ജൂലൈ 4. എഴുത്തുകാരനും സംവിധായകനും യാത്രികനുമായ ചിന്തകൻ എന്ന രവീന്ദ്രൻ ഓർമ്മയായിട്ട് 12 വർഷം പിന്നിടുന്നു. അദ്ദേഹത്തിൻറെ എഴുത്തിന്റെയും യാത്രാവിവരണങ്ങളുടെയും പ്രത്യേകതകളാണ് ഈ അനുസ്മരണത്തിൽ.
തൊള്ളായിരത്തി തൊണ്ണൂറ്റേഴിലാണ്.
ഡോ: ഇ. ഉണ്ണിക്കൃഷ്ണൻ; ഞങ്ങളുടെ ‘കാവുണ്ണി’ വിളിച്ചു: “രവീന്ദ്രൻ യാത്ര പുറപ്പെട്ടിട്ടുണ്ട്. ദൂരദർശനു വേണ്ടി ഒരു യാത്രാ ഡോക്യുമെൻ്ററി- ‘തീരം കേരളതീരം’. വടക്കുനിന്ന് തെക്കോട്ടേക്ക്.
നീ പത്രത്തിലെഴുതിയ കണ്ണേട്ടനെ സിനിമയിലെടുക്കാം. കൂടെ വരുന്നോ?”
യാത്രയിൽ താല്പര്യമുള്ളതുകൊണ്ടും രവീന്ദ്രൻ എന്ന വേറിട്ട യാത്രികനോടൊത്ത് കൂട്ടു പോകാനുള്ള ക്ഷണം ലഭിച്ചതുകൊണ്ടും സന്തോഷത്തോടെ ഒപ്പം കൂടി.
ബേക്കലംകടപ്പുറം.
മഴ തോർന്നപ്പോൾ ചീർമ്മക്കാവിലെ ‘കടൽക്കോടതി’ ചേർന്നു.
മീൻപിടുത്തക്കാരുടെ നാട്ടു പഞ്ചായത്ത് അന്നവിടെ നടക്കുന്നുണ്ടായിരുന്നു. കടലോര ജീവിതത്തിൻ്റെ അഭേദ്യഭാഗമായ കോടതി.
ന്യായാധിപനായി കടുക്കനിട്ടു കുടുമ കെട്ടിയ ചീർമ്മക്കാവിലച്ഛൻ. കടവൻമാർ ഇരുപുറവും. വാദിയും പ്രതിയും ഇരു വശത്തായുണ്ട്. കോടതി കാണാൻ തുറയിലെ മുക്കുവരും.
മീൻപിടുത്തത്തിനിടയിൽ കടലിൽ വെച്ചുണ്ടായ കശപിശയും തുടർന്ന് കടപ്പുറത്തെ കയ്യാങ്കളിയുമായിരുന്നു വിഷയം.
വളരെ നീതിയുക്തമായി ഈ പ്രശ്നത്തിന് ‘കടൽക്കോടതി’ യിൽ തീർപ്പായി. ചീർമ്മക്കാവിലച്ചിക്ക് വെളിച്ചെണ്ണ നേർച്ച എന്ന പരിഹാര വിധിക്കു സമ്മതിച്ച രണ്ടു പേരും തുറയിലയച്ഛൻ്റെ സാന്നിദ്ധ്യത്തിൽ സൗഹൃദത്തോടെ പിരിഞ്ഞു.
ഡോക്യുമെൻ്ററി സംഘം ചിത്രീകരണം ഭംഗിയായി നിർവഹിച്ചു. രവീന്ദ്രനെയും സംഘത്തെയും ‘കടൽക്കോടതി’ വല്ലാതെ അത്ഭുതപ്പെടുത്തി.
കടലോരത്തു നിന്നുള്ള കേസുകൾ താരതമ്യേന കുറവാണെന്ന ബേക്കൽ പോലീസിൻ്റെ സാക്ഷ്യവും കൂടിയായപ്പോൾ ‘കടൽക്കോടതി ‘ഒരു ജനതയുടെ സംസ്കാരപഠനമായി മാറി.
മാവിലാടത്തെ കടൽക്കാരണവരായ തുരുത്തിക്കാരൻ കണ്ണൻ.
കണ്ണേട്ടൻ്റെ കടലനുഭവങ്ങൾ പകർത്താൻ ബേക്കലം കടപ്പുറത്തേക്ക് വിളിക്കണമെന്ന് കാവുണ്ണി പറഞ്ഞിരുന്നു. വിവരം കണ്ണേട്ടനെ അറിയിച്ചു.
കലിപൂണ്ട കണ്ണേട്ടൻ പറഞ്ഞു: “എനക്ക് വേക്കലത്തും കീക്കലത്തൊന്നും വെരാനാവൂലാ…. എന്ന കാണണ്ടോറ് മായിലാടത്ത് വെരണം. അല്ല; പിന്ന…”
കണ്ണേട്ടൻ്റെ പരിഭവം രവീന്ദ്രനെ അറിയച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “നമ്മളെന്ത് ബുദ്ധിമോശമാണ് കാണിച്ചത്? കണ്ണേട്ടൻ പറഞ്ഞതാണ് ശരി. നാളെ നമുക്ക് കണ്ണേട്ടനെ കാണാൻ അങ്ങോട്ട് പോകാം.”
മിഥുന മഴ തകർക്കുന്ന ഒരു ജൂലായ് മാസം രാവിലെ ചെറുവത്തൂരിന് പടിഞ്ഞാറ് മാവിലാകടപ്പുറം.
കടപ്പുറത്തു നിന്നൊരു തോണിയിൽ കണ്ണേട്ടനെയും കൂട്ടി കവ്വായിക്കായലിനു നടുവിലുള്ള ചെമ്പൻ്റെ മാടിലെത്തി.
കായലോരത്തെ ഓല മേഞ്ഞ ചായപ്പീടിക വരാന്തയിലിരുന്ന് തുരുത്തിക്കാരൻ കണ്ണൻ എന്ന കടൽക്കാരണവർ മീൻപിടുത്തത്തിൻ്റെ ആയാസം കുറയ്ക്കാൻ പണ്ടു പാടിയ ‘അംബപ്പാട്ട് ‘ഈണത്തിൽ പാടി:
“തന്തയ് തന തന്തയ്
താനാ തന തന്നൈ……
തെക്ക്ന്ന് വന്നോരെളം കൊടി വെറ്റില
തന്തയ് തന തന്തയ്
താനാ തന തന്നൈ…….
ഇട്ടേണി വെച്ച് പറിക്കേണ്ട വെറ്റില
തന്തയ് തന തന്തയ്
താനാ തന തന്നൈ…..
ചത്തേടത്തേറ്റം മുഷ്ഞ്ഞിരിക്കും വെറ്റില
തന്തയ് തന തന്തയ്
താനാ തന തന്നൈ….
മംഗലപന്തലിൽ കൂന്താടും വെറ്റില
തന്തയ് തന തന്തയ്
താനാ തന തന്നൈ……
കെട്ടാത്ത ചെക്കൻ്റെ തൊപ്പീലും വെറ്റില
തന്തയ് തന തന്തയ്
താനാ തന തന്നൈ……
വാഴാത്ത പെണ്ണിൻ്റെ ഒക്കത്തും വെറ്റില
തന്തയ് തന തന്തയ്
താനാ തന തന്നൈ….. “
പുറത്ത് ഇറവെള്ളം വീഴുന്നതിൻ്റെ പശ്ചാത്തലത്തിൽ കണ്ണേട്ടൻ്റെ ഇരുണ്ട രൂപം താളമിട്ട് പാടുന്നത് ക്യാമറയിൽ കാണുന്നുണ്ട്.
പണിയെടുക്കുന്ന മനുഷ്യരുടെ പാട്ടു പാടിയ കണ്ണേട്ടൻ; നമ്മളാരും കാണാത്ത കടലിനെ വായിച്ച അനുഭവം പറഞ്ഞു.
ഓടത്തിൻ്റെ തണ്ടു വലിച്ചു തഴമ്പിച്ച കണ്ണേട്ടൻ്റെ കരുത്തുള്ള കൈകളിൽ അമർത്തി പിടിച്ച രവീന്ദ്രന് അനുഭവങ്ങളുടെ പെരുങ്കടലിനെയാണ് സ്പർശിച്ചതെന്ന് ബോധ്യപ്പെട്ടു.
എഴുത്തുകാരനും മാധ്യമ പ്രവർത്തകനും രവീന്ദ്രൻ്റെ സഹയാത്രികനുമായ ബാബു ഭരദ്വാജ് കണ്ണേട്ടനെന്ന കടൽ മനുഷ്യനെക്കുറിച്ച് പിന്നീട് കണ്ടപ്പോൾ വാചാലനായി.
നിതാന്ത യാത്രികനായ രവീന്ദ്രൻ്റെ വഴികൾ അസാധാരണമായിരുന്നു.അത് കേവല യാത്രകളല്ല. അകലങ്ങളിലെ മനുഷ്യരുടെ ജീവിതത്തിലേക്കുള്ള വേറിട്ട യാത്രകളായിരുന്നു.
ആഹാരത്തിൻ്റെ രുചി വൈവിധ്യങ്ങളിലൂടെ, ആചാരത്തിൻ്റെ കൗതുകങ്ങളിലൂടെ, സംസ്ക്കാരത്തിൻ്റെ അടരുകളിലൂടെ, ഗ്രാമ-നഗര വീഥികളിലൂടെയുള്ള യാത്ര ഒരർത്ഥത്തിൽ ഇന്ത്യയെ കണ്ടെത്തൽ തന്നെയായി. രവീന്ദ്രൻ്റെ യാത്രകൾ നമ്മെ പുതിയ ലോകത്തിലെത്തിച്ചു.
ശരാശരി മലയാളികൾ കണ്ട കേരളമായിരുന്നില്ല രവീന്ദ്രൻ്റെ കേരളം എന്നു മനസ്സിലാകണമെങ്കിൽ ‘എൻ്റെ കേരളം’ എന്ന അദ്ദേഹത്തിൻ്റെ യാത്രയുടെ പുസ്‌തകം വായിക്കണം.
കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ‘ഏഷ്യാനെറ്റ്’ചാനലിനു വേണ്ടി നടത്തിയ സഞ്ചാരത്തിൻ്റെ (ട്രാവലോഗ്) ലിഖിത രൂപമാണ് ആ പുസ്തകം.’
പരിചിതമെങ്കിലും അപരിചിതമായ കേരളമാണ് രവീന്ദ്രൻ ഈ യാത്രയിലൂടെ അനാവരണം ചെയ്യുന്നത്.
രവീന്ദ്രൻ്റെ യാത്രകളിൽ പലപ്പോഴും കൂട്ടു പോയ, അസാധാരണ വഴികളിൽ ഇപ്പോഴും സഞ്ചരിക്കുന്ന മറ്റൊരു യാത്രികനാണ് ഒ. കെ.ജോണി.
അദ്ദേഹം രവീന്ദ്രൻ്റെ സഞ്ചാരത്തെ വിലയിരുത്തി എഴുതിയത് നോക്കുക: “കലാവിമർശകനും ചലച്ചിത്രകാരനുമായ രവീന്ദ്രൻ്റെ യാത്രാനുഭവ രേഖകൾക്ക് മലയാള ഗദ്യസാഹിത്യത്തിൽ മുൻ മാതൃകകളില്ല. സഞ്ചാര സാഹിത്യത്തിൻ്റെ പൊതുവഴികളിലൂടെ പോകുന്ന ഒരലസയാത്രികനല്ല രവീന്ദ്രൻ എന്നതു തന്നെയാണ് ഇതിൻ്റെ കാരണം.”
വെറും പത്രലേഖക കൗതുകവുമായി നാടുകാണാനിറങ്ങുന്ന നമ്മുടെ യാത്രാവിവരണ സാഹിത്യകാരന്മാരിൽ നിന്ന് രവീന്ദ്രനെ വ്യത്യസ്തനാക്കുന്നത്, ആ അനുഭവക്കുറിപ്പിലൂടെ വെളിവാക്കുന്ന സവിശേഷ ജീവിത / ഭാഷാ ദർശനമാണ്.
പ്രകൃതിയേയും മനുഷ്യപ്രകൃതിയേയും സംബന്ധിച്ച തൻ്റെ യാഥാർഥ്യാധിഷ്ഠിതവും മൗലികവുമായ വീക്ഷണ വിചാരങ്ങളെ ഭാഷാശില്പമായി പരിവർത്തിപ്പിക്കുന്ന വിവരണകലയാണ് രവീന്ദ്രൻ്റേത്.
‘സാഹിത്യ പരം’ എന്നു പൊതുവെ കരുതപ്പെടുന്ന മേദസ്സുമുറ്റിയ അലംകൃത ഭാഷയും യാത്രാ സന്നാഹത്തിൻ്റെ വിവരണത്തോടെ തുടങ്ങുന്ന ചെടിപ്പിക്കുന്ന ആഖ്യാനരീതിയും രവീന്ദ്രൻ്റെ കൃതികളിൽ അന്വേഷിക്കേണ്ടതില്ല.
ജീവിത സന്ദർഭങ്ങളെയും വ്യക്തികളേയും തന്നെത്തന്നെയും വിദൂരമായ അപരിചിത പരിസരങ്ങളിൽ വെച്ച് നേരിടുമ്പോൾ അതിൻ്റെ നാനാർത്ഥങ്ങൾ ഉദ്ദീപിപ്പിച്ച് അനുഭവവേദ്യമാക്കുവാനാണ് രവീന്ദ്രൻ്റെ സവിശേഷമായ മലയാള ഗദ്യവും ആഖ്യാന കലയും ഉദ്യമിക്കുന്നത്.
ജേർണലിസത്തിൻ്റെ ഉപരിപ്ലവ താല്പര്യങ്ങളെ പിന്തുടരുന്ന യാത്രാവിവരണ സാഹിത്യത്തിന് അസാധ്യമായൊരു കലാവിദ്യയാണത്. ഈ സിദ്ധിയാണ് രവീന്ദ്രൻ്റെ യാത്രാനുഭവരേഖകളെ സമഗ്രമെന്നതു പോലെ മികവുറ്റ കലാസൃഷ്ടികളാക്കുന്നത്.
അകലങ്ങളിലെ മനുഷ്യർ (1980), ദിഗാരുവിലെ ആനകൾ (1983), സ്വിസ്സ് സ്ക്കെച്ചുകൾ (1984) എന്നീ കൃതികളും ആനുകാലികങ്ങളിലെ സമാഹരിക്കപ്പെടാത്ത രചനകളും നല്ല വായനക്കാരെ ആകർഷിച്ചു കൊണ്ടിരിക്കുന്നതിൻ്റെ കാരണവും ഇതാണ്.
സമൂഹത്തിൽ ‘മാന്യത’യും പ്രശസ്തിയുമുള്ളവർ (പരസ്യമായി) കടന്നു ചെല്ലാൻ മടിക്കുന്ന ഇടങ്ങൾ രവീന്ദ്രനെ ഭയപ്പെടുത്താറില്ല.
എഴുത്തുകാർ മാന്യതയെക്കുറിച്ചുള്ള മിഥ്യാധാരണകൾ മൂലം ഉപേക്ഷിച്ചു പോവുന്ന അനുഭവങ്ങളുടെ അനേകം മേഖലകളുണ്ട്. അത്തരം അധോലോകങ്ങളിൽ സ്വയം ഇടപഴകുമ്പോഴുണ്ടാകുന്ന വ്യർഥവിചിത്രമായ അനുഭവങ്ങൾക്കു പോലും സാമൂഹിക ചരിത്രത്തിലും ജനതാ പഠനത്തിലും സംസ്കൃതിയിലും വലിയ സ്വാധീനമുണ്ടെന്ന് നാമറിയുന്നത് രവീന്ദ്രൻ്റെ യാത്രാനുഭവക്കുറിപ്പുകളിലൂടെയും കേരളത്തെക്കുറിച്ചുള്ള ടെലിവിഷൻ പരമ്പരയിലൂടെയും കടന്നു പോകുമ്പോഴാണ്.
കേരളീയ ഗ്രാമങ്ങളിലോ, യൂറോപ്യൻ നഗരങ്ങളിലോ, എവിടെയുമാവട്ടെ, രവീന്ദ്രൻ എപ്പോഴും കൂടുതൽ പരിചയിക്കുന്നത് മുഖ്യധാരയിൽ നിന്ന് അകന്നു കഴിയുന്ന വ്യക്തികളെയും സമൂഹങ്ങളെയുമാണ്.
ഒറ്റപ്പെട്ട ഈ സമൂഹങ്ങളെയും വ്യക്തികളെയും പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് ഒരു രാജ്യത്തിൻ്റെ തന്നെ സമകാലീന സമസ്യകൾ സന്നിഹിതമാക്കാൻ ഈ എഴുത്തുകാരന് കഴിയും.”
‘എൻ്റെ കേരളം’ എന്ന പുസ്തകത്തിൽ കരിവെള്ളൂരിനെക്കുറിച്ച് രവീന്ദ്രൻ പറയുന്നത് നോക്കാം:
“കയ്യൂർ വിട്ട്, തിരിച്ചു രാജപാതയിലെത്തുമ്പോൾ കരിവെള്ളൂർ അധികദൂരമില്ല. ആദ്യകാല കർഷകജനതയുടെ ചെറുത്തു നില്പിൻ്റെ മറ്റൊരു പടക്കളം. യഥാർത്ഥത്തിൽ കരിവെള്ളൂരിലെ കർഷകർ നടത്തിയ സമരം കയ്യൂരിലേതിനെക്കാൾ ധീരോദാത്തമായിത്തോന്നും. നാൽപ്പതുകളുടെ മധ്യത്തിലെ കഠിനമായ ഭക്ഷ്യക്ഷാമത്തിൻ്റെ ഘട്ടത്തിൽ കരിവെള്ളൂരിലെ കളപ്പുരകളിൽ നിന്നു ചിറയ്ക്കൽ കോവിലകത്തേക്കു കൊണ്ടുപോകാൻ പുറപ്പെട്ട പാട്ടനെല്ല് കർഷകരുടെ സഹകരണ സംഘത്തിന് വിൽക്കണമെന്നു കർഷകർ ആവശ്യപ്പെട്ടു. തമ്പുരാൻ സമ്മതിച്ചില്ല. നെല്ലറ വളഞ്ഞ 6000 കർഷകർക്കു നേരെ പോലീസ് വെടിവെച്ചു. രണ്ടു സഖാക്കൾ മരിച്ചു. ഏ. വി. കുഞ്ഞമ്പു, പി. കുഞ്ഞിരാമൻ, കൃഷ്ണൻ മാസ്റ്റർ എന്നിവരായിരുന്നു കരിവെള്ളൂരിൽ കർഷകരെ നയിച്ചത്. കരിവെള്ളൂർ സംഭവത്തിൻ്റെ യാതനാനിർഭരമായ പശ്ചാത്തലത്തിൽ തീവ്രമായ പീഢനങ്ങൾക്കു വിധേയമായ നിരവധി ജീവിത കഥകളുണ്ട്. വേദനാജനകമായ അത്തരമൊരു കഥയാണ് കുഞ്ഞമ്പുവിൻ്റെ വിധവ ദേവയാനി ‘കണ്ണീരും ചോരയും വീണ വഴികൾ’ എന്ന തൻ്റെ പുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. “
എഴുത്തുകാരൻ, പത്രപ്രവർത്തകൻ, മാർക്സിയൻ ചിന്തകൻ, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, ചലച്ചിത്ര നിരൂപകൻ, നിത്യയാത്രികൻ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വമായിരുന്നു രവീന്ദ്രൻ്റേത്. ‘ഹരിജൻ’, ‘ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ’, ‘ഒരേ തൂവൽ പക്ഷികൾ’ എന്നീ മൂന്നു കഥാചിത്രങ്ങൾ കൊണ്ടുതന്നെ ചലച്ചിത്ര ലോകത്ത് പുതുവഴി വെട്ടിയ ജനകീയ സിനിമക്കാരനായിരുന്നു അദ്ദേഹം. ചലച്ചിത്രത്തിൻ്റെ, ചിന്തയുടെ, എഴുത്തിൻ്റെ വഴികളിൽ വേറിട്ടു നടന്നവൻ. പന്ത്രണ്ടു വർഷം മുമ്പൊരു കാലവർഷക്കാലത്ത് അറുപത്തിയഞ്ചാം വയസ്സിൽ പടിയിറങ്ങിപ്പോയ ‘ചിന്ത രവീന്ദ്ര’ൻ്റെ ഓർമ്മകൾ ജ്വലിക്കുന്നു.
അവലംബം: എൻ്റെ കേരളം / രവീന്ദ്രൻ
അംബപ്പാട്ട് പാടിത്തന്നത്: തുരുത്തിക്കാരൻ കണ്ണൻ / മാവിലാകടപ്പുറം
ചിത്രങ്ങൾ: ഡോ. ഇ. ഉണ്ണികൃഷ്ണൻ
വര: സ്വാതി ജോർജ്