പെട്ട ദേവദാസി സമ്പ്രദായം റദ്ദാക്കൽ നിയമവും ഇതേ കാലയളവിൽ തന്നെ ആരംഭിച്ച സമഗ്ര വ്യവസായവൽക്കരണ – ജലസംരക്ഷണ- ജലസേചന പദ്ധതികളും ഒക്കെ ഈ ഭരണനിർവഹണ നടപടികളിൽ പെടുന്നു.
പക്ഷെ ഭരണനിർവഹണ രംഗത്തിന് സമാന്തരമായി രാഷ്ട്രീയ തലത്തിലുമുള്ള നെഹ്‌റുവിയൻ ഇടപെടലുകൾ നിരവധിയായിരുന്നു. ഇന്ത്യ എന്ന സാമൂഹിക അസ്തിത്വത്തിൽ ( social entity ) മതത്തിനും ജാതിക്കുമുള്ള രൂഢമൂലമായ സ്വാധീനത്തെ പറ്റിയുള്ള തിരിച്ചറിവ്‌ ഒരു വശത്തും ആധുനികതയിലും സമത്വത്തിലും സാമൂഹിക നീതിയിലും സോഷ്യലിസ്റ്റ് മൂല്യങ്ങളിലും ഉള്ള വിശ്വാസവും പ്രതിബദ്ധതയും മറുവശത്തും നെഹ്റുവെന്ന രാഷ്ട്രീയ വ്യക്തിത്വത്തിൽ നിറഞ്ഞു നിന്നു. ഒരു വലിയ സമീകരണ പ്രക്രിയ രാഷ്ട്രീയമായും സാമൂഹികമായും ആവശ്യമാണ് എന്ന ബോധ്യത്തിലേക്കാണ് ഇത് നയിച്ചത് .
ആദ്യത്തെ സർക്കാർ മുതൽ കോൺഗ്രസിന് ഒപ്പം കമ്മ്യൂണിസ്റുകാരും സോഷ്യലിസ്റ്റുകളും ലൈസസ്‌ഫെയർ വ്യാപാര വാദികളും ഹിന്ദുമഹാസഭയും ഒക്കെ ചേരണം എന്ന് നെഹ്‌റു നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് എങ്ങനെയെങ്കിലും ഈ സമീകരണത്തിന്റെ വഴി തുറക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടാനാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും, സ്വാതന്ത്ര്യപ്രാപ്തിക്ക് തൊട്ടു പിറകെയുള്ള ദിനങ്ങളിലും തങ്ങളും തങ്ങളുടെ രാഷ്ട്രീയ – പ്രത്യയശാസ്ത്ര സമീപനങ്ങളും  നേരിട്ട കടുത്ത ജനകീയ അവിശ്വാസം തിരിച്ചറിഞ്ഞിരുന്ന ഹിന്ദുത്വ വാദികൾ ശ്യാമപ്രസാദ് മുഖർജിയെ മന്ത്രിസഭയിലേക്ക് അയച്ചു തങ്ങളുടെ വളർച്ചാ സാധ്യതകൾ നില നിറുത്തി.
ബി ടി രണദിവെ
പക്ഷെ ഈ സ്വാതന്ത്ര്യം യഥാർഥ സ്വാതന്ത്ര്യമല്ല എന്ന ബി ടി രണദിവെ ലൈൻ പിൻ പറ്റി കമ്മ്യുണിസ്റ്റ് പാർട്ടി  ആദ്യം മന്ത്രിസഭയിൽ നിന്ന് വിട്ടു നിൽക്കുകയും പിന്നീട് 1948 ലെ കൽക്കട്ടാ തീസിസിന്റെ പേരിൽ അത്യന്തം കാല്പനികവും ദാരുണവുമായ അന്ത്യം തുടക്കം മുതൽ തന്നെ കുറിക്കപ്പെട്ടതുമായ സായുധ കലാപം ആരംഭിക്കുകയും ചെയ്തു. കലാപം പൊട്ടിപാളീസായി “ മുഖ്യധാരയിലേക്ക് “ കമ്മ്യൂണിസ്റ്റ് പാർട്ടി തിരിച്ചു വന്നതിനു ശേഷം 1952 ൽ ആദ്യ പൊതു തിരെഞ്ഞെടുപ്പ് നടന്നതിന് ശേഷവും നെഹ്‌റു കേന്ദ്ര മന്ത്രിസഭയിൽ കമ്മ്യൂണിസ്ററ് സാന്നിധ്യം ആഗ്രഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഭൂരിപക്ഷം അപ്പോഴും ഇന്ത്യൻ ഭരണകൂടത്തെ നിർണായക സ്വാധീനം ബൂർഷ്വാ – ഭൂപ്രഭു വർഗത്തിന്റേതാവും എന്ന വിലയിരുത്തലിൽ തന്നെ നിന്നു.
ഒരു പക്ഷെ നെഹ്‌റുവിന്റെ 1952 ലെ ക്ഷണം സ്വീകരിച്ചു കമ്മ്യൂണിസ്റ് പാർട്ടി കേന്ദ്ര മന്ത്രിസഭയിൽ ചേർന്നിരുന്നുവെങ്കിൽ ഭൂപരിഷ്കരണം എന്ന അപൂർണമായ ഇന്ത്യൻ പാരഡൈം ഷിഫ്റ്റ് മുന്നോട്ടു നീക്കാൻ അത് സഹായകമായേനെ എന്ന് വിശ്വസിച്ചവരുടെ കൂട്ടത്തിൽ ദുബേജിയും ഉണ്ടായിരുന്നു. നെഹ്‌റുവിനാൽ സ്വാധീനിക്കപ്പെട്ടിരുന്നുവെങ്കിലും കോൺഗ്രസ്സ് എന്ന പാർട്ടിയുടെ ഘടനയും രാഷ്ട്രീയവും അല്ല ഇന്ത്യക്ക് ആത്യന്തികമായി ആവശ്യം എന്ന് ചെറുപ്പം മുതൽ ബോധ്യമുണ്ടായിരുന്നതിനാൽ ദുബെജി എന്നും കമ്മ്യൂണിസ്റ്റ് പക്ഷത്തായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് കാൺപൂരിൽ ആയിരിക്കെ അടുത്ത് പ്രവർത്തിച്ച പി സി ജോഷിയും പിൽക്കാലത്തു ഡൽഹിയിൽ പാർലമെൻററി പാർട്ടി ആപ്പീസിൽ പ്രവർത്തിക്കെ എ കെ ജിയുമായിരുന്നു ദുബേജിയുടെ വഴികാട്ടികൾ. കുറച്ചു കാലം അദ്ദേഹം  എ കെ ജിയുടെ സെക്രട്ടറിയുമായിരുന്നു.
പി സി ജോഷി
പിൻകാഴ്ച്ചയും വൈകിവരുന്ന തിരിച്ചറിവും കാര്യമില്ലാത്തതാണ് എന്ന് പൊതുവെ പറയാറുണ്ട്. എങ്കിലും 2004-09 കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിന്തുണയോടെ കേന്ദ്രം ഭരിച്ച കോൺഗ്രസ്‌ നയിച്ച ഐക്യ ജനാധിപത്യ മുന്നണി ( United Progressive Alliance ) സർക്കാരിന്റെ ട്രാക്ക് റെക്കോഡ് പരിശോധിക്കുമ്പോൾ, പുരോഗമനപരമായ നിയമനിർമാണങ്ങളിൽ ആ മന്ത്രിസഭ സൃഷ്ടിച്ച മാതൃകൾ കാണുമ്പോൾ ഈ രാഷ്ട്രീയ ധാരണയും സഖ്യവും നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിൽ നന്നായേനെ എന്ന് ചിന്തിച്ചു പോകുന്നതിൽ, അങ്ങനെ പഴയ കാലത്ത് തന്നെ ചിന്തിച്ച ദുബേജിമാരും പി സി ജോഷിമാരും കൊള്ളാവുന്ന കക്ഷികളാണ് എന്ന്  വിചാരിച്ചു പോകുന്നതിൽ തെറ്റുണ്ടോ ? തീർച്ചയായും അത് വലിയൊരു ചർച്ചാ വിഷയമാണ്.
ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് ഭരണഘടനാ രൂപീകരണത്തിന്റെ വഴികളിൽ ഇന്ത്യ എന്ന രാജ്യവും അതിന്റെ രാഷ്ട്രീയ  ഭൂരിപക്ഷവും സ്വീകരിച്ച അടിയുറച്ച മതനിരപേക്ഷ നിലപാടുകൾ. ആദ്യത്തെ രാഷ്ട്രപതിയായി പിന്നീട് സ്ഥാനമേറ്റ ബാബു രാജേന്ദ്ര പ്രസാദ് അധ്യക്ഷനായിരുന്ന ഭരണഘടനാ നിർമ്മാണ സഭ മാസങ്ങളോളം നീണ്ട ചർച്ചകൾക്ക് ശേഷം തീരുമാനിച്ചത് ഇന്ത്യൻ ഭരണഘടനയുടെ പരമാധികാരി ജനങ്ങളാണ് എന്നാണ്. ബാബു രാജേന്ദ്ര പ്രസാദ്  അർത്ഥശങ്കക്കിടയില്ലാത്ത വിധം പറയുകയും അംബേദ്‌കർ അടക്കമുള്ള സമിതി അംഗങ്ങളുടെ കൂട്ടായ്മയിൽ എഴുതിയ ആമുഖത്തിലെ ആദ്യവാചകം ‘ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ’ (We, the people of India) എന്നതാണ് എന്ന് അടിവരയിടുകയും ചെയ്തു.
പക്ഷെ ആ സഭയിലും ജനങ്ങൾക്ക് മുകളിൽ ദൈവത്തെ സ്ഥാപിക്കുക എന്ന സമ്പ്രദായം സ്വീകരിക്കണം എന്ന് വാദിച്ചവർ ഉണ്ടായിരുന്നു. ബ്രിട്ടനടക്കം യൂറോപ്പിലെ പല രാജ്യങ്ങളും ദൈവനാമത്തിലാണ് ഭരണഘടന ആധാരമാക്കിയിട്ടുള്ളത് എന്ന് വാദിച്ചുകൊണ്ട് എച്ഛ് വി കാമത്ത് ഒരു ഭേദഗതി തന്നെ നിർദ്ദേശിക്കുകയുണ്ടായി. ഭേദഗതി നിർദ്ദേശിച്ചപ്പോൾ തന്നെ ബാബു രാജേന്ദ്ര പ്രസാദ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു, “ഒരു മതനിരപേക്ഷ രാഷ്ട്രമാകാൻ നമ്മൾ തീരുമാനിച്ചു കഴിഞ്ഞു. ഭരണഘടനയുമായി  ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട സ്ഥാനങ്ങളിലും വരുന്നവർക്ക് ദൈവനാമത്തിലും അല്ലാതെയും പ്രതിജ്ഞ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ട്, ഈ ഭേദഗതി പിൻവലിക്കണം എന്നും രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. പക്ഷെ, കാമത്ത് വഴങ്ങിയില്ല. ഭേദഗതി വോട്ടിനിടുമെന്ന ഘട്ടമായപ്പോൾ ബംഗാളിൽ നിന്നുള്ള പൂർണ്ണിമാ ബാനർജി ഒരിക്കൽ കൂടി അപേക്ഷിച്ചു, “ഇത് പ്രസ്സ് ചെയ്യരുത്, ഇത് വോട്ടിനിട്ടാൽ ദൈവത്തെ വോട്ടിനിടുന്നതിനു തുല്യമായിരിക്കും. അത് ദൈവത്തിനും നല്ലതല്ല, നമുക്കും നല്ലതല്ല.” പക്ഷെ, കാമത്ത് വഴങ്ങിയില്ല. ഒടുവിൽ വോട്ടിനിട്ടു. ദൈവനാമത്തിൽ ഭരണഘടന വേണമെന്ന ഭേദഗതിക്ക് 45 ഇൽ താഴെ വോട്ടും, ജനങ്ങളുടെ നാമത്തിൽ ഉള്ള ഭരണഘടനക്ക് 65 ഇൽ പരം വോട്ടും ലഭിച്ചു.
അങ്ങനെ ജനങ്ങളുടെ പരമാധികാരത്തിൽ ആണയിടുന്ന ആമുഖത്തോടു കൂടിയും, അംബേദ്‌കർ ഭരണഘടനാ നിർമ്മാണ സഭയിൽ പലതവണ വ്യാഖ്യാനിച്ചത് പോലെ സാമൂഹ്യ നീതിയിൽ അടിയുറച്ച, പാർലിമെന്ററി ജനാധിപത്യ സമ്പ്രദായത്തിലെ പൂർണ്ണ രൂപത്തിൽ പ്രായപൂർത്തിയായ ഒരാളിന് ഒരു വോട്ട് എന്ന, ഉച്ചനീചത്വങ്ങൾ ബാധിക്കാത്ത വ്യവസ്ഥയോടു കൂടിയ, ആരോഗ്യകരമായ സ്വാതന്ത്ര്യ സങ്കല്പനം അടിവരയിട്ട ഒരു ഭരണഘടനയാണ് സ്വാതന്ത്ര്യ പ്രാപ്തിക്ക് മൂന്നാണ്ടു തികയും മുൻപ് ഇന്ത്യ സ്വയം ഉണ്ടാക്കിയെടുത്തത്.
സ്വാതന്ത്ര്യത്തിന്റെ ആദ്യദിനങ്ങളിലെ സന്തോഷവും ആശങ്കയും ഭീതിയും പ്രതീക്ഷയും ഇടകലർന്ന ദിവസങ്ങളിൽ നിന്ന് ഒരു വലിയ കുതിച്ചു ചാട്ടത്തിലേക്ക് നാടിനെ നയിക്കാൻ പര്യാപ്തമായ ഒരു രേഖയായിരുന്നു അത്. പക്ഷെ, സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകം കഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ, ഭരണഘടനയിലെ മൂലവാഗ്ദാനങ്ങൾ പോലും തെറ്റിക്കപ്പെടാൻ തുടങ്ങി. അതും ഭരണഘടനാ സങ്കൽപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർ തന്നെ ഈ ലംഘനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന സ്ഥിതിയുമുണ്ടായി. അതെ പറ്റി അടുത്ത ലക്കത്തിൽ.

ആദ്യ ഭാഗങ്ങൾ ഇവിടെ വായിക്കാം.
‘ഏഴര’- ആസാദിയുടെ കൊടുക്കൽ വാങ്ങലുകൾ

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.

6 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
venkitesh krishnan
venkitesh krishnan
1 year ago

Good one Venkitesh R

Dubey and impact of nehru well articulated

Ramesh Krishnan
Ramesh Krishnan
1 year ago

Highly insightful. Author has taken pains to draw from his rich experience to keep readers informed in an unbiased manner.

Zahira Rahman
Zahira Rahman
1 year ago

A dream that was India. Teary eyed to find it shattered. A fine reading of the Indian political spectrum. Why don’t you compile it into a book when it’s done?

Anu Jacob
Anu Jacob
1 year ago

Fantastic article. It is very panoramic, incisive and thought provoking.

Venkitesh Ramakrishnan
Venkitesh Ramakrishnan
1 year ago
Reply to  Anu Jacob

Thank you all 👍🏾✊🏾

Venu Edakkazhiyur
Venu Edakkazhiyur
1 year ago

ഓരോ ലക്കവും പുതിയ അറിവും ഉൾക്കാഴ്ചയും പ്രദാനം ചെയ്യുന്നതോടൊപ്പം തന്നെ തുറന്ന ചർച്ച ആവശ്യപ്പെടുന്നതുമാണ്.